നിരവധി രക്തസാക്ഷികളെ സൃഷ്ടിച്ച ഏറനാടിന്റെ മണ്ണില്‍ 1921 ലെ കലാപത്തിന്റെ മൂര്‍ദ്ധന്യത്തില്‍ ഒരു ദിവസം മാപ്പിള കലാപകാരികള്‍ തോക്കുകളും ആയുധങ്ങളുമായി പൊന്നാനി ലക്ഷ്യമാക്കി ചമ്രവട്ടം കേന്ദ്രീകരിച്ച് സംഘടിച്ചു. തുടര്‍ന്ന് അവര്‍ തക്ബീര്‍ മുഴക്കി ചമ്രവട്ടംകടവ് വഴി മുന്നോട്ട് നീങ്ങി, ഖിലാഫത്തിന്റെ പേരില്‍ നടക്കുന്ന കൂട്ടക്കൊലകള്‍ ആ സമയത്ത് നാടിനെ നടുക്കിയിരുന്നു.
നിരപരാധികളായ ഹിന്ദുക്കളെ കൊന്നൊടുക്കുന്ന, തക്ബീര്‍ വിളിച്ച് പാഞ്ഞടുത്ത ഹാലിളകിയ മാപ്പിളമാരെ ഒരു ചെറു സംഘം ഗാന്ധിയന്മാര്‍ തടഞ്ഞു. അവരോട് തിരിച്ച്‌പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കലാപകാരികള്‍ തയ്യാറായില്ല. ഗാന്ധിയന്മാരുടെ കൂട്ടത്തില്‍ നിന്നും ഒരു യുവാവ് ഉച്ചത്തില്‍ കലാപകാരികളോട് പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. വഴിതടഞ്ഞ് നിന്ന ആ യുവാവ് തന്റെ സഹപ്രവര്‍ത്തകന്റെ ചുമലില്‍ കയറി ആകാവുന്ന ഉച്ചത്തില്‍ തുടര്‍ച്ചയായി കലാപകാരികളോട് പിരിഞ്ഞുപോകാന്‍ പറഞ്ഞു. നിശ്ചയദാര്‍ഢ്യത്തോടെയുള്ള ആ അഹിംസാ ആഹ്വാനം കലാപകാരികളെ പിന്തിരിപ്പിച്ചു. അവര്‍ പിരിഞ്ഞുപോയി. തക്ബീര്‍ വിളിച്ച് കൊലവിളി നടത്തിയ മാപ്പിള കലാപകാരികളെ തന്റെ അഹിംസാമന്ത്രം കൊണ്ട് നിരായുധരാക്കിയ ആ യുവാവിനെ പിന്നീട് മലയാളനാട് വിളിച്ചത് കേരളഗാന്ധി എന്നാണ്.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്തുള്ള മൂടാടി ഗ്രാമത്തിലെ മുചുകുന്ന് കോയിപ്പിള്ളിവീട്ടില്‍ 1889 ആഗസ്സ് 24 ആണ് കെ.കേളപ്പന്‍ എന്ന ഗാന്ധിയന്റെ ജനനം. നാട്ടുപള്ളിക്കൂടത്തില്‍ തുടങ്ങിയ വിദ്യാഭാസം കൊയിലാണ്ടി മിഷന്‍ സ്‌കൂളിലും തലശ്ശേരി ബി.ഇ.എം.സ്‌കൂളിലുമായിരുന്നു. കോഴിക്കോട് കേരള വിദ്യാശാലയില്‍ നിന്നും ഇന്റര്‍ മീഡിയറ്റ് പാസ്സായി. ആനിബസന്റിന്റെ ശിഷ്യനും തിയോസഫിക്കല്‍ സൊസൈറ്റി പ്രവര്‍ത്തകനുമായ മഞ്ചേരി രാമയ്യര്‍ കേളപ്പജിയുടെ അദ്ധ്യാപകനായിരുന്നു. ആ ഗുരുനാഥന്റെ ദേശീയ വീക്ഷണവും സാമൂഹിക പ്രതിബദ്ധതയും പൂര്‍ണ്ണമായും കേളപ്പജിയെ സ്വാധീനിച്ചിരുന്നു. ബിരുദ പഠനത്തിനായി മദ്രാസിലെ ക്രിസ്ത്യന്‍ കോളേജില്‍ ചേര്‍ന്നു. മദ്രാസ് കേന്ദ്രീകരിച്ച് ആ കാലത്ത് നടന്ന ദേശീയ സ്വാതന്ത്ര്യസമര മുന്നേറ്റങ്ങള്‍ കേളപ്പജിയെ സ്വാധീനിച്ചു. ഗാന്ധിജിയടക്കമുള്ള ദേശീയനേതാക്കളുടെ പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും അദ്ദേഹത്തില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ വരുത്തി.
