ഭൂമിയില്‍ നിന്നും ശരാശരി 3,84,400 കിമീ അകലെയുള്ള, ഭൂമിയുടെ സ്വന്തം ഉപഗ്രഹമായ, നമ്മോടേറ്റവും അടുത്ത പ്രപഞ്ചഭാഗമായ ചന്ദ്രനില്‍ നടത്തുന്ന ഭാരതത്തിന്റെ രണ്ടാമത്തെ പരീക്ഷണ പദ്ധതിയാണ് ചന്ദ്രയാന്‍ -2.
2019 ജൂലായ് 22ന് തിങ്കളാഴ്ച്ച പകല്‍ 2.43 നായിരുന്നു ശീഹരിക്കോട്ടയിലെ സതീശ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം റോക്കറ്റു വിക്ഷേപണ സഞ്ചയത്തില്‍ നിന്നും ചന്ദ്രയാന്‍-2 അതിന്റെ ചരിത്രപരമായ ദൗത്യത്തിനു ഹരിശ്രീ കുറിച്ചുകൊണ്ട് ബാഹ്യാകാശയാത്ര ആരംഭിച്ചത്.
നമ്മുടെ റോക്കറ്റുകളില്‍ ഏറ്റവും കരുത്തുറ്റ, ബാഹുബലിയെന്നഭിമാനത്തോടെ നാം വാഴ്ത്തുന്ന 4000 ടണ്‍ വാഹകശേഷിയുള്ള, ഭീമാകാരമായ എല്‍വിഎം3 അഥവാ ജിഎസ്എല്‍വി എംകെ3 ശ്രേണിയില്‍പ്പെട്ട ജിഎസ്എല്‍വി എംകെ 3 എം-1 റോക്കറ്റാണ് ഈ മഹാദൗത്യത്തിന്റെ വിക്ഷേപിണിയായി അന്ന് ജ്വലിച്ചുയര്‍ന്നത്.
അവിഘ്‌നവും അവിരാമവും ആയ, പഴുതുകളൊന്നുപോലുമില്ലെന്നുറപ്പാക്കിയ 20 മണിക്കൂര്‍ കൗണ്ട്ടൗണ്‍ പരിശോധനകള്‍ക്കു ശേഷം, തികഞ്ഞ ഗാംഭീര്യത്തോടെ കുതിച്ചുയര്‍ന്ന്, ഭൗമാകാശ സീമകള്‍ കീഴടക്കി, ജിഎസ്എല്‍വി എംകെ3 എം-1 16 മിനിറ്റുകള്‍, 14 സെക്കന്റുകള്‍ക്കുശേഷം അത്യന്തം വിജയകരമായിത്തന്നെ ചന്ദ്രയാന്‍ 2നെ 169.7 ഃ 45475 കിമീ ഭ്രമണപഥത്തിലെത്തിച്ചു.
റോക്കറ്റിന്റെ മൂന്നാമത്തേതും അവസാനഘട്ടവുമായ ക്രയോസ്റ്റേജ് 10 സെക്കന്റുകള്‍ കൂടുതലായി പ്രവര്‍ത്തിക്കുക വഴി നിശ്ചയിക്കപ്പെട്ടിരുന്ന 39120 കി.മീ എന്നതിലുപരി 6000-ല്‍ അധികം കി.മീ താണ്ടിയുള്ള 45475 കീ.മി അകലത്തിലുള്ള ഭ്രമണപഥമാണ് കൈവരിച്ചത്.
പേടകത്തിന്റെ ഭ്രമണപഥം കൂടുതല്‍ ദൂരങ്ങളിലേക്കുയര്‍ത്തുന്നതിനുള്ള വരും ദിവസങ്ങളിലെ സംരംഭങ്ങള്‍ക്കും ഇന്ധന ലാഭത്തിനുമാണ് ഈ ഉയര്‍ന്ന ഭ്രമണപഥം മുതല്‍ക്കൂട്ടാകുന്നത്. അതുകൊണ്ട് നമുക്കഭിമാനിക്കാം, ജിഎസ്എല്‍വി എംകെ3 എം-1 വിക്ഷേപണം എന്തുകൊണ്ടും സ്തുത്യര്‍ഹം ആയിരിക്കുന്നു.
വിജ്ഞാനശേഖരത്തിന്റെ വാതായനങ്ങളെ, അതീവ ഗുഹ്യവും അജ്ഞാതവുമായ ചന്ദ്രമണ്ഡലത്തിന്റെ ദക്ഷിണ ധ്രുവ ഭാഗത്തേക്ക് ഇദംപ്രഥമമായി തുറന്നുവെയ്ക്കാന്‍ തയ്യാറെടുക്കുന്ന ചന്ദ്രയാന്‍-2ന്റെ സവിശേഷതകള്‍ എന്തെല്ലാമാണെന്നു പരിശോധിക്കാം.
