2021 ജൂണ്‍ മാസത്തിലെ തന്റെ സേവനത്തിന്റെ വിരാമഘട്ടത്തില്‍, ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ രഹസ്യമെന്ന് അദ്ദേഹം കരുതുന്ന അപ്രിയസത്യമൊന്ന് ലോകത്തോട് വെളിപ്പെടുത്തി. ‘കേരളത്തില്‍ മുസ്ലീം തീവ്രവാദത്തിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്’ എന്നുള്ളതായിരുന്നു ആ പരസ്യമായ രഹസ്യം. അതിനുമുമ്പ് അതേ തസ്തികയിലുണ്ടായിരുന്ന ഡി.ജി.പി ടി.പി.സെന്‍കുമാര്‍ ഇതേ സത്യം ലോകത്തോട് വിളിച്ചു പറഞ്ഞപ്പോള്‍ നാക്കിനെ കൂച്ചുവിലങ്ങിട്ട് നിശ്ചലമാക്കി മൗനം പൂണ്ടിരുന്ന ഡി.ജി പിയാണ് ലോക്‌നാഥ് ബഹ്‌റ എന്നോര്‍ക്കണം. അതെന്തായാലും, സര്‍വ്വീസില്‍നിന്ന് പുറത്തെത്തുമ്പോള്‍ എല്ലാവരും ചെയ്യാറുള്ളതുപോലെ ബഹ്‌റയും വിളിച്ചു പറഞ്ഞത് തീര്‍ച്ചയായും ചില അപ്രിയ സത്യങ്ങള്‍തന്നെയാണ്.
കുറെ കാലമായി നമ്മുടെ പത്രങ്ങളിലും നവമാധ്യമങ്ങളിലും കണ്ടുവരുന്ന വാര്‍ത്തകളും സംഭവങ്ങളും ആരുടെ മനസ്സിലും ഭീതി ജനിപ്പിക്കുന്നവയാണ്. ഭാരതത്തിലുടനീളം ഇന്ന് ഭീകരതയുടെ പേടിപ്പിക്കുന്ന വലകള്‍ പിന്നപ്പെട്ടു വെച്ചുകഴിഞ്ഞിരിക്കുന്നു. ഇസ്ലാമികതീവ്രാദികളും മാവോയിസ്റ്റുകളുമടങ്ങുന്ന ഒരു വലിയ ‘വിപ്ലവസമൂഹം’ പിന്നിവച്ച വലകളുടെ കഥകള്‍ ഞെട്ടലുണ്ടാക്കുന്നവയാണ്. അതിലൊന്നാണ് പത്രങ്ങളില്‍ ചൂടുള്ള വാര്‍ത്തയായി മുമ്പു പുറത്തുവന്ന, പോലീസ് സേനയിലെ തോക്കുമോഷണം.
പോലീസിന്റെ ആയുധശേഖരത്തില്‍നിന്ന് 25 റൈഫിളുകളും 12311 വെടിയുണ്ടകളും കാണാനില്ലെന്നതുള്‍പ്പെടെയുള്ള അതീവ ഗൗരവതരമായ വെളിപ്പെടുത്തലുകളുമായി കണ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി) റിപ്പോര്‍ട്ട് ആണ് പുറത്തുവന്നത്. ഇപ്പോള്‍ വായ്തുറന്ന്, കേരളത്തില്‍ തീവ്രവാദപ്രസ്ഥാനങ്ങളുടെ സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ‘രഹസ്യം’ പുറത്തുവിട്ട, അന്നത്തെ പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് അതിലെ പരാമര്‍ശങ്ങള്‍ പലതും. 2018 ഒക്‌ടോബര്‍ 16-ന് സി.എ.ജി നടത്തിയ പരിശോധനയിലെ കണ്ടെത്തലുകളാണ് ഈ റിപ്പോര്‍ട്ടിലൂടെ ജനസമക്ഷം മറപൊട്ടിച്ചെത്തിയത്. കേരളത്തില്‍ അന്ന് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായിയായതുകൊണ്ട് രാജ്യഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന അദ്ദേഹവും ശരവ്യനാകുന്നതാണ് രാജ്യം കണ്ടത്.
തോക്കുകള്‍ കാണാതെ പോയിട്ടില്ലെന്നും അത് ജില്ലാ സായുധസേനയ്ക്ക് കൈമാറുകയാണ് ചെയ്തതെന്നുമാണ് ബറ്റാലിയന്‍ കമന്റന്റ് ഈ ആരോപണത്തിന് മറുപടിയായി വിശദീകരണം നല്കിയത്. എന്നാല്‍ അതിന് പിന്‍ബലമേകുന്ന രേഖകളൊന്നും നല്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല എന്നുള്ളത് സംശയത്തിന്റെ നിഴല്‍ പരത്തുന്ന മറ്റുപല നിഗൂഢതകളുമാണ് നമ്മുടെ മുമ്പില്‍ തുറന്നിടുന്നത്.
