”വിവിധ മതക്കാര്‍ പാര്‍ക്കുന്ന ഈ രാജ്യത്ത് ജനങ്ങള്‍ തമ്മില്‍ സൗഹാര്‍ദ്ദം പുലരുന്നതിന് മതസഹിഷ്ണുത ആവശ്യമാണ്. ഏതെങ്കിലും ചില മനുഷ്യരെ കൊന്നാല്‍, അവരെ എങ്ങിനെയെങ്കിലും-വാളുകാണിച്ചായാലും ശരി- മതപരിവര്‍ത്തനം ചെയ്താല്‍, സ്വര്‍ഗ്ഗം കിട്ടും (ഈ സ്വര്‍ഗ്ഗം എവിടെയാണാവോ നിശ്ചയമില്ല) എന്ന അന്ധമായ വിശ്വാസം രാജ്യക്ഷേമത്തിന് ഭീഷണിയാണ്.” 1921ലെ മാപ്പിളകലാപത്തിന് 50 വര്‍ഷം തികയുന്ന കാലത്ത്, 1971 ആഗസ്റ്റ് 15ന് കേരളഗാന്ധി കേളപ്പജി ഇങ്ങനെയെഴുതി. ”ഈശ്വര: സര്‍വ്വഭൂതാനാം, ഹൃദ്ദേശേര്‍ജ്ജുന തിഷ്ഠതി” എന്ന മതസിദ്ധാന്തം സ്വീകരിച്ച് മറ്റുള്ളവരെയും തന്നെപ്പോലെ കരുതി അന്യോന്യം സ്‌നേഹിച്ച് വിശ്വസിച്ച് ജീവിക്കാനുള്ള വഴി എല്ലാ മതക്കാരും തേടേണ്ടതാണ്. അതാണ് രാജ്യത്തിന്റെ മോക്ഷത്തിനുള്ള വഴി” എന്ന് കേളപ്പജി തുടരുന്നു.
1921ലെ കലാപ കാലത്ത് പൊന്നാനി താലൂക്ക് കോണ്‍ഗ്രസ് കമ്മറ്റി സെക്രട്ടറിയായിരുന്ന കേളപ്പജി തന്റെ സുദീര്‍ഘമായ രാഷ്ട്രീയാനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് 56 വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് കുറിച്ചത്. കേരളഗാന്ധി ഇതെഴുതിയിട്ട് 50 വര്‍ഷം പൂര്‍ത്തിയാവുന്ന ഈ കാലഘട്ടത്തിലും ഈ വാക്കുകള്‍ക്ക് മുമ്പെന്നത്തേക്കാളും പ്രസക്തിയുണ്ടെന്ന് കേരളത്തിന്റെ ചരിത്രവും വര്‍ത്തമാനവും അടിവരയിടുന്നു. മാപ്പിള കലാപത്തില്‍ നിന്ന് മാറാട് കൂട്ടക്കൊലയിലേക്കുള്ള ദൂരമളക്കുമ്പോള്‍ കേരളത്തില്‍ മതഭീകരവാദത്തെ കയ്യയച്ച് പ്രോത്സാഹിപ്പിച്ച ഭരണകൂടനയങ്ങളും മതപ്രീണന നടപടികളും തെളിഞ്ഞുകാണാനുമാവും. എന്നാല്‍ അശരണരായ് ആലംബമില്ലാതെ പലായനം ചെയ്ത 1921ലെ ഹിന്ദുസമൂഹമല്ല മറിച്ച് മതഭീകരതയെ ചെറുത്ത് നില്‍ക്കാനുള്ള അസാമാന്യമായ കരുത്ത് നേടിയ ഹിന്ദുസമൂഹമാണ് മാറാട്ടെ കടല്‍ത്തീരത്ത് ഉള്ളത് എന്ന വ്യത്യാസമാണ് രണ്ട് കാലഘട്ടങ്ങളെ വേര്‍തിരിക്കുന്ന ശുഭസൂചകമായ വസ്തുത. ഭരണകൂടസ്ഥാപനങ്ങളും ഭരണഘടനാനുസൃതം നിയമിതമായ വ്യവസ്ഥകളും മുഖ്യധാര മുന്നണി രാഷ്ട്രീയക്കാരും മുഖം തിരിഞ്ഞുനിന്നിട്ടും അടിപതറാതെ ജനാധിപത്യ വ്യവസ്ഥയില്‍ വിശ്വാസമര്‍പ്പിച്ച് അക്രമത്തിന്റെ പാതയിലേക്ക് പോകാതെ വിജയിച്ചു മുന്നേറാന്‍ കഴിഞ്ഞുവെന്നതാണ് മാറാട്ടെ കടലോര ഹിന്ദുസമൂഹം കേരളത്തിന് നല്‍കിയ മറ്റൊരു ഉദാത്ത മാതൃക.
എന്നാല്‍ 1921ലെ കലാപത്തിലൂടെ നേടിയെടുക്കാന്‍ ശ്രമിച്ച ഖിലാഫത്ത് രാജ്യം കേവലം ലഹളകളിലൂടെ മാത്രം നേടിയെടുക്കാന്‍ കഴിയില്ലെന്ന ബോധ്യമുള്ള രാഷ്ട്രീയ ഇസ്ലാമിക സംഘടനകള്‍ ബൃഹദ് പദ്ധതിയാണ് പിന്നീട് കേരളത്തില്‍ ആസൂത്രണം ചെയ്തത്. ഒന്ന് മറ്റൊന്നിനോട് ബന്ധമില്ലെന്ന് ഒറ്റനോട്ടത്തില്‍ തോന്നാമെങ്കിലും വിശാലമായ ആസൂത്രണമികവിന്റെ വിവിധ പദ്ധതികള്‍ക്കാണ് മുസ്ലിംലീഗ് മുതല്‍ എന്‍ഡിഎഫ് വരെയുള്ള സംഘടനകള്‍ പിന്നീട് രൂപം നല്‍കിയത്. ഹിന്ദുസമൂഹവുമായി സമരസപ്പെട്ട് ജീവിച്ച മുസ്ലിം സമൂഹത്തില്‍ ആഴത്തിലുള്ള അസഹിഷ്ണുതയും വേറിടല്‍ മനോഭാവവും വളര്‍ത്താന്‍ ഈ ഗൂഢപദ്ധതികള്‍ക്ക് കഴിഞ്ഞുവെന്നതാണ് മുസ്ലിം സംഘടനകള്‍ കൈവരിച്ച വിജയം. വേഷം മുതല്‍ ഭക്ഷണംവരെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും തങ്ങള്‍ വേറിട്ടവരാണെന്ന ബോധം ആഴത്തില്‍ ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഫലം കണ്ടു തുടങ്ങിയിരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. മുറിച്ചു വാങ്ങിയ പാകിസ്ഥാനേക്കാള്‍ അപകടകരമായി രാജ്യത്തിനുള്ളില്‍ മറ്റൊരു രാജ്യം സൃഷ്ടിക്കാനുള്ള പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ശ്രമങ്ങളാണ് ഏറനാട്ടില്‍ നിന്ന് മാറാട്ടുവഴി മുന്നേറുന്ന മുസ്ലിം രാഷ്ട്രീയമനസ്സ് വെളിപ്പെടുത്തുന്നത്.
