ഇന്ത്യ-അമേരിക്ക ആണവകരാറിനെ അട്ടിമറിക്കാന്‍ ചൈന ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ഉപയോഗപ്പെടുത്തിയെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായാണ് മുന്‍ വിദേശകാര്യസെക്രട്ടറി വിജയ് ഗോഖലെയുടെ പുതിയ പുസ്തകം ‘ദി ലോംഗ് ഗെയിം: ഹൗ ദി ചൈനീസ് നെഗോഷ്യേറ്റ് വിത്ത് ഇന്ത്യ’ രണ്ടാഴ്ച മുമ്പ് പുറത്തിറങ്ങിയത്.
നയതന്ത്ര മേഖലയില്‍ 39 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ഗോഖലെ 20 വര്‍ഷക്കാലം ചെലവഴിച്ചത് ചൈനയിലായിരുന്നു. വിദേശകാര്യ മന്ത്രാലയത്തില്‍ കിഴക്കനേഷ്യയുടെ ചുമതലയുളള ജോയന്റ് സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹം 2007 മുതല്‍ 2009 വരെ ചൈനാക്കാര്യങ്ങള്‍ നോക്കിയിരുന്ന കാലത്താണ് ഇന്ത്യ-അമേരിക്ക ആണവക്കരാര്‍ ചര്‍ച്ചകള്‍ സജീവമായി നടത്തിയത്. അതുകൊണ്ടുതന്നെ വിജയ് ഗോഖലെയുടെ വെളിപ്പെടുത്തലുകള്‍ സത്യസന്ധവും ആധികാരികവുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ആണവക്കരാര്‍ വിഷയത്തില്‍ അന്ന് ചൈന നേരിട്ടിടപെടുകയോ, പ്രതിഷേധം പ്രകടിപ്പിക്കുകയോ ചെയ്തില്ല. പകരം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെയും ഇടതുപക്ഷ ചായ്‌വുള്ള മാധ്യമങ്ങളെയും ഉപയോഗപ്പെടുത്തി കരാറിനെതിരെ ആഭ്യന്തര പ്രതിഷേധം ഉയര്‍ത്താന്‍ ആസൂത്രണം ചെയ്തു എന്നാണ് പുസ്തകം വെളിപ്പെടുത്തുന്നത്.
ഇടതുപക്ഷ പിന്തുണയോടെ മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു.പി.എ. ഭരണകാലത്താണ് ഇന്ത്യ-അമേരിക്ക ആണവക്കരാര്‍ സംബന്ധിച്ച നിര്‍ണായക ചര്‍ച്ചകള്‍ നടന്നത്. ഗവണ്‍മെന്റിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സ്വാധീനം തിരിച്ചറിഞ്ഞ ചൈന വളരെ വിദഗ്ദ്ധമായി ഇത് ഉപയോഗപ്പെടുത്തുകയായിരുന്നു.
ആണവക്കരാര്‍ ചര്‍ച്ചകള്‍ സജീവമായിരുന്ന 2007-08 കാലത്ത് സി.പി.ഐയുടെയും സി.പി.എമ്മിന്റെയും ഉന്നതനേതാക്കള്‍ ചര്‍ച്ചകള്‍ക്കും ചികിത്സക്കുമായി പല തവണ ചൈന സന്ദര്‍ശിച്ചിരുന്നു. ക്യാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള വിദേശരാഷ്ട്ര പ്രതിനിധികള്‍ക്കുപോലും ചൈനീസ് പ്രസിഡന്റിനെ കാണാന്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇന്ത്യയിലെ രണ്ടോ മൂന്നോ സംസ്ഥാനങ്ങളില്‍ മാത്രം നിലനില്‍ക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍ യഥേഷ്ടം പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ചൈനീസ് ഭരണകൂടവുമായി ചര്‍ച്ചകള്‍ നടത്തി എന്നത് ദുരൂഹമാണ്.
ഇക്കാലഘട്ടങ്ങളില്‍ ഇന്ത്യയൊട്ടാകെ വിശേഷിച്ച് ബംഗാളിലും കേരളത്തിലും ആണവക്കരാറിനെതിരെ വ്യാപകമായ ദുഷ്പ്രചരണങ്ങളാണ് ഇടതുപക്ഷം അഴിച്ചുവിട്ടത്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് – ജിഹാദി – മാധ്യമകൂട്ടുകെട്ടിന്റെ ആസൂത്രിത പ്രവര്‍ത്തനങ്ങള്‍ പ്രകടമായിരുന്നു.
കമ്മ്യൂണിസ്റ്റ് ചൈന ആണവ ശക്തിയായി മാറിയതിനെ അനുകൂലിക്കുകയും അത് സാമ്രാജ്യത്വത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗമായി വ്യഖ്യാനിക്കുകയും ചെയ്ത ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ഭാരതം ആണവശക്തിയായി മാറുന്നതിനെ എതിര്‍ക്കുന്നതിന്റെ യുക്തി അന്ന് പൊതുസമൂഹത്തില്‍ ചോദ്യം ചെയ്യപ്പെട്ടതാണ്.
ഭാരതവിരുദ്ധ സമീപനങ്ങളുടെയും രാഷ്ട്രത്തിനകത്ത് ആഭ്യന്തര ശൈഥില്യമുണ്ടാക്കാനുള്ള കുത്സിത ശ്രമങ്ങളുടെയും നീണ്ട ചരിത്രമാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളത്.
