കൊല്ലം എം.പി. എന്‍.കെ. പ്രേമചന്ദ്രന്‍ അവതരിപ്പിച്ച ശബരിമല സംബന്ധിച്ച സ്വകാര്യബില്ല് ലോകസഭയില്‍ ചര്‍ച്ചക്കെടുക്കുക പോലുമുണ്ടായില്ല. എന്നാല്‍ ഈ ബില്ലിന്റെ പേരില്‍ രാഷ്ട്രീയം കളിക്കാനുള്ള പ്രേമചന്ദ്രന്റെ തന്ത്രം തരംതാണതായിപ്പോയി. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുക, ആരാന്റെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കുക, എട്ടുകാലി മമ്മൂഞ്ഞ് ചമയുക എന്നൊക്കെ പറയുന്നത് ചിലര്‍ക്ക് മാത്രം അനുയോജ്യമായ ഒരു കാര്യമാണ്, അത് ചിലര്‍ക്കേ യോജിക്കൂ.
17-ാം ലോകസഭയില്‍ കൊല്ലത്തെ പ്രതിനിധീകരിക്കുന്ന ആര്‍എസ്പിയുടെ ഏക എം.പി. ആയ എന്‍.കെ. പ്രേമചന്ദ്രന്‍ ലോകസഭയില്‍ സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ആദ്യം പറഞ്ഞത് വിശ്വാസികള്‍ക്ക് വേണ്ടി ശബരിമലയെ സംരക്ഷിക്കുവാന്‍ വേണ്ട സ്വകാര്യബില്‍ താന്‍ ലോകസഭയില്‍ അവതരിപ്പിക്കും എന്നാണ്. ഏതൊരു എം.പിയ്ക്കും ലോകസഭയില്‍ സ്വകാര്യബില്‍ അവതരിപ്പിക്കാം, അതിന് ഒരു നിയമതടസ്സവും ഇല്ല. എന്നാല്‍ 2018 സപ്തംബര്‍ 28-ാം തീയതി സുപ്രീംകോടതി യുവതീപ്രവേശനത്തിന് അനുകൂലമായ വിധി വന്ന ദിവസം മുതല്‍ 17-ാം ലോകസഭാ തിരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ 23-ാം തീയതി വരെ കമാ എന്നൊരു അക്ഷരം ശബരിമല യുവതീപ്രവേശനത്തിന്റെ പേരില്‍ ഉരിയാടാത്ത കൊല്ലത്തിന്റെ സ്വന്തം എം.പിക്ക് ഇപ്പോള്‍ ഇങ്ങനൊരു വെളിപാട് എങ്ങനെയാണ് ഉണ്ടായത്?
സുപ്രീംകോടതിയുടെ ശബരിമല വിഷയത്തിലെ വിധി വന്ന അന്നുമുതല്‍ കേരളത്തിലും പുറത്തും, വിശ്വാസികള്‍ സംഘടിച്ച് വ്യത്യസ്ത സമരമുറകളിലൂടെ തങ്ങളുടെ വിശ്വാസം സംരക്ഷിക്കാനായി തെരുവില്‍ ഇറങ്ങിയപ്പോള്‍ ഇദ്ദേഹം എവിടെ ആയിരുന്നു? കാരണം വ്യക്തമാണ്, അന്ന് ഹിന്ദുവിശ്വാസികള്‍ക്കൊപ്പം നിന്നുകൊണ്ട് മറുപടി പറഞ്ഞാല്‍, കാലങ്ങളായി കൂടെ നില്‍ക്കുന്ന തീവ്രന്യൂനപക്ഷ വിഭാഗത്തിന്റെ വോട്ടുകള്‍ അദ്ദേഹത്തിന് നഷ്ടമാകും. ഇനി 2024 വരെ 5 വര്‍ഷം ആരെയും ഭയക്കണ്ട എന്നതായിരിക്കും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ചിന്ത. മാത്രമല്ല ശബരിമല യുവതീപ്രവേശനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്കും, എല്‍ഡിഎഫിനും തിരിച്ചടി ആയി എന്ന് വോട്ടിന്റെ ശതമാനം നോക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഇനി വരും തിരഞ്ഞെടുപ്പുകളില്‍ ഹിന്ദുവിശ്വാസികളെ സുഖിപ്പിച്ചാല്‍ അവര്‍ തങ്ങളോടൊപ്പം (യുഡിഎഫ്) നില്‍ക്കും എന്ന ധാരണയുമാകാം അദ്ദേഹത്തിനെ ഇങ്ങനെ നാടകം കളിക്കാന്‍ പ്രേരിപ്പിച്ചത്. ഇതിനെയാണ് കുറുക്കന്റെ കൗശലം എന്ന് പറയുന്നത്.
