കാവ്യകൈരളിയുടെ തീര്‍ത്ഥ വഴികളിലൂടെ കല്പനകളുടെ പുഷ്പ കിരീടമണിഞ്ഞ് കഴിഞ്ഞ ആറുപതിറ്റാണ്ടിലേറെക്കാലമായി സ്വച്ഛന്ദപ്രയാണം നടത്തിയ വരിഷ്ഠകവി പൊന്നങ്കോടു ഗോപാലകൃഷ്ണനും വിട പറഞ്ഞിരിക്കുന്നു. അര്‍ഹമായ വിധത്തിലുള്ള അംഗീകാരങ്ങളോ ആദരവുകളോ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ടെന്നു പറയാനാവുകയില്ല. ജീവിതകാലമത്രയും കാവ്യോപാസനയില്‍ മുഴുകിക്കഴിഞ്ഞ അദ്ധ്യാപക ശ്രേഷ്ഠനായിരുന്ന അദ്ദേഹം ആര്‍ഷസംസ്‌കൃതിയുടെ സാത്വികപ്രഭ പരത്തുന്ന ഒരു കാവ്യപ്രതിഭയുടെ ഉടമയായിരുന്നു.
1933 ഡിസംബര്‍ 15നായിരുന്നു ജനനം; 2021 ജൂണ്‍ 6ന് വിയോഗവും. പഴയ കോഴിക്കോട് ജില്ലയില്‍ വയനാട്ടു താലൂക്കില്‍ വെങ്ങപ്പള്ളി തെക്കുന്തറ ദേശത്തില്‍ പൊന്നങ്കോടു വീട്ടില്‍; അമ്പുനായര്‍, നാരായണി അക്കമ്മ എന്നിവരായിരുന്നു മാതാപിതാക്കള്‍. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, പാലക്കാട്ട് വിക്‌ടോറിയ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, കോഴിക്കോട് ഗവ. ട്രെയിനിങ് കോളേജ് എന്നിവിടങ്ങളില്‍ പഠിച്ചു. ഡിഗ്രി സമ്പാദനത്തിനുശേഷം ഹൈസ്‌കൂള്‍ അദ്ധ്യാപകനായും ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഹെഡ്മാസ്റ്ററായും ഔദ്യോഗിക ജീവിതം. കെ.ജി. വിനോദിനി അക്കമ്മയാണ് സഹധര്‍മ്മിണി. ശ്രീവല്ലഭന്‍, ശ്രീരഞ്ജിത്, ശ്രീകാന്തന്‍ എന്നിവര്‍ മക്കളും.
ഋഷികല്പനായ മഹാകവി
മലയാള കവിതയുടെ ചരിത്രവര്‍ത്തമാനങ്ങളില്‍ കീര്‍ത്തനീയരായ പലരുമായും ഗാഢസൗഹൃദം പുലര്‍ത്തുവാനും അവരോടൊപ്പം കാവ്യരചന നടത്തുവാനും കഴിഞ്ഞിട്ടുള്ള ഋഷികല്പനായ കവിയാണ് പൊന്നങ്കോട് ഗോപാലകൃഷ്ണന്‍ നമ്പ്യാര്‍. മഹാകവി എന്ന വിശേഷണത്തിന് സര്‍വ്വഥാ യോഗ്യനായ അദ്ദേഹത്തിന്റെ കാവ്യസഞ്ചാരം ഒഴുകി ഒലിച്ചുപോയ ഒരു സംസ്‌കൃതിയുടെ തെളിനീരുറവകള്‍ തേടിയുള്ളതായിരുന്നു. തലമുറകള്‍ക്കു മാര്‍ഗ്ഗദര്‍ശനമരുളുന്ന ഉത്തിഷ്ഠമാനനായ ഒരു ഗുരുനാഥന്റെ ഹൃദയമുദ്രകള്‍ പതിഞ്ഞു കിടക്കുന്ന ആ കവിതകള്‍ക്ക് അനുപമമായ ഒരാത്മലാവണ്യമുണ്ട്; സാത്വിക ജീവിതവീക്ഷണത്തിന്റെ സംശുദ്ധിയും പ്രബുദ്ധതയുമുണ്ട്; സമര്‍പ്പിതമായ വിശ്വാസത്തിന്റെ സാന്ദ്രാനന്ദകരമായ സമ്മോഹനത്വവുമുണ്ട്.
