ഭീകരവാദം എല്ലായ്‌പ്പോഴും പലതരം ആവരണങ്ങളും ആക്രമണ ശൈലികളും സ്വീകരിച്ചുകൊണ്ടാണ് അവതരിക്കാറുള്ളത്. തങ്ങളുടെ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കാന്‍ പുതിയ പുതിയ സന്നാഹങ്ങള്‍ തേടുകയെന്നത് അവരുടെ പതിവു രീതിയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് കഴിഞ്ഞ ജൂണ്‍ 27 ന് ജമ്മു കാശ്മീരിലെ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ നടന്ന ഡ്രോണ്‍ ആക്രമണം. വലിയ ആളപായമൊന്നുണ്ടായില്ലെങ്കിലും ഈ സംഭവത്തില്‍ രണ്ട് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു.
ആഗോള ഭീകരവാദത്തിന്റെ തലസ്ഥാനമെന്നുതന്നെ വിശേഷിപ്പിക്കാവുന്ന, എന്നും ഭാരതവിരോധം മാത്രം ജീവവായുവാക്കിയിട്ടുള്ള, പാകിസ്ഥാനിലേക്ക് തന്നെയാണ് ഈ ഡ്രോണ്‍ ആക്രമണത്തിന്റെയും ഉത്തരവാദിത്തം സ്വാഭാവികമായും ചെന്നു നില്‍ക്കുന്നത്. അതിര്‍ത്തികളിലൂടെ ഭാരതത്തിലേക്ക് ആയുധങ്ങളും ലഹരിവസ്തുക്കളും കള്ളനോട്ടുകളും കടത്താന്‍ കുറച്ചുകാലമായി ഭീകരര്‍ ഡ്രോണുകള്‍ ഉപയോഗിച്ചു തുടങ്ങിയിരുന്നു. ജമ്മു കാശ്മീരിലെ വനമേഖലകളിലേക്കും പഞ്ചാബിലെ അതിര്‍ത്തി ഗ്രാമങ്ങളിലേക്കും ഇത്തരത്തില്‍ നിയമവിരുദ്ധമായ വസ്തുക്കള്‍ എത്തിക്കാനുള്ള ചില ശ്രമങ്ങള്‍ മുന്‍പ് തന്നെ നടന്നിട്ടുണ്ട്. എന്നാല്‍ നേരിട്ട് ആക്രമണം നടത്താനുള്ള ഉപകരണമെന്ന നിലയില്‍ കൂടി ഭീകരര്‍ ഡ്രോണുകളെ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നുവെന്നതാണ് പുതിയ സംഭവം കാണിക്കുന്നത്.
ഏറ്റവും സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഉപകരണം എന്നതാണ് ഡ്രോണുകളുടെ പ്രധാന സവിശേഷത. ആളപായ സാധ്യതയൊട്ടുമില്ലാതെ നിരീക്ഷണങ്ങള്‍ നടത്താനും മറ്റുമായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ യുദ്ധമേഖലകളില്‍ ഡ്രോണുകള്‍ ഉപയോഗിക്കാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഡ്രോണുകളെ സൈനിക ഉപകരണമായി തന്നെ കണക്കാക്കാറുണ്ട്. സാങ്കേതിക തകരാറുകളൊന്നും സംഭവിച്ചില്ലെങ്കില്‍ ഇന്ധനം തീരുന്നതുവരെ തുടര്‍ച്ചയായി പറക്കാന്‍ കഴിയുന്നു എന്നതാണ് ഡ്രോണുകളുടെ മറ്റൊരു സവിശേഷത. ‘Unmanned Aerial Vehicle’ (UAV))എന്നും ഇവ അറിയപ്പെടുന്നുണ്ട്. പലതരം വലുപ്പത്തിലുള്ള ഡ്രോണുകള്‍ ഇപ്പോള്‍ ഉപയോഗത്തിലുണ്ട്. ഒരുതരത്തില്‍, പറക്കുന്ന റോബോട്ടുകളാണ് ഡ്രോണുകള്‍ എന്നു തന്നെ പറയാം.
