‘ജാതസ്യ ഹി ധ്രുവോ മൃത്യുര്‍
ധ്രുവം ജന്മ മൃതസ്യ ച’
കൊണ്ടോട്ടി തക്കിയാവിന്റെ വരാന്തയില്‍ നീണ്ടു നിവര്‍ന്നു കിടക്കവേ തങ്ങള്‍ ഒരിക്കല്‍ പറഞ്ഞ വാചകം വേലായുധന്‍ ഒരിക്കല്‍ കൂടി ഓര്‍ത്തു. ജനനവും മരണവും മാറിമാറി വരും, അപരിഹാര്യമായ ഈ ആവര്‍ത്തനത്തിന്റെ പേരില്‍ ദുഃഖിക്കുന്നതെന്തിന്?
ലഹളകളില്‍ കൊല്ലപ്പെടുമെന്ന ഭയം ഉണ്ടോ എന്ന ചോദ്യത്തിന് ‘നിങ്ങള്‍ പഠിച്ചതല്ലേ വേലായുധാ ഈ ശ്ലോകം. എന്നിട്ട് എന്നോട് ചോദിക്കേണ്ടതുണ്ടോ’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വേലായുധനു ചുറ്റും തകര്‍ക്കപ്പെട്ട സാമഗ്രികളുടെ അവശിഷ്ടങ്ങള്‍. ലഹളകളുടെ കനലാട്ടങ്ങള്‍ കൊണ്ടോട്ടിക്കും അതിന് പടിഞ്ഞാറുള്ള ദേശങ്ങള്‍ക്കും അന്യമായിരുന്നു. കൊണ്ടോട്ടിയിലെ മാപ്പിളമാര്‍ ലഹളയില്‍ ചേര്‍ന്നിരുന്നില്ല. സമാധാനത്തോടെ വര്‍ത്തിച്ചിരുന്ന ഈ ചരിത്രഭൂമിയിലേക്ക് ഒരേയൊരു തവണ അക്രമത്തിന്റെ കൊടുങ്കാറ്റെത്തിച്ചത് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജി ആയിരുന്നു.
കൊണ്ടോട്ടിത്തങ്ങളെ ശിക്ഷിച്ച്, കൊണ്ടോട്ടി പിടിച്ചടക്കി, ജയഭേരി മുഴക്കി കോഴിക്കോട്ടേക്കൊരു ഘോഷയാത്രയായി പോയി, കലക്ടറെ തോല്‍പ്പിച്ച് കോഴിക്കോടിനെ കാല്‍ക്കീഴിലാക്കി മലബാറിലെ ചക്രവര്‍ത്തിയായി ഒരിരിപ്പ്. വാരിയന്‍കുന്നന്റെ സ്വപ്‌നം നിറഞ്ഞുകവിഞ്ഞു. കിഴക്കുനിന്നും അയാള്‍ ആ സ്വപ്‌നത്തിന്റെ ചടുലതയില്‍ കൊണ്ടോട്ടിയെ ലക്ഷ്യം വച്ചെത്തുകയായിരുന്നു. രാജോചിതമായ ഒരു ആഡംബര യാത്ര. പച്ചക്കുടത്തണലില്‍, വെഞ്ചാമരക്കാറ്റേറ്റ്, ആലവട്ടങ്ങള്‍ക്കു നടുവില്‍ സൈന്യസമേതം കൊണ്ടോട്ടിയിലെത്തി.
