ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. നിലവിലുള്ള ലോകസഭയില്‍ സിപിഐ(എം) ന് 3 സീറ്റും സിപിഐക്ക് 2 സീറ്റുമാണുള്ളത്. 30 കൊല്ലത്തോളം ബംഗാള്‍ അടക്കിവാണ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 2021-ലെ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലും നേടാനായില്ല. കേരളത്തില്‍ മാത്രമാണ് പാര്‍ട്ടി ശക്തിയായി പ്രവര്‍ത്തിക്കുന്നത്. സിപിഐക്കും സിപിഎംനുംകൂടി – കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് – കേരളത്തില്‍ നല്ല വേരോട്ടമുണ്ട്. പ്രത്യേകിച്ചും കോളേജ് അധ്യാപകര്‍, സ്‌കൂളധ്യാപകര്‍, എന്‍ജിഒമാര്‍. ചുരുക്കത്തില്‍ സര്‍ക്കാരുദ്യോഗസ്ഥന്മാരുടെയും ബുദ്ധിജീവികളുടെയും പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. കേരളത്തിലെ സംഘടിത ശക്തിപോലെതന്നെ ശക്തി അവകാശപ്പെടാവുന്ന ഒരു മേഖലയാണ് ചരിത്രലോകം. ഇന്ത്യയിലെ മിക്ക ഹിസ്റ്ററി ഡിപ്പാര്‍ട്ടുമെന്റുകളും കമ്മ്യൂണിസ്റ്റ് നിയന്ത്രണത്തിലാണ്. കമ്മ്യൂണിസ്റ്റ് ആധിപത്യംതന്നെ ചരിത്രസാഹിത്യത്തില്‍ ഇന്ത്യയില്‍ ഉണ്ട് എന്നുപറയാം. പ്രൊഫസര്‍ നൂറുല്‍ ഹസ്സന്‍ 1958ല്‍ അലിഗഡ് സര്‍വ്വകലാശാലയില്‍ ചരിത്രവിഭാഗം തലവനായി വന്ന ശേഷമാണ് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്സിന്റെ കമ്മ്യൂണിസ്റ്റ് ചായ്‌വ് ആരംഭിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയുടെ സ്ഥാപനം, 1971-ല്‍ നൂറുല്‍ഹസ്സന്‍ വിദ്യാഭ്യാസമന്ത്രിയായിരിക്കെ സ്ഥാപിച്ച ഐ.സി.എച്ച്.ആര്‍. തുടങ്ങിയ സ്ഥാപനങ്ങളിലെല്ലാം ഇടതുപക്ഷ ആധിപത്യം ആരംഭിച്ചു എന്നു പറയാം. ഇന്നു ചരിത്രരചനാ രംഗത്ത് വലിയ ആധിപത്യമാണ് കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഉള്ളത്. റഷ്യയിലും കിഴക്കന്‍ യൂറോപ്പിലും തകര്‍ന്ന സോഷ്യലിസ്റ്റ്‌ലോകം പിടിച്ചു നില്ക്കാനാവാതെ നശിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്താണ് കമ്മ്യൂണിസ്റ്റ് ആധിപത്യം ചരിത്രരചനാരംഗത്ത് വിലസിക്കൊണ്ടിരിക്കുന്നത്.
കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരുടെ ഇസ്ലാമിക പക്ഷപാതം പ്രധാനമായി കാണുന്നത് ആറ് പ്രധാന ഉപശീര്‍ഷകങ്ങളിലാണ്.
1. മൂസ്ലീം ആക്രമങ്ങളെ വെള്ളപൂശുക. മതപരിവര്‍ത്തനവും ഹിന്ദുധ്വംസനവും മറച്ചുവെച്ച് അത് സാമ്പത്തിക കാരണങ്ങളാലാണെന്ന് സ്ഥാപിക്കുക.
2. സോമനാഥക്ഷേത്രമടക്കമുള്ള ക്ഷേത്രങ്ങളെ തകര്‍ത്തത് മൂടിവെയ്ക്കുക. തകര്‍ത്ത ക്ഷേത്രങ്ങളുടെ എണ്ണം കുറച്ചുകാണിക്കുക; ക്ഷേത്രങ്ങള്‍ തകര്‍ത്തത് സാമ്പത്തിക കാരണങ്ങളാലാണെന്ന് വരുത്തിത്തീര്‍ക്കുക.
3. മുഗള്‍ രാജാക്കന്മാരും ടിപ്പുവും വളരെ സഹിഷ്ണുതയുള്ളവരും മതേതരവാദികളുമാണെന്ന് ചരിത്രം വളച്ചൊടിക്കുക.
4. ഇന്ത്യയുടെ പ്രാചീന സംസ്‌കാരത്തെ വിലകുറച്ച് കാണിച്ച് അക്രമകാരികളുടെ സംസ്‌കാരവും ചേര്‍ത്ത് ഇന്ത്യന്‍ സംസ്‌കാരം സംയുക്ത സംസ്‌കാരമാണെന്ന് സ്ഥാപിക്കുക.
5. രാഷ്ട്രവിഭജനവാദം ദേശീയ സ്വയംനിര്‍ണ്ണയാവകാശമാണെന്ന് വാദിക്കുകയും അതിന്റെ വര്‍ഗ്ഗീയസ്വഭാവം മൂടിവെയ്ക്കുകയും ചെയ്യുക.
6. വര്‍ഗ്ഗീയലഹളകളെ കാര്‍ഷിക കലാപങ്ങളായും സ്വാതന്ത്ര്യസമരമായും വളച്ചുകെട്ടി സ്ഥാപിക്കുക.
1969-ലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയുടെ സ്ഥാപനം, 1972ല്‍ ഐ.സി.എച്ച്.ആറിന്റെ സ്ഥാപനം, ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്സിന് മുകളില്‍ ഇടതുപക്ഷം ഏതാണ്ട് ഇതോടൊപ്പം നേടിയ നേതൃത്വം – ഇവയാണ് മേല്‍പ്പറഞ്ഞ ലക്ഷ്യങ്ങളോടെ വിപുലമായ തോതില്‍ ചരിത്ര വക്രീകരണത്തിന് വഴിയൊരുക്കിയത്.
മേല്‍പ്പറഞ്ഞ ആറ് വക്രീകരണ പരിപാടിക്കും മാര്‍ക്‌സിസ്റ്റ് ദാര്‍ശനിക അടിത്തറയൊന്നും അവകാശപ്പെടാനാവില്ല. എന്താണ് മാര്‍ക്‌സിസ്റ്റ് ചരിത്രദര്‍ശനത്തിന്റെ അടിത്തറ?