കാലങ്ങളായി ചരക്കുകള്‍ വിതരണം ചെയ്യുന്നത് മുതല്‍ ബഹിരാകാശ പര്യവേക്ഷണം വരെയുള്ള വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി ഡ്രോണുകള്‍ ഉപയോഗിച്ചു വരുന്നുണ്ട്. സൈനിക മേഖലയിലും ഇവയ്ക്ക് നിര്‍ണായകമായ പ്രയോജനക്ഷമതയുണ്ട്. 1991 ലെ ഗള്‍ഫ് യുദ്ധത്തില്‍ യു.എസ് സൈന്യം ഡ്രോണുകള്‍ ഉപയോഗിച്ച് വലിയ ശക്തി പ്രകടനം തന്നെ നടത്തിയിട്ടുണ്ട്. അന്ന് ശത്രുസൈന്യത്തെ ലക്ഷ്യമാക്കി ധാരാളം ഡ്രോണുകളെ അവര്‍ വ്യത്യസ്ത ഭാഗങ്ങളില്‍ വിന്യസിച്ചിരുന്നു.
രാജ്യസുരക്ഷയുടെ മേഖലയില്‍ ഡ്രോണുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് ധാരാളം പഠനങ്ങള്‍ സമീപ കാലത്ത് പുറത്തുവന്നിട്ടുണ്ട്. ഈ വര്‍ഷം ആദ്യം ‘ഭാവിയിലെ തീവ്രവാദ ആക്രമണങ്ങളില്‍ ഡ്രോണുകളുടെ പങ്ക്’The Role of Drones In Future Terrorist Attacks എന്ന പേരില്‍ അസോസിയേഷന്‍ ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ആര്‍മി (എ.യു.എസ്.എ) ഡ്രോണ്‍ ആക്രമണങ്ങളെക്കുറിച്ച് വിശദമായ ഒരു പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് അവരുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. രണ്ടാം ലോകമഹായുദ്ധക്കാലത്ത് തന്നെ ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ ആരംഭിച്ചതായി അതില്‍ ചൂണ്ടിക്കാട്ടുന്നു. ഈ റിപ്പോര്‍ട്ട് പ്രകാരം 1994 നും 2018 നുമിടയില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുകൊണ്ട് തീവ്രവാദികള്‍ ആസൂത്രിതമായ പതിനാലോളം ആക്രമണങ്ങളെങ്കിലും നടത്തിയിട്ടുള്ളതായി വ്യക്തമാകുന്നു. വാഷിംഗ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍, 2014 ആഗസ്റ്റില്‍ തീവ്രവാദ സംഘടന യുദ്ധഭൂമിയിലെ രഹസ്യാന്വേഷണത്തിനും ചാവേര്‍ ബോംബാക്രമണത്തിന്റെ ഫലങ്ങള്‍ രേഖപ്പെടുത്തുന്നതിനും ഡ്രോണുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതിനെക്കുറിച്ച് വിശദമാക്കുന്നുണ്ട്.
2013 ല്‍ അല്‍-ഖ്വയ്ദ പാകിസ്ഥാനില്‍ ഒന്നിലധികം ഡ്രോണുകള്‍ ഉപയോഗിച്ച് തീവ്രവാദ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു. ഐ.എസ് ഭീകരര്‍ 2014 മുതല്‍ തന്നെ ഇറാഖിലെയും സിറിയയിലെയും ഏറ്റുമുട്ടലുകളില്‍ ഡ്രോണ്‍ ആക്രമണം ഒരു പതിവ് ആയുധമാക്കിയിരുന്നു.
2019 ല്‍ യൂറോപ്യന്‍ യൂണിയന്‍ സെക്യൂരിറ്റി കമ്മീഷണറായ ജൂലിയന്‍ കിംഗ് യൂറോപ്യന്‍ നഗരങ്ങളെ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ തീവ്രവാദ ഗ്രൂപ്പുകള്‍ ലക്ഷ്യമിടുന്നതായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഐ.എസിന് പുറമെ, പാലസ്തീനിലും ലെബനനിലും സജീവമായ ഹിസ്ബുള്ള, ഹൂതി വിമതര്‍, താലിബാന്‍, പാകിസ്ഥാനിലെ നിരവധി ഭീകര സംഘടനകള്‍ എന്നിവ തീവ്രവാദത്തിന് ഡ്രോണ്‍ പ്രയോഗിക്കുന്നതായി വര്‍ഷങ്ങള്‍ക്ക് മുന്‍പേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പാകിസ്ഥാന്റെ ഭാഗത്തു നിന്നും ഇപ്പോള്‍ ഉയരുന്ന ഡ്രോണ്‍ ആക്രമണ ഭീഷണി വളരെ ഗൗരവമായി തന്നെ കണക്കിലെടുക്കപ്പെടേണ്ട കാര്യമാണ്. കാരണം കുറച്ചു കാലമായി ഇന്ത്യാ-പാകിസ്ഥാന്‍ അതിര്‍ത്തിക്കും നിയന്ത്രണ രേഖയ്ക്കും സമീപം ഇടയ്ക്കിടെ ഡ്രോണുകള്‍ കാണുന്നത് പതിവു സംഭവമാണ്. ഇവരില്‍ ചിലര്‍ ഇന്ത്യന്‍ ഭാഗത്തേക്ക് ആയുധങ്ങളും എത്തിച്ചിട്ടുണ്ട്.