സൈന്യം രണ്ടായി പിരിഞ്ഞു. ഒരു സംഘം പൊലീസ് സ്റ്റേഷനും രജിസ്ട്രാര്‍ ഓഫീസും തകര്‍ത്തു. ഹാജിയാര്‍ നയിച്ച രണ്ടാം സംഘം തങ്ങളുടെ വസതിയിലേക്ക് ഇരച്ചുകയറി. തക്കിയാവിന്റെ വരാന്തയില്‍ കണ്ടതെല്ലാം തകര്‍ത്തു. പൂര്‍വികന്മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന ഖുബ്ബയില്‍ മൊല്ലാക്ക നകാരം മുഴക്കി ആപത്തിന്റെ സൂചന ആകാശത്തേക്ക് വിതറി. നകാരം അടി നിര്‍ത്താന്‍ പറഞ്ഞപ്പോള്‍ അനുസരിക്കാതിരുന്ന മൊല്ലാക്കയ്ക്ക് ഒരു വെടിയുണ്ടയ്ക്ക് മുന്നില്‍ നിശ്ശബ്ദനായി കീഴടങ്ങേണ്ടിവന്നു. തങ്ങളെ കാണാന്‍ ആയുധം വെക്കണമെന്ന് പറഞ്ഞ കാര്യസ്ഥനെ ഹാജിയാര്‍ ഭീഷണിപ്പെടുത്തി. കാര്യസ്ഥന്‍ തക്കിയാവിന്റെ മുകള്‍നിലയിലേക്ക് പോയി.
പെട്ടെന്ന് ഭീകരമായൊരു ശബ്ദത്തോടൊപ്പം ഒരു വെടിയുണ്ട പാറിവന്ന് ഹാജിയാരുടെ വലംഭാഗം നില്‍ക്കുന്ന അജാനുബാഹുവായ അനുയായിയുടെ നെറ്റിയില്‍ തറച്ചു. വെട്ടേറ്റ് വീഴുന്ന വന്‍മരം പോലെ അയാള്‍ തന്റെ മുന്നിലേക്ക് വീഴുന്നത് കണ്ടു ഹാജിയാര്‍ വിറച്ചു. ലഹള തുടങ്ങിയതിനുശേഷം വാരിയന്‍കുന്നനറിഞ്ഞ ആദ്യ വിറയല്‍. പൂര്‍വികന്മാരുറങ്ങുന്ന ഖുബ്ബയില്‍ നിന്നായിരിക്കും ആ ഭീകരശബ്ദമെന്ന ധാരണയില്‍ ജനിച്ച വിറയല്‍. മതവഴിയില്‍ മുന്‍പേ ഗമിച്ചവരുടെ പുണ്യ സങ്കേതത്തോട് നടത്തിയ അനാദരവിന്റെ ശിക്ഷ. പടച്ചവന്റെ കോപം?
അനുചരന്‍മാര്‍ക്കൊപ്പം ഹാജിയാര്‍ വടക്കോട്ടോടി. ഭയവും പരിഭ്രമവും കലര്‍ന്ന ഓട്ടം. മുറിയെ നിന്ന തോട്ടിലേക്ക് ഓരോരുത്തരായി വീണു. ദേഹത്താകെ മുറിപ്പാടുകള്‍. ചേറും ചെളിയും പുരണ്ട്, ആഡംബരങ്ങളെല്ലാം നശിച്ച് ഒരു വിധം കൊണ്ടോട്ടിയില്‍ നിന്നും രക്ഷപ്പെട്ടു.
അവിടുന്ന് അരീക്കോട് പോയി കരിപ്പത്ത് ഇല്ലത്ത് താമസിച്ച് ചെറിയ ലഹളകള്‍ നടത്തി. പിന്നീട് പാണ്ടിക്കാട്ട് പട്ടാള ക്യാമ്പ് ആക്രമിച്ചു. ഒടുവില്‍ ഗൂര്‍ഖ പട്ടാളക്കാരുടെ കുക്രികള്‍ക്കു മുമ്പില്‍ അടിപതറിയ സൈന്യത്തിന്റെ ആ അധിപന് ശക്തി ചോര്‍ന്നു പോയി.
കഥകള്‍ ഒരുപാടുണ്ട്. കണ്ണീരിന്റെ കഥകള്‍.
വേലായുധന്‍ കണ്ണുകള്‍ തുടച്ചു.
