വന്‍തുക മുടക്കി പൊതുമേഖലയില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ത്രാണിയില്ലാത്ത നാടാണ് കേരളം. മുച്ചൂടും മൂടിയ കടം. മാറിമാറിഭരിച്ചവര്‍ വാങ്ങിക്കൂട്ടിയ കടത്തിന് പലിശ നല്‍കാന്‍പോലും കടമെടുക്കേണ്ട അവസ്ഥ. ഈ സാഹചര്യത്തില്‍ പണംമുടക്കി വ്യവസായ സ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കണമെന്ന ചിന്തയ്ക്കുപോലും പ്രസക്തിയില്ല. ആരെങ്കിലും പണം മുടക്കി തുടങ്ങിയ സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ട ചുമതലയെങ്കിലും സര്‍ക്കാരിന് ഉണ്ടാകേണ്ടതല്ലെ? അതുപോലും ഇവിടെ ഇല്ലാതായിരിക്കുന്നു. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കിറ്റെക്‌സ്. ഒരു രൂപപോലും ഇനി കേരളത്തില്‍ മുതല്‍മുടക്കില്ലെന്നാണ് കിറ്റെക്‌സിനെക്കൊണ്ട് പറയിപ്പിച്ചത്!
ഒന്നാം ഇഎംഎസ് സര്‍ക്കാര്‍ ക്ഷണിച്ചുകൊണ്ടുവന്ന് കുടിയിരുത്തിയ വലിയ വ്യവസായ സംരംഭമായിരുന്നല്ലൊ മാവൂര്‍ ഗ്വാളിയോര്‍ റയണ്‍സ്. ഈ സ്ഥാപനം തുടങ്ങാന്‍ അസംസ്‌കൃത വസ്തുവായ മുള ടണ്ണിന് ഒരു രൂപ സൗജന്യ വിലയേ ഈടാക്കിയിരുന്നുള്ളൂ. മാവൂര്‍ ഒരുകാലത്ത് കേരളത്തിന്റെ ഗസ്റ്റ് ഹൗസായിരുന്നു. ഇന്നോ ഗോസ്റ്റ് ഹൗസും. ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഏറെപ്പേര്‍ ആത്മഹത്യചെയ്തു. മാറിമാറിവന്ന സര്‍ക്കാരുകള്‍ക്കൊന്നും ബിര്‍ളയുടെ ഉടമസ്ഥതയിലായിരുന്ന ഫാക്ടറി തുറക്കാനായില്ല. കോഴിക്കോട് തന്നെ വേറെ കുറേ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നു.
കണ്ണൂരില്‍ പ്രശസ്തമായതായിരുന്നു തിരുവേപ്പതി മില്‍. സര്‍ക്കാരിന്റെ പിടിപ്പുകേടും യൂണിയനുകളുടെ സമരവുമെല്ലാം കൂടിയായപ്പോള്‍ അടച്ചിട്ട ആ സ്ഥലത്താണ് ഇ.കെ.നായനാര്‍ അക്കാദമി സ്ഥാപിച്ചത്. ‘ബെടക്കാക്കി തനിക്കാക്കുക’ എന്ന തത്ത്വമാണവിടെ പ്രാവര്‍ത്തികമാക്കിയത്. കൊല്ലത്ത് പുനലൂരിലെ പേപ്പര്‍മില്‍ സ്വാതന്ത്ര്യത്തിന് മുന്‍പ് തുടങ്ങിയതാണ്. അതിന് താഴുവീണിട്ട് വര്‍ഷങ്ങളായി.
3000 ടണ്‍ പേപ്പര്‍ ഉത്പാദിപ്പിക്കാന്‍ കഴിവുണ്ടായിരുന്ന ഈ മില്ലിന്റെ ഉടമസ്ഥാവകാശം ഡാല്‍മിയ ഗ്രൂപ്പിനായിരുന്നു. ലാഭത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്ന ഈ മില്‍ 1987-ല്‍ അടച്ചിടുകയായിരുന്നു.
