കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ ഏറെക്കുറെ നിര്‍മാണം പൂര്‍ത്തിയാക്കിയ ഇന്ത്യയുടെ സ്വന്തം വിമാനവാഹിനിക്കപ്പലായ ഐ എന്‍ എസ് വിക്രാന്തിന് ഇത് രണ്ടാം ജന്മമാണ്. ആയിരത്തി തൊള്ളായിരത്തി അറുപതുകളില്‍ ബ്രിട്ടണില്‍ നിന്നും വാങ്ങിയ ഇന്ത്യയുടെ ആദ്യവിമാനവാഹിനിയും (എച്.എം.എസ് ഹെര്‍ക്യുലീസ്) – ഐ.എന്‍.എസ്. വിക്രാന്ത് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 1971-ലെ ഇന്തോ-പാക് യുദ്ധത്തില്‍ കറാച്ചി തുറമുഖത്തിനു ചുറ്റും നാവിക ഉപരോധം (നേവല്‍ ബ്ലോക്കൈഡ്) തീര്‍ത്ത് യുദ്ധഗതി മാറ്റുന്നതില്‍ നിര്‍ണ്ണായകപങ്ക് വഹിച്ച ഐ എന്‍ എസ് വിക്രാന്ത് 1997-ല്‍ സര്‍വീസില്‍ നിന്നും പിന്‍വലിച്ച് ഡികമ്മീഷന്‍ ചെയ്തിരുന്നു. ഭാരതീയ നാവികസേനയുടെ നാള്‍വഴികളില്‍ തങ്കലിപികളില്‍ കുറിച്ചിട്ട തന്റെ മുന്‍ഗാമിയുടെ പെരുമയും പൈതൃകവും പാരമ്പര്യവും പിതൃദ്രവ്യമായി എറ്റുവാങ്ങിയാണ് പുതിയ വിക്രാന്തും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ ഒരുങ്ങുന്നത്.
എന്തുകൊണ്ട് വിമാനവാഹിനിക്കപ്പലുകള്‍?
23,000 കോടി രൂപ ചിലവാക്കി നീറ്റിലിറക്കുന്ന ഈ ഭീമന്‍ കപ്പലിനെ കാത്തിരിക്കുകയാണ് നമ്മുടെ നാവിക സേന. മാതൃരാജ്യത്തിന്റെ തീരത്തുനിന്നും നൂറുകണക്കിന് നാഴികകള്‍ അകലെ സമുദ്രത്തില്‍ ഒരു റണ്‍വേയും എയര്‍ബെയ്‌സും. അതില്‍ യുദ്ധസന്നാഹങ്ങളുമായി ഏതു നിമിഷവും പറന്നുപൊങ്ങാന്‍ തയ്യാറായിക്കിടക്കുന്ന ഡസന്‍കണക്കിന് പോര്‍ വിമാനങ്ങളും ഹെലികോപ്ടറുകളും. കരയിലേക്കും ആകാശത്തേയ്ക്കും കടലിലേക്കും തൊടുക്കാന്‍ ഉതകുന്ന മിസ്സൈലുകള്‍. വിമാനവേധ തോക്കുകള്‍ തുടങ്ങിയ പടക്കോപ്പുകള്‍ ഒരു വിമാനവാഹിനിയിലുള്ള ആയുധശേഖരങ്ങളില്‍ ചിലത് മാത്രമാണ്. ഭൂമിയുടെ ഉപരിതലത്തില്‍ എഴുപതു ശതമാനത്തിലധികം സമുദ്രങ്ങളാണ് എന്ന ഒരൊറ്റ കാരണം കൊണ്ടുതന്നെ ഒരു വിമാനവാഹിനിക്കപ്പല്‍ യുദ്ധ സാഹചര്യങ്ങളിലും അതേപോലെ ശാന്തിയുടെ സമയത്തും ഒരു രാജ്യത്തിനു എത്ര വലിയ മുതല്‍ക്കൂട്ടായിമാറും എന്ന കാര്യം മനസ്സിലാക്കാവുന്നതാണ്. പ്രത്യേകിച്ച് 7,500 കിലോമീറ്ററിലധികം കടല്‍ത്തീരവും, നിരവധി ദ്വീപുകളും (തീരത്ത് നിന്ന് 1500 കി.മി ദൂരെ കിടക്കുന്ന ആന്തമാന്‍ നിക്കോബാര്‍ ദ്വീപുസമൂഹമടക്കം), ഇരുപത്തിമൂന്ന് ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണത്തില്‍ തീരപ്രദേശങ്ങള്‍ക്ക് ചുറ്റുമായി കടലില്‍ പരന്നുകിടക്കുന്ന സ്വന്തം സാമ്പത്തിക മേഖല (Exclusive economic zone) യുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ട ചുമതലയുള്ള നമ്മുടെ നാവികസേനയ്ക്ക് വിമാനവാഹിനികള്‍ നല്‍കുന്ന ആത്മവിശ്വാസവും പ്രാപ്തിയും കുറച്ചൊന്നുമല്ല.