1914 ല്‍ മദ്രാസിലെ പഠനത്തിനുശേഷം കോട്ടയം എസ്.ബി. സ്‌കൂളില്‍ ഗണിത അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. അവിടെ വെച്ചാണ് ഭാരത കേസരി മന്നത്ത് പത്മനാഭനെ പരിചയപ്പെടുന്നത്. ആ പരിചയം കേരള നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലായി മാറി. നായര്‍ സമുദായത്തിന്റെ ഉന്നമനത്തിനായി ഒരു സംഘടനയെന്ന മന്നത്തിന്റെ ആശയത്തോട് കേളപ്പജി യോജിച്ചു. മന്നത്തിന്റെ വീട്ടില്‍ നടന്ന നായര്‍ സമുദായ ഭൃത്യജന സംഘ (പിന്നീട് നായര്‍ സര്‍വ്വീസ് സൊസൈറ്റി എന്ന പേര് സ്വീകരിച്ചു) യോഗത്തില്‍ കേളപ്പജി പ്രസിഡന്റായും മന്നം സെക്രട്ടറിയായും ചുമതല ഏറ്റെടുത്തു. മന്നവുമായി ചേര്‍ന്ന് ചങ്ങനാശ്ശേരിയില്‍ സ്‌കൂള്‍ സ്ഥാപിച്ചു. എസ്.ബി.സ്‌കൂളിലെ ജോലി ഉപേക്ഷിച്ച് പുതിയ സ്‌കൂളില്‍ പ്രധാന അദ്ധ്യാപകനായി. ആ കാലഘട്ടത്തിലാണ് അദ്ദേഹത്തിന്റെ വിവാഹവും നടന്നത്.
അച്ഛന്റെ ആഗ്രഹമായിരുന്നു കേളപ്പജിയെ ഒരു വക്കീല്‍ ആയി കാണുക എന്നത്. ബാരിസ്റ്റര്‍ പഠനത്തിനായി ബോംബയിലേക്ക് പോയി. 1920 ലെ കോണ്‍ഗ്രസ് അഖിലേന്ത്യാ സമ്മേളനം സ്വരാജ്യം ലക്ഷ്യമായി പ്രഖ്യാപിച്ചു, രാജ്യവ്യാപക സമരത്തിന് ആഹ്വാനമുണ്ടായി. നിസ്സഹകരണ പ്രസ്ഥാനം രൂപപ്പെട്ടു. കടുത്ത സ്വാതന്ത്ര്യ ദാഹിയായ കേളപ്പജി ഈ സാഹചര്യത്തില്‍ പഠനവുമായി മുന്നോട്ട് പോകാന്‍ തയ്യാറായിരുന്നില്ല. അദ്ദേഹം പിതാവായ കണാരന്‍ നായര്‍ക്ക് ഒരു കത്തെഴുതി. അതിലെ വരികള്‍ ഇപ്രകാരമായിരുന്നു ”മനുഷ്യ ജീവിതം ഉത്കൃഷ്ടമാക്കുന്നത് സാധുക്കളെ പരിചരിച്ച് മനസ്സിന് ശുദ്ധിയും ബുദ്ധിയും പക്വതയും വരുത്തിയിട്ടാണ്. കോടതിയിലും നിയമത്തിലും സമാധാന ബുദ്ധിയോ സഹോദരഭാവമോ ഇല്ല. അങ്ങിനെയുള്ള കാര്യങ്ങളില്‍ എനിക്ക് വിരക്തി തോന്നുന്നു. പരീക്ഷ പാസ്സാവണമെന്ന് വിചാരിച്ചാലും, പാസ്സായിട്ട് എന്ത് കാര്യം എന്നത് എന്നെ തടയുന്നു.” ബ്രിട്ടീഷ് നിയമങ്ങള്‍ പഠിച്ച് അഭിഭാഷകനാകാന്‍ പോയ കേളപ്പജി ആ കരിനിയമങ്ങള്‍ ലംഘിച്ച് ബ്രിട്ടന് എതിരെ സമരം ചെയ്യാന്‍ തിരികെ നാട്ടിലെത്തി.
1921 ല്‍ ഖിലാഫത്തിന്റെ പേരില്‍ നാട്ടില്‍ ഹിന്ദു വംശഹത്യ നടക്കുന്ന സമയത്താണ് കേളപ്പജി തിരികെ മലബാറില്‍ എത്തുന്നത്. അദ്ദേഹം പൊന്നാനി കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ഖിലാഫത്തിനെ കുറിച്ച് അദ്ദേഹം എഴുതിയ ‘ഖിലാഫത്തിന്റെ മതാന്ധത’ എന്ന ലേഖനത്തില്‍ ആ കാലഘട്ടത്തിലെ പ്രവര്‍ത്തനങ്ങളും നിരീക്ഷണങ്ങളും തുറന്നെഴുതുന്നുണ്ട്.
