കാലം ക്രൗര്യത്തിന്റെ കടുംകറുപ്പ് കൊണ്ട് ചുറ്റിനെയും മൂടിയിരിക്കുന്നു. തകര്‍ക്കപ്പെട്ട വീടുകളുടെ കബന്ധങ്ങള്‍, തലയറുക്കപ്പെട്ട മനുഷ്യരുടെ ഓര്‍മ്മകള്‍, നഷ്ടങ്ങളനുഭവിച്ച് മനോനില തെറ്റിപ്പോയവരുടെ നിലവിളികള്‍. കാഴ്ചയും കേള്‍വിയും നിറഞ്ഞു കവിയുന്നത് കടുംകയ്പ്പിന്റെ അസഹനീയത. അയാള്‍ കാളവണ്ടിക്കടുത്തെത്തി.
തനിക്കായി അവശേഷിക്കുന്ന രണ്ട് കാളകളും രണ്ടു ചക്രങ്ങളും. മറ്റെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ഇനി തന്നെ പേറാന്‍ ഈ ശകടം മാത്രം. കാളകള്‍ സഹതാപത്തോടെ യജമാനനെ നോക്കി. ഒറ്റപ്പെടലിന്റെ കൂര്‍ത്ത കല്ലുകള്‍ നിറഞ്ഞ വഴിയിലൂടെയുള്ള യാത്ര തുടങ്ങി മാസമൊന്ന് തികയുന്നതേയുള്ളൂ. അവൂക്കര്‍ക്ക തടഞ്ഞതാണ്, അവിടുന്ന് ഇറങ്ങരുതെന്ന് പറഞ്ഞ്. ഉമ്മയും പറഞ്ഞു. പക്ഷേ തനിക്ക് ഇറങ്ങിയേ പറ്റൂ. അമ്മ എവിടെ?
ഇനിയീ ശകടത്തിന് പൊക്കിള്‍ക്കൊടിയുടെ വലിവ്. ആ വലിവിന്റെ പാതയിലൂടെ ഇനിയീ ചക്രങ്ങളുരുളും.
വേലായുധന്‍ വണ്ടിയില്‍ കയറി. ശങ്കരമേനോന്‍ വാങ്ങാന്‍ പറഞ്ഞിരുന്ന വളം വണ്ടിയില്‍ കിടപ്പുണ്ട്. ഈ പ്രക്ഷുബ്ധതക്കിടയിലും താനതോര്‍മ്മിച്ചു വെച്ചിരിക്കുന്നു. മണ്ണിനുള്ള ഭക്ഷണം നല്‍കി മനസ്സിലുള്ള വേദന മാറ്റാനുള്ള ഉദകക്രിയയ്ക്കുള്ള സാമഗ്രിയായി രണ്ടു ചാക്കുകള്‍ മുകളിലും താഴെയുമായി കിടന്നു.
വണ്ടി മുന്നോട്ടു നീങ്ങി. പകല്‍വെളിച്ചം ഏതാണ്ട് മടങ്ങിക്കഴിഞ്ഞു. എതിരെ നടന്നുവരുന്നത് ശങ്കരമേനോന്‍ ആണെന്ന് മങ്ങിയ വെളിച്ചത്തിലും വേലായുധന്‍ തിരിച്ചറിഞ്ഞു.