ചന്ദ്രന്റെ ദക്ഷിണ ധ്രുവ പ്രദേശത്തു കടന്നുചെല്ലാനുള്ള മനുഷ്യന്റെ ആദ്യശ്രമമാണ് ചന്ദ്രയാന്‍-2. തിഥികളുടെ ഗണിതം നമ്മെ പഠിപ്പിക്കുന്നത് ഭൂമിയില്‍ നിന്നും ദൃശ്യമാകുന്നതെപ്പോഴും ചന്ദ്രന്റെ ഒരേ ഭാഗമാണെന്നുതന്നെ. പതിനാലു തിഥികള്‍ക്കിടയില്‍ പൗര്‍ണ്ണമിയും അമാവാസിയും മാറിവരുന്നു.
ചന്ദ്രന്‍ സ്വയം 360 ഡിഗ്രി തിരിയുന്നതും ഭൂമിയെ പ്രദക്ഷിണം ചെയ്യുന്നതും ഒരേകാലയളവിലാണ്. ചന്ദ്രനിലെ സൂര്യാസ്തമനങ്ങളുടെ തുടക്കവും ഒടുക്കവും അതുകൊണ്ടുതന്നെ പതിന്നാലു ഭൗമദിനങ്ങളുടെ പരിധികളിലാണ്. അതായത് ഒരു ചാന്ദ്രദിനം 14 ഭൗമ ദിനങ്ങളാണ്.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന്റെ ഏറിയ‘ഭാഗവും സദാ നിഴല്‍മൂലമുള്ള ഇരുളിലും ഭൂമിക്കദൃശ്യമായിരിക്കുന്ന പകുതിയിലും ഉള്‍പ്പെടുന്നു. അതായത്, സമസ്തലോകത്തിനും ചന്ദ്രന്റെ അദൃശ്യഭാഗത്തെ പരിചയപ്പെടുത്തുന്നതാണ് ചന്ദ്രയാന്‍-2. വിജ്ഞാനാന്വേഷിയായ മനുഷ്യ സമൂഹത്തിനൊന്നടങ്കം, ഏവര്‍ക്കും പ്രതീക്ഷയും പ്രചോദനവുമേകുകയാണ് നമ്മുടെ ഈ സാഹസിക സംരംഭം.
മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയതിന്റെ അര്‍ദ്ധദശാബ്ദത്തിലാണ് അഗോചരമായ പ്രദേശത്ത് അതിഥിയായി ചന്ദ്രയാന്‍-2ന്റെ സന്ദര്‍ശനം. അമേരിക്ക, റഷ്യ, ചൈന എന്നീ മൂന്നു രാജ്യങ്ങള്‍ക്കിടയില്‍, നാലാമതായി ഭാരതത്തിനേയും പ്രതിഷ്ഠിക്കുന്നതിനുള്ള ഈ സന്ദര്‍ശനം അതുകൊണ്ടുതന്നെ സമാനതകളില്ലാതെ, രോഹിണി നക്ഷത്ര പൗര്‍ണ്ണമിയെപ്പോലെ മനോഹരവും പ്രൗഢഗംഭീരവും അഭിമാനപൂരകവുമാണ്.
ചന്ദ്രയാന്‍-1-ന്റെ വിലപ്പെട്ട സംഭാവനയായിരുന്നു ചന്ദ്രനിലെ ജലസാന്നിധ്യത്തെക്കുറിച്ചുള്ള വിവരശേഖരം. ഇതിന്റെ തുടര്‍ച്ചയായി, ജലസാന്നിധ്യത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വ്യാപകമായ പഠനം ചന്ദ്രോപരിതലത്തിലും, ഉള്‍ത്തടങ്ങളിലും, അന്തരീക്ഷത്തിലും നടത്തുക എന്ന സുപ്രധാനമായ ലക്ഷ്യവും ചന്ദ്രയാന്‍-2 ലക്ഷ്യമിടുന്നു.
ഉത്തരധ്രുവ ഭാഗത്തെ അപേക്ഷിച്ച് സ്ഥിരമായി ഇരുളടഞ്ഞുള്ള പ്രദേശം ദക്ഷിണധ്രുവ പ്രദേശത്ത് വളരെ വ്യാപൃതമായിരിക്കുന്നു. അതുകൊണ്ടുതന്നെ അഗാധങ്ങളായ ഗര്‍ത്തങ്ങളാല്‍ നിഗൂഢമായ ഈ പ്രദേശത്ത് ജലസാന്നിധ്യം പ്രതീക്ഷിക്കപ്പെടുന്നു.