ചുമതലയിലുള്ള ഉദ്യോഗസ്ഥന്മാര്‍ ആഴ്ചയിലൊരിക്കലെങ്കിലും ആയുധങ്ങളും വെടിക്കോപ്പുകളും പരിശോധിക്കുകയും എണ്ണം കൃത്യമാണെന്ന് ഉറപ്പുവരുത്തുകയും അത് ബറ്റാലിയന്‍ കമാന്റര്‍ മാസത്തിലൊരിക്കല്‍ പരിശോധിച്ച് രേഖകള്‍ ശരിയാണെന്ന് സാക്ഷ്യപ്പെടുത്തുകയും വേണമെന്ന് വ്യവസ്ഥയുണ്ടായിരിക്കെ, ഉത്തരവാദിത്വമുള്ള ആ ബറ്റാലിയന്‍ കമാന്റന്റിന്റെ ഈ ഉരുണ്ടുകളി തീര്‍ച്ചയായും പല സന്ദേഹങ്ങളും ഉണ്ടാക്കുന്നുണ്ട്. ആറുമാസത്തിലൊരിക്കല്‍ ഇതൊക്കെ പരിശോധിച്ച് തിട്ടപ്പെടുത്താന്‍ ബാധ്യതയുള്ള പോലീസ് സൂപ്രണ്ടുമാരും തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ മുടക്കമേതുമില്ലാതെ ചെയ്തിട്ടുണ്ടോ എന്ന വസ്തുതയും ഇരുട്ടില്‍ത്തന്നെയാണ് കിടക്കുന്നത്.
കാണാതായവയില്‍ 250 തിരകളുടെ കുറവ് കണ്ടുപിടിക്കപ്പെടാതിരിക്കാന്‍ ഡമ്മിവെടിയുണ്ടകള്‍ തല്‍സ്ഥാനത്ത് നിക്ഷേപിക്കപ്പെട്ടിട്ടുണ്ട് എന്ന സി.എ.ജിയുടെ കണ്ടെത്തല്‍ കാരണം പോലീസ് സേനയിലും തീവ്രവാദികളോ അവരുടെ ഒത്താശക്കാരോ നുഴഞ്ഞുകയറിയിട്ടുണ്ട് എന്ന് സാമന്യജനങ്ങളുടെ മനസ്സില്‍ സംശയമുദിച്ചിട്ടുണ്ടെങ്കില്‍ അതിനവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.
സെല്‍ഫ് ലോഡിങ്ങ് റൈഫിളുകള്‍ക്കായുള്ള 7.62 എം എം വെടിയുണ്ടകള്‍ നേരത്തെതന്നെ കുറവുണ്ടായിരുന്നുവെന്ന ഇത്രയും കാലം മറച്ചുവച്ച വസ്തുതയും ഇതിനോടൊപ്പം മറനീക്കി പുറത്തുവന്നു. തോക്കുകളും വെടിയുണ്ടകളും എങ്ങോട്ടാണ് പോയതെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ടെന്നാണ് 2019 ഏപ്രിലില്‍ എസ് എ പി കമാന്‍ഡന്റ് വിശദീകരണം നല്കിയത്. എന്നാല്‍ ആ അന്വേഷണങ്ങളെല്ലാം എവിടെയുമെത്താതെ വഴിമുടങ്ങി നില്ക്കുകയാണ് പിന്നീടുണ്ടായത്.
പോലീസ്‌സേനയുടെ സ്‌റ്റോക്ക് റജിസ്റ്ററില്‍ ഒട്ടേറെ വെട്ടിത്തിരുത്തലുകള്‍ അന്ന് സി.എ.ജി കണ്ടെത്തിയിരുന്നു. ഈ തിരുത്തലുകള്‍ നടത്തിയത് ആരാണെന്നോ എന്തിനാണെന്നോ ഉള്ള കാര്യങ്ങള്‍ അന്ധകാരത്തില്‍ സുഷുപ്തികൊള്ളുകയാണ് ഇപ്പൊഴും!
മാരകായുധങ്ങളുടെ കള്ളക്കടത്തുമായി ബന്ധമുള്ള ആര്‍ക്കെങ്കിലും പോലീസ്‌സേനയില്‍ സ്വാധീനമുണ്ടോ എന്ന ദിശയിലേക്കാണ് വെളിച്ചം പായിക്കേണ്ടിയിരുന്നത്. കാരണം അതുമായി ബന്ധപ്പെട്ട പല അറസ്റ്റുകളും രാജ്യത്തുടനീളം അഭംഗുരം അരങ്ങേറിക്കൊണ്ടിരിക്കുന്നുണ്ട്. അക്കാലത്ത് പാലക്കാട് സ്വദേശിയില്‍നിന്ന് ആറ് എയര്‍ഗണ്ണുകള്‍ പിടിച്ചെടുത്തത് ആരും മറന്നിട്ടുണ്ടാവില്ല. കളിയിക്കാവിളയിലെ വിന്‍സന്റ് എന്ന പോലീസുദ്യോഗസ്ഥനെ വെടിവെച്ചുകൊന്ന് ഓടിരക്ഷപ്പെട്ട രണ്ടു മുസ്ലീം തീവ്രവാദികളും തോക്കുപയോഗിക്കാന്‍ അഭ്യസിച്ചവരായിരുന്നു എന്നുള്ളത് മാരകായുധങ്ങളുടെ ലഭ്യതയും ഉപയോഗവും എത്രത്തോളം അപകടകരമായ തോതിലാണ് നാട്ടില്‍ വ്യാപിച്ചിരിക്കുന്നത് എന്ന വസ്തുതയിലേക്കാണ് വെളിച്ചം കാട്ടുന്നത്. പിസ്റ്റളുപയോഗിച്ചാണ് എസ്.ഐ. വിന്‍സന്റിനെ കൊലപ്പെടുത്തിയതെന്ന് ദൃക്‌സാക്ഷിയായ കളിയിക്കാവിള എസ്.ഐ, രഘു ബാലാജി മൊഴി നല്കിയിരുന്നു. സംഭവസ്ഥലത്തുനിന്നു ലഭിച്ച, 9 എം.എം.പിസ്റ്റളുകളില്‍ ഉപയോഗിക്കാവുന്ന, 7.2 എം.എം പരിമാണത്തിലുള്ള വെടിയുണ്ടകളും ഈ വസ്തുതയ്ക്കുതന്നെയാണ് മൂകമായി സാക്ഷി ചൊല്ലുന്നത്. സൈലന്‍സര്‍ പിടിപ്പിച്ച തോക്കുകളായിരുന്നു അവയെന്നും പോലീസ് സംശയിക്കുന്നുണ്ട്.