ബ്രിട്ടീഷ് സൈന്യം അടിച്ചമര്‍ത്തിയ കലാപകേന്ദ്രങ്ങളില്‍ നിന്ന് തന്നെയാണ് മുസ്ലിം വേറിടല്‍ വാദത്തിന്റെ അപകടകരമായ വളര്‍ച്ച പിന്നീട് ഉണ്ടായതെന്ന് ചരിത്രം വ്യക്തമാക്കുന്നു. പാകിസ്ഥാന്‍ രൂപീകരണത്തിനുശേഷം ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച സത്താര്‍സേട്ടിന്റെ നേതൃത്വത്തിലാണ് 1934-ല്‍ മലബാറില്‍ മുസ്ലിംലീഗ് ഘടകം രൂപീകരിക്കുന്നത്. 12 വര്‍ഷങ്ങള്‍ക്കുശേഷം പാകിസ്ഥാന്‍ അല്ലെങ്കില്‍ ഖബറിസ്ഥാന്‍ എന്ന മുദ്രാവാക്യവുമായി മുസ്ലിംലീഗിന്റെ ‘ഡയറക്ട് ആക്ഷനും’ മലബാറില്‍ വലിയ പിന്തുണയുണ്ടായി. പരിശുദ്ധ റംസാനിലെ പതിനെട്ടാം ദിവസമായ അന്നത്തെ ആഗസ്ത് 16 ആയിരുന്നു പ്രത്യക്ഷസമരദിനമായി ലീഗ് ആചരിച്ചത്. മുസ്ലിംലീഗിന്റെ ഓരോ കമ്മറ്റിയില്‍ നിന്നും മൂന്നുപേര്‍ ജുമാ നമസ്‌കാരത്തിന് മുന്‍പ് ഇതിനെക്കുറിച്ച് വിശദീകരിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. 1934ല്‍ ചൗധരി റഹ്മത് അലി എഴുതിയ ലഘുലേഖകളില്‍ മൂന്ന് സ്വതന്ത്ര മുസ്ലിം രാഷ്ട്രങ്ങളും ഹിന്ദുഭൂരിപക്ഷപ്രദേശങ്ങളിലെ മുസ്ലിങ്ങളെ ചേര്‍ത്ത് ഏഴ് മുസ്ലിം രാഷ്ട്രങ്ങള്‍ വേറെയും രൂപീകരിക്കണമെന്നായിരുന്നു ആവശ്യം. ഇതില്‍ അന്നത്തെ മലബാറും ഉള്‍പ്പെടുമെന്നതാണ് ഏറെ ചിന്തിക്കേണ്ടത്. പാകിസ്ഥാന്‍ എന്ന വാക്ക് ആദ്യമായി പ്രയോഗിക്കപ്പെടുന്നത് മൂന്നാം വട്ടമേശസമ്മേളനത്തില്‍ സമര്‍പ്പിക്കാനായി തയാറാക്കിയ ഈ നിവേദനത്തിലാണ്.

പാകിസ്ഥാന്‍ രൂപീകരണത്തിന് ശേഷവും മലബാര്‍, ദക്ഷിണ കാനറ, ലക്ഷദ്വീപ് എന്നിവ ചേര്‍ത്ത് ഒരു പ്രത്യേക രാജ്യം വേണമെന്നായിരുന്നു മദ്രാസ് പ്രസിഡന്‍സി മുസ്ലിംലീഗ് ആവശ്യപ്പെട്ടത്. ”ലീഗിന്റെ മാപ്പിളസ്ഥാന്‍ കമ്മറ്റി റിപ്പോര്‍ട്ട് പറയുന്ന പോലെ കേരളത്തിലെ മാപ്പിളമാരുടെ മതപരമായും ചരിത്രപരമായും സാമുദായികമായും സാംസ്‌കാരികമായും സാമ്പത്തികമായും രാഷ്ട്രീയമായും ഉള്ള പ്രാധാന്യത്തേയും അവര്‍ക്കുള്ള പ്രത്യേകതയേയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ പരിഗണിച്ച് അവര്‍ക്കൊരു പ്രത്യേക പ്രദേശം ഉണ്ടായിരിക്കേണ്ടത് ആവശ്യമാണെന്ന് മാപ്പിളമാര്‍ തീരുമാനിക്കുകയാണെങ്കില്‍ അതിന് കമ്മ്യൂണിസ്റ്റുകാര്‍ എതിരല്ല.” എന്നായിരുന്നു ഇ.എം.എസ്. നമ്പൂതിരിപ്പാട് 1947 ഒക്‌ടോബര്‍ ഇരുപതാം തീയതിയിലെ ദേശാഭിമാനിയിലെഴുതിയത്.
ഏതാണ്ടിതേ കാലഘട്ടത്തിലാണ് ജമാഅത്തെ ഇസ്ലാമി കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 1940ലെ പാകിസ്ഥാന്‍ പ്രമേയവും 1946ലെ ഡയറക്ട് ആക്ഷനും 1948ലെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും ആരംഭവും കേരളത്തില്‍ പ്രത്യേകിച്ച് രാഷ്ട്രീയ ഇസ്ലാമിന്റെ അജണ്ട രൂപപ്പെടുത്തുന്ന കാലമായിരുന്നു. ജനാധിപത്യ വ്യവസ്ഥയില്‍ അധികാരത്തിലൂടെ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാമെന്ന ആശയത്തിലൂടെ മുസ്ലിം മതരാഷ്ട്രീയ വാദം പൊതു ഇടങ്ങളില്‍ കൂടുതല്‍ സ്വീകാര്യത നേടി.
