കേരളത്തില്‍ എറണാകുളം ജില്ലയില്‍ ആലുവപ്പുഴയുടെ തീരത്തെ കാലടിയില്‍ ജനിച്ച് വേദാന്തദര്‍ശനത്തില്‍ തനത് വഴിതെളിച്ച്, സര്‍വജ്ഞപീഠം കയറിയ ശങ്കരാചാര്യരുടെ പേരും മാതാപിതാക്കളുടെ പേരുകളുമൊഴികെ എല്ലാകാര്യങ്ങളും സംശയഗ്രസ്തമോ, വിവാദപൂര്‍ണമോ ആണ്. എങ്കിലും കേരളീയരുടെ പൊതുവായ വൈജ്ഞാനികബോധതലങ്ങളെ അതൊരിക്കലും അലോസരപ്പെടുത്തിയിട്ടില്ലെന്നുമാത്രമല്ല, സ്പര്‍ശിച്ചിട്ടുപോലുമില്ല. ഈ ചരിത്ര പരിസരത്തിലാണ് വര്‍ത്തമാനകാല കേരളത്തിന്റെ നൈതികത നിര്‍ല്ലജ്ജം അഭിരമിക്കുന്നത്. ഇത് കേരളത്തിനുണ്ടെന്ന് കൊണ്ടാടപ്പെടുന്ന സാംസ്‌കാരികപൈതൃകാഭിമാനത്തിന് വിരുദ്ധമായ ഒരു ഗതിസൂചകമാണ്.
ശങ്കരാചാര്യരെ കേരളം മറന്നുവെന്ന് പറയാനാകില്ല. അഴിമതികളുടെയും ഉന്നതവിദ്യാഭ്യാസതാല്‍പ്പര്യങ്ങളെ നിര്‍ല്ലജ്ജം അട്ടിമറിക്കുന്നതിന്റെയും പേരിലും അയോഗ്യരായ അദ്ധ്യാപകരുടെ വിഹാരഭൂമി എന്ന നിലയിലും മാത്രം കുപ്രസിദ്ധമായ ശ്രീശങ്കര സര്‍വകലാശാലയുടെ പേര് അന്തരിച്ച മുന്‍മുഖ്യമന്ത്രി ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടിനെ ഓര്‍മ്മിപ്പിക്കാന്‍ പോന്നതാണെങ്കിലും ആ പേരിലെ ശ്രീ എന്ന പൂര്‍വപദം ശങ്കരാചാര്യരെയാണ് സൂചിപ്പിക്കുന്നത്. പക്ഷേ, ഇക്കാലത്തിനുള്ളില്‍ ഈ സ്ഥാപനം സംസ്‌കൃതഭാഷയ്‌ക്കോ കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിനോ അപമാനമല്ലാതെ മറ്റെന്തെങ്കിലും സമ്പാദിച്ചതായി കേട്ടുകേള്‍വിപോലുമില്ല.
പുരോഗമന മുഖംമൂടി ധരിച്ച് അഹങ്കരിക്കുന്ന കേരളത്തിലും ശങ്കരാചാര്യരെന്ന വികാരം സ്വാഭിമാനമായി കരുതുന്ന ധാരാളമാളുകളുണ്ടെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് കഴിഞ്ഞ രണ്ടുമൂന്ന് മാസങ്ങളായി ചിലര്‍, ശ്രീശങ്കരന്റെ കാലത്തെപ്പറ്റി ചരിത്രപരമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകമാത്രമല്ല, ചില ഗ്രന്ഥങ്ങളും രേഖകളും മറ്റും അയച്ചുതരുകയും ചെയ്തു. വ്യക്തിപരമായും ഇപ്പോഴേര്‍പ്പെട്ടിരിക്കുന്ന കേരളചരിത്രപഠനപരമായ ജോലിമൂലവും ഉള്ള അസൗകര്യങ്ങള്‍ കൂടാതെ മറ്റ് പലതരം ബുദ്ധിമുട്ടുകളോടുമൊപ്പം, അദ്ദേഹം സ്ഥാപിച്ച മഠങ്ങളും അദ്ദേഹത്തിന്റെ വേദാന്തദര്‍ശനവും കൃതികളും അദ്ദേഹത്തെ ദൈവാവതാരമായി വിശ്വസിക്കുന്ന ലക്ഷക്കണക്കിന് ആരാധകരുമുണ്ടല്ലോ എന്ന ചിന്തയും എന്നെ ഉദാസീനനാക്കി. അങ്ങനെയിരിക്കുമ്പോഴാണ് മഹോപാധ്യായ പ്രൊഫ. ജയപ്രകാശ്‌നാരായന്‍ ദ്വിവേദി സംശോധിച്ച് ദ്വാരകാധീശ സംസ്‌കൃത അക്കാദമി 2014 ല്‍ പ്രസിദ്ധീകരിച്ച ദിവ്യദ്വാകര എന്ന സ്മരണികയും 1917 ല്‍ പ്രസിദ്ധീകൃതമായതിന് ശേഷം 1971 ല്‍ വികസിപ്പിച്ച് സംശോധനം ചെയ്യപ്പെട്ടതും ടി.എസ്. നാരായണ ശാസ്ത്രി എഴുതി ടി.എന്‍. കുമാരസ്വാമി എഡിറ്റ് ചെയ്തതുമായ Age of Sankara എന്ന കൃതിയും 1994 ല്‍ പുറത്തുവന്ന് 2004 നകം മൂന്ന് പതിപ്പുകള്‍ പിന്നിട്ട ഗോവിന്ദ ചന്ദ്ര പാണ്‌ഡേയുടെ Life and Thought of Sankaracharya എന്ന കൃതിയും കൈയിലെത്തിയത്.