1200 തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന പുനലൂര്‍ പേപ്പര്‍മില്‍ തിരുവിതാംകൂറിലെ ആദ്യത്തെ സംയോജിത ഓഹരി കമ്പനിയാണ് (ജോയിന്റ് സ്‌റ്റോക്ക് കമ്പനി). ബ്രിട്ടീഷ് പൗരനായ ഐ. എച്ച്. കാമറൂണ്‍ കല്ലടയാറിന്റെ തീരത്തായി മില്‍ സ്ഥാപിച്ചു. കടലാസ് നിര്‍മ്മാണ രംഗത്ത് ഈറ്റ കൊണ്ട് കടലാസ് നിര്‍മ്മിക്കുന്ന ഇന്ത്യയിലെ ആദ്യ സ്ഥാപനമായിരുന്നു. 1913 മുതല്‍ മാനേജുമെന്റുകള്‍ മാറി വന്നു. പതിയെ 277 ഏക്കറിലായി തഴച്ചു വളര്‍ന്നു. 1967ല്‍ എ.എഫ് ഹാര്‍വിയില്‍ നിന്നും കൊല്‍ക്കൊത്തക്കാരന്‍ എല്‍. എന്‍ ഡാല്‍മിയ മില്‍ ഏറ്റെടുത്തപ്പോള്‍ പ്രതിവര്‍ഷം 6500 ടണ്ണായിരുന്നു ഉത്പാദനം. ആധുനിക യന്ത്രങ്ങള്‍ സ്ഥാപിച്ച് പ്രവര്‍ത്തനം തുടങ്ങിയതോടെ ഉത്പാദനം 50000 ടണ്ണിലേയ്ക്ക് കുതിച്ചു. അണ്‍ ബ്ലീച്ച്ഡ് പേപ്പര്‍ എന്ന ഗുണ നിലവാരം കുറഞ്ഞ കടലാസായിരുന്നു ആദ്യകാല ഉത്പന്നം. സൈനിക ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന കാര്‍ട്രിഡ്ജ് പേപ്പര്‍, തീപ്പെട്ടി നിര്‍മ്മാണത്തിനാവശ്യമായ കടലാസ്, ഇന്‍ലന്‍ഡ് പേപ്പര്‍, കേബിള്‍ ഇന്‍സുലേഷന്‍ പേപ്പര്‍, ഡാക്ക് പേപ്പര്‍, സോപ്പ് കവര്‍, പത്രക്കടലാസ് തുടങ്ങി 13 തരം കടലാസ് ഉത്പന്നങ്ങള്‍ ഇവിടെ നിന്നും ഉത്പാദിപ്പിച്ചിരുന്നു. 80 കളോടെ താഴേയ്ക്കായി മില്ലിന്റെ വളര്‍ച്ച. ഉടമയായ കുനാന്‍ ഡാല്‍മിയയില്‍ നിന്നും ഹൈദരാബാദ് ആസ്ഥാനമായ അകുല കണ്‍സോര്‍ഷ്യം മില്‍ ഏറ്റെടുത്തു. പേപ്പര്‍ നിര്‍മ്മാണത്തോടൊപ്പം ഒരു പേപ്പര്‍ സാങ്കേതികവിദ്യാ സ്ഥാപനവും സ്ഥാപിക്കാന്‍ അവര്‍ക്ക് നീക്കമുണ്ടായതാണ്.
”ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാണ് കേരളം. അത് അങ്ങനെ തന്നെ തുടരും. സുസ്ഥിരവും നവീനവുമായ വ്യവസായ മുന്നേറ്റം എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് ഉറപ്പാക്കും.” മുഖ്യമന്ത്രി അടുത്തിടെ പറഞ്ഞത് ഇങ്ങിനെയാണ്.
പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ മുഖ്യമന്ത്രി നായനാര്‍ക്കൊപ്പം സംരംഭകരെ തേടി മൂരാച്ചി രാജ്യമായ അമേരിക്ക വരെ പോയതാണ്. കുരിശുവ്യവസായം തുടങ്ങാനാണോ എന്നറിയില്ല, വത്തിക്കാനില്‍ ചെന്ന് മാര്‍പ്പാപ്പയേയും കണ്ടതാണ്. അന്ന് പാപ്പയില്‍ നിന്നും കിട്ടിയത് ഒരു കൊന്തമാത്രം. മുഖ്യമന്ത്രിയായിരിക്കെ ഗള്‍ഫടക്കം പലരാജ്യങ്ങളിലും ചെന്നു. യുഡിഎഫ് ഭരണകാലത്ത് ജിം നടത്തിയത് ആഗോള നിക്ഷേപം തേടിയാണ്. 25000 കോടിയുടെ ഓഫര്‍ ലഭിച്ചു എന്ന് അന്ന് കൊട്ടിപ്പാടി. ഒന്നും സംഭവിച്ചില്ല. പിണറായി സര്‍ക്കാര്‍ കോടികള്‍ ചെലവാക്കി ലോക കേരളസഭ നടത്തി വലിയ പ്രതീക്ഷ വളര്‍ത്തി. എന്നിട്ടും ഒന്നും സംഭവിച്ചില്ല. ഉള്ള വ്യവസായം പോലും വിട്ടൊഴിഞ്ഞു പോകത്തക്ക മിടുക്കാണ് മന്ത്രിമാരും നേതാക്കളുമെല്ലാം കാണിക്കുന്നത്.