അദ്ദേഹം ഇപ്രകാരം എഴുതി: ”ഏറനാട് താലൂക്കിലാണ് ഈ പ്രസ്ഥാനം കരുത്താര്‍ജിച്ചത്, തുടക്കത്തില്‍ ഗാന്ധിജി, സി.രാജഗോപാലാചാരി, ഡോ. രാജന്‍ എന്നീ നേതാക്കള്‍ കോഴിക്കോട് വന്നു പ്രസംഗിച്ചു. അതിന് ശേഷമാണ് കേരളത്തില്‍ ഖിലാഫത്ത് പ്രസ്ഥാനം പ്രവര്‍ത്തിച്ച് തുടങ്ങിയത്. 1921 ലെ നാഗപൂര്‍ സമ്മേളനശേഷം മാത്രമാണ് യു.ഗോപാലമേനോനും കെ.മാധവന്‍നായരും സജീവമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.” തുടര്‍ന്ന് എഴുതുന്നു: ”1921ലെ ലഹളയില്‍ നടന്ന കൊള്ള, കൊലപാതകം, മതപരിവര്‍ത്തനം, സ്ത്രീകളെ മാനഭംഗം ചെയ്യല്‍ തുടങ്ങിയ കാര്യങ്ങളോര്‍ത്താല്‍ മറ്റ് കലാപങ്ങളെല്ലാം നിഷ്പ്രഭമാകുന്നു.”കേളപ്പജിയുടെ ഈ വാക്കുകളില്‍ നിന്നും നമുക്ക് വായിച്ചെടുക്കാം കലാപത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍. മാപ്പിള കലാപത്തിന്റെ ഭാഗമായി നടന്ന എല്ലാ കൂട്ടക്കൊലകളെയും ആ ഗാന്ധിയന്‍ തള്ളിപ്പറഞ്ഞിട്ടുണ്ട്. മുസ്ലിം വിഭാഗത്തെ സ്വാതന്ത്ര്യസമരത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഗാന്ധിജി ഖിലാഫത്തിനെ പിന്തുണച്ചത്. എന്നാല്‍ അതിനെ തുടര്‍ന്നുള്ള ആക്രമണങ്ങള്‍ ഹിന്ദുസമുദായത്തെ വംശഹത്യ നടത്തി ഇല്ലാതാക്കുന്നതിലേക്ക് നയിച്ചുവെന്ന് തുറന്ന് പറഞ്ഞ അപൂര്‍വ്വം നേതാക്കളില്‍ ഒരാളാണ് കെ.കേളപ്പന്‍ എന്ന ഗാന്ധിയന്‍.
ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായ മലബാറിലെ ദേശീയ സ്വാതന്ത്ര്യ സമരം അധികാരികള്‍ക്ക് തലവേദന സൃഷ്ടിച്ചിരുന്നു. കെ.കേളപ്പന്‍ അടക്കം നിരവധി നേതാക്കള്‍ ജയിലിലായി. രാജ്യത്ത് ആകമാനം സ്വാതന്ത്ര്യസമരം ശക്തമായി. സഹനസമരം അക്രമസമാനമായ നിയമ ലംഘനങ്ങളായി മാറിയ സാഹചര്യത്തില്‍ ദേശീയ നേതാക്കള്‍ എല്ലാ സമരങ്ങളും നിര്‍ത്തിവെച്ചു. അതിന്റെ ഭാഗമായി കേളപ്പജി അടക്കമുള്ള നേതാക്കള്‍ ജയില്‍ മോചിതരായി.
ദേശീയ പ്രസ്ഥാനം വീണ്ടും കരുത്തുറ്റതാക്കാനായി ഒരു പത്രം തുടങ്ങാനുള്ള ചര്‍ച്ച സജീവമായി ഉയര്‍ന്നു വന്നു. കെ.കേളപ്പന്‍, കെ.പി. കേശവമേനോന്‍, കുരൂര്‍ നീലകണ്ഠന്‍ നമ്പൂതിരി, കെ.മാധവന്‍ നായര്‍ തുടങ്ങിയവരുടെ ശ്രമഫലമായി കോഴിക്കോട് നിന്നും മാതൃഭൂമി ആരഭിച്ചു. കെ.പി.കേശവ മേനോന്‍ പത്രാധിപരും കെ.കേളപ്പന്‍ മാനേജരുമായി മാതൃഭുമി പത്രം ആരംഭിച്ചു. പിന്നീട് പത്രാധിപരായും കേളപ്പജി തുടര്‍ന്നു.
ദേശീയ സ്വാതന്ത്ര്യത്തിനായി മലബാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമ്പോഴും സമൂഹത്തില്‍ നിലനിന്നിരുന്ന അസമത്വങ്ങള്‍ക്കും സാമൂഹിക തിന്‍മകള്‍ക്കും എതിരെ സന്ധിയില്ലാ സമരം നടത്തിയ സാമൂഹ്യപരിഷ്‌ക്കര്‍ത്താവാണ് കെ.കേളപ്പന്‍.
