1921ല്‍ മലബാറിലുണ്ടായ രക്തരൂക്ഷിതവും ഏകപക്ഷീയവുമായ ആക്രമണം ആയിരുന്നു മാപ്പിള ലഹള. ഹൈദരാലി, ടിപ്പു തുടങ്ങിയവരുടെ പടയോട്ടങ്ങള്‍ മുതല്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരുന്ന മാപ്പിളമാരുടെ ഹാലിളക്കത്തിന്റെ തുടര്‍ച്ചയായിരുന്നു 1921 ആഗസ്റ്റ് മാസം 20 മുതല്‍ അഞ്ചു മാസത്തോളം സംഹാരതാണ്ഡവമാടിയ കുപ്രസിദ്ധമായ മാപ്പിള ലഹള. കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരും അര്‍ബന്‍ നക്‌സലുകളും അവരുടെ പാദസേവകരായ കോണ്‍ഗ്രസ് അടക്കമുള്ള ദേശീയ പ്രസ്ഥാനങ്ങളും സ്വാതന്ത്ര്യസമരം എന്നും കര്‍ഷക കലാപം എന്നും മറ്റും വിശേഷിപ്പിച്ച് അക്രമികള്‍ക്ക് സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വരെ നല്‍കുകയുണ്ടായി.
മലബാറിലെ ഹിന്ദുക്കളുടെ ദയനീയാവസ്ഥ
ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായി 1921 ല്‍ മലബാറില്‍ നടന്ന ബീഭത്സമായ ലഹള ഭാരതത്തെ മൊത്തം പിടിച്ചുകുലുക്കിയിരുന്നു. അശരണരും അസംഘടിതരുമായിരുന്ന ഹൈന്ദവ ജനതക്കുമേല്‍ നടന്ന ഈ സംഹാരതാണ്ഡവത്തെ പ്രതിരോധിക്കാന്‍ കെല്‍പ്പുള്ള സംഘടനകളും ദേശീയ പ്രസ്ഥാനങ്ങളും കേരളത്തില്‍ അക്കാലത്ത് ഉണ്ടായിരുന്നില്ല. കോഴിക്കോട് സാമൂതിരിയും കൊച്ചി, തിരുവിതാംകൂര്‍ രാജാക്കന്മാരും ചെറുതും വലുതുമായ നിരവധി ഹിന്ദു ആശ്രമങ്ങളും വേദപാഠശാലകളും അന്നുണ്ടായിരുന്നുവെങ്കിലും അവയ്‌ക്കൊന്നും ഈ അനീതിക്കെതിരെ പ്രതികരിക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല. ഇവരില്‍ ചിലര്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്തിരുന്നുവെന്നത് ശരിയാണ്. എന്നിരുന്നാലും വാള്‍ത്തലക്ക് മുമ്പില്‍ ഭയപ്പെടുത്തി മതംമാറ്റം ചെയ്യപ്പെട്ട ആയിരങ്ങളെ നോക്കി പരിതപിക്കാനേ മിക്കവര്‍ക്കും സാധിക്കുമായിരുന്നുള്ളു.
