1921ലെ മാപ്പിള ലഹളയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ പ്രാഥമികമായി മനസ്സിലാക്കേണ്ട ഒരു വസ്തുത അത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല എന്നതാണ്. ഈ സത്യം അംഗീകരിക്കാന്‍ പല ചരിത്രകാരന്മാരും മടിക്കുകയോ പേടിക്കുകയോ ആണ് ചെയ്തിട്ടുള്ളത്. ഈ മതലഹളയുടെ നൂറാം വാര്‍ഷികത്തിലും ഇക്കാര്യത്തില്‍ അക്കാദമിക രംഗത്ത് വലിയ മാറ്റമൊന്നും വന്നിട്ടുള്ളതായി തോന്നുന്നില്ല. അസുഖകരമായ വസ്തുതകള്‍ കണ്ടെത്താനും രേഖപ്പെടുത്താനും ശ്രമിച്ച അപൂര്‍വം ചില ചരിത്രകാരന്മാരെ അവഗണിക്കുകയോ ഒറ്റപ്പെടുത്തുകയോ ചെയ്തിട്ടുള്ളതായി കാണാം. വസ്തുതകള്‍ ശരിയായി രേഖപ്പെടുത്തുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തിയ ചിലര്‍ അതിലുള്ള കുറ്റബോധം കൊണ്ടെന്നപോലെ മാപ്പിള ലഹളയുടെ നൂറാം വാര്‍ഷികം ആഘോഷിക്കേണ്ടതുണ്ടോയെന്ന് വളരെ മൃദുവായി ചോദിക്കുന്നതു കേള്‍ക്കാം.
മാപ്പിള ലഹളകള്‍ ഉണ്ടാകുന്നത്
മലബാറിന്റെ ചരിത്രത്തില്‍ മാപ്പിളലഹളകള്‍ നിരവധി നടന്നിട്ടുണ്ട്. അതിലൊന്നു മാത്രമായിരുന്നു 1921 ല്‍ നടന്നത്. 1836 മുതല്‍ 1921 വരെയുള്ള എട്ടരപ്പതിറ്റാണ്ട് കാലത്തിനിടെ ചെറുതും വലുതുമായ 50 ലേറെ മാപ്പിള ലഹളകള്‍ മലബാറില്‍ നടന്നതായി കണക്കാക്കപ്പെടുന്നു. മലബാര്‍ ഡെപ്യൂട്ടി കളക്ടറായിരുന്ന സി. ഗോപാലന്‍ നായര്‍ എഴുതിയ പുസ്തകത്തില്‍(1) വര്‍ഷവും തീയതിയും വച്ച് ഈ ലഹളകളുടെ നാള്‍വഴി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ ലഹളയിലും എന്താണ് നടന്നതെന്ന് സംക്ഷിപ്തമായി പറയുകയും ചെയ്യുന്നു. 1923 ലാണ് ഗ്രന്ഥകാരന്‍ ഇംഗ്ലീഷില്‍ ഈ രചന നിര്‍വഹിക്കുന്നത്. അതായത് 1921 ലെ ലഹള നടന്ന് രണ്ട് വര്‍ഷത്തിനകം. അന്നത്തെ വര്‍ഗീയവും മൃഗീയവുമായ അക്രമ സംഭവങ്ങള്‍ കണ്‍മുന്നില്‍ കണ്ടെന്നപോലെ എഴുതിയിട്ടുള്ള ഈ പുസ്തകത്തിന്റെ ഉള്ളടക്കം വസ്തുനിഷ്ഠമാണ്.
മലബാര്‍ കളക്ടറായിരുന്ന വില്യംലോഗനും 1921ന് മുന്‍പുള്ള ലഹളകള്‍ക്ക് ഇടയാക്കിയ മാപ്പിളമാരുടെ മതഭ്രാന്തിനെക്കുറിച്ച് മലബാര്‍ മാന്വല്‍ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വംശഹത്യാ പാരമ്പര്യമുള്ള ഫസല്‍ പൂക്കോയ തങ്ങളെ നാടുകടത്തിയതിനോടുള്ള പക വീട്ടാന്‍ മലബാര്‍ കളക്ടറായിരുന്ന ഹെന്റി വാലന്റൈന്‍ കൊണോലിയെ മാപ്പിളമാര്‍ വധിക്കുകയുണ്ടായി. ഇതേ തുടര്‍ന്നാണ് ലോഗന്‍ മലബാര്‍ കളക്ടറായി വന്നത്. സി. ഗോപാലന്‍ നായരെപ്പോലെ ലോഗനും മലബാറിലെ മതലഹളകളെക്കുറിച്ച് നേരിട്ട് അറിയാമായിരുന്നു. ഇത്തരം വിവരങ്ങളൊക്കെ തുടക്കം മുതല്‍ തന്നെ ലഭ്യമായിരുന്നിട്ടും 1921 ന് മുന്‍പുള്ള മാപ്പിള ലഹളകളെക്കുറിച്ച് പ്രൊഫഷണല്‍ ചരിത്രകാരന്മാര്‍ സൗകര്യപൂര്‍വം മൗനംപാലിച്ചു.