ഇതെല്ലാം ആ കവിതയ്ക്കു താനേ വന്നു ചേരുന്ന നൈസര്‍ഗ്ഗിക സിദ്ധികളാണെന്നു തിരിച്ചറിയുമ്പോഴേ പൊന്നങ്കോടുമാഷിന്റെ പ്രതിഭയുടെ പ്രകാശ ലോകങ്ങള്‍ തുറന്നു കിട്ടുകയുള്ളൂ. ജീവിതത്തിന്റെ നാനാഭാവ സങ്കുലമായ മേഖലകളില്‍ വ്യാപരിക്കുമ്പോഴും താനൊരു കവിയാണ്, കവിമാത്രമാണ് എന്നുള്ളൊരാത്മബോധത്തിന്റെ വെളിച്ചത്തിലാണ് അദ്ദേഹം തന്റെ ഹൃദയ ഭാവങ്ങള്‍ക്കു ചിറകുകള്‍ നല്‍കുവാന്‍ ശ്രമിച്ചിട്ടുള്ളത്. അവിടെയൊക്കെ ഒരു മഹാ പൈതൃകത്തിന്റെ സുകൃതനിധിയായ പ്രതിനിധിയായി നമുക്കു മുന്നില്‍ വന്നു നില്‍ക്കുന്ന ഒരാചാര്യന്റെ അമൃതമൊഴികളാവും കാതുകളില്‍ വന്നു പതിക്കുക. ആ മൊഴികളില്‍ ഘനീഭൂതമായ ദുഃഖത്തിന്റെ ഒരു തണുത്ത സ്പര്‍ശമുണ്ട്, അഹങ്കാരലേശമില്ലാത്ത ജീവിതശൈലിയുടെ പ്രശാന്തിയുണ്ട്, ഐഹികാസക്തികളില്‍ നിന്നു മുക്തി നേടിയ ഒരു മനസ്സിന്റെ സമര്‍പ്പണവുമുണ്ട്. ഇവിടെ ശാശ്വതമായി സനാതനമായി, സര്‍വ്വാന്തര്യാമിയായി ഉള്ളത് സര്‍വ്വേശ്വരന്‍ മാത്രമാണെന്ന സത്യത്തിന്റെ പ്രത്യക്ഷമായ വിളംബരമായി മാറുന്ന കവിത. ഉദാത്തമായ ഒരനുഭൂതിയുടെ പ്രണവതീര്‍ത്ഥമായിത്തീരുന്നു!