പൊടുന്നനെ കുറേപ്പേര്‍ വഴിയിലേക്ക് ചാടിവീണു. വേലായുധന്‍ വണ്ടി വശത്തേക്കൊതുക്കി. മൂന്നുനാലു പേര്‍ തനിക്കുനേരെ വരുന്നത് കണ്ടപ്പോള്‍ വണ്ടിയില്‍ നിന്നിറങ്ങി അരികില്‍ കണ്ട ഇടവഴിയിലേക്കിറങ്ങി ഓടി. കട്ട പിടിച്ച ഇരുട്ടിലൂടെ. പിറകിലാരുമില്ലെന്ന് തിരിച്ചറിഞ്ഞ വേളയില്‍ അവിടെ ഇരുന്നു. നിരത്തില്‍ നിന്ന് വലിയൊരു അലര്‍ച്ച. ശങ്കരമേനോന്റേതാണെന്ന് വ്യക്തം. വേലായുധന്‍ എഴുന്നേറ്റ് ഇരുട്ടിലൂടെ അങ്ങോട്ടോടി. ഒന്ന് രണ്ട് തവണ കാലിടറി ഇടവഴിയുടെ വശങ്ങളിലെ കാട്ടുപടര്‍പ്പുകളിലേക്ക് വീണു. നിരത്തി•ലെത്തുമ്പോഴേക്കും ആരെയും കാണാനില്ല. കാളകള്‍ ഞെട്ടലോടെ മുരളുന്നു.
വേലായുധന്‍ കാളകളെ തടവി സമാധാനിപ്പിച്ചു ചുറ്റും നോക്കി. മണ്ണെണ്ണവിളക്ക് ഒരുവിധം കത്തിച്ചു. വണ്ടിയില്‍ കയറി. ഇത്തിരിവട്ടത്തില്‍ ചുറ്റും പരന്ന വെളിച്ചത്തിലൂടെ ചക്രങ്ങള്‍ ഉരുണ്ടു. കുടമണിയൊച്ച ഒരു പ്രശ്‌നമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ വണ്ടി നിര്‍ത്തി വേലായുധന്‍ താഴെയിറങ്ങി. കാളക്കഴുത്തില്‍നിന്നും മണി ഊരിയെടുത്തു വണ്ടിയില്‍ വെച്ചു.
വണ്ടി വീണ്ടും നീങ്ങി. ചാലിയാര്‍പ്പുഴ അരീക്കോടിനെ പിണഞ്ഞ് അമര്‍ത്തി പുണരുന്നു. തണുത്ത കാറ്റ് ഓളങ്ങളുണ്ടാക്കി കടന്നുവന്നു. പുഴക്കരയില്‍ ഒരാള്‍ക്കൂട്ടം. വണ്ടി നിര്‍ത്തി. ബന്ധനസ്ഥനായ ഒരാള്‍ക്ക് ചുറ്റും നാലഞ്ചുപേര്‍. ഒരു മരത്തിന്റെ മറവില്‍ ഒളിച്ച് അങ്ങോട്ട് നോക്കി.
മുടി മുറിക്കാന്‍ നിര്‍ബന്ധിക്കുന്ന ഒസ്സാന്‍, വാളുയര്‍ത്തി നില്‍ക്കുന്ന മറ്റു രണ്ടുപേര്‍, വടിയും മറ്റുമുള്ള ആയുധങ്ങളുമായി കുറച്ചുപേര്‍ ചുറ്റിലും. ശങ്കരമേനോനാണ് നടുവില്‍ എന്ന് തിരിച്ചറിഞ്ഞപ്പോള്‍ വേലായുധന്‍ കണ്ണ് പൊത്തി.
പുഴയിലേക്ക് വെട്ടേറ്റ് എന്തോ വീഴുന്ന ശബ്ദവും അലര്‍ച്ചയും കേട്ടപ്പോള്‍ വേലായുധന്‍ വണ്ടിയില്‍ കയറി കാളകളെ അതിവേഗം പായിച്ചു.
അരീക്കോട് അങ്ങാടിയില്‍ വച്ച് ഒരാള്‍ വണ്ടിക്ക് കൈവീശിക്കാണിച്ചു. വയറിനകത്തൊന്ന് കാളി. മണ്ണെണ്ണ വിളക്കില്‍ നിന്നുള്ള പ്രകാശം അയാള്‍ നിന്നിടത്തേക്ക് എത്തിയപ്പോഴാണ് അയാള്‍ വേട്ടക്കാരനല്ല ഇരയാണെന്ന് വേലായുധന് മനസ്സിലായത്.
