”മാനിഷാദ! പ്രതിഷ്ഠാം ത്വമഗമഃ
ശാശ്വതീ സമാഃ
യദ്ക്രൗഞ്ച മിഥുനാദേകമവധീഃ
കാമമോഹിതം”
ക്രൗഞ്ചദ്വന്ദ്വങ്ങളില്‍ ഒന്നിനെ വനവേടന്‍ അമ്പെയ്തു വീഴ്ത്തിയപ്പോള്‍ രുദിതാനുസാരിയായ ആദികവിയുടെ കണ്ണില്‍ നിന്നും മനസ്സില്‍ നിന്നും അടര്‍ന്നുവീണ അശ്രു…. അത് അനര്‍ഗ്ഗളമായി അനുസ്യൂതമായി ഒഴുകിയപ്പോള്‍ ഒരു കാവ്യമായി… ഇതിഹാസമായി മാറി. ആദികാവ്യത്തിന്റെ ബീജാവാപം.
ഭാരതീയര്‍ വാല്മീകിയെ ആദികവിയായും രാമായണത്തെ ആദികാവ്യമായും ആദരിക്കുന്നു. വിഭിന്ന ഭാഷകളും വ്യത്യസ്ത വിശ്വാസങ്ങളും വിവിധ ആചാരങ്ങളുമുള്ള ഭാരത ജനതയെ സഹസ്രവര്‍ഷങ്ങളായി സ്വാധീനിച്ചുപോരുന്ന വാല്മീകീരാമായണം ഭാരതദേശീയതയുടെ മുഖ്യ പ്രേരണകളിലൊന്നാണ്. മതാത്മകതയുടെ വിശുദ്ധി പരിവേഷം രാമായണത്തിനുണ്ട്. അതേസമയം മഹത്തായ ഈ ഭാരതീയകൃതി ലോകസാഹിത്യത്തില്‍ അനശ്വരസ്ഥാനം നേടിയത് അതിന്റെ ഉദാത്തമായ കാവ്യസൗന്ദര്യംകൊണ്ടാണ്.
കാളിദാസന്‍ ‘രഘുവംശ’ത്തിന്റെ 15-ാം സര്‍ഗത്തില്‍ രാമായണത്തിന്റെ കര്‍ത്താവിനെ ആദികവിയെന്നും രാമായണത്തെ കവികളുടെ പ്രഥമപദ്ധതിയെന്നും വിശേഷിപ്പിക്കുന്നു.
”സ പുഷ്ടഃ സര്‍വതോ വാര്‍ത്തമാഖ്യാദ്
രാജ്ഞേ ന സന്തതീം
പ്രത്യര്‍പയിഷ്യതഃ കാലേ കവേരാദ്യസ്യ ശാസ്‌നാത്”1
(രഘുവംശം, 15-ാം സര്‍ഗ്ഗം, 34)
”സാങ്ഗം വേദമധ്യാപ്യ കിഞ്ചിദുത് ക്രാന്ത യൗവനൗ സ്വകൃതിം ഗാപയാമാസ കവിപ്രഥമപദ്ധതിം”
ആനന്ദവര്‍ദ്ധനന്‍ ‘ധ്വന്യാലോക’ത്തിന്റെ ഒന്നാം ഉദ്യോതത്തില്‍ ആദികവിയെ ഇങ്ങനെ സ്മരിക്കുന്നു.
”കാവ്യസ്യാത്മാ സ ഏവാര്‍ത്ഥസ്തഥാ
ചാദികവേഃ പുരാ ക്രൗഞ്ചദ്വന്ദ്വവിയോഗോത്ഥഃ
ശോകഃ ശ്ലോകത്വമാഗതഃ”2
(ധ്വന്യാലോകം, ആനന്ദവര്‍ധനന്‍, ഒന്നാം ഉദ്യോതം, 5)
രസധ്വനി തന്നെയാണ് കാവ്യത്തിന്റെ ആത്മാവ്. അങ്ങനെ, ക്രൗഞ്ചദ്വന്ദ്വവിയോഗം ഹേതുവായി ആദികവിക്ക് ഉണ്ടായ ശോകം ശ്ലോകമായി.
മഹാകവി ടാഗോര്‍, കവിതകളെ രണ്ടു വലിയ വിഭാഗങ്ങളായി വേര്‍തിരിച്ചിട്ടുണ്ട്. അവയുടെ കര്‍ത്താക്കന്മാരുടെ സ്വന്തം വികാരങ്ങളുടെ വിളംബരങ്ങളായവ, സമുദായത്തിന്റെ ഹൃദയതന്ത്രികളുടെ ചലനശബ്ദത്തെ കേള്‍പ്പിക്കുന്നവ:
”ഒരു മഹാകവിയുടെ കൃതി, പ്രത്യേകം ഒരാളുടെ കൃതിയാണെന്നു തോന്നുകയില്ല. കാലത്തിന്റെയോ, രാഷ്ട്രത്തിന്റെയോ ഉറവുകളാണ് അയാള്‍ തുറന്നുവിടുന്നത്. അതില്‍ അയാളുമുണ്ടാകുമെങ്കിലും അത് അയാളുടെ മാത്രമല്ല. അതൊരു വലിയ വടവൃക്ഷത്തെപ്പോലെയാണ്. ഏതോ കുണ്ടിലോ, കുന്നിലോ മുളച്ച്, ആകാശത്തോളം ഉയര്‍ന്ന് അതിവിസ്താരത്തില്‍ പന്തലിച്ച്, പലര്‍ക്കും താങ്ങും തണലും കൊടുക്കുന്ന മഹാവൃക്ഷത്തെപ്പോലെയാണ്. ശാകുന്തളത്തിലും കുമാരസംഭവത്തിലും നാം അധികം കാണുന്നത് അവയുടെ കര്‍ത്താവിന്റെ അനന്യസാധാരണമായ പ്രതിഭാവിലാസവും, വാസനാദീപ്തിയുമാണ്. എന്നാല്‍ രാമായണ ഭാരതാദികള്‍ ഗംഗാനദിയെപ്പോലെയും, ഹിമാലയപര്‍വ്വതത്തെപ്പോലെയും രാജ്യത്തിന്റെ അംശങ്ങള്‍ തന്നെയെങ്കിലും അവ അതുമാത്രമല്ലെന്നു സ്പഷ്ടമാണ്. രാമായണത്തിലും ഭാരതത്തിലും വാല്മീകിവ്യാസന്മാരെ കാണാം. ഭാരതഭൂമിയേയും കാണാം. എങ്കിലും അവരില്‍നിന്നു വ്യതിരിക്തവും, അവരെക്കാള്‍ സമുന്നതവുമാണ് ആ ഇതിഹാസതല്ലജങ്ങള്‍.”3
”രാമായണത്തിലും, മഹാഭാരതത്തിലും സംഗ്രഹിക്കപ്പെടാതെ, ഇന്ത്യയുടെ ഒരംശമെങ്കിലും പുറത്തുകിടക്കുന്നില്ലെന്ന് എനിക്കു നല്ല ഉറപ്പുണ്ട്.” രവീന്ദ്രനാഥ ടാഗോറിന്റെ വാക്കുകളാണവ.