1845-ല്‍ പ്രസിദ്ധീകരിച്ച Holy Family or Critique of Critical Criticism എന്ന ഗ്രന്ഥത്തിലും, 1846-ല്‍ എഴുതിയ German Ideology എന്ന ഗ്രന്ഥത്തിലും തുടങ്ങിവെച്ച ആശയങ്ങള്‍ വളരെ സുവ്യക്തമായി അ Contribution to the Critique of Political Economy എന്ന ഗ്രന്ഥത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. മാര്‍ക്‌സിന്റെ ചരിത്രദര്‍ശനം താഴെപ്പറയുന്ന വാക്കുകളില്‍ സ്പഷ്ടമാണ്.
”നിയമബന്ധങ്ങളെക്കുറിച്ചോ രാഷ്ട്രീയരൂപങ്ങളെക്കുറിച്ചോ നമുക്ക് പൂര്‍ണ്ണമായി മനസ്സിലാക്കണമെങ്കില്‍ നാം അവയെക്കുറിച്ചോ അതല്ലെങ്കില്‍ മനുഷ്യമനസ്സിന്റെ പൊതുവികാസത്തെക്കുറിച്ചോ പഠിച്ചാല്‍ മതിയാകില്ല. ഇവ ഉത്ഭവിക്കുന്നത് ജീവിതത്തിന്റെ ഭൗതികസാഹചര്യങ്ങളില്‍ നിന്നാണ്. ഈ ഭൗതികസാഹചര്യങ്ങളെ പൊതുവില്‍ ഹെഗല്‍ ‘സിവില്‍ സമൂഹം’ എന്നു വിളിക്കുകയുണ്ടായി. ഇപ്രകാരം അദ്ദേഹം ഇതിനെ വിളിച്ചത് 18-ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ഫ്രഞ്ച് ചിന്തകന്മാരുടെ മാതൃക സ്വീകരിച്ചുകൊണ്ടാണ്. ഈ സിവില്‍ സമൂഹത്തിന്റെ ഘടനയുടെ വേര് സമ്പദ്ഘടനയിലാണ് അന്വേഷിക്കേണ്ടത്. ഈ അന്വേഷണം ഞാന്‍ പാരീസില്‍വെച്ച് അന്വേഷിച്ചു തുടങ്ങുകയും ബ്രസ്സല്‍സില്‍ തുടരുകയുമുണ്ടായി…. ഈ അന്വേഷണങ്ങളുടെ ഫലമായുള്ള നിഗമനങ്ങളില്‍ ഞാന്‍ എത്തിച്ചേര്‍ന്ന ശേഷം, ഇവ എന്റെ തുടര്‍പഠനങ്ങള്‍ക്കുള്ള മാര്‍ഗ്ഗരേഖയായി മാറുകയുണ്ടായി. അവയെ ഇങ്ങനെ സംഗ്രഹിക്കാം: മനുഷ്യര്‍ അവരുടെ ജീവിതം കഴിച്ചുകൂട്ടുന്നതിനായി ആവശ്യമുള്ള ഉല്പാദനപ്രവര്‍ത്തനത്തിന്നിടയില്‍ ഒഴിച്ചുകൂടാനാവാത്ത തരത്തിലുള്ള വ്യക്തമായ സാമൂഹ്യബന്ധങ്ങളിലേര്‍പ്പെടുന്നു. ഈ ബന്ധങ്ങള്‍ അവരുടെ ആഗ്രഹമനുസരിച്ചുള്ള ബന്ധങ്ങളല്ല, സ്വതന്ത്രവും അവര്‍ക്ക് തന്നെ തീരുമാനിക്കാന്‍ കഴിയാത്തവയുമായ ബന്ധങ്ങളാണ്. ഈ ഉല്പാദനബന്ധങ്ങളാകട്ടെ ഉല്പാദനശക്തികളുടെ വളര്‍ച്ചയുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ടവയുമാണ്. ഈ മുഴുവന്‍ ഉല്പാദനബന്ധങ്ങളും ചേര്‍ന്ന് സമൂഹത്തിന്റെ സാമ്പത്തിക ചട്ടക്കൂടായി മാറുന്നു. ഈ അടിത്തറമേല്‍ (സാമ്പത്തിക അടിത്തറ) നിയമപരവും രാഷ്ട്രീയവുമായ മേല്‍ക്കൂര ഉയര്‍ന്നുവരികയും ഈ മേല്‍ക്കൂരക്കനുസരിച്ച സാമൂഹ്യബോധം വളരുകയും ചെയ്യുന്നു. ഭൗതികസമ്പത്തിന്റെ ഉല്പാദനത്തിന്റെ രീതി സാമൂഹ്യവും രാഷ്ട്രീയവും ബൗദ്ധികവുമായ ഘടനയെ സമ്പൂര്‍ണ്ണമായി തീരുമാനിക്കുന്നു. മനുഷ്യരുടെ ബോധമല്ല അവരുടെ അവസ്ഥയെ നിര്‍ണ്ണയിക്കുന്നത്; മറിച്ച് അവരുടെ സാമൂഹ്യമായ അവസ്ഥയാണ് അവരുടെ ബോധത്തെ നിര്‍ണ്ണയിക്കുന്നത്.”