കേരളത്തില്‍, ലൈസന്‍സ് ഉള്ള തോക്കുകളുടെ നാലിരട്ടിയലധികം വ്യാജതോക്കുകള്‍ ഉപയോഗത്തിലുന്നുണ്ടെന്ന് പേപ്പര്‍ റിപ്പോര്‍ട്ടുകളുണ്ട്. തോക്കുനിര്‍മ്മാണത്തില്‍ പരിശീലനം ലഭിച്ച സംഘങ്ങള്‍ അതീവ പ്രഹരശേഷിയുള്ള തോക്കുകളും നിര്‍മ്മിക്കുന്നുണ്ടത്രെ. 600 മീറ്റര്‍ ദൂരത്തിലുള്ള ലക്ഷ്യത്തിലേക്ക് കൃത്യമായി വെടിയുതിര്‍ക്കാന്‍ കഴിയുന്ന ഇരട്ടക്കുഴല്‍ത്തോക്കുകളും ഇവര്‍ നിര്‍മ്മിച്ചു നല്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. തീവ്രവാദസെല്ലുകളില്‍ ഇത്തരത്തിലുള്ള തോക്കുകളുപയോഗിച്ചാണ് പരിശീലനം നല്കുന്നതെന്നും പ്രസ്തുത റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട് (ജന്മഭൂമി 14-01-2020. പേജ് 11). കണ്ണൂരില്‍ എന്‍ ഐ എ നടത്തിയ റെയ്ഡില്‍ വ്യാജമായി നിര്‍മ്മിച്ച വെടിയുണ്ടകളും കണ്ടെടുത്തിരുന്നുവല്ലൊ.
പ്രഹരശേഷി കൂടിയ ആയിരം സെ. മീ. ഓട്ടോമാറ്റിക്ക് പിസ്റ്റളുകള്‍ 2017 ജൂണില്‍ കേരളത്തിലേക്ക് കടത്തപ്പെട്ടിട്ടുണ്ടെന്ന് മിലിറ്ററി ഇന്റലിജന്‍സ് കേരളത്തെ അറിയിച്ചിരുന്നു. മഹാരാഷ്ട്ര പോലീസ് നല്കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്റലിജന്‍സ് ഈ വിവരം നല്കിയത്. തോക്കുകള്‍ എത്തിയിരിക്കുന്നത് കൊച്ചിയിലാണ് എന്നതില്‍ക്കവിഞ്ഞ് ആരുടെ പക്കലാണ് അവ പോയിച്ചേര്‍ന്നിരിക്കുന്നത് എന്നുള്ള കൃത്യമായ വിവരങ്ങളൊന്നും അറിയാന്‍ കേരള പോലീസ്‌സേനയിലെ ആരും മെനക്കെട്ടില്ലെന്നുള്ളതാണ് വാസ്തവം. അവയില്‍പ്പെട്ട തോക്കുകളായിരിക്കാം കളിയിക്കാവിളയില്‍, എസ്.ഐ വിന്‍സന്റിനെ വധിക്കാന്‍ ഉപയോഗിച്ചിരിക്കുക എന്ന നിഗമനത്തിലാണ് പോലീസ് എത്തിച്ചേര്‍ന്നന്നത്. പിന്നീട് തമിഴ്‌നാട് ക്യൂബ്രാഞ്ചിന്റെ പിടിയിലായ ഇജ്ജാസ് ബാഷ, സദകത്തുല്ല ഖാന്‍ എന്നിവരെ ചോദ്യം ചെയ്തപ്പോള്‍ തോക്കു വാങ്ങിയത് മുംബെയില്‍ നിന്നാണെന്നാണ് അവര്‍ വെളിപ്പെടുത്തിയത്. ഇജ്ജാസ് ബാഷ മുംബൈയില്‍നിന്നു വാങ്ങിയ അഞ്ചു തോക്കുകളില്‍ മൂന്നെണ്ണമാണ്, തമിഴ്‌നാട്ടിലെ ഹിന്ദുമുന്നണി നേതാവ് സുരേഷ്‌കുമാറിനെ വധിച്ച കേസിലെ പ്രതികളായ, ബംഗളൂരുവില്‍ വച്ച് അറസ്റ്റുചെയ്യപ്പെട്ട മുഹമ്മദ് ഹനീഫ് ഖാന്‍, ഇമ്രാന്‍ ഖാന്‍, മുഹമ്മദ് സെയ്ദ് എന്നീ മൂന്നു പേര്‍ക്ക് കൈമാറിയത്. അതിലൊരു തോക്കുപയോഗിച്ചാണത്രെ അബ്ദുള്‍ ഷമീമും തൗഫീക്കും ചേര്‍ന്ന് എസ്.ഐ വിന്‍സന്റിനെ വെടിവെച്ചിട്ടത്. ബാക്കി രണ്ടു തോക്കുകള്‍ എവിടെപ്പോയെന്ന് ഇജ്ജാസ് ബാഷ വെളിപ്പെടുത്തിയിട്ടില്ല എന്നുള്ളതും എന്തൊക്കെയോ നിഗൂഢരഹസ്യങ്ങള്‍തന്നെയാണ് വിളിച്ചുപറയുന്നത്.