നാളെ തനിക്ക് ഒരു യാത്ര പോണം. കേളപ്പജി ജയിലില്‍നിന്ന് വന്നിട്ടുണ്ട്. അദ്ദേഹത്തെ തേടിയുള്ള യാത്ര തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. നേരിലൊന്നു കാണാന്‍ വിധി ഇതുവരെ സമ്മതിച്ചില്ല.
തക്കിയാവില്‍ത്തന്നെയായിരുന്നു അന്നത്തെ ഉറക്കം. ഇപ്പോള്‍ കുറച്ചു കാലമായി ഇങ്ങനെയാണ്. തക്കിയാവിലെ ഉറക്കം, തങ്ങളുടെ ഭക്ഷണം, തനിച്ചുള്ള കറക്കം.
അതിരാവിലെ പുറപ്പെട്ടതിനാല്‍ ഉച്ചയ്ക്ക് മുമ്പ് മുചുകുന്നിലെത്തി. കേളപ്പജിയുടെ വീട് പകലുറക്കത്തിലാണ്. അമ്മ കാത്തിരിപ്പിലെന്നവണ്ണം വരാന്തയിലിരിക്കുന്നു. കാളവണ്ടിയില്‍ നിന്നിറങ്ങിയ ഉടന്‍ അവര്‍ തന്നെ കണ്ട് മുറ്റത്തേക്കിറങ്ങി വന്നതില്‍ വേലായുധന്‍ അതിശയിച്ചു. ജന്മാന്തര ബന്ധത്തിന്റെ വാത്സല്യം പൊഴിയുന്നൊരു കടാക്ഷം. ഭര്‍ത്താവ് മരിച്ചന്ന് മൃതദേഹത്തിന് മുന്നില്‍ അലറിക്കരഞ്ഞു തളര്‍ന്നുകണ്ട മുഖത്തിപ്പോള്‍ ദീനത്തിന്റെ നിഴല്‍ചിത്രങ്ങള്‍. അവശത നല്ലവണ്ണം പൊതിഞ്ഞുകെട്ടി നില്‍പ്പുള്ള ശരീരം.
‘ആരാ. എവിടുന്നാ?’
‘കേളപ്പജി…?’ ചോദ്യം പ്രതീക്ഷിതമായിരുന്നെങ്കിലും മറുചോദ്യമാണ് സന്ദര്‍ഭോചിതമെന്ന് തോന്നി. ഉത്തരമടങ്ങിയിരിക്കുന്ന ചോദ്യം.
‘എവിടുന്നാ ?’ അവര്‍ ചോദ്യം ആവര്‍ത്തിച്ചു.
‘കൊണ്ടോട്ടീന്നാ. ഒന്നു കാണണമായിരുന്നു’.
‘അയ്യോ മോനെ, ഇവിടെ ഇല്ലല്ലോ. രാവിലെ ഇറങ്ങിയതാ. പന്തലായിനിയിലേക്കാണെന്നാ തോന്നുന്നത്’. തന്നോടുള്ള മുഴുവന്‍ സഹതാപവും ആ മുഖത്ത് അപ്പോള്‍ ഉയര്‍ന്നുപൊങ്ങിയത് വേലായുധനറിഞ്ഞു.
‘സാരൂല്ല… ഞാന്‍ പോയി നോക്കാം’. വേലായുധന്‍ തിരിഞ്ഞുനടന്നു.
‘മോനേ, കുറച്ച് വെള്ളം കുടിച്ചിട്ട് പോവാം’. അവര്‍ വേച്ചുവേച്ച് അകത്തേക്ക് നടന്നു. പാത്രത്തില്‍ നല്ല സംഭാരവുമായി വന്നു. ‘ഇരിക്കുന്നോ? ചോറ് കഴിക്കാനും
സമയായി’.