കിറ്റെക്‌സ് എന്ന സ്ഥാപനം കൂടി പൂട്ടേണ്ടി വരുമെന്ന ധ്വനിയാണ് വ്യവസായ മന്ത്രി പി.രാജീവിന്റെ പ്രതികരണത്തിലുള്ളത് എന്നാണു കിറ്റെക്‌സ് ചെയര്‍മാന്‍ സാബു എം.ജേക്കബിന് തോന്നിയത്. കിറ്റെക്‌സില്‍ നടന്ന പരിശോധനകള്‍ നിയമപരമായിരുന്നെന്നു വിശദമാക്കി പി.രാജീവ് നടത്തിയ വാര്‍ത്താസമ്മേളനത്തിനു പിന്നാലെയാണ് സാബുവിന്റെ പ്രതികരണം.
ഒരു വ്യവസായിയെ ഒരു മാസം മൃഗത്തെ പോലെ പീഡിപ്പിച്ചു. നന്നായി പോകുന്ന ഒരു സ്ഥാപനം 73 കുറ്റങ്ങള്‍ ചെയ്‌തെന്നു കാണിച്ച് മെമ്മോ നല്‍കി. പരിശോധനകള്‍ നടത്തിയത് ബെന്നി ബെഹനാന്‍ എംപിയുടെയും പി.ടി.തോമസ് എംഎല്‍എയുടെയും പരാതിയെ തുടര്‍ന്നാണ് എന്നത് പുതിയ അറിവാണ്. ഇതു കണ്ടുപിടിക്കാന്‍ സര്‍ക്കാര്‍ ഒരു മാസമെടുത്തു.
”തന്റെ വ്യവസായം ഇവിടെനിന്നു കൊണ്ടുപോകേണ്ടെന്നു പറയാന്‍ ആര്‍ക്കും സാധിക്കില്ല. 3500 കോടി എവിടെ നിക്ഷേപിക്കും എന്നതിനെക്കാള്‍ ഒരു കോടിയുടെ നിക്ഷേപം പോലും ഏതു സംസ്ഥാനവും രാജകീയമായി സ്വീകരിക്കുന്ന സാഹചര്യമാണുള്ളത്. 9 സംസ്ഥാനങ്ങളില്‍നിന്ന് ഇതുവരെ ക്ഷണം വന്നിട്ടുണ്ട്. ഇതു കിറ്റെക്‌സിന്റെ മാത്രം പ്രശ്‌നമല്ല, കേരളത്തില്‍ 10,000 രൂപ മുതല്‍ നിക്ഷേപിക്കുന്നവരുടെ പ്രശ്‌നമായിട്ടാണ് കാണുന്നത്. അതു പരിഹരിക്കാന്‍ സര്‍ക്കാരിനു സാധിക്കുന്നില്ലെങ്കില്‍ പിന്നെ പറഞ്ഞിട്ടു കാര്യമില്ല.” സാബുവിന്റെ വിലാപം അങ്ങനെയാണ്.
നേരത്തെ മുത്തൂറ്റായിരുന്നു പ്രശ്‌നം. മുത്തൂറ്റിനെതിരെ നിരന്തരം സമരം നടത്തിയത് മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരാണ്. കൊവിഡ് രൂക്ഷമായത് മാത്രമല്ല മുത്തൂറ്റിനെതിരായ സമരം നിര്‍ത്തിയതിന് പിന്നില്‍ എന്ന് കേള്‍ക്കുന്നു. കോടികള്‍ മുടക്കി നേതാക്കളെ വിലക്കെടുത്തും നേതാക്കള്‍ തൊഴിലാളികളെ വഞ്ചിച്ചുമുള്ള ഇടപാട്. പുതിയ ഒരു വ്യവസായവും നടത്താന്‍ കെല്‍പ്പില്ലാത്ത സര്‍ക്കാര്‍ രണ്ടും കല്‍പ്പിച്ച് കാശുമുടക്കുന്നവരെ കൊല്ലുന്നു. കൊല്ലാക്കൊല ചെയ്യുന്നു.
