”പെണ്ണമ്മോ.. എന്നാ ഞാമ്പോയേച്ച് വരാം”… നനഞ്ഞ് പായല്‍ പിടിച്ച മുറ്റത്ത് കാലന്‍ കുട ഊന്നി സഭാപതി പടി ഇറങ്ങി. അയാള്‍ക്കറിയാം മുണ്ടിന്റെ കോന്തലകൊണ്ട് കണ്ണും മൂക്കും തുടച്ച് ഇറവാലത്തെ മഴച്ചാറ്റല്‍പോലെ തന്റെ പെങ്ങള്‍ തൂണുചാരിനില്‍ക്കുന്നുണ്ടാവുമെന്ന.് പണ്ട് വൃശ്ചിക മാസത്തില്‍ അപ്പന്‍ ശബരിമലയ്ക്ക് പോകാന്‍ കെട്ടുനിറച്ച് വീടിന്റെ പടി ഇറങ്ങുമ്പോള്‍ അമ്മയും ഇങ്ങനെ ആയിരുന്നെന്ന് അയാള്‍ ഓര്‍ത്തു. പെണ്ണമ്മയുടെ യഥാര്‍ത്ഥ പേര് പൊന്നമ്മ എന്നായിരുന്നു. അമ്മ വാത്സല്യംകൊണ്ട് പെണ്ണേന്ന് വിളിച്ചു തുടങ്ങിയതാണ്. പിന്നെ അതെങ്ങനെയൊക്കെയോ പെണ്ണമ്മയെന്നായി മാറി.
പത്തുവയസ്സിന്റെ മൂപ്പുണ്ടെങ്കിലും മൂത്ത പെങ്ങളെ അയാള്‍ പെണ്ണമ്മയെന്നല്ലാതെ ചേച്ചിയെന്ന് വിളിച്ചിട്ടില്ല. അവര്‍ അയാള്‍ക്ക് ചേച്ചിക്കും മേലെ ആയിരുന്നു. അമ്മയുടെ കരുതലും സ്‌നേഹവും പെറ്റമ്മയില്‍ നിന്നും കിട്ടിയതിനേക്കാള്‍ അയാള്‍ക്ക് കിട്ടിയത് പെങ്ങളില്‍ നിന്നായിരുന്നു. അതുകൊണ്ട് പെണ്ണമ്മോ എന്ന വിളിയില്‍ അയാള്‍ ആ സ്‌നേഹം നിറച്ചു വച്ചിരുന്നു. പാറമടയിലെ തമര്പണിക്കാരനായ നഞ്ചപ്പനും ഗോമതിക്കും ഒരു ഉണ്ണിക്കാല് കാണാന്‍ യോഗമില്ലെന്ന് കരുതി ഇരിക്കുമ്പോ ഉണ്ടായ പൊന്‍മകളായിരുന്നു പെണ്ണമ്മ… കല്യാണം കഴിഞ്ഞ് പത്തു വര്‍ഷം കാത്തിരുന്ന് കിട്ടിയ മകള്‍. പിന്നെയും പത്തു വര്‍ഷം കഴിഞ്ഞപ്പോള്‍ ഗോമതി ഇരട്ടപെറ്റു… സുന്ദരിയെന്നും സഭാപതിയെന്നും കൊളന്തകള്‍ക്ക് പേരിട്ടത് നഞ്ചപ്പനായിരുന്നു. ജീവിതത്തിലെ സുഖവും ദുഃഖവും എന്ന പോലെയോ രാത്രിയും പകലും എന്ന പോലെയൊ പറയാവുന്ന രണ്ട് ജന്മങ്ങള്‍. മങ്ങിയ വെളുപ്പുനിറമുള്ള പെണ്‍കുഞ്ഞ് അമ്മ പ്രകൃതിയാണെന്ന് എല്ലാവരും പറഞ്ഞു. പാറമടയിലെ കരിമരുന്ന് പണിക്കാരനായ നഞ്ചപ്പനെ വാര്‍ത്തുവച്ചതുപോലുണ്ടായിരുന്നു മകന്‍. കരിമരുന്നിന്റെ കറുപ്പ് അവന്റെ ജീവിതം മുഴുവന്‍ നീണ്ടു കിടക്കുമെന്ന് ആരു കണ്ടു…
വളവുതിരിഞ്ഞ് കുന്നിറങ്ങി വരുന്ന ജീപ്പിന്റെ ഹോണടി ദൂരെക്കേട്ടതേ സഭാപതി നടപ്പിന്റെ വേഗം കൂട്ടി. പെട്ടിമുടിയില്‍ നിന്ന് അരമണിക്കൂര്‍ ജീപ്പില്‍ യാത്ര ചെയ്താലെ മൂന്നാറില്‍ എത്തി ബസ് പിടിക്കാന്‍ പറ്റു. ഒരുവര്‍ഷം മുന്നെ ഉരുളുപൊട്ടി ചോരച്ച മുറിപ്പാടിലൂടെ അപ്പോഴും ചലം പോലെ കലക്ക വെള്ളം ഒഴുകുന്നുണ്ടായിരുന്നു. ദൂരെ തേയിലത്തോട്ടത്തിലേക്കുള്ള വഴിയില്‍ ഇടിഞ്ഞു വീണ കല്ലുംമണ്ണും നീക്കിത്തളര്‍ന്ന് തുമ്പിക്കൈമടക്കി വച്ച് ഒരു ജെ.സി.