ഇത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുമ്പോഴാണ് പല ചരിത്രകാരന്മാരെയും ഭരിക്കുന്ന സ്ഥാപിത താല്‍പ്പര്യങ്ങള്‍ എത്ര ബലിഷ്ഠമാണെന്ന് മനസ്സിലാവുക. സമാനമായ കലാപങ്ങള്‍ മുന്‍കാലങ്ങളിലും നടന്നിട്ടുണ്ടെന്നും, മതഭ്രാന്താണ് അവയ്‌ക്കെല്ലാം പ്രേരണയെന്നും അംഗീകരിക്കേണ്ടിവന്നാല്‍ 1921 ലെ ലഹളയെ മറ്റു തരത്തില്‍ വ്യാഖ്യാനിക്കാന്‍ കഴിയാതെ വരും. ജന്മി-കുടിയാന്‍ സംഘട്ടനമെന്നും കര്‍ഷക ലഹളയെന്നും സ്വാതന്ത്ര്യസമരമെന്നുമൊക്കെ വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ള 1921 ലെ ലഹള എല്ലാ അര്‍ത്ഥത്തിലും മതഭ്രാന്തിന്റെ അഴിഞ്ഞാട്ടമായിരുന്നു എന്ന യാഥാര്‍ത്ഥ്യം പകല്‍പോലെ വ്യക്തമാവുകയും ചെയ്യും.
വഴിതെറ്റിയ ചരിത്ര പഠനങ്ങള്‍
കെ. മാധവന്‍ നായര്‍ എഴുതിയ ‘മലബാര്‍ കലാപം’ എന്ന പുസ്തകത്തിന് ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന കെ. കേളപ്പന്‍ എഴുതിയ ആമുഖത്തില്‍ ഇങ്ങനെ പറയുന്നുണ്ട്: ”ദേശചരിത്രം വസ്തുനിഷ്ഠമായിരിക്കണം. ഊഹാപോഹങ്ങളൊ സങ്കല്‍പ്പങ്ങളൊ അതില്‍ സ്ഥാനംപിടിക്കരുത്. ചരിത്രം പിന്‍തലമുറയ്ക്ക് താരതമ്യ വിവേചനത്തിനുള്ള ഉപാധി മാത്രമാണ്. എന്നാല്‍ ഇതിനെതിരായി പലരും പ്രവര്‍ത്തിച്ചു കാണുന്നു. രാഷ്ട്രീയമോ സാമ്പ്രദായികമോ ആയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കണമെന്ന് മനഃപൂര്‍വം ചിന്തിക്കുന്ന ചില ചരിത്രകാരന്മാര്‍ വസ്തുതകള്‍ വളച്ചൊടിക്കുന്നു; ദുര്‍വ്യാഖ്യാനം ചെയ്യുന്നു; കൃത്രിമരേഖകള്‍ സൃഷ്ടിക്കുന്നു.”(2) കേളപ്പന്‍ ആരോപിക്കുന്ന കുറ്റം ചെയ്തവരാണ് 1921 ലെ മാപ്പിള ലഹളയെക്കുറിച്ച് ‘പഠിച്ച’ പല ചരിത്രകാരന്മാരും. 1921ന് മുന്‍പ് നടന്ന ലഹളകളുടെ പശ്ചാത്തലം പഠിക്കുമ്പോള്‍ അവയൊന്നും ശൂന്യതയില്‍നിന്ന് പൊട്ടിപ്പുറപ്പെട്ടതല്ല എന്നു വ്യക്തമാവും. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ കണ്ണൂരിലെ ആലി രാജാവിന്റെ ക്ഷണപ്രകാരം മൈസൂരില്‍നിന്നു വന്ന് പടയോട്ടങ്ങളും കൊടുംക്രൂരതകളും നടത്തിയ ഹൈദരാലിയും മകന്‍ ടിപ്പുവുമാണ് മലബാറിലെ സാമൂഹ്യാന്തരീക്ഷത്തെ കലുഷിതമാക്കിയത്. ഹിന്ദുക്കളെയും അവരുടെ ആരാധനാലയങ്ങളെയുമാണ് രണ്ട് ആക്രമണകാരികളും ലക്ഷ്യമിട്ടത്. മതഭ്രാന്തിന്റെ ആള്‍രൂപങ്ങളായിരുന്ന ഇവര്‍ ചെയ്തുകൂട്ടിയ അതിക്രമങ്ങള്‍ മുസ്ലിം ചരിത്രകാരന്മാര്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യാ ചരിത്രത്തിലെ തിമൂറിന്റെയും ചെങ്കിസ്ഖാന്റെയും യുദ്ധമുന്നേറ്റത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ടിപ്പുവിന്റെ ആഗമനംകൊണ്ട് കേരളത്തിന് അനുഭവപ്പെടുന്നതെന്നാണ് പി.എ. സെയ്തു മുഹമ്മദ് (3) രേഖപ്പെടുത്തിയിട്ടുള്ളത്.
ടിപ്പുവിന്റെ കത്തുകള്‍ വായിക്കാതിരിക്കുമ്പോള്‍
ഹൈദറും ടിപ്പുവും മതഭ്രാന്തിന്റെ ആള്‍രൂപങ്ങളായിരുന്നതിനാലാണ് അവിശ്വാസികളായ ഹിന്ദുക്കള്‍ക്കുമേല്‍ കെട്ടഴിച്ചുവിട്ട കൊടുംക്രൂരതകളില്‍ ഇരുവര്‍ക്കും തെല്ലുപോലും കുറ്റബോധം തോന്നാതിരുന്നത്. മലബാറില്‍ ഒരു ഇസ്ലാമിക രാജ്യം സ്ഥാപിക്കുന്നതിനാണ് ഇവര്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചത്. ടിപ്പു എഴുതിയിട്ടുള്ള ചില കത്തുകള്‍ തന്നെ ഇത് സാക്ഷ്യപ്പെടുത്തുന്നു.
