മാപ്പിളമാരുടെ മതാവേശത്തെക്കുറിച്ച് പണിക്കര്‍ എഴുതുന്നു:
‘മദ്രസകളില്‍ വിദ്യാഭ്യാസം ചെയ്തിരുന്ന മാപ്പിളമാര്‍ക്ക് ലഭിച്ചത് മുഖ്യമായും മതവിദ്യാഭ്യാസമായിരുന്നു. ഇവര്‍ ആധുനിക വിദ്യാഭ്യാസത്തില്‍ ഭാഗഭാക്കാവുന്നത് വിരളമായിരുന്നു എന്നുപറയാം. 1911ലെ കണക്കുപ്രകാരം 5895 നായന്മാരും 2897 തീയരും ഇംഗ്ലീഷ് വിദ്യാഭ്യാസം ചെയ്തപ്പോള്‍ മാപ്പിളമാരുടെയിടയില്‍ ഇത് കേവലം 486 മാത്രമായിരുന്നു. ഈ ന്യൂനത സാമൂഹികമായും ആശയപരമായും ചില ഫലങ്ങള്‍ ഉളവാക്കുന്നതായിരുന്നു. ഒന്നാമതായി മാപ്പിളമാര്‍ക്ക് ലഭിച്ച സാമൂഹ്യ സമ്പര്‍ക്ക അവസരങ്ങള്‍ മതപരമായ ചട്ടക്കൂട്ടിനുള്ളില്‍ത്തന്നെ ഒതുങ്ങിനിന്നു. രണ്ടാമത്, ഉദ്യോഗസ്ഥരുടെ ഒരു മധ്യവര്‍ഗം ഇവരുടെ ഇടയില്‍ നിന്ന് ഉയര്‍ന്നു വരാതായി. ഇതൊക്കെ അവരുടെ ജീവിതത്തെ മതപരമായ ആശയ സംഹിതയ്ക്കകത്തുതന്നെ തളച്ചിടുന്നതിനും മതപണ്ഡിതരുടെ വീക്ഷണഗതികളാല്‍ നയിക്കപ്പെടുന്നതിനും ഇടയാക്കി'(പേജ്: 75).
കേവലം നിഷ്‌കളങ്കരായ മാപ്പിളമാരെ മറ്റാരൊക്കെയോ ചേര്‍ന്ന് പ്രയോജകക്രിയകളാല്‍ ബന്ധിച്ചിട്ടിരിക്കുന്നു എന്നാണ് പണിക്കര്‍ ഇവിടെ വാദിക്കുന്നത്! ‘മുസലിയാന്മാരും ഖാസികളും ഉലമാക്കളും ആണ് മാപ്പിളമാരുടെ ബുദ്ധിയെ നിയന്ത്രിച്ചിരുന്നത്. ബ്രിട്ടീഷ് ഭരണഫലമായി സ്വസമുദായത്തിനുള്ളിലേക്ക് കൊളോണിയല്‍ ആശയങ്ങളും സംസ്‌കാരങ്ങളും കടന്നുവരുന്നതിനെ ഉലമാക്കള്‍ ഭയപ്പെട്ടിരുന്നു. ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങളും അവരില്‍ ഉത്ക്കണ്ഠ ഉളവാക്കി. ചെറുത്തുനില്പിനായുള്ള അവരുടെ ശ്രമം ബ്രിട്ടീഷ്‌വിരുദ്ധമായതില്‍ ഒട്ടും അതിശയിക്കാനില്ലായിരുന്നു ‘ എന്ന് പണിക്കര്‍ പറയുന്നു. (പേജ്: 80-84)
ഹിന്ദുക്കളില്‍ ക്രിസ്ത്യന്‍, മുസ്ലിം മതാധിനിവേശങ്ങള്‍ നൂറ്റാണ്ടുകളായി നടന്നുകൊണ്ടേയിരിക്കുന്ന ഒരിടത്തു നിന്നുകൊണ്ടാണ് പണിക്കര്‍ ഈ വിധം അനുതപിക്കുന്നത്. എത്ര മോഹനമായ ഭാഷയിലാണ് പണിക്കര്‍ തുടരുന്നത് എന്ന് കാണുക
‘സമുദായ അംഗങ്ങളുമായി ബന്ധമുണ്ടായിരുന്ന പാരമ്പര്യ ബുദ്ധിജീവികള്‍ രൂപപ്പെടുത്തി വികസിപ്പിച്ച ആശയപ്രപഞ്ചത്തിലായിരുന്നു മലബാറിലെ മാപ്പിളക്കര്‍ഷകര്‍. ഈ ആശയപ്രപഞ്ചത്തില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടാണ് മാപ്പിള കൃഷിക്കാര്‍ അവരുടെ സാമൂഹ്യപ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോയത്.’