1921 ല്‍ ഗോപാലപുരത്ത് ഹരിജനങ്ങള്‍ക്ക് മാത്രമായി കോളനി ആരംഭിച്ചു. 1926 ല്‍ വൈക്കം സത്യഗ്രഹ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കി. വൈക്കം ക്ഷേത്ര സമീപത്തുള്ള വഴിയിലൂടെ പിന്നാക്ക സമുദായക്കാര്‍ക്ക് വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരമായിരുന്നു വൈക്കംസത്യഗ്രഹം. കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാന മുന്നേറ്റമാണ് വൈക്കം സത്യഗ്രഹ സമരം. കെ.പി.കേശവമേനോനും കെ.കേളപ്പനും മുന്നോട്ട് വന്നു. സമരത്തിനായി രൂപീകരിച്ച അയിത്തോച്ചാടന കമ്മറ്റി സെക്രട്ടറിയായി കെ.കേളപ്പന്‍ ചുമതലയേറ്റു.
1926 മാര്‍ച്ച് 30 ന് ആരംഭിച്ച സമരം 603 ദിവസം നീണ്ടുനിന്നു. കെ.പി.കേശവമേനോന്‍ നേതൃത്വം നല്‍കിയ സംഘം ഒന്നാം ദിവസം അറസ്റ്റ് വരിച്ചു എങ്കില്‍ രണ്ടാം ദിവസം കേളപ്പജി നേതൃത്വം നല്‍കിയ സംഘമാണ് അറസ്റ്റ് വരിച്ചത്. തുടര്‍ന്ന് ജയിലില്‍ അടക്കപ്പെടുകയും ചെയ്തു. ശ്രീനാരായണ ഗുരുദവന്‍, മഹാത്മാഗാന്ധി, കുമാരനാശാന്‍, മന്നത്ത് പത്മനാഭന്‍, ആചാര്യ വിനോബാ ഭാവെ, സ്വാമി ശ്രദ്ധാനന്ദ, ഇ.പി.രാമസ്വാമി നായ്ക്കര്‍ തുടങ്ങിയ മഹദ് വ്യക്തികളുടെ സാന്നിധ്യം സമരത്തിനനുകൂലമായി ഉണ്ടായിരുന്നു. നവംബര്‍ 23ന് സത്യഗ്രഹം അവസാനിച്ചു.
1931 ജൂലായ് 7 ല്‍ ബോംബെയില്‍ നടന്ന കോണ്‍ഗസ് അഖിലേന്ത്യാ യോഗത്തില്‍ വെച്ച് ഗാന്ധിജിയില്‍ നിന്നും ഗുരുവായൂര്‍ സത്യഗ്രഹ സമരത്തിനായുള്ള അനുമതി കേളപ്പജി വാങ്ങി. 1931 ആഗസ്റ്റില്‍ നടന്ന കെ.പി.സി.സി യോഗത്തില്‍ കേളപ്പജി ഗുരുവായൂര്‍ സത്യഗ്രഹ പ്രമേയം അവതരിപ്പിച്ചു. പ്രമേയം അംഗീകരിച്ച യോഗം കേളപ്പജിയെ സമരം നടത്താന്‍ ചുമതലപ്പെടുത്തി. 1931 ഒക്ടോബര്‍ 21 ന് ഒരു സംഘം കണ്ണൂരില്‍ നിന്നും യാത്ര ആരംഭിച്ചു. നവംബര്‍ ഒന്നിന് ഗുരുവായൂരില്‍ സത്യഗ്രഹം ആരംഭിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് സാമൂതിരി ക്ഷേത്രം അടച്ചു. പിന്നീട് ജനുവരിയില്‍ ക്ഷേത്രം തുറന്നപ്പോള്‍ കേളപ്പജി നിരാഹാര സമരം ആരംഭിച്ചു. നാടുണര്‍ന്നു, നാനാഭാഗത്തുനിന്നും സമരത്തിന് പിന്തുണയുമായി ആളുകളെത്തി. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി, ഉണ്ണി നമ്പൂരി സഭ എന്നിവര്‍ പിന്തുണ പ്രഖ്യപിച്ചു. കേളപ്പന്റെ ജീവന്‍ രക്ഷിക്കാനായി നാട് മുഴവന്‍ സമരം ആരംഭിച്ചു. നേതാക്കള്‍ ഗാന്ധിജിക്ക് കത്തയച്ചു. ഒടുവില്‍ ഗാന്ധിജിയുടെ കമ്പി സന്ദേശം കേളപ്പജിയെ തേടിയെത്തി. സമരം നിര്‍ത്തിവെക്കാന്‍ ഗാന്ധിജി ആവശ്യപ്പെട്ടു. അതിന്‍ പ്രകാരം സമരം നിര്‍ത്തി. പിന്നീട് പൊന്നാനി താലൂക്കില്‍ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടന്ന വോട്ടെടുപ്പില്‍ 77% ആളുകളും ക്ഷേത്രപ്രവേശനത്തെ അംഗീകരിച്ചു. തുടര്‍ന്ന് ക്ഷേത്രം എല്ലാവര്‍ക്കുമായി തുറന്നുകൊടുത്തു.