മൂന്നു ഘടകങ്ങളാണ് 3850 കിലോ ഭാരം വരുന്ന ചന്ദ്രയാന്‍-2-നുള്ളത്. ഓര്‍ബിറ്റര്‍, വിക്രം എന്ന ലാന്‍ഡര്‍ അഥവാ ചന്ദ്ര പ്രതലത്തില്‍ ഇറങ്ങുന്നതിനുള്ള സജ്ജീകരണി, സംസ്‌കൃതത്തില്‍ “പ്രഗ്യാന്‍അഥവാ പ്രവര്‍ത്തിച്ചാര്‍ജ്ജിക്കുന്ന ജ്ഞാനം എന്നര്‍ത്ഥം വരുന്ന പേരോടുകൂടിയ റോവര്‍ അഥവാ ചന്ദോപരിതലത്തിലൂടെ ആറുചക്രങ്ങളുടെ സഹായത്തോടെ സഞ്ചരിക്കുന്ന വാഹനം, ഇവയാണ് ഘടകങ്ങള്‍.
ഓര്‍ബിറ്ററിന് 2375 കിലോ ഭാരമാണുള്ളത്. ഇതിലുള്ള സോളാര്‍ പാനല്‍ പ്രതിദിനം 1000 വാട്ട്‌സ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കും. വിക്ഷേപണാനന്തരം ഓര്‍ബിറ്റര്‍ ബാംഗ്ലൂരിനടുത്ത് ബൈലാലുവിലുള്ള ദീര്‍ഘദൂര ബഹിരാകാശ വിവരവിനിമയ ശൃംഖലയുമായും വിക്രംലാന്‍ഡറുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കും. ഒരുവര്‍ഷമാണ് പ്രവര്‍ത്തന കാലപരിധി. ചന്ദ്രോപരിതലത്തിനു മുകളില്‍ 100 ഃ 100 കിലോമീറ്റര്‍ ഭ്രമണപഥമാണ് ഓര്‍ബിറ്ററിന് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഇന്‍ഡ്യന്‍ ബഹിരാകാശ സംരംഭങ്ങളുടെ പിതാവായ ഡോ.വിക്രംസാരാഭായിയോടുള്ള ആദരണാര്‍ത്ഥം വിക്രം എന്നു നാമകരണം ചെയ്തിട്ടുള്ള ലാന്‍ഡറിന്റെ ഭാരം 1471 കിലോയും ഇതിലെ സോളാര്‍ പാനലിന്റെ ശേഷി പ്രതിദിനം 650 വാട്ട്‌സ് വൈദ്യുതിയുമാണ്.
ഒരു ചാന്ദ്രദിനം അഥവാ മുന്‍പ് പ്രസ്താവിച്ചതുപോലെ 14 ഭൗമദിനങ്ങളാണ് ലാന്‍ഡറിന്റെ പ്രവര്‍ത്തന കാലയളവ്. സൂര്യപ്രകാശ ലഭ്യത ഇല്ലാതെ വരുക എന്നതു തന്നെയാണ് ഇതിനു നിദാനം. ഈ കാലഘട്ടങ്ങളില്‍ വിക്രത്തിന് ബൈലാലു ബഹിരാകാശനിലയം, ഓര്‍ബിറ്റര്‍, റോവര്‍ എന്നിവയുമായി വിവരവിനിമയം നടത്തുന്നതിനുള്ള ക്ഷമതയുണ്ട്.
ചന്ദ്രയാന്‍-1-ന്റെ ഇടിച്ചിറങ്ങുന്ന പ്രക്രിയ്ക്കുപകരം ചാന്ദ്രപ്രതലത്തില്‍ ആഘാതങ്ങള്‍ ലഘൂകരിച്ചുകൊണ്ട് ഇറുങ്ങുന്നതിനുള്ള ക്രമീകരണങ്ങളാണ് വിക്രത്തില്‍ സജ്ജീകരിച്ചിട്ടുള്ളത്. സെപ്തംബര്‍ 7, 2019നാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനടുത്തായി വിക്രം ഇപ്രകാരം ഇറങ്ങുക.