1990 കളില്‍ ശ്രീശങ്കരനെക്കുറിച്ച് ഐ സി എച്ച് ആറിന്റെ സഹായത്തോ ടെ വിശദമായി പഠിക്കാന്‍ മുതിര്‍ന്ന, രാജസ്ഥാന്‍, ബനാറസ് സര്‍വകലാശാലകളുടെ മുന്‍ വൈസ്ചാന്‍സലറായ ചരിത്രകാരന്‍ ഗോവിന്ദചന്ദ്ര പാണ്ഡെ പ്രസ്തുതകൃതിയില്‍ സമഗ്രമായ ഒരന്വേഷണത്തിന് ശ്രമിച്ചിട്ടുണ്ടെങ്കിലും ഈ മഹാമനീഷിയെക്കുറിച്ചുള്ള പഠനങ്ങള്‍ നേരിടുന്ന പരിമിതി അതില്‍ വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് കൃതികളും മറിച്ചുനോക്കിയപ്പോള്‍ മുഖ്യമായും നാരായണശാസ്ത്രിയുടെ കൃതിയുടെ ഖണ്ഡനമാണ് ജി.സി. പാണ്‌ഡേയുടെ കൃതിയെന്ന് മനസ്സിലായി. ശാസ്ത്രി പ്രതിനിധാനം ചെയ്യുന്ന പാരമ്പര്യവാദത്തിനെതിരായി യൂറോകേന്ദ്രീകൃതമായ ആധുനിക ഗവേഷകരുടെ പ്രതിനിധ്യം പാണ്‌ഡേ വഹിക്കുന്നുവെന്ന് വ്യക്തമായതോടെ തല്‍ക്കാലം മറ്റെല്ലാം മാറ്റിവച്ച് ശങ്കരോല്‍പ്പത്തിയുടെ കാലദേശചരിത്രം ഈ കൃതികളെ പ്രധാനമായും കേന്ദ്രീകരിച്ച് നടത്താവുന്നതാണെന്ന് തോന്നി. വേറെയും ചില കൃതികള്‍ പരിശോധിച്ചപ്പോള്‍ ഇവ രണ്ടിലുമുള്ളതിനപ്പുറം കാര്യമായ വിവരങ്ങള്‍ അവയിലില്ലെന്നും വ്യക്തമായി. എന്നല്ല, ഇത് എന്റെ കേരളത്തനിമയിലെ ന്നപോലെ, ഒരു ചരിത്രവിദ്യാര്‍ത്ഥി കേരളീയചരിത്രമെഴുത്തുകാരുടെ കാപട്യത്തിനെതിരായി നടത്തേണ്ട സമരത്തിന്റെ ഭാഗമാണെന്നും തോന്നിയതിന്റെ ഫലമാണ് ഈ ലേഖനം.
ഇതില്‍ ശങ്കരാചാര്യരുടെ കാല ത്തെപ്പറ്റി സ്വന്തം നിഗമനങ്ങളിലെത്താന്‍ ഞാന്‍ ശ്രമിച്ചിട്ടില്ലെന്ന് ആദ്യമേ വ്യക്തമാക്കട്ടെ. അത് വലിയൊരു പദ്ധതിയായി മാത്രമേ ചെയ്യാനാകൂ. കാരണം, ചുരുങ്ങിയത് ബി.സി. 6-ാം നൂറ്റാണ്ട് തൊട്ട് എ.ഡി. 9-ാം നൂറ്റാണ്ടുവരെയുള്ള ഇന്ത്യാചരിത്രവും വേദാന്ത പരിണാമഗതിയും ശങ്കരന്റെ പ്രവര്‍ത്തനചര്യകളുമെല്ലാം അതിനുവേണ്ടി പരിശോധിക്കപ്പെടണം. കാരണം, സ്വയം ആധുനിക (ശാസ്ത്രീയ) ചരിത്രമെഴുത്തുകാരെന്ന് ഭാവിക്കുന്നവരുടെ ബുദ്ധിപരമായ അടിമത്തം ഈ വിഷയത്തില്‍ ഒരു വിഹഗ വീക്ഷണം നടത്തുന്ന ആരുടെയും ശ്രദ്ധപിടിച്ചുപറ്റാന്‍ പോരുന്നതാണ്. ഏതായാലും പാരമ്പര്യവാദികളും ആധുനികരുമെന്ന രണ്ട് സിദ്ധാന്തക്കാരുടെയും മധ്യത്താണ് സത്യമെന്നതാണ് കാതലായ കാര്യം. അത് കണ്ടെത്താനുള്ള മുന്നുപാധി ചരിത്രമെഴുത്തുകാരുടെ തുറന്ന സമീപനമാണ്. മറുവശത്ത്, ശൃംഗേരി മഠവും ഇതര മഠങ്ങളുമായി തുടര്‍ന്നുവരുന്ന തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ നാരായണ ശാസ്ത്രി നടത്തുന്ന വിശകലനം വച്ചുനോക്കുമ്പോള്‍ (ശങ്കരന്റെ പിന്‍ഗാമികള്‍ എന്ന ഭാഗം) പാരമ്പര്യവാദികളുടെ അഭിപ്രായങ്ങളെയും സൂക്ഷ്മമായി വിലയിരുത്തേണ്ടിവരുന്നു. അതുകൊണ്ടാണ് വ സ്തുത രണ്ടിനും മധ്യേയാകാമെന്ന് ഞാന്‍ സൂചിപ്പിച്ചത്.