ആര്യസമാജം മലബാറില്‍
ഈ ലഹളക്കിരയായ മലബാറിലെ ഹിന്ദുക്കളുടെ ദയനീയമായ വിലാപങ്ങള്‍ കേട്ട് ആയിരം കാതങ്ങള്‍ക്കപ്പുറത്ത് – ഇപ്പോള്‍ പാകിസ്ഥാനില്‍ ഉള്ള ലാഹോറില്‍ നിന്ന് മഹര്‍ഷി ദയാനന്ദന്റെ ധര്‍മ്മഭടര്‍ ഇവിടേക്ക് പാഞ്ഞെത്തി. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഭാരതത്തില്‍ നാസ്തിക മതങ്ങള്‍ പ്രബലമായപ്പോള്‍ അവരെയെല്ലാം വേദാദി സത്യശാസ്ത്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രാര്‍ത്ഥത്തിലൂടെ അടിപറയിച്ച് ഭാരതത്തിലെ നാലു ഭാഗങ്ങളിലും പീഠങ്ങള്‍ സ്ഥാപിച്ചു വൈദിക പതാക പാറിച്ച ആദ്യ ശങ്കരാചാര്യരുടെ നാട്ടിലായിരുന്നു ഈ സ്ഥിതി എന്നോര്‍ക്കുക. ഇപ്പോള്‍ ശങ്കരാചാര്യരുടെ നാട്ടില്‍ സനാതന ധര്‍മ്മവിശ്വാസികള്‍ക്ക് ഒരു അത്യാപത്ത് വന്നപ്പോള്‍ ഗുജറാത്തില്‍ ജനിച്ച മൂല്‍ ശങ്കര്‍ (മഹര്‍ഷി ദായനന്ദ സരസ്വതി) എന്ന മറ്റൊരു ശങ്കരന്റെ ശിഷ്യന്മാര്‍ അങ്ങ് ലാഹോറില്‍ നിന്ന് ഇവിടെ ഓടിയെത്തി. ലഹോറിലെ ആര്യ പ്രാദേശിക് പ്രതിനിധി സഭയില്‍ നിന്നുള്ള ആര്യപ്രചാരകര്‍ ആയിരുന്നു അവര്‍. ആര്യസമാജത്തിലെ ഉജ്ജ്വല നക്ഷത്രമായിരുന്ന മഹാത്മാ ഹംസരാജിന്റെ (1864-1938) (Mahatma Hansraj) നിര്‍ദ്ദേശ പ്രകാരം ആണ് അവര്‍ വന്നത്.
1921 ഒക്ടോബര്‍ മാസത്തിലാണ് മലബാറിലെ ലഹളയുടെ വിവരം ലഹോര്‍ ആര്യസമാജം കേന്ദ്രത്തിലെ മഹാത്മാ ഹംസരാജിന്റെ ശ്രദ്ധയില്‍ പെട്ടത്. അന്ന് രാത്രി അദ്ദേഹത്തിന് ഉറങ്ങാന്‍ പോലും കഴിഞ്ഞില്ലെന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്ത ദിവസം കാലത്ത് തന്നെ അദ്ദേഹം ആര്യ പ്രാദേശിക് സഭയുടെ ഒരു യോഗം വിളിച്ചു ചേര്‍ത്തു. അദ്ദേഹം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ഇപ്രകാരം പറഞ്ഞു. ‘ജാഗൃതിയുടെ ഈ വേളയിലും പലരെയും ബലപൂര്‍വ്വം ഇസ്‌ലാമാക്കി മാറ്റുന്നത് നമുക്ക് നേരെയുള്ള വെല്ലുവിളിയാണ്. ഈ വെല്ലുവിളിയെ നാം നേരിട്ടേ പറ്റൂ.. ‘ (സാര്‍വദേശിക് ആര്യപ്രതിനിധി സഭ, ഡല്‍ഹി പ്രസിദ്ധീകരിച്ച ഇന്ദ്ര വിദ്യാ വാചസ്പതിയുടെ ‘ആര്യസമാജ് കാ ഇതിഹാസ്’ എന്ന ഗ്രന്ഥം രണ്ടാം വോള്യം പേജ് 130).
ആ യോഗത്തില്‍ പങ്കെടുത്തിരുന്ന ആര്യ പ്രചാരക് ആയിരുന്ന ‘ഖുശ്ഹാല്‍ ചന്ദ് ഖുര്‍സദി’നെ നോക്കിക്കൊണ്ട് അദ്ദേഹം ഇപ്രകാരം പറഞ്ഞു. ‘ആരെല്ലാം ഈ നരമേധത്തെ കണ്ടില്ലെന്നു നടിച്ചാലും ആര്യന്മാരായ നമുക്ക് നമ്മുടെ കര്‍ത്തവ്യ പരിപാലനത്തില്‍ നിന്ന് വിട്ടു നില്‍ക്കാനാവില്ല. അതിനാല്‍ താങ്കള്‍ ഏതാനും കാര്യകര്‍ത്താക്കളെയും കൂട്ടി ഉടന്‍തന്നെ മലബാറിലേക്ക് തിരിച്ചാലും. നിരാലംബരും ഇസ്‌ലാമിലേക്ക് മതംമാറ്റം ചെയ്യപ്പെട്ടവരുമായ അവരെ സ്വധര്‍മ്മത്തിലേക്ക് എത്രയും പെട്ടെന്ന് തിരിച്ചു കൊണ്ടുവന്നാലും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട സാധനസാമഗ്രികളും മറ്റും ഇവിടെ നിന്ന് അയച്ചു തരാം’.
