മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ ആഭിമുഖ്യത്തില്‍ 2021 ജൂലായ് 4ന് യു.പിയിലെ ഗാസിയാബാദില്‍ വെച്ചു നടന്ന പുസ്തകപ്രകാശന ചടങ്ങില്‍ ആര്‍.എസ്.എസ്. സര്‍സംഘചാലക് ഡോ.മോഹന്‍ഭാഗവത് നടത്തിയ പ്രഭാഷണത്തിന് മാധ്യമങ്ങള്‍ വലിയ പ്രാധാന്യമാണ് നല്‍കിയത്. ഡോ.ഖ്യാജ ഇഫ്തിഖാര്‍ അഹമ്മദിന്റെ ‘ദി മീറ്റിംഗ് ഓഫ് മൈന്റ്‌സ് എ ബ്രിഡ്ജിംഗ് ഇനീഷ്യേറ്റീവ് ‘എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് അദ്ദേഹം നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍.
ഇതൊരു പ്രതിച്ഛായാ നിര്‍മ്മിതിയോ രാഷ്ട്രീയ കരുനീക്കമോ അല്ല. പ്രതിച്ഛായയെക്കുറിച്ച് സംഘം ഒരിക്കലും ശ്രദ്ധിക്കാറില്ല. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ട് കിട്ടാനുള്ള ഒരു ശ്രമവുമല്ല ഇത്. കാരണം വോട്ടുരാഷ്ട്രീയമോ കക്ഷിരാഷ്ട്രീയമോ സംഘപ്രവര്‍ത്തനത്തിന്റെ ഭാഗമല്ല. ശരിയാണ്, രാഷ്ട്രത്തില്‍ എന്തു നടക്കണം, എന്തു നടക്കരുത് എന്നീ കാര്യങ്ങളില്‍ സംഘത്തിന് ഉറച്ച ആശയങ്ങളുണ്ട്. ഞങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയ കക്ഷിക്കല്ല, രാഷ്ട്രതാല്‍പര്യത്തിനാണ് പ്രാധാന്യം നല്‍കുന്നത്. രാഷ്ട്രതാല്‍പര്യത്തിനെതിരെ ആര് എന്ത് പറഞ്ഞാലും അതിനെ എതിര്‍ക്കും. അതുപോലെ അതിനനുകൂലമായി എന്തു വന്നാലും അതിനെ പിന്തുണക്കുകയും ചെയ്യും.
കക്ഷിരാഷ്ട്രീയത്തിനു ചെയ്യാന്‍ കഴിയാത്ത ചില കാര്യങ്ങളുണ്ട്. കക്ഷിരാഷ്ട്രീയം നശിപ്പിക്കുന്ന ചില കാര്യങ്ങളുമുണ്ട്. വ്യക്തികളെ ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനം കക്ഷിരാഷ്ട്രീയത്തിലൂടെ ചെയ്യാന്‍ സാദ്ധ്യമല്ല.
ഹിന്ദു-മുസ്ലിം ഐക്യത്തിനുവേണ്ടി ആത്മാര്‍ത്ഥമായി ആഹ്വാനം ചെയ്യുകയും ചരിത്രവസ്തുതകളെ അതേപടി അവതരിപ്പിക്കുകയും ചെയ്യുന്ന പുസ്തകമാണിത്. അതുകൊണ്ടാണ് ഞാന്‍ ഈ ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിച്ചത്.
സംഘടിതമായ ഒരു സമൂഹം ഇല്ലാതെ രാഷ്ട്രീയ പുരോഗതി സാദ്ധ്യമല്ല. വെറുമൊരു ഘടനയല്ല സംഘടിത സമൂഹമെന്നത്. സ്വന്തമെന്ന ഭാവത്തോടെ പരസ്പരം ബന്ധപ്പെട്ടു നില്‍ക്കുന്ന ഒന്നാണത്.