ബി.സി. 5 മുതല്‍ എ.ഡി. 9 വരെ
ശ്രീശങ്കരാചാര്യസ്വാമികളെന്ന് പ്രസിദ്ധനായ അദ്വൈതാചാര്യന്റെ ജനനം, ജനനസ്ഥലം, ജീവിതചരിത്രം, കൃതികള്‍ എന്നിവയെക്കുറിച്ചൊന്നും ഒരു വ്യക്തതയുമില്ലാത്തതെന്തുകൊണ്ടാണെന്ന അന്വേഷണം കേരളീയ വൈജ്ഞാനിക ചരിത്രത്തില്‍ പ്രധാനമാണ്. ഈ വിശ്വഗുരുവിന്റെ ജീവിതകാലത്തെയും കൃതികളെയും കുറിച്ച് കഴിഞ്ഞകാലങ്ങളില്‍ കേരളത്തിന് പുറത്ത് പല പഠനങ്ങളും നടന്നിട്ടുണ്ടെങ്കിലും വ്യക്തമായ ഒരു നിശ്ചയത്തിലെത്താന്‍ ആര്‍ക്കും കഴിഞ്ഞി ട്ടില്ല. ജി.സി. പാണ്ഡേയുടെ അഭിപ്രായത്തില്‍ ‘ശങ്കരന്റെ ജീവചരിത്രസ്രോതസ്സുകളുടെ വിലയിരുത്തലിനുള്ള ഒരു വലിയ പ്രയാസം അതിനുവേണ്ടി ഉപയോഗിച്ചിട്ടുള്ള കൈയെഴുത്തുപ്രതികളുടെ പൂര്‍ണമായ ചരിത്രമുള്‍ക്കൊള്ളുന്ന വിമര്‍ശനാത്മകമായ ഒരു പാഠത്തിന്റെ അഭാവമാണ്. അതിനാല്‍ ഇപ്പോള്‍ തുടര്‍ന്നുവരുന്ന ആശ്രമങ്ങളുടെ തര്‍ക്കങ്ങളില്‍ കക്ഷികളായിട്ടുള്ള ഓരോ കൂട്ടരും തങ്ങള്‍ക്കനുകൂലമല്ലാത്ത പാഠങ്ങളെല്ലാം വ്യാജമോ, പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടതോ ആണെന്ന് പ്രഖ്യാപിക്കുന്നു.’1 വിവാദഗ്രസ്തമായ ഈ സ്രോതസ്സുകളില്‍ അനന്ദാനന്ദ ഗിരിയുടെ ശങ്കര വിജയം മാത്രമാണ് വിമര്‍ശനാത്മകമായി പരിശോധിക്കപ്പെട്ടിട്ടുള്ള ഏക കൃതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
ആധുനിക യൂറോപ്യന്‍ പണ്ഡിതരെല്ലാം എ.ഡി. 6-ാം നൂറ്റാണ്ട് തൊട്ട് 9-ാം നൂറ്റാണ്ടുവരെയുള്ള വിവിധ വര്‍ഷങ്ങളാണ് ശങ്കരജനനത്തിനും ജീവിതകാലത്തിനും കല്‍പ്പിക്കുന്നത്. തെലാങ് എ.ഡി. 6-ാം നൂറ്റാണ്ടെന്നും ആര്‍.ജി.ഭണ്‍ഡാര്‍കര്‍ എ.ഡി. 680, യൂറോപ്യന്‍ പണ്ഡിതര്‍ എ.ഡി. 700 -750, മാക്‌സ്മുള്ളര്‍ എ.ഡി. 788- 820, വെങ്കിടേശ്വര എ.ഡി. 805- 897, കെ.വി. കൃഷ്ണ അയ്യര്‍, പി.കെ. ഗോപാലകൃഷ്ണന്‍ (കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം) എ.ഡി. 805- 837, പ്രൊഫ. വി.എസ്. പഥക് എ.ഡി. 625 ന് ശേഷം എന്നിങ്ങനെയാണ് അംഗീകരിക്കുന്ന കാലഗണനകള്‍. കെ.ബി. പഠക്കിനെയും ബെല്‍വല്‍ക്കറെയും പോലുള്ളവര്‍ പറയുന്ന എ.ഡി. 788-820 ആണ് പൊതുവില്‍ സ്വീകരിക്കപ്പെട്ടിരിക്കുന്ന കാലം. കെ.എ. നീലകണ്ഠ ശാസ്ത്രി അനുമാനിക്കുന്നത് എ.ഡി. 878-889 ആണ്.