”രാമായണവും, ഭാരതവും വാസ്തവത്തില്‍ ഇതിഹാസഗ്രന്ഥങ്ങള്‍ മാത്രമല്ല, അവ ചരിത്രഗ്രന്ഥങ്ങളും കൂടിയാകുന്നു. ഒരാളുടെയോ, ഒരു രാജ്യത്തിന്റെയോ പ്രത്യേകിച്ചുള്ള ചരിത്രമല്ല. ഇന്ത്യയുടെ മുഴുവന്‍ സനാതനമായ സാക്ഷാല്‍ ചരിത്രം! മറ്റു ചരിത്രങ്ങളെല്ലാം കാലപരിണാമമനുസരിച്ച് മാറ്റിയെഴുതപ്പെടും. ഇളകുന്ന ഉപരിഭാഗത്തിന്റെ ചരിത്രമല്ലിത്, സത്യവും ശാശ്വതവും അചഞ്ചലവുമായ അന്തര്‍ഭാഗത്തിന്റെ ചരിത്രമാണ് ആ അത്ഭുതഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തിയത്.” 4
”നിരൂപണങ്ങള്‍ക്കു വിധേയമല്ല ആ മഹാഗ്രന്ഥങ്ങള്‍. അവിടവിടെ വായിച്ച്, ആവശ്യാനുസരണവും, ആളവസ്ഥപോലെയും എന്തെങ്കിലും പറഞ്ഞ് പുറംതിരിഞ്ഞിരിക്കാവുന്ന തരത്തിലുള്ള ‘മുറിക്കുമുക്കാലായ’ കവിതയോ, കഥയോ, ചരിത്രമോ, ചിത്രമോ ഒന്നുമല്ല രാമായണവും ഭാരതവും! ഹിമാലയത്തിനെ അളക്കുക ആശാരിക്കോലുകൊണ്ടല്ല. സിന്ധുവിന്റെ താഴ്ചതേടുക തുടിക്കയറുകൊണ്ടല്ല. സൂര്യപ്രകാശത്തെ ‘മെഴുകുതിരിത്തോതില്‍’ (Candle [power) പറയാന്‍ സാധിക്കുന്നതല്ല. അരോചകക്കാരനും, അര്‍ശസ്സുകാരനും, ബകന്റെ ബുഭുക്ഷ മനസ്സിലാക്കാന്‍ സാധിക്കുന്നതല്ല. അവയുടെ വിമര്‍ശനത്തിന് അനന്യങ്ങളായ തോതുകളേയും, താപ്പുകളേയും, മനോഭാവത്തെത്തന്നെയും അംഗീകരിക്കണം.”5
രാമായണം ഇന്നും നമുക്കു പ്രിയംകരമായിരിക്കുന്നതെന്തുകൊണ്ടെന്നാല്‍ ഒന്നാമതായി അതിലെ നിത്യനൂതനമായ മനുഷ്യബന്ധങ്ങളുടെ സംവശ്യത. രണ്ടാമതായി ഒരിക്കലും വറ്റാത്ത കാവ്യഗുണം. ”അനേകം ഭാര്യമാരുണ്ടായിരുന്ന ദശരഥചക്രവര്‍ത്തിയുടെ കഥയ്ക്ക് ഇന്ന് പ്രസക്തിയില്ലെന്നു പറഞ്ഞാലും സ്വാര്‍ത്ഥത്തിന്റെ മുമ്പില്‍ ഭാവം പകരുന്ന ഭാര്യാഭര്‍ത്തൃബന്ധത്തിന് ഇന്നും പ്രസക്തിയുണ്ട്. രാവണനാല്‍ അപഹരിക്കപ്പെട്ട സീത നൈരാശ്യവശംവദയായി ആത്മഹത്യചെയ്യാനാലോചിച്ചുവെന്നു വാല്മീകി വര്‍ണ്ണിക്കുന്നുണ്ട്. പക്ഷേ, ആത്മഹത്യചെയ്തില്ല. ഒരു ശുഭനിമിത്തം കണ്ടു എന്നാണ് കവി പറയുന്നത്. ഇത് അന്തഃകരണത്തിന്റെ ധര്‍മ്മനിവേദനം മാത്രമാണ്. ഇതുതന്നെയാണ് നമ്മുടെ ചേതനയുടെ അബോധതലം.”6
രാമായണം ആദികാവ്യം മാത്രമല്ല, അനശ്വരകാവ്യം കൂടിയാണ്. വഴിമുട്ടിനില്‍ക്കുന്ന ജീവിതപ്രതിസന്ധികളില്‍, ധര്‍മ്മാധര്‍മ്മ ചിന്തകളാല്‍ മനസ്സ് വിഹ്വലമാകുമ്പോള്‍ രാമായണം നമുക്ക് വഴികാട്ടിയായിത്തീരുന്നു. വാല്മീകിയുടെ ആത്മാവിലേക്ക് കൈത്തിരികാട്ടുക എന്നു പറഞ്ഞാല്‍ ഭാരതത്തിന്റെ ആത്മാവിലേക്കു വെളിച്ചം വീശുക എന്നാണര്‍ത്ഥം.
രാമായണം ഒരു ‘Epic’ വീരകവിത ആണെന്നുള്ള ധാരണ പാശ്ചാത്യവിമര്‍ശകന്മാര്‍ വളര്‍ത്തിയിട്ടുണ്ട്. യൂറോപ്പിനെ സംബന്ധിച്ചിടത്തോളം യുദ്ധവീരന്മാരുടെ ചരിത്രമാണ് ‘Epic’. ”നായകനായ രാമന്‍ ശൂരനും ധീരനും വലിയ യോദ്ധാവുമൊക്കെയാണ്. എന്നാല്‍ യുദ്ധമല്ല, രണവിജയമല്ല, പരാക്രമപ്രദര്‍ശനമല്ല രാമായണത്തിലെ കഥാവസ്തു. വീരമല്ല അതിലെ രസം.”7
തന്റെ ആശ്രമത്തിലേക്ക് ഒരുനാള്‍ വിരുന്നുവന്ന നാരദനില്‍നിന്നാണ് വാല്മീകി രാമകഥ കേള്‍ക്കുവാന്‍ ഇടയാകുന്നത്.
”ക്വോനസ്മിന്‍ സാമ്പ്രതം ലോകേ
ഗുണവാന്‍ തത്രവീര്യവാന്‍………..”