‘വേണ്ട, വേഗം തിരിച്ചു പോണം’ഗ്ലാസിലൊഴിച്ച മോരുവെള്ളം ഒറ്റവലിക്ക് കുടിച്ച് ഗ്ലാസ് തിരികെ കൊടുത്ത് ആ കൈകളിലൊന്ന് സ്പര്‍ശിച്ചു. മാതൃത്വത്തിന്റെ കുളിര്. ആ മുഖത്തേക്ക് നോക്കി. കേളപ്പജിയുടെ രൂപത്തിന്റെ ഛായ അവിടെയുണ്ടായിരിക്കണം. ആ കണ്ണുകളും ചുണ്ടും നെറ്റിത്തടവും ചേര്‍ത്തൊരു പുരുഷ യൗവനരൂപം സങ്കല്പത്തില്‍ മെനഞ്ഞു. ഒരു ചിരി സമ്മാനിച്ച് മടങ്ങി.
പന്തലായനിയില്‍ ഉച്ചക്കാറ്റ്. കടല്‍ത്തീരത്തെന്തോ പരിപാടി നടക്കുന്നതായി വഴിയില്‍ നിന്നൊരാള്‍ പറഞ്ഞു. പക്ഷേ കേളപ്പനുണ്ടോന്ന് അയാള്‍ക്കറിയില്ല.
അവിടെയെത്തുമ്പോഴേക്കും കടല്‍ത്തീരത്ത് ആളൊഴിഞ്ഞുകഴിഞ്ഞിരുന്നു. നാലഞ്ചുപേര്‍ യോഗസ്ഥലം വൃത്തിയാക്കുന്നു. അതിലൊരാളോട് വേലായുധന്‍ കേളപ്പനെ തിരക്കി.
‘കേളപ്പജി കുറച്ചു നേരത്തേ പോയി. അമ്മയ്ക്ക്….’ അയാളത് പൂര്‍ത്തിയാക്കിയില്ല. അപ്പോള്‍ കൂടെയുള്ള മറ്റേയാള്‍ വേലായുധനെ ഒന്നു നോക്കി. പിന്നീട് പൂരിപ്പിച്ചു.
‘മരണപ്പെട്ടൂന്നാ കേട്ടത്. കുറേപേര് പോയിട്ടുണ്ട്. ഞങ്ങളും പോവാനിരിക്ക്വാ’
വേലായുധന്‍ ചുട്ടുപൊള്ളുന്ന മണല്‍ത്തരികളെ ഞെരിച്ച് അവിടെയിരുന്നു. അവസാനമായി പകര്‍ന്ന സംഭാരത്തിന്റെ പുളിപ്പ് ചുണ്ടുകളില്‍ അമ്മിഞ്ഞ മധുരമായി കിനിഞ്ഞു.
വേലായുധന്റെ ദൃഷ്ടി പ്രക്ഷുബ്ധമായ ജലപ്പരപ്പിലൂടെ തിരകളെ കീഴടക്കി ചക്രവാളത്തിലേക്ക് പാഞ്ഞു. വലിയ പത്തേമാരികളും കപ്പലുകളും വന്ന് തീരത്തടുത്ത ചരിത്രസ്ഥലം. പൂര്‍വ്വേന്ത്യാ ദ്വീപുകള്‍, ചൈന, യമന്‍, പേര്‍ഷ്യ, അലക്‌സാണ്ട്രിയ തുടങ്ങിയ ലോകഭാഗങ്ങളില്‍ നിന്ന് വരുന്ന ജലവാഹനങ്ങള്‍. പന്തലായനി എന്ന വലിയ നഗരവും ബജാറുകളും തോട്ടങ്ങളും കണ്ട് അല്‍ബത്തൂത്ത എന്ന യാത്രികന്‍ കൗതുകം പൂണ്ട തീരം. വ്യാപാരികള്‍ക്ക് മുന്നില്‍ കടലിലേക്ക് പരവതാനി വിരിച്ച ചരിത്രത്തിലെ ഫന്റരൈര. ചരിത്രഗതിയില്‍ അത് ഫന്തറീനയായി, പണ്ടാരാണിയായി. ഇന്നലെകള്‍ നിറയെ കുരുമുളകിന്റെയും ഏലത്തിന്റെയും മണം. തീരദേശത്ത് ചീനപ്പള്ളികള്‍ ചീനയുമായുള്ള ബന്ധമോര്‍മ്മിപ്പിച്ച് കിടക്കുന്നു.
