1766 മുതല്‍ 1792 വരെയുള്ള 26 വര്‍ഷക്കാലമാണ് ഹൈദരാലിയും ടിപ്പുവും മലബാറില്‍ അധിനിവേശം നടത്തിയത്. ഇതില്‍ ടിപ്പുവിന്റെ ആക്രമണത്തിന്റെയും അധിനിവേശത്തിന്റെയും കാലത്താണ് മലബാറിന്റെ രാഷ്ട്രീയ-സാമൂഹ്യ-പ്രതിസന്ധികള്‍ സൃഷ്ടിക്കപ്പെട്ടത്. 1790 ജനവരി 18ന് ടിപ്പു ബര്‍ദൂസ് സമാമുന്‍ ഖാന് അയച്ച സന്ദേശത്തില്‍ ഇങ്ങിനെ രേഖപ്പെടുത്തിയിട്ടുള്ളത് ശ്രദ്ധേയമാണ്. ”അടുത്തകാലത്ത് മലബാറില്‍ വലിയ വിജയം വരിച്ചത് നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. അതിലൂടെ 4 ലക്ഷം ഹിന്ദുക്കളെ ഇസ്ലാമിലേക്ക് മതം മാറ്റിക്കഴിഞ്ഞു.” 1790 ജനുവരി 18ന് സമ്മദ് അബ്ദുള്‍ ദുലായിക്കയച്ച സന്ദേശത്തില്‍ ടിപ്പു ഇപ്രകാരം രേഖപ്പെടുത്തുന്നുണ്ട്. പ്രവാചകന്‍ മുഹമ്മദിന്റെയും അള്ളായുടേയും കാരുണ്യത്താല്‍ കോഴിക്കോട്ടെ ഏറെക്കുറെ എല്ലാ ഹിന്ദുക്കളെയും ഇസ്ലാമിലേക്ക് മതംമാറ്റിക്കഴിഞ്ഞു. കൊച്ചിയുടെ പാര്‍ശ്വത്തിലുള്ള കുറച്ചുപേരെക്കൂടി മതം മാറ്റാനുണ്ട്. അവരെ അടുത്തു തന്നെ മതം മാറ്റുന്നതാണ്. ഞാന്‍ ഇതിനെ ആ ലക്ഷ്യപ്രാപ്തിക്കുള്ള ജിഹാദായി സ്വീകരിക്കുന്നു.1 ഒരു ഭാഗത്ത് അക്രമവും മതം മാറ്റവും തകൃതിയായി നടക്കുമ്പോള്‍ മലബാറിന്റെ സാമ്പത്തിക രംഗം അധഃപതനത്തില്‍ നിന്നും തകര്‍ച്ചയിലേക്ക് നീളുകയായിരുന്നു.
അസ്ഥിരതയും അരാജകത്വവും
1792 ലെ ശ്രീരംഗപട്ടണ ഉടമ്പടിയെ തുടര്‍ന്നാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാകമ്പനി മലബാറില്‍ അധികാരമേല്‍ക്കുന്നത്. പ്രസ്തുത കരാറില്‍ കമ്പനിക്കുവേണ്ടി ഒപ്പിട്ടത് ലോഡ് കോണ്‍വാലിസ് ആയിരുന്നു. അതിനുശേഷം മലബാറിന്റെ നിലവിലുള്ള അവസ്ഥയും ഭാവി ഭരണത്തിന്റെ രൂപവും മറ്റും പഠിക്കാനായി കോണ്‍വാലിസ് ഒരു കമ്മീഷനെ നിയമിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി കമ്പനിയുടെ ബോംബെ ഗവര്‍ണ്ണര്‍ ആബെക്രോംബെ കണ്ണൂരില്‍ എത്തുകയും മിസ്റ്റര്‍ ഫാര്‍മര്‍, മേജര്‍ ഡോവ് എന്നിവരെ അന്വേഷണക്കമ്മീഷനായി നിയോഗിക്കുകയും ചെയ്തു. 1792 മാര്‍ച്ച് 23ന് ജനറല്‍ ക്രോംബെ, ലോഡ് കോണ്‍വാലിസിന് അയച്ച കത്തില്‍ പുതിയൊരു ഭരണ സംവിധാനം ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയിരുന്നു. ടിപ്പുവിന്റെ ആക്രമണത്തിന്റെയും അധിനിവേശത്തിന്റെയും ഫലമായി നടമാടുന്ന അരാജകത്വവും ആശയക്കുഴപ്പങ്ങളും അവ്യക്തതയും അതോടൊപ്പം ആക്രാമികസ്വഭാവത്തോടെയുള്ള മാപ്പിളമാരുടെ വിദ്വേഷവും പരിഹരിക്കണമെന്ന് ക്രോംബെ എടുത്തുപറഞ്ഞിരുന്നത് അന്നത്തെ പശ്ചാത്തലം ശരിയായ രീതിയില്‍ വ്യക്തമാക്കുന്നുണ്ട്.