പൂട്ടിക്കാന്‍ കഴിഞ്ഞ ഫാക്ടറികളില്‍ ചിലത്
പാര്‍വതി മില്‍സ്, മെക്രോടെക്‌സ് ബാറ്ററീസ്, ട്രാവന്‍കൂര്‍ ഇലക്ട്രോ കെമിക്കല്‍സ്, വളപട്ടണം പ്ലൈവുഡ് ഫാക്ടറീസ്, എക്‌സല്‍ ഗ്ലാസ് ഫാക്ടറി, ശ്രീശക്തി പേപ്പര്‍മില്‍, നിലമ്പൂര്‍ വുഡ് ഇന്‍സ്ട്രീസ്, സ്പിന്നിംഗ്മില്‍ ആലപ്പുഴ, ഉഷാ ലാറ്റക്‌സ് വൈക്കം, കോംട്രസ്റ്റ് കോഴിക്കോട്, മദുരാ കോട്‌സ് തൃശൂര്‍, നാട്ടിക കോട്ടണ്‍മില്‍സ് , സിഡ്‌കോ പച്ചാളം, ബോട്ടല്‍ വാഷിംഗ് പ്ലാന്റ്, സിറിങ്ങ് മേക്കിംഗ് പ്ലാന്റ്, കേരള സ്പിന്നേഴ്‌സ്, തോഷിബാ ആനന്ദ്, സൗത്ത് ഇന്ത്യന്‍ വയര്‍സ് ആന്റ് റോപ്‌സ്, പ്രഭു റാം മില്‍, ലിമാ ബിസ്‌കറ്റ്‌സ്, ടസ്സില്‍ ചിങ്ങവനം പുലികേശ്, ഷുഗര്‍മില്‍സ് നാട്ടകം, ട്രാവന്‍കൂര്‍ സിമന്റ്‌സ്, അമര്‍ കോയര്‍ ഇന്‍ഡസ്ട്രീസ്, കേരള വാഷ്‌വല്‍ സോപ്‌സ്, ട്രാവന്‍കൂര്‍ ഷുഗര്‍മില്‍സ്, ഇരവന്‍കര ഗ്ലാസ് ഫാക്ടറി, പ്രിമിയര്‍ കേബിള്‍സ്, ജെആന്റ് ബി കോട്‌സ്, കുന്നത്തറ ടെക്‌സ്‌റ്റൈല്‍സ്, മൊറാര്‍ജി കെമിക്കല്‍സ്, ടാപ്പിയോക്കാ പ്രോഡക്ട്‌സ്, വനജാ മില്‍, കേരള സ്പിന്റേഴ്‌സ്, കുണ്ടറ ക്ലേ പ്ലാന്റ്, കൊഴഞ്ചേരി വിവേര്‍സ്, പുനലൂര്‍ മുക്കടവ് പ്രൈവുഡ്ജ്, പന്തളം ഷുഗര്‍ മില്‍സ്, ഇലക്ട്രോണിക് പാര്‍ക്ക്, ആലപ്പി കൊയര്‍ ഫാക്ടറി, കൊല്ലം കാഷ്യു ഫാക്ടറികള്‍, ഗണേഷ് ഉള്‍പ്പെടെ ബീഡി കമ്പനികള്‍.
മന്ത്രി എം.വി. ഗോവിന്ദന്റെ ഭാര്യ ശ്യാമള ടീച്ചര്‍ അധ്യക്ഷയായ ആന്തൂര്‍ നഗരസഭ ഒരു പാര്‍ട്ടി ഗ്രാമമാണ്. അവിടെ 10 കോടി മുതല്‍ മുടക്കി സാജന്‍ എന്ന പ്രവാസി ഒരു കണ്‍വെന്‍ഷന്‍ സെന്റര്‍ കെട്ടിപ്പൊക്കി. പക്ഷെ നഗരസഭയുടെ അനുമതി നീട്ടി നീട്ടി പോയപ്പോള്‍ സാജന് ആത്മഹത്യയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമുണ്ടായില്ല. സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസന്വേഷണം അവസാനിപ്പിക്കുന്നതായി പൊലീസ് റിപ്പോര്‍ട്ട് നല്‍കി. സാമ്പത്തികവും മാനസികവുമായ കാരണങ്ങളാലുള്ള ആത്മഹത്യയില്‍ ആര്‍ക്കെതിരെയും പ്രേരണക്കുറ്റം ചുമത്താനാകില്ലെന്നാണ് പൊലീസ് പറയുന്നത്. തളിപ്പറമ്പ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി വൈകിക്കാന്‍ ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പികെ ശ്യാമള ഇടപെട്ടതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിഎം എഴുതി നല്‍കിയ റിപ്പോര്‍ട്ടാണ് പൊലീസ് കോടതിയില്‍ കൊടുത്തതെന്നും ഉന്നതതല അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷത്തിന്റെ പ്രതികരണം. അതാര് ഗൗനിക്കുന്നു?