”12000 ലേറെ ഹിന്ദുക്കളെ ഇസ്ലാമിലേക്ക് മതംമാറ്റി ആദരിച്ചു. ഇക്കൂട്ടരില്‍ നിരവധി നമ്പൂതിരിമാരുമുണ്ട്. ഹിന്ദുക്കള്‍ക്കിടയില്‍ ഈ നേട്ടം വലിയ തോതില്‍ പ്രചരിപ്പിക്കണം. പിന്നീട് പ്രാദേശിക ഹിന്ദുക്കളെ നിങ്ങളുടെ മുന്നിലെത്തിച്ച് മതംമാറ്റണം. ഒരു നമ്പൂതിരിയെയും ഒഴിവാക്കരുത്.” (1788 മാര്‍ച്ച് 22 ന് ടിപ്പു അബ്ദുള്‍ കാദിറിന് എഴുതിയ കത്ത്)
”ഞാന്‍ മിര്‍ ഹുസൈന്‍ അലിക്കൊപ്പം രണ്ട് അനുയായികളെ അയയ്ക്കുന്നു. അവരുടെ സഹായത്തോടെ ഹിന്ദുക്കളെ മുഴുവന്‍ പിടിച്ച് കൊല്ലണം. 20 വയസ്സിനു താഴെ പ്രായമുള്ളവരെ തടവിലിട്ടാല്‍ മതി. ബാക്കിയുള്ളവരില്‍ 5000 പേരെ കൊന്ന് മരങ്ങളില്‍ കെട്ടിത്തൂക്കണം. ഇത് എന്റെ ആജ്ഞയാണ്.” (1788 ഡിസംബര്‍ 14ന് കോഴിക്കോട്ടെ സേനാ മേധാവി ഹുസൈന്‍ അലിഖാന് ടിപ്പു എഴുതിയത്.)
”നബിയുടെയും അള്ളാഹുവിന്റെയും കരുണയാല്‍ മിക്കവാറും ഹിന്ദുക്കളെ ഇസ്ലാമാക്കി. കൊച്ചി അതിര്‍ത്തിയിലെ ചിലരേ ബാക്കിയുള്ളൂ. അവരെയും ഉടന്‍ മതംമാറ്റും. ഇത് ആ ലക്ഷ്യത്തിനുള്ള ജിഹാദ് ആണ്.” (1870 ഫെബ്രുവരി 13 ന് ബുദ്രുസ് ഉസ്മാന്‍ ഖാന് ടിപ്പു എഴുതിയത്.) മതഭ്രാന്തിന്റെ നേര്‍രേഖകളായ ഈ കത്തുകള്‍ 1923 ല്‍ തന്നെ വെളിച്ചം കണ്ടതാണ്. ചരിത്രകാരനും ചൈനയിലെ ഹൈക്കമ്മീഷണറുമൊക്കെയായിരുന്ന സര്‍ദാര്‍ കെ.എം. പണിക്കര്‍ കണ്ടെത്തി ‘ഭാഷാ പോഷിണി’യില്‍ പ്രസിദ്ധീകരിച്ചതാണിത്. ഇക്കാലത്തു തന്നെയാണ് കോണ്‍ഗ്രസ്സിന്റെ ദേശീയ അധ്യക്ഷനും, ‘ഗാന്ധി ആന്‍ഡ് അനാര്‍ക്കി’ എന്ന പുസ്തകമെഴുതുകയും ചെയ്തിട്ടുള്ള സി. ശങ്കരന്‍ നായരുടെ സഹോദരന്‍ സി. ഗോപാലന്‍ നായര്‍ ‘മാപ്പിള ലഹള-1921’ എന്ന പുസ്തകം എഴുതിയതെന്നും ഇവിടെ ഓര്‍ക്കാം.
ആക്രമണത്തിലൂടെ തന്റെ അധീനതയിലാക്കിയ പ്രദേശങ്ങളിലെ സ്ഥലനാമങ്ങളില്‍ ടിപ്പു വരുത്തിയ മാറ്റവും ശ്രദ്ധേയമാണ്. മംഗലാപുരം (ജലാലാബാദ്), കണ്ണൂര്‍ (കുശാനാബാദ്), ബേപ്പൂര്‍ (സുല്‍ത്താന്‍പട്ടണം), കോഴിക്കോട് (ഇസ്ലാമാബാദ്) എന്നിങ്ങനെയായിരുന്നു മാറ്റം. ടിപ്പുവിന്റെ പീരങ്കിപ്പട തമ്പടിച്ച സ്ഥലത്തിന് ഈസ്റ്റ് ഇന്ത്യാ കമ്പനി ‘സുല്‍ത്താന്‍സ് ബാറ്ററി’ എന്ന പേരു വിളിച്ചു. ഇതാണ് പിന്നീട് മലയാളീകരിക്കപ്പെട്ട് സുല്‍ത്താന്‍ബത്തേരി എന്നായത്. ടിപ്പുവിന്റെ ആക്രമണ പദ്ധതി സമ്പൂര്‍ണമായ ഇസ്ലാമിക പദ്ധതിയായിരുന്നുവെന്ന് ഇതില്‍നിന്നൊക്കെ വ്യക്തമാണല്ലോ.