ബി. ഉറങ്ങിക്കിടക്കുന്നത് ഒരു ദുശ്ശകുനം പോലെ അയാള്‍ കണ്ടു. കൂരിരുട്ടിന്റെ ചെളികുഴഞ്ഞ രാത്രിയില്‍ ഉരുളുപൊട്ടി മലവെള്ളം പാഞ്ഞുവന്നപ്പോള്‍ പെങ്ങളും അയാളും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. അടുത്തുണ്ടായിരുന്ന ലയങ്ങളൊക്കെ മലവെള്ളം കൊണ്ടുപോയി. പെണ്ണമ്മയുടെ ഭര്‍ത്താവ് മുനിയാണ്ടിക്ക് തേയിലത്തോട്ടത്തിലായിരുന്നു ജോലി. തേയിലക്കൊളുന്തുമായിപോയ ട്രാക്ടര്‍ മറിഞ്ഞ് മുനിയാണ്ടി മരിച്ചതിനുശേഷമാണ് ആങ്ങളയെ കോതമംഗലത്തുനിന്നും പെണ്ണമ്മ വിളിച്ചുവരുത്തിയത്. മക്കളില്ലാതിരുന്ന പെണ്ണമ്മയ്ക്ക് സഭാപതി ഒരു തുണയായി ലയത്തില്‍ താമസമാക്കി. മലമുടിയിലെ ഈ നരകപടത്തിലേക്ക് സഭാപതി വന്നു പെട്ടതങ്ങനെയാണ്. മുനിയപ്പന്‍ പണിയെടുത്ത തേയില ഫാക്ടറിയില്‍ വിറക് കീറുന്ന പണി ആങ്ങളയ്ക്ക് വാങ്ങിക്കൊടുക്കാന്‍ പെണ്ണമ്മ കുറെയേറെ കഷ്ടപ്പെട്ടു. പുഴ കടത്തിവിട്ട ഒരു വളര്‍ത്തു പട്ടി യജമാനന്റെ വീട്ടിലേക്ക് മടങ്ങിയെത്താന്‍ വെമ്പുന്നതു പോലെയായിരുന്നു അയാളുടെ മനസ്സ്. കോതമംഗലത്തിനടുത്ത് താന്‍ ജനിച്ചു വളര്‍ന്ന കുഗ്രാമത്തിലേക്ക് മടങ്ങി പോകാന്‍ അയാളുടെ മനസ്സ് ഉഴറുന്നത് മറ്റാരെക്കാളും പെണ്ണമ്മയ്ക്ക് മനസ്സിലാകുമായിരുന്നു.
കുപ്പിച്ചില്ല് തുളഞ്ഞു കയറും പോലെ ചിതറിവീഴുന്ന നൂല്‍ മഴയുടെ തണുപ്പില്‍ നിന്ന് കാലന്‍ കുടമടക്കി ജീപ്പിന്റെ പിന്നിലെ പടുതയ്ക്കുള്ളിലേക്ക് നൂണ്ടു കയറുമ്പോള്‍ അയാള്‍ എങ്ങോട്ടു പോകുന്നു എന്ന് വണ്ടിയിലുള്ള എല്ലാവര്‍ക്കുമറിയാമെങ്കിലും ആരോ ലോഹ്യം ചോദിച്ചു.
”അല്ല.. എങ്ങട്ടാ ഇത്ര പെലകാലെ”
”കോതമംഗലത്തോളം..” പിന്നെ ആരും ഒന്നും പറഞ്ഞില്ല. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ കോതമംഗലം വരെ പോയില്ലെങ്കില്‍ അയാള്‍ പ്രാന്ത് പിടിച്ചവനെപ്പോലെ ആകും… കഴിഞ്ഞ പത്തു വര്‍ഷമായുള്ള ശീലമാണത്. തേയില ഫാക്ടറിയിലെ കൊളുന്തുണക്കാനുള്ള വിറക് കീറുന്ന പണിയാണ് മൂന്നാറിലെ തേയില തോട്ടത്തില്‍ വന്ന കാലം മുതല്‍ അയാള്‍ ചെയ്യുന്നത്. തേയില കറപുരണ്ട കാക്കിഷര്‍ട്ടും കാക്കിനിക്കറുമിട്ട് ഫാക്ടറിയുടെ പിന്നിലെ വെളിപറമ്പില്‍ വിറകുകീറിത്തള്ളുമ്പോള്‍ അയാളെ കണ്ടാല്‍ ഒരു യന്ത്രമനുഷ്യനാണെന്നു തോന്നിപ്പോകും. തലയില്‍ നര കയറിത്തുടങ്ങിയെങ്കിലും ചുമലിലും കൈകാലുകളിലുമുള്ള പേശികള്‍ യൗവനത്തില്‍ തന്നെ കടിച്ചു തൂങ്ങാന്‍ പാടുപെടുന്നതുപോലെ തോന്നും. വീട്ടിലെത്തിയാലും അധികസമയവും അയാള്‍ ഫാക്ടറിയിലെ വേഷത്തില്‍ തന്നെയാവും നടക്കുക. വര്‍ഷത്തില്‍ രണ്ടു തവണ പെണ്ണമ്മ പെട്ടിയില്‍ അലക്കി മടക്കി വച്ചിരിക്കുന്ന അയഞ്ഞ കള്ളിഷര്‍ട്ടും വെളുത്ത ഒറ്റമുണ്ടും എടുത്തു നല്‍കും. കാഞ്ഞിരം കാവിലെ വെളിച്ചപ്പാട് പട്ടും അരമണിയും ചിലമ്പും അണിയുമ്പോലാണപ്പോള്‍ അയാളുടെ ഭാവഹാവാദികള്‍… പെങ്ങള്‍ എടുത്തുകൊടുക്കുന്ന വേഷഭൂഷകള്‍ ധരിച്ചാല്‍ സഭാപതി കോതമംഗലത്തിനുള്ള പുറപ്പാടാണെന്ന് പെട്ടിമുടിയിലെ തമിഴ്‌തൊഴിലാളികള്‍ക്കു മാത്രമല്ല തേയിലച്ചെടികള്‍ക്കു പോലുമറിയാം.