(Karl Marx: A Contribution to the Critique of Political Economy, Moscow, 1970, Page 20-21)
മുകളിലുദ്ധരിച്ച വരികളില്‍ മാര്‍ക്‌സിന്റെ ചരിത്രവീക്ഷണം വളരെ സംക്ഷിപ്തമായി വിവരിച്ചിട്ടുണ്ട്. ഈ ധാരണ തങ്ങളുടെ മാര്‍ഗ്ഗദര്‍ശകരേഖയായി സ്വീകരിച്ചവരാണ് മാര്‍ക്‌സിസ്റ്റുകള്‍. ഈ ധാരണ അനുസരിച്ച് മനുഷ്യന്‍ നായാടി നടന്നപ്പോഴുള്ള അവരുടെ ബോധമണ്ഡലം ആ കാലത്തെ ജീവിതരീതിയെ (Mode of production) അടിസ്ഥാനമാക്കിയിട്ടുള്ളതാണ്. കാര്‍ഷികവ്യവസ്ഥയുള്ളപ്പോള്‍ പ്രഭു-ജന്മി-കുടിയാന്‍ എന്നിങ്ങനെ ഉല്പാദനബന്ധങ്ങള്‍ ആ കാലത്തെ സാമ്പത്തിക വ്യവസ്ഥ അനുസരിച്ചായിരിക്കും. അതുകൊണ്ട് ജന്മിയുടെ മാനസികാവസ്ഥയും ആ കാലത്തെ നിയമങ്ങളും ചരിത്രവും മനസ്സിലാക്കുന്നതിന് നമ്മള്‍ പഠിക്കേണ്ടുന്നത് സാമ്പത്തിക അടിത്തറയെക്കുറിച്ചാണ്. ഇതാണ് മാര്‍ക്‌സ് സിദ്ധാന്തമായി ആവിഷ്‌കരിച്ചിരിക്കുന്നത്. ഈ ചിന്താഗതിയുടെ പോരായ്മ ഒരു ഉദാഹരണത്തിലൂടെ ചൂണ്ടിക്കാണിക്കാം. ഉദാഹരണമായി കാര്‍ഷിക സമ്പദ്‌വ്യവസ്ഥ വ്യവസായികമായി മാറുന്നതിന്ന് പ്രധാനമായും കാരണമായിരുന്നത് ജയിംസ്‌വാട്ടിന്റെ ആവിയന്ത്രത്തിന്റെ കണ്ടുപിടുത്തമായിരുന്നല്ലോ. ഒരു ജന്മിയോ കുടിയാനോ സാമ്പത്തികതാല്പര്യം മാത്രമാണ് ചിന്തിച്ചിരുന്നതെങ്കില്‍ യന്ത്രം എങ്ങനെ ഉണ്ടായി? അത് മനുഷ്യമനസ്സിന്റെ ഒരു കണ്ടുപിടുത്തമാണ്. ഈ കണ്ടുപിടുത്തവും മറ്റനേകം കണ്ടുപിടുത്തങ്ങളുമാണ് കാര്‍ഷിക വ്യവസ്ഥ മാറി വ്യവസായയുഗം ഉണ്ടാവാന്‍ കാരണം. മാര്‍ക്‌സ് പറയുന്നതുപോലെ ഭൗതികസാഹചര്യം അല്ല ചിന്ത നിര്‍ണ്ണയിച്ചത്. മറിച്ച് മനുഷ്യന്റെ ചിന്ത ഭൗതികസാഹചര്യത്തെ മാറ്റുകയായിരുന്നു. ആധുനികകാലത്തെ വലിയ വലിയ കണ്ടുപിടുത്തങ്ങള്‍ – കംപ്യൂട്ടര്‍, വിമാനം, ഇന്റര്‍നെറ്റ്, വൈദ്യശാസ്ത്രം എന്നിവ മനുഷ്യന്റെ ബുദ്ധിശക്തിക്ക് മാത്രമെ സമൂഹത്തെ ഓരോ ഇഞ്ചും മുന്നോട്ടു കൊണ്ടുപോകാനാവൂ എന്ന് തെളിയിച്ചിട്ടുണ്ട്. റഷ്യന്‍വിപ്ലവത്തെ തുടര്‍ന്ന് 72 കൊല്ലം സോഷ്യലിസം ഉണ്ടാക്കാന്‍ മൂന്ന് കോടി ജനങ്ങളെ കൊന്നൊടുക്കിയിട്ടും ജനങ്ങള്‍ സോഷ്യലിസ്റ്റ് രീതിയില്‍ ചിന്തിച്ചില്ല എന്നത് ഉല്പാദനശക്തിക്കൊപ്പം മനുഷ്യബോധമണ്ഡലം മാറുന്നില്ല എന്നതിന് മറ്റൊരു തെളിവാണ്.
ഏതായാലും ഈ കാഴ്ചപ്പാട് – മാര്‍ക്‌സിന്റെ കാഴ്ചപ്പാട് – അന്ധമായി സ്വീകരിച്ചുകൊണ്ട് ചരിത്രവസ്തുതകളെ സിദ്ധാന്തത്തിന് പാകമായ രീതിയില്‍ വളച്ചൊടിക്കുന്നതിനെയാണ് മാര്‍ക്‌സിസ്റ്റ് ചരിത്രവീക്ഷണം എന്നുപറയുന്നത്. അതായത് മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാര്‍ ചരിത്രം വളച്ചൊടിക്കാന്‍ ബാദ്ധ്യസ്ഥരായവരാണ്. നുണപറയുന്നതും വസ്തുതകള്‍ക്ക് നേരെ കണ്ണടയ്ക്കുന്നതും കുലത്തൊഴിലാക്കിയവരാണ്.
മാപ്പിളലഹളയും സഖാക്കളും
ഇപ്പോള്‍ നമ്മള്‍ കണ്ടതുപോലെ ഭൗതികസാഹചര്യമാണ് നമ്മുടെ ചിന്തകള്‍ നിര്‍ണ്ണയിക്കുന്നത് എന്ന ‘റീഴാമ’ വരട്ടുതത്വവാദം എവിടെയും കൊണ്ടുനടന്നു വില്ക്കാന്‍ ബാദ്ധ്യസ്ഥരാണ് സഖാക്കള്‍. വസ്തുതകള്‍ തത്വത്തിനെതിരായാല്‍ ചെരിപ്പ് അല്ല, കാലാണ് മുറിക്കുക. നേരത്തെ അന്ധമായി സ്വീകരിച്ച തത്വത്തിനുവേണ്ടി ചരിത്രസംഭവങ്ങളെ കണ്ടില്ലെന്നു നടിക്കുക, മൂടിവെയ്ക്കുക, ദുര്‍വ്യാഖ്യാനം ചെയ്യുക – ഇവയൊക്കെ നമുക്ക് സഖാക്കളില്‍ നിന്ന് പ്രതീക്ഷിക്കാം.
1921 ആഗസ്റ്റ് 20 മുതല്‍ ഡിസംബര്‍ 20 വരെ നാല് മാസം മലബാര്‍ ജില്ലയുടെ ഒന്‍പത് താലൂക്കുകളില്‍ (ബ്രിട്ടീഷ് കൊച്ചിന്‍ അടക്കം 10 താലൂക്കുകള്‍) നാലെണ്ണത്തില്‍ മാത്രമാണ് മാപ്പിളലഹള ഉറഞ്ഞുതുള്ളിയത്. 1921-ലെ താലൂക്കുകളുടെ ജനസംഖ്യാ ഘടന ചുവടെ കൊടുക്കുന്നു:
ആദ്യം കൊടുത്ത ഏറനാട്, പൊന്നാനി, വള്ളുവനാട്, കോഴിക്കോട് താലൂക്കുകളില്‍ മാത്രമാണ് ലഹള ഉണ്ടായത്. ഇവിടങ്ങളിലെ പ്രത്യേകത, ഏറ്റവും മുസ്ലീം ജനസംഖ്യ കൂടുതലുള്ള നാല് താലൂക്കുകളാണ് ഇവ. ലഹള ഏറ്റവും ശക്തിയായി നടന്നത് ഏറനാട്ടിലാണ്. ഈ താലൂക്കുകളില്‍ മാത്രം എന്തുകൊണ്ടു ലഹള നടന്നു എന്നതിന്റെ കാരണം അന്വേഷിക്കുമ്പോള്‍ മുസ്ലീം ഘടകമല്ലാതെ മറ്റൊരു ഘടകം ഇല്ല. കാരണം കുടിയായ്മ പ്രശ്‌നം മലബാറിന് മൊത്തത്തിലുള്ളതാണ്. ഈ താലൂക്കുകള്‍ക്ക് മാത്രമുള്ളതല്ല.