മൈസൂറില്‍നിന്ന് മലബാറിലേക്ക്
ഹൈദറിന്റെയും ടിപ്പുവിന്റെയും മലബാര്‍ ആക്രമണം എന്നു മാത്രമേ പലരും പറയാറുള്ളൂ. കൊച്ചിയോട് ചേര്‍ന്നുകിടക്കുന്ന ആലുവാപ്പുഴയുടെ തീരം വരെ ടിപ്പു ആക്രമിച്ചെത്തിയിരുന്നു. മലബാറിലെ പല രാജകുടുംബാംഗങ്ങളും തിരുവിതാംകൂറില്‍ അഭയംപ്രാപിക്കുകയുണ്ടായി. ഇന്നത്തെ മാള എന്ന സ്ഥലത്തിനടുത്തുള്ള കൃഷ്ണന്‍ കോട്ട മുതല്‍ ആനമല വരെ നീണ്ടുകിടക്കുന്ന നെടുങ്കോട്ട തിരുവിതാംകൂര്‍ രാജാവായ ധര്‍മരാജയുടെ നിര്‍ദ്ദേശപ്രകാരം പണിതുയര്‍ത്തിയതാണ് ടിപ്പുവിന്റെ കടന്നാക്രമണത്തെ ഒരു പരിധിവരെ ചെറുത്തത്. ഒരിടത്ത് ഈ കോട്ട തകര്‍ത്തും ടിപ്പുവിന്റെ പട മുന്നേറിയെങ്കിലും പെരിയാറിലെ അപ്രതീക്ഷിതമായ വെള്ളപ്പൊക്കം മൂലം പിന്മാറുകയായിരുന്നു.
1921 ലെ മാപ്പിള ലഹളയിലേക്ക് സ്ഥിതിഗതികളെ എത്തിച്ചതില്‍ ടിപ്പുവിന്റെ ആക്രമണങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട്. 1784 ല്‍ ബ്രിട്ടനുമായി ഒപ്പുവച്ച മംഗലാപുരം സന്ധിയുടെ ഭാഗമായി തെക്കന്‍ മലബാര്‍ ടിപ്പുവിന് കിട്ടി. ഇവിടെയാണ് മാപ്പിളലഹളകള്‍ അരങ്ങേറിയതെന്ന കാര്യം യാദൃച്ഛികമല്ല. ഹിന്ദുക്കള്‍ക്കെതിരെ കൊള്ളയും കൊള്ളിവയ്പ്പും കൊലപാതകങ്ങളും മതംമാറ്റങ്ങളും മാനഭംഗങ്ങളും ഒരേ സ്വഭാവത്തോടെ അരങ്ങേറിയതിന്റെ ‘ക്ലൈമാക്‌സ്’ ആയിരുന്നു 1921 ലെ ലഹളകളെന്ന് പ്രത്യക്ഷത്തില്‍ തന്നെ മനസ്സിലാവും. പക്ഷേ പല ‘പ്രമുഖ ചരിത്രകാരന്മാര്‍ക്കും’ അതിന് കഴിഞ്ഞില്ല!
മലബാര്‍ ലഹളകളുടെ അഭിശപ്തമായ ചരിത്രത്തില്‍നിന്ന് ഹൈദറിന്റെയും ടിപ്പുവിന്റെയും അധ്യായങ്ങള്‍ ഒഴിവാക്കാനാവില്ലെന്ന് ‘മതേതരത്വവും മതമൈത്രിയും’ പുലര്‍ത്തിയ കേരളത്തെ വരച്ചുകാട്ടാന്‍ കഠിനാധ്വാനം ചെയ്ത ചരിത്രകാരന്മാര്‍ക്ക് എളുപ്പമല്ലായിരുന്നു. ഇതിനവര്‍ കണ്ടെത്തിയ കുറുക്കുവഴിയാണ് പൂര്‍ണയ്യയെപ്പോലുള്ള ഉപദേശകരുടെ നിര്‍ദ്ദേശപ്രകാരം മൈസൂറിലെ ചില ക്ഷേത്രങ്ങള്‍ക്ക് സഹായം നല്‍കിയിരുന്ന ടിപ്പുവിനെ മതേതരനായി ചിത്രീകരിച്ചത്. അന്ധവിശ്വാസംകൊണ്ടും ദൈവകോപം ഭയന്നുമാണ് ടിപ്പു ഇങ്ങനെയൊരു ഔദാര്യം ക്ഷേത്രങ്ങളോട് കാണിച്ചത്. ഇതൊരിക്കലും മലബാറില്‍ ചെയ്തുകൂട്ടിയ ക്രൂരതകളെ റദ്ദാക്കുന്നില്ല. 1921 ലെ മാപ്പിള ലഹള മതഭ്രാന്തിന്റെ വേലിയേറ്റമല്ലായിരുന്നു, ജന്മി-കുടിയാന്‍ പ്രശ്‌നങ്ങളും കാര്‍ഷിക വിപ്ലവവുമൊക്കെയായിരുന്നു എന്നു വരുത്തിത്തീര്‍ക്കണമെങ്കില്‍ ടിപ്പുവിനെ മതേതരനും കരുത്തുറ്റ ഭരണാധികാരിയും സാമൂഹ്യ പരിഷ്‌കര്‍ത്താവുമൊക്കെയായി അവതരിപ്പിക്കേണ്ടിയിരുന്നു. ചരിത്ര വിദ്യാര്‍ത്ഥികള്‍ മൂക്കത്തുവിരല്‍ വയ്ക്കുന്ന അസംബന്ധങ്ങള്‍ കുത്തിനിറച്ച് 1957ല്‍ പി.കെ. ബാലകൃഷ്ണന്‍ രചിച്ച ‘ടിപ്പു സുല്‍ത്താന്‍’ എന്ന ഗ്രന്ഥം ഇസ്ലാമിക മതമൗലികവാദികള്‍ ഈ നീക്കത്തിനു ഉപയോഗിച്ചു. പിന്നീട് ചെറുതും വലുതുമായ നിരവധി ഗ്രന്ഥങ്ങള്‍ ടിപ്പുവിനെ മതേതരത്വത്തിന്റെ സുല്‍ത്താനായി അവതരിപ്പിച്ചുകൊണ്ട് പുറത്തിറങ്ങി. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഇതൊരു മതപദ്ധതിയുടെ ഭാഗമായിരുന്നുവെന്ന് തിരിച്ചറിയാനാവും. ഈ പദ്ധതി പുരോഗമിക്കുന്തോറും 1921 ലെ മാപ്പിള ലഹള മറ്റെന്തൊക്കെയോ ആയി മാറിക്കൊണ്ടിരിക്കുന്നു.