ഇത് കേട്ടയുടന്‍ ഖുശ്ഹാല്‍ ചന്ദ് ഇപ്രകാരം പറഞ്ഞു. ‘ഞാന്‍ അങ്ങയുടെ നിര്‍ദ്ദേശത്തിനായി കാത്തിരിക്കുകയാണ്. ഇപ്പോള്‍ തന്നെ മലബാറിലേക്ക് തിരിക്കാന്‍ തയ്യാറാണ്.’ ഖുശ്ഹാല്‍ ചന്ദ് യാത്രകള്‍ക്ക് വേണ്ടുന്ന സാധനങ്ങളും ബാഗും സദാ കൂടെ കൊണ്ടുനടക്കുമായിരുന്നു. ധര്‍മ്മപ്രചാരണ യാത്രകള്‍ക്കായി എപ്പോഴും അദ്ദേഹം സന്നദ്ധനായിരുന്നു. രണ്ടായിരത്തിലധികം കിലോമീറ്ററുകള്‍ അകലെയുള്ള മലബാറിലേക്ക് ഉടന്‍ പുറപ്പെടാന്‍ തയ്യാറായി നിന്ന ഖുശ്ഹാല്‍ ചന്ദിന്റെ കുടുംബ പശ്ചാത്തലം എപ്രകാരം ആയിരുന്നു എന്ന് ഒന്ന് അറിയുന്നത് നന്നായിരിക്കും. നിരന്തരം നടത്തുന്ന ധര്‍മ്മപ്രചാരണ യാത്രകള്‍ മൂലം അദ്ദേഹത്തിന്റെ ആരോഗ്യം മോശമായിരുന്നു. അഞ്ചാമത്തെ പുത്രനായ യുദ്ധവീര്‍ ജനിച്ചത് ഇതിന് അടുത്ത ദിവസമായിരുന്നു. ‘യശ്’ എന്നുപേരായ മറ്റൊരു മകന്‍ ന്യുമോണിയ ബാധിച്ചു കിടപ്പിലായിരുന്നു. അദ്ദേഹത്തിന്റെ പത്‌നി കണ്ണീരൊഴുക്കി കൊണ്ടിരിക്കുന്നു. എന്നാല്‍ ധര്‍മ്മ പ്രചാരവും മാനവസേവയും ജീവിത വ്രതമാക്കിയ അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ അവയ്‌ക്കൊന്നും സാധിക്കുമായിരുന്നില്ല.
ആദ്യമായാണ് അദ്ദേഹം മലബാറിലേക്ക് വരുന്നത്. ലഹള കൊടുംപിരികൊണ്ടിരിക്കുന്ന അവിടെ ഈ സമയത്ത് ഹിന്ദുവായിരിക്കുന്നത് തന്നെ ജീവന്‍ അപകടപ്പെടുത്തുന്നതാണ്. ഇവിടുത്തെ ഭാഷയും ഭക്ഷണവും വേഷഭൂഷാദികള്‍ എന്നിവയും അദ്ദേഹത്തിന് അജ്ഞാതമായിരുന്നു. ആക്കാലത്ത് മലബാറിലേക്കുള്ള യാത്രാ സംവിധാനങ്ങളും അത്ര സുഗമമായിരുന്നില്ല.