മതഭ്രാന്തന്മാരായ മൊല്ലമാരുടെ ഉപദേശം കേട്ട് അതുപടി പ്രവര്‍ത്തിക്കുകയായിരുന്നു മാപ്പിളമാര്‍ എന്ന പച്ചപ്പരമാര്‍ത്ഥം ആണ് പണിക്കര്‍ ഈ വിധത്തില്‍ ചമയങ്ങള്‍ ചേര്‍ത്തു വാഴ്ത്തി വെച്ചിരിക്കുന്നത്. പുസ്തകത്തിലെ അടുത്ത താളുകള്‍ ആ ‘പാരമ്പര്യബുദ്ധിജീവികളുടെ’ അപദാനങ്ങള്‍ക്കായി നീക്കിവെച്ചിട്ടുമുണ്ട് ഗ്രന്ഥകര്‍ത്താവ്. അതിനൊടുവില്‍ ഇപ്രകാരം കാണാം:-
‘ധാരാളം പള്ളികള്‍ സ്ഥാപിച്ചു, മതപ്രചാരണം നടത്തി, ഇസ്ലാമിക ജീവിതചര്യ കര്‍ശനമാക്കി, മാപ്പിളമാരെ സാമൂഹികവും മതപരവുമായി നിയന്ത്രിച്ചു. ഈ സാഹചര്യമാണ് മാപ്പിള കലാപങ്ങള്‍ക്ക് മതപരമായ ന്യായീകരണം നല്‍കിയത്. ഈ അര്‍ത്ഥത്തില്‍ മാത്രമാണ് ഉലമയും മറ്റു നേതാക്കളും കലാപങ്ങളില്‍ സുപ്രധാന കണ്ണികളായിത്തീരുന്നത്. അല്ലാതെ അവര്‍ നേതൃത്വം കൊടുത്ത ആളിക്കത്തിച്ച കലാപങ്ങളായിരുന്നില്ല അവയൊന്നും.’
അങ്ങനെ പള്ളിയെ കുറ്റവിമുക്തമാക്കിയിരിക്കുന്നു. വാസ്തവത്തില്‍ മലബാറിലുണ്ടായിട്ടുള്ള മാപ്പിളലഹളകളില്‍ പള്ളിയും പ്രാര്‍ത്ഥനയും മൊല്ലമാരുടെ അനുഗ്രഹം തേടലും ഉണ്ടായിട്ടുണ്ട്. ലഹളയുടെ ഒടുവില്‍ ക്ഷേത്രങ്ങള്‍ കൈയേറി താവളമാക്കുകയും അവിടം കേന്ദ്രീകരിച്ചു പോലീസിനോടും പട്ടാളത്തോടും പൊരുതി ലഹളക്കാര്‍ ചത്തൊടുങ്ങുകയും ചെയ്തിട്ടുണ്ട്. മാപ്പിളമാരായ കുടിയാന്മാര്‍ ഹിന്ദുക്കളായ ജന്മിമാര്‍ക്ക് മാത്രം എതിരായിട്ടാണ് കലാപങ്ങള്‍ നടത്തിയിട്ടുള്ളത്. മുസ്ലിം ധനികരെയോ ഭൂവുടമകളെയോ ആക്രമിച്ച ഒരു സംഭവം പോലും പണിക്കരോ മറ്റു ഗ്രന്ഥകാരന്മാരോ രേഖപ്പെടുത്തിയിട്ടില്ല. ഹിന്ദുകുടിയാന്മാര്‍ ഈ കലാപങ്ങളില്‍ പങ്കാളികളായിട്ടില്ല. കലാപശേഷം നടക്കുന്ന കൊള്ളകളില്‍ ചെന്നുചേര്‍ന്ന് മുതലുകള്‍ കൈവശപ്പെടുത്താന്‍ മാത്രമാണ് ഹിന്ദുക്കള്‍ താത്പര്യപ്പെട്ടിട്ടുള്ളത്. അതുപോലും വ്യാപകമായിരുന്നില്ല താനും. ഈ കലാപങ്ങളുടെ കാലഘട്ടത്തില്‍ ഹിന്ദുകുടിയാന്മാരുടെ എണ്ണം പരിമിതമായിരുന്നില്ല. മാപ്പിള ഭൂവുടമകളുടെ കുടിയാന്മാരായിരുന്ന ഹിന്ദുക്കളും ധാരാളമുണ്ടായിരുന്നു. ഭൂവുടമ പ്രശ്‌നങ്ങള്‍ അവര്‍ക്കൊക്കെയും ഉണ്ടായിരുന്നു. പക്ഷെ കലാപം നടന്നത് ഹിന്ദു ജന്മിമാര്‍ക്കെതിരെ മാത്രം. കലാപം നടത്തിയത് മാപ്പിളക്കുടിയാന്മാര്‍ മാത്രം. എന്നാലും അതിനെ ‘മാപ്പിളലഹള’ എന്ന് വിളിക്കരുത്, വര്‍ഗ്ഗീയകലാപമായി കാണരുത് എന്നാണ് പണിക്കരുടെ താത്പര്യം. (പേജ്: 86)
പണിക്കര്‍ ഈ ഭാഗങ്ങളിലെല്ലാം ‘കര്‍ഷകര്‍’ എന്നാണ് എഴുതുന്നത്. എങ്കിലും അദ്ദേഹം ഉദ്ദേശിക്കുന്നത് മാപ്പിളമാര്‍ എന്നാണ് എന്ന് പ്രത്യേകം പറയട്ടെ. ഹിന്ദു കര്‍ഷകരെക്കുറിച്ച് ഒന്നും പറയാന്‍ പണിക്കര്‍ ഉദ്ദേശിക്കുന്നേയില്ല. മാപ്പിളമാരുടെ കലാപങ്ങള്‍ തുടക്കത്തില്‍ മിതമായിരുന്നു എങ്കിലും കാലക്രമേണ അത് വ്യാപകമായ അനുകമ്പയും പിന്തുണയും പിടിച്ചുപറ്റി വളരുകയായിരുന്നു എന്ന് ലേഖകന്‍ അഭിപ്രായപ്പെടുന്നു (പേജ്: 86) എന്തായാലും കുടിയാന്‍ തര്‍ക്കങ്ങള്‍ കലാപത്തില്‍ കലാശിക്കുകയാണ് ചെയ്തിരുന്നത്.