നമ്മുടെ പൂര്‍വ്വികര്‍ 27 നക്ഷത്രങ്ങളിലൂടെയുള്ള ദിക്കുകള്‍ അവലംബിച്ചാണ് ബഹിരാകാശത്തെ ഘടനാപരമായ പഠനം നടത്തിയിട്ടുള്ളത്. ഓരോ ദിവസവും ഓരോരോ നക്ഷത്രദിശയില്‍ ദൃശ്യമാകുന്ന ചന്ദ്രന്റെ പ്രതലത്തില്‍ സഞ്ചരിക്കുന്ന പ്രഗ്യാന്‍ റോവറിന്റെ ഭാരം 27 കിലോ ആകുന്നു. പ്രഗ്യാന്റെ പ്രവര്‍ത്തനങ്ങളും ഒരുചാന്ദ്രദിന കാലയളവ് നീളുന്നതാണ്.
പ്രഗ്യാന്‍ പ്രതിദിനം 50 വാട്ട്‌സ് വൈദ്യുതി സോളാര്‍ പാനലിലൂടെ ഉല്‍പ്പാദിപ്പിക്കും. ഷഡ്ചക്രങ്ങളിലൂന്നിയാണ് പ്രഗ്യാന്റെ ചലനം. പ്രഗ്യാന്‍ പരമാവധി വിക്രത്തില്‍ നിന്നും 500 മീറ്റര്‍ ദൂരം അകലത്തില്‍ സഞ്ചരിക്കുന്നു. വിക്രവുമായി മാത്രം വിവരങ്ങള്‍ കൈമാറാനുള്ള ശേഷിയാണ് പ്രഗ്യാനില്‍ സംഘടിപ്പിച്ചിട്ടുള്ളത്.

ചന്ദ്രന്റെ തെക്കുഭാഗത്ത് അക്ഷാംശം 70 ഡിഗ്രിയിലുള്ള രണ്ടു ഗര്‍ത്തങ്ങളാണ് മാന്‍സിനസ്-സി, സിംപിലിയസ്-എന്‍ എന്നിവ. ഇവയ്ക്കിടയിലുള്ള 3.8 ബില്യണ്‍ ഭൗമ വര്‍ഷങ്ങള്‍ പഴക്കം ഗണിച്ചിട്ടുള്ള വിശാലവും ഉന്നതവുമായ സമതല പ്രദേശത്താണ് ലാന്‍ഡര്‍ വിക്രമും റോവര്‍ പ്രഗ്യാനും ആഘാതരഹിതമായി ലഘുത്വതയോടെ ഇറങ്ങുന്നതിന് ലക്ഷ്യമിടുന്നത്.
സവിശേഷതകള്‍
1) ദക്ഷിണ ധ്രുവ പ്രദേശത്ത് ലാഘവാത്മകമായിറങ്ങുന്ന, ലോകത്തിലെ തന്നെ ആദ്യ ബഹിരാകാശ പേടകമാണ് ചന്ദ്രയാന്‍-2.
2) റഷ്യന്‍ നിര്‍മ്മിത ലാന്‍ഡര്‍, ഇന്ത്യയില്‍ ഓര്‍ബിറ്റര്‍, റോവര്‍ എന്നിവ വികസിപ്പിക്കുക എന്ന പ്രാരംഭ തീരുമാനം തടസ്സപ്പെട്ടതോടെ മൂന്നും നമ്മള്‍ തദ്ദേശീയമായി സാക്ഷാത്കരിച്ചു.
3) ചന്ദ്രനില്‍ ലഘു ആഘാതത്വത്തോടെ ഇറങ്ങുന്ന നാലാമത്തെ പേടകം.
ഒടുവില്‍ വിഭാവനം ചെയ്തിട്ടുള്ള, റോവര്‍ ആഘാതലഘുത്വത്തോടെ ചന്ദ്രനില്‍ ഇറങ്ങുക എന്ന അത്യന്തം സങ്കീര്‍ണ്ണമായ സാങ്കേതിക പ്രവര്‍ത്തനം, ഇതിനു മുന്‍പ്, വിവിധ രാജ്യങ്ങള്‍, 38-ഓളം സംരംഭങ്ങള്‍ വഴി പരീക്ഷിച്ചിട്ടുണ്ട്. ഇതില്‍ 52% റോവറുകള്‍ വിജയകരമായി ലക്ഷ്യം കൈവരിച്ചു.
അമേരിക്കയുടെ സര്‍വ്വേയര്‍ ലാന്‍ഡറുകള്‍ (1966-1968), സോവിയറ്റ് ലൂണാര്‍ ലാന്‍ഡറുകള്‍ (1966-1976), ചൈനയുടെ ചെയ്ഞ്ച് ലാന്‍ഡറുകള്‍ (2013 തുടങ്ങി) ഇവയാണ് വിജയിച്ചവ. എന്നാല്‍ അടുത്തകാലത്ത് 2019 ഫെബ്രുവരി 22ന് ഇസ്രയേല്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു.