ആയുധ ഇടപാടുകാരനായ, ബീഹാര്‍ സ്വദേശി ദീപക് കുമാര്‍ സാഹ മഹാരാഷ്ട്ര പോലീസിന്റെ പിടിയിലായപ്പോള്‍ നടത്തിയ വെളിപ്പടുത്തലിലൂടെയാണ് ലോകം ഈ വസ്തുതകള്‍ എല്ലാമറിയുന്നത്. പിന്നീട് മധ്യപ്രദേശിലെ സാന്‍ധ്വയിലെ ആയുധനിര്‍മ്മാണശാലയില്‍നിന്ന് തുര്‍ക്കി നിര്‍മ്മിതമായ ബ്ലാങ്ക്ഗണ്ണുകള്‍ അടക്കം നിരവധി തോക്കുകള്‍ അധികൃതര്‍ പിടിച്ചെടുത്തു. ബുള്ളറ്റുകളുപയോഗിക്കാതെ തിരകള്‍ പൊട്ടിക്കാവുന്ന കളിത്തോക്കുകളാണ് ബ്ലാങ്ക് ഗണ്ണുകളെങ്കിലും ഇവയുടെ പ്രഹരശേഷി വര്‍ദ്ധിപ്പിച്ച് ക്രിമിനല്‍ സംഘത്തിനും ദേശവിരുദ്ധശക്തികള്‍ക്കും വിനാശവേലകള്‍ക്ക് അവ ഉപയോഗിക്കാന്‍ കഴിയും. ഇത്തരത്തില്‍ പ്രഹരശേഷിമാറ്റം വരുത്തിയ തോക്കുകള്‍ ദേശവിരുദ്ധര്‍ക്ക് നല്കിയതിന്റെ രേഖകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് സാന്‍ധ്വയിലെ ആയുധനിര്‍മ്മാണക്കമ്പനിയെ പോലീസ് വട്ടമിട്ടത്.
സാഹയുടെ കൂട്ടാളികളായ എം. മനോവര്‍, മുഹമ്മദ് ഷാഹിദ് എന്നിവര്‍ ഈ കളിപ്പാട്ടക്കമ്പനിയുടെ ഏജന്റുകളാണെന്ന വ്യാജേന കൊച്ചിയില്‍ വന്നിരുന്നതും അന്വേഷണസംഘത്തിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. തുടര്‍ന്ന് 2017-ല്‍ അവര്‍ ദല്‍ഹിയില്‍വെച്ച് അറസ്റ്റിലായി. തുടര്‍ച്ചയായ ചോദ്യം ചെയ്യലുകള്‍ക്കിടയില്‍ ഇവര്‍ എറണാകുളം ബ്രോഡ്‌വേയിലുള്ള ഒരു ലോഡ്ജില്‍ രണ്ടാഴ്ച തങ്ങിയിരുന്നുവെന്നും തോക്കുകള്‍ അപ്പോഴാണ് കൊച്ചിയിലെത്തിച്ചതെന്നും പോലീസ് മനസ്സിലാക്കി. പിന്നീട് ദല്‍ഹിയില്‍ 17 തോക്കുകളുമായി രണ്ടുപേര്‍കൂടി പിടിയിലായി. ആ തോക്കുകള്‍ നിര്‍മ്മിച്ചതും മധ്യപ്രദേശിലെ കളിപ്പാട്ടനിര്‍മ്മാണകേന്ദ്രത്തില്‍ത്തന്നെയായിരുന്നു.
ഇത്തരത്തിലുള്ള വാര്‍ത്തകളൊക്കെ കാലാകാലങ്ങളില്‍ കൈമാറപ്പെട്ടിട്ടും അതൊന്നും വേണ്ടവിധം കേരളത്തിലെ പോലീസ് അന്വേഷണവിധേയമാക്കിയില്ല. കുറ്റവാളികള്‍ക്ക് ഭരണമണ്ഡലത്തിലുണ്ടെന്ന് സംശയിക്കപ്പെടുന്ന സ്വാധീനത്തിലേക്കാണ് ജനമനസ്സിലെ വിശ്വാസസൂചിക ഇപ്പോള്‍ തിരിഞ്ഞുനില്ക്കുന്നത്.