ജീപ്പ് മൂന്നാര്‍ ബസ്സ്റ്റാന്റിനു മുന്നില്‍ കിതച്ചു നിന്നപ്പോള്‍ യാത്രക്കാര്‍ പണം കൊടുത്ത് പലവഴിക്ക് പിരിഞ്ഞുതുടങ്ങി. ചിലരൊക്കെ അയാളോടൊപ്പം തേയില ഫാക്ടറിയില്‍ പണിയെടുക്കുന്നവര്‍ തന്നെയാണ്. ജമന്തിപ്പുവിന്റെയും മല്ലിപ്പൂവിന്റെയും വിയര്‍പ്പില്‍ കുഴഞ്ഞ മണമുള്ള തമിഴത്തികള്‍ കലപിലകൂട്ടി അയാളുടെ മുന്നിലൂടെ തിരക്കിട്ട് പോകുമ്പോള്‍ അയാള്‍ കോതമംഗലത്തേക്കുള്ള ചുവപ്പും മഞ്ഞയും വാരിത്തേച്ച എന്‍ എം. എസ്. ബസ് തിരയുകയായിരുന്നു. പെണ്ണമ്മ പെലകാലെ അനത്തിക്കൊടുത്ത കട്ടന്‍ ചായ കുടല്‍ വഴി ചുറ്റിത്തിരിയുന്നത് അപ്പോള്‍ അയാള്‍ക്ക് അറിയാന്‍ പറ്റുന്നുണ്ടായിരുന്നു. എന്തെങ്കിലും കഴിച്ചാല്‍ ബസ് യാത്രയില്‍ ശര്‍ദ്ദിക്കുന്ന ശീലമുള്ളതുകൊണ്ട് നേര്യമംഗലം കഴിയാതെ ആഹാരമില്ല. തന്റെ വളകാലന്‍ കുട ബസിന്റെ ജനല്‍ കമ്പിയില്‍ തൂക്കി ഒതുങ്ങി ഇരിക്കുമ്പോള്‍ ബസ്സില്‍ വലിയതിരക്കൊന്നുമുണ്ടായിരുന്നില്ല. യാത്രയിലെ കാഴ്ചകള്‍ക്കൊന്നും ഒട്ടും പുതുമ തോന്നാത്തതുകൊണ്ട് നേര്യമംഗലം വരെ ഉറങ്ങാറാണ് പതിവ്.
”നീങ്കെ എങ്കെ പോരിങ്കെ..”?
പിന്നിലെ സീറ്റില്‍ നിന്നും തോണ്ടി വിളിച്ച് താന്‍ എവിടെപോകുന്നു എന്നു ചോദിച്ച വൃദ്ധനെ അയാള്‍ക്ക് മനസ്സിലായി. മൂന്നാര്‍ പട്ടണത്തില്‍ ഭാഗ്യക്കുറിയുമായി നടക്കുന്ന ആ തമിഴ് വൃദ്ധന്റെ പക്കല്‍ നിന്നും രണ്ടു മൂന്നുവട്ടമെങ്കിലും അയാള്‍ ലോട്ടറി എടുത്തിട്ടുണ്ട്. ഭാഗ്യക്കുറി അടിച്ചാലെങ്കിലും നഷ്ടപ്പെട്ടതെന്തൊക്കെയോ തിരിച്ചു പിടിക്കാന്‍ കഴിഞ്ഞെങ്കിലോ എന്ന ചിന്തയായിരുന്നു അയാള്‍ക്ക്.
”നാട്ടില്‍ വരെ ഒന്നു പോകുവാ..”
‘ഊരില്‍ ആരെല്ലാം ഇരുക്കാങ്കേ…”? മുറുക്കാന്‍ ചവച്ച് തേഞ്ഞു പോയ കുറ്റി പല്ലുകള്‍ക്കിടയിലൂടെ വൃദ്ധന്റെ ഒരു വെളുത്ത സ്‌നേഹാന്വേഷണം പുറത്തു ചാടി. ഒരു നിമിഷം അയാള്‍ ചിന്തിച്ചു… നാട്ടില്‍ ആരൊക്കെയാണ് തനിക്കുള്ളത്..
”അമ്മയും അപ്പനും കുഞ്ഞുപെങ്ങളും എല്ലാരും അവിടെയാണുള്ളത്…”
ഉത്തരം വൃദ്ധനെ തൃപ്തിപ്പെടുത്തിയെന്നു തോന്നുന്നു… അയാള്‍ പിന്നൊന്നും ചോദിച്ചില്ല..
നേര്‍ത്തമഴയുടെ ചില്ലു മറകള്‍ക്കിടയിലൂടെ ബസ് കോതമംഗലത്തേയ്ക്ക് ഒഴുകി നീങ്ങിക്കൊണ്ടിരുന്നു. ഒരു മയക്കത്തിന്റെ തുറസ്സിലേക്ക് അയാളുടെ ബാല്യം അപ്പോള്‍ കളിക്കാനിറങ്ങുകയായിരുന്നു.
ഭഗവതിപ്പാടത്തെ ചതുപ്പില്‍ പോത്തുകളെ മേച്ചു നടന്ന പറയപ്പിള്ളേര്‍ക്കൊപ്പം ഒരു കറുത്തകുട്ടി പുള്ളിപ്പരലുകളെ പകലന്തിയോളം നായാടി നടന്നത് ഉടപ്പിറന്നോളായ സുന്ദരിയുടെ ഒരു നിറചിരി കാണാനായിരുന്നു. കോത്തല കുപ്പിയില്‍ വെളിച്ച കീറുപോലുള്ള പരല്‍ മീനുകളുമായി വീടണയുമ്പോള്‍ അമ്മ അവള്‍ക്ക് മുത്തങ്ങ ഇട്ട് തിളപ്പിച്ച ആട്ടിന്‍പാല്‍ ഊതി ആറ്റി നല്‍കുകയായിരുന്നു..
”അമ്മേ… ദേ… ചെക്കന്‍ വന്നു…” അവള്‍ സന്തോഷംകൊണ്ടു.