അതായിരുന്നു വാല്മീകിക്ക് അറിയേണ്ടിയിരുന്നത്. ”ഈ ലോകത്തില്‍ ധൈര്യം, വീരം, ശിവം, സൗന്ദര്യം, പ്രൗഢി, സത്യനിഷ്ഠ, ക്ഷമ, ശീലഗുണം, അജയ്യത തുടങ്ങിയ ഗുണങ്ങളെല്ലാം ഒത്തുചേര്‍ന്ന മനുഷ്യനുണ്ടോ? ഉണ്ടെങ്കില്‍ അങ്ങേയ്ക്കു അറിയാതെവരാനിടയുണ്ടോ….” എന്നായിരുന്നു വാല്മീകിയുടെ അന്വേഷണം. ആ അന്വേഷണത്തിന്റെ മറുപടിയാണ് രാമായണം.
”രാമായണം ഏറ്റവും പുരോഗമനപരമായ ഒരു കാവ്യമാകുന്നു. രാമായണം വിസ്മരിക്കപ്പെടുമ്പോള്‍, പുറംതള്ളപ്പെടുമ്പോള്‍, ഇന്ത്യയുടേയും ഗതി അതുതന്നെയായിരിക്കും. അതാണു സ്വതന്ത്രഇന്ത്യ പഠിക്കേണ്ടതായ ഒന്നാമത്തെ പാഠം.”8
മഹാകവി ടാഗോറിന്റെ വാക്കുകളില്‍ ‘അപരിച്ഛേദ്യമായ പൂര്‍ണ്ണതയാകുന്ന ദിവ്യാമൃതത്തെ പാനംചെയ്‌വാന്‍വേണ്ടി കഠിനമായ ദാഹത്തോടുകൂടിയവരായിരുന്ന ആര്യപുരാതനന്മാരുടെ വിശുദ്ധചരിത്രത്തെയാണ് രാമായണം കുറിക്കുന്നത്.
”വാല്മീകോര്‍മ്മുനിസിംഹസ്യ
കവിതാവനചാരിണഃ
ശൃണ്വല്‍രാമകഥാനനാദം
കോ ന യാതി പരാംഗതിം
വാല്മീകിഗിരിസംഭൂതം രാമസാഗരഗാമിണീ
പുനാതിഭുവനം പുണ്യാരാമായണ മഹാനദി”
ഇതിഹാസം; കാവ്യം
രാമായണം ഇതിഹാസമായാണ് അറിയപ്പെടുന്നത്. ഇതിഹാസത്തിനു രണ്ടു രീതിയില്‍ അര്‍ത്ഥംകല്പിക്കാം. ഇതി-ഹ-ആസ=ഇങ്ങനെ-അത്-ആയിരുന്നു. ഈ അര്‍ത്ഥത്തില്‍ ഇതിഹാസം പുരാവൃത്തമാണ്. ”ഇതിഹാസഃ പുരാവൃത്തം” – അമരകോശം. ഗതകാലസംഭവങ്ങളുടെ ആഖ്യാനമാണ് ഇതിഹാസം എന്നു താത്പര്യം.
‘ഇതിഹ ആസ്‌തേ അസ്മിന്‍ ഇതി ഇതിഹാസഃ’ എന്ന രണ്ടാമത്തെ വ്യുത്പത്തിയനുസരിച്ച് ഇതിഹ ഉള്ളത് ഇതിഹാസം. പരമ്പരാഗതമായ സാരോപദേശമാണ് ഇതിഹ. പരിമിതമായ ഈ അര്‍ത്ഥത്തിലല്ല. പുരാവൃത്താഖ്യാനമെന്ന വിശാലമായ അര്‍ത്ഥത്തിലാണ് രാമായണത്തെ ഇതിഹാസമെന്നു വിളിക്കുന്നത്.
രാമായണം ആദികാവ്യവും അതിന്റെ കര്‍ത്താവ് ആദികവിയുമാണ്. ഇങ്ങനെ വരുമ്പോള്‍ മഹത്തായ കാവ്യത്തിന് വേദങ്ങളില്‍നിന്നും അവയ്ക്ക് സമാന്തരമായി പ്രചരിച്ചിരുന്ന നാടന്‍ഗാഥകളില്‍നിന്നുമുള്ള വ്യത്യാസം പരിഗണിക്കേണ്ടതുണ്ട്. ഇവിടെ മഹാകാവ്യത്തെക്കുറിച്ചുള്ള ഭാരതീയ സങ്കല്പം സംഗതമാണ്.
മഹാകാവ്യലക്ഷണം ഭാമഹന്‍: ‘കാവ്യാലങ്കാരം’
”സര്‍ഗബന്ധോ മഹാകാവ്യം മഹതാം ച
മഹച്ചയത്
……….. യുക്തം ലോകസ്വഭാവേന രസൈശ്ച
സകലൈഃ പൃഥക്.”
ദണ്ഡി: കാവ്യാദര്‍ശം
”സര്‍ഗബന്ധോ മഹാകാവ്യമുച്യതേ
തസ്യ ലക്ഷണം
ആശീര്‍നമസ്‌ക്രിയാ വസ്തുനിര്‍ദേശോ
വാƒപി തന്മുഖം….
….. സര്‍വത്ര ഭിന്നവൃത്താന്തൈരുപേതം
ലോകരഞ്ജകം
കാവ്യം കല്പാന്തരസ്ഥായി ജായതേ
സദലംകൃതി.”
ഈ നിര്‍വചനങ്ങളുടെ സാരം ഇതാണ്. അഗ്രാമ്യമായ ഭാഷ, സുഖശ്രവമായ വൃത്തങ്ങള്‍, അലങ്കാരങ്ങള്‍, നഗരാര്‍ണവശൈലാദികളുടെ വര്‍ണ്ണനകള്‍ തുടങ്ങിയ രചനോപായങ്ങളാല്‍ നിര്‍വ്വഹിക്കുന്ന, ലോകസ്വഭാവയുക്തവും രസഭാവനിരന്തരവും അതുകൊണ്ടുതന്നെ ജനരഞ്ജകവുമായ ജീവിതകഥാഖ്യാനമാണ് കാവ്യം. ഇങ്ങനെ നോക്കിയാല്‍ വേദോക്തികള്‍ക്ക് കാവ്യത്വമില്ലെന്നു കാണാം. വാല്മീകിരാമായണം മഹത്തായ കാവ്യവുമാണ്.
കാവ്യവും ഇതിഹാസവും അന്യോന്യം നിരസിക്കുന്നുവെന്ന് സാഹിത്യമീമാംസകന്മാര്‍ എഴുതിവച്ചിട്ടുണ്ട്. ആനന്ദവര്‍ദ്ധനന്‍ ഭാരതവും രാമായണവും കാവ്യമായി പഠിച്ചു. മമ്മടന്‍ കാവ്യത്തേയും ഇതിഹാസത്തേയും വേര്‍തിരിച്ചു കണ്ടു-കാന്തയും സുഹൃത്തും വേര്‍തിരിയുന്നതുപോലെ.