ഒരു പക്ഷെ വന്‍ശക്തി രാഷ്ട്രങ്ങള്‍ വിമാനവാഹിനികള്‍ ഇന്ന് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് ശക്തിപ്രകടനത്തിനായുള്ള power projection) ഒരു മിലിട്ടറി ഉപാധി (military asset) എന്ന നിലയ്ക്കാണ്. ശക്തിപ്രകടനം (power projection/ force projection) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സ്വന്തം അതിര്‍ത്തികള്‍ക്ക് അപ്പുറം സേനയെ വിന്യസിക്കാനും നിലനിര്‍ത്താനുമുള്ള ഒരു രാഷ്ട്രത്തിന്റെ കഴിവിനെയാണ്. ഇത് ഒരു പൊങ്ങച്ചപ്രകടനമാണ് എന്നൊന്നും തെറ്റിദ്ധരിച്ചുപോകരുത്. പ്രാഥമികമായി മറ്റു രാജ്യങ്ങളുടെ സൗഹൃദം ഉറപ്പുവരുത്തലും പരോക്ഷമായി തങ്ങളുടെ താത്പര്യങ്ങള്‍ക്കെതിരായി പ്രവര്‍ത്തിച്ചാല്‍ ഉണ്ടാകാന്‍ പോകുന്ന ഭവിഷ്യത്തുകളെ കുറിച്ചു ശത്രുരാജ്യങ്ങളെ ഓര്‍മ്മപ്പെടുത്തലുമാണ് ഇത്തരം ശക്തിപ്രകടനം കൊണ്ടുദ്ദേശിക്കുന്നത്. എന്നും തന്നെക്കാള്‍ ശക്തനുമായി ബന്ധം സ്ഥാപിക്കുക (നിര്‍ഭാഗ്യവശാല്‍ തന്നെക്കാള്‍ ബലഹീനരെ പേടിപ്പിച്ചു നിര്‍ത്തലും) എന്നതാണല്ലോ മനുഷ്യപ്രകൃതി. അമേരിക്കയുടെ ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന നിമിട്‌സ് വിഭാഗത്തില്‍പ്പെട്ട ഒരു ലക്ഷത്തിലധികം ടണ്‍ ഭാരമുള്ള വളരെ വലിയ വിമാനവാഹിനികള്‍ ഏതു സമയത്തും മഹാസമുദ്രങ്ങളില്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്നത് ആ മേഖലകളിലെ രാജ്യങ്ങള്‍ക്കുള്ള ഒരു സന്ദേശവുമായാണ്. ആ ഭീമന്‍ കപ്പലുകള്‍ കടന്നുപോകുന്ന വഴിയിലുള്ള സുഹൃദ് രാജ്യങ്ങളുടെ നാവികസേനയുമായി ചേര്‍ന്ന് അവ ‘പാസ്സിംഗ് എക്‌സൈസ്’ നടത്തും. ‘ഉടക്ക്’ രാജ്യങ്ങളുടെ തീരത്തിനരികിലൂടെ കടന്നുപോയി വെല്ലുവിളി സൃഷ്ടിക്കും. രാജ്യാന്തരബന്ധങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്താനും, നയതന്ത്രദൗത്യങ്ങള്‍ക്ക് പിന്‍ബലം കൊടുത്തു കൃത്യമായ ഇടപെടലുകള്‍ നടത്താനുമുള്ള ഒരു ഉപാധിയായും ഈ ‘ഊക്കുകാട്ടല്‍’ ഉപകരിക്കുന്നുണ്ട്. ഒരു രാജ്യത്തിനു തങ്ങളുടെ അതിര്‍ത്തികള്‍ക്കുള്ളില്‍ എത്ര വലിയ സ്ഥാനീയസേന ഉണ്ടായാലും അത് ‘പവര്‍ പ്രോജക്ഷന്‍’ ആവുകയില്ല. ആപത്തുകാലത്തും പ്രകൃതിദുരന്തങ്ങളുടെ സമയത്തും അയല്‍രാജ്യങ്ങള്‍ക്കും മറ്റും, വലിയ തോതില്‍ സഹായഹസ്തങ്ങള്‍ നല്‍കി കടലില്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള താവളമായി മാറാനും വിമാനവാഹിനി കള്‍ക്ക് കഴിയും. പറഞ്ഞുവരുന്നത് വിമാനവാഹിനി യുദ്ധസമയത്ത് ഉപയോഗിക്കാനുള്ള ഒരു ‘ഹാര്‍ഡ് പവര്‍’ മാത്രമല്ല മറിച്ച് ശാന്തിയുടെ നാളുകളിലെ ‘സോഫ്റ്റ് പവര്‍’ കൂടിയാണെന്നുള്ളതാണ്.

വിമാനവാഹിനികള്‍ വെള്ളാനകളോ?
സമുദ്രത്തില്‍ സദാ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യോമതാവളമായ വിമാനവാഹിനികള്‍ അന്തിമമായ സൈനികശക്തിയുടെ പര്യായമായാണ് പരമ്പരാഗതമായി കണക്കാക്കുന്നതെങ്കിലും, നിര്‍മ്മാണത്തിനും നിലനിര്‍ത്തുന്നതിനും, സ്വയം സംരക്ഷണത്തിനുമായി ഭീമമായ ചെലവ് വേണ്ടിവരുന്ന വിമാനവാഹിനികള്‍ ‘വെള്ളാനകള്‍’ ആണെന്ന് കരുതുന്ന പ്രതിരോധ വിദഗ്ദ്ധരും ഇല്ലാതില്ല. കൂടാതെ ഭീമാകാരമായ ഈ കപ്പലുകള്‍ ലോകത്തെങ്ങും പെരുകിവരുന്ന കപ്പല്‍വേധമിസ്സൈലുകള്‍ക്കു എളുപ്പത്തില്‍ ഇരയാകാമെന്നും ചില നിരീക്ഷകരെങ്കിലും ഭയക്കുന്നുമുണ്ട്. 25,000 കോടിയോ അതിലധികമോ രൂപ ചിലവാക്കി നിര്‍മിക്കുന്നതും, ആയിരം മുതല്‍ രണ്ടായിരംവരെ നാവികരെയും വഹിച്ചുകൊണ്ട് നിയുക്തദൗത്യം നിറവേറ്റാന്‍ യാത്ര പോകുന്നതുമായ ഇത്തരം കപ്പലുകള്‍ യുദ്ധത്തിനിടയില്‍ നഷ്ടപ്പെട്ടാല്‍ തീര്‍ച്ചയായും അത് ഏതു സേനയ്ക്കും താങ്ങാവുന്നതില്‍ അപ്പുറം തന്നെ ആയിരിക്കും. ഒരു രാഷ്ട്രത്തിന്റെ യുദ്ധം തുടരാനുള്ള കെല്‍പ്പും ഇച്ഛാശക്തിയും അതോടെ തകര്‍ന്നുപോകാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. പക്ഷെ ഒരു വിമാനവാഹിനിയെ തകര്‍ക്കുക (കരയിലുള്ള ഒരു വ്യോമകേന്ദ്രവുമായി തുലനം ചെയ്യുമ്പോള്‍) അത്ര എളുപ്പമല്ല. അതിനുള്ള ഏറ്റവും പ്രധാന കാരണം അത് സമുദ്രത്തിനുനടുവില്‍ എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്. ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചും, പുതിയതരം ഡ്രോണുകള്‍ ഉപയോഗിച്ചും ഈ ആധുനികകാലത്ത് വിമാനവാഹിനികളെ കണ്ടെത്തല്‍ കുറെകൂടി എളുപ്പമായിട്ടുണ്ട്. പക്ഷെ ഒരു മണിക്കൂറില്‍ 30-35 മൈലുകള്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന ഒരു വിവാനവാഹിനിയെ ഉന്നം വെക്കല്‍(targeting) എളുപ്പമാവില്ല. കാരണം അടുത്ത അരമണിക്കൂറിനുള്ളില്‍ തന്നെ ആദ്യം കണ്ടെത്തിയ സ്ഥലത്തിനു ചുറ്റും 700 സ്‌ക്വയര്‍ മൈലുകള്‍ക്കുള്ളില്‍ എവിടെയെങ്കിലുമായി അത് അപ്പോഴേയ്ക്കും നീങ്ങിയിരിക്കും. കൂടാതെ ഏറ്റവും ആധുനികമായ സ്വയരക്ഷയ്ക്കുള്ള ആയുധങ്ങള്‍ ഏതു വിമാനവാഹിനിയിലും ഉള്‍ക്കൊള്ളിച്ചിരിക്കും. അതും കൂടാതെ വിമാനവാഹിനിക്കപ്പലുകള്‍ ഒരു ഒറ്റയാനായിട്ടല്ല സഞ്ചരിക്കുക. സുരക്ഷിതത്വത്തിനായി ചുറ്റും മറ്റു യുദ്ധക്കപ്പലുകളുടെ ഒരു വ്യൂഹം തന്നെയുണ്ടാകും. യുദ്ധവിമാനങ്ങള്‍ മുകളില്‍ റോന്തുചുറ്റി സംരക്ഷണവലയം തീര്‍ക്കും. ഇനിയെങ്ങാന്‍ ശത്രുവിന്റെ ഏതെങ്കിലും ഒരു മിസ്സൈലോ, ടോര്‍പെഡോയോ മറ്റോ ഉള്ളില്‍ കടന്നു ലക്ഷ്യസ്ഥാനം കണ്ടാല്‍ തന്നെ ഒരു വിമാനവാഹിനിയെ കടലില്‍ മുക്കുക എന്നത് പ്രായേണ അസാദ്ധ്യം എന്ന് തന്നെ പറയേണ്ടിവരും. വിമാനവാഹിനിയില്‍ നൂറുകണക്കിന് ജലരോധകമായ അറകള്‍ ഉണ്ടായിരിക്കും. അതുകൊണ്ട്തന്നെ ഒറ്റപ്പെട്ട ആക്രമണം കൊണ്ട് കപ്പലിനെ കടലില്‍ മുക്കാന്‍ ബുദ്ധിമുട്ടാണ്. കപ്പലിലുള്ള നാവികര്‍ തന്നെ ആക്രമണം കൊണ്ടുണ്ടായ ചെറിയ ക്ഷതങ്ങള്‍ തീര്‍ത്തു ദൗത്യം തുടരാന്‍ തന്നെയാണ് കൂടുതല്‍ സാദ്ധ്യത.
രണ്ടോ? അതോ മൂന്നോ?