1921 നവംബര്‍ ഒന്നിന് ലാഹോര്‍ ഡി.എ.വി. കോളേജില്‍ നിന്നുള്ള ബിരുദധാരിയും ആര്യ മിഷണറിയുമായിരുന്ന പണ്ഡിറ്റ് ഋഷിറാമിന്റെ നേതൃത്വത്തില്‍ ആര്യ പ്രചാരകരുടെ ആദ്യത്തെ സംഘത്തെ മലബാറിലേക്ക് അയക്കാന്‍ തീരുമാനിച്ചു. മലയാളിയായ വെങ്കിടാചലയ്യര്‍ എന്ന പണ്ഡിത വേദബന്ധു ശര്‍മ്മയും ഈ സംഘത്തില്‍ ഉണ്ടായിരുന്നു. മാപ്പിള ലഹളയുമായി ബന്ധപ്പെട്ട് ഹിന്ദിയിലും (മാപ്പിള വിദ്രോഹ്) ഇംഗ്‌ളീഷിലും (Malabar Mappila Riots) മലയാളത്തിലുമായി (മലബാര്‍ മാപ്പിള ലഹള) മൂന്ന് ലഘുഗ്രന്ഥങ്ങള്‍ അദ്ദേഹം ലാഹോര്‍ ആര്യസമാജം കേന്ദ്രം വഴി പ്രസിദ്ധീകരിച്ചിരുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള പണ്ഡിറ്റ് ഋഷിറാമിന്റെയും മറ്റും പ്രസംഗങ്ങള്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തിരുന്നത് വേദബന്ധു ശര്‍മ്മയായിരുന്നു.
മലബാറിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍
മലബാറില്‍ എത്തിയ പണ്ഡിറ്റ് ഋഷിറാം മുസ്ലീം മതം സ്വീകരിച്ചു കഴിഞ്ഞ ഹിന്ദുക്കളെ ഒരുമിച്ചു ചേര്‍ക്കുന്ന പ്രവൃത്തികള്‍ ആരംഭിച്ചു. വിവിധ സ്ഥലങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മഹതാ സാവന്‍മല്‍, പ്രൊഫ. ജ്ഞാന്‍ ചന്ദ്, പണ്ഡിറ്റ് മസ്താന്‍ ചന്ദ് തുടങ്ങിയ ആര്യപ്രചാരകര്‍ ക്ഷാമ ബാധിത മേഖലകളില്‍ ക്യാമ്പുകള്‍ തുടങ്ങി. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് പഞ്ചാബില്‍ നിന്ന് പിരിവെടുത്ത് എത്തിക്കുകയായിരുന്നു.
മയ്യനാട് ക്യാമ്പ് നടത്താന്‍ മേല്‍നോട്ടം വഹിച്ചിരുന്നത് പണ്ഡിറ്റ് മസ്താന്‍ ചന്ദ് ആയിരുന്നു. ഈ കേന്ദ്രത്തെക്കുറിച്ച് ലാലാ ഖുശ്ഹാല്‍ ചന്ദ് ഖുര്‍സദ് ഇങ്ങനെ എഴുതുന്നു. ‘പട്ടിണികിടന്നു വലഞ്ഞ സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമായി പണ്ഡിറ്റ് മസ്താന്‍ ചന്ദ്, ബി.എ. യുടെ മേല്‍നോട്ടത്തില്‍ ഒരു ഡിപ്പോ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഡിപ്പോ കാണാന്‍ ഞാന്‍ ഇന്നലെ പോയി. ഒരു വലിയ നെടുമ്പുര നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. അത് ഓല മേഞ്ഞതാണ്. അതില്‍ നാലായിരം സ്ത്രീകളും കുട്ടികളും കഴിഞ്ഞു കൂടുന്നു. 1100 കുടുംബങ്ങളില്‍ പെട്ടവരാണവര്‍. നിരവധി വൃദ്ധകളും അനേകം ഗര്‍ഭിണികളും അക്കൂട്ടത്തില്‍ ഉണ്ട്. പതിനഞ്ചു ദിവസം പോലും പ്രായമാകാത്ത ചോരക്കുഞ്ഞുങ്ങളെ മടിയില്‍ വെച്ചവരും അവരിലുണ്ട്. ആറുമാസം മുമ്പുവരെ ലക്ഷപ്രഭുക്കള്‍ ആയിരുന്നവരെയും അവിടെ കണ്ടു. ഇന്നവര്‍ അനാഥരായി.’ (വെള്ളിനേഴി ആര്യ സമാജം പ്രസിദ്ധീകരിക്കുന്ന 1921 മലബാറും ആര്യസമാജവും എന്ന ഗ്രന്ഥത്തില്‍ നിന്ന്).