കലാപങ്ങളെക്കുറിച്ചുള്ള വിവരങ്ങളിലൂടെ ഒരിക്കല്‍ കൂടി കണ്ണോടിക്കേണ്ടതുണ്ട്. ഏറനാട്, വള്ളുവനാട് താലൂക്കുകളിലാണ് മലബാറിലെ മാപ്പിളമാരില്‍ 37 ശതമാനവും വസിച്ചിരുന്നത്. ഏറനാട് ജനസംഖ്യയുടെ 60 ശതമാനവും വള്ളുവനാട്ടിലെ 35 ശതമാനവും ആയിരുന്നു മാപ്പിളമാര്‍. ഏറനാടിന്റെ ആകെ വിസ്തീര്‍ണ്ണമായ 6,18,496 ഏക്കറില്‍ 1,89,923 ഏക്കര്‍ മാത്രമേ കൃഷിയോഗ്യമായിട്ടുണ്ടായിരുന്നുള്ളൂ. മറ്റെല്ലാം വനഭൂമിയായിരുന്നു. ആളൊന്നുക്ക് അരയേക്കര്‍ ഭൂമിയെ അവിടെ ലഭ്യമാകാന്‍ ഇടയുണ്ടായിരുന്നുള്ളൂ. ജലക്ഷാമം നിമിത്തം 27,825 ഏക്കറിലേ രണ്ടു വിളയെടുക്കാന്‍ കഴിയുമായിരുന്നുള്ളൂ. വ്യവസായശാലകള്‍ ഉണ്ടായിരുന്നില്ല. മാപ്പിളമാര്‍ക്ക് ആധുനിക വിദ്യാഭ്യാസവും ഉദ്യോഗവും ഉണ്ടായിരുന്നില്ല. വള്ളുവനാട്ടിലെ മൊത്തം ഭൂമി 5,62,045 ഏക്കര്‍. 1,89,923 ഏക്കര്‍ മാത്രം കൃഷിയോഗ്യം. അവിടെയും ആളൊന്നുക്ക് അരയേക്കര്‍ മാത്രം ലഭ്യം. വ്യവസായങ്ങള്‍ അവിടെയും ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസ നിലവാരം അല്പം കൂടി മെച്ചമായിരുന്നു എന്ന് മാത്രം. രണ്ടിടത്തും ജനസംഖ്യാനുപാതികമായി മാപ്പിളമാര്‍ക്ക് ഭൂമി ലഭിച്ചില്ല. കുടിയൊഴിപ്പിക്കല്‍ വ്യാപകമായിരുന്നതുകൊണ്ട് തുടര്‍ച്ചയായി ഭൂമി കൈവശം വെയ്ക്കാന്‍ കഴിയാതെയായി – ഇത്രയുമാണ് പണിക്കര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ വസ്തുതകളെ നിഷ്പക്ഷമായിട്ടൊന്നു വിലയിരുത്തി നോക്കാം.