ഭാരതമാസകലം ബ്രിട്ടീഷ് നിയമങ്ങള്‍ ലംഘിക്കാന്‍ സമരം സജീവമായ കാലം. വിവാദമായ ഉപ്പ് നിയമം ലംഘിക്കാന്‍ ഗാന്ധിജി യാത്ര തുടങ്ങി. അതിനെ തുടര്‍ന്ന് കേരളത്തിലും സമരം ആരഭിക്കാന്‍ തീരുമാനിച്ചു. 1930 ഏപ്രില്‍ 13 ന് കോഴിക്കോട് നിന്നും പയ്യന്നൂരിലേക്ക് ഉപ്പ് സത്യഗ്രഹ പദയാത്ര ആരംഭിച്ചു. യാത്ര ഏപ്രില്‍ 23 ന് പയ്യന്നൂരില്‍ സമാപിച്ചു. ഉപ്പ് നിയമം ലംഘിച്ച് കേരളവും സ്വാതന്ത്ര്യസമരാഗ്‌നിയുടെ ഭാഗമായി. മാതൃഭൂമി പത്രത്തില്‍ തുടര്‍ച്ചയായി സ്വാതന്ത്ര്യത്തിന്റെ ആവശ്യത്തെക്കുറിച്ച് അദ്ദേഹം എഴുതി. ഗാന്ധിജിയുടെ അറസ്റ്റിനെ തുടര്‍ന്ന് രാജ്യവ്യാപകമായി ദേശീയ സമരനേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ടു. കേരളത്തില്‍ കേളപ്പജിയും തടങ്കലിലായി. ഇത്തവണ തമിഴ്‌നാട്ടിലെ വെല്ലൂര്‍ക്കാണ് അദ്ദേഹത്തെ കൊണ്ടുപോയത്. ആ കാലത്താണ് ഭാരതീയ ദര്‍ശനങ്ങളും തത്വശാസ്ത്രങ്ങളും അദ്ദേഹം പഠിച്ചത്.
ബ്രിട്ടീഷ് ഭരണത്തിനെതിരെ അദ്ദേഹം നടത്തിയ സമര മുന്നേറ്റങ്ങള്‍ വിലമതിക്കാനാകാത്തതാണ്. ഹരിജനോദ്ധാരണം എന്ന ഗാന്ധിജിയുടെ സ്വപ്‌നം ഏറ്റെടുത്ത് കേരളം മുഴുവന്‍ യാത്ര ചെയ്തു. കേളപ്പജിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ദളിതസമൂഹത്തിന്റെ മുഴുവന്‍ പുരോഗതിക്കാണ് വഴിവെച്ചത്. ഹരിജന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക വിദ്യാലയങ്ങള്‍ സ്ഥാപിച്ചും അവര്‍ക്കായി ഹോസ്റ്റലുകള്‍ തുടങ്ങിയും കേളപ്പജി അക്ഷീണം പ്രവര്‍ത്തിച്ചു. കേളപ്പജി കൈപിടിച്ച് സ്‌കൂളില്‍ കൊണ്ടുപോയി വിദ്യാഭ്യാസം നല്‍കി അതിലൂടെ ഉന്നത ഉദ്യോഗം ലഭിച്ച ഗാന്ധിയന്‍ സുകുമാരന്‍ മാസ്റ്ററെപ്പോലെയുള്ള ആളുകള്‍ ദൈവത്തിനും മുകളിലായാണ് കേളപ്പജിയെ കാണുന്നത്. അച്ഛന്റെ കൂടെ കേളപ്പനെ കാണാന്‍ ചെല്ലുമ്പോള്‍ സുകുമാരന്‍ എന്ന കുട്ടിക്ക് ഇടാന്‍ വസ്ത്രമുണ്ടായിരുന്നില്ല. കയറിക്കിടക്കാന്‍ വീടും. തന്റെ അച്ഛന്റെ ദുഃഖം കണ്ട് കേളപ്പജി നല്‍കിയ സഹായങ്ങളാണ് തന്റെ ജീവിതം മാറ്റിമറിച്ചത് എന്നും താന്‍ ജനിച്ച സമുദായത്തിന് ഇന്ന് എന്തെങ്കിലും ലഭിക്കുന്നുണ്ടെങ്കില്‍ അത് കേളപ്പജിയുടെ ശ്രമഫലമായാണെന്നും പോസ്റ്റ്മാസ്റ്ററായി റിട്ടയര്‍ ചെയ്ത തവനൂര്‍ സ്വദേശി അന്തരിച്ച സുകുമാരന്‍ മാസ്റ്റര്‍ ഒരിക്കല്‍ തവനൂരില്‍ നടന്ന കേളപ്പജി അനുസ്മരണത്തില്‍ പറഞ്ഞത് ഇവിടെ സൂചിപ്പിക്കുന്നു. പ്രസിദ്ധമായ തിരുന്നാവായ ഓത്തന്മാര്‍ മഠത്തിന് സമീപം തന്നെ കേളപ്പജി ഹരിജന്‍ ഹോസ്റ്റല്‍ പണിതു. അതിന്റെ ഒരു മുറി ഓഫീസും വീടുമായി മാറ്റി. പിറന്ന നാടിന്റെ അടിമത്തവും തന്റെ കൂടപ്പിറപ്പുകളുടെ ദയനീയതയും മാറ്റാന്‍ വേണ്ടിയുള്ള ചിന്തകളുമായി കേളപ്പന്‍ വൈകുന്നേരങ്ങളില്‍ നിളയുടെ തീരത്തെ കല്‍പ്പടവുകളില്‍ ഇരിക്കാറുണ്ടെന്ന് തവനൂരുകാര്‍ ഓര്‍മ്മിച്ചെടുക്കുന്നു. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ എന്നിവ ആരംഭിച്ച് മുഴുവന്‍ ആളുകള്‍ക്കും വിദ്യാഭ്യാസം നല്‍കാന്‍ ആ മഹാത്മാവ് മുന്നോട്ടു വന്നു.