നൂറ്റാണ്ടുകളായി ആര്‍ജ്ജിച്ച സമ്പത്ത് കൊള്ളയടിച്ചു
26 വര്‍ഷം നീണ്ടുനിന്ന മൈസൂര്‍ സുല്‍ത്താന്മാരുടെ അധിനിവേശം മലബാറിനെ കൊള്ളയടിച്ച് നൂറ്റാണ്ടുകളായി നാണ്യവിളകളുടെയും മരത്തിന്റെയും വ്യാപാരത്തിലൂടെ ആര്‍ജ്ജിച്ചിരുന്ന കനത്ത സമ്പത്ത് കൈക്കലാക്കി മലബാറിലെ ജനങ്ങളെ ദരിദ്രരാക്കി. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ തോട്ടം മാനേജരായിരുന്ന മര്‍ഡോക്ക് ബ്രൗണ്‍ കമ്പനി നിയമിച്ച കമ്മീഷന്റെ മുന്‍പില്‍ കൊടുത്ത വിശദീകരണം ടിപ്പുവിന്റെ കൊള്ളയുടെ സ്വഭാവം വ്യക്തമാക്കുന്നുണ്ട്. നൂറ്റാണ്ടുകളായി നാണ്യവിളകളുടെ വ്യാപാരത്തിലൂടെ സമാഹരിച്ച സ്വര്‍ണ്ണ നാണയങ്ങളും വെള്ളിനാണയങ്ങളും മലബാറിനെ സമ്പല്‍സമൃദ്ധമാക്കിയിരുന്നു. എന്നാല്‍ ഹൈദരാലി തുടങ്ങി വെച്ച കൊള്ള തുടര്‍ന്ന ടിപ്പു എല്ലാ സീമകളും ലംഘിച്ച് മുഴുവന്‍ സമ്പത്തും കൊള്ളയടിച്ചു. മര്‍ഡോക്ക് ബ്രൗണിന്റെ റിപ്പോര്‍ട്ട് ഇപ്രകാരമായിരുന്നു.
“Quantity of Gold and Silver in Malabar must have been immense, for all the nations that traded with it paid for its produce almost solely in money and none went from it except in payment of rice” (2)
ടിപ്പുവിന്റെ പടയോട്ടത്തിന്റെ ആദ്യപാദത്തിലാണ് ഇത്തരത്തില്‍ ടിപ്പുവിന്റെ പടത്തലവന്മാര്‍ മലബാറിലെ സമ്പത്തു മുഴുവന്‍ അപഹരിച്ചത്. ഇതിന്റെ നല്ലൊരു ഭാഗം ടിപ്പുവിന്റെ ഭരണത്തിനും ലഭിച്ചിരുന്നതുകൊണ്ട് ആദ്യവര്‍ഷങ്ങളില്‍ മറ്റ് നികുതികള്‍ ചുമത്തേണ്ട ആവശ്യമുണ്ടായില്ല എന്നും കമ്പനി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. ചരിത്രകാരനായ സര്‍ദാര്‍ കെ.എം. പണിക്കര്‍ ഇതിനെക്കുറിച്ച് രേഖപ്പെടുത്തിയത് ശ്രദ്ധേയമാണ്.
“But thirty year of rapine, plunder and warfer reduced it to extreme distress”(3)
കാര്‍ഷിക മേഖലയുടെ ദയനീയമായ തകര്‍ച്ച
മൈസൂര്‍ സുല്‍ത്താന്മാരുടെ, പ്രത്യേകിച്ചും ടിപ്പുവിന്റെ ആക്രമണവും അധിനിവേശവും ഏറ്റവും കൂടുതല്‍ ആഘാതമേല്‍പ്പിച്ചത് കാര്‍ഷിക മേഖലയിലായിരുന്നു. അറബികള്‍ മുതല്‍ പോര്‍ച്ചുഗീസുകാരും ഡച്ചുകാരും അവസാനം ഇംഗ്ലീഷുകാരും മലബാറിലെത്തിയത് കുരുമുളക്, ഏലം, അടയ്ക്ക തുടങ്ങിയ കാര്‍ഷിക ഉല്പന്നങ്ങളുടെ വ്യാപാരത്തിനായിരുന്നുവല്ലോ. അന്നെല്ലാം മലബാറിലെ കാര്‍ഷിക മേഖല വളരെ സമ്പല്‍സമൃദ്ധമായിരുന്നുവെന്ന് ഇവരുടെ കാലത്ത് മലബാര്‍ സന്ദര്‍ശിച്ച പല സഞ്ചാരികളും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മൈസൂര്‍ സുല്‍ത്താന്മാരുടെ പ്രത്യേകിച്ച് ടിപ്പുവിന്റെ അധിനിവേശം കാര്‍ഷികമേഖലയെ ഭീമമായ തകര്‍ച്ചയിലേക്കു നയിച്ചു. തുടരെയുള്ള ആക്രമണങ്ങളും യുദ്ധവും അതോടൊപ്പം കൊള്ളയും കൊലയും നിര്‍ബ്ബന്ധിത മതപരിവര്‍ത്തനവും നിര്‍ബ്ബാധം അരങ്ങേറിയപ്പോള്‍, ഭൂവുടമകളായ നമ്പൂതിരിമാരും നായന്മാരും കുടിയാന്മാരും കര്‍ഷകത്തൊഴിലാളികളുമെല്ലാം പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്യാന്‍ തുടങ്ങി. നമ്പൂതിരിമാര്‍ കൂടുതലായും തിരുവിതാംകൂറില്‍ അഭയം തേടിയപ്പോള്‍ നായന്മാരില്‍ ഒരു വിഭാഗം അയല്‍പ്രദേശങ്ങളില്‍ അഭയം തേടി. നായന്മാരില്‍ ഒരു വിഭാഗത്തോടൊപ്പം കര്‍ഷകരിലേയും കാര്‍ഷികത്തൊഴിലാളികളിലേയും ഒരു വിഭാഗം കാടുകളില്‍ അഭയം തേടുകയും അവരില്‍ കുറേപ്പേര്‍ നാട്ടുരാജാക്കന്മാര്‍ക്കു വേണ്ടി ടിപ്പുവിനെതിരെ ഒളിപ്പോരില്‍ പങ്കാളികളാകുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ജന്മിമാരും, കുടിയാന്മാരും കര്‍ഷകത്തൊഴിലാളികളും കൂട്ടത്തോടെ നാടും ഭൂമിയും വിട്ട് പലായനം ചെയ്തപ്പോള്‍ പകുതിയിലധികം കൃഷിഭൂമിയും പതിറ്റാണ്ടോളം തരിശായി കിടന്ന് കാടുകയറിയ നിലയിലായി. ക്ഷേത്ര ഭൂമികളും ഇത്തരത്തില്‍ നശിച്ച്, പാട്ടം മുടങ്ങി നിത്യപൂജകള്‍ പോലും മുടങ്ങിയ അവസ്ഥയിലായി. മാത്രവുമല്ല ക്ഷേത്രങ്ങളെ കൊള്ളയടിച്ച് അവയിലെ വിഗ്രഹമടക്കമുള്ള സ്വത്തുക്കള്‍ കവര്‍ച്ച ചെയ്യുകയും ചെയ്തു.