”മൂവന്തി ആകും വരെ എവടെപ്പോയി കൊടക്കുവാരുന്നെടാ കുരിപ്പേ… പകലു മുഴുവന്‍ തെണ്ടിനടന്നേച്ച് അന്തിയാകുമ്പോ കേറിവന്നോളും…”
അമ്മ അങ്ങനെയാ. കണ്ണിക്കണ്ടതിനും തൊട്ടതിനും പിടിച്ചതിനും ഒക്കെ അവനെ ചീത്ത പറയും.
അമ്മ ഇരട്ട പെറ്റതാണെങ്കിലും സുന്ദരിയുടെ അത്രയും നെറമില്ലാത്തതില്‍ പലപ്പോഴും അവന്‍ സങ്കടപ്പെട്ടു. അപ്പന്‍ പാറമടേലെ പണി കഴിഞ്ഞ് വെടിമരുന്നിന്റെയും പനങ്കള്ളിന്റെയും മണവുമായി കയറി വരുന്നത് ഏതു പാതിരാത്രിയിലാണെങ്കിലും സുന്ദരിക്കുള്ള പലഹാരം മറക്കാറില്ലായിരുന്നു.
‘എടീ പെണ്ണമ്മോ… ഈ ചെക്കനെ ആ കിണറ്റുകരേ കൊണ്ടു പോയി തേച്ചൊരച്ച് കുളിപ്പിച്ചേ..”
അമ്മ സുന്ദരിയെ നാല്‍പ്പാമരമിട്ട് തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ കുളിപ്പിച്ച് തോര്‍ത്തി കണ്ണെഴുതുമ്പോള്‍ മൂത്ത പെങ്ങള്‍ ചെക്കനെ കിണറ്റിന്‍കരയിലെ കല്ലില്‍ പിറന്നകോലത്തില്‍ നിര്‍ത്തി ചകിരിചെത്തി ഉരച്ച് കുളിപ്പിക്കുകയായിരിക്കും.
”എന്റെ സുന്നരിയേ… ഞാന്‍ പോയേച്ച് വരുമ്പോ മോക്കെന്നാ വേണം..” അപ്പന്‍ കാച്ചിയെടുത്ത തമര്‍ കമ്പിയുമായി പാറപ്പണിക്ക് ഇറങ്ങുമ്പോള്‍ എന്നും കുഞ്ഞുപെങ്ങളെ കൊഞ്ചിക്കുന്നത് ചെക്കന്‍ കൊതിയോടെ നോക്കി നില്‍ക്കും. ഒരിക്കല്‍ പോലും തന്നോട് എന്താ കൊണ്ടുവരേണ്ടതെന്ന് അപ്പന്‍ ചോദിക്കാത്തതിന്റെ കാര്യം അവന് ദുരൂഹമായിരുന്നു. എന്തായാലും സുന്ദരിക്ക് കൊണ്ടു വരുന്നതിന്റെ ഒരുപങ്ക് അവനും മുത്തോള് പെണ്ണമ്മയ്ക്കും കിട്ടിയിരുന്നു. സുന്ദരിയുടെ സന്തോഷമായിരുന്നു ആ വീട്ടിലെ എല്ലാവരുടെയും സന്തോഷം. വളര്‍ത്തു പൂച്ച പോലും എപ്പോഴും അവളെ ചുറ്റിപ്പറ്റിയായിരുന്നു നടന്നിരുന്നത്. സുന്ദരിക്ക് കിട്ടുന്ന പലഹാരത്തിന്റെ പൊട്ടുംപൊടിയും ഒക്കെ കിട്ടിയിരുന്നതിനാലാവാം അത്.
”അമ്മേ സുന്നരി ചര്‍ദ്ദിക്കുന്നു…” ഗോമതി പശുവിന് കാടി കൊടുത്തുകൊണ്ടിരുന്നപ്പോഴാണ് പെണ്ണമ്മയുടെ നിലവിളിപോലുള്ള ഒച്ച കേട്ടത്.
”എന്റെ കാഞ്ഞിരംകാവിലമ്മേ … കൊച്ചിനെ നന്നായി പനിക്കുന്നുണ്ടല്ലോ. ഗോമതി കുഞ്ഞിന്റെ നെറ്റിയില്‍ കൈവച്ചു കൊണ്ട് വിലപിച്ചു. നഞ്ചപ്പന്‍ പാറപ്പണികഴിഞ്ഞ് വന്നപ്പോഴേയ്ക്കും സുന്ദരി വെട്ടിയിട്ട ചേമ്പിന്‍തണ്ടു പോലെ വാടിത്തളര്‍ന്നിരുന്ന കുഞ്ഞിനെയും വാരി എടുത്ത് അയാള്‍ ആശുപത്രിയിലേക്ക് ഓടുകയായിരുന്നു. ആശുപത്രി കിടയ്ക്കക്കരികില്‍ മൂന്നുദിവസം നഞ്ചപ്പനും ഗോമതിയും ഊണും ഉറക്കവുമൊഴിച്ച് കാത്തിരുന്നെങ്കിലും നാലാം നാള്‍ സുന്ദരി കണ്ണടച്ചു. മഞ്ഞപ്പിത്തമായിരുന്നു പോലും. തിരിച്ചറിയാന്‍ വൈകിപ്പോയി.
വീടിന്റെ തെക്കെ മുറ്റത്തോട് ചേര്‍ന്ന മണ്‍കൂനയ്ക്കുചുറ്റും സുന്ദരിയുടെ പൂച്ചക്കുട്ടി ഒരാഴ്ച കരഞ്ഞുനടന്നു. പിന്നെ അതെങ്ങോട്ടോ പോയി.