രണ്ടാം ലോകയുദ്ധകാലത്ത് കമ്മ്യൂണിസ്റ്റ് റഷ്യയുടെ താല്‍പര്യം മുന്‍നിര്‍ത്തി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ബ്രിട്ടനെ സഹായിച്ചത് കുപ്രസിദ്ധമാണല്ലോ.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെയും ദേശീയ പ്രസ്ഥാനങ്ങളെയും നിരന്തരം പിന്നില്‍ നിന്ന് കുത്തിക്കൊണ്ടിരുന്നവര്‍ പട്ടിണിയും ദാരിദ്ര്യവും പടര്‍ന്ന് പിടിച്ച നാളുകളില്‍ ഭക്ഷ്യധാന്യങ്ങളുമായി ബോംബെ തുറമുഖത്തെത്തിയ കപ്പലുകളെ തുറമുഖതൊഴിലാളികളെ അണിനിരത്തി തടഞ്ഞ് ഇറക്കുമതി തടസ്സപ്പെടുത്തി. 1942ലെ ‘ക്വിറ്റ് ഇന്ത്യ’ സമരത്തെ ബ്രിട്ടന് ഒറ്റിക്കൊടുത്തു. ഔദ്യോഗിക പ്രസിദ്ധീകരണമായ ‘പീപ്പിള്‍സ് വാറി’ലൂടെ മഹാത്മാഗാന്ധി, ജയപ്രകാശ് നാരായണന്‍, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ ദേശീയ നേതാക്കള്‍ക്കും ദേശീയ പ്രസ്ഥാനങ്ങള്‍ക്കുമെതിരെ നിരന്തരം അപഹാസ്യ പ്രചാരണങ്ങള്‍ നടത്തി. 1947 ആഗസ്റ്റ് 15ലെ സ്വാതന്ത്ര്യ പുലരിയെ ആപത്ത് പതിനഞ്ചെന്ന് ആക്ഷേപിച്ചു.
ഭാരതത്തെ വെട്ടിമുറിച്ച് പാകിസ്ഥാന്‍ രൂപീകരിച്ചപ്പോള്‍ ഇന്ത്യ ഒരൊറ്റ രാഷ്ട്രമല്ലെന്നും പതിനെട്ടോളം ദേശീയതയുടെ കൂടിച്ചേരലാണെന്നും വ്യാഖ്യാനിച്ച് പാകിസ്ഥാന്‍ രൂപീകരണത്തിന് പിന്തുണ നല്‍കി.
1962ലെ ഇന്ത്യ-ചൈന യുദ്ധത്തില്‍ ഭാരത ഭൂപ്രദേശം ചൈന കയ്യടക്കിയതിനെതിരെ അതിശക്തമായ ദേശീയ വികാരം ഉയര്‍ന്ന സന്ദര്‍ഭത്തില്‍ ‘നാം നമ്മുടെതെന്നും ചൈന അവരുടെതെന്നും പറയുന്ന ഭൂപ്രദേശം’ എന്ന പ്രസ്താവനയിലൂടെ ചൈനയ്‌ക്കൊപ്പം നിന്ന നേതാവായിരുന്നു ഇ.എം.എസ്.
പൊഖ്‌റാനിലെ അണുവിസ്‌ഫോടന പരീക്ഷണത്തിലൂടെ ഭാരതം ആണവ ശക്തിയായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതിനെതിരെ രാജ്യത്തിനകത്ത് പ്രചാരണപരിപാടികള്‍ സംഘടിപ്പിച്ചു.
ശ്രീരാമ ജന്മഭൂമി പ്രശ്‌നത്തെ ഹിന്ദു-മുസ്ലിം ഐക്യത്തിലൂടെ പരിഹരിക്കാനായി ദേശസ്‌നേഹികളായ ചരിത്രകാരന്മാരും പുരാവസ്തു വിദഗ്ദ്ധരും മതാചാര്യന്മാരും ഒരുമിച്ച് ചേര്‍ന്ന് നടത്തിയ പ്രതീക്ഷാനിര്‍ഭരമായ പരിശ്രമങ്ങളെ കുപ്രചാരണങ്ങളിലൂടെയും കുത്സിത പ്രവര്‍ത്തനങ്ങളിലൂടെയും അട്ടിമറിച്ച് ആഭ്യന്തര ശൈഥില്യം ഉണ്ടാക്കാന്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ നടത്തിയ ചതിയുടെയും വഞ്ചനയുടെയും ചരിത്രം പുരാവസ്തു ഗവേഷകനായ കെ.കെ.മുഹമ്മദ് തന്റെ ‘ഞാനെന്ന ഭാരതീയന്‍’ എന്ന പുസ്തകത്തില്‍ തുറന്ന് കാണിക്കുന്നുണ്ട്. അടുത്തകാലത്തായി നടന്ന സി.എ.എ. വിരുദ്ധ സമരത്തിലും ലക്ഷദ്വീപ് ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരെ നടന്ന സമരങ്ങളിലും ഇസ്ലാമിക തീവ്രവാദികള്‍ക്കൊപ്പം ചേരുകയും ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തുകയും ചെയ്തവരാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍.
”സിദ്ധാന്തത്തില്‍ അപൂര്‍ണ്ണവും പ്രയോഗത്തില്‍ അപകടകരവുമെന്ന്” ഗുരുജി ഗോള്‍വല്‍ക്കര്‍ വിശേഷിപ്പിച്ച കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഇന്ത്യന്‍ വക്താക്കളും അവരുടെ പ്രവര്‍ത്തനങ്ങളും ‘ആന്തരിക ഭീഷണി’യായിരിക്കുമെന്ന ദീര്‍ഘവീക്ഷണം കമ്മ്യൂണിസ്റ്റുകള്‍ ഉള്ളിടത്തോളം കാലം സത്യമായിരിക്കും എന്ന് തെളിയിക്കുന്നതാണ് വിജയ്‌ഗോഖലെയുടെ പുതിയ പുസ്തകം.