1960ല്‍ മുസ്ലിംലീഗിലെ കെ.എം.സീതിസാഹിബിന് സ്പീക്കര്‍ സ്ഥാനം ലഭിച്ചത് മതരാഷ്ട്രീയവാദത്തിന് കൂടുതല്‍ ബലം നല്‍കുന്നതായിരുന്നു. 1967ലെ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സപ്തമുന്നണി മന്ത്രിസഭയില്‍ ഇ.എം.എസ്സിനൊപ്പം വിദ്യാഭ്യാസ വകുപ്പും പഞ്ചായത്തുവകുപ്പും മുസ്ലിലീഗിന് ലഭിച്ചു. പണ്ട് പാകിസ്ഥാന്‍ വാദകാലത്ത് ലഭിക്കാതിരുന്ന മലബാറിലെ മാപ്പിളസ്ഥാന്‍ മലപ്പുറം ജില്ല എന്ന പേരില്‍ നേടിയെടുക്കാന്‍ മുസ്ലിംലീഗിന് കഴിഞ്ഞു. ബ്രിട്ടീഷുകാര്‍ ഭരിക്കുമ്പോള്‍ ലഭിക്കാതിരുന്നത് ജനാധിപത്യ വ്യവസ്ഥയില്‍ ഭരണഘടനാനുസൃതമായി നേടിയെടുക്കാന്‍ മുസ്ലിം രാഷ്ട്രീയത്തിന് കഴിഞ്ഞു. കേളപ്പജി, കെ.പി.ആര്‍.ഗോപാലന്‍, ഇ.മൊയ്തു മൗലവി, ആര്യാടന്‍ മുഹമ്മദ് തുടങ്ങിയവരൊക്കെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ ചേര്‍ത്ത് ഒരു പ്രത്യേക ജില്ല രൂപീകരിക്കുന്നതിനെ എതിര്‍ത്തിരുന്നു. ആര്യാടന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ വഴിക്കടവില്‍ നിന്ന് കോഴിക്കോട് ജില്ലാ കലക്‌ട്രേറ്റിലേക്ക് ജില്ലാവിരുദ്ധപദയാത്ര സംഘടിപ്പിച്ചിരുന്നു. ”പുതിയ ജില്ലകള്‍ രൂപീകരിക്കുന്നതിനുള്ള കേരള ഗവണ്‍മെന്റിന്റെ നീക്കം സംസ്ഥാനത്തിന്റെ ഉത്തമതാത്പര്യങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്ന കെ.പി.സി.സി. ഉള്‍പ്പെടെ പലരും അഭിപ്രായപ്പെട്ട ശേഷവും ജൂണ്‍ 16ന് നിലവില്‍ വരത്തക്കവണ്ണം മലപ്പുറം ജില്ലരൂപവല്‍ക്കരിച്ചുകൊണ്ടുള്ള ഗവണ്‍മെന്റിന്റെ തീരുമാനത്തില്‍ ഉത്കണ്ഠപ്രകടിപ്പിക്കുന്നു” എന്നായിരുന്നു കെ.പി.സി.സി.യുടെ പ്രമേയം. ജില്ലാ രൂപവല്‍ക്കരണം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും സാമ്പത്തിക ബാധ്യത വലിച്ചുവെക്കുന്നതാണന്നും കെ.പി.സി.സി. എതിര്‍പ്പ് പ്രകടിപ്പിച്ചു. ”ഗവണ്‍മെന്റും വര്‍ഗ്ഗീയ രാഷ്ട്രീയ കക്ഷികളും കൂടി ഇന്ന് കേരളത്തില്‍ സൃഷ്ടിച്ചിരിക്കുന്ന വിപത്തിനെ നേരിടാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തുവരണം” എന്നായിരുന്നു മലപ്പുറം ജില്ലയെ സംബന്ധിച്ച് കോണ്‍ഗ്രസിന്റെ പ്രമേയം. മലപ്പുറം ജില്ലാ വിരുദ്ധ പ്രക്ഷോഭത്തിന്റെ രാഷ്ട്രീയം വ്യക്തമാക്കുന്നതായിരുന്നു കേളപ്പജിയും എകെജിയും തമ്മില്‍ അന്നുണ്ടായ ‘തുറന്ന കത്തുകള്‍’. ‘കേളപ്പേട്ടാ എന്ന് വിളിച്ചതില്‍ ഞാനിന്നു ലജ്ജിക്കുന്നു’ എന്ന് വ്യക്തമാക്കിക്കൊണ്ട് എകെജി എഴുതിയ കത്തിന് കേളപ്പജി വ്യക്തമായ മറുപടി അയക്കുന്നുണ്ട്. ‘പ്രിയപ്പെട്ട കുഞ്ഞനിയാ’ എന്ന് തുടങ്ങുന്ന കത്ത് ഏകെജി എന്ന കമ്മ്യൂണിസ്റ്റുകാരന്‍ ഉന്നയിച്ച ആരോപണങ്ങളെ ശക്തമായി റദ്ദ് ചെയ്യുകയാണ്.
മതന്യൂനപക്ഷ സമ്മര്‍ദ്ദ രാഷ്ട്രീയത്തിന്റെ പാതവെട്ടിത്തുറക്കുകയാണ് മലപ്പുറം ജില്ലാ പ്രഖ്യാപനത്തിലൂടെ ഉണ്ടായത്. ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍ ത്യാഗമനോഭാവത്തോടെ സുദീര്‍ഘമായ പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ള കേളപ്പജിയെപ്പോലും വര്‍ഗ്ഗീയ ചതുരത്തില്‍ പ്രതിഷ്ഠിക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കും മുസ്ലിം ലീഗിനും കഴിഞ്ഞു. 1930 കളുടെ അവസാനം മുതല്‍ കേളപ്പജിയെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമിച്ച ഇടത്-മുസ്ലിം കൂട്ടുകെട്ട് മലപ്പുറം ജില്ലാവിരുദ്ധ സമരത്തെ ഉപയോഗിച്ച് ആ ശ്രമത്തെ വിജയത്തിലെത്തിക്കുകയായിരുന്നു. മലപ്പുറം ജില്ലയും മലനാട് ജില്ലയും പ്രഖ്യാപിച്ച സര്‍ക്കാര്‍ മലപ്പുറം ജില്ലമാത്രം രൂപീകരിച്ച് മലനാട് ജില്ലയെ വിസ്മരിക്കുകയായിരുന്നു. തങ്ങളുടെ നീക്കം വര്‍ഗ്ഗീയമല്ലെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു മലനാട് ജില്ല പ്രഖ്യാപിക്കുമെന്നവാദം. മലപ്പുറം ജില്ല രൂപീകരിക്കപ്പെട്ടതോടെ മുസ്ലിംലീഗ് മറുപക്ഷത്തേക്ക് ചാടാനും തയ്യാറായിരുന്നു. അഴിമതി ചൂണ്ടിക്കാട്ടി സപ്തകക്ഷി മുന്നണിയിലെ എല്ലാ മന്ത്രിമാര്‍ക്കെതിരെയും അന്വേഷണം വേണമെന്നാവശ്യപ്പെട്ട ലീഗിന്റെ നീക്കം ആസൂത്രിതമായിരുന്നു. മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച ലീഗ് അധികം വൈകാതെ ഐക്യജനാധിപത്യമുന്നണിയില്‍ ചേരുകയും ചെയ്തു.