സുന്ദരിയുടെ മരണം അപ്പനെ വല്ലാതെ തകര്‍ത്തുകളഞ്ഞെന്ന് ഗോമതിയ്ക്കും മൂത്തമകള്‍ പെണ്ണമ്മയ്ക്കും മനസ്സിലായി. കൂടെപ്പിറപ്പ് പോയതിന്റെ വെഷമം ചെക്കന്‍ സഭാപതിയുടെ എടുപ്പിലും നടപ്പിലുമെല്ലാം നിഴലിച്ചുനിന്നു. അവന്‍ പാടത്തും പറമ്പിലും പാതയോരങ്ങളിലും എന്തോ തേടിയലഞ്ഞു.
കുഞ്ഞിന്റെ മരണത്തോടെ നഞ്ചപ്പന്‍ മോന്തുന്ന പനങ്കള്ളിന്റെ അളവു കൂട്ടി ദുഃഖം മറക്കാന്‍ ശ്രമിച്ചു. ഒടുക്കം കുടിച്ച് ലക്കുകെട്ട് തമരിന് തീ കൊടുത്തിയിട്ട് ഓടി മാറാന്‍ മറന്നു… പൊട്ടിത്തെറിച്ച കരിമ്പാറകള്‍ക്കിടയില്‍ നിന്നും വാരിക്കൂട്ടിയ മാംസാവശിഷ്ടങ്ങള്‍ കോടിത്തുണിയില്‍ ഉറങ്ങിക്കിടന്നു… പിന്നെ സുന്ദരിയുടെ സമീപത്ത് അടയാളക്കല്ലുകള്‍ക്കു കീഴില്‍ അയാള്‍ ചരിത്രമായി…
അപ്പന്റെ മരണം കുടുംബത്തെ അനാഥമാക്കിയപ്പോള്‍ കരയില്‍ വീണ പുള്ളിപ്പരലുകളെപ്പോലെ അതിജീവനത്തിന്റെ പിടച്ചിലില്‍ നഞ്ചപ്പന്റെ മക്കള്‍ വളര്‍ന്നു പൊന്തി. കോതമംഗലത്തെ പാടശേഖരങ്ങളില്‍ ചേറില്‍വരമ്പ് പിടിച്ചും വാഴയ്ക് തടമെടുത്തും കപ്പയ്ക്ക് ഇടകിളച്ചും ചായക്കടകളില്‍ വിറകു കീറിയും സഭാപതി കുടുംബഭാരം ഏറ്റെടുത്തു. ഇരുപത്തഞ്ച് സെന്റിലെ കൊച്ചു പുരയിടത്തില്‍ ചേമ്പും ചേനയും കാച്ചിലും നട്ടുനനച്ചും ആടും കോഴിയും വളര്‍ത്തിയും അവന്റെ അമ്മ വൃദ്ധയാകുന്നതും പെണ്ണമ്മയ്ക്ക് കെട്ടുപ്രായം കടന്നു പോകുന്നതും അവന്റെ മനസ്സില്‍ കനലായി നീറിക്കിടന്നു. എങ്കിലും ഗ്രാമത്തിലെ പണിയിടങ്ങളില്‍ കരിവീട്ടിനിറമാര്‍ന്ന നഞ്ചപ്പന്റെ ഓര്‍മ്മകളായി സഭാപതി വളര്‍ന്നു രൂപാന്തരപ്പെട്ടു.
”അവളെ ആര്‍ക്കെങ്കിലും കൈപിടിച്ചേല്‍പ്പിച്ചേച്ച് എനിക്ക് കണ്ണടയ്ക്കാന്‍ പറ്റുവോടാ..”
ഊണിലും ഉറക്കത്തിലും അമ്മയുടെ വാക്കുകള്‍ അയാളെ വേട്ടയാടിക്കൊണ്ടിരുന്നു. പെണ്ണമ്മയെ കാണാന്‍ ചെക്കന്‍മാര്‍ വരാത്തതല്ല. അവര്‍ ചോദിക്കുന്ന പണവും പണ്ടവും കൊടുക്കാനില്ലാത്തതുകൊണ്ട് ഒരു ബന്ധവും ഉറച്ചില്ല. തമരടിക്കാരന്‍ നഞ്ചപ്പന്‍ മകളെ കെട്ടിച്ചയക്കാന്‍ കരുതി വച്ചിട്ടായിരുന്നില്ല പാറമടയില്‍ പൊട്ടിത്തെറിച്ച് മരിച്ചത്. ഒടുക്കം പെണ്ണമ്മയ്ക്ക് മുപ്പത്തഞ്ച് തികഞ്ഞപ്പോഴാണ് നാല്‍പ്പത് വയസുകാരന്‍ മുനിയാണ്ടിയുടെ ആലോചന വരുന്നത്. മുനിയാണ്ടിക്ക് താന്‍ വിറക് കീറുന്ന ചായക്കടയിലെ ചായപ്പിട്ടിന്റെ നെറമാണെങ്കിലും മൂന്നാറിലെ ഏതോ തേയില തോട്ടത്തില്‍ സ്ഥിരജോലി ഉണ്ടെന്നത് മെച്ചമായിതോന്നി. അങ്ങിനെയാണ് കിടപ്പാടം വിറ്റെങ്കിലും പെങ്ങടെ കല്യാണം നടത്താന്‍ അവന്‍ തീരുമാനിച്ചത്. അപ്പനും കുഞ്ഞു പെങ്ങളുമുറങ്ങുന്ന, താന്‍ ജനിച്ചുവളര്‍ന്ന മണ്ണുവില്‍ക്കാന്‍ അയാള്‍ക്ക് തീരെ താത്പര്യമുണ്ടായിരുന്നില്ല. അപ്പന്റെയും കുഞ്ഞു പെങ്ങളുടെയും ചുടലകളില്‍ ഒരു കാന്താരി നട്ടുപോലും അവരുടെ ഉറക്കത്തിന് ആ വീട്ടിലാരും ഭംഗമുണ്ടാക്കിയിരുന്നില്ല. പക്ഷെ കെട്ടുപ്രായം കഴിഞ്ഞു പോയ പെങ്ങള്‍ക്കു വേണ്ടി വീടും