”രാമായണം ഇതിഹാസകഥാംശങ്ങള്‍ ചേര്‍ത്തുണ്ടാക്കപ്പെട്ട കാവ്യമാണെന്നു കാണുകയാണെങ്കില്‍ ഈ രണ്ടു വാദവും കൂട്ടിച്ചേര്‍ക്കാം. ഈ മിശ്രരൂപവാദമാണ് രാമായണത്തിന്റെ അഭിസന്ധി. രാമായണം കഥയും ഇതിഹാസവും പുരാണവും ആഖ്യാനവും ആണെന്ന് രാമായണത്തില്‍ത്തന്നെ പലേടത്തും ‘ആത്മഗതങ്ങള്‍’ കാണാനുണ്ട്. ഈ സമ്മിശ്രതയുടെ ഇടയിലും രാമായണം മുഖ്യമായിട്ട് കാവ്യവും ഭാരതം ഇതിഹാസവുമായി കരുതുന്നു.”9
രചനാകാലം
1. രാമായണത്തിന്റെ കര്‍ത്താവു മാത്രമല്ല വാല്മീകി; അതിലെ കഥാപാത്രവുമാണ്. ആദികവി രാമന്റെ സമകാലികനായിരുന്നു എന്നര്‍ത്ഥം. അപ്പോള്‍ രാമന്റെ ജീവിതകാലമാണ് രാമായണത്തിന്റെ രചനാകാലമെന്നു വന്നുകൂടുന്നു.”
2. മതവിശ്വാസമനുസരിച്ച് രാമന്‍ ജനിച്ചത് ത്രേതായുഗത്തിലാണ്. രാമന്റെ ജനനസമയത്തുള്ള ഗ്രഹനില അനുസരിച്ച് രാമന്റെ ജനനം ക്രി. മു. 867,102-ലാണെന്ന് ചിലര്‍ കണ്ടുപിടിച്ചു. രാമായണത്തില്‍ പ്രതിഫലിക്കുന്ന നാഗരികതയ്ക്കും ഈ അതിവിദൂരഭൂതകാലത്തിനും തമ്മില്‍ യാതൊരു ബന്ധവുമില്ലായ്കയാല്‍ പ്രസ്തുത കാലഗണനയെ ചരിത്രകാരന്മാരും നരവംശശാസ്ത്രകാരന്മാരും കൈയോടെ നിരസിക്കുകയുണ്ടായി.
3. ബല്‍ഫോറിന്റെ ‘സൈക്ലോപീഡിയ ഓഫ് ഇന്ത്യ’യുടെ മൂന്നാം വാല്യത്തില്‍ രാമന്റെ ജനനകാലത്തെപ്പറ്റി അഭിപ്രായങ്ങളുണ്ട്. രാമന്റെ ജനനവര്‍ഷം ക്രി. മു. 2022 ആണെന്ന് ജോണ്‍സും, ക്രി.മു. 950 ആണെന്ന് ഹാമില്‍റ്റനും, ക്രി.മു. 1100 ആണെന്ന് റ്റോഡും, ക്രി.മു. 961 ഏപ്രില്‍ ആണെന്ന് ബെന്റ്്‌ലിയും ഗണിച്ചിരുന്നു.
4. രാമായണത്തിന്റെ രചനാകാലം ബുദ്ധനു ശേഷമാണെന്ന് പ്രബലമായൊരു വാദമുണ്ട്. രാമായണത്തിലെ ഒരു ശ്ലോകവും ‘ദശരഥജാതക’വുമാണ് ഇതിനടിസ്ഥാനം. ജാബാലിയുമായുള്ള സംവാദത്തില്‍ രാമന്‍ ഇങ്ങനെ പറയുന്നു:
”യഥാ ഹി ചോരഃ സ തഥാ ഹി ബുദ്ധ-
സ്തഥാഗതം നാസ്തികമത്ര നിദ്ധി”11
(അയോദ്ധ്യാകാണ്ഡം, സര്‍ഗ്ഗം 109, ശ്ലോകം 34)
ചോരനെപ്പോലെയാണ് ബുദ്ധന്‍. തഥാഗതനെ നാസ്തികനെന്നറിയുക.
5. വാല്മീകി രാമായണത്തിലെ 24000 ശ്ലോകങ്ങളില്‍ ഒരെണ്ണം മാത്രമേ ബുദ്ധനെ പരാമര്‍ശിക്കുന്നുള്ളൂ (ദാക്ഷിണാത്യപാഠത്തില്‍).
അതില്‍ത്തന്നെ ഇതിന് ”തഥാഗതാ നാസ്തിക മന്ത്രസിദ്ധിഃ” എന്നൊരു പാഠഭേദവുമുണ്ട്. വാല്മീകിയുടേതല്ലാത്ത നിരവധി പദ്യങ്ങള്‍ പില്‍ക്കാലത്ത് രാമായണത്തില്‍ എഴുതിച്ചേര്‍ത്തിട്ടുള്ളതിനാല്‍ ഈ ശ്ലോകവും അവയില്‍ ഉള്‍പ്പെടുമെന്ന അനുമാനത്തിലാണ്.” 12
6. എ. ശ്ലേഗലിന്റെ അഭിപ്രായം ക്രി.മു. 11-ാം നൂറ്റാണ്ടിലാണെന്നും ജി. ഗോരേസിയോയുടെ അഭിപ്രായം ക്രി.മു. 12-ാം നൂറ്റാണ്ടിലാണെന്നുമാണ്.”13
7. ഈ അഭിപ്രായത്തിന് പ്രത്യാഘാതമെന്ന നിലയില്‍ ജി.ടി. ഹ്വീലരും ഡോ.വെബറും രാമായണത്തിന്മേല്‍ യവനബുദ്ധസ്വാധീനമുള്ളതിനാല്‍ അതിന്റെ രചനാകാലം താരതമ്യേന ആധുനികമാണെന്നു കരുതി.”14
8. രാമായണത്തിന്റെ രചനാകാലത്തെസംബന്ധിച്ച് എഴുതുന്ന പണ്ഡിതന്മാര്‍ മിക്കവാറും ആദിരാമായണത്തിലും (വാല്മീകിയുടെ പ്രാമാണികഗ്രന്ഥം) പ്രചാരത്തിലിരിക്കുന്ന വാല്മീകി രാമായണത്തിനും പ്രത്യേകം പ്രത്യേകം രചനാകാലം നിര്‍ദ്ദേശിക്കുന്നു.15
9. എച്ച് യാക്കോബി ക്രി.വ. 1-ാമത്തെ അഥവാ രണ്ടാമത്തെ ശതാബ്ദമാണ് ഇന്നും പ്രചാരത്തിലിരിക്കുന്ന രാമായണത്തിന്റെ രചനാകാലമായി കരുതുന്നത്.16
10. എം. വിന്റര്‍നിത്സ് ക്രി. വ. 2-ാം നൂറ്റാണ്ട് കൂടുതല്‍ സമീചീനമായി കരുതുന്നു.17
11. സി.വി. വൈദ്യ ക്രി.മു. 2-ാം നൂറ്റാണ്ടിനും ക്രി.വ. രണ്ടാം നൂറ്റാണ്ടിനും മദ്ധ്യത്തിലാണെന്നു കരുതുന്നു. എങ്കിലും അദ്ദേഹം കൂടുതല്‍ സംഭവ്യമായി കരുതുന്നത് ക്രി.മു. 1-ാം ശതകമാണ്.18
12. സ്വാഭാവികമായും ബി.സി. 500-നും 300-നും ഇടയ്ക്കാണ് രണ്ടാം ഘട്ടമായ വാല്മീകി രചന. പാണിനിയുടെ അഷ്ടാദ്ധ്യായിയില്‍ കോസലവും കൗസല്യയും (ശ്ശ15ശ്ശ171) കേകേയവും കൈകേയിയും19ഭരതനും (്ശശശശശ2) മാത്രമേ പരാമര്‍ശിക്കുന്നുള്ളൂ.