ശങ്കരാചാര്യരുടെ ജീവിതകാലത്തെപ്പറ്റിയുള്ള വ്യത്യസ്താഭിപ്രായങ്ങളെല്ലാം വിപുലമായി പരിശോധിച്ചിട്ട് പ്രൊഫ. ഗോവിന്ദചന്ദ്ര പാണ്ഡേ എത്തുന്ന നിഗമനം, അത് എ.ഡി. 650നും 700നുമിടയ്ക്കാണെന്നും അത് ദര്‍ശനപ്രകാശവും ശൃംഗേരി മഠവും അംഗീകരിക്കുന്ന കാലത്തിനൊത്തുപോകുമെന്നുമാണ്. 2ഉള്ളൂര്‍, ക്രി.പി. 650 ന് മേലാണെന്ന് അഭിപ്രായപ്പെടുന്നു.3 ക്രി. പി. 788 മുതല്‍ 820 വരെയാണെന്ന് വാദിക്കുന്നവര്‍ അതിനാധാരമായി സ്വീകരിക്കുന്ന ശങ്കരവിജയത്തിലെ കലിവാക്യസൂചന വിശ്വാസയോഗ്യമല്ലെന്നും അദ്ദേഹം പ്രസ്താവിക്കുന്നു. ശങ്കരന്‍ 32 വയസ്സില്‍ സമാധിയായെന്ന കാര്യത്തില്‍ മാത്രമാണ് ഗൗരവതരമായ തര്‍ക്കമില്ലാത്തതെങ്കിലും അതിനും കൃത്യമായ ഒരു തെളിവും ആരും നല്‍കുന്നില്ല. ഏറ്റവും വിചിത്രമായ സംഗതി, ആധുനിക പണ്ഡിതന്മാര്‍ക്കും ശ്രീശങ്കരന്റെ ജീവിതകാലത്തെപ്പറ്റി അഭ്യൂഹങ്ങളവതരിപ്പിക്കാനല്ലാതെ ഏതെങ്കിലും രേഖകളുടെ അടിസ്ഥാനത്തില്‍ കൃത്യമായ സാധൂകരണം നല്‍കാന്‍ കഴിയുന്നില്ലെന്നതാണ്.
വിദ്യാധിരാജന്റെ മകന്‍ ശിവഗുരു ആധുനികകേരളത്തിലെ എറണാകുളം ജില്ലയിലെ കാലടിയിലെ മേല്‍പാഴൂര്‍ അഥവാ പാഴൂര്‍ പണ ഇല്ലം എന്ന ബ്രാഹ്മണ കുടുംബത്തിലെ മഖ എന്നൊരു പണ്ഡിതന്റെ മകള്‍ 4 ആര്യാംബാളെ വിവാഹം കഴിക്കുകയും വളരെക്കാലം കുട്ടികളില്ലാതിരുന്ന അവര്‍ക്ക് നീണ്ടകാലത്തെ പ്രാര്‍ ത്ഥനയുടെയും വ്രതാനുഷ്ഠാനത്തിന്റെയും ഫലമായി ശ്രീശങ്കരന്‍ ജനിക്കുകയും ചെയ്തതായിട്ടാണ് ഒരൈതിഹ്യം. ശിവന്‍ അനുഗ്രഹിച്ച് ആര്യാംബാളുടെ ഗര്‍ഭപാത്രത്തില്‍ കൂടി പുറത്തുവന്നതാണെന്ന വിശ്വാസവുമുണ്ട്. സമ്പത്തും പാണ്ഡിത്യവുമുള്ളതും പ്രസിദ്ധവും തൈത്തിരീയ ശാഖയിലെ അഗ്നിഹോത്രകുലത്തില്‍പ്പെട്ടതുമാണ് ആ കുടുംബമെന്ന് പാണ്ഡേ പറയുന്നു. ശങ്കരന്റെ എട്ടാമത്തെ വയസ്സില്‍ പിതാവ് മരിച്ചുപോയി. അഞ്ചാമത്തെ വയസ്സില്‍ ഉപനയനം പിതാവാണ് നടത്തിയതെന്നും അതല്ല, നടത്തുംമുമ്പ് പിതാവ് മരിച്ചുപോയെന്നുമൊക്കെ അതിനെപ്പറ്റിയും ഭിന്നാഭിപ്രായങ്ങളുണ്ട്. കുഞ്ഞിലേ അമ്മയുടെ അനുവാദത്തോടെ ആപത്‌സന്യാസം സ്വീകരിച്ച് 12-ാമത്തെയോ, 16-ാമത്തെയോ വയസ്സില്‍ നര്‍മ്മദാതീരത്തേയ്ക്ക് പരിവ്രാജകനായി പോയി (അദ്ദേഹം ഒരു സാധുബ്രാഹ്മണകുടുംബത്തില്‍ പിതാവ് ശിവഗുരുവിനും മാതാവ് ശിവതാരകയ്ക്കും വളരെ വൈകിപ്പിറന്ന പുത്രനാണ് എന്നും കരുതുന്നവരുണ്ട്).