നിതാന്തമായ ജാഗ്രതയോടെ ഉണര്‍ന്നിരുന്ന കവിയാണ് പൊന്നങ്കോട്. താന്‍ ജീവിക്കുന്ന സമൂഹത്തിന്റെയും സനാതനങ്ങളായ മൂല്യവിശ്വാസങ്ങളുടെയും അപചയങ്ങളില്‍ വ്യാകുലപ്പെടുന്ന ഒരു മനസ്സാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. പക്ഷെ ആ വ്യാകുലത ഒരു ജീര്‍ണ്ണതയായി കൊണ്ടു നടക്കാതെ അതിനെ അതിജീവിക്കുവാനുള്ള സ്ഥൈര്യം പകരുന്ന ഒരു രാസവിദ്യയായി കവിതയെ വ്യാവര്‍ത്തിപ്പിക്കാനുള്ള ഒരു സിദ്ധി ഈ കവിയുടെ സ്വത്വത്തിനു തിളക്കം പകരുന്നു. അതൊരുപക്ഷെ പ്രാപഞ്ചിക ജീവിതത്തിന്റെ അവസ്ഥാന്തരങ്ങളില്‍ ആടിയുലയാത്ത ആത്മദര്‍ശനത്തിന്റെ ദീപ്തികൊണ്ടാകാം. വേദോപനിഷത്തുകളില്‍ നിന്നും ഇതിഹാസ പുരാണാദികളില്‍ നിന്നും ആര്‍ജ്ജിച്ച അനാദിയായ സംസ്‌കൃതിയുടെ സ്വാംശീകരണം കൊണ്ടുമാവാം. ഏതായാലും നിറകുടം തുളുമ്പുകയില്ല എന്നു പറയുന്നതു പോലെ അതെല്ലാം കാണുകയും അറിയുകയും അനുഭവിക്കുകയും ചെയ്യുമ്പോഴും ഹൃദയം ക്ഷുദ്രമാകാതെ സമചിത്തതയോടെ എല്ലാം നോക്കിക്കാണുവാനും സമൂഹ മനസ്സിനെ ശുദ്ധീകരിക്കുവാനുമുള്ള തീവ്രമായ ഒരു ഇച്ഛാശക്തി ഈ കവിതകളുടെ പ്രാണവായുവായിത്തീരുന്നു.
ആ അനുഭവം മാത്രമോ? പ്രശസ്ത കവി പി. നാരായണക്കുറുപ്പ് ഒരു കൃതിയുടെ അവതാരികയില്‍ പറഞ്ഞതുപോലെ ഭാരതീയ ധര്‍മ്മത്തിന്റെ കാഹളം മുഴക്കാനുള്ള കവിയുടെ മനസ്സിന്റെ വെമ്പലാണ് ആ കവിതകളിലുടനീളം അനുഭവവേദ്യമാവുന്നത്. ഒരു ഇസത്തിന്റെയും പ്രസ്ഥാനത്തിന്റെയും കല്പനകളില്‍ ഒതുങ്ങി നില്‍ക്കാത്തതും എന്നാല്‍ എല്ലാ ഇസങ്ങളുടേയും സമ്യക്കായ ചേരുവയില്‍ ചാരുതപകരുന്നതുമാണ് മാഷിന്റെ കവിത എന്ന് നിഷ്‌ക്കൃഷ്ട നിരീക്ഷണം നടത്തുമ്പോള്‍ ബോദ്ധ്യമാകുന്നതാണ്. കാല്പനികതയുടെ തരളഭാവങ്ങള്‍ക്കൊപ്പം ക്ലാസ്സിക് കവിതയുടെ ഗുണപൗഷ്‌ക്കല്യങ്ങളും പൂത്തുനില്‍ക്കുന്ന കവിതയാണത്. എന്നാല്‍ ആത്യന്തികമായി യോഗാത്മകവും അതീന്ദ്രിയവുമായ അനുഭൂതികളുടെ കലവറയാണ് അദ്ദേഹം തുറന്നുതരുന്നതെന്ന് ഓരോ സമാഹാരത്തിലെയും കവിതകള്‍ മുന്‍നിര്‍ത്തിയുള്ള പഠനം വ്യക്തമാക്കുന്നു. ഗുരുവായൂരപ്പനെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ള കവിയുടെ ഹൃദയദ്രവീകരണ ക്ഷമമായ പ്രാര്‍ത്ഥന എന്തെന്നറിയേണ്ടേ?
‘എന്തുമാകട്ടെയെന്റെ മുജ്ജമകര്‍മ്മത്തിന്റെ ബന്ധങ്ങളറുത്തെന്നെ മോചിതനാക്കൂ കൃഷ്ണാ’ (അസ്തമയം) – എന്നാണ് ആ സച്ചിദാനന്ദ പൊരുളിനോട് പറയുന്നത്. ജീവിതത്തിനപ്പുറത്തും ഇപ്പുറത്തുമുള്ള കാര്യങ്ങളെക്കുറിച്ച് ആര്‍ക്കാണറിയുന്നത്. എല്ലാം അറിയുന്നതു ഭഗവാന്‍ മാത്രം! ആ ഒരു വിചാരവും വിശ്വാസവും അഹംബോധമറ്റ കവി മനസ്സിന്റെ നിര്‍മ്മല ചിത്രമായി ഇവിടെ തെളിഞ്ഞുവരുന്നു.