വാസ്‌കോഡഗാമയുടെ കപ്പല്‍ നങ്കൂരമിട്ടത് ഇവിടെയെന്ന ചരിത്രസത്യം കാപ്പാട് തീരമെന്ന് മാറിയതെവിടെവച്ച് എന്ന ചിന്തയോടെ വേലായുധന്‍ ഭൂതകാലത്തില്‍ നിന്നിറങ്ങിവന്നു. അതെ, ചരിത്രങ്ങള്‍ മാറ്റി മറയ്ക്കപ്പെടുകയാണ്. ചിലപ്പോള്‍ ഇനി ഏറനാടന്‍ കലാപത്തിന്റെ ചരിത്രം തിരുത്തി എഴുതപ്പെട്ടേക്കും. ഓരോ തലമുറയും മായംകലര്‍ന്ന ഇന്നലെകളുടെ ചരിത്രം പേറേണ്ടി വരുന്നവരാണ്. ഭൂതകാലത്തിന്റെ ശുദ്ധമായ കഥ ആര്‍ക്കാണ് ലഭിക്കുക?
സത്യം പാദുകമണിയുമ്പോഴേക്കും നുണ ലോകം ചുറ്റിത്തീര്‍ത്തിട്ടുണ്ടാകും.
അയാള്‍ എഴുന്നേറ്റു. നടന്നുചെന്ന് വണ്ടിയില്‍ കയറി. വയ്യ, മണിക്കൂറുകള്‍ക്കു മുമ്പ് ദാഹമകറ്റിത്തന്ന ആ അമ്മ ചേതനയറ്റു കിടക്കുന്നത് തനിക്ക് കാണേണ്ട. കേളപ്പജിയെ ആദ്യമായി കാണുന്നത് വിങ്ങിപ്പൊട്ടുന്ന മുഖത്തോടെ ആവരുത്. വേലായുധന്‍ തെക്കുഭാഗത്തേക്ക് കാളകളെ പായിച്ചു.
കേളപ്പന്‍ സ്വന്തം വീട്ടില്‍ ഏകനായി.
ഏകാന്തത തളംകെട്ടി നിന്ന വീട്ടിനകത്തേക്ക് സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കയറുമ്പോള്‍ അച്ഛന്റെ പരിഭവങ്ങളും അമ്മയുടെ പരിദേവനങ്ങളും കേളപ്പനെ എതിരേറ്റു.
നേരത്തെ എത്തിയ ഒരു ദിവസം അടുക്കളയില്‍ ചെന്ന് ഒരു കട്ടന്‍ ചായയിട്ട് വരാന്തയിലിരുന്ന് കുടിക്കുന്നതിനിടെ അനുജത്തി ലക്ഷ്മി കടന്നുവന്നു. അവള്‍ ഇടയ്ക്കിടയ്ക്ക് വരുന്നത് കൊണ്ട് വീട് ഇതുപോലെ അല്‍പസ്വല്‍പം വൃത്തിയും വെടിപ്പുമായി നില്‍ക്കുന്നു. കുടിച്ചു കാലിയാക്കിയ ഗ്ലാസ് അവര്‍ അടുക്കളയില്‍ കൊണ്ട് വെച്ച് തിരിച്ച് വന്നു.
‘വിളിച്ചാല്‍ വരില്ലേ ഏട്ടത്തി. ഈ ഏട്ടനെന്തിന്റെ പ്രാന്താ ഇങ്ങനെ ഒറ്റയ്ക്ക് ?’
ശരിയാണ്. താന്‍ ഭ്രാന്തിന്റെ ലോകത്താണ്. ശരിയുടെ ചിന്തകള്‍ നാട്ടുകാരും വീട്ടുകാരും ഭ്രാന്തായി സ്വീകരിക്കുന്നു. ഇതില്‍ ഭ്രാന്ത് ആരുടെ പക്ഷത്താണ്.