4. ശ്രീവാല്മീകി
”കൂജന്തം രാമരാമേതി മധുരം
മധുരാക്ഷരം
ആരൂഹ്യകവിതാശാഖാം വന്ദേ വാല്മീകി
കോകിലം”
വാല്മീകിയെ ഭാരതീയര്‍ എത്രയധികം ഭക്ത്യാദരങ്ങളോടുകൂടി ആരാധിക്കുന്നു എന്ന് ഇതില്‍നിന്നും മനസ്സിലാക്കാം. ഇത് സുപ്രസിദ്ധമായ വാല്മീകി സ്‌തോത്രമാകുന്നു.
”കവിതാശാഖയില്‍ കയറിയിരുന്നുകൊണ്ടു രാമന്‍ രാമന്‍ എന്നിങ്ങനെ മധുരമായി ഗാനംചെയ്യുന്ന വാല്മീകീകോകിലത്തെ ഞാന്‍ വന്ദിക്കുന്നു” എന്ന് ഈ ശ്ലോകത്തിന്റെ ഭാവം.
വല്മീകം, മണ്‍പുറ്റ്, അതില്‍നിന്നു സംഭവിച്ചവന്‍ വാല്മീകി; എന്നിങ്ങനെ വാല്മീകി പദത്തിന്റെ അര്‍ത്ഥം.
”വാല്മീകിസ്ത്വം മുനീശ്വര!
വല്മീകാല്‍ സംഭവോ യസ്മാല്‍
ദ്വിതീയം ജന്മേത്യഭവല്‍”
കഥാപുരുഷന്‍ എന്ന നിലയില്‍ വാല്മീകിക്കു രാമായണവുമായി സിദ്ധിച്ചിരിക്കുന്ന ബന്ധം പ്രകൃതത്തില്‍ പ്രത്യേകം സ്മരണീയമാകുന്നു.
”ഇതി സീതാ ച രാമാശ്ച ലക്ഷ്മണശ്ച
കൃതാഞ്ജലിഃ അഭിഗമ്യാശ്രമം സര്‍വ്വേ
വാല്മീകിമഭിവാദയന്‍”20
(അയോദ്ധ്യാകാണ്ഡം, സര്‍ഗം 56, ശ്ലോകം 16)
തൈത്തിരീയപ്രാതിശാഖ്യത്തില്‍ വൈയാകരണനായ ഒരു വാല്മീകിയെപ്പറ്റി പറഞ്ഞിട്ടുണ്ട്. മഹാഭാരതത്തിലെ ഉദ്യോഗപര്‍വ്വത്തില്‍ ഗരുഡവംശത്തില്‍പ്പെട്ട വിഷ്ണുഭക്തരായ സുവര്‍ണ്ണപക്ഷികളുടെ പട്ടികയില്‍ വാല്മീകിയുടെ പേരുണ്ട്. മഹാഭാരതത്തിലെ ദ്രോണപര്‍വ്വത്തിലും ശാന്തിപര്‍വ്വത്തിലും വാല്മീകി കവിയാണെന്നു സമ്മതിച്ചിട്ടുണ്ട്. ”ഇവരെല്ലാംതന്നെ ആദികവിയായ വാല്മീകിയില്‍നിന്നും ഭിന്നരായി തോന്നുന്നുവെന്നതാണ്. ക്രി.മു. ഏകദേശം ഒന്നാം നൂറ്റാണ്ടുമുതല്‍ ആദികവിയായ വാല്മീകിയും മഹര്‍ഷി വാല്മീകിയും ഒന്നാണെന്നുള്ളത് സര്‍വ്വമതമായിത്തുടങ്ങുകയും വാല്മീകിയെ രാമായണത്തിലെ സംഭവങ്ങളുടെ സമകാലീനനാക്കിത്തീര്‍ക്കുകയും ചെയ്തുവെന്ന് രാമായണം ബാലകാണ്ഡത്തില്‍നിന്ന് സിദ്ധിക്കുന്നു.”21
”കമ്പര്‍, തുളസീദാസന്‍, കാളിദാസന്‍, ഭവഭൂതി, മുരാരി, ജയദേവന്‍, ക്ഷേമേന്ദ്രന്‍ എന്നിവര്‍ വാല്മീകിയെ ഉപജീവിച്ചു സാഹിത്യസേവനം ചെയ്തു മഹാകവിപദത്തെ അധിരോഹണം ചെയ്തിരിക്കുന്നവരാകുന്നു. ഇപ്രകാരം കവികളേയും കാവ്യങ്ങളേയും ഏതുകാലത്തും വാല്മീകി സൃഷ്ടിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് വാല്മീകിയെ കാവ്യപ്രപഞ്ചത്തിന്റെ വിരിഞ്ചന്‍ എന്ന് അഭിപ്രായപ്പെടണം. രാമനേക്കാള്‍ വിശിഷ്ടനായ ഒരു നായകന്‍, രാവണനേക്കാള്‍ ദുഷ്ടനായ പ്രതിനായകന്‍, രാമായണത്തേക്കാള്‍ മേന്മയേറിയ കാവ്യം, ഇവ മൂന്നും ലോകത്തില്‍ ഒരു ദേശത്തും ഒരു കാലത്തും സംഭവിച്ചിട്ടില്ല. അതുകൊണ്ട് വാല്മീകിയേക്കാള്‍ മാഹാത്മ്യമേറിയ ഒരു കവിയും ഒരിടത്തും ജനിച്ചിട്ടില്ലെന്നു പറയാം.”22
രാമന്‍ അവതാരമോ?
