കൊച്ചി: ആയുര്‍വ്വേദ ശാസ്ത്രത്തിന്റെ മഹിമ ലോകത്തെ അറിയിച്ച മഹാത്മാവായിരുന്നു ഡോ. പി.കെ.വാരിയരെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.എന്‍.ഈശ്വരന്‍ പ്രസ്താവനയില്‍ പറഞ്ഞു. ആയുര്‍വ്വേദ ശാസ്ത്രത്തേയും ആയുര്‍വ്വേദ ചികിത്സാ രീതിയേയും അതിന്റെ തനിമ നഷ്ടപ്പെടാതെ ആധുനിക കാലത്തിന് അനുയോജ്യമായ രീതിയില്‍ വികസിപ്പിച്ചെടുത്ത കോട്ടക്കല്‍ ആര്യവൈദ്യശാല ആരോഗ്യ രംഗത്ത് നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്. ആരോഗ്യ ശാസ്ത്രരംഗവും, ആരോഗ്യ മേഖലയും പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തില്‍ ആയുര്‍വ്വേദത്തിന് നിസ്തുലമായ പങ്കാണ് വഹിക്കാനുള്ളത്. ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന നിലയില്‍ വരുമാനത്തിന്റെ നിശ്ചിത പങ്ക് സൗജന്യ ചികിത്സയ്ക്കും മറ്റു സേവാ പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കുന്ന കോട്ടയ്ക്കല്‍ ആര്യവൈദ്യശാലാ മാതൃക സ്വകാര്യ സംരംഭങ്ങള്‍ക്ക് അനുകരണീയമാണ്. നൂറ് വര്‍ഷം ആരോഗ്യത്തോടെ ജീവിക്കുകയും അമ്പത് വര്‍ഷത്തോളം കോട്ടയ്ക്കല്‍ ആര്യവൈദ്യ ശാലയെ നയിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ജീവിതം സമൂഹത്തിന് മാതൃകയാണ്. ആയുര്‍വ്വേദം ഒരു ചികിത്സാരീതിയെന്നതിനപ്പുറം ഒരു ജീവിതരീതിയാണെന്ന മഹത്തായ സന്ദേശമാണ് അദ്ദേഹം സ്വന്തം ജീവിതത്തിലൂടെ പ്രചരിപ്പിച്ചത്.അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങള്‍ക്ക് ഉണ്ടായ ദു:ഖത്തില്‍ പങ്കുചേരുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.
ഡോ. പി.കെ വാര്യര്‍ക്ക് വിട നല്‍കി
കോട്ടക്കല്‍: ആയുര്‍വേദ കുലപതിയും കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന ഡോ പി.കെ വാര്യര്‍ക്ക് (100) കേരളം വിട നല്‍കി. വൈദ്യശാസ്ത്രത്തിന് മാനവികതയുടെ മുഖം നല്‍കിയ അദ്ദേഹം ആയുര്‍വേദത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച ശേഷമാണ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്.
ഈ മാസം പത്തിന് വസതിയായ കൈലാസമന്ദിരത്തില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ ജൂണ്‍ എട്ടിനായിരുന്നു അദ്ദേഹം നൂറാം പിറന്നാള്‍ ആഘോഷിച്ചത്. ശതപൂര്‍ണിമ എന്ന പേരില്‍ ഒരു വര്‍ഷത്തെ ആഘോഷപരിപാടികള്‍ നടക്കുന്നതിനിടെയാണ് വിടവാങ്ങല്‍. സംസ്‌കാര ചടങ്ങുകള്‍ ഔദ്യോഗിക ബഹുമതികളോടെ കോട്ടക്കല്‍ നായാടിപ്പാറയിലെ കുടുംബശ്മശാനത്തില്‍ നടന്നു.
ഭാര്യ: പരേതയായ മാധവിക്കുട്ടി വാരസ്യാര്‍. മക്കള്‍: ഡോ.കെ ബാലചന്ദ്രന്‍ വാര്യര്‍, സുഭദ്ര രാമചന്ദ്രന്‍, പരേതനായ കെ. വിജയന്‍ വാര്യര്‍, മരുമക്കള്‍: രാജലക്ഷ്മി, രതി വിജയന്‍ വാര്യര്‍, കെ.വി രാമചന്ദ്രന്‍ വാര്യര്‍.
മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍ ഗ്രാമത്തിലെ ഒരു ഇടത്തരം കുടുംബത്തിലാണ് 1921 ജൂണ്‍ 5 ന് ശ്രീധരന്‍ നമ്പൂതിരിയുടെയും പന്ന്യംപള്ളി കുഞ്ഞിവാരസ്യാരുടെയും മകനായി പന്ന്യംപിള്ളി കൃഷ്ണന്‍കുട്ടി വാരിയര്‍ എന്ന പി.കെ വാര്യര്‍ ജനിച്ചത്. കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ നിന്ന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വൈദ്യപഠനം പൂര്‍ത്തിയാക്കിയത് വൈദ്യരത്‌നം പി.എസ് വാരിയര്‍ ആയുര്‍വേദ കോളേജിലായിരുന്നു. ആര്യ വൈദ്യപാഠശാലയായാണ് ഈ സ്ഥാപനം അറിയപ്പെട്ടത്. 1942-ല്‍ അദ്ദേഹം സ്വാതന്ത്ര്യ സമരത്തില്‍ ആകൃഷ്ടനായി. ആത്മകഥയായ ‘സ്മൃതിപര്‍വം’ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിരുന്നു. 1997 ല്‍ ഓള്‍ ഇന്ത്യ ആയുര്‍വേദിക് കോണ്‍ഫറന്‍സ് ‘ആയുര്‍വേദ മഹര്‍ഷി’ എന്ന സ്ഥാനം നല്‍കി ആദരിച്ചിട്ടുണ്ട്.