ജന്മിമാരും കുടിയാന്മാരും കൈവിട്ടു പോയ കുറെ കൃഷിസ്ഥലം മാപ്പിളമാര്‍ കൈവശപ്പെടുത്തിയെങ്കിലും കൃഷിയില്‍ പുരോഗതിയൊന്നും ഉണ്ടായില്ല. നേരത്തെ സമ്പന്നവും സമൃദ്ധവുമായിരുന്ന കാര്‍ഷികമേഖല നാഥനില്ലായ്മ മൂലം തരിശിട്ടതു കാരണം കാടുകയറി കൃഷിയ്ക്ക് യോജിക്കാത്തവിധമായി മാറിയതായി ഈസ്റ്റ് ഇന്ത്യാ കമ്പനി നിയമിച്ച കമ്മീഷനും രേഖപ്പെടുത്തിയിട്ടുണ്ട്. തീവ്രമായ അവഗണയുടെ ഫലമായി കാര്‍ഷികമേഖല വലിയ നാശത്തിന്റെ വക്കിലാണെന്ന് ബുക്കാനനും രേ”Twenty five years of scorached earth policy converted the gardens of India practically into a desert”4 ബുക്കാനന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് ടിപ്പുവിന്റെ പടയോട്ടക്കാലത്ത് മലബാറിലെ ജനസംഖ്യയും കാര്‍ഷിക ഉല്പാദനവും പകുതിയായി കുറഞ്ഞുവെന്നാണ്. പകുതിയോളം ജനങ്ങള്‍ കൊല്ലപ്പെടുകയോ, മറ്റ് നാടുകളെ അഭയം പ്രാപിക്കുകയോ കാടുകയറുകയോ ചെയ്തതാണ് ജനസംഖ്യ പകുതിയായതിനു കാരണമായത്. ഇവരുടെ അസാന്നിദ്ധ്യത്തോടൊപ്പം നാട്ടിലെ ആക്രമണഭീഷണിയുമാണ് കാര്‍ഷിക മേഖലയില്‍ കൃഷികുറയാനും ഉല്പാദനം പകുതിയില്‍ താഴെയാകാനും ഇടയാക്കിയത്.
കര്‍ഷകചൂഷണവും ദാരിദ്ര്യവും
കര്‍ഷകരും വ്യാപാരികളും നൂറ്റാണ്ടുകളായി കാര്‍ഷിക ഉല്പന്നങ്ങള്‍ വിപണനം ചെയ്ത് സമാഹരിച്ച മുഴുവന്‍ സമ്പത്തും ടിപ്പുവിന്റെ പടയോട്ടത്തിന്റെ ഒന്നാം ഘട്ടത്തില്‍ കൊള്ളയടിക്കപ്പെട്ടു. അതവരെ ദരിദ്രരാക്കി. ഈ വലിയ സമ്പത്തിന്റെ വലിയൊരു ഭാഗം പടത്തലവന്മാര്‍ ടിപ്പുവിനു പങ്കിട്ടതുകാരണം ആദ്യവര്‍ഷങ്ങളില്‍ നികുതി ഭാരം അടിച്ചേല്പിയ്‌ക്കേണ്ടിവന്നില്ല. എന്നാല്‍ ഇതു നിന്നതോടെ പുതിയ ചൂഷണ സമ്പ്രദായം നടപ്പാക്കാന്‍ ടിപ്പു തയ്യാറായി. മലബാറില്‍ അതുവരെ ഭൂനികുതിയോ, തോട്ടനികുതിയോ ഒന്നും തന്നെ നിലവിലില്ലായിരുന്നു. ജന്മിമാര്‍ക്ക് പാട്ടം വഴി കിട്ടുന്ന ഉല്പാദനത്തിന്റെ ഒരു ഭാഗം രാജാക്കന്മാരുമായി പങ്കിടുന്ന ഒരു വ്യവസ്ഥയാണ് നിലനിന്നിരുന്നത്. ഈ സംവിധാനം കാര്‍ഷികമേഖലയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും വളരെ സഹായകരമായിരുന്നുവെന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനി നിയമിച്ച കമ്മീഷനും വിലയിരുത്തിയിട്ടുണ്ട്. ആദ്യവര്‍ഷങ്ങളില്‍ കൊള്ളയടിച്ച വലിയ ധനം തീര്‍ന്നതോടെ രാജാക്കന്മാര്‍ക്ക് ഭീമമായ അധികാരങ്ങള്‍ കൊടുത്ത് നിര്‍ബ്ബന്ധിത നികുതി പിരിവിന്റെ ഏജന്റുമാരാക്കി മാറ്റി കര്‍ഷകരെയും കുടിയാന്മാരെയും ചൂഷണം ചെയ്യാന്‍ തുടങ്ങിയത് കാര്‍ഷിക മേഖലക്ക് വലിയ ആഘാതമാണ് ഉണ്ടാക്കിയത്. ഇത് നേരത്തെ നല്ല നിലയിലായിരുന്ന ജന്മി-കുടിയാന്‍ ബന്ധം വഷളാക്കാനും ഇടയാക്കി. ഇതിനെ പിന്തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ നികുതി ഭൂനയപരിപാടികളും ഇവരുടെ ബന്ധം മെച്ചപ്പെടുത്താന്‍ പര്യാപ്തമായിരുന്നില്ല.
