ബിലായിത്തി സായിപ്പിന് നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോള്‍, 30-6-48ന് മുമ്പ് അധികാരം കൈമാറി ഭാരതം വിടാമെന്ന് 1946-ല്‍ത്തന്നെ പ്രഖ്യാപിച്ചിരുന്നു. അവര്‍ക്കു നേരിടേണ്ടി വന്ന പ്രശ്‌നം അതിരൂക്ഷമായതുകൊണ്ട് 15-8-47 നുതന്നെ സ്ഥലംവിടുകയാണുണ്ടായത്. രണ്ടു ശതാബ്ദത്തോളം നിലനിന്ന രാഷ്ട്രീയ ഐക്യത്തെ ഇല്ലാതാക്കി, രാഷ്ട്രത്തെ വെട്ടിമുറിച്ച്, വര്‍ഗ്ഗീയവൈരം ജനങ്ങളില്‍ ആളിക്കത്തിച്ചാണ് അവര്‍ ഒഴിഞ്ഞുപോയത്. അങ്ങനെ, സ്വാതന്ത്ര്യത്തിനു നമുക്ക് മനുഷ്യക്കുരുതിയടക്കം വലിയ വില കൊടുക്കേണ്ടി വന്നു. ഇതിന് സായിപ്പിന്റെ കുതന്ത്രം മാത്രമായിരുന്നില്ല കാരണം. ഈ സ്വയംകൃതനാശത്തിന് വേറെയും പല കാരണങ്ങളുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിന്റെ ഈ എഴുപത്തിരണ്ടാം ജന്മദിനത്തില്‍ ആ കാരണങ്ങളെ വിശകലനം ചെയ്യുന്നത് പ്രയോജനകരമായിരിക്കുമെന്നു കരുതുന്നു.
1906-ല്‍ അന്നത്തെ വൈസ്രോയി ആയിരുന്ന മിന്റൊ പ്രഭുവിനെ മുഖം കാണിക്കുവാന്‍ അഗാഖാന്‍ നവാബിന്റെ നേതൃത്വത്തില്‍ ഒരു മുസ്ലീം പ്രമാണിമാരുടെ സംഘത്തിന് അനുമതി ലഭിച്ചു. അവര്‍ ആവശ്യപ്പെട്ടത് ജനസംഖ്യാനുപാതത്തിനും സാമ്പത്തിക പരിഗണനകള്‍ക്കും ഉപരി, ബ്രിട്ടീഷ് ഭരണത്തിനു മുമ്പ് ഇവിടത്തെ ഭരണാധികാരികളായിരുന്നതുകൊണ്ട,് മുഹമ്മദീയര്‍ക്ക് മതിയായ പ്രാതിനിധ്യം ഭരണതലങ്ങളില്‍ ഉറപ്പാക്കേണമെന്നായിരുന്നു. 1857-ല്‍ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍, വിശ്വാസങ്ങള്‍ക്കതീതമായി ഹിന്ദുക്കളും മുഹമ്മദീയരും ഒന്നിച്ചതുകൊണ്ട്, പിടിച്ചുനില്‍ക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് നന്നേ പണിപ്പെടേണ്ടിവന്നിരുന്നു. അതുകൊണ്ട് ഈ അവസരം മുതലാക്കുവാന്‍തന്നെ ബ്രിട്ടീഷുകാര്‍ തീരുമാനിച്ചു. അവരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് വാക്കു കൊടുത്തു. വൈസ്രോയിന്‍ ലോര്‍ഡ് മിന്റോ തന്റെ ഡയറിയില്‍ കുറിച്ചത്, 6.2 കോടി ജനങ്ങളെ ഭരണവിരുദ്ധ കലാപങ്ങളില്‍നിന്ന് അകറ്റിനിര്‍ത്താന്‍ കഴിഞ്ഞു എന്നാണ്. യാഥാസ്ഥിതികരായ അഗാഖാനും മറ്റുള്ള പ്രഭുക്കളും വിശ്വാസത്തിന്റെ പേരില്‍ പ്രത്യേക പരിഗണന ആവശ്യപ്പെട്ടതില്‍ അതിശയിക്കാനൊന്നുമില്ല. പക്ഷേ, എന്നും ജനാധിപത്യത്തിന്റേയും മതനിരപേക്ഷതയുടേയും സംരക്ഷകരെന്നവകാശപ്പെടുന്ന ബ്രിട്ടീഷ് ഭരണകൂടം ഇതിനെ പ്രോത്സാഹിപ്പിച്ചത് ഒരു നിര്‍ഭാഗ്യമായി കണക്കാക്കണം. ആ പ്രീണന നയം ഒടുവില്‍ വിഭജനത്തില്‍ കലാശിക്കുകയാണുണ്ടായത്.