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഹൈന്ദവ സംഘടനകള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം നടത്തിയ നാമജപങ്ങളും പ്രക്ഷോഭങ്ങളും കത്തി പടര്‍ന്നപ്പോള്‍, കേരളത്തില്‍ നിന്നുള്ള എം.പി എന്ന നിലയില്‍ അന്ന് ഇദ്ദേഹം എന്തുകൊണ്ട് ലോകസഭയില്‍ ഹിന്ദുവിശ്വാസികള്‍ക്ക് നേരെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരും, പോലീസും നടത്തിയ നരനായാട്ടിന് എതിരെ ഒരു സബ്മിഷന്‍ കൊണ്ടുവരാന്‍ തയ്യാറായില്ല? ഒരു പ്രസ്താവനയിലൂടെ പോലും വിശ്വാസി സമൂഹത്തിന് അനുകൂലമായി സംസാരിച്ചില്ല? അഞ്ച് ലോകസഭാ എം.പി.മാര്‍ ശ്രീമതി സരോജിനി പാണ്ഡെയുടെ നേതൃത്വത്തില്‍ ശബരിമല വിഷയത്തില്‍ കേരള സര്‍ക്കാരിന്റെയും, പോലീസിന്റെയും ക്രൂരത അന്വേഷിക്കുവാന്‍ കേരളത്തിലെ വിവിധ ഇടങ്ങളില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ അഭിനവ ഹിന്ദുവിശ്വാസി ആയ ഈ എം.പി. എവിടെ ആയിരുന്നു?
വിശ്വാസ സംരക്ഷണത്തിന്റെ പേരുപറഞ്ഞ് ആര്‍.എസ്.എസ്സും ബി.ജെ.പി.യും കേരളത്തില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു എന്ന് ആര്‍.എസ്.പി.ഉള്‍പ്പെടുന്ന യുഡിഎഫ് തെറ്റിദ്ധാരണ പരത്തിയിരുന്നു. ലോകസഭ തിരഞ്ഞെടുപ്പുവേളയില്‍ പ്രകടന പത്രികയില്‍ എന്തേ ശബരിമലയ്ക്ക് വേണ്ടി ഒന്നും പറയാതിരുന്നത്? എന്തിന്, കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശബരിമല വിഷയം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മുന്നില്‍ അവതരിപ്പിക്കാന്‍ പോയപ്പോള്‍, സോണിയാഗാന്ധിയും കൂട്ടരും എങ്ങനെയാണ് പ്രതികരിച്ചതെന്ന് വിശ്വാസികള്‍ മറന്നിട്ടില്ല. 2006-2011 കാലഘട്ടത്തില്‍ വി.എസ്. മന്ത്രിസഭയിലെ ജലസേചന വകുപ്പ് മന്ത്രി ആയിരുന്നപ്പോള്‍, അന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതില്‍ എതിര്‍പ്പില്ല എന്ന സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ അതിനെ അനുകൂലിച്ച മഹാനാണ് ഇന്നത്തെ കൊല്ലം എം.പി. അതുപോലെ അദ്ദേഹം രാജ്യസഭാ എം.പി. ആയിരുന്നപ്പോള്‍ (2000-2006) കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടന കേസ്സില്‍ ജയിലില്‍ കഴിയുന്ന മദനിയ്ക്ക് വേണ്ടി ഘോരഘോരം പ്രസംഗിച്ചിരുന്നു. കേരളത്തിലെ ജലസേചന വകുപ്പ് മന്ത്രി ആയിരുന്നപ്പോള്‍ പരോളില്‍ ഇറങ്ങിയ മദനിയെ സ്വീകരിക്കുവാന്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ മണിക്കൂറുകള്‍ കാത്തിരുന്നതും, അവിടെ നിന്നും മൈനാഗപ്പള്ളിയിലെ, അന്‍വാറുശ്ശേരി വരെ അകമ്പടി പോയതും കൊല്ലത്തുകാര്‍ക്ക് മറക്കാന്‍ പറ്റുമോ?