കാളകള്‍ കാര്യം അറിഞ്ഞെന്നവണ്ണം നിന്നു. നിര്‍ത്തിയ മാത്രയില്‍ അയാള്‍ ചാടി വണ്ടിയില്‍ കയറി.
‘നിങ്ങളെങ്ങോട്ടാ ?”
”അങ്ങനെയൊന്നുമില്ല’ വേലായുധന്‍ പറഞ്ഞു. ‘കാളകള്‍ക്ക് ക്ഷീണം വരുന്നത് വരെ പോകും. ചിലപ്പോള്‍ ഒറ്റ വെട്ടില്‍ ഈ യാത്ര അവസാനിച്ചെന്നും വരും’.
”നമ്മുടെയെല്ലാം ജീവിതം അങ്ങനെയാണിപ്പോള്. രണ്ട് ദെവസംമുമ്പ് ഉച്ചവരെ മൂരികളേംകൊണ്ട് കന്ന്പൂട്ടി, മൂരികളെ ആലയില്‍ കെട്ടി, കുളിച്ചു വന്ന് കഞ്ഞി കുടിക്ക്വായിരുന്നു ഞാന്‍. കുറച്ചാള് വന്ന് കന്നുകളെയെല്ലാം അഴിച്ചു കൊണ്ടുപോയി. ഇറയത്ത് പറിച്ച് കൂട്ടിയിരുന്ന ഇഞ്ചിയും ചേനയും എന്നെക്കൊണ്ടെടുപ്പിച്ച് കൊന്നോറെ മുഹമ്മദ്‌കോയ തങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോയി. കന്നുകളെ അറുത്ത് തിന്നു. അവിടെ നിന്നിരുന്ന പ്രധാനിയായ ഇസ്മായില്‍ കുട്ടി ഹാജി ആരാഞ്ഞു. ‘ഇവനെ കൊണ്ടുപോയി കുളിപ്പിച്ചാലോന്ന്’ അയാള്‍ നിര്‍ത്താതെ പറഞ്ഞുകൊണ്ടിരുന്നു. ‘എനിക്കപ്പോള്‍ ഒന്നും മനസ്സിലായില്ല. ഞാന്‍ പറഞ്ഞു. കുറച്ചു മുമ്പ് കുളിച്ചതേയുള്ളൂ എന്ന്. അപ്പൊ എല്ലാരും ചിരിച്ചു.’
ശങ്കരമേനോനെ കുളിപ്പിക്കുന്നത് കണ്ടതിന്റെ ഓര്‍മ്മ മുന്നിലെ ഇരുള്‍വഴിയിലൂടെ വന്ന് വേലായുധനെ പുണര്‍ന്നു.
‘അന്നെന്നെ വിട്ടു. പിന്നീട് നാലഞ്ചു ദിവസം മുമ്പ് വാളുംകൊണ്ട് കുറേ പേര് പുറകെ ഓടി. ഒരുവിധം രക്ഷപ്പെട്ടു. ചേവായൂരായിരുന്നു ഇത്രേം ദെവസം. കോണ്‍ഗ്രസുകാരന്‍ മാധവന്‍നായര് അരസേര്‍ അരിതന്നു. അവിടുത്തെ അധികാരി വീട് വാടകക്ക് തന്നു.’
”ഇപ്പൊ എങ്ങോട്ടാ?” വേലായുധന്‍ ചോദിച്ചു. ‘വാരിയന്‍കുന്നത്ത് ഹാജീം ചെമ്പ്രശ്ശേരി തങ്ങളും കൂടി ഒരുപാട് ജനങ്ങളെ പിടിച്ച് അറുത്തൂന്നും കോപ്പും മൊതലും കവര്‍ന്നൂന്നും കേട്ടു. വലിയവയല്‍ പറമ്പില്‍ മൂന്നു കിണറ് നെറയെ ജനങ്ങളെ കൊന്നിട്ടുണ്ടത്രേ. വീട്ടിലുള്ളോര്‍ക്ക് എന്തായീന്നറിയാന്‍ മടങ്ങി വന്നതാ….’