ബഹുഭൂരിപക്ഷം ശങ്കരവ്യാഖ്യാതാക്കളും അമ്മയുടെ പേര് ആര്യാംബാള്‍ എന്നും പിറവി ക്രി.മു. ആറോ, അഞ്ചോ നൂറ്റാണ്ടിലാണെന്നും വിശ്വസിക്കുമ്പോള്‍, അനന്തഗിരി എന്ന വ്യാഖ്യാതാവ് ജീവിതകാലം ബി.സി.44- 12 ആണെന്നും സ്ഥലം ചിദംബരമാണെന്നും കരുതുന്നു. വിവിധ ആധുനിക ചരിത്രരചയിതാക്കള്‍ എ.ഡി. 7-ാം നൂറ്റാണ്ട് മുതല്‍ 9-ാം നൂറ്റാണ്ട് വരെയാണെന്ന് വാദിക്കുന്നു. ശങ്കരന്‍ ശൃംഗേരിമഠം സ്ഥാപിച്ചശേഷം കാശ്മീരില്‍പോയി സര്‍വജ്ഞ പീഠം കയറിയിട്ട് ദത്താത്രയ ഗുഹയില്‍ അപ്രത്യക്ഷനായെന്നും അതല്ല, തിരികെ കേരളത്തില്‍ വന്ന് വൃഷാചലത്തില്‍ സമാധിയായെന്നും രണ്ടുതരത്തില്‍ അവകാശപ്പെടുന്നു.5 ശങ്കരന്‍ സര്‍വജ്ഞപീഠം കയറിയതും സമാധിയായതും കാഞ്ചിയിലാണെന്ന് അവരംഗീകരിക്കുന്നില്ല. അതിനാല്‍ അവരംഗീകരിക്കുന്ന ശങ്കരവിജയത്തില്‍ നിന്ന് ആ വസ്തുതകള്‍ ഒഴിവാക്കിയെന്നാണ് 6 ശാസ്ത്രി പറയുന്നത്. ദത്താത്രയ ഗുഹയില്‍ സമാധിയായത് അഭിനവശങ്കരനാണെന്ന് മറുഭാഗക്കാര്‍ പറയുന്നു. കേദാരനാഥ് ക്ഷേത്രാങ്കണത്തിന്റെ വടക്ക് പടിഞ്ഞാറേ മൂലയില്‍ ശങ്കരന്റെ സമാധിസ്ഥാനമുണ്ടെന്ന് സാക്ഷി പറയുന്നവരുമുണ്ട്.7
വിവര സ്രോതസ്സുകള്‍
ശങ്കര പഠനത്തിനുള്ള സ്രോതസ്സുകള്‍ മിക്കവാറും ഒന്നാണെങ്കിലും അവയുടെ കാലഗണനയും അതിനാധാരമായ രീതിശാസ്ത്രങ്ങളുമാണ് തര്‍ക്കവിഷയം. പാരമ്പര്യവാദികളും ആധുനികരും അവരവരുടെ ഭാവനയ്ക്കനുസരിച്ച് ശങ്കരന്റെ കാലം നിര്‍ണയിച്ചിട്ടുള്ളതിന് ഉദാഹരണങ്ങള്‍, ശുക്രനാഡിയുടെ കര്‍ത്താവ്, ശ്രീകൃഷ്ണന് 32 വര്‍ഷം മുമ്പ്- ബി.സി. 3240 ഉം കന്നഡ ശങ്കരവിജയ കര്‍ത്താവ് 2169 ബി.സിയും ദാബിസ്താന്റെ (Vol II പു.141) കര്‍ത്താവ് എ.ഡി. 1349 ഉം കല്‍പ്പിക്കുന്നതാണ്. ക്രിസ്തുവിന്‌ശേഷമാണ് ലോകസംസ്‌കാരമുദ്ഭവിച്ചതെന്ന് കരുതുന്ന പലരും ഇത്തരത്തില്‍ വളരെ പില്‍ക്കാലമാണ് നിര്‍ണയിച്ചിട്ടുള്ളത്.8
പാരമ്പര്യവീക്ഷണങ്ങള്‍ക്കാധാരം ശങ്കരാചാര്യരുടെ ജീവിതവും കൃതികളും വിഷയമായി രചിക്കപ്പെട്ടിട്ടുള്ള ശങ്കരവിജയങ്ങളാണ്. പത്തിലധികം ശങ്കരവിജയഗ്രന്ഥങ്ങളുണ്ട്. ബൃഹത് ശങ്കരവിജയം (ചിത്സുകാചാര്യന്‍), പ്രാചീനശങ്കര വിജയം (ആനന്ദഗിരി), വ്യാസാചലിയ(വിദ്യാശങ്കരം/ശങ്കരാനന്ദ), ആചാര്യചരിതം/കേരളീയ ശങ്കരവിജയം (ഗോവിന്ദനാഥ), ശങ്കരാഭ്യുദയം (ചൂഡാമണി ദീക്ഷിതര്‍), ഗുരുവിജയം/ആചാര്യവിജയം (ആനന്ദഗിരി), ആചാര്യദിഗ്വിജയം (പള്ളിസഹായ കവി), ശങ്കരദിഗ്വിജയസാരം (സദാനന്ദ), ശങ്കരവിജയ വിലാസം (ചിദ്വിലാസന്‍), സംക്ഷേപ ശങ്കരവിജയം (മാധവന്‍) എന്നിവയാണ് അവയില്‍ പ്രമുഖം. പാരമ്പര്യാധിഷ്ഠിത വീക്ഷണം, ബൃഹദ് ശങ്കരവിജയം, പ്രാചീന ശങ്കരവിജയം, പുണ്യശ്ലോക മഞ്ജരി, ജഗദ്ഗുരു രത്‌നമാല, ആത്മബോധരുടെ സുഷമ എന്ന വ്യാഖ്യാനം എന്നിവയെ ആശ്രയിക്കുന്നു. അദ്ദേഹത്തിന്റെ ജനനം 508 ബി.