”ഭൂപരിഷ്‌കരണം ഉള്‍പ്പടെയുള്ള നിയമപരിഷ്‌കാരങ്ങളുടെ വാഗ്ദാനങ്ങളുമായി അധികാരത്തില്‍ വന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വാഗ്ദാനങ്ങള്‍ പാലിക്കുന്നതിലും പരാജയപ്പെട്ടു. എന്നാല്‍ കൊടുങ്കാറ്റിന്നിടയിലും പതറാതെ പിടിച്ചു നിന്നത് മുസ്ലിംലീഗാണ്. കാലിക്കറ്റ് സര്‍വ്വകലാശാല, മലപ്പുറം ജില്ല എന്നീ പ്രധാനപ്പെട്ട രണ്ട് ലക്ഷ്യങ്ങളും സഫലമാക്കാന്‍ മുസ്ലിം ലീഗിന് കഴിഞ്ഞു. മുന്നണി ധാരണയുടെ മുന്നോടിയായി മുസ്ലിംലീഗ് ആവശ്യപ്പെട്ട എല്ലാകാര്യങ്ങളും നേടിയെടുത്തു. മലപ്പുറം ജില്ല പിറവിയും പ്രയാണവും എന്ന പുസ്തകത്തില്‍ ടിപിഎം ബഷീര്‍ സപ്തകക്ഷിമുന്നണിയെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും മുസ്ലിംലീഗ് എങ്ങിനെയാണ് ഉപയോഗപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്നുണ്ട്. അന്ന് ജനസംഘം ഉയര്‍ത്തിയ ആശങ്കകള്‍ അസ്ഥാനത്തായിരുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ പരാമര്‍ശങ്ങളും പിന്നീട് ജില്ലയിലുണ്ടായ സംഭവവികാസങ്ങളും. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡില്‍ നിന്നാരംഭിച്ച കമ്മ്യൂണിസ്റ്റ് – മുസ്ലിംലീഗ് സഹകരണം മലപ്പുറം ജില്ലാരൂപീകരണത്തിലൂടെ കൂടുതല്‍ ദൃഢമാവുകയായിരുന്നു. മലപ്പുറം ജില്ലാരൂപീകരണം ഉയര്‍ത്തിപ്പിടിച്ച് മുസ്ലിംലീഗ് കേരള രാഷ്ട്രീയത്തിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് പിന്നീട് ഇഎംഎസ് നമ്പൂതിരിപ്പാട് തന്നെ തുറന്നെഴുതുന്നുണ്ട്. ”ജില്ലാരൂപീകരണത്തെ ലീഗുകാര്‍ ഉപയോഗിച്ചത് രാഷ്ട്രീയവും സംഘടനാപരവുമായ തങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കാനായിരുന്നു. മുകളില്‍ പറഞ്ഞതുപോലെ സ്വന്തം മന്ത്രിമാരുടെ കൈയിലുള്ള വകുപ്പ് മാത്രമല്ല നിലവിലുള്ള ഒമ്പത് ജില്ലകള്‍ക്ക് പുറമേ രൂപം കൊള്ളുന്ന പുതിയ ജില്ലയാകെ തങ്ങളുടെ വരുതിക്ക് കീഴിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അങ്ങനെ സംസ്ഥാനത്തിന്റെ രാഷ്ട്രീയത്തില്‍ ഇസ്ലാമിക വര്‍ഗ്ഗീയത വളരാന്‍ അത് സഹായിച്ചു.”

മലപ്പുറം ജില്ല രൂപീകരണമെന്ന ആശയം മുസ്ലീം വര്‍ഗ്ഗീയരാഷ്ട്രീയം വളര്‍ത്തിയെടുക്കാനുള്ള വിത്തിറക്കലായിരുന്നുവെന്ന സത്യം ഇ.എം.എസ് നമ്പൂതിരിപ്പാട് അന്ന് പരിഗണിച്ചില്ല. എന്നാല്‍ പിന്നീട് ഇ.എം.എസ് അത് തുറന്നു സമ്മതിക്കുന്നു. വര്‍ത്തമാനകാല കേരളരാഷ്ട്രീയത്തെ മുസ്ലിം സംഘടനകള്‍ എങ്ങിനെ സ്വാധീനിക്കുന്നുവെന്നതിന്റെ കാരണം കൂടിയാണ് ഇ.എം.എസ്. പിന്നീട് മറയില്ലാതെ വ്യക്തമാക്കുന്നത്.
ജനസംഘം, കേളപ്പജി, മൊയ്തുമൗലവി എന്നിവര്‍ മാത്രമല്ല കമ്മ്യൂണിസ്റ്റ് റവല്യൂഷണറി പാര്‍ട്ടി നേതാവ് കെ.പി.ആര്‍. ഗോപാലന്‍ അടക്കം മലപ്പുറം ജില്ലാ രൂപീകരണത്തെ എതിര്‍ത്തിരുന്നു. മലപ്പുറം ജില്ല നിലവില്‍ വന്ന ജൂണ്‍ 16 അടിയറവെക്കല്‍ ദിനമായി ആചരിക്കാനാണ് കേളപ്പജി ആഹ്വാനം ചെയ്തതെങ്കില്‍ കെ.പി.ആര്‍. ഗോപാലന്‍ കരിദിനമായി ആചരിക്കാനാണ് ആഹ്വാനം ചെയ്തത്. ജില്ലാ-താലൂക്ക് പുനഃസംഘടനയെക്കുറിച്ച് പഠിക്കാന്‍ ഒരു വിദഗ്ദ്ധ കമ്മറ്റിയെ എന്തുകൊണ്ട് നിയോഗിക്കുന്നില്ലെന്ന കെ.പി.ആറിന്റെ ചോദ്യത്തിന് ഇ.എം.എസ്. സര്‍ക്കാരിന് മറുപടി ഉണ്ടായിരുന്നില്ല. ”മുസ്ലിംലീഗിന്റെ വര്‍ഗീയവാദത്തിന് കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഒരു മന്ത്രിസഭ കീഴടങ്ങി എന്നുള്ളതാണ് തന്നെ അത്യധികം വേദനിപ്പിക്കുന്നത്. മുഖ്യമന്ത്രി ഇ.എം.എസ് ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് പിന്തുടരുന്നത്. പക്ഷെ ഇ.എം.എസ് തീയോടാണ് കളിക്കുന്നത്. അത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും” എന്ന കെ.പി.ആറിന്റെ പ്രവചനം എത്രമാത്രം ശരിയായി എന്ന് ഇന്നത്തെ കേരള രാഷ്ട്രീയം വ്യക്തമാക്കുന്നുണ്ട്. 1950 ഒക്‌ടോബറില്‍ നടന്ന മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ആരും രംഗത്തുവന്നിരുന്നില്ല. വിഭജനാനന്തരം മുസ്ലിം വര്‍ഗ്ഗീയ രാഷ്ട്രീയത്തെ ജനസമൂഹം അത്രയ്ക്കും വെറുത്തിരുന്നു. 1921നു ശേഷം 1940കളില്‍ മുസ്ലിം വര്‍ഗ്ഗീയതയുടെ വളര്‍ച്ച വിഭജന ആശയത്തിന്റെ വക്താക്കളെന്ന തിരിച്ചടിയില്‍ തകര്‍ന്നു പോയിരുന്നു.