അയാളുടെ ശബ്ദം വിറച്ചു.
‘നിങ്ങളെ പേരെന്താ ?’
‘മാണിക്യന്‍ ഏറാടി. കുടുംബത്തിലെ പലരേയും മാര്‍ക്കം കൂട്ടി പേരുംമാറ്റി. ഞാനിപ്പോളൂം ഇങ്ങനന്നെ.’
വഴിയില്‍ അയാള്‍ ഇരുട്ടിലേക്ക് ഇറങ്ങിപ്പോയി. ഇങ്ങനെ എത്രയെത്ര വേദനകള്‍. നാട് രക്തത്തില്‍ കുളിക്കുകയാണ്.
തുവ്വൂരില്‍ തീപടര്‍ന്നു. ആപത്തുകള്‍ ശങ്കിക്കാതെ കിടന്നുറങ്ങുകയായിരുന്ന തുവ്വൂര്‍ നിവാസികളുടെ വീടുകള്‍ വളയപ്പെട്ടു. പുരുഷന്മാരെ കയ്യും കാലും കെട്ടി. അവരെ ചേരിക്കമ്മല്‍കുന്നിലേക്കും പിന്നീട് പാങ്ങോട്ടേക്കും കൊണ്ടുപോയി. ചെമ്പ്രശ്ശേരി ഇമ്പിച്ചിക്കോയ തങ്ങള്‍ വിചാരണ ചെയ്തു. വിധി കല്‍പ്പിച്ച് വെട്ടി അല്പം അകലെയുള്ള കിണറ്റിലിട്ടു. മുപ്പത്തിനാല് മനുഷ്യജന്മ•ങ്ങള്‍. താനൂരും കൊടക്കലും ചെറുവായൂരുമൊക്കെ ആക്രമണങ്ങളുടെ അട്ടഹാസങ്ങളും നിലവിളികളും പരന്നൊഴുകുകയാണ്.
വാരിയന്‍കുന്നന്‍ കിഴക്കന്‍പ്രദേശങ്ങളുടെ രാജാവായിക്കഴിഞ്ഞു. സുല്‍ത്താന്റെ ആഹ്വാനങ്ങള്‍ കേട്ട് സൈന്യം ആവേശഭരിതരായി.
ഓരോ പുലരിയും പുതിയ പുതിയ കൊള്ളകളുടെയും കൊലകളുടെയും കഥകള്‍ കേട്ടുകൊണ്ടുദിച്ചു.
ശരത്തും ശിശിരവും ലഹളകള്‍ കൊണ്ട് നിറഞ്ഞു. ആനപ്പന്തം ഉയര്‍ത്തിപ്പിടിച്ചും ചക്കിന്റെ കണ തോളിലേന്തിയും സലാത്തു ചൊല്ലി നടക്കുന്ന ലഹളക്കാരുടെ കാഴ്ച മാസങ്ങളോളം നീണ്ടു. അല്‍ദൗളയെന്ന രാജ്യത്തെ രാജാവായി തിരൂരങ്ങാടിയില്‍ ഇരുന്ന് കുഞ്ഞഹമ്മദ് ഹാജി അമ്പതിനായിരത്തില്‍പ്പരം അംഗബലമുള്ള സ്വന്തം സൈന്യത്തെ ചൊല്ലി ഊറ്റം കൊണ്ടു. ഫെസ് എന്ന ചുവന്ന തൊപ്പിയണിഞ്ഞ് അല്‍ റയാത് അല്‍ ഉക്വാബ് എന്ന് രേഖപ്പെടുത്തിയ കരിങ്കൊടിയുമേന്തി അയാള്‍ തന്റെ രാജ്യത്ത് വീര്യത്തോടെ തലങ്ങും വിലങ്ങും പാഞ്ഞു.