‘ഉം, നോക്കാം’. ശ്രമിച്ചു നോക്കുന്നത് നന്നായിരിക്കും എന്ന ചിന്ത മനസ്സിനകത്ത് എവിടെയോ കുടുങ്ങിക്കിടപ്പുള്ളത് മൂലമാവണം അപ്പോള്‍ അങ്ങനെയുള്ളൊരു മറുപടി പിറന്നത്.
രണ്ടു ദിവസം കഴിഞ്ഞാണ് അമ്മാളുവിന്റെ അടുത്തേക്ക് ആളെ വിട്ടത്. വീട്ടുകാരറിയാതെ അവളുടെ ഇംഗിതം അറിയാനായി അയക്കപ്പെട്ട പ്രവര്‍ത്തകന്‍ അത് കൃത്യമായി ചെയ്തു. അവള്‍ക്ക് വരാനാഗ്രഹമുണ്ടത്രേ. പക്ഷേ വീട്ടുകാര്‍ സമ്മതിക്കാന്‍ സാധ്യതയില്ല.
അങ്ങനെയാണ് അവളെ ഇറക്കിക്കൊണ്ടുവരാന്‍ തീരുമാനമായത്. മേലോത്തെ കുഞ്ഞാതി കടം ചോദിച്ച രണ്ടുസേറ് നെല്ല് കൊടുക്കാന്‍ എന്നുംപറഞ്ഞ് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അമ്മാളുവിനോട് അമ്മ വിളിച്ചു ചോദിച്ചു.
‘ഈ വെയിലത്ത് നീ അങ്ങോട്ട് പോണോ? കുഞ്ഞാതി ഇങ്ങോട്ട് വരൂലേ?’
‘ഓറെ കുടി ഒന്ന് കണ്ടിട്ട് കുറേ കാലായി. ദീനം നല്ലോണാണെങ്കില്‍ ഇങ്ങോട്ട് വരാന്‍ പറ്റില്ലല്ലോ’. കളവുപറയല്‍ ഇത്രമാത്രം പ്രയാസമേറിയതാണ് എന്ന് മാളു ആദ്യമായി തിരിച്ചറിയുകയായിരുന്നു. കൈകളിലെ വിറയലും മുഖത്തെ വെപ്രാളവും അരിയാണെന്ന് കളവു പറഞ്ഞൊളിപ്പിച്ച കുറച്ച് തുണികള്‍ ഉള്ള സഞ്ചിയും അമ്മ കണ്ടോ എന്നറിയാതെ മുന്നോട്ടു നടന്നു. കാലടികള്‍ പിഴക്കുന്നുണ്ട്. പക്ഷേ, ഒരു വിളിപ്പാടകലെ വഴിമരച്ചുവട്ടില്‍ കാത്തു നില്‍ക്കുന്നയാളെ ഓര്‍ത്തപ്പോള്‍ പദങ്ങള്‍ ചടുലങ്ങളായി.
നിരത്തിലിറങ്ങി. വീട്ടിലേക്ക് ഒന്നുകൂടി നോക്കി. ആരും പിന്തുടരുന്നില്ല.
‘പോകാം’ മരത്തണലില്‍ നിന്ന് വെയിലിലേക്കിറങ്ങി കേളപ്പന്‍ ചോദിച്ചു. അമ്മാളു അല്‍പ നിമിഷം ആ കണ്ണുകളിലേക്ക് നോക്കി നിന്നു.
‘ഇങ്ങനെയല്ല വരേണ്ടത്. വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോകാമായിരുന്നു’. അവള്‍ കാത്തിരിക്കുന്ന കുതിരവണ്ടിക്കകത്തേക്ക് കയറി. വണ്ടിക്കാരന്‍ ആവുള്ള കേള്‍ക്കെ തന്നെ കേളപ്പന്‍ മറുപടി പറഞ്ഞു.