ഈ താലൂക്കുകളില്‍ ലഹളക്ക് ഒരു നൂറ് കൊല്ലത്തിന്റെ ചരിത്രമെങ്കിലുമുണ്ട്. 1852-ല്‍ ടി.എല്‍. സ്റ്റ്‌റേഞ്ച് എന്ന ജഡ്ജി മലബാറിലെ മാപ്പിള ആക്രമങ്ങളുടെ കാരണങ്ങളന്വേഷിച്ച് ഒരു റിപ്പോര്‍ട്ട് മദിരാശി പ്രസിഡന്‍സി തലസ്ഥാനത്തേയ്ക്ക് അയയ്ക്കുകയുണ്ടായി. റിപ്പോര്‍ട്ട് മുഴുവന്‍ പഠിച്ചശേഷം ഇങ്ങനെ ഉപസംഹരിക്കുന്നു: ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒരുദ്യോഗസ്ഥനായ ഡി.ഇല്യട്ട് റിപ്പോര്‍ട്ടിന്റെ സാരാംശം ഇങ്ങനെ ചുരുക്കി വിവരിക്കുന്നു.
”ഒരൊറ്റ സന്ദര്‍ഭത്തില്‍പോലും മാപ്പിളകലാപങ്ങള്‍ക്ക് കുടിയാന്മാരോടുള്ള ചൂഷണമോ മര്‍ദ്ദനമോ കാരണമായിത്തീര്‍ന്നിട്ടില്ലെന്ന് സ്‌ട്രേഞ്ച് നിരീക്ഷിക്കുന്നു. ഈ പ്രശ്‌നത്തെക്കുറിച്ച് താന്‍ ശ്രദ്ധാപൂര്‍വ്വം പഠിച്ചു എന്നും ചില അവിചാരിതമായ ബുദ്ധിമുട്ടുകള്‍ എപ്പോഴെങ്കിലും വ്യക്തികളായ കുടിയാന്മാര്‍ക്ക് അനുഭവപ്പെട്ടിട്ടുണ്ടാവാമെങ്കിലും, ഹിന്ദുജന്മിമാര്‍ കുടിയാന്മാരോട് അവര്‍ ഹിന്ദുക്കളാകട്ടെ, മുസ്ലീങ്ങളാകട്ടെ വളരെ മിതവും ക്ഷമാപൂര്‍വ്വവുമാണ് പെരുമാറിയിട്ടുള്ളത്. ….മാത്രവുമല്ല കുഴപ്പമുള്ള പ്രദേശങ്ങളില്‍ മാപ്പിളകുടിയാന്മാരെ ഭയപ്പെട്ടാണ് ജന്മികള്‍ കഴിഞ്ഞിരുന്നത്, ന്യായമായ പാട്ടംപോലും പിരിക്കാന്‍ കഴിയുമായിരുന്നില്ല.” (Correspondence on Moplah outrages in Malabar 1949-53, Madras, 1863 Page 494)
ടി.എല്‍. സ്‌ട്രേഞ്ചിന്റെ റിപ്പോര്‍ട്ട് വളരെ ശക്തമായി വാദിക്കുന്ന കാര്യം മാപ്പിളകലാപങ്ങള്‍ എല്ലാം മതഭ്രാന്തിന്റെ കാരണം കൊണ്ടുണ്ടായതാണെന്നും അത് ഒരു തരത്തിലും ജന്മി കുടിയാന്‍ ബന്ധം കാരണമല്ലെന്നുമാണ്.
നൂറുവര്‍ഷത്തെ ചരിത്രമുള്ള ഈ കലാപപരമ്പര ഭീമാകാരമായ രൂപം പൂണ്ടത് 1921 ആഗസ്റ്റ് 20 മുതലാണ്. ലഹളയെ നേരിട്ട ഇന്ത്യന്‍ പട്ടാളത്തിന്റെ റിപ്പോര്‍ട്ടനുസരിച്ച് ലഹളക്കാരായ 2339 പേര്‍ കൊല്ലപ്പെട്ടു; 1500 പേര്‍ക്ക് മുറിവേറ്റു; 6000 പേരെ തടവുകാരായി പിടിച്ചു. ഇന്ത്യന്‍ പട്ടാളത്തിന്റെ ഭാഗത്തുനിന്ന് 43 പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. അവരില്‍ അഞ്ചു പേര്‍ ഓഫീസര്‍മാരായിരുന്നു. 132 പട്ടാളക്കാര്‍ക്ക് മുറിവേല്ക്കുകയും ചെയ്തു. പോരാട്ടം വര്‍ഗ്ഗീയ കലാപത്തോട് കൂടിയതായിരുന്നു. ഹിന്ദു സ്ത്രീകളെ വ്യാപകമായ തോതില്‍ ബലാല്‍സംഗം ചെയ്യുകയും ഹിന്ദുക്കളെ കൊല്ലുകയും അമ്പലങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.(India office collections, British Library, (10c)L/MIL/17/12/33 “Report by His Excellency General Lord Rawlinson of Trent, Commander in Chief in India on Operations in Malabar for the period 20th August 1921 to 25th February 1922, Page – 10) എത്ര ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു എന്ന വിവരം ബ്രിട്ടീഷ് പാര്‍ലമെന്റിലാണ് വിദേശകാര്യമന്ത്രിയായ കഴ്‌സണ്‍ പ്രഭു പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ വാക്കുകളില്‍ ചുരുങ്ങിയത് 1000 (ആയിരം) ഹിന്ദുക്കളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്; ചുരുങ്ങിയത് 1000 (ആയിരം) ഹിന്ദുക്കളെങ്കിലും ഇസ്ലാമിലേയ്ക്ക് നിര്‍ബ്ബന്ധപൂര്‍വ്വം മതപരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. (House of commons debate, 14th February 1922 Vol. 150 CC 865-975)
പ്രശസ്ത അമേരിക്കന്‍ ചരിത്രകാരനായ സ്റ്റീഫന്‍ ഡേല്‍ (Stephan Dale) 1836 മുതല്‍ 1921 വരെയുള്ള മാപ്പിള കലാപങ്ങളുടേയും മാപ്പിള ലഹളയുടേയും അനുഭവപാഠങ്ങളെ സാമാന്യവല്‍ക്കരിച്ചുകൊണ്ട് എഴുതുന്നു:
”18-ാം നൂറ്റാണ്ടിലെ ജീവിതവും ബ്രിട്ടീഷ് കാലത്തെ ചരിത്രവും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടതാണെന്നത്‌പോലെതന്നെ മാപ്പിളകലാപങ്ങളും 1921-22ലെ മാപ്പിള ലഹളയും തമ്മില്‍ ബന്ധമുണ്ട് എന്ന കാര്യം ഓര്‍മ്മിക്കേണ്ടതാണ്. മാപ്പിളലഹള ഒരു പ്രത്യേക അവസരത്തില്‍ ഉണ്ടായതാവാം; അവ കൃത്യമായും തെക്കെ മലബാറിലെ അതേ പ്രദേശത്തുതന്നെ കേന്ദ്രീകരിച്ചാണ് ഉണ്ടായത്. അവയ്ക്ക് അതേ മതപരമായ നേതൃത്വത്തിന്റെ ഘടകങ്ങളുണ്ടായിരുന്നു; ആത്മഹത്യാ ആക്രമങ്ങളായിരുന്നു; കാര്‍ഷികമേഖലയെ കേന്ദ്രീകരിച്ചായിരുന്നു. ആദ്യകാലത്തെ മാപ്പിളകലാപങ്ങളും മാപ്പിളലഹളയും തമ്മിലുള്ള പ്രധാന വ്യത്യാസം, ആദ്യകാല ആക്രമങ്ങളില്‍ പങ്കെടുത്ത മാപ്പിളമാര്‍ ഒരു വിശ്വാസപരമ്പരയില്‍ പെട്ടവരായിരുന്നു; അവര്‍ക്ക് പൊതുവായി ഒരു മതവിശ്വാസ സംഹിതയുണ്ടായിരുന്നു; അവ പൊതുവെ വളരെ പ്രാകൃതമായവയായിരുന്നു; രാഷ്ട്രീയ തത്വശാസ്ത്രമോ ഔപചാരിക സംഘടനയോ ഉള്ളവയും ആയിരുന്നില്ല. 1921-ലെ ഖിലാഫത്ത് പ്രസ്ഥാനം, നേരത്തെ നിലവിലുണ്ടായിരുന്ന രണോത്സുകമായ മതപാരമ്പര്യത്തിനും സാമൂഹ്യസംഘര്‍ഷങ്ങള്‍ക്കും ഒരു പ്രത്യയശാസ്ത്രവും സംഘടനയും നല്കുകയാണ് ചെയ്തത്. (Stephan Dale, Mappila Outbreaks; Ideology and Social conflict in Nineteenth – Century Kerala, The Journal of Asian Studies, Vol. XXXV, No. 1, November 1975, Page – 85)
മാപ്പിളലഹളയുടെ വര്‍ഗ്ഗീയ സ്വഭാവം കാണിക്കുന്നതിന് കലാപത്തിന്റെ ഏറ്റവും അധികൃതചരിത്രകാരനായ ആര്‍.എച്ച്. ഹിച്ച്‌കോക്ക് തന്റെ ‘മലബാര്‍ കലാപം’ എന്ന ഗ്രന്ഥത്തില്‍ ഇ. പക്കന്‍ഹാം വാല്‍ഷ് എന്ന ജഡ്ജിയുടെ വിധിന്യായം ഉദ്ധരിക്കുന്നുണ്ട്. വിധിന്യായത്തില്‍ ലഹള പൊട്ടിപ്പുറപ്പെട്ട് രണ്ടുദിവസത്തിനുള്ളില്‍ 34 ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്ത കാര്യം എടുത്തുപറയുന്നുണ്ട്. അതിനുശേഷം ജഡ്ജി തുടരുന്നു:
”ലഹള പൊട്ടിപ്പുറപ്പെട്ട ആഗസ്ത് 20ന് തന്നെ 17 ഹിന്ദുക്കളെ നിലമ്പൂരില്‍വച്ച് പൂക്കോട്ടൂരില്‍ നിന്നെത്തിയ നിയമവിരുദ്ധസംഘം കൊന്നു; ഈ സംഭവം വളരെ അധികം എടുത്തുപറയേണ്ടതും നമുക്ക് വേണ്ടത്ര അറിവ് നല്കുന്നതിനും പര്യാപ്തമാണ്. അതായത് മാപ്പിളമാരില്‍ ഉണര്‍ത്തിവിട്ടത് അനിയന്ത്രിതമായ അവരുടെ മതഭ്രാന്താണ്. ഈ സംഭവവും മറ്റു സംഭവങ്ങളും കാണിക്കുന്നത് കലാപകാരിയായ മാപ്പിളസര്‍ക്കാരിനോടുള്ള എതിര്‍പ്പും മുസ്ലീമായി മതപരിവര്‍ത്തനം ചെയ്തിട്ടില്ലാത്ത ഹിന്ദുവിനോടുള്ള എതിര്‍പ്പും തമ്മില്‍ ഒരു വ്യത്യാസവും കാണിക്കുന്നില്ല എന്നാണ്. പൂക്കോട്ടൂരില്‍നിന്നുള്ള നിയമവിരുദ്ധസംഘം ലഹള പൊട്ടിപ്പുറപ്പെട്ട ആദ്യദിവസംതന്നെ സര്‍ക്കാരുദ്യോഗസ്ഥരേയോ പോലീസിനേയോ അല്ല ആക്രമിച്ചത്, മറിച്ച് അവരുടെ നാട്ടുകാരായ ഹിന്ദുക്കളെയാണ് എന്നതാണ് പ്രധാനം. കാര്യങ്ങള്‍ വ്യക്തമാക്കുന്നതെന്തെന്നാല്‍ ഹിന്ദു-മുസ്ലീം ഐക്യം എന്നത് അവര്‍ (മാപ്പിള) മനസ്സിലാക്കിയിരിക്കുന്നത് ഹിന്ദുവിനെ കൊന്ന് അവനെ ഇല്ലാതാക്കുക എന്നോ അല്ലെങ്കില്‍ അവരുടെ മതത്തിലേയ്ക്ക് (ഇസ്ലാമിലേയ്ക്ക്) അവരെ ബലമായി മതപരിവര്‍ത്തനം നടത്തുകയോ ചെയ്യുക എന്നതാണ്.(E. Pakanham Walsh (Judge of the special court, Malabar) Judgement case No. SJC128 of 1922, A History of Malabar Rebellion, 1921 Madras, 1925, Page 224)