ജിന്നയെന്ന മദ്യപാനിയും പന്നിമാംസം തിന്നുന്നയാളുമായ വക്കീല്‍ എങ്ങനെ ഈ സംഘടനയുടെ തലപ്പത്തെത്തി മാതൃഭൂമിയെ വെട്ടിമുറിക്കുവാന്‍ മുന്നിട്ടിറങ്ങി എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. സാമുദായിക ആചാരാനുഷ്ഠാനങ്ങളൊന്നും മാനിക്കാത്ത കോണ്‍ഗ്രസ്സിലെ ദേശീയവാദിയായിരുന്ന ജിന്നയില്‍ വന്ന ഈ മാറ്റം, രാഷ്ട്രീയ കിടമത്സരംകൊണ്ടു മാത്രമായിരുന്നു എന്ന് ഊഹിക്കുവാനെ വഴിയുള്ളു. ഇസ്ലാമില്‍ ജനാധിപത്യത്തിന് എക്കാലത്തും എവിടേയും വേരോട്ടമില്ലായിരുന്നു. ജിന്നതന്നെ, ഒരു നിയമജ്ഞനായിട്ടുകൂടി, 1940-ല്‍ത്തന്നെ പ്രായപൂര്‍ത്തി വോട്ടവകാശവും പാശ്ചാത്യ മോഡലിലുള്ള മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വവും ഇന്ത്യക്ക് യോജിച്ചതല്ലാ എന്ന് വൈസ്രോയിയോടു പറഞ്ഞിരുന്നു.
ജനാധിപത്യത്തോടുള്ള ജിന്നയുടെ വിരോധത്തിന് മറ്റൊരു തെളിവുകൂടിയുണ്ട്. ജൂണ്‍ 3-ന് തീരുമാനിച്ച പദ്ധതിപ്രകാരം ഇന്ത്യ-പാകിസ്ഥാന്‍ ഡൊമീനിയനുകളുടെ പൊതുവായ ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റണ്‍ പ്രഭുവായിരിക്കുമെന്നായിരുന്നു. പക്ഷെ, അവസാന നിമിഷത്തില്‍, തന്നെ ഗവര്‍ണര്‍ ജനറലായി അവരോധിക്കണമെന്നായി ജിന്നയുടെ ആവശ്യം. അതു സമ്മതിച്ചപ്പോള്‍ സെക്ഷന്‍ 93നു പകരം, 1935-ലെ ഒന്‍പതാം ഷെഡ്യൂള്‍ പ്രകാരമുള്ള അധികാരം കയ്യാളുവാനാണ് പ്രതിജ്ഞയെടുത്തത്. ഈ വകുപ്പ്, തിരഞ്ഞെടുക്കപ്പെട്ട, ഭരണഘടനാപദവി വഹിക്കുന്നവര്‍ക്കുള്ളതായിരുന്നു. കോണ്‍ഗ്രസ് അക്കാലത്ത് ജനാധിപത്യത്തില്‍ അടിയുറച്ചു വിശ്വസിച്ചിരുന്നു. മുസ്ലീംലീഗ്, വിശ്വാസികളായ പ്രഭുക്കളുടേയും നവാബുമാരുടേയും മിലിട്ടറി ഓഫീസര്‍മാരുടേയും രാഷ്ട്രീയ സംഘടനയായി മാത്രം നിലനിന്നു. കോണ്‍ഗ്രസ്, പ്രമാണിമാരുടെ സംഘടനയായി ഉടലെടുത്തുവെങ്കിലും ഗാന്ധിജിയുടെ വരവോടെ അത് ജനകീയ സംഘടനയായി. വിശ്വാസത്തിന്റെ പേരില്‍ വിവേചനം ഉണ്ടായിരുന്നില്ല. അതുകൊണ്ട് മുഹമ്മദീയരടക്കമുള്ള സാധാരണക്കാര്‍ കോണ്‍ഗ്രസ് അനുഭാവികളായി.