ലഹള വിതച്ച അരക്ഷിതാവസ്ഥകള്‍
മലബാര്‍ കലാപം എന്ന പേരുണ്ടെങ്കിലും ബ്രിട്ടീഷ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന ഇന്നത്തെ മലപ്പുറം ജില്ലയിലെയും പാലക്കാട് ജില്ലയിലെ പെരിന്തല്‍മണ്ണ പ്രദേശത്തുമായുള്ള തെക്കന്‍ മലബാറിന്റെ 40 ശതമാനം ഭാഗങ്ങളില്‍ മാത്രമാണ് 1921 ലെ മാപ്പിള ലഹളകള്‍ നടന്നത്. 1921 ആഗസ്റ്റ് 28 മുതല്‍ 1922 ജനുവരി 5 വരെയുള്ള ദിവസങ്ങളിലാണ് ലഹളകള്‍ നടന്നത്. പക്ഷേ ഇതിന്റെ പ്രത്യാഘാതം ഭയാനകവും വ്യാപകവുമായിരുന്നു. കടുത്ത മതവിദ്വേഷത്താല്‍ മനുഷ്യത്വം തൊട്ടുതീണ്ടാത്ത ക്രൂരതകളായിരുന്നു ഇതിന് കാരണം. മലബാറിന്റെ അതിരുകള്‍ വിട്ട് കേരളമാകെ അതിന്റെ അലകള്‍ പടര്‍ന്നു. മുസ്ലിങ്ങളെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കാന്‍ ഖിലാഫത്തിനെ കൂട്ടുപിടിക്കുക വഴി ലഹളകള്‍ക്ക് വഴിയൊരുക്കിയത് ഗാന്ധിജിയും അന്നത്തെ ചില കോണ്‍ഗ്രസ്സ് നേതാക്കളുമായിരുന്നു. മലബാറിലെ പല കോണ്‍ഗ്രസ്സ് നേതാക്കളും ഖിലാഫത്ത് കമ്മിറ്റിയുടെ നേതാക്കളുമായല്ലോ. പക്ഷേ ലഹളയുടെ ബീഭത്സമുഖം കണ്ട് ഇവരൊക്കെ നടുങ്ങിപ്പോയി. ”മലബാറില്‍ സംഭവിച്ച കാര്യങ്ങള്‍, അവിടുത്തെ ചുറ്റുപാടുകള്‍ ശരിക്കറിയാവുന്ന നമ്മുടെയെല്ലാം മനസ്സിനെ കാര്‍ന്നുതിന്നുകയാണ്. നമ്മുടെ മാപ്പിള സഹോദരന്മാര്‍ക്ക് ഭ്രാന്ത് പിടിപെട്ടുപോയി എന്നോര്‍മിക്കുമ്പോള്‍ എന്റെ ഹൃദയം വേദനിക്കുന്നു. അവര്‍ ഹിന്ദു വീടുകള്‍ കൊള്ളയടിക്കുകയും നൂറുകണക്കിന് സ്ത്രീപുരുഷന്മാരെ ഭവനരഹിതരാക്കുകയും ചെയ്തുവെന്നോര്‍ക്കുമ്പോള്‍ എന്റെ വേദനയ്ക്കതിരില്ല. ഹിന്ദുക്കളെ ഇസ്ലാമിലേക്ക് അവര്‍ മതംമാറ്റാന്‍ ശ്രമിച്ചുവെന്നോര്‍ക്കുമ്പോള്‍ ഞാന്‍ നീറിപ്പോകുന്നു.”(4) മാപ്പിളമാരോട് വല്ലാതെ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ഗാന്ധിജിയുടെ ഈ വാക്കുകള്‍ മാത്രം മതി ലഹള സമൂഹ മനസ്സില്‍ നിറച്ച ഭീതി മനസ്സിലാക്കാന്‍.