1933-ല്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച സി.എ. ഇന്‍സ് (Innes) എഡിറ്റ് ചെയ്ത മലബാര്‍ ഡിസ്ട്രിക്ട് ഗസറ്റിയര്‍ എന്ന ഗ്രന്ഥത്തില്‍ ഏറനാട് താലൂക്കിലെ മാത്രം ചില കണക്കുകള്‍ നല്കിയിട്ടുണ്ട്. ഇന്‍സ് രേഖപ്പെടുത്തി:
മുന്നൂറ്റി ഇരുപത് അമ്പലങ്ങള്‍ ഏറനാട്ടില്‍ മാത്രം നശിപ്പിച്ചു. ഏറനാട് താലൂക്കില്‍ മാത്രം 900 നിര്‍ബന്ധിത മതപരിവര്‍ത്തനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലഹളബാധിതപ്രദേശങ്ങളില്‍ നിന്നും ഓടിപ്പോയ അഭയാര്‍ത്ഥികളില്‍ വളരെ കഷ്ടപ്പാടുകളുണ്ടാക്കിയിട്ടുണ്ട്. കേന്ദ്ര ദുരിതനിവാരണ കമ്മിറ്റി 22 അഭയാര്‍ത്ഥിക്യാമ്പുകള്‍ നടത്തിവരുന്നുണ്ട്. 20,000 അഭയാര്‍ത്ഥികള്‍ അവയില്‍ കഴിയുന്നുണ്ട്. (CA Innes, ICS and Edited by F.B. Evans, Madras District Gazetteers, Malabar, Government Press, 1933 Page – 10)
ഹിന്ദുക്കള്‍ക്ക് അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളുടെ കണക്കുകള്‍ ഇങ്ങനെ ഉപസംഹരിക്കാം:
1. കൊല ചെയ്യപ്പെട്ട ഹിന്ദുക്കള്‍ : 1000ല്‍ അധികം
2. മതംമാറ്റം ചെയ്യപ്പെട്ട ഹിന്ദുക്കള്‍: 1000ല്‍ അധികം (ഏറനാട് മാത്രം 900)
3. ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീകള്‍ : അനേകം, കണക്കില്ല(mass rapes)
4. അഭയാര്‍ത്ഥികള്‍ : 20,000
5. പൊളിച്ച അമ്പലങ്ങള്‍ : ഏറനാട്ടില്‍ മാത്രം 320
വ്യക്തമായി പറഞ്ഞാല്‍ ഹിന്ദുക്കളുടെ വംശഹത്യതന്നെയാണ് നടന്നത്. വിചാരണ ചെയ്ത ഒരു ജഡ്ജിയുടെ പരാമര്‍ശം സ്വീകരിച്ചാല്‍: ഹിന്ദു- മുസ്ലീം മൈത്രി എന്നാല്‍ ഒന്നുകില്‍ ഹിന്ദുക്കളെ കൊല്ലുക, അല്ലെങ്കില്‍ അവരെ മുസ്ലീമാക്കി മതപരിവര്‍ത്തനം ചെയ്യുക എന്നതായി മാറി.
നമ്മെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്ന ഈ കണക്കുകളെ മുന്നില്‍ നിരത്തിക്കൊണ്ടാണ് സഖാക്കളുടെ ആക്രോശങ്ങള്‍ കാണേണ്ടത്.
കമ്മ്യൂണിസ്റ്റ് ചരിത്രവക്രീകരണം മാപ്പിളലഹള കഴിഞ്ഞ അതേ വര്‍ഷംതന്നെ തുടങ്ങി എന്നതാണ് സത്യം. 1921-ലാണ് ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളായ സിമ്യേന്ത്രനാഥ് ടാഗോര്‍ Peasants Revolt in Malabar (മലബാറിലെ കാര്‍ഷിക കലാപം) പ്രസിദ്ധീകരിച്ചത്. (ജവഹര്‍ലാല്‍നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ Archives on Contemporary History ലഭ്യമാണ്, Pamplets on Indian Communism, 1912 onwards, No. 2A) തുടര്‍ന്ന് നമുക്ക് ലഭിക്കുന്ന അടുത്ത കമ്മ്യൂണിസ്റ്റ് വക്രീകരണ രേഖ ഇ.എം.എസ്സ്. നമ്പൂതിരിപ്പാടിന്റേത് തന്നെയാണ്. ‘ആഹ്വാനവും താക്കീതും’ എന്ന പേരില്‍ മാപ്പിളലഹളയുടെ 25-ാം വാര്‍ഷിക ദിവസംതന്നെ – 1946 ആഗസ്റ്റ് 20ന് – നമ്പൂതിരിപ്പാട് ദേശാഭിമാനിയില്‍ പേര് വെയ്ക്കാതെ എഴുതിയ ചെറുലേഖനമാണ് ശുദ്ധമായ വക്രീകരണത്തിന്റെ ‘ക്ലാസിക്കല്‍’ ഉദാഹരണമായുള്ളത്. ഈ ലേഖനം നമ്പൂതിരിപ്പാടിന്റെ സമ്പൂര്‍ണ്ണ കൃതികളില്‍ സഞ്ചിക 7ല്‍ ചേര്‍ത്തിട്ടുണ്ട്. ”ധീരസമരത്തിന്റെ പാവന സ്മരണയെ ഒന്നുകൂടി പുതുക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഈ അവസരം ഉപയോഗിക്കുന്നു”വെന്നാണ് നമ്പൂതിരിപ്പാട് എഴുതിയത്?
എന്താണ് സര്‍, ഈ ധീര സമരം? പതിനായിരക്കണക്കിന് സ്ത്രീകളെ മാനഭംഗം ചെയ്തതോ? ആയിരക്കണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കിയതോ? ആയിരക്കണക്കിന് ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്തതോ? പതിനായിരക്കണക്കിന് കുടുംബങ്ങളെ തങ്ങളുടെ വാസസ്ഥലത്തുനിന്നും ഓടിച്ച് അഭയാര്‍ത്ഥികളാക്കി മാറ്റിയതോ? ഈ മാതിരി നീചമായ ഒരാഹ്വാനം സഖാക്കള്‍ക്കല്ലാതെ മറ്റാര്‍ക്കും നടത്താന്‍ കഴിയില്ല.