മലബാറിലെ മാപ്പിളമാര്‍ക്ക് ആധുനിക വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല എന്നതിന്റെ ഉത്തരവാദിത്തം അവരുടേത് മാത്രമായിരുന്നു. അവര്‍ക്ക് ആധുനിക വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്നില്ല. സര്‍ക്കാരുദ്യോഗങ്ങള്‍ക്ക് ആധുനിക വിദ്യാഭ്യാസം അത്യാവശ്യമായിരുന്നത് കൊണ്ടാണ് മാപ്പിളമാര്‍ക്ക് സര്‍ക്കാരുദ്യോഗം ലഭിക്കാതായത്. ബ്രിട്ടീഷ് ഭരണത്തോട് അവര്‍ പ്രകടിപ്പിച്ചിരുന്ന നിത്യ ശത്രുത ഭരണകൂടത്തില്‍ അവരോട് അവിശ്വാസം വളരാന്‍ കാരണമാവുകയും ചെയ്തിരുന്നു. അതിന്റെയും പരിപൂര്‍ണ്ണ ഉത്തരവാദിത്തം മാപ്പിളമാര്‍ക്കു തന്നെയാണ്. ഭൂമിയിലേറെയും ദീര്‍ഘകാലമായി ചുരുക്കം ചില സവര്‍ണ്ണ ഹിന്ദുക്കളുടെ കൈവശം ആണുണ്ടായിരുന്നത്. നിയന്ത്രണാതീതമായി പെറ്റുപെരുകുന്ന മാപ്പിളമാര്‍ക്ക് ആളൊന്നുക്ക് തുല്യ വിഹിതം നല്‍കുന്ന വിധത്തില്‍ ഭൂമി പങ്കുവെയ്ക്കുക എന്നത് അചിന്ത്യമായിരുന്നു അക്കാലത്ത്. ഇക്കാലത്തും അതങ്ങനെത്തന്നെയാണ്. 130 കോടി ജനം ഉള്ള ഇന്ത്യയ്ക്കും അതിന്റെ നാലിലൊന്നു മാത്രം ജനസംഖ്യയുള്ള, എന്നാല്‍ നാലിരട്ടി ഭൂവിസ്തൃതിയുള്ള അമേരിക്കയ്ക്കും ലോകം ജനസംഖ്യാനുപാതികമായി പങ്കു വെയ്ക്കണം എന്ന് ഇന്ത്യ ആവശ്യപ്പെട്ടാല്‍ അതെത്രമാത്രം അപഹാസ്യമാകുമോ അത്ര തന്നെ അപഹാസ്യമാണ് മലബാറിലെ ഭൂമി ആളോഹരി വെയ്ക്കുക എന്നത്.
കുടിയിറക്കല്‍ ഉണ്ടാക്കിയിരുന്ന സന്നിഗ്ധാവസ്ഥയാണ് കുടിയാന്മാര്‍ അഭിമുഖീകരിച്ചിരുന്ന മറ്റൊരു പ്രശ്‌നം. ആ പ്രശ്‌നം മാപ്പിളമാര്‍ക്കു മാത്രമല്ല, ഹിന്ദുക്കള്‍ക്കും ഉണ്ടായിരുന്നു. ഭൂമിയില്‍ കുടിയാന്‍ സ്ഥിരാവകാശിയാകരുത് എന്നുകരുതിയാണ് കുടിയിറക്കലും പൊളിച്ചെഴുത്തും മറ്റും നടപ്പിലാക്കിയിരുന്നത്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും വാടകവീടുകളുടെയും പാട്ടഭൂമിയുടെയും കാര്യത്തില്‍ ഉടമകള്‍ ഈ വിധം ജാഗ്രത പുലര്‍ത്തുന്നുണ്ട് എന്നോര്‍ക്കുക. ദീര്‍ഘകാലപാട്ടത്തിനു ഭൂമി നല്‍കിയാല്‍ അത് തിരിച്ചു പിടിക്കുക സര്‍ക്കാരിനുപോലും ദുഷ്‌കരമാണ് എന്ന് സമീപകാലസംഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
1836 ല്‍ പന്തല്ലൂരിലെ ഒരു ഹിന്ദു ജ്യോത്സ്യനെ കുത്തിക്കൊല്ലുകയും മറ്റു മൂന്നുപേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തത് പത്തൊമ്പതാം ശതകത്തില്‍ മാപ്പിള ലഹളകള്‍ക്ക് തുടക്കമിട്ടു. സംഘര്‍ഷങ്ങളും പിരിമുറുക്കങ്ങളും നേരത്തെതന്നെ നിലനിന്നിരിക്കണമല്ലോ. ഉത്പാദനോപാധികള്‍ ഒരു ന്യൂനപക്ഷത്തിന്റെ കൈയിലൊതുങ്ങുന്ന വര്‍ഗ്ഗാധിഷ്ഠിത സമൂഹത്തില്‍ മറിച്ചാവാന്‍ വഴിയില്ലല്ലോ എന്നാണ് പണിക്കര്‍ ഇക്കാര്യത്തെ സാധൂകരിക്കുന്നത്. (പേജ്: 86) വള്ളുവനാട്ടിലെ പള്ളിപ്പുറം കലാപത്തില്‍ ജന്മിയെ കൊല ചെയ്യാന്‍ കുടിയാനായിരുന്ന കുഞ്ഞോലനെ സഹായിച്ചത് മക്കളും അയല്‍ക്കാരുമായിരുന്നു. ദൈവത്തിനു പ്രീതി ജനിപ്പിക്കുവാന്‍ കഴിയുന്ന ഒരു സത്കൃത്യം എന്ന നിലയില്‍ ജീവത്യാഗം ചെയ്താല്‍ സ്വര്‍ഗം ലഭിക്കും എന്ന് പ്രലോഭിപ്പിച്ച് കുഞ്ഞോലന്‍ അവരെ വശപ്പെടുത്തുകയായിരുന്നുവത്രെ.