മണ്ണും ചാരിനിന്നവന്‍ പെണ്ണും കൊണ്ടുപോയി എന്ന പഴമൊഴി ഉണ്ട്. അത് എത്രയോ ശരി വെയ്ക്കുന്നതാണ് കൊല്ലം എം.പിയുടെ കാര്യം. ആര്‍.എസ്.എസ്സും ബി.ജെ.പിയും ശബരിമലവിഷയത്തില്‍ തുടക്കം മുതല്‍ വിശ്വാസികളോടൊപ്പം നിന്നവരാണ്, പീഡനങ്ങള്‍ ഏറ്റുവാങ്ങിയവരാണ്. പക്ഷെ കേരളത്തിലെ സാമുദായിക നേതാക്കന്‍മാരുടെയും, സംഘടനകളുടെയും വികലമായ കാഴ്ചപ്പാട് മൂലം തിരഞ്ഞെടുപ്പില്‍ ഇതിന്റെ ഗുണം ലഭിച്ചത് ഒരുപക്ഷേ യുഡിഎഫിനാണ്. ലോകസഭാ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിയുടെ പ്രകടനപത്രികയില്‍ ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കും എന്ന വാഗ്ദാനം നിലനില്‌ക്കെ, രണ്ടാമതും മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന് പ്രേമചന്ദ്രന്റെ സഹായം ഇല്ലാതെതന്നെ ഈ വാഗ്ദാനം പാലിക്കാനാകും. ഒരു രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി കൊല്ലം എം.പി നടത്തുന്ന നാടകം അരി ആഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാകും. ഓര്‍ഡിനന്‍സും നിയമവും വരാന്‍ ഇരിക്കുമ്പോള്‍ 17-ാം ലോകസഭ കൂടി രണ്ട് ദിവസം ആകുന്നതിന് മുമ്പ്, ഇതിന്റെ പേരില്‍ സ്വകാര്യബില്‍ ഞാനാണ് ആദ്യം കൊണ്ടുവന്നത് എന്ന് വരുത്തിത്തീര്‍ക്കാനും, ആരാന്റെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാന്‍, എട്ടുകാലിമമ്മൂഞ്ഞ് ചമയാന്‍ തയ്യാറായതും ആത്മാര്‍ത്ഥതയില്ലാത്ത രാഷ്ട്രീയക്കളിയാണ്. അയ്യപ്പ വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുന്ന കാര്യത്തില്‍ നിയമനിര്‍മ്മാണം ആണ് വേണ്ടതെന്ന് ബിജെപി എം.പിയായ മീനാക്ഷി ലേഖി ലോകസഭയില്‍ പറയുകയുണ്ടായി. സ്വകാര്യ ബില്ലുകള്‍ പൂര്‍ണ്ണത ഉള്ളവയല്ലെന്നും, മാധ്യമവാര്‍ത്തകളില്‍ ഇടം നേടാനുള്ള ലക്ഷ്യത്തോടുകൂടി ഉള്ളതാണെന്നും ലേഖി പറയുകയുണ്ടായി. കൈ നനയാതെ മീന്‍ പിടിക്കുക എന്നതായിരുന്നു പ്രേമചന്ദ്രന്റെ തന്ത്രം. അരിയാഹാരം കഴിക്കുന്ന മലയാളി വോട്ടര്‍മാര്‍ ഇതു തിരിച്ചറിയുമെന്നുറപ്പാണ്.