മാനഭംഗം ചെയ്യപ്പെട്ട സ്ത്രീകളുടേയും ഛിദ്രമാക്കപ്പെട്ട കുടുംബങ്ങളുടേയും കൊലചെയ്യപ്പെട്ട കുടുംബനാഥന്മാരുടേയും സ്മരണ ഹിന്ദുക്കള്‍ ഭീതിയോടെയാണ് സ്മരിക്കുന്നത്. ഇത് പാവനസ്മരണയായി നമ്പൂതിരിപ്പാട് ആഹ്വാനം ചെയ്തതുപോലെ താലോലിക്കാന്‍ അസാമാന്യ തൊലിക്കട്ടിവേണം.
അടുത്ത വക്രീകരണത്തിന്റെ നേര്‍ചിത്രം ഡോ. കെ.എന്‍. പണിക്കരുടെ 1989-ല്‍ പ്രസിദ്ധീകരിച്ച Against the Lord and the State എന്ന ഗ്രന്ഥമാണ്. പേര് തന്നെ സൂചിപ്പിക്കുന്നത് പോലെ ഹിന്ദുക്കള്‍ക്ക് നേരെ നടത്തിയ വംശഹത്യയെ മറച്ചുവെച്ച് ഈ ലഹള സര്‍ക്കാരിനും ഭൂപ്രഭുക്കന്മാര്‍ക്കും എതിരായ സമരമാക്കി വരുത്തിത്തീര്‍ക്കാനാണ് സഖാവ് പണിക്കരുടെ ശ്രമം. ഈ ഹീനകൃത്യത്തിന്റെ യഥാര്‍ത്ഥ വശം കാണാന്‍ നമുക്കെങ്ങും പോകേണ്ട. കൊല്ലപ്പെട്ട പട്ടാളക്കാരും പോലീസുകാരും എത്ര? 43. കൊല്ലപ്പെട്ട ഹിന്ദുക്കള്‍ എത്ര? 1000ല്‍ അധികം. ഇതില്‍ എത്ര ജന്മിമാര്‍ ഉണ്ട്? ആരുമില്ല. ജന്മിമാര്‍ക്കും സര്‍ക്കാരിനും എതിരായല്ല, മറിച്ച് ഹിന്ദുക്കള്‍ക്കെതിരായ വംശഹത്യ ആയിരുന്നു ഇതെന്ന് കേസ് വിചാരണ ചെയ്ത ജഡ്ജി പറയുന്നു. (Hitchcock,Malabar Rebellion,പേജ് 224) പക്ഷെ കുറുമ്പ്രനാട് താലൂക്കിലെ കൃഷിക്കാര്‍ 1819 -ല്‍ സര്‍ക്കാരിന് കൊടുത്ത ഹരജി മുന്‍നിര്‍ത്തി കെ.എന്‍. പണിക്കര്‍, Against the Lord and the State , 1989, പേജ് 1) പറയുന്നു ലഹള കാര്‍ഷിക കലാപമായിരുന്നുവെന്നു. കുറുമ്പ്രനാട് താലൂക്ക് എവിടെ, ലഹള നടന്ന ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകള്‍ എവിടെ? അപ്രസക്തമായ രേഖകള്‍ ഉദ്ധരിച്ച് ആളുകളെ വിഡ്ഢികളാക്കാനുള്ള മറ്റൊരു വക്രീകരണ ശ്രമമാണ് ഡോ. പണിക്കര്‍ നടത്തിയിരിക്കുന്നത്. ഡോ. പണിക്കര്‍ തന്നെ എഴുതിയതും സഖാക്കന്മാരുടെ പ്രസിദ്ധീകരണ ശാലയായ Peoples Publishing House പ്രസിദ്ധീകരിച്ചതുമായ (1990) മറ്റൊരു വക്രീകരണ സാഹിത്യമാണ് Peasant Protests and Revolts in Malabar. ഈ ഗ്രന്ഥവും വംശഹത്യയേയും ഹിന്ദു ഉന്മൂലനത്തേയും മറച്ചുവച്ച് വര്‍ഗ്ഗീയതയ്ക്ക് രാഷ്ട്രീയ നിറം കൊടുക്കാനുള്ള മറ്റൊരു ശ്രമമാണ്. വളരെ പ്രത്യക്ഷമായിതന്നെ ഒറ്റനോട്ടത്തില്‍ വക്രീകരണം വ്യക്തമാണ്. ഉദാഹരണമായി 1836 മുതല്‍ 1852 വരെയുള്ള മുസ്ലീം വര്‍ഗ്ഗീയ ആക്രമണങ്ങളെ നഗ്നമായി തുറന്നുകാണിക്കുന്നതും ലഹളകളൊന്നും കാര്‍ഷിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നും കണക്കുകളും കേസുകളും ഉദ്ധരിച്ചുകൊണ്ടു സ്ഥാപിക്കുന്ന അതിവിശിഷ്ടമായ രേഖയാണ് ടി.എല്‍. സ്‌ട്രേഞ്ച് (ജഡ്ജി) യുടെ 1852-ലെ റിപ്പോര്‍ട്ട്. ഈ രേഖയുടെ സിംഹഭാഗവും ‘മുക്കി’ക്കളഞ്ഞാണ് പണിക്കര്‍ ഈ രേഖ പ്രസ്തുത രേഖാസമാഹാരത്തില്‍ പെടുത്തിയിരിക്കുന്നത്.