സ്ഥാനാര്‍ത്ഥിയെ ആവശ്യമുണ്ടെന്ന് മുസ്ലിംലീഗ് മദിരാശി സംസ്ഥാന പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍മാന്‍ കെടിഎം അഹമ്മദ് ഇബ്രാഹിം പത്രത്തില്‍ പരസ്യം നല്‍കേണ്ടിവന്നു. 1947-ല്‍ മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അന്നത്തെ കമ്മ്യൂണിസ്റ്റുകള്‍ ഉള്ള സോഷ്യലിസ്റ്റുകളുമായി ചേര്‍ന്ന് മുസ്ലിംലിഗ് മത്സരിച്ചെങ്കിലും 42ല്‍ ഒരു സീറ്റുപോലും മുസ്ലിംലീഗ് മുന്നണിക്ക് ലഭിച്ചിരുന്നില്ല. എന്നാല്‍ 1954ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് എട്ട് സീറ്റ് നേടി. ആകെയുള്ള 48 സീറ്റില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 18 സീറ്റാണ് നേടിയത്. കോണ്‍ഗ്രസിന് ലഭിച്ചത് 15 സീറ്റുകളും. മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് ഒറ്റക്ക് ഭരിച്ച കോണ്‍ഗ്രസിന് 1947ല്‍ നേരിട്ട തിരിച്ചടി മലബാറിലെ മാറിവന്ന രാഷ്ട്രീയത്തെക്കുറിച്ച് സൂചന നല്‍കുന്നതാണ്. 1947ലെ രാഷ്ട്രീയ കാലാവസ്ഥയില്‍ മുസ്ലിംലീഗ് നേരിട്ടത് വന്‍തിരിച്ചടിയായിരുന്നു. 1947 ഒക്‌ടോബര്‍ 27ന് ദല്‍ഹിയില്‍ മുസ്ലീംലീഗ് പിരിച്ചുവിടല്‍ ദിനമായി ആചരിച്ച കാലമായിരുന്നു അത്. ബാംഗാളിലെ മുസ്ലിംലീഗ് നേതാവ് എഛ്.എസ് സുപ്രവര്‍ദി, മലബാറിലെ മുസ്ലിം ലീഗ് രാഷ്ട്രീയത്തിന് അടിത്തറയിട്ട സത്താര്‍സേട്ടുസാഹിബ് എന്നിവര്‍ പാകിസ്ഥാനിലേക്ക് പോയി. ബോംബെയില്‍ മുസ്ലിംലീഗ് ‘ഫോര്‍ത്ത് പാര്‍ട്ടി’ എന്ന് പേര് മാറ്റിയിരുന്നു. നവാബ് മുഹമ്മദ് ഇസ്മായില്‍ ഖാന്‍ സാഹിബിന്റെ അധ്യക്ഷതയില്‍ സെന്‍ട്രല്‍ അസംബ്ലിയിലെ മുസ്ലിംലീഗ് നേതാക്കള്‍ യോഗം ചേര്‍ന്ന് പാര്‍ട്ടി പിരിച്ചുവിട്ടു. മദിരാശിയിലെ ഒമ്പത് മുസ്ലിംലീഗ് എം.എല്‍.എമാര്‍ രാജിവെച്ചു. നേതാക്കള്‍ രാജിവെക്കുകയോ പാകിസ്ഥാനിലേക്ക് പോവുകയോ ചെയ്ത കാലഘട്ടത്തില്‍ മുസ്ലിംലീഗ് ഏതാണ്ട് പൂര്‍ണ്ണമായി ഇല്ലാതായിക്കഴിഞ്ഞിരുന്നു. ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ ഹൈദരാബാദ് നൈസാം തയാറാവാത്തതും മുസ്ലിംലീഗിന് കനത്ത തിരിച്ചടിയായിരുന്നു. മലബാറിലടക്കം മുസ്ലിംലീഗ് നേതാക്കള്‍ അറസ്റ്റിലായി. ഇത്തരം കനത്ത തിരിച്ചടികള്‍ ഏറ്റുവാങ്ങിയ മുസ്ലിംലീഗ് പിന്നീട് കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായി മാറിയതിന്റെ ചരിത്രം വിശദമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. മതേതര രാഷ്ട്രീയ കക്ഷികള്‍ക്ക് ജയിക്കണമെങ്കില്‍ മുസ്ലിം വര്‍ഗ്ഗീയ പ്രീണനം നടത്തണമെന്ന അവസ്ഥയിലെത്തുകയും ഇരുമുന്നണികളും പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ രാജ്യവിരുദ്ധ ആശയങ്ങളെപ്പോലും പിന്തുണക്കുന്ന ദുരന്തത്തിന് കേരളം വഴിമാറുകയും ചെയ്തു.
മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ കിട്ടാതിരുന്ന മുസ്ലിംലീഗ് ആ തിരഞ്ഞെടുപ്പില്‍ വിജയം നേടി. കോണ്‍ഗ്രസ്സിന് ആ തിരഞ്ഞെടുപ്പില്‍ രണ്ട് സ്ഥാനാര്‍ത്ഥികളുണ്ടായിരുന്നു. ഇതാണ് കോണ്‍ഗ്രസ്സിന്റെ പരാജയത്തില്‍ കലാശിച്ചത്. 1954ലെ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിലെ തിരഞ്ഞെടുപ്പില്‍ അധികാരമേറ്റ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എടുത്ത നിലപാടും ലീഗ് രാഷ്ട്രീയത്തിന് മാന്യത നല്‍കുന്നതായിരുന്നു ”മുസ്ലിം ലീഗുകാര്‍ ഈ ബോര്‍ഡില്‍ അംഗീകരിച്ച സമീപനം ഭാവി കേരള രാഷ്ട്രീയത്തിലേക്ക് വെളിച്ചം വീശുന്ന ഒരു സംഭവമാണ്…. ബോര്‍ഡിനകത്തെ പ്രവര്‍ത്തനത്തില്‍ കമ്മ്യൂണിസ്റ്റുകാരുമായി തികച്ചും സഹകരിച്ചു കൊണ്ടുള്ള സമീപനമാണ് അവര്‍ അംഗീകരിച്ചത്. യാഥാര്‍ത്ഥ്യം പറയുകയാണെങ്കില്‍ ലീഗ്-കമ്മ്യൂണിസ്റ്റ് ബന്ധം സഹകരണാത്മകമായിത്തീര്‍ന്ന ആദ്യത്തെ ഉദാഹരണമായിരുന്നു അത്” എന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ എന്ന ഗ്രന്ഥത്തില്‍ ഇഎംഎസ് വിശദീകരിക്കുന്നത്. ”മലബാര്‍ പ്രദേശത്തെ രാഷ്ട്രീയത്തില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിവുള്ള ശക്തിയാണ് തങ്ങളുടേതെന്ന് തെളിയിക്കാന്‍ ലീഗ് നേതാക്കളെ ഇത് സഹായിച്ചു”വെന്നാണ് ഇഎംഎസ് ഇതിനെ വിലയിരുത്തുന്നത്. ചുരുക്കത്തില്‍ കലാപാനന്തരം ചിതറിപ്പോയ പൊളിറ്റിക്കല്‍ ഇസ്ലാമിന് 1947ലെ വിഭജന നിലപാട് നല്‍കിയ തിരിച്ചടിയോടെ നിലനില്‍ക്കാന്‍ അര്‍ഹതയില്ലാതെ വന്നെങ്കിലും കമ്മ്യൂണിസ്റ്റ് – കോണ്‍ഗ്രസ് നിലപാടുകളാണ് മുസ്ലിം ലീഗിന്റെ മതരാഷ്ട്രീയത്തെ മുഖ്യധാരയിലേക്ക് ആനയിച്ചതെന്ന് വ്യക്തമാവുന്നു. 1957ലെ ഒന്നാം ഇഎംഎസ് മന്ത്രിസഭയില്‍ നിന്ന് 67-ലെ രണ്ടാം മന്ത്രിസഭയിലേക്ക് എത്തുമ്പോള്‍ സുപ്രധാന വകുപ്പുകളടക്കം കൈക്കലാക്കുന്ന തലത്തിലേക്ക് മുസ്ലിംലീഗ് രാഷ്ട്രീയം വളര്‍ന്നുകഴിഞ്ഞിരുന്നു. ‘മുസ്‌ലിംലീഗ് വര്‍ഗ്ഗീയ സംഘടനയല്ലെങ്കില്‍ ലോകത്ത് വര്‍ഗ്ഗീയ സംഘടനയൊന്നുമില്ല’ എന്ന ഇ. മൊയ്തു മൗലവിയുടെയും മറ്റും എതിര്‍പ്പുകളെ മറികടന്നാണ് മുസ്ലിംലീഗ് കേരളത്തിലെ മുഖ്യധാര മുന്നണി രാഷ്ട്രീയത്തിന്റെ ഭാഗമാവുന്നത്. 1921ന് ശേഷം മുസ്ലിം വേറിടല്‍ മനോഭാവത്തിന് മണ്ണും വളവും നല്‍കി വളര്‍ത്തിയത് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ സംഘടനകളാണ്. വിവിധ ജനസമൂഹങ്ങളുമായി ഇടകലര്‍ന്ന് സൗഹാര്‍ദ്ദത്തോടെ ജീവിച്ച മുസ്ലിം സമൂഹത്തെ അപരവല്‍ക്കരിക്കാന്‍ ശ്രമിച്ച മുസ്ലിം മതമൗലികവാദ ആശയങ്ങള്‍ക്ക് പിന്തുണ നല്‍കാനുള്ള മത്സരമാണ് കേരളത്തില്‍ പിന്നീടുണ്ടായത്. വേഷം മുതല്‍ ഭക്ഷണം വരെ തങ്ങള്‍ക്ക് വ്യത്യസ്തതയുണ്ടെന്ന് സ്ഥാപിക്കാനായിരുന്നു പരിശ്രമം.
ഓണത്തിന് കാളനാവാമെങ്കില്‍ കാളയുമാകാമെന്ന പ്രയോഗം കേവലം ഭക്ഷണരുചികളെക്കുറിച്ചുള്ള നിഷ്‌കളങ്കമായ പ്രതികരണമായിരുന്നില്ല. മറിച്ച് സമരസജീവിതത്തിന്റെ സുഗന്ധ പരിസരങ്ങളിലേക്ക് രക്തഗന്ധം ചീറ്റുന്ന വിഷവമനം തന്നെയായിരുന്നു. എല്ലാ മേഖലകളിലും വിലക്കുകള്‍ അടിച്ചേല്‍പ്പിക്കുന്ന, വ്യത്യസ്തതകളാണ്, വൈവിധ്യങ്ങളല്ല, മറിച്ച് വൈരുദ്ധങ്ങളാണെന്നുള്ള പാഠമാണ് അതിലൂടെ പകരാന്‍ ശ്രമിച്ചത്. ഈ ചരിത്രപരിസരത്താണ് ഇന്നത്തെ കേരളം ജീവിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയാണ് കേരളത്തിലുണ്ടാവുന്ന മുസ്ലിം രാഷ്ട്രീയത്തിന്റെ രസതന്ത്രം. മുസ്ലിം രാഷ്ട്രീയത്തിന്റെ ഭാഗമായി മുസ്ലിംലീഗും രാഷ്ട്രീയ ഇസ്ലാമിന്റെ പ്രയോക്താക്കളായി ജമാഅത്തെ ഇസ്ലാമിയും കേരളത്തില്‍ സൃഷ്ടിച്ച വെറുപ്പിന്റെ രാഷ്ട്രീയമാണ് സ്വാതന്ത്ര്യാനന്തര സാമൂഹ്യജീവിതത്തെ അപകടകരമായ സ്ഥിതിയിലേക്ക് നയിച്ചത്. വര്‍ഗ്ഗീയവത്കരണത്തിന്റെയും തീവ്രവാദവല്‍ക്കരണത്തിന്റെയും സമാന്തരപാതകള്‍ പലപ്പോഴും ആവശ്യാനുസരണം ഒരുമിക്കുന്നത് കാണാനുമാവും. ലൗജിഹാദ് മുതല്‍ സി.