2019-ന്റെ തുടക്കത്തിലാണ് പാകിസ്ഥാന്‍ ഭാരതത്തിലേക്ക് ഡ്രോണുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള ആയുധ, ലഹരിക്കടത്തുകള്‍ വ്യാപകമാക്കിയത്. ആ വര്‍ഷം ആഗസ്റ്റില്‍ അമൃത്‌സറിലെ മാവ ഗ്രാമത്തില്‍ ഒരു പാക് ഡ്രോണ്‍ തകര്‍ന്നുവീണിരുന്നു. ഇതേവര്‍ഷം സെപ്റ്റംബറില്‍ പാകിസ്ഥാനില്‍ നിന്നെത്തിയ 8 ഡ്രോണുകള്‍ പഞ്ചാബിലെ അതിര്‍ത്തി ഗ്രാമത്തില്‍ എ.കെ 47 തോക്കുകള്‍, ഗ്രനേഡുകള്‍, സാറ്റലൈറ്റ് ഫോണുകള്‍ എന്നിവ എത്തിച്ചതായി പഞ്ചാബിലെ തരണ്‍ താരണില്‍ അറസ്റ്റിലായ ഭീകരര്‍ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. ആയുധങ്ങളുമായി പാക്ക് അതിര്‍ത്തി കടന്നെത്തിയ ഡ്രോണിനെ 2020 ജൂണ്‍ 20 ന് ജമ്മു കശ്മീരിലെ ഹിരാനഗര്‍ സെക്ടറില്‍ ബിഎസ്എഫ് സേനാംഗങ്ങള്‍ വെടിവച്ചു വീഴ്ത്തിയ ഒരു സംഭവം കൂടി ഉണ്ടായിരുന്നു. ഡ്രോണുകളിലെത്തിച്ച ആയുധങ്ങള്‍ കൈപ്പറ്റിയ 3 ലഷ്‌കര്‍ ഭീകരരെ ജമ്മു കശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തത് 2020 സെപ്റ്റംബര്‍ 19 നാണ്.
2020 സെപ്റ്റംബര്‍ 22 ന് ജമ്മുവിലെ അഖ്‌നൂര്‍ സെക്ടറില്‍ ഡ്രോണുകളിലെത്തിച്ച എകെ 47 തോക്കുകളടക്കം പൊലീസ് പിടിച്ചെടുത്തിരുന്നു. 2021 മേയ് 14 ന് ജമ്മുവിലെ സാംബ സെക്ടറില്‍ എകെ 47 തോക്ക്, കൈത്തോക്ക്, വെടിയുണ്ടകള്‍ എന്നിവയും ബി.എസ്.എഫ് കണ്ടെത്തുകയുണ്ടായിട്ടുണ്ട്.
2019 ല്‍ പാകിസ്ഥാനില്‍ നൂറ്റി എഴുപതോളം ഡ്രോണുകള്‍ കണ്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 2020 ലെ മഹാമാരിക്കാലത്തു പോലും അവിടെ നിന്ന് 77 ഡ്രോണുകള്‍ കണ്ടെടുത്തിട്ടുണ്ടെന്നത് കാര്യത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. മാത്രമല്ല 2019 സെപ്തംബറില്‍ പാകിസ്ഥാനില്‍ നിന്നെത്തിയ സാധനങ്ങളുടെ കൂട്ടത്തില്‍ ഡ്രോണില്‍ നിന്ന് പതിച്ച ആയുധങ്ങളും പഞ്ചാബ് പോലീസ് പിടിച്ചെടുത്തിരുന്നു. ഇതില്‍ ചൈനയില്‍ നിര്‍മ്മിച്ച പിസ്റ്റളുകളും ഉള്‍പ്പെടുന്നുണ്ടെന്ന കാര്യം കൂടി ഇതിനോട് ചേര്‍ത്തു വായിക്കണം.