ശുദ്ധി പ്രവര്‍ത്തനങ്ങള്‍
മതം മാറ്റപ്പെട്ട ഹിന്ദുക്കളെ തിരിച്ചു കൊണ്ടുവരുന്നതിനായി പണ്ഡിറ്റ് ഋഷിറാം ലഘുലേഖകള്‍ അച്ചടിച്ചു വിതരണം നടത്തി. കുടുംബ സംഗമങ്ങള്‍ വിളിച്ചു ചേര്‍ത്ത് ധര്‍മ്മ പ്രചാരണം നടത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോടൊപ്പം ശുദ്ധി പ്രവര്‍ത്തനങ്ങളും ആര്യസമാജം വളരെ സാഹസികമായി നടത്തിക്കൊണ്ടിരിക്കുന്നു. ആര്യസമാജം ഹിന്ദുമതത്തിലേക്ക് മുസ്ലീങ്ങളായി തീര്‍ന്നവരെ കൊണ്ടുവരാന്‍ തുടങ്ങി എങ്കിലും വിവിധ ഉള്‍പ്രദേശങ്ങളില്‍ മാപ്പിളമാരുടെ ഭീഷണിമൂലം ജീവനും സ്വത്തിനും നഷ്ടമുണ്ടാകുമെന്ന് ഭയന്ന് പലരും ഹിന്ദു ധര്‍മ്മത്തിലേക്ക് തിരിച്ചു വരാന്‍ മടിച്ചിരുന്നു. മുസ്ലീം ഭൂരിപക്ഷമുള്ള നാട്ടിന്‍പുറങ്ങളിലും ഉള്‍പ്രദേശങ്ങളിലും ഉള്ള ഇവരെ കണ്ടെത്തി അവര്‍ക്ക് ധൈര്യം പകര്‍ന്നു ഹിന്ദുവാക്കുക വളരെ കഠിനമായ കാര്യമായിരുന്നു. അതിസാഹസികമായ ഈ ദൗത്യം ആര്യസമാജത്തിന്റെ ധര്‍മ്മ ഭടന്മാര്‍ ഏറ്റെടുത്തു. ലാലാ ഖുശ്ഹാല്‍ ചന്ദ് ഖുര്‍സദ് ഉള്‍പ്രദേശങ്ങളില്‍ കാല്‍നടയായി സഞ്ചരിച്ച് അത്തരം ആളുകള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് അവരെ കോഴിക്കോട് എത്താന്‍ പ്രേരിപ്പിച്ചു. തല്‍ഫലമായി ഹിന്ദു ധര്‍മ്മം സ്വീകരിക്കാനായി ധാരാളം പേര്‍ കോഴിക്കോട് എത്തി. ഇപ്രകാരം 1921 ജൂലായ് മാസം ആയപ്പോഴേക്കും 2600 ലധികം പേര്‍ ഹിന്ദുക്കളായി തിരിച്ചെത്തി എന്ന് ലാലാ ഖുശ്ഹാല്‍ ചന്ദ് ഖുര്‍സദ് രേഖപ്പെടുത്തുന്നു.
