കരിമുകില്‍ വര്‍ണന്റെ തിരുവുടലെന്നുടെ
അരികില്‍ വന്നെപ്പൊഴും കാണാകേണം
കൃഷ്ണാഹരേജയ കൃഷ്ണാഹരേജയ
കൃഷ്ണാഹരേജയ കൃഷ്ണാഹരേ
കാലില്‍ ചിലമ്പും കിലുക്കി നടക്കുന്ന
ബാലഗോപാലനെ കാണാകേണം
കിങ്ങിണിയും വളമോതിരവും ചാര്‍ത്തി
ഭംഗിയോടെ മുന്നില്‍ കാണാകേണം
(കൃഷ്ണാഹരേ…)
കീര്‍ത്തിയേറീടും ഗുരുവായൂര്‍മേവുന്നോ-
രാര്‍ത്തിഹരന്‍ തന്നെക്കാണാകേണം
കുഞ്ഞിക്കൈരണ്ടിലും വെണ്ണകൊടുത്തമ്മ
രഞ്ജിപ്പിക്കുന്നതും കാണാകേണം
(കൃഷ്ണാഹരേ…)
കൂത്താടിടും പശുക്കുട്ടികളുമായി
ഒത്തുകളിപ്പതും കാണാകേണം
കെട്ടിയിട്ടീടുമുരലും വലിച്ചങ്ങു
മുട്ടുകുത്തുന്നതും കാണാകേണം
(കൃഷ്ണാഹരേ…)
കേകികളെപ്പോലെ നൃത്തമാടീടുന്ന
ബാലഗോപാലനെ കാണാകേണം
കൈകളില്‍ ചന്ദ്രനെ മെല്ലെവരുത്തിയ
ലോകൈകനാഥനെ കാണാകേണം
(കൃഷ്ണാഹരേ…)
കൊഞ്ചിക്കൊണ്ടോരോ വാക്കരുളീടുന്ന
ചഞ്ചലനേത്രനെ കാണാകേണം
കോലുംകുഴലുമെടുത്തുവനത്തില്‍ പോയ്
കാലിമേയ്ക്കുന്നതും കാണാകേണം
(കൃഷ്ണാഹരേ…)
കൗതുകമേറിയോരുണ്ണിശ്രീകൃഷ്ണന്റെ
ചേതോഹരരൂപം കാണാകേണം
കംസസഹോദരിതന്നില്‍ പിറന്നോരു
വാസുദേവന്‍തന്നെ കാണാകേണം
(കൃഷ്ണാഹരേ…)