നമഃശിവായയെന്നുള്ള മന്ത്രപഞ്ചാക്ഷരത്തിനെ അക്കരയ്ക്കു കടക്കാനായ് തുഴയാക്കിത്തരേണമേ (ശിവദശകം) എന്നു ശിവനോടു പ്രാര്‍ത്ഥിക്കുമ്പോഴും അതേ മനസ്സുതന്നെ. എല്ലാ ആരാധനാ മൂര്‍ത്തികളും പരമാത്മതത്വത്തിന്റെ വിവിധ രൂപങ്ങള്‍ ആയിക്കാണുന്ന കവിയുടെ അദ്വൈതസങ്കല്പത്തിന്റെ പ്രഭാപൂര്‍ണ്ണമായ ലോകം പങ്കുവയ്ക്കുന്ന ഭാവസൗരഭവും വാഗതീതമെന്നേ പറയേണ്ടൂ.
ഒരു കവിയെന്ന നിലയിലുളള തന്റെ ധര്‍മ്മം സാമൂഹിക പ്രതിബദ്ധതയിലുറച്ചതാണ് എന്നു വിശ്വസിക്കുന്ന മാഷ് വര്‍ത്തമാനകാല സമസ്യകള്‍ക്ക് നേരെ തുറന്നുപിടിച്ച കണ്ണുകളുമായാണ് നില്‍ക്കുന്നത് എന്ന് ബോധ്യപ്പെടുത്തുന്ന കവിതകളാണ് ഘര്‍വാപസി, പുതിയ തിരുവോണക്കാഴ്ചകള്‍, വിടരാത്ത ഓണപ്പൂക്കള്‍, ഓണം അന്നും ഇന്നും നാളെയും തുടങ്ങിയവ. ഓര്‍മ്മയുടെ ഓളക്കുത്തുകളില്‍ നീന്തിത്തുടിക്കുവാനുള്ള വ്യഗ്രതയാണ് കാവ്യസ്മരണ, കിളിപ്പാട്ട്, ഗുരുവന്ദനം, കണ്ടംകുളംദശകം, തിലോദകം തുടങ്ങിയ കവിതകളില്‍ തുടിച്ചു നില്‍ക്കുന്നത്. കേരളീയ പാരമ്പര്യങ്ങളിലും കലകളിലും ആചാരാനുഷ്ഠാനങ്ങളിലും സവിശേഷ പ്രതിപത്തിയുള്ള കവി മനസ്സിന്റെ ഭാവചിത്രങ്ങളാണ് മറ്റൊരു ഭരണകൂടം, വരുംകാല തിറതെയ്യങ്ങള്‍, മാര്‍ത്താണ്ഡവിജയം, തിറമഹോത്സവം തുടങ്ങിയവയില്‍ കാണാനാവുക. തനി കേരളീയതയുടെ കവികളായി അറിയപ്പെടുന്ന വൈലോപ്പിള്ളിക്കും പി.കുഞ്ഞിരാമന്‍ നായര്‍ക്കും പാലാ നാരായണന്‍ നായര്‍ക്കുമൊപ്പം ഒരു സിംഹാസനത്തിന് അര്‍ഹനാണ് പൊന്നങ്കോട് എന്നു പറയാന്‍ അശേഷം മടിക്കേണ്ട.