ഹിന്ദു-മുസ്ലിം ഐക്യം എന്നത് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഒരാശയമാണ്. ഭാരതത്തിലെ ഹിന്ദുക്കളും മുസ്ലിങ്ങളും ബന്ധപ്പെട്ടുനില്‍ക്കുന്നതിനാല്‍ നമ്മള്‍ ഒന്നാണ് എന്നതാണ് ഞങ്ങളുടെ വിശ്വാസം. നമ്മള്‍ ബന്ധപ്പെട്ടവരല്ല എന്ന് എപ്പോള്‍ കരുതാന്‍ തുടങ്ങുന്നുവോ അതോടെ രണ്ടുകൂട്ടരും പ്രതിബന്ധത്തിലാകും. ഭാരതീയ പാരമ്പര്യമനുസരിച്ച്, ആരാധനയിലെ വ്യത്യാസംകൊണ്ട് നാം വ്യത്യസ്തരാകേണ്ടതില്ല. ഭാരതത്തില്‍ സാകാരരൂപത്തിലും നിരാകാരരൂപത്തിലുമുള്ള ദേവതകളെ ആരാധിക്കുന്ന സമ്പ്രദായങ്ങളുണ്ട്. വ്യക്തിപരമായി നമ്മള്‍ ഇതിലേതെങ്കിലും ഒന്ന് പിന്തുടരുന്നുണ്ടാകാം. പക്ഷെ മറ്റ് സമ്പ്രദായങ്ങളെ ബഹുമാനിക്കുന്നു. അത് നമ്മുടെ ആരാധനാരീതിയെയോ ഭക്തിയെയോ ബാധിക്കേണ്ട കാര്യമില്ല.
സമൃദ്ധിയോടെ നമ്മെ പരിപോഷിപ്പിക്കുന്ന പൊതുവായ മാതൃഭൂമിയാണ് നമ്മുടെ ഏകതയുടെയും ഐക്യത്തിന്റെയും ആദ്യത്തെ അടിസ്ഥാനം.
ജനസംഖ്യാ വിസ്‌ഫോടനം ഒരു വലിയ പ്രശ്‌നമായി ഉയര്‍ന്നുവരുന്നുണ്ടെങ്കിലും ഭവിയില്‍ അതിനെയും നമുക്ക് അഭിമുഖീകരിക്കേണ്ടി വരുമെങ്കിലും ഇപ്പോഴത്തെ സ്ഥിതിയില്‍ നിലവിലുള്ള മുഴുവന്‍ ജനതയെയും സംരക്ഷിക്കാനാവശ്യമായ വിഭവങ്ങള്‍ നമ്മുടെ പുണ്യഭൂമി നല്‍കുന്നുണ്ട്.
ഈ മാതൃഭൂമി കാരണമായി ഭക്ഷണം, ഭാഷകള്‍, വിശ്വാസങ്ങള്‍ തുടങ്ങിയവയുടെ രൂപത്തില്‍ നമുക്ക് സാംസ്‌കാരിക വൈവിധ്യമുണ്ട്. ഇതാണ് നമ്മെ ബന്ധിപ്പിക്കുന്ന രണ്ടാമത്തെ ഘടകം.
പൊതുവായ പൈതൃകമാണ് നമ്മെ ഒന്നിപ്പിക്കുന്ന മൂന്നാമത്തെ കാര്യം. ഭാരതത്തില്‍ ജീവിക്കുന്ന മുഴുവന്‍ ജനങ്ങളുടെയും ഡി.എന്‍.എ. ഒന്നാണെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വസ്തുതയാണ്.
ഈ പുസ്തകത്തില്‍ ഗ്രന്ഥകര്‍ത്താവ് പറയുന്നതുപോലെ, ഖിലാഫത്ത് പ്രക്ഷോഭത്തിനു ശേഷമാണ് ഹിന്ദുത്വം എന്ന പദം പ്രചാരത്തില്‍ വന്നത്. ഏതാണ്ട് ഇതേ സമയത്താണ് സംഘത്തിന്റെ ചിന്താപദ്ധതിയും രൂപപ്പെട്ടുവന്നത്. ഹിന്ദുക്കളുടെ ദുരവസ്ഥയ്ക്ക് ബ്രിട്ടീഷുകാരെയും മുസ്‌ലിങ്ങളെയും കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്നായിരുന്നു ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ വിശ്വസിച്ചിരുന്നത്. പ്രാചീന സമൂഹവും പാവനമായ ചിന്തകളും ഉണ്ടായിരുന്നെങ്കിലും കോളനി വല്‍ക്കരണത്തെ നേരിടേണ്ടിവന്നതിനു പിന്നില്‍ ഹിന്ദുസമൂഹത്തിലെ ചില ഭിന്നതകളും കാരണമായിട്ടുണ്ട്. ഈ പരിമിതികളെ നേരിടണമെന്ന ഉറച്ച വിശ്വാസമാണ് ഡോക്ടര്‍ ഹെഡ്‌ഗേവാറിന് ഉണ്ടായിരുന്നത്.