ഏതായാലും സംഭവങ്ങളുടെ പ്രാധാന്യം വിലയിരുത്തി കേസ് എന്‍.ഐ.എയ്ക്കു വിടാന്‍ തീരുമാനമായത് ശുഭോദര്‍ക്കമായ തീരുമാനംതന്നെയാണ്. ഒപ്പംതന്നെ, തമിഴ്‌നാട്ടിലെ ക്യൂബ്രാഞ്ചും കേസന്വേഷിക്കുന്നതിന്റെ തിരക്കിലാണ്. കേരളത്തിലെ ഇഞ്ചിവിള പ്ലാമൂട് സ്വദേശികളായ രണ്ടുപേര്‍ കസ്റ്റഡിയിലായിട്ടുണ്ടെന്ന് വാര്‍ത്തയുണ്ടായിരുന്നു. എസ്.ഐ. വിന്‍സന്റിന്റെ വധത്തില്‍ പ്രതികളാണെന്ന് സംശയിക്കപ്പെടുന്നവരിലൊരാളായ തൗഫീക്കുമായി ഇവര്‍ രണ്ടുപേരും ഫോണ്‍സംഭാഷണം നടത്തിയതായും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരവുമായി ഈ തീവ്രവാദികള്‍ പുലര്‍ത്തിയിരുന്ന ബന്ധവും തമിഴ്‌നാട് ക്യൂബ്രാഞ്ചിന്റെ അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലപാതകം നടത്തിയ ശേഷം കൊലയാളികള്‍ ഓടിരക്ഷപ്പെട്ടതും കേരളത്തിന്റെ ‘സുരക്ഷിത’മായ മറവിലേക്കുതന്നെയാണല്ലൊ. ഇവരുടെ ബന്ധുക്കളില്‍ പലര്‍ക്കും തീവ്രവാദബന്ധമുണ്ടായിരുന്നതായും പോലീസ് പറഞ്ഞിരുന്നു. എസ്.ഐ വിന്‍സന്റിന്റെ കൊലപാതകികളുടെ, ദല്‍ഹിയില്‍ അറസ്റ്റിലായ കൂട്ടാളികളും തീവ്രവാദഗ്രൂപ്പായ ഐഎസ്സുമായി ബന്ധമുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും ഒരുക്കിക്കൊടുക്കുന്ന സമരവേദികളും തണല്‍പ്പന്തലുകളും മറയാക്കിക്കൊണ്ടാണ് കേരളത്തെ മറ്റൊരു കാശ്മീരാക്കി മാറ്റി ഇവിടെ ദാറുസ്സലാം പുലരുന്നതുകാണാന്‍ മുസ്ലീം ജിഹാദികള്‍ നോമ്പും നോറ്റു കാത്തിരിക്കുന്നത്. കേരളത്തില്‍ ആഴത്തില്‍ വേരോടിക്കഴിഞ്ഞിട്ടുള്ള ഇവര്‍ നടത്തുന്ന അഴിഞ്ഞാട്ടങ്ങള്‍ ന്യൂനപക്ഷവോട്ടിനുവേണ്ടി ഈ രാഷ്ട്രീയ ഉദരംഭരികള്‍ കണ്ടില്ലെന്നു നടിക്കുന്നു. ലൗ ജിഹാദിന്റെ പ്രാരംഭഘട്ടത്തില്‍, അതിലൂടെ ജിഹാദികള്‍ പുതിയ അടവുകള്‍ പ്രയോഗിച്ചു തുടങ്ങിയിട്ടുണ്ട് എന്നുള്ള വെളിപ്പെടുത്തലുകളെ കണ്ണടച്ചു നിഷേധിച്ചുകൊണ്ട് അവര്‍ ജിഹാദികള്‍ക്ക് തുണനില്ക്കുകയാണ് അന്നും ചെയ്തത്.
ലണ്ടനില്‍ സ്ഥിരതാമസമാക്കിയ ഡോ. ഫാറൂഖ്, 2007-ല്‍ പുറപ്പെടുവിച്ച, ‘ഹിന്ദു സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍നിന്നാണ് ജിഹാദികളെ ഉല്പാദിപ്പിക്കേണ്ടത്’ എന്ന ആഹ്വാനത്തില്‍ നിന്നാണ് ‘ലൗ ജിഹാദ്’ എന്ന ആശയം പിറവിയെടുക്കുന്നത്. പിന്നീട് ഈ ദൗത്യം ഏറ്റെടുത്ത് കേരളത്തില്‍ പ്രാവര്‍ത്തികമാക്കിയത് പി.ഡി.പിയും പോപ്പുലര്‍ ഫ്രണ്ടുംപോലുള്ള തീവ്രവാദി ചായ്‌വുള്ള സംഘടനകളായിരുന്നു. ലൗ ജിഹാദിനിരയാക്കിയ മുന്നൂറോളം പെണ്‍കുട്ടികളെ ഇവര്‍ പിന്നീട് പാകിസ്ഥാന്റെ ചുവന്ന തെരുവുകളിലെത്തിച്ചതും നമ്മള്‍ കണ്ടതാണല്ലൊ. പത്തനംതിട്ടയില്‍നിന്ന് കാണാതായ രണ്ടു എം.ബി.എ വിദ്യാര്‍ത്ഥിനികള്‍ മതപരിവര്‍ത്തനം ചെയ്യപ്പെട്ട കേസ് പരിഗണിക്കുമ്പോള്‍, ‘ഇതിനൊരു മതതീവ്രവാദത്തിന്റെ പശ്ചാത്തലമുണ്ടാവാ’-മെന്ന് കേരള ഹൈക്കോടതി സംശയം പ്രകടിപ്പിച്ചത് ഇതിനോടുചേര്‍ത്തുവേണം വായിക്കാന്‍. കോടതിയുടെ ഈ പരാമര്‍ശത്തെ വിമര്‍ശിക്കുകയാണ് അന്ന് ‘കേരള ഇമാംസ് കൗണ്‍സില്‍’ ചെയ്തത്. അവരുടെ കുഴലൂത്തുകാരാവാന്‍, ന്യൂനപക്ഷവോട്ടുബാങ്കില്‍ കണ്ണും നട്ടിരിക്കുന്ന ഇടതും