വാല്മീകിക്കു രാമന്‍ വിഷ്ണുവും അവതാരവുമൊന്നുമല്ല, ഒരു നല്ല മനുഷ്യന്‍ മാത്രമാണ്. ‘ഒരു മനുഷ്യനെയല്ലാതെ ഒരു ദൈവത്തെയാണ് വാല്മീകി വര്‍ണ്ണിച്ചിരുന്നത് എങ്കില്‍, ആധുനികന്റെ ദൃഷ്ടിയില്‍ വളരെയധികം താണുപോകുമായിരുന്നു’ എന്നാണ് ടാഗോര്‍ പറഞ്ഞത്. ”ദൈവത്തില്‍നിന്നു താഴെ ഇറങ്ങിയവനായ ഒരു അവതാരപുരുഷന്റെ കഥയല്ല, യഥാര്‍ത്ഥമായ മാഹാത്മ്യത്താല്‍ ദൈവത്തോളം ഉയര്‍ന്നിട്ടുള്ള ഒരു സാമാന്യമനുഷ്യന്റെ കഥയാണു വാല്മീകി വിസ്തരിച്ചിട്ടുള്ളത്!”23
”ന മാനുഷാല്‍ ശ്രേഷ്ഠതരം ന കിഞ്ചിത്”
എന്നതാണ് രാമായണത്തിന്റെ സന്ദേശം.
അയോദ്ധ്യാകാണ്ഡം ഒന്നാം സര്‍ഗ്ഗത്തിലുള്ള 35 ശ്ലോകങ്ങള്‍ പ്രക്ഷിപ്തങ്ങളാണെന്ന് ഫാദര്‍ കാമില്‍ ബുല്‍ക്കെ രേഖപ്പെടുത്തിയിട്ടുണ്ട്. രാമായണരചനയ്ക്കുശേഷം വാല്മീകിയുടെ പിന്‍തലമുറക്കാര്‍ കാവ്യത്തിനുമേല്‍ കെട്ടിയേല്‍പിച്ച ഭക്തിഭാരങ്ങളാണ് അവതാരപരാമര്‍ശങ്ങള്‍.
”രാമന്‍ ഈശ്വരാവതാരമാകുമ്പോള്‍ രാമായണത്തിന് ഒരു പ്രതിവിധിയുമില്ലാത്ത അപഭ്രംശമാണ് ഏല്‍ക്കേണ്ടിവന്നത്. സാര്‍വ്വജനീനത്വമാണ് രാമായണത്തിന് അതുമൂലം കൈമോശം വന്നുപോകുന്നത്. രാമനെ ഹിന്ദു ദൈവമാക്കുന്നത് വാല്മീകിയോടു കാണിക്കുന്ന വഞ്ചനയാണെന്നു മാത്രമല്ല, ആ വഞ്ചനയുടെ കഠിനമായ ദുരന്തം ആ കാവ്യത്തിന് ഏല്‍ക്കുകയും ചെയ്യുന്നു.”24
വാല്മീകീരാമായണം
”യാവത് സ്ഥാസ്യന്തി ഗിരയഃ
സരിതശ്ച മഹീതലേ
താവത് രാമായണ കഥാ ലോകേഷു പ്രചരിഷ്യതി”
സത്യനിഷ്ഠയുടേയും ത്യാഗത്തിലൂടെയുള്ള ധര്‍മ്മനിര്‍വ്വഹണത്തിന്റേയും മൂല്യം സ്ഥാപിക്കാനുള്ള മാനവ കഥയായിട്ടാണ് രാമായണം വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. പര്‍വതങ്ങളും നദികളും മഹീതലത്തില്‍ ഉള്ള കാലത്തോളം ലോകരുടെ മനസ്സില്‍ ജീവിക്കുന്ന ഒരു മാതൃകാമനുഷ്യന്റെ കഥയായി രാമകഥ ദര്‍ശിക്കപ്പെടുന്നു.
”രാമന്‍ നേടിയത് അയശസ്സാണെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് അദ്ദേഹത്തിനുണ്ടായ ദൈവപ്രാപ്തിക്ക് (അുീവേലീശെ)െ വിരുദ്ധമായിരിക്കും. മാതൃകാപുരുഷന്റെ കഥയാണ് ആഖ്യാനം ചെയ്യുന്നതെന്ന് രണ്ടു മഹര്‍ഷിമാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ളത് (വാല്മീകി, നാരദന്‍) കേവലം അസത്യമായിപ്പോയെന്നാണ് രാമന്‍ നേടിയത് അയശസ്സാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എത്തിച്ചേരേണ്ടിവരുന്ന നിഗമനം.”25
രസാവഹങ്ങളായ ഉപാഖ്യാനങ്ങളുടെ ഒരു കലവറയാണ് രാമായണം. നാടോടിമട്ടില്‍ കടന്നുകൂടിയ ഉപകഥകളും സോദ്ദേശമായി നിബന്ധിക്കപ്പെട്ട ആഖ്യാനങ്ങളും രാമായണത്തിന്റെ സിംഹഭാഗമാണ്. ക്രൗഞ്ചപക്ഷിയുടെ വധത്തിന്റെ ഹൃദയംഗമമായ കഥയില്‍നിന്നാണ് രാമായണം ഉറന്നൊഴുകുന്നത്. ഈ ‘ചുടുമിഴിനീര്‍ക്കണം’ ആണ് പില്‍ക്കാലത്ത് കവികള്‍ക്ക് ‘ഇരുളില്‍ ഊറിയ രശ്മി’ ആയിത്തീര്‍ന്നത്.
രാമായണകഥ ഓരോ ഗൃഹത്തിലും സൗഖ്യവും ആനന്ദവും എത്തിക്കുന്ന വാക്കിന്റെ തോന്നലാണ്. അത് സാഹോദര്യത്തിന്റെ ശ്രേഷ്ഠരൂപത്തെ പടിപടിയായി ആവിഷ്‌ക്കരിച്ചു കാണിച്ച കൃതിയാണെന്ന് കുട്ടിക്കൃഷ്ണമാരാര്‍. രാമനിലൂടെ ഒരു മാതൃകാരാജാവിന്റെ ധര്‍മ്മസങ്കടങ്ങളും അന്തഃക്ഷോഭങ്ങളും കാണിക്കപ്പെട്ടിരിക്കുന്നുവെന്ന് മറ്റൊരു അഭിപ്രായം. പാതിവ്രത്യത്തിന്റെ വിലയായ മഹാദുഃഖത്തിന്റെ കഥയാണെന്നാണ് വേറെ ചിലര്‍. ഇതെല്ലാമാണ് രാമായണം. ‘കാവ്യമിദം മഹാര്‍ത്ഥം’ എന്നാണല്ലോ യുദ്ധകാണ്ഡപര്യന്തത്തില്‍ നാം വായിക്കുന്നത്.