എ.എ. പ്രക്ഷോഭം വരെയുള്ള വിവിധ വിഷയങ്ങളില്‍ ഇവര്‍ക്ക് ഒരേ നിലപാടാണ്. മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ തീവ്രവാദശക്തികളെ കണ്ടെത്തണമെന്ന ആവശ്യത്തെ എതിര്‍ത്തത് ഇരുകൂട്ടരും ഒരുമിച്ചാണ്. പ്രതികള്‍ മുസ്ലിലീഗുകാരും മൗദൂദികളും ഉണ്ടെന്നത് യാദൃച്ഛികമല്ല. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുസ്ലിം മറ്റൊരു രൂപത്തില്‍ അവതരിച്ചതാണല്ലോ എന്‍ഡിഎഫ് വിശുദ്ധയുദ്ധത്തിന് പോരാളികളെയും ആയുധങ്ങളും ഒരുക്കിയെടുക്കുന്നതില്‍ ഇവര്‍ മത്സരിക്കുന്നു. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന പ്രകോപനപരമായ മുദ്രാവാക്യം ഉയര്‍ത്താന്‍ മടിയില്ലാത്തവരാണ് ഇക്കൂട്ടര്‍. ചേകന്നൂര്‍ മൗലവിയെന്ന മുസ്ലിം നവോത്ഥാന പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ മുസ്ലിം സംഘടനകള്‍ക്കൊന്നും ഒരിറ്റ് കണ്ണീര്‍ വീഴ്ത്താനില്ലെന്നതും കേരളം കണ്ടതാണ്. എന്നാല്‍ ഇറാഖ് പ്രസിഡന്റ് സദ്ദാംഹുസൈന്‍ വധം കേരളത്തിന്റെ തെരുവുകളില്‍ മുസ്ലിം രോഷം പ്രകടിപ്പിക്കുന്നതിനുള്ള കാരണമായി. മൗദൂദികള്‍ക്കും മാര്‍ക്‌സിസ്റ്റുകള്‍ക്കും മുസ്ലിംലീഗിനും സദ്ദാംഹുസൈന്‍ യോജിക്കാവുന്ന പ്രതീകമായി മാറി. മുസ്ലിം വോട്ട് പങ്കിടുന്നതിനു വേണ്ടിയുള്ള മത്സരത്തില്‍ മുന്നണി രാഷ്ട്രീയക്കാരും ആറോളം മുസ്ലിം തീവ്രവാദത്തിന്റെ തുടര്‍ച്ചകളെ ന്യായീകരിച്ചും പിന്തുണച്ചും മതേതരത്വത്തിന്റെയും പുരോഗമനപക്ഷത്തിന്റെയും മാനവികതയുടെയും വക്താക്കളായി. മദനിക്കുവേണ്ടി സംയുക്തപ്രമേയം പാസാക്കുന്നതില്‍ നിയമസഭയിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഒന്നിക്കുന്നത് രാഷ്ട്രീയകേരളം എവിടെയെത്തിയെന്നതിന്റെ തെളിവാണ്.
മുസ്ലിംഭീകരതയ്ക്ക് ലഭിക്കുന്ന സാര്‍വ്വത്രിക പിന്തുണയുടെ ബലത്തിലാണ് 1993 മെയ് 3ന് നടന്ന മാറാട് കൂട്ടക്കൊല. 8 പാവപ്പെട്ട ഹിന്ദു മത്സ്യത്തൊഴിലാളികളെ ക്ഷണനേരംകൊണ്ട് കൊലപ്പെടുത്തിയത് ഏതിന്റെയെങ്കിലും പകരം വീട്ടലായിരുന്നില്ല. വിചാരണക്കോടതിയും ഹൈക്കോടതിയും മാറാട് ജുഡീഷ്യല്‍ കമ്മീഷനും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം സമാനതകളില്ലാത്ത ഈ കൂട്ടക്കൊലയ്ക്ക് പിന്നിലെ ആഴത്തിലുള്ള ഗൂഢാലോചനയെക്കുറിച്ച് സൂചനകള്‍ നല്‍കുന്നുണ്ട്. കൂട്ടക്കൊലയ്ക്ക് പിന്നിലെ ക്രിമിനലുകള്‍ക്കെതിരെയുള്ള നിയമനടപടികള്‍ ത്വരിതപ്പെടുത്തുകയല്ല മറിച്ച് കൂട്ടക്കൊലയ്ക്ക് മുമ്പുളള ദിവസങ്ങളില്‍ മാറാട് കടലോരഗ്രാമത്തില്‍ നിന്ന് ദുരൂഹമായ സാഹചര്യത്തില്‍ മാറിത്താമസിച്ചവരെ പുനരധിവസിപ്പിക്കാനാണ് മുസ്ലിം സംഘടനകളും ഇരുമുന്നണികളും കൈകോര്‍ത്തത്. കൂട്ടക്കൊലയ്ക്കുപിന്നിലെ ഭീകരബന്ധം കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തെ ഒന്നിച്ചെതിര്‍ത്തത് ഈ സംഘങ്ങള്‍ തന്നെ. എന്നാല്‍ കൂട്ടക്കൊലയുടെ ദുരന്തം ഏറ്റുവാങ്ങേണ്ടിവന്ന കടലോരഗ്രാമത്തിലെ ഹിന്ദു സമൂഹം ജനാധിപത്യ കേരളത്തിന് ഉദാത്തമായ മാതൃകയാവുകയായിരുന്നു. ഉറ്റവര്‍ കൊല്ലപ്പെട്ട വേദന കടിച്ചമര്‍ത്തിക്കൊണ്ട് ജനാധിപത്യ വ്യവസ്ഥയില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് നീതിന്യായ വ്യവസ്ഥയിലൂടെ നീതി ലഭിക്കുമെന്ന വിശ്വാസത്തോടെ ജനകീയ പ്രക്ഷോഭത്തിന് ഇറങ്ങുകയായിരുന്നു അവര്‍. കേരളത്തിന്റെ സാമൂഹ്യമനസാക്ഷിയും അവര്‍ക്കൊപ്പമായിരുന്നു. അധ്യാത്മികാചാര്യന്മാരും ആര്‍.എസ്.എസ് അടക്കമുള്ള സംഘടനകളും കടലോരഗ്രാമത്തിലെ ഹിന്ദുസമൂഹത്തിന് പിന്തുണയുമായെത്തി. നീണ്ടുനിന്ന പ്രക്ഷോഭത്തിന്റെ ചരിത്രം വര്‍ത്തമാനകാല കേരളത്തിന് പരിചിതമാണ്. നിയമപോരാട്ടത്തില്‍ സര്‍ക്കാരിന്റെ പിന്തുണയില്ലെങ്കില്‍ പോലും നീതന്യായചരിത്രത്തിലെ സമാനതകളില്ലാത്ത പോരാട്ടത്തിന്റെ ചരിത്രമാണത്. സിബിഐ അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ഇന്ന് ആ കടലോരഗ്രാമം.