ഹിന്ദു അനുഭവിച്ച മൃഗീയപീഡനങ്ങള്‍
കോഴിക്കോട് താലൂക്കിലെ പുത്തൂര്‍ അംശത്തില്‍ കാല്‍നടയായി ചെന്ന ലാലാ ഖുശ്ഹാല്‍ ചന്ദ് ഖുര്‍സദ് മൂന്ന് കിണറുകളില്‍ ഹിന്ദുക്കളുടെ ശവശരീരങ്ങള്‍ വലിച്ചെറിഞ്ഞു നിറച്ചതായി കണ്ടു. അവിടെയുള്ള ഹിന്ദു വീടുകള്‍ എല്ലാം കത്തിച്ച് നശിപ്പിച്ചതായി കണ്ടു എന്നും രേഖപ്പെടുത്തുന്നുണ്ട്.
വേങ്ങരക്ക് സമീപമുള്ള കണ്ണമംഗലം എന്ന സ്ഥലത്തു നടന്ന ക്രൂരമായ ഹിന്ദു പീഡനത്തിന്റെ കഥകളും ആര്യസമാജം പ്രവര്‍ത്തകര്‍ പുറത്തു കൊണ്ടുവന്നു. ഏറനാട് താലൂക്കില്‍ വന്‍ തോതില്‍ ലഹള നടന്ന ഒരു സ്ഥലമാണിത്. ടിപ്പുവിന്റെ ആക്രമണത്തിന് മുമ്പ് നായന്മാര്‍ നിര്‍മ്മിച്ച ഒരു കോട്ടപോലുള്ള വീടായിരുന്നു അവിടത്തെ അധികാരിയുടേത്. ഇത് കലാപക്കാര്‍ പിടിച്ചടക്കി അവിടെ ഒരു മത കോടതി സ്ഥാപിച്ചു. മൂന്ന് തങ്ങളുമാരെ അവിടെ ജഡ്ജിമാരായി അവരോധിച്ചു. സമീപത്തെ ഹിന്ദുക്കളെ പിടിച്ചു കൊണ്ടുവന്നു ഇവിടെ വെച്ച് വധശിക്ഷ നടപ്പാക്കിയിരുന്നു. ഈ കോട്ടക്കകത്ത് ഒരു അമ്പലം ഉണ്ടായിരുന്നു. അവിടെ ഹിന്ദുക്കളുടെ കുടുമകള്‍ കൂട്ടിയിട്ടിരിക്കുന്നത് കണ്ടതായി ഖുശ്ഹാല്‍ ചന്ദ് പറയുന്നുണ്ട്. ഹിന്ദുക്കളെ കൂട്ടത്തോടെ ഇസ്ലാമിലേക്ക് മതം മാറ്റം നടത്തിയിരുന്ന ഒരു കേന്ദ്രം ആയിരുന്നുവത്രേ അത്. ഈ അംശത്തില്‍ കൊള്ളയടിക്കപ്പെട്ട ഒരു ഇല്ലം ഉണ്ടായിരുന്നു. അവിടത്തെ ഗ്രന്ഥപ്പുര ലഹളക്കാര്‍ തികച്ചും നാമാവശേഷമാക്കി. സംസ്‌കൃതത്തിലുള്ള ഒട്ടേറെ പ്രാചീന ഗ്രന്ഥങ്ങള്‍ അതിലുണ്ടായിരുന്നു. അവിടെ ചിതറിക്കിടന്നിരുന്ന ഓലക്കഷണങ്ങളില്‍ ഒരെണ്ണം ലാലാ ഖുശ്ഹാല്‍ ചന്ദ് കയ്യിലെടുത്ത് ഓര്‍മ്മക്കായി ലാഹോറിലെ ആര്യസമാജം ആസ്ഥാനത്ത് കൊണ്ടുപോയി സൂക്ഷിച്ചിരുന്നുവത്രെ.