പൂത്തിരി, സ്വര്‍ണ്ണമേഘങ്ങള്‍, പ്രണവം, ഗായത്രി, പുരുഷസൂക്തം, ഇദം ന മമ, പുതുവിത്തുകള്‍ എന്നീ മുഖ്യകൃതികള്‍ മലയാള കവിതാചരിത്രത്തില്‍ ഈ കവിയ്ക്ക് ചിരപ്രതിഷ്ഠ നേടിക്കൊടുത്തിരിക്കുന്നു. വ്യക്തിഗതമായ ദുഃഖങ്ങളുടെ നെരിപ്പോടില്‍ നീറിപ്പിടഞ്ഞ അനുഭവങ്ങളെപ്പറ്റി എഴുതുമ്പോഴും
അടുത്ത നിമിഷംപോലും
എന്റേതല്ലെന്നറിഞ്ഞുഞാന്‍
എന്റതെങ്കിലതിന്നുള്ളില്‍
അമൃതത്തെ നിറയ്ക്കുക – എന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ അത് കവിയുടെ ആത്മമന്ത്രങ്ങളായി മാറുന്നു; ഒരു ഋഷി കവിയുടെ അന്തര്‍ദര്‍ശനത്തില്‍ നിന്നടര്‍ന്നു വീഴുന്ന മൊഴിമുത്തുപോലെ ആ മുത്തുകളില്‍ പ്രകാശിക്കുന്നത് സാര്‍ത്ഥകമായ ഒരു ജന്മത്തിന്റെ സൗഷ്ഠവമെന്നു പറഞ്ഞാല്‍ പോരാ, ഈശ്വരസാക്ഷാല്‍ക്കാരം നേടിയ ഒരു ധന്യാത്മാവിന്റെ വെളിപാടുകള്‍ എന്നുതന്നെ പറയണം. ‘ജീവിതത്തിന്റെ മൂല്യത്തെ നിര്‍ണ്ണയിപ്പതു മൃത്യുവാണ്’ എന്ന ഉപദര്‍ശനം നടത്തുന്ന കവിയുടെ ഓരോവാക്കും സത്യത്തിന്റെ സ്വക്ഷേത്രത്തിലേക്കുള്ള സുവര്‍ണ്ണ സോപാനങ്ങളായിത്തീരുന്ന അനുഭവം! അങ്ങനെയൊരനുഭവം മലയാള കവിതയ്ക്കു സമ്മാനിച്ച ഈ മഹാകവി തമിഴ്, സംസ്‌കൃതം, ഇംഗ്ലീഷ് എന്നീ ഭാഷകളെ ശ്രദ്ധാപൂര്‍വ്വം പഠിച്ചശേഷം അതെല്ലാം മറക്കുകയും സ്വന്തം ഹൃദയത്തിലെ ഭാരതീയ സംസ്‌കാരസ്പന്ദങ്ങളിലേക്ക് ശ്രദ്ധിച്ചു തന്റെ രക്തനാഡികളിലുളവാകുന്ന ചലനങ്ങളെപ്പറ്റി കവിതയെഴുതിപ്പോരുകയും ചെയ്ത ആളാണ് എന്ന് മഹാകവി അക്കിത്തം പുതുവിത്തുകള്‍ എന്ന കാവ്യസമാഹാരത്തിന് നല്‍കിയ ആശംസാക്കുറിപ്പില്‍ പറഞ്ഞിരിക്കുന്നത് കേവലമായ ഒരു പ്രശംസാവാചകം എന്നതിനപ്പുറത്തു ഉത്തിഷ്ഠമാനനായ ഒരു മഹാകവി സമാനഹൃദയനായ മറ്റൊരു കവിയ്ക്കു നല്‍കുന്ന പ്രമാണപത്രമായാണ് കാണേണ്ടത്. ഇവിടെ കൂടുതലൊന്നും പറയാതെ ഭാരതീയസംസ്‌കൃതിയുടെ വിമലാകാശങ്ങളിലേക്ക് പറന്നു പോയ പൊന്നങ്കോടു മാഷിന്റെ സുകൃതസ്മൃതികള്‍ക്കു മുന്നില്‍ പ്രണാമങ്ങളര്‍പ്പിക്കുക മാത്രമേ നമുക്കു ചെയ്യാനുള്ളു. ആ സ്മൃതികള്‍ക്കു മരണമില്ലല്ലൊ!