വടക്കെ മലബാറിലും തെക്കെ മലബാറിലും ജന്മിത്വത്തിന് ജാതിപരമായ ഒരു വ്യത്യാസം ഉണ്ടായിരുന്നു. തെക്കെ മലബാറിലെ ജന്മിമാര്‍ അധികം നമ്പൂതിരിമാര്‍ ആയിരുന്നു. അതുകാരണം കുടിയാന്‍-ജന്മി ബന്ധം കുറേക്കൂടി മൃദുസ്വഭാവമുള്ളതായിരുന്നു. ലഹള തുടര്‍ച്ചയായി 19-ാം നൂറ്റാണ്ടു മുതല്‍ നടന്നിട്ടുണ്ട്. ഈ ലഹളകളൊക്കെ ഈ നാലു മുസ്ലീം ജനസംഖ്യ അധികമുള്ള താലൂക്കുകളില്‍ മാത്രമായിരുന്നു. കുടിയായ്മ നിയമം മലബാറിലെ ഒന്‍പത് ജില്ലകള്‍ക്കും പൊതുവായുള്ളതായിരിക്കെ, ലഹളകള്‍ മുസ്ലീം ജനസംഖ്യ അധികമുള്ള താലൂക്കുകളില്‍ മാത്രം കേന്ദ്രീകരിച്ചത് ലഹള കുടിയായ്മ നിയമവുമായി ബന്ധപ്പെട്ടതല്ല എന്നു കൃത്യമായി കാണിക്കുന്നുണ്ട്. മാത്രവുമല്ല ഈ നാല് താലൂക്കുകളില്‍ തന്നെ ഗ്രാമങ്ങളെടുത്താല്‍ മുസ്ലീംഭൂരിപക്ഷഗ്രാമങ്ങളെ മാത്രമെ ലഹള സ്വാധീനിച്ചിട്ടുള്ളു. വള്ളുവനാട്ടിലേയും പൊന്നാനിയിലേയും കോഴിക്കോട്ടേയും ഹിന്ദുഭൂരിപക്ഷപ്രദേശങ്ങള്‍ ലഹള ബാധിക്കാത്ത പ്രദേശങ്ങളായിരുന്നു. ലഹളക്കാരെക്കൊണ്ട് ഇവിടെ നഷ്ടം സംഭവിച്ചിരിക്കാം; പക്ഷെ അവിടെ ലഹളക്കാര്‍ ഉണ്ടായിരുന്നില്ല. ഹിന്ദുക്കളായ കുടിയാന്മാരാരും ലഹളയില്‍ ചേര്‍ന്നതുമില്ല.
ലഹള പ്രദേശങ്ങളിലെ ജന്മികുടിയാന്‍ ബന്ധങ്ങളെക്കുറിച്ച് വ്യക്തമായ വിവരമുള്ള ഒരാളാണ് അക്കാലത്തെ കെ.പി.സി.സി. സെക്രട്ടറിയും ലഹള നടന്ന ഏറനാട്ടിന്റെ തദ്ദേശവാസിയുമായിരുന്ന കെ. മാധവന്‍നായര്‍. സൂക്ഷ്മമായ അന്വേഷണത്തിന് ശേഷം അദ്ദേഹം എഴുതിയത് നോക്കുക ”ഏതെങ്കിലും ജന്മിയുടേയോ ജന്മികളുടേയോ പ്രത്യേക ഉപദ്രവത്താലാണ് ഈ ലഹള ഉത്ഭവിച്ചതെന്ന് ലഹളയെപ്പറ്റി സൂക്ഷ്മവിവരമുള്ളവര്‍ ആത്മാര്‍ത്ഥമായി വാദിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.” (കെ. മാധവന്‍ നായര്‍, മലബാര്‍ കലാപം, മാതൃഭൂമി, 1970, പേജ് – 84) ലഹള ധനികരും ദരിദ്രരും തമ്മിലുള്ള സംഘര്‍ഷമായിരുന്നു എന്നു വിശ്വസിക്കാനും തരമില്ല. മാധവന്‍ നായര്‍ തുടര്‍ന്ന് എഴുതുന്നു: ”കൊള്ളയുടെ പ്രധാന കാരണം മതഭ്രാന്തും അരാജകത്വവും ദുര്‍മാര്‍ഗ്ഗ പ്രസക്തിയുമല്ലെങ്കില്‍, പിന്നെയെന്താണ്? അഥവാ ഇത് ദരിദ്രന്മാരും ധനികന്മാരും തമ്മിലുള്ള ഒരു പോരാട്ടമാണെങ്കില്‍ എന്തുകൊണ്ട് മാപ്പിളമാരില്‍ ധനികരായവര്‍ ഈ കൊള്ളയില്‍നിന്നു ഒഴിവാക്കപ്പെട്ടു? സൂക്ഷ്മം ആലോചിച്ചാല്‍ ഈ കൊള്ള വര്‍ഗ്ഗീയ മത്സരത്തിന്റെ ഒരു പ്രത്യക്ഷപ്രകടനമായിരുന്നുവെന്നതിന് സംശയമില്ല. (മാധവന്‍ നായരുടെ മേലുദ്ധരിച്ച ഗ്രന്ഥം, പേജ്, 86) അതായത് ജന്മി-കുടിയാന്‍ സംഘര്‍ഷമോ, ദരിദ്ര-ധനിക സംഘര്‍ഷമോ അല്ല ഈ ലഹളയെന്ന് മാധവന്‍നായര്‍ സാക്ഷിയാണ്.
ഈ ലഹള ഒരു ജന്മി-കുടിയാന്‍ സമരമായിരുന്നുവെങ്കില്‍, ഇവ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കിന്റെ ചിലഭാഗങ്ങളില്‍ മാത്രമായി ഒതുങ്ങി നിന്നതെന്തുകൊണ്ട്. പരമ്പരാഗതമായി ‘മതഭ്രാന്ത് കേന്ദ്രം’ (Fanatic ZOne) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ മേഖലയ്ക്ക് ചുറ്റും ഒരു ഹിമാലയ പര്‍വ്വതമുണ്ടായിരുന്നോ, ഇത് മറ്റ് താലൂക്കുകളിലേയ്ക്ക് വ്യാപിക്കാതിരിക്കാന്‍? വടക്കെ മലബാറില്‍ സഖാക്കള്‍ തന്നെ കര്‍ഷകരെ സംഘടിപ്പിച്ചപ്പോള്‍, എന്തുകൊണ്ട് ഇവരുടെ യൂണിയനുകളില്‍ തെക്കെ മലബാറിലെ മാപ്പിള കുടിയാന്മാര്‍ ചേര്‍ന്നില്ല?
ഇന്ന് വീണ്ടും ഈ കര്‍ഷകസമരത്തിന്റെ പേരുംപറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കുന്ന കമ്മ്യൂണിസ്റ്റ് സഖാക്കള്‍ വളരെ സമചിത്തതയോടെ സമസ്തകേരള ജമംഇയ്യത്തുല്‍ ഉലമ (സമസ്ത എന്ന് ചുരുക്കം) മാപ്പിള ലഹള സമുദായത്തെ നൂറുകൊല്ലം പിറകോട്ട് കൊണ്ടുപോയി എന്ന സുചിന്തിതമായ അഭിപ്രായം ആദരിച്ച് വിഡ്ഢിത്തങ്ങള്‍ പറയുന്നത് നിര്‍ത്തുകയാണ് വേണ്ടത്.