മണ്ണൂര്‍ കലാപത്തില്‍ പള്ളി പണിയുന്നതാണ് കലാപത്തില്‍ കലാശിച്ചത്. തോട്ടച്ചേരി കേളുപ്പണിക്കരില്‍ നിന്ന് വാങ്ങിയ പറമ്പില്‍ പള്ളി പണിതതിനെച്ചൊല്ലി താലൂക്ക് കച്ചേരിയില്‍ പണിക്കര്‍ പരാതി കൊടുത്തു. പറമ്പു വാങ്ങിയ പത്തില്‍ വലിയ കുഞ്ഞോലനെയും കൂട്ടരെയും താലൂക്ക് കച്ചേരിയിലെത്തിക്കാനായി കോല്‍ക്കാരനും കൂട്ടരും വന്നു. കൂടെച്ചെല്ലാന്‍ ആവശ്യപ്പെട്ടപ്പോള്‍ നോമ്പ് തുറന്ന ശേഷമേ വരൂ എന്ന് കുഞ്ഞോലനും കൂട്ടരും ശഠിച്ചു. കോല്‍ക്കാരനും സംഘവും പള്ളിയുടമയെ ബലം പ്രയോഗിച്ചു കൊണ്ടുപോകാന്‍ ശ്രമിച്ചു. താലൂക്ക് കച്ചേരിയില്‍ പരാതി കൊടുത്ത കേളു പണിക്കര്‍ തിരിച്ചെത്തുമ്പോള്‍ അയാളെ വെട്ടി വീഴ്ത്താന്‍ കരുതി വെച്ച ആയുധമെടുത്ത് കോല്‍ക്കാരനെയും കൂട്ടരെയും വെട്ടി വീഴ്ത്തി കുഞ്ഞോലനും കൂട്ടരും. 11 പേരാണ് കുഞ്ഞോലന്റെ സംഘത്തില്‍ ഉണ്ടായിരുന്നത്. അറസ്റ്റ് ചെയ്യാന്‍ വന്ന പോലീസിനെ അവര്‍ ചെറുത്തു. പട്ടാളത്തിന് കീഴടങ്ങാനും അവര്‍ കൂട്ടാക്കിയില്ല. പിടിച്ചാല്‍ തൂക്കിലിടും, അതുകൊണ്ട് പൊരുതി മരിക്കുകയാണ് നല്ലത് എന്ന് കരുതി അവര്‍ ജീവനൊടുക്കി. പട്ടാളക്കാര്‍ കുഴിച്ചിട്ട ശവശരീരങ്ങള്‍ മാന്തിയെടുത്ത രണ്ടായിരത്തോളം വരുന്ന മാപ്പിളമാര്‍ രക്തസാക്ഷികള്‍ക്കുചിതമായ ശവസംസ്‌കാരം നടത്തി.
1841 ഡിസംബറില്‍ വള്ളുവനാട്ടിലെ പള്ളിപ്പുറത്ത് എട്ടു മാപ്പിളമാര്‍ അധികാരിയുടെ മകനെയും അനന്തിരവനെയും കൊന്നു. 1843 ഒക്ടോബറില്‍ തിരൂരങ്ങാടിയിലെ ഏഴു പേര്‍ അധികാരിയെയും കോല്‍ക്കാരനെയും കൊന്നു. 1843 ഡിസംബറില്‍ പാണ്ടിക്കാട്ട് 10 പേര് ജന്മിയെയും വാല്യക്കാരനെയും കൊന്നു. ഈ കലാപങ്ങളിലെല്ലാം ഏര്‍പ്പെട്ടത് ദരിദ്രരായ മാപ്പിളമാരായിരുന്നു എന്ന് പണിക്കര്‍ രേഖപ്പെടുത്തിയിട്ടുണ്ട് (പേജ്: 89).
1849 ആഗസ്റ്റില്‍ മഞ്ചേരിയില്‍ 65 പേര്‍ കലാപം നടത്തി. കലാപം നയിച്ചത് അത്തന്‍ മോയന്‍ ഗുരുക്കളും മമ്പുറം തങ്ങളുടെ മകനായ കുഞ്ഞിക്കോയത്തങ്ങളുമായിരുന്നു. അവരുടെ ബന്ധുക്കളടങ്ങുന്ന പ്രതാപികളുടേതായ ഒമ്പതംഗ സംഘമാണ് പട നയിച്ചത് എന്ന് ചുരുക്കം. അത്തന്‍ ഗുരുക്കളാകട്ടെ പരമ്പരയാ സാമൂഹിക പ്രശ്‌നങ്ങളില്‍ സ്വന്തമായി തീരുമാനം നടപ്പിലാക്കിയിരുന്നയാളും അധികാരികളെ വെല്ലുവിളിച്ചിരുന്നയാളുമായിരുന്നു. ആ വിധം ഒരധികാര കേന്ദ്രമായി അയാള്‍ വളരുന്നത് തടയാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചു. ഗുരുക്കളും ബ്രിട്ടീഷ്ഭരണകൂടവും തമ്മിലുള്ള സ്പര്‍ദ്ധ വളര്‍ന്നു വളര്‍ന്ന് കലാപത്തില്‍ കലാശിച്ചു. കാണക്കാരായ ധനിക മാപ്പിളമാരെയും ബ്രിട്ടീഷ് സര്‍ക്കാര്‍ പീഡിപ്പിച്ചിരുന്നതായി അത്തന്‍ ഗുരുക്കള്‍ പിന്നീട് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. സ്വസമുദായത്തിന്റെ അപകടാവസ്ഥയില്‍ അവരോടൊത്ത് നില്‍ക്കേണ്ടത് സയ്യിദുമാരുടെ കടമയാണ് എന്നാണ് കുഞ്ഞിക്കോയത്തങ്ങള്‍ പറഞ്ഞത്.