ഇംഗ്ലീഷു മാത്രം സംസാരിക്കുന്ന ബാരിസ്റ്റര്‍ ജിന്നയ്ക്ക് ഗാന്ധിജിയെപ്പോലെ ജനകീയനാവാന്‍ സാധിക്കുമായിരുന്നില്ല. പക്ഷേ, ജനപ്രിയ നേതാവായി അധികാരം കയ്യാളണം. അതുകൊണ്ട് മുസ്ലീംലീഗിലേക്ക് കൂറുമാറി.
ചേറ്റൂര്‍ ശങ്കരന്‍ നായര്‍ വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് മെമ്പറായിരുന്ന കാലത്ത്, ഭരണതലങ്ങളില്‍ ഭാരതീയ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിന്ന് അന്നത്തെ സെക്രട്ടറി ഓഫ് സ്റ്റേറ്റ്‌സ് ഫോര്‍ ഇന്ത്യ ആയിരുന്ന മൊന്‍ടാഗോ ഒരു പ്രസ്താവം ആവശ്യപ്പെട്ടിരുന്നു. വൈസ്രോയി ഷെംസ്‌ഫോഡ് ഇന്ത്യാവിരുദ്ധനായിരുന്നു. ഔദ്യോഗികപ്രസ്താവം നിരാശാജനകമായിരുന്നതുകൊണ്ട് ശങ്കരന്‍നായര്‍ ഒരു അനൗദ്യോഗിക പ്രസ്താവം ലെജിസ്ലേറ്റീവ് അസംബ്ലിയിലെ തിരഞ്ഞെടുക്കപ്പെട്ടവരുടെ കയ്യൊപ്പോടെ സമര്‍പ്പിക്കുകയുണ്ടായി. തുടര്‍ന്നു നിലവില്‍ വന്ന മൊന്‍ടാഗോ-ഷെംസ്‌ഫോഡ് ഭരണപരിഷ്‌കാരം ഈ രണ്ടു പ്രസ്താവങ്ങളേയും കണക്കിലെടുത്തുകൊണ്ടായിരുന്നു. ആ പ്രസ്താവത്തെ പിന്താങ്ങി ഒപ്പുവെച്ചവരില്‍ ജിന്നയും ഉണ്ടായിരുന്നു. അതുകൊണ്ട് 1920വരെയെങ്കിലും ജിന്ന ഒരു ദേശീയവാദിയായിരുന്നു എന്ന് അനുമാനിക്കാം.
1928-ല്‍ ലീഗ് പതിന്നാലിന പരിപാടിയുമായി മുന്നോട്ടു വന്നു. 1936-ലെ തിരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിന്റെ പ്രകടനം മോശമായിരുന്നു. ബംഗാളിലും പഞ്ചാബിലും കൂട്ടുമന്ത്രിസഭകളായിരുന്നു. ബംഗാളില്‍ ഫസ്ലുള്‍ഹക് കൃഷക്-മസ്ദൂര്‍ പാര്‍ട്ടിയുടെ നേതാവായിരുന്നു. പഞ്ചാബില്‍ സര്‍ സിക്കന്ദര്‍ ഹ്യാത്ഖാന്‍, ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും പ്രാതിനിധ്യമുള്ള ഒരു കൂട്ടുമന്ത്രിസഭയെയാണ് നയിച്ചിരുന്നത്. ബാക്കി പ്രവിശ്യകളില്‍ ഒറ്റക്കു ഭരിക്കുവാനുള്ള ഭൂരിപക്ഷമുണ്ടായിരുന്നതുകൊണ്ട് കോണ്‍ഗ്രസ്സിന്റെ ഏകകക്ഷി ഭരണമായിരുന്നു. കോണ്‍ഗ്രസ്സിന്റെ മന്ത്രിസഭകളില്‍ മുഹമ്മദീയരായ മന്ത്രിമാരും ഉണ്ടായിരുന്നു. പക്ഷേ ലീഗുകാരല്ലാത്തവരെ മുസ്ലീം പ്രതിനിധികളായി കണക്കാക്കാനാവില്ല എന്നായിരുന്നു ജിന്നയുടെ വാദം. ഭാരതത്തിലെ മൊത്തം മുഹമ്മദീയരുടേയും പ്രാതിനിധ്യം ലീഗിന് അവകാശപ്പെട്ടതല്ല എന്ന് കോണ്‍ഗ്രസ്സും വാദിച്ചു. ജിന്നയ്ക്ക് കോണ്‍ഗ്രസ്സിനോടുള്ള വിരോധം പ്രധാനമായും ഈ കാരണംകൊണ്ടായിരുന്നു.