;;;;;;;;;;;;;;;;;;;;;;;;
തീര്‍ച്ചയായും ചരിത്രപരമായി തകര്‍ച്ചയിലേക്ക് നയിക്കുന്ന ചില തടസ്സങ്ങള്‍ ഉണ്ടായിരുന്നു. അവയില്‍ ചിലത് ഇന്നും തുടരുന്നുണ്ട്. ന്യുനപക്ഷങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവരുടെ (ഒരേ സമൂഹത്തിന്റെ ഊടും പാവുമാണ് അവരെന്നതുകൊണ്ടാണ് വിളിക്കുന്നവര്‍ എന്ന് പറയുന്നത്) പേരിലുള്ള ന്യൂനപക്ഷവാദമല്ല. സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്നാണ് സംഘം ഉറച്ചു വിശ്വസിക്കുന്നത്.
ഭൂരിപക്ഷത്തിന്റെ ഭരണം സൃഷ്ടിക്കപ്പെടുമെന്നും ഇസ്ലാം അപകടത്തിലാകുമെന്നുമുള്ള ഭയം സംഘത്തെക്കുറിച്ച് പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഈ മണ്ണിലേക്ക് ആരെല്ലാം കടന്നുവന്നിട്ടുണ്ടെന്നും അവരെല്ലാം സ്വന്തം സവിശേഷതകളുമായി ഇവിടെ തുടരുന്നുണ്ടെന്നുമുള്ള കാര്യം നാം ഓര്‍ക്കേണ്ടതുണ്ട്. ഭരണഘടനാ വകുപ്പുകളില്‍ പോലും പ്രതിഫലിച്ച നമ്മുടെ പാരമ്പര്യമാണിത്. ഏതെങ്കിലും കാര്യത്തില്‍ അതിരുകടന്നിട്ടുണ്ടെങ്കില്‍ ഭൂരിപക്ഷ സമൂഹത്തില്‍ നിന്നു തന്നെ അതിനെതിരായ ശബ്ദങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.
എനിക്കുവേണമെങ്കില്‍ അക്രാമിക പ്രസംഗങ്ങളിലൂടെ പ്രശസ്തനാകാം. പക്ഷെ ഹിന്ദുസമൂഹം ഒരിക്കലും അവയെ പൂര്‍ണ്ണ മനസ്സോടെ സ്വീകരിക്കുകയില്ല. അതുകൊണ്ടാണ് മുസ്ലിങ്ങള്‍ ഇവിടെ ജീവിക്കരുതെന്ന് ഏതെങ്കിലും ഹിന്ദു പറയുകയാണെങ്കില്‍ അയാള്‍ക്ക് ഹിന്ദുവായി ഇവിടെ തുടരാന്‍ അര്‍ഹതയില്ലെന്ന് ഞാന്‍ മുമ്പു പറഞ്ഞത്.
സംഘത്തില്‍ ഇതാദ്യം പറയുന്നയാള്‍ ഞാനല്ല. ഡോക്ടര്‍ ഹെഡ്‌ഗേവാറിന്റെ കാലം മുതല്‍ ഇതാണ് ഞങ്ങളുടെ ചിന്താഗതി. ശ്രീ ഗുരുജിയും ബാലാസാഹേബ് ദേവറസ്ജിയും വ്യത്യസ്ത വാക്കുകളില്‍ ഇതേകാര്യം പറഞ്ഞിട്ടുണ്ട്. അക്കാലത്ത് സംഘത്തിന് ശക്തിയും സ്വാധീനവും കുറവായിരുന്നു. ഇന്നത് വര്‍ദ്ധിച്ചതുകൊണ്ട് ജനങ്ങള്‍ ശ്രദ്ധിക്കുന്നു. ഇതേ വ്യത്യാസമുള്ളൂ.
ഹിന്ദുസ്ഥാന്‍, അതായത് ഈ രാഷ്ട്രം ഒരു ഏകദേശീയ അസ്തിത്വമാണ്. ചരിത്രം ഉള്‍പ്പെടെ നാം മനസ്സിലാക്കിയ ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും നാം പൊതുവായ പൂര്‍വ്വികരുടെ പിന്മുറക്കാരും ഒരൊറ്റ സമൂഹവുമാണെന്ന കാര്യം മാറ്റമില്ലാത്തതാണ്. സങ്കുചിത താല്‍പര്യങ്ങളുടെയും വിലപേശല്‍ തന്ത്രത്തിന്റെയും അടിസ്ഥാനത്തില്‍ ഐക്യം നിലനിര്‍ത്താന്‍ കഴിയില്ല.