കഴിഞ്ഞ വര്‍ഷം ജൂണില്‍ പഞ്ചാബിലെ ഗുരുദാസ്പൂരില്‍ നിന്ന് ഒരു ഡ്രോണ്‍ ഡ്രോപ്പ് ആയുധം സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. ആ മാസം തന്നെ ജമ്മുവിലെ ഹിര നഗര്‍ സെക്ടറില്‍ അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്) ഒരു ഡ്രോണ്‍ വെടിവച്ചു വീഴ്ത്തുകയും ചെയ്തു. ഈ വര്‍ഷമാദ്യം ജമ്മു കശ്മീര്‍ പോലീസ് ഡ്രോണ്‍ വലിച്ചെറിഞ്ഞ ആയുധങ്ങള്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേരെ പിടികൂടിയിട്ടുമുണ്ട്. കഴിഞ്ഞ കുറച്ചു കാലമായി പാകിസ്ഥാന്‍ ഡ്രോണുകള്‍ ഉപയോഗിച്ചുകൊണ്ട് നടത്തിയ ഏതാനും ചില പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് മേല്പറഞ്ഞത്.
ഇതൊക്കെയാണെങ്കിലും ഡ്രോണുകള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികള്‍ പാകിസ്ഥാനില്‍ അധികമൊന്നുമില്ല. പിന്നെ എവിടെ നിന്നാണ് അവര്‍ക്ക് ഇത്തരം ഡ്രോണുകള്‍ കിട്ടുന്നത്? ലോകത്തെ ഒന്നാം നമ്പര്‍ ഡ്രോണ്‍ നിര്‍മ്മാതാക്കളായ ചൈനയില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും പാകിസ്ഥാനും പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകള്‍ക്കും ഡ്രോണുകള്‍ എളുപ്പത്തില്‍ ലഭിക്കാനുള്ള ധാരാളം സാധ്യതകളുണ്ട്. ഈ സാധ്യതകള്‍ അവര്‍ പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ട് എന്നുവേണം സമീപകാല സംഭവങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍.
അതിര്‍ത്തികളിലും നിയന്ത്രണ രേഖകളിലും ഭാരതം വിന്യസിച്ചിരിക്കുന്ന റഡാര്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള നിരീക്ഷണ സാങ്കേതികവിദ്യകള്‍ ഹെലികോപ്റ്ററുകള്‍ വിമാനങ്ങള്‍ മിസൈലുകള്‍ തുടങ്ങിയവ ട്രാക്കുചെയ്യുന്നതിന് വേണ്ടിയുള്ളതാണ്. എന്നാല്‍ ഡ്രോണുകള്‍ വലുപ്പത്തില്‍ ചെറുതായതിനാല്‍ പലപ്പോഴും ഇവ ട്രാക്ക് ചെയ്യുന്നതില്‍ പ്രയാസം നേരിടുന്നു. കൂടാതെ രാത്രിയിലാണ് ഇത്തരം ഡ്രോണുകള്‍ അതിര്‍ത്തി കടന്നെത്തുന്നത്.
വര്‍ധിച്ചു വരുന്ന ഡ്രോണ്‍ ആക്രമണമെന്ന പുതിയ ഭീഷണി തടയുന്നതിന് ഭാരതം തീര്‍ച്ചയായും പുതിയ സംവിധാനങ്ങള്‍ ആവിഷ്‌കരിക്കേണ്ടി വരും. ഡ്രോണുകളെ ഫലപ്രദമായി നേരിടാനുള്ള അത്യാധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കണമെന്ന് ഇതിനോടകം തന്നെ ബിഎസ്എഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഭാരതത്തില്‍ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) രണ്ട് ഡ്രോണ്‍ വിരുദ്ധ സംവിധാനങ്ങള്‍ ഇതിനോടകം തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട് എന്നത് ആശ്വാസം പകരുന്ന കാര്യം തന്നെയാണ്. ഡ്രോണ്‍ ആക്രമണങ്ങള്‍ തടയാന്‍ മെയ്ക് ഇന്‍ ഇന്ത്യ വഴി സുശക്തമായ സംവിധാനം ആവിഷ്‌കരിക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസ്താവനയും ഏതാനും ദിവസം മുന്‍പ് പുറത്തുവന്നു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഭീകരവാദികള്‍ ഉയര്‍ത്തുന്ന ഡ്രോണ്‍ ആക്രമണമെന്ന പുതിയ വെല്ലുവിളിയെ നേരിടാന്‍ വളരെപ്പെട്ടെന്ന് തന്നെ ഭാരതം സുസജ്ജമാകുമെന്ന് പ്രത്യാശിക്കാം….