പഞ്ചാബിലെ പ്രീമിയര്‍ സര്‍ സിക്കന്ദര്‍ഹ്യാത്ഖാന്‍ ജിന്നയുടെ ദ്വിരാഷ്ട്രവാദം അംഗീകരിച്ചിരുന്നില്ല. 1940 മാര്‍ ച്ചില്‍ ലാഹോര്‍ സമ്മേളനത്തില്‍ “പാകിസ്ഥാന്‍ പ്രമേയം” എന്നറിയപ്പെടുന്ന, അവ്യക്തതയുടെ മകുടോദാഹരണമായ പ്രമേയം പാസാക്കിയപ്പോള്‍, ഈ വിഷയം പഞ്ചാബ് ലെജിസ്ലേറ്റീവ് അസംബ്ലിയിലും ചര്‍ച്ചാവിഷയമായി. പാകിസ്ഥാനുവേണ്ടി വാദിക്കുന്ന പ്രീമിയര്‍ കൂട്ടുമന്ത്രിസഭ നയിക്കുന്നതിന്റെ ഔചിത്യം ചോദ്യംചെയ്യപ്പെട്ടു. അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം സിക്കന്ദര്‍ഹ്യാത്ഖാന്‍ മറുപടി നല്‍കിയതിപ്രകാരമായിരുന്നു:
”പഞ്ചാബില്‍ കലര്‍പ്പില്ലാത്ത മുസ്ലീം ഭരണം എന്നാണ് പാകിസ്ഥാന്‍കൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ എനിക്ക് സഹകരിക്കാനാവില്ല. ഞാന്‍ മുമ്പ് പറഞ്ഞതുതന്നെ ഈ സഭയില്‍ ആവര്‍ത്തിക്കുന്നു. നിങ്ങള്‍ പഞ്ചാബ് സ്വതന്ത്രമാകണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ആ പഞ്ചാബില്‍ എല്ലാ സമുദായങ്ങളും, സമ്പദ്‌വ്യവസ്ഥയിലും ഭരണത്തിലും ഒരു പൊതുസ്ഥാപനത്തിലെന്നപോലെ തുല്യപങ്കാളികളായിരിക്കും. ആ പഞ്ചാബ് പാകിസ്ഥാനായിരിക്കില്ല. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ അഞ്ചു നദികളുടെ ഭൂമി പഞ്ചാബു മാത്രമായിരിക്കും. ചുരുക്കത്തില്‍, എന്റെ പ്രവിശ്യയുടേയും രാഷ്ട്രത്തിന്റേയും രാഷ്ട്രീയഭാവി ഏതൊരു ഭരണസംവിധാനത്തിലും ഞാന്‍ കാണുന്നതിങ്ങനെയാണ്.””
വടക്കും പടിഞ്ഞാറും കിഴക്കും കിടക്കുന്ന മുസ്ലീംഭൂരിപക്ഷപ്രദേശങ്ങളെ ഒന്നിച്ചു ചേര്‍ത്ത് സ്വയംഭരണാധികാരവും പരമാധികാരവും ഉള്ള രാജ്യങ്ങളാക്കണമെന്നാണ് പ്രമേയത്തിലെ നിര്‍ദ്ദേശം. പരമാധികാരം കയ്യാളുന്നവര്‍ക്ക് സ്വയംഭരണം പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലൊ. ബാരിസ്റ്റര്‍ ജിന്നയ്ക്ക് മനപ്പൂര്‍വമല്ലാത്ത തെറ്റുപറ്റുവാന്‍ സാധ്യതയില്ലായിരുന്നു. മനപ്പൂര്‍വം വിരുദ്ധ ആശയങ്ങള്‍ കൂട്ടിക്കലര്‍ത്തി, പ്രമേയത്തിന്റെ മറവില്‍, തന്റെ ലക്ഷ്യപ്രാപ്തിക്കുതകുന്ന വിധത്തില്‍ വ്യാഖ്യാനിക്കുക എന്നായിരിക്കണം ജിന്നയുടെ രഹസ്യഅജണ്ട. നിര്‍ഭാഗ്യവശാല്‍ സര്‍ സിക്കന്ദര്‍ ഹ്യാത്ഖാന്‍ അധികം വൈകാതെ മരണപ്പെട്ടു. അദ്ദേഹത്തിന്റെ മകന്‍ കിസിര്‍ഹ്യാത്ഖാന് പിടിച്ചുനില്‍ക്കാനാവാതെ മുസ്ലീം ലീഗിന് കീഴടങ്ങേണ്ടി വന്നു. ബംഗാളില്‍ ജിന്ന സുഹ്രവാദിയെ മുന്‍നിര്‍ത്തി ഫസ്ലുല്‍ഹക്കിന്റെ ഭരണം അട്ടിമറിച്ചു. അങ്ങനെ രണ്ടു വലിയ പ്രവിശ്യകള്‍ ചൊല്‍പ്പടിയിലായപ്പോള്‍ പാകിസ്ഥാന്‍ പ്രമേയം ജിന്നയുടെ ഇഷ്ടത്തിന് വിഭജനവാദമായി.