ലഹള നീണ്ടുനിന്നത് നാലുമാസം മാത്രമാണ്. ബ്രിട്ടീഷുകാര്‍ക്ക് ലഹള അടിച്ചമര്‍ത്താനും, കുറ്റവാളികളെ ശിക്ഷിക്കാനും കഴിഞ്ഞെങ്കിലും ഹിന്ദുക്കളില്‍ അത് വിതച്ച ഭീതി സ്ഥായിയായിരുന്നു. വര്‍ഗീയ മനഃസ്ഥിതി പുലര്‍ത്തുന്ന മുസ്ലിങ്ങളില്‍ ഒരേസമയം തങ്ങള്‍ യജമാനന്മാരാണെന്ന ധാരണ ശക്തിപ്പെടുകയും, അവര്‍ക്ക് ഇരകളെന്ന പരിഗണന ലഭിക്കുകയും ചെയ്തു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണ് ലഹളയെന്ന് വ്യാഖ്യാനിക്കപ്പെട്ടെങ്കിലും വിഘടനവാദത്തെയാണ് അത് വളര്‍ത്തിയെടുത്തത്. 1947 ല്‍ സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അതിനൊപ്പം രാഷ്ട്രത്തിന്റെ വിഭജനവും സഹിക്കേണ്ടി വന്നു. ഈ ഘട്ടത്തില്‍ രാജ്യത്തെ മറ്റിടങ്ങളിലെ മുസ്ലിങ്ങളെപ്പോലെ മലബാര്‍ പ്രദേശത്തുള്ള പലരും പാകിസ്ഥാനിലേക്കു പോവുകയുണ്ടായല്ലോ. മാപ്പിള ലഹളയില്‍ പ്രവര്‍ത്തിച്ച മനഃശാസ്ത്രം ഈ കുടിയേറ്റത്തില്‍ വലിയ പങ്ക് വഹിക്കുകയുണ്ടായി. പാകിസ്ഥാനിലേക്കു പോയ പലര്‍ക്കും പില്‍ക്കാലത്ത് പുണ്യഭൂമിയിലെ വാസം അവസാനിപ്പിച്ച് തിരിച്ചുപോരേണ്ടി വന്നു എന്നത് മറ്റൊരു കാര്യം.
ദാറുള്‍ ഇസ്ലാമും മലയാള രാജ്യവും
ടിപ്പുവിന്റെ ആക്രമണങ്ങളും ഭരണ പരിഷ്‌കാരങ്ങളും ആത്യന്തികമായി ദാറുള്‍ ഇസ്ലാം (ഇസ്ലാമിക രാജ്യം) സ്ഥാപിക്കുന്നതിനുവേണ്ടിയായിരുന്നു. മാപ്പിള ലഹളയുടെ ലക്ഷ്യവും മറ്റൊന്നായിരുന്നില്ല. ലഹളയുടെ നായകന്മാരില്‍ ഒരാളായിരുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്വന്തമായി സ്ഥാപിച്ച ‘മലയാള രാജ്യം’ മതേതര സങ്കല്‍പ്പത്തെയല്ല പിന്‍പറ്റിയത്. യഥാര്‍ത്ഥത്തില്‍ ഇത് മാപ്പിള ലഹളയെ സ്വാതന്ത്ര്യസമരമായും, വാരിയംകുന്നനെ സ്വാതന്ത്ര്യ സമരസേനാനിയുമായി വ്യാഖ്യാനിക്കുന്നവരുടെ മലയാള പരിഭാഷയാണ്. അറബിയും ഉറുദുവും നന്നായി അറിയാമായിരുന്ന വാരിയംകുന്നന്‍ അയാളുടെ രാജ്യത്തിന് നല്‍കിയ പേര് ‘അല്‍ ദൗള’ എന്നാണ്. വിശുദ്ധനാട് എന്നാണ് ഈ അറബി വാക്കിന്റെ അര്‍ത്ഥം. ദൗള ഇംഗ്ലീഷിലെ േെമലേ ആണ്. സ്റ്റേറ്റിനെ സൗകര്യപൂര്‍വം രാജ്യം എന്ന് മൊഴിമാറ്റിയാണ് ‘മലയാള രാജ്യം’ സൃഷ്ടിച്ചത്. യഥാര്‍ത്ഥത്തില്‍ ഇത് ടിപ്പു മലബാറില്‍ സ്ഥാപിക്കാന്‍ ശ്രമിച്ച ഇസ്ലാമിക രാജ്യത്തിന്റെ ചെറുപതിപ്പായിരുന്നു.