സ്വാംശീകരണത്തിനുള്ള നിരവധി പരിശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇസ്ലാം ഭാരതത്തിലേക്ക് കടന്നുവന്നത് മുഖ്യമായും അക്രമകാരികളിലൂടെയാണ്. ഈ ചരിത്രവസ്തുതയെ മാറ്റാന്‍ എനിക്കോ നിങ്ങള്‍ക്കോ സാദ്ധ്യമല്ല. ഗുരുനാനാക്ക് ദേവിനെയും തുക്കാറാം മഹാരാജിനെയും പോലുള്ള നിരവധി പേര്‍ ഭാരതത്തില്‍ സംവാദത്തിന്റെ പ്രാധാന്യം ബോദ്ധ്യപ്പെടുത്താന്‍ പരിശ്രമിച്ചിട്ടുണ്ട്. ഇതുവരെ നടന്ന ശ്രമങ്ങളെല്ലാം രാഷ്ട്രീയപരമായതുകൊണ്ട് വിജയിച്ചിട്ടില്ല. സമൂഹത്തിലെ ഉത്തരവാദപ്പെട്ട പ്രമുഖ വ്യക്തികള്‍ ഒരു ദീര്‍ഘകാല പ്രക്രിയയായി ഇത് ഏറ്റെടുക്കണം. പെട്ടെന്നു തന്നെ ഇല്ലാതാക്കാന്‍ കഴിയാത്ത ചരിത്രപരമായ മുറിവുകളുമുണ്ട്.
ദേശീയ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായി എന്തെങ്കിലും വന്നാല്‍ അത് ഹിന്ദുവിന്റെ ഭാഗത്തു നിന്നായാല്‍പ്പോലും ഹിന്ദുക്കള്‍ എതിര്‍ക്കുമെന്നതാണ് പൊതുവായ അനുഭവം. എന്നാല്‍ മുസ്ലിം സമൂഹത്തില്‍ അങ്ങനെ സംഭവിക്കുന്നതായി കാണപ്പെടുന്നില്ല. ആന്തരികമായി ചില പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം, പക്ഷെ പുറത്തേക്ക് അങ്ങനെ കാണപ്പെടുന്നില്ല.
തങ്ങളുടേത് ഒരു ഹിന്ദു സംഘടനയാണെന്നും ഹിന്ദുക്കളെ ശക്തിശാലികളാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും സംഘ സ്വയംസേവകര്‍ക്ക് അറിയാം. പക്ഷെ ഹിന്ദുവിനെ സംബന്ധിച്ച നമ്മുടെ കാഴ്ചപ്പാട് വസുധൈവകുടുംബകം എന്നുളളതാണ്. വിയോജിപ്പുകൊണ്ട് പരിഹാരമുണ്ടാവില്ല. സംഭാഷണമാണ് ആവശ്യം. ഏതെങ്കിലും ഒരു സന്ദര്‍ഭത്തില്‍ പരസ്പരം മനസ്സിലാക്കുകയും നമ്മുടെ രാജ്യത്തെ മഹത്തരമാക്കുന്നതിന് എല്ലാവരും ഒന്നിച്ചു മുന്നേറുകയും വേണം. സമൂഹത്തിന്റെ താല്‍പര്യം മാനിച്ച്, സങ്കുചിത താല്‍പര്യങ്ങളില്‍ നിന്ന് ഉയര്‍ന്ന് മാതൃഭൂമിയെയും അതിന്റെ പാരമ്പര്യം, സംസ്‌കാരം, പൈതൃകം എന്നിവയെയും നമ്മെ യോജിപ്പിച്ചു നിര്‍ത്തുന്ന ഘടകങ്ങളായി സ്വീകരിക്കുകയും വേണം. ഇങ്ങനെ ചെയ്യുമ്പോള്‍ ആരും സ്വന്തം ആരാധനാ രീതിയെ ഉപേക്ഷിക്കേണ്ടതില്ല. പലവിധ വഴികളുണ്ടാകാം, പക്ഷെ ആത്യന്തിക സത്യം ഒന്നാണെന്നതാണ് നമ്മുടെ ദേശീയ ചിന്താഗതി.