ഓര്‍ബിറ്ററില്‍ നിന്നും വേര്‍പെടുന്ന വിക്രം ചാന്ദ്രനഭസ്സില്‍ 100 ത 30 കി.മീ. പ്രതലത്തിനെ അപേക്ഷിച്ച് ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്കാണ് എത്തുക. ഇതിനെത്തുടര്‍ന്ന് ക്രമമായും ഘട്ടങ്ങളായും ഉള്ള സങ്കീര്‍ണ്ണങ്ങളായ കുറെ വേഗതാ നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ വിക്രം നടത്തും. അവസാനത്തെ ഘട്ടമായി ചന്ദ്രപ്രതലത്തില്‍, സപ്തംബര്‍-7-ന് ആഘാതലഘുത്വം ആര്‍ജ്ജിച്ചുകൊണ്ട് ദക്ഷിണ ധ്രുവ പ്രദേശത്തായിറങ്ങും.
ഓര്‍ബിറ്റര്‍ വിദൂരവിവരശേഖരണ ഉപകരണങ്ങളിലൂടെ ചാന്ദ്ര പരിതസ്ഥിതികളെ നിരീക്ഷിക്കുമ്പോള്‍, വിക്രമും പ്രഗ്യാനും അവയുടെ സമീപ പ്രദേശങ്ങളിലെ വിവരങ്ങള്‍ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ ശേഖരിക്കുന്നു.
വിവിധങ്ങളായ ശാസ്‌ത്രോപകരണങ്ങള്‍ വിവരശേഖരണത്തിനായ് ഈ മൂന്നു ഘടകങ്ങളിലും സജ്ജീകരിച്ചിട്ടുണ്ട്.
രണ്ടു ടെറയിന്‍ മാപ്പിങ്ങ് ക്യാമറകള്‍, വളരെ വ്യാപകമായി, വിസ്തീര്‍ണ്ണ പ്രദേശത്തേക്കുള്ള എക്‌സ്‌റേ സ്‌പെക്‌ട്രോമീറ്റര്‍, സോളാര്‍ എക്‌സ്‌റേ മോണിറ്റര്‍, ഉയര്‍ന്ന ആവൃത്തിയിലുള്ള ക്യാമറ, ഛായാചിത്രീകരണത്തിനുള്ള ഇന്‍ഫ്രാറെഡ് സ്പക്‌ട്രോമീറ്റര്‍, റഡാര്‍ സംവിധാനം, അന്തരീക്ഷ ഘടന വിശകലനം ചെയ്യുന്ന സജ്ജീകരണം, ദ്വയ ആവര്‍ത്തി റേഡിയോ ശാസ്ത്ര പരീക്ഷണി എന്നിങ്ങനെ എട്ടുപകരണങ്ങളാണ് ഓര്‍ബിറ്ററിലുള്ളത്.
ലാന്‍ഡര്‍ വിക്രമില്‍ മൂന്ന് ഉപകരണങ്ങളുണ്ട്. ചന്ദ്ര അന്തരീക്ഷത്തിലും പ്രതികരണശേഷി വളരെ കൂടുതലുള്ള അയണോസ്ഫിയറിലും പതിക്കുന്ന റേഡിയോ തരംഗങ്ങളുടെ സൂഷ്മ വിശകലിനി, ചന്ദ്ര പ്രതലത്തിന്റെ താപ-ഭൗതിക പഠനോപകരണി, ചന്ദ്രോപരിതലത്തിലെ പ്രകമ്പനങ്ങളെ സംഗ്രഹിക്കുന്നതിനുള്ള ഉപകരണി എന്നിവയാണവ.

പകല്‍ വേളകളില്‍ 130 ഡിഗ്രി സി ഉയര്‍ന്നും രാത്രിവേളകളില്‍ -180 ഡിഗ്രി സി താഴ്ന്നും വര്‍ത്തിക്കുന്ന കാലാവസ്ഥയിലാണ് പ്രഗ്യാനും വിക്രമും പ്രവര്‍ത്തിക്കേണ്ടത്. പ്രഗ്യാനിലെ ഉപകരണങ്ങള്‍ ആല്‍ഫാ കണങ്ങളുടെ പഠനത്തിനായുള്ള എക്‌സ്‌റേ സ്പക്‌ട്രോമീറ്റര്‍, ലേസര്‍ പ്രസരണത്തിലൂടെയുള്ള വിഘടനങ്ങള്‍ തയ്യാറാക്കുന്ന സ്പക്‌ട്രോസ്‌കോപ് ഇവയാണ്.