മൂന്നാമത്തെ നിര്‍ഭാഗ്യം, ജിന്ന ക്ഷയരോഗിയാണെന്നും, മരണം ആസന്നമാണെന്നുമുള്ള വിവരം കോണ്‍ഗ്രസ്സിന് അറിയാതെപോയി. ബ്രിട്ടീഷുകാരുടെ രഹസ്യപ്പോലീസ് സംവിധാനം വളരെ സുശക്തമായിരുന്നു. ജിന്നയ്‌ക്കോ മുസ്ലീം ലീഗിനോ അവരില്‍നിന്നും ഈ രഹസ്യം മറച്ചുവെക്കുക അസാധ്യംതന്നെയായിരുന്നു. ഒരുപക്ഷേ, ജിന്നാഅനുകൂലികളായിരുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ മൗണ്ട്ബാറ്റന്‍ പ്രഭുവില്‍നിന്ന് ഇതു മറച്ചുവെച്ചതായിരിക്കണം. അദ്ദേഹത്തിന് ഈ വിവരം അറിയില്ലായിരുന്നുവെന്ന് ഡൊമിനിക് ലാപെയറിന്നും ലാറി കോളിന്‍സിന്നും അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഈ വിവരം കിട്ടിയതായിരുന്നുവെങ്കില്‍ അധികാരം കൈമാറാന്‍ അല്‍പം വൈകിപ്പിച്ച് വിഭജനം ഒഴിവാക്കാമായിരുന്നു എന്ന് അദ്ദേഹം പറയുന്നുണ്ട്.
ലോകചരിത്രത്തിലാദ്യമായി മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു രാഷ്ട്രം വിഭജിക്കപ്പെട്ടത് ഭാരതമായിരുന്നു. ഇതിന്റെ പിന്നില്‍ ജിന്നയുടെ നേതൃപാടവത്തിനുപരിയായി ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കുതന്ത്രങ്ങളായിരുന്നു. ജിന്ന രാഷ്ട്രീയത്തില്‍ കാഴ്ചവെച്ചത് ഗ്രഹിണി പിടിച്ച കുട്ടികളുടെ സ്വഭാവമായിരുന്നു. ലീഗിന്റെ ഏതെങ്കിലും ഒരാവശ്യം അംഗീകരിച്ചാല്‍ ഉടന്‍ മറ്റൊരു അഭ്യര്‍ത്ഥനയുമായി അസംതൃപ്തി വെളിപ്പെടുത്തി കലാപക്കൊടി ഉയര്‍ത്തുകയായിരുന്നു പതിവ്. അവസാനം മുസ്ലീംഭൂരിപക്ഷപ്രദേശങ്ങളെ വെട്ടിമാറ്റി, പാകിസ്ഥാന്‍ രൂപീകരണമാകാമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചപ്പോള്‍, ജിന്നയുടെ പുതിയ ആവശ്യം, കിഴക്കും പടിഞ്ഞാറുമായി കിടക്കുന്ന രണ്ടു ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുവാന്‍ 800 മൈല്‍ നീളം വരുന്ന ഇടനാഴി വേണമെന്നായിരുന്നു. ജിന്നയുടെ അഭ്യുദയകാംക്ഷിയായ ചര്‍ച്ചില്‍തന്നെ, മൗണ്‍ട് ബാറ്റന്‍ മുഖേന, അതൊന്നും സാധ്യമല്ലെന്നും, ഒരു പുരുഷായുസ്സില്‍ നേടാവുന്നതിലുമധികം നേടിയതിനാല്‍, കിട്ടിയതുകൊണ്ട് തൃപ്തിപ്പെടണമെന്നും ഉപദേശിച്ചു.