സാമ്പത്തിക പരാധീനതയും മതവിശ്വാസവും മഞ്ചേരി കലാപത്തിന് കാരണമായി എന്ന നിഗമനത്തില്‍ എത്തേണ്ടി വന്നിരിക്കുന്നു പണിക്കര്‍ക്ക് (പേജ്: 92).
15 പേരെയാണ് അത്തന്‍ ഗുരുക്കള്‍ ഈ കലാപത്തിന് സംഘടിപ്പിച്ചത്. അതില്‍ 9 പേര്‍ മുമ്പ്പറഞ്ഞതു പോലെ ആഢ്യ മാപ്പിളമാരായിരുന്നു. മരാട്ട് ഇല്ലം ലക്ഷ്യമിട്ട് അവര്‍ തുടങ്ങി വെച്ചു. മരാട്ട് നമ്പൂതിരി പാട്ടക്കുടിശ്ശികയുടെ പേരില്‍ കുടിയൊഴിപ്പിക്കാന്‍ ഹരജി നല്‍കിയതിന്റെ പക പോക്കലായിരുന്നു ലക്ഷ്യം. നമ്പൂതിരിയും കുടുംബവും വിവരമറിഞ്ഞ് ഭയത്തോടെ ഇല്ലം വിട്ടോടി. അടുത്ത പക തീര്‍ക്കല്‍ മഞ്ചേരി രാജാവിനോടായിരുന്നു. ഒന്നല്ല, രണ്ടു കണക്കുകള്‍ തീര്‍ക്കാനുണ്ടായിരുന്നു അവര്‍ക്ക്. അത്തന്‍ ഗുരുക്കളുടെ കുടുംബത്തിന് മഞ്ചേരി രാജാവിനോട് പഴക്കമുള്ള ഒരു പക നിലനിന്നിരുന്നു. 1785 ല്‍ രാജാവുമായി കലഹിച്ച ഒരു പൂര്‍വികനെ ടിപ്പുസുല്‍ത്താന്റെ സഹായത്തോടെ തടവില്‍ പിടിക്കുകയുണ്ടായി മഞ്ചേരി രാജാവ്. അയാളെ ടിപ്പു ശ്രീരംഗപട്ടണത്തേക്ക് കൊണ്ട് പോയി. അവിടെവെച്ച് അയാള്‍ മരിച്ചു. തുടര്‍ന്ന് അയാളുടെ ഭൂമി മഞ്ചേരി രാജാവ് പിടിച്ചെടുത്തു. അതായിരുന്നു പകയുടെ ഒരു കാരണം. ക്ഷേത്രം പണിയാനായി ഒരു വര്‍ഷത്തെ പാട്ടത്തുക സംഭാവന ചെയ്യണം തന്റെ കുടിയാന്മാരെല്ലാം എന്ന് രാജാവ് ചട്ടം കെട്ടുകയും കൊടുക്കാത്തവരെ കുടിയൊഴിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഹൈന്ദവ ക്ഷേത്രം പണിയാന്‍ പണം നല്‍കുന്നത് മാപ്പിളമാരെ സംബന്ധിച്ചിടത്തോളം മതഭ്രഷ്ടിനു കാരണമാകുന്ന മതവിരുദ്ധ പ്രവര്‍ത്തനമായിരുന്നുവത്രെ! ഈ പാപപ്രവൃത്തിയുടെ പ്രായശ്ചിത്തം സ്വയം ഏറ്റെടുത്ത അത്തന്‍ ഗുരുക്കള്‍ പരിഹാരമായി ക്ഷേത്രത്തിലെ പ്രതിഷ്ഠ തച്ചുടയ്ക്കാന്‍ തീരുമാനിച്ചു. ആഗസ്റ്റ് 27 ന് രാവിലെ കലാപകാരികള്‍ ക്ഷേത്രപരിസരത്തെത്തി. ആകാശത്തേക്ക് വെടിവെച്ച് ആളുകളോട് ക്ഷേത്രം വിട്ടുപോകാന്‍ ആവശ്യപ്പെട്ടു. ജനമൊഴിഞ്ഞുപോയി. പൂജാരിയെ കലാപകാരികള്‍ വധിച്ചു. പ്രതിഷ്ഠ നശിപ്പിച്ചു. സെപ്റ്റംബര്‍ 3 വരെ കലാപകാരികള്‍ ക്ഷേത്രത്തിനുള്ളില്‍ കഴിഞ്ഞു. ആ നാളുകളില്‍ രണ്ടു പോലീസ് സംഘത്തെ അവര്‍ പൊരുതിത്തോല്‍പ്പിച്ചു. അവരുടെ സംഘബലം 65 ആയി വര്‍ധിച്ചിരുന്നു അപ്പോള്‍. സെപ്റ്റംബര്‍ 3 ന് അങ്ങാടിപ്പുറം ക്ഷേത്രത്തിലേക്ക് നീങ്ങാന്‍ തീരുമാനിച്ചു അവര്‍. ബ്രിട്ടീഷ് പടയോട് പൊരുതാന്‍ മഞ്ചേരി ക്ഷേത്രത്തിലെ നിലപാട് അപര്യാപ്തമാണ്, വേണ്ടത്ര ഭക്ഷണവസ്തുക്കള്‍ അവിടെ ഇല്ല എന്നീ കാരണങ്ങളാണ് ഈ തീരുമാനത്തിലെത്തിച്ചത്. അങ്ങാടിപ്പുറം ക്ഷേത്രം ഈ രണ്ടു ഘടകങ്ങളിലും സമ്പന്നമായിരുന്നുവത്രെ!