മാപ്പിളലഹളയുടെ അജണ്ടയെ പില്‍ക്കാലത്ത് രാഷ്ട്രീയമായി മുന്നോട്ടു കൊണ്ടുപോയത് മുസ്ലിംലീഗായിരുന്നു. രാഷ്ട്രവിഭജനത്തിന്റെ വക്താക്കളായിരുന്നിട്ടും പാകിസ്ഥാന്‍ രൂപീകരണത്തിനുശേഷം അവര്‍ ഭാരതത്തില്‍ തുടര്‍ന്നതും ഇതിനാണ്. മുസ്ലിംലീഗിനെ ചത്തകുതിര എന്ന് ജവഹര്‍ലാല്‍ നെഹ്‌റു വിശേഷിപ്പിച്ചത് കോണ്‍ഗ്രസ്സിന്റെ തിന്മകളെ വെള്ളപൂശാനും വിഭജനത്തിന് കീഴടങ്ങിയതിന്റെ ജനരോഷം തണുപ്പിക്കാനുമാണ്. മുസ്ലിംലീഗ് ചത്ത കുതിരയൊന്നുമായിരുന്നില്ല. മതത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ വിലപേശല്‍ നടത്തി നേട്ടമുണ്ടാക്കുകയാണ് അവര്‍ ചെയ്തത്. ഇതിലൊന്നായിരുന്നു മലപ്പുറം ജില്ലാ രൂപീകരണം. ഫലത്തില്‍ വാരിയംകുന്നന്റെ മലയാള രാജ്യത്തിന്റെ അല്‍പ്പംകൂടി വലിയൊരു പതിപ്പായിരുന്നു മലപ്പുറം ജില്ല. ഭരണ സൗകര്യത്തിനുവേണ്ടിയുള്ള നിയമപരമായ ഒരു നടപടി മാത്രമാണിതെന്ന് പില്‍ക്കാലത്ത് മുസ്ലിംലീഗ് അവകാശപ്പെട്ടു തുടങ്ങിയെങ്കിലും അതിന്റെ തുടക്കം അങ്ങനെയായിരുന്നില്ല. മുസ്ലിങ്ങള്‍ ഭൂരിപക്ഷമുള്ള താലൂക്കുകള്‍ കൂട്ടിച്ചേര്‍ത്ത് ഒരു ജില്ല രൂപീകരിക്കണമെന്നതായിരുന്നു മുസ്ലിംലീഗ് ഔദ്യോഗികമായിത്തന്നെ ആവശ്യപ്പെട്ടത്. ലീഗ് അംഗമായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാട് നേതൃത്വം നല്‍കിയ സപ്തകക്ഷി മുന്നണി സര്‍ക്കാര്‍ ഈ ആവശ്യം അംഗീകരിച്ചതും മതത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ ഭാരതീയ ജനസംഘത്തിന്റെ നേതൃത്വത്തില്‍ ദേശവ്യാപകമായ എതിര്‍പ്പുയരാനുണ്ടായ കാരണവും ഇതുതന്നെ. ഇപ്പോള്‍ 74 ശതമാനമാണ് മലപ്പുറം ജില്ലയിലെ മുസ്ലിം ജനസംഖ്യ. മുസ്ലിം ജനസംഖ്യയുടെ വലുപ്പം മുന്‍നിര്‍ത്തിയാണ് 1969 ല്‍ മലപ്പുറം ജില്ല രൂപീകരിക്കപ്പെട്ടതെങ്കില്‍ അതേ കാരണം ചൂണ്ടിക്കാട്ടി മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ എന്ന പേരില്‍ മറ്റൊരു ജില്ല രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. ഇന്നല്ലെങ്കില്‍ നാളെ നിങ്ങള്‍ക്കത് ചെയ്യേണ്ടിവരും എന്ന് നിയമസഭയില്‍ തന്നെ ഒരു ഭീഷണിയുടെ സ്വരത്തില്‍ മുസ്ലിംലീഗ് പ്രതിനിധി പറയുകയുണ്ടായല്ലോ. ഒരു ഇസ്ലാമിക തീവ്രവാദ സംഘടനയാണ് തിരൂര്‍ ജില്ലയെന്ന ആവശ്യം ആദ്യം മുന്നോട്ടുവച്ചതെങ്കിലും ഒട്ടുംവൈകാതെ ലീഗ് അതിന്റെ വക്താവായി മാറി. മാപ്പിള ലഹളയുടെ നാട്ടില്‍ ഇങ്ങനെയൊക്കെ സംഭവിക്കുന്നതില്‍ അസ്വാഭാവികതയില്ല.
ടിപ്പുവിന്റെ വാളും വാരിയംകുന്നന്മാരും
ടിപ്പുവില്‍നിന്ന് വാരിയംകുന്നനിലേക്ക് കൃത്യമായി ഒരു നേര്‍രേഖ വരയ്ക്കാം. ശക്തമായ ബ്രിട്ടീഷ് ഭരണം സൃഷ്ടിച്ച പരിമിതികള്‍ ഉണ്ടായിരുന്നതിനാലും പരിസ്ഥിതികളില്‍ കാതലായ ചില മാറ്റങ്ങള്‍ സംഭവിച്ചതിനാലും ടിപ്പുവിന്റെ അത്രയും ക്രൂരതകള്‍ കാണിക്കാന്‍ വാരിയംകുന്നന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ കുടുംബപരമായി തന്നെ ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാള്‍ ഒരു മോഷണക്കേസില്‍ പ്രതിയായി മക്കയിലേക്കു കടന്നുകളയുകയും, പിന്നീട് തിരിച്ചെത്തുകയും ചെയ്ത് ബ്രിട്ടീഷ് പോലീസിന്റെ നിരീക്ഷണത്തില്‍ കഴിയുമ്പോഴാണ് ഖിലാഫത്ത് പ്രക്ഷോഭത്തിലെത്തിപ്പെട്ടത്. അപ്രതീക്ഷിതമായി നേതാവായതോടെ വാരിയംകുന്നന്റെ അക്രമവാസന ഉണര്‍ന്നു. മാപ്പിളലഹളയുടെ മുന്‍നിര പോരാളിയായി. 50000 വരുന്ന അക്രമി സംഘത്തെ നയിച്ച് ഇയാള്‍ ലഹളക്കാരുടെ സുല്‍ത്താനായി. പിന്നീടുണ്ടായത് ഹിന്ദുക്കളുടെ വംശഹത്യയാണ്.