രണ്ടുവര്‍ഷം മുമ്പ് പുനലൂര്‍ വര്‍ക്‌ഷോപ് ഉടമ പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലിന്‍കീഴില്‍ സുഗതന്‍ ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല. സംഭവത്തില്‍ ഇടപെട്ട സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസിന്റെ അനാസ്ഥയാണ് അന്വേഷണം എങ്ങുമെത്താത്തതിന് കാരണമെന്നാണ് നാട്ടുകാര്‍ ആരോപിച്ചത്. ആന്തൂരില്‍ സിപിഎമ്മിനാണ് പഴിയെങ്കില്‍ പുനലൂരില്‍ സിപിഐയാണ് പ്രതിക്കൂട്ടില്‍.
സിപിഐയുടെ യുവജന സംഘടന പിരിവിന് ഇറങ്ങിയതാണ് സുഗതന്റെ ജീവനെടുത്തത്. അച്ഛനുണ്ടായ അനുഭവം ഇനി ഒരു പ്രവാസിക്കും ഉണ്ടാകരുതെന്നാണ് അദ്ദേഹത്തിന്റെ മക്കള്‍ പറയുന്നത്. ഇവിടുത്തെ വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ഇരയാണ് തങ്ങളുടെ അച്ഛനെന്ന് മക്കളായ സുജിയും സുജിത്തും ഒരേശബ്ദത്തില്‍ പറയുന്നു.
40 വര്‍ഷമായി മസ്‌കറ്റിലെ ജിബ്രാലില്‍ സ്വന്തമായി വര്‍ക്ക് ഷോപ് നടത്തിവരികയായിരുന്നു ഭാര്യക്കും മക്കള്‍ക്കും ഒപ്പം സുഗതന്‍. മസ്‌കറ്റിലടക്കം വിദേശികളെ തിരിച്ചയക്കുന്നത് കൂടി കണക്കിലെടുത്ത് നാട്ടില്‍ സ്ഥാപനം തുടങ്ങി പ്രവാസ ജീവിതം അവസാനിപ്പിക്കാനിരിക്കുകയായിരുന്നു സുഗതന്‍. അങ്ങനെയാണ് മൂത്ത മകനുമൊത്ത് നാട്ടിലെത്തിയത്. വര്‍ക്ക്‌ഷോപ്പിന് ആവശ്യമായ മിക്ക ഉപകരണങ്ങളും കൊണ്ടുവന്നു. മസ്‌കറ്റില്‍ വര്‍ക്ക്‌ഷോപ് ജോലി ചെയ്യുന്ന നാട്ടിലുള്ള ചിലരെകൂടി ഉള്‍പ്പെടുത്തി സ്ഥാപനം ആരംഭിക്കാനാണ് ഇളമ്പലില്‍ കെട്ടിടമുണ്ടാക്കിയത്. അത് പക്ഷേ കെട്ടിത്തൂങ്ങാനാണ് ഉപയോഗിക്കേണ്ടിവന്നത്. ഇതൊക്കെ ചെറിയ ഉദാഹരണങ്ങള്‍ മാത്രം.
മലയാളികള്‍ക്ക് കേരളത്തില്‍ പുതിയ സംരംഭം തുടങ്ങാന്‍ പേടിയാണ്. നാട്ടില്‍ പണിയെടുക്കാന്‍ മടിയും. ലക്ഷക്കണക്കിന് മലയാളികള്‍ കേരളത്തിനു പുറത്ത് രാപ്പകലില്ലാതെ ജോലി ചെയ്യും. പക്ഷെ ഇവിടെ പണിയെടുക്കുന്നതിനെക്കാള്‍ പണി മുടക്കിലാണ് ഊന്നല്‍. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ വ്യവസായ വളര്‍ച്ചയുള്ളതാണ് കോയമ്പത്തൂരില്‍. അവിടത്തെ പുതിയ സംരംഭങ്ങളില്‍ 65 ശതമാനവും കേരളീയരാണത്രെ തുടങ്ങുന്നത്. കേരളത്തിലെ വ്യവസായ മന്ത്രി അതൊന്ന് പഠിക്കേണ്ടതല്ലെ? ഒന്നും പഠിക്കുകയല്ല, ജനങ്ങളെയും വ്യവസായസംരംഭകരേയും പകയോടെ പാഠം പഠിപ്പിക്കുക എന്നതായിരിക്കുന്നു കേരള സര്‍ക്കാരിന്റെ രീതി. അതുകൊണ്ടുതന്നെ സംസ്ഥാനം വ്യവസായങ്ങളുടെ ശവപ്പറമ്പാകുന്നത് സ്വാഭാവികം.