ജൂലായ് 26, 2019ന് രാത്രി 1 മണി 8മിനിറ്റില്‍, 883 സെക്കന്റുകള്‍ പേടകത്തില്‍ ശേഖരിച്ചിട്ടുള്ള ദ്രവ ഇന്ധനം ജ്വലിപ്പിക്കുക വഴി ഭൂമികേന്ദ്രീകൃതമായ ഭ്രമണപഥ പരിധി 251 ഃ 54829 എന്ന തലത്തിലേക്ക് ഉയര്‍ത്തുകയുണ്ടായി. മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഈ പ്രവര്‍ത്തനം വിജയകരമായി നിര്‍വ്വഹിക്കപ്പെട്ടു. തുടര്‍ന്ന് 2019 ജൂലായ് 29ന് മറ്റൊരു ഭ്രമണപഥം ഉയര്‍ത്തുന്ന പ്രക്രിയ നടന്നു.
ഇപ്രകാരം, വരും ദിവസങ്ങളില്‍ മുന്‍ നിശ്ചയിച്ചിട്ടുള്ള പലേ ഘട്ടങ്ങളില്‍ ചന്ദ്രയാന്‍-2ന്റെ ഭൂമി കേന്ദ്രീകൃതമായ ഭ്രമണപഥങ്ങളുടെ പരിധി ക്രമാനുസൃതമായി ഉയര്‍ത്തി, ചന്ദ്രന്‍ കേന്ദ്രീകൃതമായ ഭ്രമണപഥത്തിലെത്തിക്കേണ്ടതുണ്ട്.
ബൈലാലുവിലെ ഗഹന ബഹിരാകാശ വിവരവിനിമയ ശൃംഖലയും ബഹിരാകാശ ശാസ്ത്ര കേന്ദ്രവും ചാന്ദ്രയാന്‍-2-മായി വിവരങ്ങള്‍ കൈമാറുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. പേടകത്തിന്റെ ആരോഗ്യപരമായ അവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ ഇവിടെ സദാ നിരീക്ഷിക്കുന്നു.
ചന്ദ്രയാന്‍-2നു വേണ്ട അവശ്യങ്ങളായ റേഡിയോ തരംഗ രൂപേണയുള്ള നിര്‍ദ്ദേശങ്ങളും ഈ കേന്ദ്രങ്ങളില്‍ നിന്നുതന്നെയാണ് നല്‍കുന്നത്. ഇവിടങ്ങളില്‍ തന്നെയാണ് ഓര്‍ബിറ്റര്‍, വിക്രം, പ്രഗ്യാന്‍ എന്നിവയില്‍ നിന്നുള്ള എല്ലാ ശാസ്ത്രീയ വിവരങ്ങളും ശേഖരിക്കുന്നത്. ഭൗമതലത്തിലുള്ള ചന്ദ്രയാന്‍-2ന്റെ ഈ ഘടകങ്ങളും അതീവ പ്രാധാന്യം ഉള്ളവയാണ്.
ചന്ദ്രയാന്‍-2ന്റെ പൂര്‍ണ്ണ സംവിധാനങ്ങളും നിര്‍ദ്ദേശക്രമങ്ങളും ഐഎസ്ആര്‍ഒ തദ്ദേശീയമായി രൂപകല്‍പ്പനചെയ്ത് സാക്ഷാത്കരിച്ചിട്ടുള്ളതാണ്. ഭൂമിയും പേടകവും തമ്മില്‍ മൂന്നു സെക്കന്റ് സമയമെടുത്താണ് വിവര വിനിമയം നടക്കുക. അതുകൊണ്ട് ഓര്‍ബിറ്ററില്‍ നിന്നും വിഘടിച്ച വിക്രം അതില്‍തന്നെ തയ്യാറാക്കിയിട്ടുള്ള നിര്‍ദ്ദേശക്രമങ്ങള്‍ സമ്പൂര്‍ണ്ണമായും സ്വതന്ത്രമായും പരിപാലിച്ചായിരിക്കും ലാന്‍ഡറിന്റെ ചന്ദ്രപ്രതലത്തിലെത്തുന്നതുവരെയുള്ള പ്രവര്‍ത്തനം.
ഈ സമയം സെന്‍സറുകള്‍ ലാന്‍ഡറിന്റെ പ്രതലത്തില്‍ നിന്നുള്ള അകലം, വേഗത, ആവേഗം, സ്ഥാനീയത ഇവ അതിലെ കമ്പ്യൂട്ടറിന് കൈമാറിക്കൊണ്ടിരിക്കും. തദനുസരിച്ചുള്ള സഞ്ചാരപഥം കമ്പ്യൂട്ടര്‍ നിശ്ചയിച്ച് നല്‍കുന്നു.