നമ്മുടെ രാജ്യത്തിനു എത്ര വിമാനവാഹിനികള്‍ ആവശ്യമുണ്ട്? നാവികസേന ആഗ്രഹിക്കുന്നത് ഒരേസമയം മൂന്നു കപ്പലുകള്‍ വേണമെന്നാണ്. ഇതിനുള്ള പ്രധാനകാരണം ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും, നമ്മുടെ സമീപപ്രദേശങ്ങളിലേക്കുമുള്ള ചൈനയുടെ ഏറിവരുന്ന കടന്നുകയറ്റ ശ്രമങ്ങളാണ്. 1990 കള്‍ മുതല്‍ ചൈനയുടെ നാവികസേനയായ പി.എല്‍.എ നേവി അതിവേഗ വളര്‍ച്ചയുടെ പാതയിലായിരുന്നു. അതേസമയം 2014 ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതുവരെ നമ്മുടെ നാവികശക്തി ചോര്‍ച്ചയുടെ വഴിയിലുമായിരുന്നു. ആ രണ്ടു ദശാബ്ദത്തിനിടയില്‍ വിപരീത ദിശയിലുണ്ടായ ഈ സംഭവവികാസങ്ങള്‍ രണ്ടു രാഷ്ട്രങ്ങള്‍ക്കിടയിലെ നാവികസേനകള്‍ക്കിടയില്‍ വലിയ അന്തരം സൃഷ്ടിച്ചിട്ടുണ്ട്. ഒരു കാലത്ത് ഇന്ത്യ രണ്ട് വിമാനവാഹിനികള്‍ ഉപയോഗിച്ചപ്പോള്‍ ചൈനയ്ക്കു ഒന്നുപോലുമില്ലായിരുന്നു. ചൈനയുടെ പ്രകോപനപരമായ കയ്യേറ്റത്തെ ചെറുക്കാനും, കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ വൂള്‍ഫ് വാരിയര്‍(wolf -warrior) രീതിയിലുള്ള അന്താരാഷ്ട്രീയ ഇടപെടലുകളെ ഫലപ്രദമായി നേരിടാനും മൂന്ന് വിമാനവാഹിനികള്‍ കൂടിയേ കഴിയൂ എന്നാണ് നാവികസേനയുടെ വിലയിരുത്തല്‍. വിമാനവാഹിനികളില്‍ ഒന്ന് അറ്റകുറ്റപ്പണികള്‍ക്കായി നിറുത്തിയിട്ടാല്‍ പോലും ഒരേ സമയത്തു ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിലായി രണ്ടു കപ്പലുകളെ സദാ യുദ്ധസന്നദ്ധമാക്കി നിര്‍ത്താന്‍ ഇത്തരത്തിലുള്ള സജ്ജീകരണം സഹായിക്കുകയും ചെയ്യും. അഞ്ചു ട്രില്ല്യന്‍ സമ്പദ്ഘടന എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്ന രാഷ്ട്രത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പൂര്‍ണരൂപത്തിലുള്ള, ‘ബ്ലു വാട്ടര്‍ നേവി’ *തന്നെ ആവശ്യമാണെന്ന് നാവികസേനാമേധാവി ആവര്‍ത്തിച്ചു പ്രസ്താവിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ പ്രതിരോധമന്ത്രാലയത്തിനോ, സര്‍ക്കാരിനോ എതിരഭിപ്രായം ഉണ്ടെന്നു തോന്നുന്നില്ല. സി.ഡി.എസ് ജനറല്‍ ബിപിന്‍ റാവത്ത് നേവിയുടെ മുങ്ങിക്കപ്പല്‍ വിഭാഗത്തെ ഉടനടി ശക്തിപ്പെടുത്തേണ്ടതിനു പ്രാധാന്യം കൊടുക്കണമെന്ന് കരുതുന്നയാളാണ്. മുന്‍കാലസര്‍ക്കാരുകള്‍ കൃത്യമായ രീതിയില്‍ പിന്തുണ ഉറപ്പാക്കാത്തതും ഫണ്ട് അനുവദിക്കാത്തതും കാരണം ഇന്ത്യയുടെ മുങ്ങിക്കപ്പല്‍പട വളരെ ശോഷിച്ച അവസ്ഥയിലായിരുന്നു. മിലിട്ടറിയുടെ ആധുനികവല്‍ക്കരണവും അതിനായിവേണ്ട ആസൂത്രണവും ദശാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്നതാണ് എന്നതുകൊണ്ടുതന്നെ ഇന്ന് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നത് വര്‍ഷങ്ങള്‍ കഴിഞ്ഞായിരിക്കും. പത്തൊമ്പത് ആണവ മുങ്ങിക്കപ്പലുകള്‍ അടക്കം എഴുപതിലധികം അന്തര്‍വാഹിനികളുള്ള ചൈനീസ് നേവി ഇന്ന് ലോകത്തിലെ തന്നെ ‘നമ്പര്‍ വണ്‍’ ആയി മാറിയിരിക്കുന്നു. ആകെ ഇരുപതില്‍ താഴെ മാത്രം മുങ്ങിക്കപ്പലുകള്‍ ഉള്ള ഇന്ത്യന്‍ നേവി ആകട്ടെ ഈ വിഭാഗത്തില്‍ വളരെ പിന്നിലാണ്. കണ്ടെത്താനും, ഉന്നം വെക്കാനും(Trace and Target) ഏറ്റവും ബുദ്ധിമുട്ടുള്ള ആയുധശ്രേണിയില്‍പ്പെട്ടതാണ് ഗോപ്യമായ രീതിയില്‍ സഞ്ചരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അന്തര്‍വാഹിനികള്‍. അതുകൊണ്ട് തന്നെ അവയുടെ പ്രഹരശേഷി പ്രവചനാതീതവുമാണ്. ഇന്ത്യയുടെയും ചൈനയുടെയും നവികസേനകള്‍ക്കിടയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ അന്തരമുള്ളത് ഈ വിഭാഗത്തിലാണ്. ഈ കാരണംകൊണ്ടുതന്നെയാണ് കൂടുതല്‍ അന്തര്‍വാഹിനികള്‍ സ്വന്തമാക്കേണ്ട കാര്യത്തിന് മുന്തിയ പരിഗണന കൊടുക്കുന്നത്. അതേസമയം തന്നെ രാജ്യത്തിന്റെ തെക്കേ മുനമ്പില്‍ വായുസേനയുടെ കൂടുതല്‍ പോര്‍വിമാന സ്‌ക്വാഡ്രണുകള്‍ സ്ഥാപിക്കുന്നതിലൂടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നമ്മുടെ സേനയ്ക്കുള്ള പ്രാപ്തിയും വ്യാപ്തിയും വര്‍ദ്ധിപ്പിക്കാനാകുമെന്നും കരുതുന്നു. ഇതിന്റെ ഭാഗമായാണ് കോയമ്പത്തൂരിനടുത്തുള്ള ‘സുളൂര്‍’ എയര്‍ ബേസില്‍ ഇന്ത്യ സ്വന്തമായി നിര്‍മിച്ച എല്‍.സി.എ പോര്‍വിമാനങ്ങളുടെ രണ്ടു സ്‌ക്വാഡ്രനുകള്‍ ഇതിനകം തന്നെ സ്ഥാപിച്ചിട്ടുള്ളത്.
ഐ.എന്‍.എസ് വിശാല്‍
നാവികസേന ആഗ്രഹിക്കുന്ന മൂന്നാമത്തെ വിമാനവാഹിനിയായ ഐ.എന്‍.എസ് വിശാലും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ തന്നെയാകും നിര്‍മ്മിക്കുക. ഐ.എന്‍.എസ് വിക്രാന്തിനെക്കാളും വലിപ്പമേറിയ, 65,000 ടണ്‍ ഭാരം വരുന്ന, ഐ. എന്‍.എസ് വിശാല്‍ മറ്റു പല രീതികളിലും തന്റെ മുന്‍ഗാമിയില്‍ നിന്നും വ്യത്യസ്തവും ആധുനികവുമാകും. ഇപ്പോള്‍ നിലവിലുള്ള ‘സ്‌ടോബാര്‍’ (STOBAR)** സിസ്റ്റത്തിനു പകരം ആധുനികമായ ”ഇമാള്‍സ്” (EMALS)* സിസ്റ്റമായിരിക്കും ഐ.എന്‍.എസ് വിശാലില്‍ ഉപയോഗിക്കുക. വിമാനങ്ങള്‍ക്ക് പറന്നുയരാന്‍ സഹായിക്കുന്ന (Ski Jump) പഴയ രീതിയിലുള്ള ഒരു ഭാഗം ചരിവോടുകൂടിയ ഡെക്കിന് പകരം കപ്പലിന്റെ മുകള്‍ ഭാഗം പൂര്‍ണമായും പരന്നതായിരിക്കും. ഈ സംവിധാനം നടപ്പിലാക്കുന്നതിലൂടെ ഒരേസമയം കൂടുതല്‍ വിമാനങ്ങളെ കപ്പലില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുമെന്ന് മാത്രമല്ല വിമാനങ്ങളില്‍ കൂടുതല്‍ ആയുധങ്ങള്‍ നിറയ്ക്കാനും കഴിയും. അതിനുമുപരിയായി ടേക്ക് ഓഫും ലാന്‍ഡിങ്ങും കൂടുതല്‍ സുഗമമാവുകയും സുരക്ഷിതമാവുകയും ചെയ്യും.