‘ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്യാം. നിന്റെ വീട്ടുകാരോട് എന്തിനാ?’
ആവുള്ള ചിരിച്ചു. കേളപ്പനും കയറി. കുലുങ്ങി നീങ്ങുന്ന വണ്ടിക്കകത്ത് അവര്‍ മുഖാമുഖമിരുന്ന് അല്‍പനേരം മൗനത്തെ പങ്കിട്ടു. അതിന്റെ അറ്റത്ത് കേളപ്പന്‍ അവളുടെ വിരലുകള്‍ പിടിച്ചു.
‘ഇഷ്ടല്ലേ വരാന്‍…. ന്റെ നിര്‍ബന്ധം?’
‘എത്രകാലമായി ഞാനിതിന് കൊതിക്കുന്നു. എന്നിട്ടിപ്പോ ഇങ്ങനെയൊരു ചോദ്യം?’. തങ്ങളെ ആവുള്ള ശ്രദ്ധിക്കുന്നുണ്ടോ എന്ന സംശയത്തില്‍ അവളൊന്നു ലജ്ജിച്ചു. അപ്പോള്‍ വിരിഞ്ഞ നുണക്കുഴികള്‍ നോക്കി കേളപ്പന്‍ ചിരിച്ചു. പ്രണയത്തിന്റെ വശ്യതയുള്ള ചിരി. അനുരാഗത്തിന്റെ ആര്‍ദ്രതയുള്ള ചിരി.
താനൊന്നു ചിരിച്ചിട്ട് എത്രകാലമായിരിക്കുന്നു!
ചിരിക്കാന്‍ വയ്യാതെ മുറിവേറ്റവരുടെ നാടാണിത്. താനവര്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവനാണ്. അപ്പോള്‍ ചിരിക്കുന്നതെങ്ങനെ? കേളപ്പന്‍ തന്റെ സ്വതസിദ്ധമായ ഗൗരവത്തിലേക്ക് വഴുതി വീഴുന്നത് കണ്ടപ്പോള്‍ അമ്മാളു അദ്ദേഹത്തിന്റെ കൈകള്‍ തന്റെ ചുണ്ടിനോടടുപ്പിച്ച് ആവുള്ള കാണാതെ ഒരു ചുംബനമേല്‍പ്പിച്ചു.
ചുംബനങ്ങളുടെ രാത്രികള്‍ സഹനസമരങ്ങളുടെ തോഴന് സഹശയനത്തിന്റെ പ്രണയരാവുകള്‍. അനുഭൂതികളുടെ ആനന്ദക്കിതപ്പുകള്‍.
കിതപ്പിന്റെ നാളുകള്‍ക്കിടയില്‍ അമ്മാളു ഊര്‍ജ്ജസ്വലയായി. കണ്ണുകളില്‍ മാന്‍പേടച്ചന്തം. ചുണ്ടുകളില്‍ സന്ധ്യയുടെ ചുവപ്പ്. മേലാസകലം പുതുവടിവ്.
അമ്മാളുവിനെ നോക്കാനുള്ള ചുമതല ലക്ഷ്മിക്കായി. ഏട്ടത്തിയമ്മയെ സ്വന്തം അമ്മയെ എന്നവണ്ണം അവള്‍ പരിപാലിച്ചു. അമ്മ ചെറുപ്പത്തിലെ തന്നെയെന്നവണ്ണം പോഷകങ്ങള്‍ കൊണ്ട് കരുത്തേകി.
ലഹളാനന്തരം ഊര്‍ജ്ജസ്വലതയാകെ നഷ്ടപ്പെട്ട നാടിനെ പൊതിഞ്ഞ ദുഃഖത്തിന്റെ കാര്‍മേഘപടലങ്ങള്‍ക്കിടയിലൂടെ വേലായുധന്‍ കാലത്തെ പഴിച്ച് നടന്നു.
(തുടരും)