കോഴിക്കോട് ആര്യസമാജം
1922 ല്‍ പണ്ഡിറ്റ് ഋഷിറാം കോഴിക്കോട് ആര്യസമാജം സ്ഥാപിച്ചു. 1926 ല്‍ മറ്റൊരു ആര്യപ്രചാരകന്‍ ആയ ബുദ്ധസിംഹന്‍ കോഴിക്കോട് എത്തി. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ ജനിച്ച അദ്ദേഹം തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ ആര്യ പ്രചാരകനായി പ്രവര്‍ത്തിച്ച ശേഷം കോഴിക്കോട് കേന്ദ്രമാക്കുകയായിരുന്നു. മംഗലാപുരത്തു നിന്നുള്ള സുഗന്ധി ബായ് ആര്യയായിരുന്നു അദ്ദേഹത്തിന്റെ ധര്‍മ്മ പത്‌നി. പഴയങ്ങാടി, പയ്യന്നൂര്‍, കാഞ്ഞങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അക്കാലത്ത് ആര്യസമാജങ്ങള്‍ ഉണ്ടായിരുന്നു. മാപ്പിള ലഹളക്ക് ശേഷം വേദബന്ധു ശര്‍മ്മ, ആചാര്യ നരേന്ദ്രഭൂഷണ്‍, എ.പി. ഉപേന്ദ്രന്‍, ആര്യഭാസ്‌കര്‍ജി തുടങ്ങിയ മഹത് വ്യക്തികള്‍ തെക്കന്‍ കേരളത്തിലും ആര്യസമാജം പ്രവര്‍ത്തനം നടത്തി. കൈരളിക്ക് നിരവധി വൈദിക സാഹിത്യത്തേയും അവര്‍ സംഭാവന ചെയ്തു. കോഴിക്കോടുണ്ടായിരുന്ന കെ.വേലായുധ ആര്യ, ലാഹോര്‍ ഗുരുദത്ത് ഭവന്‍ ഗുരുകുലത്തിലെ ആചാര്യനായിരുന്ന പെരിന്തല്‍മണ്ണ പാതാക്കരയിലെ കീഴാനെല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരി തുടങ്ങി അനേകം പേര്‍ ആര്യസമാജത്തിന് കേരളത്തില്‍ അടിത്തറ പാകാന്‍ കഠിനാധ്വാനം നടത്തിയിട്ടുണ്ട്.
2013 സപ്തംബര്‍ 14ന് പാലക്കാട് ജില്ലയിലെ വെള്ളിനേഴിയില്‍ ആരംഭിച്ച ആര്യസമാജം കേന്ദ്രം ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വെച്ചിട്ടുണ്ട്. വെള്ളിനേഴിയിലെ പണ്ഡിറ്റ് ലേഖ്‌റാം ഗുരുകുലം 2014 ജൂണ്‍ 8 നും കാറല്‍മണ്ണ വേദഗുരുകുലം 2015 ഡിസംബര്‍ 23 നും ആരംഭിച്ചു. വര്‍ണ്ണ വര്‍ഗ്ഗ വ്യത്യാസം ഇല്ലാതെ ബ്രഹ്മചാരികള്‍ക്ക് സംഗോപാങ്ഗം വേദപഠനം സൗജന്യമായി ഇവിടങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്നു. മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ സത്യാര്‍ത്ഥപ്രകാശം അടക്കം ഇരുപതോളം വൈദിക സാഹിത്യങ്ങള്‍ കഴിഞ്ഞ അഞ്ചാറുവര്‍ഷങ്ങള്‍ക്കിടയില്‍ വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദയാനന്ദ സന്ദേശം എന്ന വൈദിക മാസികയും 2012 ജൂണ്‍മാസം മുതല്‍ മുടങ്ങാതെ പ്രസിദ്ധീകരിച്ചു വരുന്നു. ധര്‍മ്മജാഗരണ പ്രവര്‍ത്തനങ്ങളിലും ആര്യാസമാജം ഏറെ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്നു.