പറമ്പും വില്‍ക്കുകയല്ലാതെ സഭാപതിക്ക് മറ്റ് മാര്‍ഗ്ഗങ്ങളില്ലായിരുന്നു. മുനിയാണ്ടിക്കൊപ്പം പെണ്ണമ്മ വിരുന്നു വന്ന് മൂന്നാറിനു മടങ്ങിയതിന്റെ പിറ്റെ ആഴ്ച അയാള്‍ വീടും പറമ്പിനും അഡ്വാന്‍സ് നല്‍കിയ കോണ്‍ട്രാക്ടര്‍ കുരുവിളയ്ക്ക് ആധാരമാക്കി. തട്ടാന്‍ തങ്കപ്പന്റെ ചായപ്പീടികയുടെ പിന്നിലുള്ള ഒറ്റമുറി ചായ്പ്പിലേക്ക് അമ്മയേയും കൈപിടിച്ച് കൂടുമാറുമ്പോള്‍ കണ്ണുകള്‍ തുളുമ്പിതൂകാതിരിക്കാന്‍ അയാള്‍ വെറുതെ തോര്‍ത്തുകൊണ്ട് മുഖം തുടച്ചുകൊണ്ടിരുന്നു. കോണ്‍ട്രാക്ടര്‍ കുരുവിള വില്ലകളും ഫ്‌ളാറ്റുകളും കെട്ടിവില്‍ക്കുന്ന വമ്പന്‍ കച്ചവടക്കാരനാണ്. അയാള്‍ സ്ഥലമെടുത്തെങ്കിലും പിന്നീടൊന്നും ചെയ്തില്ല. കുറച്ചു കാലം വീട് ബംഗാളി തൊഴിലാളികള്‍ക്ക് വാടകയ്ക്ക് കൊടുത്തെങ്കിലും പിന്നീടാരും താമസിക്കാതെ ഓടുകള്‍ പൊട്ടിയും കഴുക്കോലുകള്‍ ചിതല്‍ തിന്നും നഞ്ചപ്പന്റെ സ്വപ്നകുടീരം ജീര്‍ണ്ണിച്ചു തൂര്‍ന്നു. തങ്കപ്പന്റെ ചായപ്പീടികയില്‍ വിറകു കീറിത്തളരുന്ന സായാഹ്നങ്ങളില്‍ സഭാപതി വിറ്റുപോയ തന്റെ വീടിന്റെ തിണ്ണയില്‍ പോയിരിക്കും. അപ്പനും അമ്മയും പെണ്ണമ്മയും സുന്ദരിയും പിന്നെ ആടും പശുവും കോഴിയും സ്‌നേഹിച്ചു ജീവിച്ചതിന്റെ ഓര്‍മ്മ സ്ഥലികളെ അയാള്‍ നോക്കിയിരിക്കും. തൊഴുത്തില്‍ അയവെട്ടി മയങ്ങുന്ന പശുക്കളും നടുതലയില്‍ ചിക്കിചികയുന്ന കോഴികളും എല്ലാം അപ്പോള്‍ അയാളുടെ കണ്‍വെട്ടത്ത് അണിനിരക്കും. അപ്പനും സുന്ദരിയും ഉറങ്ങുന്നിടം ഇപ്പോള്‍ കാടുകയറി തിരിച്ചറിയാന്‍ വയ്യാണ്ടായിരിക്കുന്നു. എങ്കിലും അപ്പന്റെ തലയ്ക്കലെ കായ്ച്ചു നില്‍ക്കുന്ന ചുടലത്തെങ്ങ് എപ്പോഴും വിളക്കുകാലുപോലെ അടയാളം കാട്ടിനിന്നു. ഇരുള്‍ പരന്നു തുടങ്ങുമ്പോള്‍ സഭാപതി വാടക മുറിയുടെ ചതുരത്തിലേക്ക് അരിയും സാമാനങ്ങളുമായി മടങ്ങും. വാടക മുറിയുടെ ഇത്തിരിവട്ടത്തില്‍ അവന്റെ അമ്മ ഒരു വര്‍ഷത്തോളം പ്രാഞ്ചി നടന്നു. ഒടുക്കം ബോധാ ബോധങ്ങളുടെ നേര്‍ത്തവെട്ടത്തില്‍ പശുവിന് പുല്ലരിയാന്‍ ഇറങ്ങി. കോഴിക്കൂട് അടച്ചില്ലെന്നും ആടിനെ കറന്നില്ലെന്നും പരിതപിച്ചു. ഭൂതകാലത്തിന്റെ ഓര്‍മ്മകളില്‍ സുന്ദരിയുടെ മുടി കോതിക്കെട്ടിക്കൊടുത്തു കൊണ്ടിരുന്ന തുലാ മഴ രാത്രിയില്‍ ഗോമതി എന്ന കഥയ്ക്ക് അറുതിയായി. പുഴയുടെ തീരത്തെ പഞ്ചായത്ത് ശ്മശാനത്തില്‍ ഗോമതി എരിഞ്ഞു തീരുമ്പോള്‍ ഇരുള്‍ പരന്നുകഴിഞ്ഞിരുന്നു. പുഴയുടെ തീരത്തെ പമ്പു ഹൗസിന്റെ തിണ്ണയില്‍ കിടന്നുകൊണ്ട് അമ്മ പുകഞ്ഞു കത്തി അടങ്ങുന്നത് സഭാപതി കണ്ടു. പിന്നീട് തട്ടാന്‍ തങ്കപ്പന്റെ ചായക്കട ചായ്പ്പിലെ അന്തി ഉറക്കം അയാള്‍ പമ്പുഹൗസിന്റെ കൊച്ചു തിണ്ണയിലേക്ക് മാറ്റി. പണിയില്ലാത്ത ദിവസങ്ങളില്‍ വിറ്റുപോയ വീടിന്റെ പൊളിഞ്ഞ തിണ്ണയില്‍ മാനം നോക്കികിടന്നു. ഓര്‍മ്മകളുടെ ഗന്ധം കുടിച്ച് മയങ്ങിയ അയാളെ ആത്മാവുകളുടെ നേര്‍ത്ത നിശ്വാസം പോലെ കാറ്റുകള്‍ വന്നു തഴുകി.