ടിപ്പുവിനെപ്പോലെ വാരിയംകുന്നനും സുല്‍ത്താനായി മാറിയത് മാപ്പിളലഹളയുമായി ബന്ധപ്പെട്ട രൂപാന്തര പ്രാപ്തിയാണ്. മതഭ്രാന്തനും ക്രൂരനുമായിരുന്ന ടിപ്പുവിനെ വെള്ളപൂശി അവതരിപ്പിച്ചതുപോലെയാണ് മാപ്പിളലഹളയുടെ നൂറാം വാര്‍ഷികം മുന്‍നിര്‍ത്തി വാരിയംകുന്നനെ ഇതിഹാസ പുരുഷനാക്കി അവതരിപ്പിക്കുന്നതും. സിമി തീവ്രവാദിയും പിന്നീട് മുസ്ലിംലീഗ് നേതാവും തുടര്‍ന്ന് ഇടതുപക്ഷക്കാരനുമായിത്തീര്‍ന്ന തികഞ്ഞ ഇസ്ലാമിക മതമൗലികവാദി കെ.ടി. ജലീലിന്റെ ഗവേഷണ പ്രബന്ധം വാരിയംകുന്നനെക്കുറിച്ചായത് സ്വാഭാവികം. ഹൈദരാലിയും ടിപ്പുവും മുതല്‍ അബ്ദുല്‍ നാസര്‍ മദനിയും ജലീലും വരെയുള്ള മതതീവ്രവാദികള്‍ക്ക് നമ്മുടെ മതേതര സംവാദങ്ങളില്‍ ഇടം ലഭിക്കുന്നതിനു പിന്നില്‍ മാപ്പിള ലഹളയുടെ ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. 1921 എന്ന സിനിമ (1988) മാപ്പിള ലഹളയെയാണ് പ്രകീര്‍ത്തിക്കുന്നത്. വാരിയംകുന്നനെ ഇതിഹാസനായകനാക്കുന്ന സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. ഇത്തരം സിനിമകള്‍ കച്ചവട ലക്ഷ്യങ്ങള്‍ക്കപ്പുറം ജിഹാദി അജണ്ടയാണ് മുന്നോട്ടുവയ്ക്കുന്നത്.
1970 കളുടെ തുടക്കം മുതലാണ് മാപ്പിളലഹളയെക്കുറിച്ച് വസ്തുതകള്‍ക്ക് കടകവിരുദ്ധമായ മതേതരആഖ്യാനങ്ങള്‍ വന്നു തുടങ്ങിയത്. ഡോ. എം. ഗംഗാധരനും ഡോ. കെ.എന്‍. പണിക്കരും ഇതിനു നല്‍കിയ സംഭാവനകള്‍ ചരിത്രരചനയിലെ ഭീകരമായ അക്കാദമിക് വ്യതിചലനങ്ങളാണ്. ഇപ്പോള്‍ ഇത് അക്കാദമിക് രംഗത്ത് ആധിപത്യം നേടിയിരിക്കുന്നു 1921 ലെ മാപ്പിളലഹളയുമായി ബന്ധപ്പെട്ടു തന്നെ അക്കാദമിക് രംഗത്ത് നടന്നിട്ടുള്ള ഇത്തരം അട്ടിമറികള്‍ മാത്രം ഒരു പ്രത്യേക ഗവേഷണ വിഷയമാണ്. (മാപ്പിളലഹള ആഘോഷിക്കേണ്ടതില്ല എന്ന് പില്‍ക്കാലത്ത് കുറ്റബോധത്തോടെ എം. ഗംഗാധരന്‍ പറഞ്ഞത് മറക്കുന്നില്ല) ഡോ. ടി.കെ. രവീന്ദ്രന്‍ മാത്രമാണ് മത-മാര്‍ക്‌സിസ്റ്റ്-രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴടങ്ങാതെ മാപ്പിളലഹളയെ വിലയിരുത്തിയിട്ടുള്ള ഒരു പ്രമുഖ ചരിത്രകാരന്‍. മാപ്പിള ലഹളയുടെ സത്യാനന്തരകാല വ്യാഖ്യാനങ്ങള്‍ മതഭ്രാന്ത്, അക്രമങ്ങള്‍, മതംമാറ്റങ്ങള്‍, ക്ഷേത്രധ്വംസനങ്ങള്‍, മാനഭംഗങ്ങള്‍ തുടങ്ങിയവയെ സ്വാതന്ത്ര്യത്തിന്റെയും സാമൂഹ്യനീതിയുടെയുമൊക്കെ രാഷ്ട്രീയ വ്യവഹാരങ്ങളായി സ്ഥാപിച്ചെടുക്കുന്നു. ജനകീയമായും അക്കാദമിക് തലത്തിലും ഇത് പ്രതിരോധിക്കപ്പെടേണ്ടതുണ്ട്.
1) മാപ്പിള ലഹള-1921, പി. ഗോപാലന്‍ നായര്‍ (മലയാള പരിഭാഷ, കുരുക്ഷേത്ര പ്രകാശന്‍)
2) മലബാര്‍ കലാപം, കെ. മാധവന്‍ നായര്‍, മാതൃഭൂമി ബുക്‌സ്.
3. കേരള മുസ്ലിം ചരിത്രം, പി.കെ. സെയ്തു മുഹമ്മദ്, കറന്റ് ബുക്‌സ്.
4) യംഗ് ഇന്ത്യ, 22-09-1921