മലബാര്‍ ഡിസ്റ്റ്രിക്ട് പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് 1937 ല്‍ കോരപ്പുഴ പാലം നിര്‍മ്മിക്കാന്‍ തീരുമാനിക്കുന്നത്. മലബാറിലെ യാത്രാ ദുരിതത്തിന് അറുതി വരുത്തിയ തീരുമാനമായിരുന്നു അത്. ഇതിനെ കുറിച്ച് എം.പി. സൂര്യദാസ് മാതൃഭൂമിയിലെഴുതിയ വരികള്‍ ഇങ്ങനെയാണ്: കോരപ്പുഴപാലത്തിന്റെ ശിലാഫലകത്തില്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡന്റായ തന്റെ പേര് ഉള്‍പ്പെടുത്തരുതെന്നും കേളപ്പജി നിര്‍ബന്ധം പിടിച്ചു. ഗ്രാമവികസന ഫണ്ട് ഉപയോഗിച്ച് ഡിസ്ട്രിക്ട്‌ബോര്‍ഡ് നിര്‍മിച്ച പാലം എന്നുമാത്രമാണ് അതില്‍ രേഖപ്പെടുത്തിയത്. ധാരാളിത്തവും ആര്‍ഭാടവും കാണിച്ച് പണം ചെലവഴിച്ചുള്ള ഉദ്ഘാടനച്ചടങ്ങ് വേണ്ടെന്ന കേളപ്പജിയുടെ നിശ്ചയദാര്‍ഢ്യമാണ് കാളവണ്ടി തെളിച്ചുള്ള ഉദ്ഘാടനത്തിന് വഴിതെളിച്ചതെന്ന് കേളപ്പജിയുടെ ജീവചരിത്രം രചിച്ച പള്ളിക്കര ടി.പി. കുഞ്ഞിക്കൃഷ്ണന്‍ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഗാന്ധിജിയുടെ ഗ്രാമസ്വരാജിന് ഇണങ്ങുന്ന വിധത്തിലുള്ള ലളിതമായ ചടങ്ങ് മാത്രമേ പാടുള്ളൂവെന്ന് കേളപ്പജിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. യു.കെ. കുമാരന്റെ ‘തക്ഷന്‍കുന്ന് സ്വരൂപം’ എന്ന നോവലിലും ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്. പാലം പൊളിച്ചുമാറ്റിയാലും കേളപ്പജി പൊതുജീവിതത്തില്‍ അവശേഷിപ്പിച്ചുപോയ ഉന്നതമാതൃക ഇനിയും സമാനതകളില്ലാതെ നിലനില്‍ക്കും.
സ്വതന്ത്രഭാരതത്തിലെ കേളപ്പജിയുടെ ജീവിതം നാം പരിശോധിക്കുമ്പോള്‍ വിവാദങ്ങളുടെ ഒരു പെരുമഴ നമുക്ക് കാണാം. എല്ലാവരും ദേശീയത കൈവിട്ടപ്പോഴും കേളപ്പജി ആ വികാരം ഉയര്‍ത്തിപ്പിടിച്ചു. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും വിട്ട അദ്ദേഹം സര്‍വ്വോദയ പ്രസ്ഥാനത്തില്‍ ചേര്‍ന്നു. 1952-ല്‍ പൊന്നാനി ലോകസഭ സീറ്റില്‍ നിന്നും പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഗാന്ധിപീസ് ഫൗണ്ടേഷന്‍, കേരള സര്‍വ്വോദയസംഘം, സര്‍വ്വോദയമണ്ഡല്‍ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ അമരക്കാരനായി. ദളിത് ഉദ്ധാരണവും ഖാദി സര്‍വ്വോദയ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയി. കോണ്‍ഗ്രസ്സിന്റെ-ഇടതുപക്ഷത്തിന്റെ നേതാക്കള്‍ അദ്ദേഹത്തിന്റെ രൂക്ഷവിമര്‍ശനങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്. അദ്ദേഹത്തിനു നേരെ വധശ്രമംവരെ നടന്നതായുള്ള വെളിപ്പെടുത്തലുകള്‍ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു.