ഇതൊരു ലക്ഷ്യസ്ഥാനമല്ല, ചെറിയൊരു തുടക്കമാണ്. പല തടസ്സങ്ങളും ഉണ്ടായേക്കാം. പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താനായി പലവിധ ശക്തികളും പല സമയത്തായി ഉയര്‍ന്നുവന്നേക്കാം. യുദ്ധങ്ങള്‍, വിദ്വേഷം, കലാപങ്ങള്‍ തുടങ്ങിയവയെല്ലാം സ്വാഭാവികമായും മനസ്സിനെ സ്വാധീനിക്കുന്ന ചരിത്രവസ്തുതകളാണ്. പാകിസ്ഥാന്റെ സൃഷ്ടിയിലേക്കു നയിച്ച ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ കാലത്തും ഇതേ കാര്യം സംഭവിച്ചിട്ടുണ്ട്. ഈ ചരിത്ര പശ്ചാത്തലം പരസ്പരം അവിശ്വാസവും അന്യവല്‍ക്കരണവും ഉണ്ടാക്കിയിട്ടുണ്ട്. അതിനെയാണ് നമുക്ക് നീക്കംചെയ്യേണ്ടത്. തടസ്സങ്ങളെ മറികടക്കാന്‍ കഴിയില്ല എന്നു കരുതരുത്. അതിനുവേണ്ടി സമൂഹമനസ്സില്‍ നിന്ന് നിഷേധമനോഭാവത്തെ ഇല്ലാതാക്കണം. വസ്തുതകളെ ഒളിച്ചുവെക്കുകയോ നിഷേധിക്കുകയോ ചെയ്യുകയല്ല മറിച്ച് എങ്ങനെയാണോ അങ്ങനെ തന്നെ അംഗീകരിക്കണം.
ഹിന്ദുസ്ഥാന്‍ ഒരു ഹിന്ദുരാഷ്ട്രമാണ്. ഗോമാതാവിനെ ഇവിടെ ആരാധിക്കുന്നു. പക്ഷെ ആള്‍ക്കൂട്ടക്കൊലയില്‍ ഏര്‍പെടുന്നവര്‍ ഹിന്ദുത്വത്തിനെതിരെയാണ് നീങ്ങുന്നത്. ചില സംഭവങ്ങള്‍ വളച്ചൊടിക്കപ്പെട്ടിട്ടുമുണ്ട്. ഒരു കുറ്റകൃത്യമായി അതിനെ കണക്കാക്കുകയും നിയമത്തിന്റെ ദൃഷ്ടിയില്‍ കൈകാര്യം ചെയ്യുകയും വേണം.
മുന്‍കാലത്തെ ചില ദുരനുഭവങ്ങള്‍ കാരണം ചിലര്‍ക്ക് ഈ പുതിയ തുടക്കം ഇഷ്ടപ്പെട്ടെന്നുവരില്ല. അവരെയും നമുക്ക് തയ്യാറാക്കേണ്ടതുണ്ട്. ഹിന്ദുസമൂഹം പാരമ്പര്യമനുസരിച്ചും രാഷ്ട്രമെന്ന നിലയിലും ചിന്താഗതിയിലും ഇതിന് അനുകൂലമാണ്. താഴെ തട്ടില്‍ നിന്നു ലഭിക്കുന്ന പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ നമുക്ക് ഇത് പറയാന്‍ കഴിയും. ആ വിശ്വാസത്തെ നിലനിര്‍ത്താനും ആത്മവിശ്വാസം ഉണ്ടാക്കാനുമാണ് സംഘം ശ്രമിക്കുന്നത്. ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ ഉള്ള മേല്‍ക്കോയ്മയില്ലാതെ നമുക്കെല്ലാവര്‍ക്കും ഭാരതത്തെ അതിന്റെ പരമ വൈഭവത്തിലേക്ക് എത്തിക്കാന്‍ പരിശ്രമിക്കേണ്ടതുണ്ട്. നമ്മെ സംബന്ധിച്ചിടത്തോളം ഈ മണ്ണില്‍ ജീവിക്കുന്ന എല്ലാവരും ഹിന്ദുക്കളാണ്. ഇതില്‍ ഒരാളുടെ പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാന്‍ ബാക്കിയുണ്ടെങ്കില്‍ നമുക്ക് നമ്മുടെ ലക്ഷ്യം നേടിയെന്ന് പറയാന്‍ കഴിയില്ല. ഈ മണ്ണിനെ മാതൃഭൂമിയായി കണക്കാക്കുകയും പൊതുവായ സാംസ്‌കാരിക പാരമ്പര്യത്തിലും പൈതൃകത്തിലുമാണ് നമ്മുടെ പൊതുവായ അടിത്തറയെന്നു കരുതുകയും ചെയ്തുകൊണ്ട് മാത്രമേ നമ്മുടെ സാമൂഹ്യ-സാംസ്‌കാരിക ഐക്യം സാദ്ധ്യമാവുകയുള്ളൂ. ഈ പ്രക്രിയയുടെ തുടക്കമായാണ് ഞാന്‍ ഈ പരിപാടിയെ കാണുന്നത്.
കടപ്പാട്:
ഓര്‍ഗനൈസര്‍, ജൂലൈ 18, 2021
വിവര്‍ത്തനം:സി.എം.രാമചന്ദ്രന്‍
Comments