നാഗപ്പൂരിലെ ആര്‍.എസ്.എസ്. ആസ്ഥാനത്തേക്ക് ആരും പോകാന്‍ പാടില്ല. ഇടത്-മതേതര ഊരുവിലക്കുള്ള സ്ഥലമാണത്. ഈ വിലക്ക് ലംഘിക്കുന്നവര്‍ കനത്ത വില നല്‍കേണ്ടിവരും. ഇതൊന്നുമറിയാതെ ഒരു നയതന്ത്രപ്രതിനിധി ഇക്കഴിഞ്ഞദിവസം ആര്‍.എസ്.എസ്. ആസ്ഥാനത്തുപോയി. ജര്‍മ്മനിയുടെ അംബാസിഡര്‍ വാള്‍ട്ടര്‍ ലിന്‍ഡ്‌നര്‍ ആയിരുന്നു അത്. നാഗപ്പൂര്‍ സിറ്റി മെട്രോയ്ക്ക് സാമ്പത്തിക സഹായം ജര്‍മ്മനിയില്‍ നിന്നായിരുന്നു. അതിന്റെ പുരോഗതി പരിശോധിക്കാനാണ് ലിന്‍ഡ്നര്‍ നാഗപ്പൂരിലെത്തിയത്. ആര്‍.എസ്.എസ്സിനെക്കുറിച്ച് ഏറെ കേള്‍ക്കുകയും വായിക്കുകയും ചെയ്ത അദ്ദേഹത്തിന് സ്വാഭാവികമായും അതിന്റെ അദ്ധ്യക്ഷനെ കാണാന്‍ മോഹം തോന്നി. ആര്‍.എസ്.എസ്. ആസ്ഥാനം സന്ദര്‍ശിക്കാനുള്ള ആഗ്രഹമറിയിച്ചപ്പോള്‍ സര്‍സംഘചാലക് സസന്തോഷം സ്വാഗതം ചെയ്യുകയും ചെയ്തു
സംഘകാര്യാലയത്തില്‍ ചെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവതുമായി കൂടിക്കാഴ്ച നടത്തി വളരെ സംതൃപ്തനായി മടങ്ങിയ ലിന്‍ഡ്‌നര്‍ എഴുതി: ‘ആര്‍.എസ്.എസ്സിന് അനുകൂലമായും എതിരായും ഞാന്‍ ഏറെ വായിച്ചിട്ടുണ്ട്. സാമൂഹ്യമായ ഇടപെടല്‍ മുതല്‍ ഫാസിസ്റ്റ് ആരോപണം വരെ അതിലുണ്ട്. സ്വന്തമായി ഒരു അഭിപ്രായ രൂപീകരണത്തിന് ഞാന്‍ ഡോ.ഭാഗവതിനോട് ചില ചോദ്യങ്ങള്‍ ചോദിച്ചു.’ മൗലികമായ കാര്യങ്ങളിലുള്ള ചോദ്യങ്ങള്‍ക്ക് ഗൗരവപൂര്‍ണ്ണമായ മറുപടി കിട്ടിയെന്നും അദ്ദേഹം പറയുന്നു. ”ഭാരതീയ വൈവിധ്യത്തിന്റെ ഭാഗമാണ് ആര്‍.എസ്.എസ്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ശരി, അത് ജനകീയാടിത്തറയുള്ള പ്രസ്ഥാനമാണെന്നത് നിഷേധിക്കാനാവില്ല.” ലിന്‍ഡ്‌നര്‍ സ്വന്തം അഭിപ്രായം രേഖപ്പെടുത്തി. തങ്ങളുടെ വിലക്കു ലംഘിച്ച് ആര്‍.എസ്.എസ്. ആസ്ഥാനത്തുപോയാല്‍, ഇതാണ് സംഭവിക്കുക എന്ന് ഇടതന്മാര്‍ക്ക് നല്ല നിശ്ചയമുണ്ട്. ആര്‍.എസ്.എസ്സിനെക്കുറിച്ച് നല്ലതു പറയുന്നവന്‍ കുഴപ്പക്കാരനാണ്. അതിനാല്‍ ലിന്‍ഡ്‌നര്‍ ഉടനെ രാജിവെക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരിക്കയാണ്. ഇല്ലെങ്കില്‍ അദ്ദേഹത്തെ പിന്‍വലിക്കണമെന്ന് ജര്‍മ്മനിയ്ക്ക് ഓണ്‍ലൈന്‍ പരാതിവരെ പോയിക്കഴിഞ്ഞു. ഇക്കൂട്ടര്‍ ബഹുസ്വരതയുടെ വക്താക്കളാണെങ്കിലും പ്രവൃത്തി ഫാസിസ്റ്റിന്റേതാണ്.