സഞ്ചാരപഥത്തിനനുസൃതമായി എന്‍ജിന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണ വിധേയമാക്കുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ സമാനമായി പരീക്ഷണാടിസ്ഥാനത്തില്‍ ഭൂമിയില്‍ത്തന്നെ വിജയകരമായി പ്രവര്‍ത്തിപ്പിച്ചിട്ടാണ് വിക്രം ഉപയോഗയോഗ്യത നേടിയിട്ടുള്ളത്.
ഇപ്രകാരം നിര്‍ദ്ദിഷ്ട സുരക്ഷിത ലക്ഷ്യസ്ഥാനത്തിനു മുകളില്‍ വിക്രം എത്തുന്ന സമയം അതിന്റ എന്‍ജിന്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുന്നു. പിന്നീട് പൂര്‍ണ്ണമായും ഭൂമിയെ അപേക്ഷിച്ച് ആറിലൊന്നുള്ള ചന്ദ്രാകര്‍ഷണ ബലത്തിനു വിധേയമായാണ് വാഹിനി ചന്ദ്രോപരിതലത്തില്‍ നിപതിക്കുക.
വിക്രത്തില്‍ സംഘടിപ്പിച്ചിട്ടുള്ള കാലുകള്‍ പതനം മൂലമുണ്ടാകുന്ന ആഘാതമധികവും ഏറ്റുവാങ്ങുന്നു. കൂടാതെ അതിന്റെ ബാഹ്യച്ചട്ടക്കൂട് ഈ ആഘാതങ്ങളെ അതിജീവിക്കാനുതകുന്ന തരത്തില്‍ വിഭാവനം ചെയ്തിട്ടുള്ളതും പരീക്ഷണങ്ങളിലൂടെ ഉറപ്പുവരുത്തിയിട്ടുള്ളതുമാണ്.
എന്‍ജിന്‍ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുന്നതിനുള്ള പ്രഥമ കാരണം പക്ഷെ, ചാന്ദ്രപ്രതലത്തിലെ പൊടിപടലങ്ങള്‍ മൂലം സോളാര്‍ പാനലുകളും സെന്‍സറുകളും മറ്റുപകരണങ്ങളും കേടാകാതിരിക്കുക എന്നതുകൊണ്ടാണ്.
ഒരിക്കല്‍ ചന്ദ്രപ്രതലത്തിലിറങ്ങിയാല്‍, സോളാര്‍ പാനല്‍ വഴി വൈദ്യുതി ലഭിക്കുകയും ബൈലാലുവുമായി ഉയര്‍ന്ന ബാന്‍ഡ് വിഡ്ത്തിലുള്ള അതിന്റെ വിവരവിനിമയ സംവിധാനം ഉപയോഗിച്ച് വിക്രം നേരിട്ടു ബന്ധപ്പെടുകയുംചെയ്യുന്നു. ഇതുവഴിതന്നെ, ഓര്‍ബിറ്റര്‍ ആശയവിനിമയ പരിധിയിലെത്തുമ്പോഴെല്ലാം വിക്രം വിവരങ്ങള്‍ കൈമാറുന്നു.
ബൈലാലുവില്‍ വിക്രമിന്റെ ക്ഷമത തൃപ്തികരമെന്ന് ബോദ്ധ്യപ്പെടുന്നതിനനുസരിച്ചായിരിക്കും ഭൂമിയില്‍ നിന്നുള്ള നിര്‍ദ്ദേശം ലഭിക്കുന്നതോടെ അതിന്റെ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക.
വിക്രമിലുള്ള ചെരിഞ്ഞ, നിരപ്പുള്ള ഗോവണിയിലൂടെ പ്രഗ്യാന്‍ ചന്ദ്ര്രപതലത്തിലിറങ്ങും. പ്രഗ്യാന്‍ വിക്രമവുമായി മാത്രമാണ് വിവരങ്ങള്‍ കൈമാറുന്നത്. ഈ വിവരവിനിമയ സംവിധാനത്തിന്റെ പരിധി 500 മീറ്ററാണ്. ഈ ദൂരത്തിലധികം പ്രഗ്യാന്‍ സഞ്ചരിക്കാനിടവന്നാല്‍ അതിനു വിക്രമവുമായുള്ള ബന്ധം നഷ്ടപ്പെടും. അതുകൊണ്ടാണ് പ്രഗ്യാന്റെ സഞ്ചാര പരിധി 500 മീറ്റര്‍ ആയി നിശ്ചയിച്ചിരിക്കുന്നത്.