വലതും അപ്പോഴും തമ്മില്‍ മത്സരിച്ചു. ‘ഇല്ലാത്ത കറുത്ത പൂച്ചയെ ഇരുട്ടിലിട്ടു തല്ലിക്കൊല്ലാന്‍ ശ്രമിക്കുന്ന വ്യാജപരാക്രമമാണ് ഇത്’ എന്നാണ് മതേതരവ്യാപാരികള്‍ അന്ന് ഉച്ചൈസ്തരം ഉദ്‌ഘോഷിച്ചത്. ഒരാണും പെണ്ണും തമ്മിലുള്ള പവിത്രമായ അനുരാഗബന്ധത്തില്‍ എന്തിനാണ് മതത്തിന്റെ വിഷം കലര്‍ത്തുന്നത് എന്നു ചോദിച്ചുകൊണ്ടാണ് അന്ന് ലൗ ജിഹാദിനെ കപടമതേതരക്കാരും തീവ്രമുസ്ലീംപക്ഷക്കാരും ന്യായീകരിച്ചത്. ഒരു മുസ്ലിം പെണ്‍കുട്ടി മറ്റൊരു മതത്തിലുള്ള ആണ്‍കുട്ടിയെ പ്രേമിച്ച്, വിവാഹത്തിനുവേണ്ടി ആ ആണ്‍കുട്ടി മതംമാറ്റത്തിനു വിധേയനാവുന്നില്ലെങ്കില്‍ ഇവര്‍ക്കൊക്കെ ഹാലിളകുന്നത്, ഇത് ഇസ്ലാമൈസേഷന്റെ ഭാഗമായ ലൗ ജിഹാദ്തന്നെയാണ് എന്നുള്ള വസ്തുത സ്ഥിരപ്പെടുത്തുന്നുണ്ടല്ലൊ.
കാര്യമെന്തായാലും, ലൗ ജിഹാദിനെ അനുകൂലിച്ചുകൊണ്ടുള്ള, മതേതരവ്യാപാരികളുടെ നിരന്തരമായ ആക്രന്ദനങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുമ്പോള്‍ കോടതിയും ഈദൃശങ്ങളായ ‘പരിപാടി’കള്‍ക്കെതിരെയുള്ള സര്‍വ്വ നടപടികളും സ്‌റ്റേ ചെയ്യുന്നതാണ് അമ്പരപ്പോടെ ജനം കണ്ടത്.
ലൗ ജിഹാദ് വഴി, 2009-ല്‍ മാത്രം 404 പെണ്‍കുട്ടികളാണ് മതം മാറ്റപ്പെട്ടത്. 332 പേരെ പിന്നീട് വീണ്ടുകിട്ടി. 57 പേര്‍ പൊന്തിയത് പിന്നീട് ഐ എസ് ഐ എസ്സുപോലുള്ള ഭീകരസംഘടനകളുടെ വാതില്‍പ്പുറങ്ങളിലായിരുന്നു.
അഖില, അപര്‍ണ്ണ, ശ്രുതി, ആതിര, നിമിഷ എന്നീ അഞ്ചു യുവതികളെ ഇസ്ലാമതത്തിലേക്ക് മാറ്റിയത് വലിയ ഒച്ചപ്പാടാണ് കേരളത്തില്‍ ഉണ്ടാക്കിയത്. അതില്‍ നിമിഷ അഫ്ഗാന്‍ ജയിലിലുണ്ടെന്ന വിവരം പിന്നീട് ലഭിച്ചതിനെത്തുടര്‍ന്ന് അവളെ രാജ്യത്തേക്ക് വരാനനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിസമ്മതിച്ചതും അവളുടെ അമ്മ കേന്ദ്രസര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ചതും എല്ലാം അതിന്റെ ബാക്കിപത്രങ്ങളാണ്.
ഇത്തരത്തിലുള്ള നാശവേലകളുടെ പിന്നില്‍ വലവീശി കാത്തിരിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന് മതംമാറ്റവുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന, ‘ഇന്ത്യാ റ്റുഡേ’യുടെ ഒളിക്യാമറാ ഓപ്പറേഷന്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു, ഒരു കാലത്ത്. പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ഥാപകാംഗമായ അഹമ്മദ് ഷെരീഫും ദേശീയാധ്യക്ഷ, എ.എസ് സൈനബയും ഇന്ത്യയെ മാത്രമല്ല ലോകത്തെത്തന്നെ ഇസ്ലാമീകരിക്കുകയാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ലക്ഷ്യമെന്ന് തുറന്നു സമ്മതിക്കുന്ന ദൃശ്യങ്ങളും ആ വീഡിയോവില്‍ വ്യക്തമായിരുന്നു. പിന്നീട് ഈ കോലാഹലങ്ങളും ശബ്ദമേതുമുണ്ടാക്കാതെ കെട്ടടങ്ങുന്നതാണ് സംസ്ഥാനം കണ്ടത്.
അക്കാലത്ത്, ഗോപിക എന്ന കലൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ കുത്തിക്കൊന്ന് തേയിലത്തോട്ടത്തില്‍ തള്ളിയ സഫര്‍ ഷായുടെ വീരപരാക്രമവും താന്‍ പിന്നിവെച്ച ലൗ ജിഹാദിന്റെ വലയില്‍നിന്ന് വിലപ്പെട്ട ഒരിര നഷ്ടപ്പെട്ട നിരാശയുടെ ബാഹ്യപ്രകടനംതന്നെയാണ് എന്നുവേണം കരുതാന്‍.
മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് വ്യാജ ടെലഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിവന്നിരുന്ന തച്ചറയില്‍ ഹിലാല്‍ മുഹമ്മദ്കുട്ടിയെ മുംബൈ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തതിനെക്കുറിച്ച് രണ്ടു വര്‍ഷത്തിനുമുമ്പ് മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ടായിരുന്നുവല്ലൊ. പാകിസ്ഥാനില്‍നിന്നും ഐസിസില്‍നിന്നും പല കോളുകളും ഈ എക്‌സ്‌ചേഞ്ചിലേക്ക് വന്നിരുന്നതായും അന്ന് കണ്ടെത്തിയിരുന്നു. ചൈനക്കാരിയായ അലീഷയാണ് ഈ റാക്കറ്റിന് നേതൃത്വം കൊടുത്തിരുന്നത്. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചങ്ങരംകുളത്തുകാരന്‍ ഹിലാല്‍ മുഹമ്മദ്കുട്ടിയെയാണ് ചൈനയിലുള്ള അലീഷ ചുമതല ഏല്പിച്ചിരുന്നത്. ഹിലാല്‍ മുഹമ്മദ്കുട്ടിയുടെ നിയന്ത്രണത്തില്‍ യുപിയിലെ നോയ്ഡയിലും സമാനമായ എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിച്ചിരുന്നതായി രഹസ്യാന്വേഷണവിഭാഗത്തിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഈ രണ്ട് എക്‌സ്‌ചേഞ്ചുകളുടെയും സെര്‍വ്വറുകള്‍ നമ്മുടെ ശത്രുരാജ്യമായ ചൈനയിലാണ് എന്നുള്ള വസ്തുതയും പാകിസ്ഥാനില്‍നിന്നും ഐസിസില്‍നിന്നും പല കോളുകളും ഈ എക്‌സ്‌ചേഞ്ചിലേക്ക് വന്നിട്ടുണ്ട് എന്നുള്ളതും നമ്മുടെ നാടിനെ കുരുക്കിലാക്കാന്‍ അന്തര്‍ദ്ദേശീയതലത്തില്‍ത്തന്നെ വല വിരിച്ചിരിക്കുന്ന കൊടുംഭീകരരുടെ നെറ്റ്‌വര്‍ക്ക് ഭൂപടംതന്നെയാണ് വെളിച്ചത്തുകൊണ്ടുവരുന്നത്. ഇതിന്റെ പിന്തുടര്‍ച്ചതന്നെയായിവേണം 2021 ജൂണ്‍മാസത്തില്‍ അറസ്റ്റിലായ മലപ്പുറം സ്വദേശി, മുഹമ്മദ്കുട്ടി എന്ന ഇബ്രാഹിമിന്റെ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചെയ്ഞ്ചുകളെയും കണക്കാക്കാന്‍.
ഇന്ന് വടക്കന്‍ കേരളത്തെ പകുത്ത് അതിനോട് തമിഴ്‌നാടിന്റെ ചില ഭാഗങ്ങളും ചേര്‍ത്തുകൊണ്ട് ‘മലബാര്‍ സംസ്ഥാനം’ എന്നൊരു പുതിയ സ്റ്റേറ്റിനുവേണ്ടി മുസ്ലീങ്ങള്‍ മുറവിളി കൂട്ടാന്‍ തുടങ്ങിയിട്ടുണ്ട്. 1969 ജൂണ്‍മാസം 16-ാം തീയതി ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ കയ്യില്‍നിന്ന് മലപ്പുറം ജില്ല പകുത്തുവാങ്ങിയ പൂര്‍വ്വാനുഭവത്തില്‍നിന്ന് ഊര്‍ജ്ജം കൊണ്ടുകൊണ്ടാണ്് ഇങ്ങനെയൊരു സംസ്ഥാനത്തിനുവേണ്ടി മുസ്ലീം മേല്‍വിലാസമുള്ള രാഷ്ട്രീയകക്ഷികള്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്. അവരവകാശപ്പെടുന്നതുപോലെ, വികസനപ്രക്രിയകള്‍ ത്വരിതപ്പെടുത്താനൊന്നുമല്ല ഇക്കൂട്ടര്‍ ഇങ്ങനെയൊരാഗ്രഹം പ്രകടിപ്പിക്കുന്നത്. മുമ്പത്തെ കാശ്മീരുപോലെ, മുസ്ലീങ്ങള്‍ക്ക് മേല്‍ക്കോയ്മയുള്ള ഒരു സംസ്ഥാനത്തെ ഉരുവാക്കിയെടുക്കുക എന്ന ദുഷ്ടലാക്കുതന്നെയാണ് അതിനു പിന്നില്‍ എന്നു മനസ്സിലാക്കാന്‍ വലിയ ബുദ്ധിശക്തിയുടെയൊന്നും ആവശ്യമില്ല. 1921-ല്‍ ഉയര്‍ത്തിയ വാളുകള്‍ അറബിക്കടലില്‍ താഴ്ത്തിയിട്ടില്ലെന്ന രീതിയില്‍ പോകുന്ന, തീവ്രവാദികളുടെ വീരഗര്‍ജ്ജനങ്ങള്‍ തരുന്ന താക്കീതുകള്‍ അത്തരത്തിലുള്ള ഒരു സംസ്ഥാനരൂപീകരണത്തിന് അവര്‍ പ്രദര്‍ശിപ്പിക്കുന്ന അത്യാഗ്രഹത്തില്‍ ഒളിഞ്ഞുകിടക്കുന്ന അപകടത്തിലേക്ക് വെളിച്ചമെത്തിക്കുന്നുണ്ട്. അങ്ങനെയൊരു സംസ്ഥാനം രൂപീകൃതമായാല്‍ അവിടെ ഒരു മുസ്ലീം ഭൂരിപക്ഷപ്രദേശമാണ് ഉരുത്തിരിയുക എന്നുള്ളത് സ്വാഭാവികമാണല്ലൊ. അങ്ങനെയൊന്നുണ്ടായാല്‍ അവര്‍ പറയുന്നതനുസരിച്ച് ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരു ഹിന്ദുസമൂഹം അവിടെ സമാന്തരമായി രൂപപ്പെടും. അവര്‍, കാശ്മീരിലെ പണ്ഡിറ്റുകള്‍ നേരിട്ടപോലെ ഒരു കൂട്ടക്കുടിയൊഴിപ്പിക്കലിന് വിധേയരാവും. അന്നും ആ കുടിയൊഴിപ്പിക്കലുകാര്‍ക്ക് കുടപിടിച്ചുകൊണ്ട്, നാല് വോട്ടിനുവേണ്ടി ഇടതും വലതും അവര്‍ക്കു തുണപോകാന്‍ മത്സരിക്കുകയും ചെയ്യും.
ഇപ്പോള്‍ത്തന്നെ, മലപ്പുറം ജില്ലയില്‍ നോമ്പുമാസങ്ങളില്‍ ഹിന്ദുക്കള്‍പോലും ഹോട്ടലുകള്‍ തുറന്നുകൂടെന്ന് അലിഖിതനിയമമുണ്ട്. നാട്ടില്‍ മുസ്ലീങ്ങള്‍ ഭൂരിപക്ഷമാവുമ്പോള്‍ വരാനിരിക്കുന്ന ഭവിഷ്യങ്ങളുടെ ഭീതിദമായ നേര്‍ച്ചിത്രമാണ് ഇത് നമുക്കു മുന്നില്‍ വരച്ചിടുന്നത്. മലപ്പുറംജില്ല കൂടാതെ ഇപ്പോള്‍ തിരൂര്‍ജില്ലയും ഇവരാവശ്യപ്പെടുന്നതെന്തിനാണെന്നുള്ളതിന്റെ പൊരുള്‍ ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ടല്ലൊ.
തീവ്രവാദത്തിന്റെ സ്ലീപ്പര്‍സെല്ലുകള്‍ കേരളത്തില്‍ പലയിടത്തും പ്രവര്‍ത്തിക്കുന്നുണ്ടെന്ന്, കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ വളരെക്കാലത്തിനുമുമ്പുതന്നെ കേരളസര്‍ക്കാരിന് വിവരം നല്കിയിരുന്നതാണ്. അതുതന്നെയാണ് ഇന്ന് ബഹ്‌റയും മുമ്പ് സെന്‍കുമാറും കേളത്തിലെ പൗരന്മാരോട് വെളിപ്പെടുത്തിയത്. നായ്ക്കളെ വെട്ടിയും വാഴയില്‍ കുത്തിയുമൊക്കെയാണത്രെ ക്യാമ്പുകളില്‍ തീവ്രവാദികള്‍ കത്തി ഉപയോഗിക്കുന്നതിലുള്ള അറപ്പു മാറ്റിയിരുന്നത്. വെട്ടുകൊണ്ട് രക്ഷപ്പെട്ട നായ്ക്കളുടെ സൗഭിക്ഷ്യം ജനങ്ങളില്‍ സംശയമുണ്ടാക്കിയപ്പോള്‍ ‘ട്രെയിനിങ്ങ്’ പിന്നീട് അറവുമാടുകളെ കൊന്നുകൊണ്ടായി. ഇങ്ങനെ ‘ട്രെയ്‌നിങ്ങ്’ ലഭിച്ചവരില്‍ ചിലരായിരിക്കണം, ‘1921-ല്‍ പുറത്തെടുത്ത വാളുകള്‍ അറബിക്കടലില്‍ താഴ്ത്തിയിട്ടില്ലെന്നും അത് ഹിന്ദുക്കള്‍ക്ക് നേരെ വീണ്ടുമെടുക്കാന്‍ സജ്ജമായി സഞ്ചിതമാക്കപ്പെട്ടിട്ടുണ്ടെ’ന്നും നടുറോഡിലൂടെ മുദ്രാവാക്യം വിളിച്ചു നടന്നുപോയത്.
വിരമിക്കുന്നതിനു തൊട്ടുമുമ്പാണെങ്കിലും ലോക്‌നാഥ് ബഹ്‌റ വെളിപ്പെടുത്തിയ അപ്രിയസത്യങ്ങള്‍ തുടര്‍ന്നും മലയാളിസമൂഹം ചര്‍ച്ചചെയ്യേണ്ടതുതന്നെയാണ്. ഭീകരവാദികളില്‍ നിന്നും കേരളം നേരിടുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ ഇനിയും വൈകിക്കൂടാ.