രാമായണം വായിച്ചു രസിക്കാനുള്ള കഥയല്ല. ഉപാസിച്ച് എല്ലാത്തരം അടിമത്തത്തില്‍നിന്നും മോചനം നേടാനുള്ള സ്വാതന്ത്ര്യാനുഭൂതിയുടെ മഹാഗാഥയാണ്. കഥയിലെ ഓരോ സംഭവവും കഥാപാത്രവും വൈകാരികസംഭവങ്ങളും സന്ദര്‍ഭവും രാമന്റെ ധര്‍മ്മാനുഷ്ഠാനം വ്യക്തമാക്കാന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതാണ്.
”സനാതനധര്‍മ്മവും ചരിത്രവും കഥയും പ്രപഞ്ചശാസ്ത്രത്തില്‍ വിലയംപ്രാപിച്ചു രൂപപ്പെട്ടുവന്നതാണ് രാമായണകഥ. പല തരത്തിലുള്ള വ്യാഖ്യാനങ്ങള്‍, രാമായണത്തിനു സാദ്ധ്യമാണ്. രാമായണം ധാര്‍മ്മിക രാഷ്ട്രീയത്തിന്റെ സ്ഥിരപ്രസക്തിയുള്ള കൃതിയാണ്. സമഗ്രമായ ജീവിതത്തിന്റെ സര്‍വ്വാനുഭവങ്ങളും വര്‍ണ്ണിക്കുന്ന സാഹിത്യകൃതിയാണ്”26
7. വാല്മീകി രാമായണത്തിന്റെ പാഠഭേദങ്ങള്‍
വാല്മീകി രാമായണത്തിലെ പാഠങ്ങള്‍ ഏകരൂപമല്ല. 20-ല്‍ ഏറെ നൂറ്റാണ്ടുകളായി ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞും പാടിയും പകര്‍ത്തിയെഴുതിയും വിഭിന്നദേശങ്ങളില്‍ പ്രചരിച്ചുപോന്ന വാല്മീകിരാമായണംപോലുള്ള ബൃഹത്തായ ഒരു അവൈദികഗ്രന്ഥത്തിന് പാഠഭേദങ്ങള്‍ ഉണ്ടാവുക അനിവാര്യമാണ്. ഒരു പദത്തിനോ ശ്ലോകത്തിനോ പകരം മറ്റൊരു പദമോ ശ്ലോകമോ സ്ഥാനംപിടിക്കുക, ഒരു ഗ്രന്ഥത്തില്‍ ഇല്ലാത്തത് മറ്റൊന്നില്‍ കാണപ്പെടുക, ശ്ലോകങ്ങളുടേയോ സര്‍ഗങ്ങളുടേയോ ക്രമം മാറുക എന്നിങ്ങനെ പാഠഭേദങ്ങള്‍ സംഭവിക്കാം. ഈ പാഠഭേദങ്ങള്‍ക്ക് പ്രാദേശിക സ്വഭാവമുണ്ട്. ഇപ്പോള്‍ ഈ കൃതിയുടെ മൂന്നു പാഠങ്ങള്‍ പ്രചാരത്തിലുണ്ട്.27
1) ദാക്ഷിണാത്യപാഠം: ഗുജറാത്തി പ്രിന്റിംഗ് പ്രസ്സ് (ബോംബെ), നിര്‍ണ്ണയസാഗര്‍ പ്രസ്സ് (ബോംബെ), തെക്കന്‍ പതിപ്പ്. ഈ പതിപ്പ് താരതമ്യേന കൂടുതല്‍ പ്രചാരമുള്ളതാകുന്നു.
2) ഗൗഡീയപാഠം: ഗോരേസിയോ (പാരീസ്) പതിപ്പും കല്‍ക്കത്ത സംസ്‌കൃതസീരീസിന്റെ പതിപ്പും
3) പശ്ചിമോത്തരീയപാഠം: ദയാനന്ദ മഹാവിദ്യാലയ (ലാഹോര്‍) ത്തിന്റെ പതിപ്പ്.
”വാല്മീകി രചിച്ച രാമായണം പ്രാരംഭകാലത്ത് വാമൊഴിയായി പ്രചരിച്ച് വളരെക്കാലങ്ങള്‍ക്കുശേഷം വിഭിന്ന തലമുറകൡലൂടെ വന്ന് വരമൊഴിരൂപത്തിലായിത്തീര്‍ന്നുവെന്നതാണ് ഈ പാഠാന്തരങ്ങള്‍ക്ക് കാരണം. കഥാവസ്തുവിന്റെ അടിസ്ഥാനത്തില്‍ മൂന്നു പാഠങ്ങളേയും തുലനം ചെയ്യുമ്പോള്‍ കാണുന്ന അന്തരം അപ്രധാനമാണ്.”28
”നേപ്പാള്‍ തൊട്ട് കേരളംവരെയും, കാശ്മീര്‍ മുതല്‍ ബംഗാള്‍വരെയും പല ലിപികളിലുള്ള കൈയെഴുത്തു പകര്‍പ്പുകളിലൂടെ ആണ് വാല്മീകി രാമായണം പ്രചരിച്ചത്. ദേവനാഗരി, നന്ദിനാഗരി, ശാരദ, നീവാരി, മൈഥിലി, ബംഗാളി, ഗ്രന്ഥാക്ഷരം, തെലുങ്ക്, കന്നഡം, മലയാളം എന്നീ ലിപികളിലാണ് പകര്‍പ്പുകള്‍. ദേശഭേദമനുസരിച്ചും പാഠസാമ്യമനുസരിച്ചും ഈ പകര്‍പ്പുകളെ ഔത്തരാഹം, പശ്ചിമോത്തരം, പൂര്‍വോത്തരം, ദാക്ഷിണാത്യം എന്നിങ്ങനെ നാലായി വിഭജിക്കാം.”29
8. പ്രക്ഷിപ്തങ്ങള്‍
ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്ന വാല്മീകിരാമായണത്തിന്റെ 500 സര്‍ഗ്ഗങ്ങളും 24,000 ശ്ലോകങ്ങളുമുണ്ട്.
പല നൂറ്റാണ്ടുകളായുണ്ടായ അസംഖ്യം കൂട്ടിച്ചേര്‍ക്കലുകളുടെ ഫലമായിട്ടാണ് ആദികാവ്യം ഇന്നത്തെ രൂപത്തിലായതെന്ന് എല്ലാ രാമായണഗവേഷകന്മാരും ഒരുപോലെ സമ്മതിക്കുന്നു. ക്രി.വ. 3-ാം നൂറ്റാണ്ടിലുണ്ടായ ‘അഭിധര്‍മ്മമഹാവിഭാഷ’യിലെ കണക്കനുസരിച്ച് വാല്മീകിരാമായണത്തില്‍ ആകെയുള്ളത് 12,000 ശ്ലോകങ്ങളാണ്.