ഐ.എന്‍.എസ് വിശാല്‍ ഇപ്പോള്‍ ഒരു ‘സങ്കല്‍പ്പദശ'( Concept stage)യില്‍ മാത്രമാണ് നിലനില്‍ക്കുന്നത് എന്ന് പറയേണ്ടിവരും. ഒരു വിമാനവാഹിനിയെ ഡിസൈന്‍ ചെയ്തു നിര്‍മ്മിച്ചെടുക്കാന്‍ ഒരു ദശാബ്ദമോ ചിലപ്പോള്‍ അതിലധികമോ കാത്തിരിക്കേണ്ടിവരും. അതുവരെ ഭാരതീയ നാവികസേനയുടെ കടലിലെ ഇരട്ടകരുത്തായി ഐ. എന്‍.എസ് വിക്രമാദിത്യയോടൊപ്പം ഇനി നമ്മുടെ സ്വന്തം ഐ.എന്‍.എസ് വിക്രാന്തും കൂട്ടിനുണ്ടാവും. ആഴക്കടലുകളില്‍ പ്രയാണത്തിനൊരുങ്ങുന്ന ഐ. എന്‍.എസ് വിക്രാന്തിനു നമുക്ക് ശുഭയാത്ര നേരാം, ‘അനുകൂലമായ കാറ്റ്’ (fair wind) ആശംസിക്കാം.
• ബ്ലു വാട്ടര്‍ നേവി: സ്വന്തം രാജ്യത്തിന്റെ തീരം വിട്ടു വിദൂരമായ പുറം കടലില്‍ പോയി സൈനികനടപടിയില്‍ ഏര്‍പ്പെടാനുള്ള കഴിവുള്ള നാവികസേന. തീരപ്രദേശത്തോട് ചേര്‍ന്ന് മാത്രം പ്രവര്‍ത്തിക്കുന്ന നാവിക സേന ‘ബ്രൌണ്‍ വാട്ടര്‍ നേവി എന്നും ഗ്രീന്‍ വാട്ടര്‍ നേവി’ എന്നും അറിയപ്പെടുന്നു.
• STOBAR: (Short Take Off But Arrested Recovery): വിമാനവാഹിനിയില്‍ നിന്നും വിമാനങ്ങള്‍ക്ക് പറന്നിറങ്ങാന്‍ സഹായിക്കുന്ന ഈ സിസ്റ്റം പഴയതാണെങ്കിലും ചിലവ് കുറഞ്ഞതാണ്. വിമാനവാഹിനിയുടെ മുകളിലുള്ള ചരിഞ്ഞ പ്രതലത്തിലൂടെ വിമാനങ്ങള്‍ സ്വന്തം എഞ്ചിന്റെ ശക്തി ഉപയോഗിച്ച്, ‘സ്‌കി ജമ്പ്’ – നടത്തി പറന്നുയരുന്നു. ഇന്ത്യയുടെയും ചൈനയുടെയും പക്കല്‍ ഇപ്പോള്‍ നിലവിലുള്ള വിമാനവാഹിനികളില്‍ ഈ സാങ്കേതിക വിദ്യ ആണ് ഉപയോഗിക്കുന്നത്.
• EMALS: (Electro Magnetic Aircraft Launch System) : വിമാനങ്ങള്‍ കപ്പലില്‍ ഘടിപ്പിച്ചിട്ടുള്ള ‘കവിണി’ സംവിധാനം (catapult) ഉപയോഗിച്ചു ടേക്ക് ഓഫ് ചെയ്യുന്നു.EMALS ഇലക്ട്രോ മാഗ്‌നെറ്റിക് എനര്‍ജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആധുനിക സംവിധാനമാണ്. അമേരിക്കയുടെ പുതിയതരം സൂപ്പര്‍ കേരിയേര്‍സില്‍ എല്ലാം EMALS ആണ് ഉപയോഗിക്കുന്നത്.