”കോതമംഗലം വന്താച്ച്…നിങ്ക എറങ്കലയാ..?
ബസില്‍ പിന്നിലിരുന്ന ലോട്ടറിക്കാരന്‍ വൃദ്ധന്‍ തട്ടി വിളിച്ചപ്പോഴാണ് സഭാപതി ഞെട്ടി ഉണര്‍ന്നത്. ബസ് നേര്യമംഗലം കഴിഞ്ഞതൊന്നും മയങ്ങിപ്പോയതുകൊണ്ട് അറിഞ്ഞില്ല. കമ്പിയില്‍ തൂക്കിയിരുന്ന കാലന്‍ കുടതപ്പിയെടുത്ത് പുറത്തിറങ്ങിയത് ചാറ്റല്‍ മഴയിലേക്കായിരുന്നു. പെയ്തു തീരാത്ത സങ്കടം പോലെ മാനം മൂടിക്കെട്ടി നിന്നിരുന്നു. കെട്ടിക്കിടന്ന ചെളിവെള്ളം കഴിഞ്ഞ പെരുമഴകളുടെ ഓര്‍മ്മകളായി ശേഷിച്ചു. തട്ടാന്‍ തങ്കപ്പന്റെ ചായക്കടയില്‍ ചെന്നു കയറുമ്പോള്‍ അയാള്‍ ആകെ നനഞ്ഞു കുളിച്ചിരുന്നു. തിണ്ണയില്‍ നനഞ്ഞുകുളിച്ചു കിടന്ന പട്ടി അയാളെ കണ്ടതും ദേഹം കുടഞ്ഞ് എങ്ങോട്ടോ ഓടിപ്പോയി… പറ്റുകാരും പതിവു കാരും പിരിഞ്ഞ കടയില്‍ തങ്കപ്പന്‍ പാതിമയക്കത്തിലായിരുന്നു. എങ്കിലും തന്റെ പഴയ ജോലിക്കാരന്റെ നനഞ്ഞ സാന്നിദ്ധ്യം അയാളെ ഉണര്‍ത്തി.
”സുഖമാണോ”? ചൂടുചായയും പുട്ടും മുന്നില്‍ വച്ചു കൊണ്ട് തങ്കപ്പന്‍ സ്‌നേഹം പുതുക്കി.
കഴിഞ്ഞ പത്തു വര്‍ഷമായി തുടരുന്ന പതിവ് ഉപചാരങ്ങളില്‍ അയാള്‍ സഭാപതിയില്‍ നിന്ന് മറുപടി ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും കഴിഞ്ഞ വര്‍ഷം കണ്ടതിലും അയാള്‍ ക്ഷീണിച്ചു പോയതായി തങ്കപ്പന് തോന്നി. മുടി കൊഴിഞ്ഞ് തരിശായ നെറ്റിയുടെ പിന്നില്‍ നരയുടെ ആധിപത്യം തെളിഞ്ഞു തുടങ്ങിയിരിക്കുന്നു.
‘മൂന്നാറ്റില്‍ തേയില ഫാക്ടറിലേ പണിയൊക്കെ ഇപ്പഴും ഒണ്ടൊ”..?
പുട്ടുതിന്ന് കൈ കഴുകുന്നതിനിടയില്‍ സഭാപതി തലയാട്ടി.
മഴ നിലച്ചിരുന്നു… അയാള്‍ കുടകുടഞ്ഞ് വിടര്‍ത്തി മുറ്റത്തേക്കിറങ്ങി… താന്‍ നടന്നു തീര്‍ത്ത ഗ്രാമവഴികളിലൂടെ നടന്ന് പഴയ പരിചയക്കാരെയൊക്കെ കണ്ടും ചിലരോട് മിണ്ടിയും ചിരിച്ചും വിറ്റുപോയവീട്ടിലും പറമ്പിലും കുറച്ച് സമയം ചിലവഴിച്ചും അവിടെ ഉറങ്ങുന്ന ആത്മാവുകളോട് മിണ്ടിയും പറഞ്ഞും ഒന്നോ രണ്ടോ ദിവസം ചിലവഴിച്ച് മൂന്നാറിന് മടങ്ങുന്നതാണ് അയാളുടെ പതിവ്. ചിലപ്പോള്‍ തങ്കപ്പന്റെ ചായക്കടയിലാവും അന്തിയുറങ്ങുന്നത്. ചിലപ്പോള്‍ പഴയ ഓര്‍മ്മകളില്‍ പുഴയോട് ചേര്‍ന്നുള്ള പമ്പു ഹൗസിന്റെ ഇളം തിണ്ണയിലും അന്തിയുറങ്ങാം.