സിയും ചരമം 476 ബി.സിയുമാണെന്ന് കാഞ്ചിമഠവും ജൈനരുടെ യുധിഷ്ഠിരവര്‍ഷ ഗണനപ്രകാരം മരണം 474 ആണെന്ന് പാണ്‌ഡേയും9 കരുതുന്നു. ശങ്കരാചാര്യര്‍ സ്ഥാപിച്ചതെന്ന് ഭൂരിപക്ഷം പേരും വിശ്വസിക്കുന്ന ദ്വാരകാപീഠത്തില്‍ ബി.സി. 506-474/509-477/523-491, ബദരിയില്‍ ബി.സി. 481, ജ്യോതിര്‍മഠത്തില്‍ ബി.സി. 485, പുരിയില്‍ ബി.സി. 484, ശൃംഗേരിയില്‍ ബി.സി. 44 എന്നും എ.ഡി. 654-55 എന്നും രണ്ട് വിധത്തിലും വ്യത്യസ്തമായ കാലങ്ങളാണ് കാണുന്നത്.10 ശൃംഗേരി ആദ്യം സ്വീകരിച്ചിരുന്ന ബി.സി. 44 എന്ന നിലപാട് പിന്നീട് മാറ്റി. ശങ്കരസത് പഥ, ശങ്കരവിജയ, ബൃഹത് ശങ്കരവിജയം എന്നീ കൃതികളില്‍ ജ്യോതിശാസ്ത്ര ഗണിതമനുസരിച്ച് ബി.സി. 509 എന്ന് കാണുന്നു. ദിവ്യദ്വാരക എന്ന ഗ്രന്ഥത്തില്‍ 11 യുധിഷ്ഠിര വര്‍ഷം 1631 ലാണ് ശങ്കരാവതാരം. സമാധി 2663. അതിന് സമാനമായ ക്രി.വ. ബി.സി. 506 ഉം സമാധി വര്‍ഷം 474 ഉം ആണെന്ന് ജ്യോതിഷിയായ എന്‍. ശിവന്‍കുട്ടി നായര്‍ കണക്ക് കൂട്ടിയിട്ടുണ്ട്. ജി.സി. 2624 ബി.സിയിലാണ് യുധിഷ്ഠിരവര്‍ഷം തുടങ്ങിയതെന്നാണ് പാണ്‌ഡെയുടെ പക്ഷം. കാലഗണനകളില്‍ കാണുന്ന ഈ വ്യത്യാസങ്ങള്‍ക്ക്് കാരണം യുധിഷ്ഠിര വര്‍ഷം ഹിന്ദുക്കളും ഇതരരും രണ്ട് രീതിയില്‍ കണക്ക് കൂട്ടുന്നതും ചിലര്‍ കലിവര്‍ഷത്തില്‍ കണക്ക് കൂട്ടുന്നതുമാണെന്നര്‍ഥം.
ശ്രീശങ്കരന്റെ ഗുരു ഗോവിന്ദപാദരും ഗോവിന്ദപാദരുടെ ഗുരു ഗൗഡപാദരുമാണെന്ന് പൊതുവേ എല്ലാവരും സമ്മതിക്കുന്നുണ്ടെങ്കിലും അവരുടെ കാലത്തപ്പറ്റിയുമില്ല അഭിപ്രായൈക്യം. ഗൗഡപാദരുടെ ഗുരു ശുകമുനി. (ഗൗഡപാദര്‍ പിന്നീട് ബാദരികാശ്രമത്തില്‍ ചെന്ന് ബാദരായണന്റെ പുത്രനായ ശുകയോഗീന്ദ്രന്റെ ശിഷ്യനായി).
ഗൗഡപാദരുടെ മറ്റൊരു ശിഷ്യനാണ് ഉപവര്‍ഷന്‍. ഉപവര്‍ഷന്‍ പതഞ്ജലിയുടെ സമകാലികനാണ്. പാണിനിയുടെ അഷ്ടാധ്യായിക്ക് വ്യാഖ്യാനമെഴുതിയ പതഞ്ജലിയില്‍ നിന്നാണ് ഗൗഡപാദര്‍ പുണ്ഡരീകപുരത്ത് (ചിദംബരം) വച്ച് മഹാഭാഷ്യം പഠിച്ചത്. ഗോവിന്ദഭഗവദ് പാദര്‍ കാശ്മീരുകാരനായ ഒരു സന്യാസിയാണെന്നും അദ്ദേഹത്തിന്റെ പൂര്‍വാശ്രമത്തിലെ പേര് ചന്ദ്രശര്‍മ്മയെന്നാണെന്നും ഗുരുവായ പതഞ്ജലിയുടെ ശാപത്താല്‍ അദ്ദേഹം ബ്രഹ്മരക്ഷസ്സായി മാറിയെന്നും ശ്രീശങ്കരനുമായി കണ്ടുമുട്ടിയതോടെ അദ്ദേഹത്തിന് ശാപമോക്ഷം കിട്ടിയെന്നുമാണ് ഐതിഹ്യം. അവര്‍ കണ്ടുമുട്ടിയ സ്ഥലവും വാദഗ്രസ്തമാണ്. ബി.സിയിലാണ് ശ്രീശങ്കരാചാര്യരുടെ ജീവിതകാലമെന്ന് വിശ്വസിക്കുന്നവരുടെ വീക്ഷണത്തില്‍ എ.ഡി. എട്ടാം നൂറ്റാണ്ടിലെ ശങ്കരാചാര്യര്‍ ചിദംബരത്ത് ജനിച്ച് കാശ്മീരിലെ ദത്താത്രേയ ഗുഹയില്‍ അപ്രത്യക്ഷനായ അഭിനവശങ്കരനും, ബി.സി. അഞ്ചോ, അതിനടുപ്പിച്ചോ കാലടിയില്‍ പിറന്നത് ധിഷണാശാലിയായ അദ്വൈതവേദാന്തി ആദിശങ്കരനുമാണ്.