മതത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലാ രൂപീകരണം നടത്തുന്നതിനെ കേളപ്പജി രൂക്ഷമായി എതിര്‍ത്തു. ഈ തീരുമാനം കേരളത്തിന്റെ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.
വൈക്കം, ഗുരുവായൂര്‍ സത്യഗ്രഹങ്ങളുടെ തീക്ഷ്ണമായ അനുഭവങ്ങളെക്കാള്‍ വലിയ തിരിച്ചടിയാണ് കേളപ്പജിക്ക് തളി സമരം നല്‍കിയത്. പി. മാധവ്ജിയുടെ നേതൃത്വത്തില്‍ ക്ഷേത്രസംരക്ഷണസമിതി രൂപീകരിക്കാന്‍ മുന്നോട്ടുവന്ന കേളപ്പജി മുഴുവന്‍ എതിര്‍പ്പുകളെയും പൂമാലകളാക്കി മാറ്റി തന്റെ ലക്ഷ്യം പൂര്‍ത്തീകരിച്ചു. ”നായ പാത്തിയ കല്ലില്‍ ചന്ദനം പൂശിയ കേളപ്പാ” എന്ന മുദ്രാവാക്യം വിളിച്ചാണ് കമ്മ്യൂണിസ്റ്റുകാര്‍ അദ്ദേഹത്തെ അപമാനിച്ചത്.
ഏറ്റെടുത്ത മുഴുവന്‍ കാര്യങ്ങളും വിജയത്തിലെത്തിച്ച കേളപ്പജിയെ ഇന്ന് ബോധപൂര്‍വ്വം തമസ്‌കരിക്കാനുള്ള ശ്രമം നടക്കുന്നു. ഗുരുവായൂര്‍ സത്യഗ്രഹം എ.കെ. ജി നടത്തിയ പോരാട്ടമാണെന്നുവരെ പറഞ്ഞുവച്ചു. കേളപ്പജിയുടെ ഓര്‍മ്മകള്‍ നിലനില്‍ക്കാന്‍ പാടില്ല എന്നാഗ്രഹിക്കുന്നവര്‍ ഇന്ന് കൂടിവരുന്നു.
കേളപ്പജിയെ കുറിച്ച് മഹാകവി അക്കിത്തം പറഞ്ഞത് ഇപ്രകാരമാണ്: ”കേളപ്പജിയുടെ പ്രവര്‍ത്തനത്തിന്റെ രണ്ടാംഘട്ടം മുഴുവന്‍ ജന്മമെടുത്തത് തിരുന്നാവായ മണപ്പുറത്ത് നിന്നാണ്. സര്‍വ്വോദയപ്രസ്ഥാനം, വിനോബാജിയുടെ ഭൂദാന പ്രസ്ഥാനം. അങ്ങാടിപ്പുറത്തെ തളിക്ഷേത്ര പുനരുദ്ധാരണം തുടങ്ങി പില്‍ക്കാലത്തുണ്ടായ സംഭവങ്ങളത്രയും കേളപ്പജി എന്ന മഹാനുഭാവന്റെ മനസ്സുമായി ബന്ധപ്പെട്ടാണല്ലൊ. നെഹ്രുവിന്റെ ഉദാരതയില്‍ നിന്നുണ്ടായ സിലോണ്‍ ഗവര്‍ണ്ണര്‍ പദവിയെ തട്ടിത്തെറിപ്പിക്കാന്‍ കഴിഞ്ഞയാളാണ് കേളപ്പജി. കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് വര്‍ഷാശനം നല്‍കുന്നില്ലെങ്കില്‍ തനിക്ക് രണ്ടാമതൊരു നിരാഹാരം കിടക്കേണ്ടിവരുമെന്ന് തിരുവനന്തപുരത്ത് പോയി ഇ.എം.എസ്സിനോട് പറഞ്ഞ ആളാണ് കേളപ്പജി.”
മരണം വരെ ധര്‍മ്മപക്ഷത്ത് നിന്നാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ഗാന്ധിജി പറഞ്ഞപോലെ കേളപ്പജിയും അദ്ദേഹത്തിന്റെ ജീവിതം തന്നെ തന്റെ സന്ദേശമാക്കി. 1971 ഒക്‌ടോബര്‍ 7ന് അദ്ദേഹം ഈ ലോകം വിട്ടുപോയി. ജന്മഭൂമി മൂടാടി ആണെങ്കിലും കര്‍മ്മഭൂമി നിളാ തീരത്ത് ത്രിമൂര്‍ത്തിസ്ഥാനമായ തവനൂര്‍ ഗ്രാമമായിരുന്നു. തന്റെ കര്‍മ്മഭൂമിയായ തവനൂരില്‍ വേണം അന്ത്യവിശ്രമമെന്ന കേളപ്പജിയുടെ ആഗ്രഹപ്രകാരം, അന്നത്തെ കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അനുമതിയോടുകൂടി ത്രിമൂര്‍ത്തി സംഗമഭൂമിയായ (തിരുന്നാവായ, തവനൂര്‍) തവനൂര്‍ ശിവക്ഷേത്രത്തിനു മുന്നിലെ നിളാതീരത്ത് മുഴുവന്‍ ബഹുമതികളോടുകൂടിയാണ് ആ മഹാത്മാവിന്റെ ഭൗതികശരീരം അടക്കം ചെയ്തത്.