ഭീകരരെ കയറ്റി അയക്കുന്ന സംസ്ഥാനമായി മാറിയ കേരളത്തില്‍ ഭീകരതയെ തളച്ചുനിര്‍ത്താന്‍ കഴിയുന്നതെങ്ങിനെയെന്ന് മാറാട് മാതൃകയാവുന്നു. കടലോരഗ്രാമത്തില്‍ നിന്നും ഹിന്ദുസമൂഹത്തെ ആട്ടിപ്പായിക്കാനുള്ള ഭീകരരുടെ പദ്ധതി പാളുക മാത്രമല്ല അക്രമികള്‍ക്ക് ഗത്യന്തരമില്ലാതെ നാടുവിടേണ്ട സാഹചര്യവും ഉണ്ടായി. അഭയാര്‍ത്ഥികളെപ്പോലെ, ജനിച്ച മണ്ണില്‍ നിന്ന് പലായനം ചെയ്യുമെന്ന് കരുതി അക്രമം ആസൂത്രണം ചെയ്തവരുടെ പദ്ധതികളെ അട്ടിമറിച്ചുകൊണ്ട് പ്രതിരോധം തീര്‍ത്ത് പിറന്ന മണ്ണില്‍ കാലുറപ്പിച്ച് ജീവിക്കാന്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളി സമൂഹത്തിന് കഴിഞ്ഞിരിക്കുന്നു.

1921ലെ പതറുന്ന ഹിന്ദുസമൂഹമല്ല മറിച്ച് മതഭീകരതയെ പ്രതിരോധിക്കുകയും അതിജീവിക്കുകയും ചെയ്യുന്ന സമൂഹമായി അവര്‍ മാറിയിരിക്കുന്നു. ഭരണകൂടവും ഭരണ-പ്രതിപക്ഷകക്ഷികളും പിന്തുണക്കുന്ന മതമൗലികവാദശക്തികളെ ജനാധിപത്യ രീതിയില്‍ പ്രതിരോധിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് മാറാട് നല്‍കുന്നത്. ജനാധിപത്യവ്യവസ്ഥ നല്‍കുന്ന സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്ത് വളരുന്ന മതതീവ്രവാദത്തെ ജനാധിപത്യ മൂല്യങ്ങളെ മുറുകെ പിടിച്ചുകൊണ്ടുതന്നെ പ്രതിരോധിക്കാമെന്ന് മാറാട് തെളിയിക്കുന്നു. നിസ്സഹായമായി നോക്കിനില്‍ക്കാനല്ല മറിച്ച് സംഘടിതമായി ചെറുത്ത് നില്‍ക്കാനാണ് മാറാട് നല്‍കുന്ന പാഠം. ജിന്നയുടേയും മൗദൂദിയുടെയും ആശയധാരകള്‍ പിന്‍പറ്റി പ്രവര്‍ത്തിക്കുന്ന മുസ്ലിംസംഘടനകള്‍ വിഭജനാനന്തര ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ സംഘടിതമായിതീര്‍ന്നത് കേരളത്തിലാണ്. ഭിന്നമതവിശ്വാസികള്‍ ഉള്ള സമൂഹത്തില്‍ തങ്ങളുടെ മതരാഷ്ട്രവാദം എങ്ങിനെ അവതരിപ്പിക്കണം എന്ന കാര്യത്തിലേ ഇത്തരം സംഘടനകള്‍ വ്യത്യസ്തരാവുന്നുള്ളൂ. മതപൗരോഹിത്യവും മതസംഘടനകളും വിളയിച്ചെടുക്കുന്ന മതജീവിതങ്ങള്‍ സിറിയയിലേക്ക് കയറ്റുമതി ചെയ്യാനും പാര്‍ലിമെന്റില്‍ ബോംബ് സ്‌ഫോടനം നടത്താനും അന്യമത വിശ്വാസികളെ മതപരിവര്‍ത്തനത്തിനായി പ്രേമിക്കാനും തയ്യാറാകുന്ന വിവിധ പദ്ധതികള്‍ അവര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നു.
പൗരോഹിത്യമതത്തിന്റെ ചതുരത്തിലൊതുക്കി ജീവിക്കണമെന്ന മതശാഠ്യങ്ങള്‍ക്ക് വഴങ്ങുന്നത് മാത്രമല്ല അതിന് വേണ്ടി സ്വയംപൊട്ടിത്തെറിക്കാനും തയ്യാറാക്കപ്പെടുന്ന ശഹീദുകളായി സ്വര്‍ഗ്ഗമോഹം മനസ്സിലേറ്റി ഇക്കൂട്ടര്‍ സമൂഹത്തില്‍ സംഘര്‍ഷങ്ങള്‍ വിതക്കുന്നു. സ്വകാര്യജീവിതത്തിലെ മതം പൊതുമണ്ഡലത്തിന്റെ സമസ്ത മേഖലകളെയും അടക്കി ഭരിക്കാന്‍ തയ്യാറെടുക്കുന്നുവെന്നതാണ് കേരളം നേരിടുന്ന പ്രധാനഭീഷണി. എന്നാല്‍ മതാത്മകഭീകരവാദത്തെ ചെറുത്തുതോല്‍പ്പിക്കാനാവുമെന്ന ആത്മവിശ്വാസമാണ് മാറാട് മുന്നോട്ട് വെക്കുന്നത്. അന്യമതസ്ഥനെ സ്‌നേഹിക്കാനും മതഭീകരവാദത്തെ ചെറുക്കാനും കഴിയുമെന്ന പാഠം അവര്‍ കേരളത്തിന് നല്‍കിയ ഉദാത്ത മാതൃകയാണ്.
സഹായകഗ്രന്ഥങ്ങള്‍
1. വര്‍ഗ്ഗീയതയുടെ അടിവേരുകള്‍ – ജി.കെ.സുരേഷ് ബാബു
2. മലപ്പുറം ജില്ല പിറവിയും പ്രയാണവും – ടി.പി.എം. ബഷീര്‍
3. ഇസ്ലാമികരാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു.
4. മാപ്പിള മുസ്ലിങ്ങള്‍- റോളണ്ട് ഇ മില്ലര്‍.