പകുതിയിലധികം കൃഷിഭൂമിയും കൃഷി ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ കര്‍ഷകരോടൊപ്പം കര്‍ഷകത്തൊഴിലാളികളും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന മറ്റ് ഗ്രാമീണ കൈത്തൊഴിലുകാരുമെല്ലാം തൊഴില്‍ രഹിതരും ദരിദ്രരുമായി മാറി. കമ്പനി ഭരണം നിലവില്‍ വന്ന് പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് കാര്‍ഷികമേഖലക്ക് കുറെയെങ്കിലും പുനരുജ്ജീവനമുണ്ടായത്. ടിപ്പുവിന്റെ കാലത്ത് തുടങ്ങിവെച്ച ജന്മി-കുടിയാന്‍ ബന്ധത്തിലുള്ള അസ്വസ്ഥതകള്‍ ബ്രിട്ടീഷ് ഭരണത്തിലും പൂര്‍ണ്ണമായി പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല.
നാണ്യവിള വ്യാപാരത്തകര്‍ച്ച
നൂറ്റാണ്ടുകളായി മലബാര്‍ സുഗന്ധവ്യഞ്ജനങ്ങളുടെ പേരുകേട്ട കലവറയായിരുന്നു. അതോടൊപ്പം കപ്പല്‍ നിര്‍മ്മാണത്തിനുള്ള മരങ്ങളുടെയും അറബികള്‍ മുതല്‍ ഇംഗ്ലീഷുകാര്‍വരെയുള്ള വിദേശീയരെല്ലാം മലബാറിലേക്ക് വന്നത് ഇവയുടെ വ്യാപാരം കൈയടക്കി ലാഭം കൊയ്യാനായിരുന്നു. സുഗന്ധവ്യഞ്ജനങ്ങളുടേയും നാണ്യവിളകളുടേയും ഉല്‍പ്പാദനത്താലും വ്യാപാരത്താലും സമ്പന്നവും സമൃദ്ധവുമായിരുന്ന മലബാര്‍, ടിപ്പുവിന്റെ പടയോട്ടത്തെ തുടര്‍ന്ന് ഉല്പാദനം തകര്‍ന്നത് കാരണം പ്രതിസന്ധിയിലായി. നഗരപ്രദേശങ്ങളും നിരവധി തുറമുഖങ്ങളും വിദേശവ്യാപാരത്താല്‍ സജീവവും സമ്പന്നവുമായിരുന്ന സ്ഥാനത്ത് ഇവയെല്ലാം ക്ഷയിച്ച് നിര്‍ജ്ജീവമാകുന്ന അവസ്ഥയിലെത്തി. 1788-ല്‍ ടിപ്പുസുല്‍ത്താന്‍ കുരുമുളക് വ്യാപാരത്തിന്റെ കുത്തക ഏറ്റെടുത്തതോടെയാണ് ഈ തകര്‍ച്ച പൂര്‍ണ്ണമായത്. കുറഞ്ഞ വിലക്ക് നിര്‍ബ്ബന്ധിച്ച് കുരുമുളക് വാങ്ങി ഉയര്‍ന്നവിലക്ക് വിറ്റ് അമിതലാഭമെടുക്കുന്ന ഒരു സംവിധാനമായിരുന്നു അത്. ടിപ്പു പ്രധാനപാണ്ടികശാല വടകരയിലേക്കു മാറ്റി. മാഹി, കൊയിലാണ്ടി, കോഴിക്കോട് എന്നിവ അനുബന്ധ കേന്ദ്രങ്ങള്‍ മാത്രമായി. നേരത്തെ ഫ്രഞ്ചുകാരുടെ തുറമുഖമായിരുന്ന മാഹിയെ മുഖ്യതുറമുഖമാക്കുകയും ചെയ്തു. കുറഞ്ഞ ഉല്പാദനത്തോടൊപ്പം കുറഞ്ഞ വിലക്ക് കുരുമുളക് നിര്‍ബ്ബന്ധിച്ചുവാങ്ങിയത് കര്‍ഷകരെ ദുരിതത്തിലാക്കി.
നേരത്തെ നാണ്യവിളകളുടെയും കാട്ടുമരങ്ങളുടെയും സംഭരണത്തിലും വ്യാപാരത്തിലും സജീവമായിരുന്ന ധാരാളം മാപ്പിളമാരും അവരോടൊപ്പം വിവിധ പാണ്ടികശാലകളിലും തുറമുഖങ്ങളിലും വിവിധതൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്ന ആയിരക്കണക്കിന് തൊഴിലാളികളും ഇടത്തട്ടുകാരും തൊഴില്‍ രഹിതരായി. മാഹി ഒഴികെയുള്ള തുറമുഖങ്ങളെല്ലാം ഫലത്തില്‍ അടച്ചുപൂട്ടേണ്ടി വന്നു. നേരത്തെ വ്യാപാരത്തിലും കയറ്റുമതിയിലും മുന്‍കൈയുണ്ടായിരുന്ന ഒരു വിഭാഗം മാപ്പിളമാര്‍ വ്യാപാരത്തില്‍ നിന്നും പുറംതള്ളപ്പെട്ടു. ഇവരുടെ ആശ്രിതരും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്ന വലിയൊരു വിഭാഗവും തൊഴില്‍ നഷ്ടപ്പെട്ട് ദാരിദ്ര്യത്തിലായി.