‘വാസ്തവത്തില്‍ മിക്കവാറും എല്ലാ സന്ദര്‍ഭങ്ങളിലും ക്ഷേത്രങ്ങള്‍ കൈയടക്കിയത് സുരക്ഷിത സ്ഥാനത്തിന് വേണ്ടിയോ ഭക്ഷണാവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടിയോ ആയിരുന്നു’ എന്നാണ് പണിക്കര്‍ ഇക്കാര്യങ്ങളെയൊക്കെ ലഘൂകരിച്ചുകൊണ്ടു പറയുന്നത് (പേജ്: 93).
എന്നാല്‍ 1921 ലെ ലഹളക്കാലത്ത് കലാപകാരികളെ തെരഞ്ഞ് പോലീസ് തിരൂരങ്ങാടി പള്ളിയില്‍ പ്രവേശിച്ച് പള്ളി അശുദ്ധമാക്കിയതാണ് മാപ്പിളമാരെ പ്രകോപിപ്പിച്ചത് എന്ന് പണിക്കര്‍ ഈ പുസ്തകത്തിലെ വരും താളുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തിരൂരങ്ങാടിപ്പള്ളിയില്‍ മാപ്പിളപ്പോലീസുകാരെ മാത്രം പ്രവേശിപ്പിക്കാനും അതുവഴി മതസ്പര്‍ദ്ധ ഒഴിവാക്കാനും ബ്രിട്ടീഷ് ഭരണകൂടം ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട് എന്നതും പണിക്കരുടെ പുസ്തകത്തില്‍ വായിക്കാം. ക്ഷേത്രങ്ങള്‍ അശുദ്ധമാക്കുന്നതിനോ വിഗ്രഹങ്ങള്‍ നശിപ്പിക്കുന്നതിനോ കാഫിറുകളുടെ മുതല്‍ കണ്ടുകെട്ടുന്നതിനോ ഉള്ള ബോധപൂര്‍വമായ ശ്രമമായിരുന്നു എങ്കില്‍ അവര്‍ക്ക് അതിനു വേണ്ടുവോളം സമയവും അവസരങ്ങളും ലഭിച്ചിരുന്നു എന്നും പണിക്കര്‍ തുടര്‍ന്നെഴുതുന്നുണ്ട്. ക്ഷേത്രങ്ങള്‍ ഇതുകൊണ്ടൊന്നും അശുദ്ധമായില്ല എന്നും പ്രതിഷ്ഠ ഇല്ലാതായില്ല എന്നും പണിക്കര്‍ കരുതുന്നു! ക്ഷേത്രത്തിലെ വസ്തുവകകള്‍ കൈവശപ്പെടുത്തിയത് കാഫിറുകളുടെ മുതല്‍ പിടിച്ചു പറിയ്ക്കലായിരുന്നു എന്നു പണിക്കര്‍ക്ക് തോന്നുന്നില്ല.
1849 സെപ്റ്റംബര്‍ 4 നു ബ്രിട്ടീഷ് പട്ടാളവുമായുള്ള ഏറ്റുമുട്ടലില്‍ കലാപകാരികള്‍ വധിക്കപ്പെട്ടു.