വിവാദധാരാളിത്വം മൂലം ജഡിലമായ ശങ്കരാചാര്യരുടെ കാലഗണന മുഴുവന്‍ പരിശോധിച്ച ജി.സി. പാണ്ഡേയുടെ അഭിപ്രായത്തില്‍, ശങ്കരാചാര്യരുടെ കാലഘട്ടത്തിന് വളരെക്കാലത്തിനുശേഷം എഴുതപ്പെട്ടിട്ടുള്ള വിവിധ സാഹിത്യകൃതികളിലെ തീയതികളുടെ പരാമര്‍ശങ്ങളെയോ, രാഷ്ട്രീയചരിത്ര സാഹചര്യത്തിലെ ഉറപ്പായ കാലികൈക്യങ്ങളെയൊ ആധാരമാക്കി ശങ്കരാചാര്യരുടെ തീയതി നിര്‍ണയിക്കാന്‍ കഴിയുകില്ലെന്നത് സുവ്യക്തമാണ്; ഫലവത്തായ ഏകരീതി, ശങ്കരാചാര്യര്‍ സ്വന്തം കൃതികളിലുപയോഗിച്ചിട്ടുള്ളതോ, അദ്ദേഹത്തെ പരാമര്‍ശിച്ചിട്ടുള്ളതോ ആയ മറ്റ് ഗ്രന്ഥകാരന്മാരുടെയോ, തത്വചിന്തകരുടെയോ തീയതികള്‍ പരിഗണിക്കുകയാണ്’.12 തുടര്‍ന്ന് അത്തരമൊരുശ്രമം അദ്ദേഹം നടത്തുന്നുണ്ടെങ്കിലും ചില പ്രധാന ചോദ്യങ്ങളിലേയ്ക്കും സംശയങ്ങളിലേയ്ക്കും അദ്ദേഹവും കടക്കുന്നില്ല. ശങ്കരന്‍ ഗൗഡപാദരുടെ ശിഷ്യന്റെ ശിഷ്യനായിരുന്നു; ധര്‍മ്മകീര്‍ത്തിക്ക് ശേഷമായിരുന്നു; കുമരിലന്റെ പ്രായംകുറഞ്ഞ സമകാലികനായിരുന്നു; മണ്ഡനന്റെയും ക്രമേണ ശങ്കരശിഷ്യനായി മാറിയ സുരേശ്വരന്റെയും സമകാലികനായിരുന്നു; ഭാസ്‌കരന് മുമ്പായിരുന്നു; സ്വതന്ത്ര പരമാധികാര രാജ്യമില്ലാതിരുന്ന കാലവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പശ്ചാത്തലമായിരുന്നു ശങ്കരന്റേത് എന്നീ ആറ് ബിന്ദുക്കള്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള പാണ്ഡേയുടെ വിശകലനത്തില്‍ ഗൗഡപാദര്‍ എ.ഡി. 500 നും 600 നുമിടയിലാണ് ജീവിച്ചിരുന്നതെന്ന് സാഹിതീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഊഹിക്കാമെന്നാണ് പറയുന്നത്.