കൂട്ടമതപരിവര്‍ത്തനം നടത്തിയ ടിപ്പു സുല്‍ത്താന്‍ മലബാറിലെ മാപ്പിളമാര്‍ക്ക് തൊഴിലും വരുമാനവും നഷ്ടപ്പെടുത്തുന്ന നയങ്ങളും പരിപാടികളും നടപ്പാക്കിയതിന്റെ ഉദ്ദേശ്യം ദുരൂഹമാണ്. അവരുടെ പരമ്പരാഗത തൊഴിലും വരുമാനവും നഷ്ടപ്പെടുത്തി അവരുടെ ഇടയില്‍ അസ്വസ്ഥതയും ആക്രമണവാസനയും വളര്‍ത്താനും പില്‍ക്കാലത്ത് പല കലാപങ്ങള്‍ക്കുമുള്ള വിത്തു വിതക്കാനുമാണോ ടിപ്പു ശ്രമിച്ചത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ടിപ്പുവിന്റെ കുത്തക വ്യാപാരനയം മറ്റ് പ്രദേശങ്ങളിലെ വ്യാപാരത്തെയും വലിയ തോതില്‍ സ്വാധീനിച്ചതായി കാണാം. തിരുവിതാംകൂറിനു പുറമെ കൊച്ചിയിലും നാണ്യവിളകളുടെ വ്യാപാരം സര്‍ക്കാരിന്റെ കുത്തകയായി മാറി. അതോടൊപ്പം കൊച്ചിയും ആലപ്പുഴയും പ്രധാന കയറ്റുമതി കേന്ദ്രങ്ങളായി മാറിയതോടെ കോഴിക്കോട് തുറമുഖത്തിന്റെയും നഗരത്തിന്റെയും പതനം ഏതാണ്ട് പൂര്‍ത്തിയായി. ടിപ്പുവിന്റെ ഭരണം അവസാനിപ്പിച്ച് ഈസ്റ്റ് ഇന്ത്യാകമ്പനി മലബാറില്‍ അധികാരമുറപ്പിച്ചതോടെ, മലബാറിലെ നാണ്യവിളകള്‍ക്കായി യൂറോപ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള മത്സരം പൂര്‍ണ്ണമായി അവസാനിക്കുകയും ചെയ്തു. നേരത്തെ പ്രമുഖ കയറ്റുമതിക്കാരായിരുന്ന ഡച്ചുകാരും ഫ്രഞ്ചുകാരും ബ്രിട്ടീഷുകാര്‍ കുത്തക ഏറ്റെടുത്തതോടെ പൂര്‍ണ്ണമായും പിന്തള്ളപ്പെട്ടു.
കപ്പല്‍ നിര്‍മ്മാണം നിലച്ചു
അറേബ്യന്‍ മേഖലയുമായി ശക്തമായ വ്യപാരബന്ധം വളര്‍ന്നത് മലബാറില്‍ കപ്പല്‍ (വഞ്ചി) നിര്‍മ്മാണ മേഖലയുടെ വളര്‍ച്ചക്കും വികാസത്തിനും ഏറെ സഹായകമായിരുന്നു. പൊന്നാനിയും ബേപ്പൂരുമാണ് പ്രധാന കപ്പല്‍ നിര്‍മ്മാണകേന്ദ്രങ്ങളായിരുന്നത്. ഇവിടെ നിര്‍മ്മിച്ച പ്രമുഖരുടെ കപ്പലുകള്‍ (വഞ്ചികള്‍) നേരത്തെ സൂറത്ത്, ഗോവ, മദിരാശി, ബംഗാള്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് നിരന്തരം ചരക്കുകടത്ത് നടത്തിയിരുന്നു. ടിപ്പുവിന്റെ സൈന്യത്തലവന്മാര്‍ വ്യാപാരത്തിന്റെ കുത്തക കയ്യടക്കിയതോടെ നൂറ്റാണ്ടുകളായി തിളങ്ങിനിന്ന മലബാറിലെ കപ്പല്‍ നിര്‍മ്മാണം നിലച്ചുപോയി. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാകമ്പനി അധികാരം പിടിച്ചെടുത്ത ശേഷം വ്യാപാരമാരംഭിച്ചപ്പോള്‍ ആദ്യഘട്ടത്തില്‍ പൊന്നാനിയില്‍ നിര്‍മ്മിച്ചത് രണ്ട് വഞ്ചികള്‍ മാത്രമാണെന്ന് ബുക്കാനന്‍ രേഖപ്പെടുത്തുന്നുണ്ട്. ബ്രിട്ടീഷ് കമ്പനി ഉപയോഗിച്ച മറ്റ് കപ്പലുകളെല്ലാം മസ്‌ക്കറ്റ്, കച്ച്, സൂറത്ത്, ബോംബെ, ഗോവ, മംഗലാപുരം എന്നിവയായിരുന്നുവെന്നാണ് ബുക്കാനന്‍ വ്യക്തമാക്കിയിട്ടുള്ളത്5. ഈ കപ്പലുകള്‍ ഉപയോഗിച്ചാണ് കമ്പനി കയറ്റുമതി നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വിധത്തില്‍ കപ്പല്‍ നിര്‍മ്മാണ മേഖല തകര്‍ന്നതും മലബാറിന്റെ സാമ്പത്തിക തകര്‍ച്ചക്കും തൊഴിലില്ലായ്മക്കും ദാരിദ്ര്യത്തിനും കൂടുതല്‍ ശക്തിപകര്‍ന്നു. കപ്പല്‍ നിര്‍മ്മാണത്തിനാവശ്യമായ മരങ്ങളും അനുബന്ധവസ്തുക്കളും ശേഖരിക്കുക, അവ ദൂരസ്ഥലങ്ങളില്‍ നിന്നും എത്തിക്കുക, വഞ്ചിനിര്‍മ്മാണത്തിന്റെ വിവിധ മേഖലകളില്‍ പണിയെടുക്കുക തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴിലും വരുമാനവും നഷ്ടമായത് മലബാറിനെ കൂടുതല്‍ ദാരിദ്ര്യത്തിലേക്കും തൊഴിലില്ലായ്മയിലേക്കും തള്ളിവിട്ടു.