1851 ലെ കുളത്തൂര്‍ കലാപം തുടങ്ങിയപ്പോള്‍ നാലു കുടിയാന്മാരും രണ്ടു വേലക്കാരും മാത്രമേ സംഘത്തിലുണ്ടായിരുന്നുള്ളു. കുടിയൊഴിപ്പിക്കലും പാട്ടം പിരിക്കലും കാരണമായിട്ടുള്ള വൈരാഗ്യം തന്നെയായിരുന്നു ഈ കലാപത്തിലും ഉണ്ടായിരുന്നത്. പാട്ടക്കാരെ അധിക്ഷേപിക്കുന്ന ദുഃസ്വഭാവവും ഉണ്ടായിരുന്നുവത്രേ ഒരു ജന്മിയ്ക്ക്. ഈ രണ്ടു ദുഷ്ട ജന്മിമാരെയും വകവരുത്തുക എന്നതായിരുന്നു കലാപകാരികളുടെ ലക്ഷ്യം. 1851 ആഗസ്റ്റ് 22 ന് കോമുമേനോന്‍ എന്ന ജന്മിയെ അവര്‍ കൊലപ്പെടുത്തി. തുടര്‍ന്ന് ഇട്ടുണ്ണിമേനോന്റെ വീട്ടിലെത്തി അയാളെയും കൊന്നു. അന്നേരം ആ വീട്ടില്‍ ഉണ്ടായിരുന്ന കടക്കോട്ടില്‍ നമ്പൂതിരിയേയും കൊന്നു. അപ്പോഴേക്കും മൂന്നുപേര്‍ കൂടി സംഘത്തില്‍ ചേര്‍ന്നു. അവരുടെ ആവശ്യപ്രകാരം മുണ്ടന്‍കര രാരിച്ചന്‍ നായരെയും ചെങ്ങറ വാര്യരെയും കൊന്നു. ലക്ഷ്യങ്ങള്‍ നേടിയ സംഘം ബ്രിട്ടീഷ് പട്ടാളത്തിന്റെ പിടിയില്‍ പെടാതിരിക്കാന്‍ എട്ടു മൈല്‍ അകലെയുള്ള കുറുവ എന്ന ഗ്രാമത്തിലേക്ക് മാറി. അന്നേരമായപ്പോഴേക്കും എട്ടുപേര്‍ കൂടി സംഘത്തില്‍ ചേര്‍ന്നിരുന്നു. അവര്‍ അടുത്തതായി കുളത്തൂര്‍ വാര്യരെ കൊലപ്പെടുത്തുകയും അയാളുടെ കണക്കുബുക്കുകള്‍ തീയിട്ടു നശിപ്പിക്കുകയും ചെയ്തു.
ടിപ്പുസുല്‍ത്താന്റെ ഭരണകാലത്ത് തിരുവിതാംകൂറിലേക്ക് ഓടി രക്ഷപ്പെട്ടയാളായിരുന്നു കുളത്തൂര്‍ വാര്യര്‍. ടിപ്പുവിനെ ബ്രിട്ടീഷുകാര്‍ തോല്‍പ്പിച്ച് മലബാര്‍ പിടിച്ചെടുത്തതോടെ വാര്യര്‍ തിരിച്ചെത്തി. അപ്പോഴേക്കും അയാളുടെ സ്വത്തുക്കള്‍ മാപ്പിളമാര്‍ കൈവശപ്പെടുത്തിക്കഴിഞ്ഞിരുന്നു. വാര്യര്‍ തന്റെ സ്വത്തുക്കള്‍ നിയമവഴിക്കു തിരിച്ചു പിടിച്ചു. അക്കാരണത്താല്‍ മാപ്പിളമാര്‍ക്ക് വാര്യരോട് കഠിനമായ വിരോധമുണ്ടായിരുന്നു. തിരിച്ചു പിടിച്ച ഭൂമിയില്‍ ഒരു പള്ളി പണിയാന്‍ മാപ്പിളമാര്‍ക്ക് പ്ലാനുണ്ടായിരുന്നു. അതേച്ചൊല്ലിയുള്ള തര്‍ക്കവും നിലനിന്നിരുന്നു.
കടക്കോട്ടില്‍ നമ്പൂതിരിയുടെയും കുളത്തൂര്‍ വാര്യരുടെയും കൊലക്കു പിന്നില്‍ തദ്ദേശീയരായ ധനിക മാപ്പിളമാരുടെ പ്രേരണ ഉണ്ടായിട്ടുണ്ടാകണം എന്നാണ് പണിക്കരുടെ നിഗമനം. (പേജ്: 95) കൊല നടത്തിയവര്‍ക്ക് കൊല ചെയ്യപ്പെട്ടവരെ അറിയുക പോലുമില്ലായിരുന്നത്രെ. ഈ കലാപത്തില്‍ ക്ഷേത്രമല്ല, കുളത്തൂര്‍ വാര്യരുടെ വീടാണ് കലാപകാരികള്‍ താവളമാക്കിയത്. വാര്യരുടെ സ്വത്തു സംബന്ധമായ രേഖകള്‍ നശിപ്പിക്കുകയും സ്വത്തുക്കള്‍ പിടിച്ചെടുക്കുകയാണ് അവര്‍ ചെയ്തത്. ആഗസ്ത് 27 നു ബ്രിട്ടീഷ് പട്ടാളം കലാപകാരികളെ വധിച്ചു.
(തുടരും)
Comments