ആ കര്‍മ്മയോഗിയുടെ സമാധി 50 വര്‍ഷം പൂര്‍ത്തിയായി. ഇന്നും ആ സമാധിഭൂമി അവഗണിക്കപ്പെട്ടുകിടക്കുകയാണ്. ഗാന്ധിസമാധി പോലെ പവിത്രമായി സംരക്ഷിക്കപ്പെടേണ്ടയിടം. തുഞ്ചന്‍പറമ്പിലെ എഴുത്തച്ഛന്‍ പ്രതിമയ്ക്കുണ്ടായ അനാഥത്വമാണ് ഇന്ന് കേളപ്പജിയുടെ സമാധിഭൂമിക്കും സംഭവിക്കുന്നത്.
നിളാതീരത്തെ കാഴ്ചകള്‍ കാണാന്‍ നിളാ വിചാരവേദിയുടെ ആഭിമുഖ്യത്തില്‍ 2013ലെ നിള പരിക്രമയാത്ര താനൂരിലെത്തിയപ്പോഴാണ് കേളപ്പജി സമാധിഭൂമിയുടെ ഇന്നത്തെ അവസ്ഥ ഞങ്ങള്‍ക്ക്‌ബോധ്യപ്പെട്ടത്. അന്ന് മുതല്‍ കേളപ്പജി സമാധിയുടെ സംരക്ഷണം ലക്ഷ്യംവെച്ചുകൊണ്ട് പലനീക്കങ്ങളും നിളാവിചാരവേദി നടത്തിയിട്ടുണ്ട്. മഹാകവി അക്കിത്തം അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത് സമാധിഭൂമി എന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നു. മഹാത്മാഗാന്ധിയുടെ ചിതാഭസ്മം നിളയില്‍ ഒഴുക്കിയ ഓര്‍മ്മയുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന സര്‍വോദയ മേളയിലും ഈ ആവശ്യം ഉയര്‍ന്നുവന്നിട്ടുണ്ട്. കേളപ്പജിയുടെ സമാധി ഭൂമിയിലെ ആറടി മണ്ണ് ഇന്ന് ഭൂമാഫിയുടെ കയ്യിലാണ്. കയ്യേറ്റം ഒഴിപ്പിക്കാനായി കലക്ടര്‍ നേരിട്ട് ഇടപെട്ടിട്ടും ഇന്നും അവ്യക്തത തുടരുന്നു. മുഴുവന്‍ സംഘടനകളും ഗാന്ധിയന്മാരും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും സാംസ്‌കാരികസംഘടനകളും ഈ ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യത്തിന്റെ ഈ അമൃതോല്‍സവ പുലരിയിലും കേളപ്പന്‍ എന്ന കേരള ഗാന്ധിയോടുള്ള അവഗണന തുടരുകയാണ്. പണ്ട് അദ്ദേഹത്തിന്റെ ജീവനെടുക്കാന്‍ ശ്രമിച്ച ഇരുട്ടിന്റെ സന്തതികള്‍ ഇന്ന് അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പോലും ഇല്ലാതാക്കുന്നു. കേരളഗാന്ധി തമസ്‌കരിക്കപ്പെടുന്നു എന്നത് ഒരു മുന്‍വിധി ആകാം. അങ്ങിനെ സംഭവിക്കാതിരിക്കട്ടെ. മഹാകവി പി.കുഞ്ഞിരാമന്‍നായരുടെ വരികള്‍ ഓര്‍ത്ത് ആ മഹാനുഭാവന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ശിരസ്സുകുനിക്കുന്നു.
ഭാരതത്തിന്റെ വീരസന്താനമേ, ആത്മാവില്ലാത്ത അന്ധജനത അങ്ങയെ മറന്നേക്കാം. എന്നാല്‍ കടലും മലയും കാക്കുന്ന ഈ ഭൂമി പഴശ്ശിയുടെയും ശക്തന്റെയും വേലുത്തമ്പിയുടെയും ശിവജിയുടെയും പ്രതാപന്റെയും ചെഞ്ചോര കുങ്കുമമര്‍പ്പിച്ച ഭൂമി ഈ അമ്മ-അങ്ങയുടെ വീരജാതകക്കുറി മറക്കുകയില്ല. എല്ലാം മുക്കുന്ന ലോഭമോഹങ്ങളുടെ മലവൈള്ളത്തില്‍ ഒലിച്ചുപോകുന്ന മനുഷ്യത്വത്തിന്റെ മരിക്കാത്ത ഹ്യദയസ്പന്ദനം- അതായിരുന്നു കേളപ്പന്‍, ആ പുണ്യഗുരുപാദങ്ങളിലിതാ ഗാന്ധിഭാരതത്തിന്റെ മഹാവീരചക്രം.