മലബാറിലെ തുറമുഖങ്ങള്‍ നിര്‍ജ്ജീവമായി
പോര്‍ച്ചുഗീസുകാരുടെ വരവിന് മുമ്പ് 15-ാം നൂറ്റാണ്ടില്‍ മലബാര്‍ വളരെ സമ്പന്നവും സമൃദ്ധവും സുരക്ഷിതവും സമാധാനം നിലനില്‍ക്കുന്ന പ്രദേശവുമായിരുന്നുവെന്ന് അക്കാലത്തെ സഞ്ചാരികളുടെ സഞ്ചാരക്കുറിപ്പുകളില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഉദാഹരണത്തിന് 1443ല്‍ ഷാരുക്കിന്റെ അംബാസഡറായിരുന്ന അബ്ദുള്‍ റസാക്ക് കോഴിക്കോട്ടിനെ വളരെ സമ്പന്നവും ഐശ്വര്യവും സുരക്ഷിതവുമായ തുറമുഖമാണെന്നാണ് വിലയിരുത്തിയിട്ടുള്ളത്. എല്ലാ രാജ്യങ്ങളില്‍ നിന്നും തുറമുഖത്തെത്തുന്നവര്‍ക്ക് സ്വതന്ത്രമായും സുരക്ഷിതമായും വ്യാപാരം നടത്താനുള്ള വ്യവസ്ഥയും സാഹചര്യവും ഉണ്ടായിരുന്നതായി റസാക്ക് ചൂണ്ടിക്കാണിക്കുന്നുണ്ട്. അതുപോലെ 1503-1518 കാലത്ത് മലബാര്‍ സന്ദര്‍ശിച്ച നിക്കോളാകോണ്ടിയും ലുഡോവികോ-ഡി-വര്‍ത്തിമ കോഴിക്കോട് നഗരത്തിന്റെ ഐശ്വര്യവും സുരക്ഷിതത്വവും എടുത്തുപറയുന്നുണ്ട്.6 അബ്ദുള്‍ റസാക്ക് ചരക്കുകള്‍ക്ക് കാവല്‍ പോലും ആവശ്യമില്ലാത്തവിധം സുരക്ഷിതമായിരുന്നു കോഴിക്കോടെന്ന് എടുത്തു പറയുന്നുണ്ട്.
എന്നാല്‍ അറബികളും പോര്‍ച്ചുഗീസുകാരും 1498 ന് ശേഷം ആരംഭിച്ച സംഘര്‍ഷങ്ങളും യുദ്ധങ്ങളും പിന്നീട് നടന്ന ടിപ്പു സുല്‍ത്താന്റെ ആക്രമണങ്ങളും കോഴിക്കോട് തുറമുഖത്തെ നിര്‍ജ്ജീവമാക്കി. ഈ പ്രമുഖ തുറമുഖത്തിന്റെ സല്‍പ്പേരും സമ്പന്നതയും സുരക്ഷയും സമാധാനവുമെല്ലാം പൂര്‍ണ്ണമായി നശിപ്പിച്ചതോടൊപ്പം മലഞ്ചരക്കു കയറ്റുമതി മാഹിയിലേക്ക് മാറ്റുക കൂടി ചെയ്തതോടെ കോഴിക്കോടിന്റെ തകര്‍ച്ച ഏറെക്കുറെ പൂര്‍ണ്ണമായി. ഇത് തുറമുഖത്തെ ആശ്രയിച്ചു ജീവസന്ധാരണം നടത്തിയിരുന്ന ഒരു വലിയ ജനവിഭാഗത്തെ തൊഴില്‍ രഹിതരും ദരിദ്രരുമാക്കിമാറ്റി.
സാമൂഹ്യ അരാജകത്വം
ടിപ്പുവിന്റെ അധിനിവേശം സാമ്പത്തികമായി മലബാറിനെ തകര്‍ത്തതോടൊപ്പം മലബാറില്‍ കാലാകാലങ്ങളായി നിലനിന്നിരുന്ന പ്രാദേശിക ഭരണവ്യവസ്ഥയും സാമൂഹ്യവ്യവസ്ഥയും തകര്‍ക്കുകയും ചെയ്തു. 8-ാം നൂറ്റാണ്ടുമുതല്‍ മലബാറില്‍ പെരുമാളിനെ അരിയിട്ടു വാഴ്ത്തിയിരുന്നത് 12 വര്‍ഷത്തേയ്ക്കാണ്. അതിനായി തിരുനാവായയില്‍ 28 ദിവസം പ്രത്യേക ചടങ്ങുകളോടെയും ആഘോഷത്തോടെയും മാമാങ്കം നടത്തി വന്നിരുന്നു. എന്നാല്‍ 13-ാം നൂറ്റാണ്ടോടെ മലബാറിന്റെ ഭരണം സാമൂതിരി കൈയടക്കി. അതിന്റെ ഭാഗമായി മലബാറില്‍ തറ, ദേശം, നാട് എന്നിങ്ങനെയുള്ള വ്യവസ്ഥകളാണ് നിലനിന്നിരുന്നത്. ഇവയെല്ലാം പ്രാദേശിക കൂട്ടങ്ങള്‍ (കൂട്ടായ്മകള്‍ അഥവാ ഗിള്‍ഡുകള്‍) എന്ന രീതിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. തറ എന്നു പറയുന്നത് 100 നായര്‍ കാരണവന്മാരുടെ (പടയാളികള്‍) കൂട്ടമായിരുന്നു. നാട്ടുരാജ്യങ്ങള്‍ക്ക് 600 നായര്‍ പടയാളികളുടെ കൂട്ടായ്മയായ നാട്ടുകൂട്ടമായിരുന്നു. അതോടൊപ്പം 6000 നായര്‍ പടയാളികളുള്ള സൈന്യവുമുണ്ടായിരുന്നു.