ഹുയാങ്‌സാങ് സൂചിപ്പിച്ചിട്ടില്ലാത്തതിനാലും ഇറ്റിസിങ് സൂചിപ്പിച്ചിട്ടുള്ളതിനാലും ധര്‍മ്മകീര്‍ത്തി 7-ാം നൂറ്റാണ്ട് മധ്യത്തിലായിരുന്നുവെന്ന് ഊഹിച്ചശേഷം 580-650 ല്‍ അദ്ദേഹത്തെ സ്ഥാപിക്കുകയും ദിങ്‌നാഗന്റെ കാലം 480-540 എന്നുറപ്പിക്കുകയും ധര്‍മ്മപാലനും ഈശ്വരസേനനും 6-ാം നൂറ്റാണ്ടിന്റെ രണ്ടാംപാദത്തിലുംവരാമെന്ന് നിരീക്ഷിക്കുകയും ചെയ്യുന്നു.13 ഇങ്ങനെ ഊഹാധിഷ്ഠിതമായ ചര്‍ച്ചയുടെ ഒടുവില്‍ പാണ്‌ഡേ ശങ്കരാചാര്യരുടെ കാലം എ.ഡി. 650-700 എന്ന് സ്ഥാപിക്കുന്നു.14 ഇവയില്‍ പരാമര്‍ശിക്കപ്പെടുന്നതിലൊരാളുടെയും ജീവിതകാലം തര്‍ക്കമറ്റതല്ലെന്നതി നാല്‍ ഇവയിലൊരുകാര്യം പോലും സുനിശ്ചിതമായി തീര്‍പ്പുകല്‍പ്പിക്കാന്‍തക്ക തെളിവുകളുള്ളവയല്ല. ശങ്കരന്റെ കാലത്ത് ഒരു സ്വതന്ത്രപരമാധികാര രാജ്യമില്ലായിരുന്നുവെന്നത് കേരളത്തില്‍ എ.ഡി. 4 മുതല്‍ 7 വരെയുള്ള കാലത്ത് ശരിയാണെങ്കിലും 8-ാം നൂറ്റാണ്ടോടെ കുലശേഖരസാമ്രാജ്യം ആധിപത്യത്തിലെത്തി; തമിഴകത്താകട്ടെ വീണ്ടും ചോളപാണ്ഡ്യന്മാരും. വടക്കേ ഇന്ത്യയില്‍ ഹര്‍ഷവര്‍ദ്ധനനെത്തുടര്‍ന്ന് പ്രതിഹാര സാമ്രാജ്യം, രാഷ്ട്രകൂടര്‍, പാലര്‍, ചാലൂക്യര്‍ എന്നിവരുടെ ആധിപത്യങ്ങള്‍ എ.ഡി. 12 വരെ മാറിമാറി നിലവിലിരുന്നു. അതിനാല്‍, എ.ഡി. എട്ടാം നൂറ്റാണ്ടിലാണ് ശങ്കരാചാര്യരുടെ കാലമെങ്കില്‍ ഈ സാഹചര്യങ്ങള്‍ പാണ്‌ഡേയുടെ വാദത്തെ ന്യായീകരിക്കുന്നതല്ല. അതിനാലാകണം അദ്ദേഹം 650-700 ആചാര്യരുടെ കാലമായി നിര്‍ണയിച്ചത്. പക്ഷേ, വീണ്ടും അദ്ദേഹമെഴുതുന്നത് നോക്കുക: ഗുപ്തകാലഘട്ടത്തിന്റെ അന്ത്യത്തില്‍ ആഢ്യകാലഘട്ടം (ക്ലാസിക്കല്‍ കാലഘട്ടം) തളരുകയും സാമൂഹികമായ നിരാശതയുടെയും തകര്‍ച്ചയുടെയും ശബ്ദമുയരുകയും കലിയുഗ സങ്കല്‍ പ്പം വിപുലീകൃതമാകുകയും ചെയ്തു. ജീവിതത്തോടുള്ള സമീപനങ്ങളില്‍ ഭക്തിയുടെയും ലൗകികതയുടെയും അന്ധവിശ്വാസങ്ങളുടെയും യുക്തിപരതയുടെതുമായ വ്യക്തമായ സമ്മിശ്രവികാരങ്ങള്‍ ശ്രദ്ധേയമായ തരത്തില്‍ പ്രത്യക്ഷപ്പെട്ടു. ശങ്കരന്‍ ഈ പരിണാമഘട്ടവുമായി ബന്ധപ്പെട്ടാണ് വരുന്നത്. അദ്ദേഹം വൈദിക പാരമ്പര്യത്തില്‍ കര്‍മ്മത്തിനുമേല്‍ ജ്ഞാനത്തിന്റെ മേല്‍ക്കോയ്മ ഉറപ്പാക്കുകയും ഒരു ദാര്‍ശനിക മതമെന്ന നിലയില്‍ വേദാന്തത്തിന്റെ പരിധിക്കുള്ളിലേയ്ക്ക് പ്രായോഗിക മതങ്ങളായ പുരാണ-താന്ത്രിക സങ്കല്‍പ്പങ്ങളെ ഇണക്കിച്ചേര്‍ ക്കുന്നതിനുള്ള താത്വികാടിത്തറ നല്‍കുകയും ചെയ്തു.15
(തുടരും)
പരാമൃഷ്ട കൃതികള്‍
1 Life and Thought of Sankaraacaarya പു.35 MLBD 2004
2 ibid p. 52
3 കേരള സാഹിത്യ ചരിത്രം ഭാഗം 1 പു.112 കേരള സര്‍വകലാശാല
4 Life and Thought of Sankaraacaarya p.78
5 Age of Sankara p. 261 Narayana Sastri M.G. Paul 1971
6 Ibid പു. 258
7 ശിവന്‍കുട്ടി നായര്‍ വരിക്കാശേരി മഠം മുണ്ടൂര്‍ പാലക്കാട് (എനിക്കയച്ച കത്ത്)
8 Age of Sankara Introduction p. 4
9 Life and Thought of Sankaraacaarya p .42 Govinda Chandra Pandey
10 Ibid p.44
11 ദിവ്യദ്വാരക പു 51 പ്രസാ: ദണ്ഡിസ്വാമി ശ്രീ സദാനന്ദ സരസ്വതി
ശ്രീ ദ്വാരകാധീശ സംസ്‌കൃത അക്കാദമി 2014
2 Life and Thought of Sankaraacharya p.49
13 Ibid ]p.51
14 Ibid ]p.52
15 Ibid ]p.69