ചന്ദ്രപ്രതലത്തിലിറങ്ങുന്ന മാതൃക
സെപ്തംബര്‍ 7, 2019 നാണ് വിക്രം ഇപ്രകാരം ചന്ദ്രപ്രതലത്തിലിറങ്ങുക. വിക്ഷേപണ ദിവസം, ജൂലായ് 15 ല്‍ നിന്നും ജൂലായ് 22 ലേക്ക് മാറ്റുകയുണ്ടായി. ക്രയോസ്റ്റേജിലെ ഹീലിയം ടാങ്കില്‍ ശ്രദ്ധിക്കപ്പെട്ട ഇന്ധനചോര്‍ച്ച പരിഹരിക്കുന്നതിനായിരുന്നു ഈ വിക്ഷേപണ പുനര്‍നിര്‍ണ്ണയം. തന്മൂലം ഭൂമിയുടേയും ചന്ദ്രന്റേയും ആപേക്ഷിക സ്ഥാനീയതയില്‍ വിത്യാസം വന്നിട്ടുണ്ട്.
ഇതിനുള്ള തിരുത്തല്‍ പ്രക്രിയയുടെ ഭാഗമായി, ചന്ദ്രയാന്‍-2, പൂര്‍വ്വതീരുമാനത്തെ അപേക്ഷിച്ച് 15 ദിവസങ്ങളോളം കുറച്ചുമാത്രമേ ചന്ദ്രനഭസ്സില്‍ ഭ്രമണം ചെയ്യുകയുള്ളു. ഒരിക്കല്‍ ഒരു വിക്ഷേപണ ദിവസം ഒഴിവാകുന്നു എങ്കില്‍, പിന്നീട് നിര്‍ദ്ദിഷ്ട ലക്ഷ്യ പ്രദേശത്ത് സൂര്യോദയം സംഭവിക്കുക 28 ദിവസങ്ങള്‍ക്കുശേഷമായിരിക്കും.
നമ്മെ സംബന്ധിച്ചിടത്തോളം ദീര്‍ഘ വീക്ഷണത്തോടെ 21-ഓളം ദിവസങ്ങള്‍ ചന്ദ്രനഭസ്സില്‍ ഭ്രമണം ചെയ്യുക എന്ന മുന്‍തീരുമാനം വലിയ അനുഗ്രഹമായി ഇത്തരുണത്തില്‍.
കാലതാമസം വിനാ, നിശ്ചയിക്കപ്പെട്ട ദിവസം ചന്ദ്രനിലറിങ്ങുക എന്നതു സാധ്യമാക്കാന്‍ ഭ്രമണനാളുകളില്‍ കുറവു വരുത്തുക എന്ന സൗകര്യം പ്രയോജനപ്പെടുത്തി, ഈ ദുര്‍ഘട ഘട്ടത്തെ, എത്രയും അനുകൂലവും അനുഗ്രഹവുമായി മാറ്റിയെടുക്കുവാന്‍ നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ക്ക് കഴിഞ്ഞു. വളരെ അഭിനന്ദനീയമാണ് സങ്കീര്‍ണ്ണമായ ഈ പ്രശ്‌നം കാലവിളംബം കൂടാതെ പരിഹരിക്കാന്‍ സാധിച്ചത്.

പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്ന ഒരു വസ്തുതയുണ്ട്. റഷ്യയില്‍നിന്നും അവരുടെ സഹായത്തോടെ ലാന്‍ഡര്‍ നിര്‍മ്മിച്ച് ഉപയോഗിക്കുക വഴി കാലതാമസവും സങ്കീര്‍ണ്ണമായ പരിശ്രമങ്ങളും ഒഴിവാക്കുക എന്ന ധാരണയില്‍ നിന്ന്, റഷ്യ തന്നെ സ്വയം പിന്തിരിഞ്ഞു. പിന്നീടാണ്, 2015-ല്‍ നമ്മുടെ ശാസ്ത്ര സാങ്കേതിക വിദഗ്ധര്‍ ഈ വെല്ലുവിളി ഏറ്റെടുത്ത് വിക്രം എന്ന നമ്മുടെ സ്വന്തം ലാന്‍ഡര്‍ രൂപകല്‍പ്പന ചെയ്ത് വിജയകരമായി ആവിഷ്‌ക്കരിക്കുകയുണ്ടായത്.
വരും ദിനങ്ങളിലും വിജയപഥങ്ങള്‍ പിന്നിട്ട്, എല്ലാ ഉദ്ദിഷ്ട കാര്യപരിപാടികളും സാക്ഷാത്കരിക്കുന്നതിന് പ്രാര്‍ത്ഥനയോടെ നമുക്ക് കാത്തിരിക്കാം.