”കോണ്‍ട്രാക്ടര്‍ കുരുവിളയ്ക്ക് വിറ്റ വീട് കഴിഞ്ഞ മാസം പൊളിച്ചു കളഞ്ഞു കെട്ടോ… അവിടെ എന്തോ വല്യ കെട്ടിടം വരാന്‍ പോകുവാന്നാ കേട്ടേ…” തങ്കപ്പന്റെ വാക്കുകള്‍ മറ്റേതോ ലോകത്തില്‍ നിന്നും വരുന്നതുപോലെ സഭാപതിയ്ക്കു തോന്നി. തന്റെ വരവിന്റെ അര്‍ത്ഥം തന്നെ നഷ്ടപ്പെട്ടതുപോലെ അയാള്‍ ഒരു നിമിഷം നിന്നു… പിന്നെ കീ കൊടുത്ത ഒരു പാവ
കണക്കെ ചലിച്ചു തുടങ്ങി. കാഞ്ഞിരം കാവിലമ്മയുടെ കളിത്തട്ടില്‍ കുറെ ഏറെനേരം കിടന്നു. കുട്ടിക്കാലത്ത് കളിച്ച് തളര്‍ന്നുവന്നു കിടക്കാറുള്ളുതു പോലെ. പിന്നെ കുളക്കടവില്‍ കുറച്ചുസമയം നിന്നു. നടവഴികളിലൂടെ ലക്ഷ്യമില്ലാതെ കുറെ ദൂരം അലഞ്ഞു. പതിവിനു വിപരീതമായി വഴിയില്‍ കണ്ടവരെ ആരെയും അയാള്‍ തിരിച്ചറിഞ്ഞില്ല. പരിചയം പുതുക്കിയവര്‍ പറഞ്ഞതൊന്നും അയാള്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല.
വെയില്‍ചാഞ്ഞുതുടങ്ങിയപ്പോഴാണ് തന്റെ വീടിനുമുന്നില്‍ അയാള്‍ എത്തിയത്. ചുറ്റുമതിലും ഇരുമ്പുഗേറ്റുംകൊണ്ട് എല്ലാം മറച്ചിരിക്കുന്നു. അകത്ത് എന്തൊക്കെയോ യന്ത്രങ്ങളുടെ അലര്‍ച്ചയും പണിക്കാരുടെ ശബ്ദവും കേള്‍ക്കുന്നുണ്ടായിരുന്നു. തെല്ല് ശങ്കിച്ചുനിന്നെങ്കിലും അയാള്‍ ഗേറ്റ് തുറന്ന് അകത്തേക്ക് കടന്നു വീടിരുന്നത് എവിടെ എന്നു പോലും തിരിച്ചറിയാന്‍ പറ്റാത്ത വിധം അവിടമാകെ മാറിപ്പോയിരുന്നു. പെട്ടി മുടിയില്‍ മലയുടെ മാറു പിളര്‍ന്നൊഴുകിയെത്തിയ കല്ലും ചെളിയും ഒരു നിമിഷം അയാള്‍ ഓര്‍ത്തു. അപ്പന്റെ തലയ്ക്കല്‍ നിന്ന ചുടലത്തെങ്ങ് ഇരുമ്പ് തുമ്പിക്കൈകൊണ്ട് ജെ.സി.ബി. പിഴുതെറിഞ്ഞ് കലി അടങ്ങാതെ ചിന്നംവിളിച്ച് നില്‍ക്കുന്നുണ്ടായിരുന്നു. അയാളുടെ കുഞ്ഞു പെങ്ങള്‍ ഉറങ്ങിക്കിടന്നതെവിടെയാണെന്നു പോലും തിരിച്ചറിയാന്‍ പറ്റാത്ത വിധം മണ്ണും മഴവെള്ളവും കൂടിക്കുഴഞ്ഞ് ചോരച്ച് കിടന്നിരുന്നു…
”ആരാ…. എന്തിനാ പണി സൈറ്റില്‍ ക്കേറീത്…” പാന്റും ഷര്‍ട്ടും തൊപ്പിയും വച്ച കൊമ്പന്‍ മീശക്കാരന്‍ പിടിച്ച് തള്ളുന്നതിനുമുമ്പ് സഭാപതി പുറത്തു കടന്നു.
”എന്താ അവിടെ പ്രശ്‌നം..” പണിസൈറ്റിലെ ഏതോ സൂപ്രവൈസര്‍ സെക്യൂരിറ്റിക്കാരനോട് കയര്‍ത്തു.
”ആരോ ഒരാള്‍…. വഴിപോക്കനാണെന്നു തോന്നുന്നു… കുഴപ്പമില്ല സാര്‍ പറഞ്ഞു വിട്ടു..”
പിന്നില്‍ ഇരുമ്പ് ഗേറ്റ് വലിച്ചടയ്ക്കുന്ന ശബ്ദം സഭാപതി കേട്ടില്ല. അയാള്‍ പുഴയുടെ തീരത്തെ പമ്പുഹൗസ് നോക്കി മെല്ലെ നടന്നു..
ഇരുളിന്റെ മേലാപ്പുകള്‍ തകര്‍ത്ത് മഴ അയാള്‍ക്ക് ചുറ്റിലും പ്രളയമായി പെയ്തിറങ്ങി.
ചുവന്നു കലങ്ങിയ പുഴ കരതൊട്ടൊഴുകുന്നത് കണ്ട് അയാള്‍ പമ്പുഹൗസിന്റെ തിണ്ണയില്‍ നിര്‍വികാരനായിരുന്നു. അമ്മ എരിഞ്ഞടങ്ങിയ പഞ്ചായത്ത് ശ്മാനത്തിലേക്ക് പുഴവെള്ളം കയറിയതിനുശേഷമാണ് അയാള്‍ ഉറങ്ങിത്തുടങ്ങിയത്. അലറിപ്പെയ്യുന്ന മഴയില്‍ അയാള്‍ സുന്ദരിയുടെ ചിരി കേട്ടു… പാറമടയില്‍ കരിമ്പാറകള്‍ പൊട്ടിച്ചിതറും പോലെ ഇടി മുഴങ്ങിയിരുന്നു… രാത്രിയിലെപ്പോഴോ പുഴ അയാളെ തണുത്തകൈ കൊണ്ട് കെട്ടിപ്പിടിച്ചു. സ്‌നേഹത്തിന്റെ ജലസ്പര്‍ശത്തില്‍ അയാള്‍ ഉറക്കത്തിന്റെ ആഴങ്ങള്‍ തേടി.