ഈ നാട്ടുകൂട്ടങ്ങള്‍ക്ക് ഭരണപരമായ ചില ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കേണ്ട ബാദ്ധ്യത ഉണ്ടായിരുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ലിംഗ്വിസ്റ്റി (പരിഭാഷകന്‍) ന്റെതായി 1746 മെയ് 28ന് തലശ്ശേരി ഫാക്ടറിയുടെ ഡയറിയില്‍ രേഖപ്പെടുത്തിയത് ഈ നാട്ടുകൂട്ടങ്ങള്‍ ഏതാണ്ടൊരു പാര്‍ലമെന്റിന്റെ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്നവയായിരുന്നുവെന്നും രാജാവിന്റെ ശാസനകളെല്ലാം അനുസരിയ്ക്കാന്‍ ബാദ്ധ്യതയില്ലാത്തവയാണെന്നും അതേസമയം രാജാക്കന്മാരുടെ മന്ത്രിമാര്‍ (മുഖ്യന്മാര്‍) തെറ്റായ തീരുമാനമെടുത്താല്‍ അവരെ ശാസിക്കാന്‍ വരെ അധികാരമുള്ളവയായിരുന്നു എന്നാണ്.
“These nairs, being heads of the Calicut people, Resemble the parliament, and do not obey the kings dictates in all things, but chastise his ministers when they do unwarranted acts”7
മലബാറിന്റെ ആഭ്യന്തരസുരക്ഷ ഇക്കാലത്ത് നായന്മാരുടെ (നായര്‍ പടയാളികള്‍) കൈകളിലായിരുന്നുവെന്ന് വില്യം ലോഗനും വിശദമാക്കിയിട്ടുണ്ട്.
ഈ നാട്ടുകൂട്ടങ്ങള്‍ സമൂഹത്തില്‍ തെറ്റ് ചെയ്യുന്നവരെ നിയന്ത്രിക്കുകയും ശാസിക്കുകയും ചെയ്തിരുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം തര്‍ക്കപരിഹാരങ്ങളും നിര്‍വ്വഹിച്ചിരുന്നു. ഒരര്‍ത്ഥത്തില്‍ ജനകീയ ന്യായവ്യവസ്ഥയായും നാട്ടുകൂട്ടങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇത്തരത്തിലുള്ള നാട്ടുകൂട്ടങ്ങള്‍ അക്കാലത്ത് തിരുവിതാംകൂറിലും കൊച്ചിയിലും നിലനിന്നിരുന്നു.
ഇതിനുപുറമെ, നാട്ടുകൂട്ടങ്ങള്‍ റവന്യൂ വിഭാഗത്തിന്റെ മേല്‍നോട്ടവും വഹിച്ചിരുന്നു. പാട്ടം വഴി ജന്മിമാര്‍ക്കു കിട്ടുന്ന പങ്കില്‍ ഒരംശം രാജാവിന് അവകാശപ്പെട്ടത് മുടക്കം കൂടാതെ ഉറപ്പാക്കുന്ന ചുമതല കൂടി ഇവര്‍ക്കുണ്ടായിരുന്നു. മലബാറിലെ നാട്ടുകൂട്ട വ്യവസ്ഥ ഏതുവിധത്തില്‍ രാജാക്കന്മാരുടെ സ്വേച്ഛാധിപത്യത്തില്‍ നിന്നും അടിച്ചമര്‍ത്തലില്‍ നിന്നും മലബാറിലെ സാധാരണക്കാരെ രക്ഷിച്ചുവെന്നും അത് മലബാറിനെ സമ്പന്നമാക്കുന്നതിന് എങ്ങിനെ സഹായിച്ചുവെന്നും ലോഗന്‍ വിശദീകരിക്കുന്നത് ഇങ്ങിനെയാണ്.
“From earliest times, therefore lover to the end of 18th century, the Nair “tara” and “nad” organisation kept the century from oppression and tyranny on the part of the rulers, and to this fact more than to any other is due the comparative prosperity which Malayali country so long enjoyed and which made Calicut at one time the great empire of trade between the East and the West.” 8
എന്നാല്‍ ഹൈദരാലിയുടെയും ടിപ്പുവിന്റെയും അധിനിവേശത്തോടെ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഈ സാമൂഹ്യ-ഭരണ വ്യവസ്ഥ നാമാവശേഷമായി. പകരം നാട്ടുരാജാക്കന്മാര്‍ക്ക് അമിതാധികാരം നല്‍കി അവരെ നികുതിപിരിക്കാനും ജനങ്ങളെ ചൂഷണം ചെയ്യാനും അടിച്ചമര്‍ത്താനുമുള്ള ഉപകരണമാക്കി മാറ്റുകയായിരുന്നു. ഇക്കാര്യം മെര്‍ഡോക്ക് ബ്രൊണ്‍ ഡോക്ടര്‍ ഫ്രാന്‍സിസ് ബുക്കാനന് കൊടുത്ത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത് ഇങ്ങിനെയാണ്.