(തുടരും)
കുറിപ്പുകള്‍
1. കാളിദാസന്‍, രഘുവംശം, ഗദ്യപരിഭാഷ: കുട്ടിക്കൃഷ്ണമാരാര്‍, മാരാര്‍ സാഹിത്യപ്രകാശം, 2001, 15-ാം സര്‍ഗ്ഗം, ശ്ലോകം 34, പു. 408
2. ആനന്ദവര്‍ധനന്റെ ധ്വന്യാലോകം, പരിഭാഷ: സി. വി. വാസുദേവ ഭട്ടതിരി, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ജൂണ്‍ 2008,
ഒന്നാം ഉദ്യോതം, ശ്ലോകം 5, പുറം, 14
3.രാമന്‍ മേനോന്‍, പുത്തേഴത്ത്, രാമായണ സപര്യ, സുലഭ ബുക്‌സ്, മാര്‍ച്ച് 1999, പു. 30
4.അതേ പുസ്തകം, പു. 31
5.അതേ പുസ്തകം, പു. 31, 32
6.ഗുപ്തന്‍ നായര്‍ എസ്., രാമായണം, ഡി.സി. ബുക്‌സ്, ആഗസ്റ്റ് 2009, പു. 12
7.രാമന്‍ മേനോന്‍, പുത്തേഴത്ത് രാമായണസപര്യ, സുലഭ ബുക്‌സ്, മാര്‍ച്ച് 1999, പു. 33
8.അതേ പുസ്തകം, പു. 36
9.ഗോവിന്ദന്‍കുട്ടി, കൊളാടി, വാല്മീകിരാമായണം, എസ്.പി.സി.എസ്., എന്‍.ബി.എസ്., ജൂലൈ 2000, പു. 9, 10
10.ഡോ. എസ്. അവനീബാല, വാല്മീകി രാമായണം, മലയാള വ്യാഖ്യാനം, ബാലകാണ്ഡം, സുവര്‍ണ്ണരേഖ പബ്ലിക്കേഷന്‍, 1998, ജ.ഃഃശ്
11.ഡോ.സുധാംശു ചതുര്‍വേദി, ശ്രീമദ് വാല്മീകിരാമായണം, പ്രസാധനം: ഗീതാ പ്രൈവറ്റ് ലിമിറ്റഡ്, വാള്യം-1, 26 ജനുവരി 2001,
അയോദ്ധ്യാകാണ്ഡം, 109-ാം സര്‍ഗ്ഗം, 34-ാം ശ്ലോകം, പു. 792
12.അവനീബാല എസ്.,ഡോ. വാല്മീകി രാമായണം, മലയാളവ്യാഖ്യാനം, ബാലകാണ്ഡം, സുവര്‍ണ്ണരേഖ പബ്ലിക്കേഷന്‍, 1998,p.xxiv
13.എം.ഡബ്ല്യൂ. ശ്ലേഗല്‍: ജര്‍മ്മന്‍ ഓറിയന്റല്‍ ജേണല്‍ എ) ഭാഗം 3, പു. 379 ബി) ജി. ഗോരേസിയോ: രാമായണ, ഭാഗം 10, ഭൂമിക
14.ജി.റ്റി. ഹ്വിലര്‍: History of India, ഭാഗം – 2
എ) ലണ്ടന്‍ 1869
ബി) എ. വെബര്‍:on the Ramayana (ബോംബെ 1873)
15. ഫാദര്‍ കാമില്‍ ബുല്‍ക്കെ, രാമകഥ, വിവ. അഭയദേവ്, കേരള സാഹിത്യ അക്കാദമി, മാര്‍ച്ച് 1999, പു.51
16. യാക്കോബി എച്ച്., ഡസ് രാമായണ, പു. 100
17. വിന്റര്‍നില്‍സ് എം., History of Indian Literature, ഭാഗം 1, പു. 500, 517
18.സി.വി. വൈദ്യ: ദി റിഡില്‍ ഓഫ് ദി രാമായണ, പു. 20, 51
19.സങ്കാലിയ, രാമായണ പഠനങ്ങള്‍, വിവ. മൈത്രേയന്‍, ഘലി െആീീസ,െ ആഗസ്റ്റ് 2011, പു. 33
20.ഡോ. സുധാംശു ചതുര്‍വേദി, ശ്രീമദ് വാല്മീകി രാമായണം, പ്രസാധനം: ഗീതാ പ്രൈവറ്റ് ലിമിറ്റഡ്, വാല്യം 1, 26, ജനുവരി 2001
അയോദ്ധ്യാകാണ്ഡം, സര്‍ഗ്ഗം 56, ശ്ലോകം 16, പു. 586
21. ഫാദര്‍ കാമില്‍ ബുല്‍ക്കെ, രാമകഥ, വിവ. അഭയദേവ്, കേരള സാഹിത്യ അക്കാദമി, മാര്‍ച്ച് 1999, പു. 63
22. വടക്കുംകൂര്‍ രാജരാജവര്‍മ്മ രാജാ, കവിതിലകന്‍, ശ്രീ വാല്മീകി, കേരള സര്‍വ്വകലാശാല, 2011, പു.24
23. രാമന്‍ മേനോന്‍, പുത്തേഴത്ത്, രാമായണസപര്യ, സുലഭ ബുക്‌സ്, മാര്‍ച്ച് 1999, പു. 33
24. ഗോവിന്ദന്‍കുട്ടി, കൊളാടി, വാല്മീകി രാമായണം, എസ്.പി.സി.എസ്., എന്‍. ബി. എസ്., ജൂലൈ 2000, പു. 18,19
25. വി.ജി. തമ്പി, എഡിറ്റര്‍, ക്ലാസിക്കുകളും നവഭാവുകത്വവും, പ്രണത ബുക്‌സ്, ലേഖനം: വാല്മീകി രാമായണം, ഡോ. എം. ലീലാവതി, പു. 32
26. ലീലാവതി എം., ഡോ., പരിഭാഷ, ശ്രീമദ് വാല്മീകി രാമായണം, ഡി.സി. ബുക്‌സ്, ജനുവരി 2014, ഭാഗം 1, ‘ധാര്‍മ്മിക രാഷ്ട്രീയത്തിന്റെ സനാതന പ്രതീകം’, തുറവൂര്‍ വിശ്വംഭരന്‍, പു.12.
27. ഫാദര്‍ കാമില്‍ ബുല്‍ക്കെ, രാമകഥ, വിവ. അഭയദേവ്, കേരള സാഹിത്യ അക്കാദമി, മാര്‍ച്ച് 1999, പു. 7.
28. സി. ബുല്‍ക്കെ, ദി ജനേസിസ് ഓഫ് ദി വാല്മീകി രാമായണ റിസേന്‍ഷന്‍സ്, ജ.ഒ.ഇന്‍, ഭാഗം 5, പു. 64-94.
29. അവനീബാല എസ്., ഡോ., വാല്മീകി രാമായണം, മലയാളവ്യാഖ്യാനം, ബാലകാണ്ഡം, സുവര്‍ണ്ണരേഖ, 1998,p.xxxvi