അങ്ങനെ ജിന്ന ”ചിതലരിച്ച പാകിസ്ഥാനും””കൊണ്ട് തന്റെ ആവശ്യപരമ്പരക്ക് വിരാമമിടുകയായിരുന്നു. മാത്രമല്ല, ഇദ്ദേഹത്തിന്റെ നിലപാടുകള്‍ പരസ്പരവിരുദ്ധമായിരുന്നു.
മദിരാശി പ്രവിശ്യയുടെ ഗവര്‍ണറോട്, ഇന്ത്യയെ ദ്രാവിഡസ്ഥാന്‍ അടക്കം അഞ്ചു ഖണ്ഡങ്ങളാക്കണമെന്നു കൂടി ജിന്ന അഭിപ്രായപ്പെടാന്‍ ആവശ്യപ്പെട്ടിരുന്നു. അതിന്റെ അര്‍ത്ഥം, വ്യത്യസ്ത ഹിന്ദു-മുസ്ലീം ദേശീയത എന്ന വാദം കേവലം രാഷ്ട്രത്തെ വിഘടിപ്പിക്കാനുള്ള ഒരു തന്ത്രം മാത്രമായിരുന്നെന്നും, തന്റെ സിദ്ധാന്തത്തിന്റെ ഔചിത്യത്തില്‍ താന്‍ സ്വയം വിശ്വസിച്ചിരുന്നില്ല എന്നുമാണ്. ഈ അനുമാനം ശരിവെക്കുന്നതായിരുന്നു, ഹിന്ദു-സിഖ് ഭൂരിപക്ഷമുള്ള ബംഗാളിലെ പ്രദേശങ്ങളേയും പഞ്ചാബിലെ കിഴക്കന്‍ പ്രദേശങ്ങളേയും വേര്‍തിരിച്ച്, ഇന്ത്യയില്‍ നിലനിര്‍ത്താനുള്ള പദ്ധതിയെ എതിര്‍ത്തത്. ആ പ്രശ്‌നത്തില്‍, അവര്‍ ആത്യന്തികമായി ബംഗാളികളും പഞ്ചാബികളുമാണെന്നും, ഹിന്ദു-സിഖ്-മുസ്ലീം എന്ന പരിഗണന രണ്ടാമത്തേതാണെന്നും, അതുകൊണ്ട് വിശ്വാസത്തിന്റെ പേരില്‍ ഈ പ്രവിശ്യകളെ വിഭജിക്കരുതെന്നും ശഠിച്ചത്.വൈസ്രോയി, അവരെല്ലാം ആത്യന്തികമായി ഇന്ത്യക്കാരല്ലേ, അതുകൊണ്ട് വിശ്വാസത്തിന്റെ പേരില്‍ പാകിസ്ഥാന്‍ രൂപീകരണംതന്നെ അനാവശ്യമല്ലെ എന്ന് തിരിച്ചു ചോദിച്ചപ്പോള്‍ ഉത്തരം മുട്ടി, ജിന്ന നിശ്ശബ്ദനാകുകയായിരുന്നു.
ജിന്നയ്ക്ക് സ്വയം ന്യായീകരിക്കുവാന്‍ കഴിയാത്ത വാദമുഖത്തെ പ്രോത്സാഹിപ്പിച്ച ബ്രിട്ടീഷ് ഭരണകൂടംതന്നെയാണ് വിഭജനത്തിനുത്തരവാദി. “സുശക്തവും സുദൃഢവുമായ ഭാരതം ഉണ്ടാവരുത് എന്നു തീരുമാനിച്ചുറച്ച് വെള്ളക്കാരന്‍ അതനുവദിച്ചു കൊടുത്തു. അതുതന്നെയാണ് നമ്മുടെ നിര്‍ഭാഗ്യം