“By this new order of things, these latter (the Rajas) were vested with despotic authority over the other inliabitants, instead of the ….raj limited prerogatives that they had enjoyed by the feudal system, under which they would neither exat revence from the lauds of their vassals nor exercise any direct authority in their districts…. The Raja was no longer what he had been, the head of a feudal aristocracy in the limited authority, but all powerful deputy of a despotic prince whose military force was always at his command to curb or cliastise any of the cluiffews who were inclined to dispute or disobey his mandates.”9 ഇതെല്ലാം സാധാരണ ജനങ്ങള്‍ക്ക് വലിയ ദുരന്തമായാണ് പരിണമിച്ചത്.
ഭാവിലഹളകള്‍ക്കുള്ള വിത്ത് പാകി
ടിപ്പുവിന്റെ അധിനിവേശം മലബാറിന്റെ സാമൂഹ്യവ്യവസ്ഥയില്‍ ദൂരവ്യാപകമായ പ്രതിസന്ധികള്‍ക്ക് തുടക്കമിട്ടു. പോര്‍ച്ചുഗീസുകാര്‍ക്ക് വളരെ മുന്‍പേ അറബികള്‍ കച്ചവടത്തിനായി എത്തി പെരുമാളിന്റെയും സാമൂതിരിയുടെയും അനുഗ്രഹാശിസ്സുകളോടെ പള്ളി പണിയുകയും ചെറിയതോതില്‍ മതം മാറ്റം നടത്തുകയും ചെയ്തിരുന്നുവെങ്കിലും വലിയ ആക്രാമികസ്വഭാവം കാണിക്കാതെ ഹിന്ദുക്കളോടും ക്രിസ്ത്യാനികളോടും ഇടപഴകിയിരുന്നു. പോര്‍ച്ചുഗീസുകാരുടെ വരവ് അവരില്‍ കുറച്ച് കൂടി ആക്രാമികസ്വഭാവം ഉണ്ടാക്കി. 16-ാം നൂറ്റാണ്ടിലെ മുസ്ലിം പണ്ഡിതനായിരുന്ന സൈനുദ്ദീന്‍ തന്റെ തൗഫത്-അല്‍-മുജാഹിദിന്‍ എന്ന അറബി ഗ്രന്ഥത്തില്‍ ഇതിനെ വിലയിരുത്തുന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
“Not with standing that the rulers and their troops are all pagan, they (News times) paid much regard to their prejudices and customes and avoided any act of aggression on the Mohammadans except on extra ordinary provocations this amicable policy being more remarkable from the circumstances of the Mohammedans not being a tenth part of the population”10
അതായത് ഭരണാധികാരികളും സൈന്യവുമെല്ലാം ഹിന്ദുക്കളും കാഫിറുകളുമായിരുന്നിട്ടും അവരുടെ മതാചാരങ്ങളും ചിട്ടകളുമെല്ലാം സമ്മതിച്ചുകൊടുത്തത് മുസ്ലിങ്ങള്‍ പത്തിലൊന്നില്‍ താഴെ മാത്രമായ സാഹചര്യത്തിലാണ് എന്നാണ് സൈനുദ്ദീന്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
തുടര്‍ന്ന് ഹൈദരാലിയുടേയും ടിപ്പുവിന്റെയും പടയോട്ടക്കാലത്തു നടന്ന ഹിന്ദുകൂട്ടക്കൊലകളും വ്യാപകമായ മതം മാറ്റവും ജനസംഖ്യാനുപാതം മാറ്റിമറിച്ചത് പുതിയ വെല്ലുവിളിയായി. അതോടൊപ്പം ടിപ്പുവിന്റെ അധിനിവേശത്തില്‍ വ്യാപാരത്തില്‍ നിന്നു കപ്പല്‍ നിര്‍മ്മാണത്തില്‍ നിന്നും പുറത്തായതിന്റെ ഫലമായ തൊഴിലില്ലായ്മയും ദാരിദ്ര്യവും ഈര്‍ഷ്യയും പില്‍ക്കാലത്തുള്ള പല ചെറുതും വലുതുമായ ലഹളകള്‍ക്ക് കാരണമായി. ടിപ്പുവിന്റെ തലതിരിഞ്ഞ ഇത്തരം നയങ്ങളാണ് പിന്നീട് നടന്ന പല ലഹളകള്‍ക്കും ബീജാവാപമായത്. അതിന്റെ തുടര്‍ച്ചയായുള്ള പ്രശ്‌നങ്ങള്‍ ഇപ്പോള്‍ പൂര്‍വ്വാധികം ശക്തമായി നാം അഭിമുഖീകരിക്കുകയാണ്. ചുരുക്കത്തില്‍ ടിപ്പുവിന്റെ അധിനിവേശം മലബാറിന് സംഭാവന ചെയ്തത് സാമ്പത്തിക പിന്നാക്കാവസ്ഥയും സാമൂഹ്യമായ അസ്വസ്ഥതകളും മതവൈരവുമാണ്.
1. Quoted by Vikram Sampath, “Why we like to hate Tipu Sultan” ISL February 2016 in likemint.com.
2. Quoted by K.M. Panikkar, A History of Kerala: 1498-1801, The Annamalai University, Annamalai 1960 page 415.
3. K.M. Panikkar p-415.
4. K.M. Panikkar p-417.
6.Dr. K.M. Panikkar p.20
7. Dr. K.M. Panikkar p.417
8. William Logan (1887) Malabar Manual, Government Press Madras. p-132
9 F. Buchanam, Mysore, Canara and Malabar Vol II pp189-90,