ആര്യസമാജം എന്നാല്‍ ഇന്ന് ഭൂരിപക്ഷം കേരളീയര്‍ ധരിച്ചിരിക്കുന്നത് ഹിന്ദുക്കളിലേക്ക് മതം മാറ്റം നടത്തുന്ന ഒരു കേന്ദ്രം മാത്രമാണ് എന്നാണ്. എന്നാല്‍ അത് പൂര്‍ണ്ണമായും ശരിയല്ല. അനേകം ധര്‍മ്മപ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഒന്ന് മാത്രമാണത്. വേദപ്രചാരണം, സാമൂഹ്യ നവോത്ഥാനം, സേവാപ്രവര്‍ത്തനം തുടങ്ങി വിവിധ മേഖലകളില്‍ തികച്ചും സേവന സന്നദ്ധതയോടെ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം ആണ് മഹര്‍ഷി ദയനന്ദന്‍ 1975 ല്‍ ബോംബെയില്‍ സ്ഥാപിച്ച ആര്യസമാജം. സനാതനധര്‍മ്മത്തിന് നേര്‍ക്ക് ഏത് ഭീഷണി നേരിട്ടാലും അവയെ പ്രതിരോധിക്കാന്‍ ആര്യസമാജം എപ്പോഴും മുന്‍പന്തിയില്‍ ഉണ്ടായിരിക്കും. ഹൈദരാബാദ് നിസാമിനെതിരായ പ്രക്ഷോഭം നയിച്ചത് ആര്യസമാജം ആയിരുന്നു. ഹിന്ദുസമാജത്തിന് ആത്മവിശ്വാസം നല്‍കി ദാര്‍ശനിക തലത്തില്‍ ഉയര്‍ന്നു വരുന്ന ഏത് വെല്ലുവിളികളെയും സമര്‍ത്ഥമായി പ്രതിരോധിക്കുക മാത്രമല്ല എതിര്‍പാളയത്തില്‍ കടന്നു ചെന്ന് സംവാദം നടത്തി പ്രതിയോഗികളെ വൈദിക ധര്‍മ്മത്തിലേക്ക് കൊണ്ടുവരാനും കെല്‍പ്പുള്ള അനേകം ആര്യപ്രചാരകരെ ആര്യസമാജം വാര്‍ത്തെടുത്തിട്ടുണ്ട്. പണ്ഡിറ്റ് ലേഖ്‌റാമിനെപ്പോലുള്ള ആര്യമിഷണറിമാര്‍ ഉണ്ടായിരുന്നതിനാലാണ് പഞ്ചാബിന്റെയും ബംഗാളിന്റെയും പല ഭാഗങ്ങളും ഇന്നും ഭാരതത്തിന്റെ ഭാഗമായി നിലകൊള്ളുന്നത്. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ സനാതനധര്‍മ്മം പുഷ്ടിപ്പെടുവാന്‍ മഹര്‍ഷി ദയാനന്ദന്റെ സാഹിത്യങ്ങള്‍ ഏറെ സഹായകമാവും. ഇനി ഒരു 1921 ആവര്‍ത്തിക്കാതിരിക്കാന്‍ ധര്‍മ്മബോധമുള്ള ഒരു തലമുറയെ നാം വാര്‍ത്തെടുക്കേണ്ടതുണ്ട്. വെറും സ്വാര്‍ത്ഥപരമായ കര്‍മ്മകാണ്ഡങ്ങളിലും കൊടിമരങ്ങള്‍ സ്വര്‍ണ്ണം പൂശുന്നതിനും മറ്റും നിര്‍ല്ലോഭം പണം ചെലവഴിക്കുന്ന ഹിന്ദു തങ്ങളുടെ മക്കളെ ധര്‍മ്മബോധമുള്ളവരായി വളര്‍ത്താന്‍ ഉതകുന്ന വൈദിക ഗുരുകുലങ്ങള്‍ സ്ഥാപിക്കാനും അവയെ സംരക്ഷിക്കാനും മുന്നോട്ട് വരണം. അങ്ങനെ വേദങ്ങളിലേക്ക് മടങ്ങുക എന്ന മഹര്‍ഷി ദയാനന്ദന്റെ ആഹ്വാനം സാര്‍ത്ഥകമാക്കാന്‍ പരിശ്രമിക്കണം.