അങ്ങാടികള്‍ ശവപ്പറമ്പുകളായി. കിണറുകളില്‍ ജഡങ്ങളഴുകിയ ദുര്‍ഗന്ധം. സ്ത്രീകള്‍ മാനഭംഗത്തിനിരകളായി. കൊള്ളയടിച്ച പണ്ടങ്ങളും വസ്തുവകകളും അല്‍ദൗളയുടെ സമ്പത്തായി കുമിഞ്ഞുകൂടി.
ബ്രിട്ടീഷ് പട്ടാളം ഡിസംബര്‍ കാലത്ത് മടങ്ങിയെത്തി. ആര്‍മി കണ്ടിജെന്റുകളേയും ഗൂര്‍ഖാ റെജിമെന്റിനേയുമിറക്കി ബ്രിട്ടീഷുഭരണം കലാപത്തിനു ശമനവഴി തേടി. മലബാര്‍ സ്‌പെഷ്യല്‍ പോലീസ് എന്ന അര്‍ദ്ധ സൈനിക വിഭാഗത്തെ തയ്യാറാക്കി.
പുതുവര്‍ഷം പിറന്ന് അഞ്ചാം ദിനം വാരിയന്‍കുന്നന്‍ പിടിക്കപ്പെട്ടു. ആലിമുസ്ലിയാര്‍ അറസ്റ്റിലായി. കൊന്നോറെ ഹാജിയും മൊയ്തീന്‍കുട്ടി ഹാജിയും നയിച്ച അവശിഷ്ട ലഹളാവിഭാഗം അവസാനത്തെ ആളിക്കത്തലുമായി പിടിച്ചുനിന്നു. ദിവസങ്ങള്‍ക്കകം പിടിക്കപ്പെട്ടതോടെ കലാപം കെട്ടടങ്ങി.
നാല്‍പതിനായിരത്തോളം പേര്‍ കീഴടങ്ങി.
വിചാരണ.
മലപ്പുറത്തെ കോട്ടക്കുന്നില്‍ മുഴങ്ങിയ ഒരു വെടിയൊച്ചയുടെ കൂടെ വാരിയന്‍കുന്നന്‍ വീണു. കോയമ്പത്തൂര്‍ ജയിലിലെ തൂക്കുകയറില്‍ ആലിമുസ്ലിയാരുടെ ജീവിതം നിശ്ചലമായി.
ഇതെല്ലാം കണ്ടും കേട്ടുമുള്ള വേലായുധന്റെ കാളവണ്ടി യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു. ശവങ്ങള്‍ നിറഞ്ഞ കിണറുകളില്‍, തകര്‍ന്നു കിടന്ന കെട്ടിടങ്ങളില്‍, ചാലിയാറിലും കടലുണ്ടിയിലും, ഇടവഴികളില്‍ അയാള്‍ അമ്മയെ തേടി.
ജയില്‍ മുറിയിലെ ഇരുട്ടിലിരുന്ന് കേളപ്പന്‍ എല്ലാം കേട്ടു. ചരടറ്റുപോയ പട്ടംപോലെ കൈവിട്ടകന്ന സഹകരണത്യാഗം. ലക്ഷ്യം തെറ്റിയ ഖിലാഫത്ത് പ്രസ്ഥാനം. അക്രമരാഹിത്യത്തെ കുഴിവെട്ടിമൂടിയ പ്രക്ഷോഭങ്ങള്‍. അങ്ങകലെ എവിടെനിന്നോ കരഞ്ഞ കിളിയോട് അയാള്‍ ചോദിച്ചു.
‘തെറ്റുപറ്റിയത് ആര്‍ക്കാണ് ? ഗാന്ധിക്ക് ? മറ്റു നേതാക്കന്മാര്‍ക്ക്? ഈ നാടിന്?’
ഓരോ രാത്രിയും അയാള്‍ ഈ ചോദ്യത്തിന് ഉത്തരം തേടി. തലയാട്ടിച്ചിരിക്കുന്ന തെങ്ങുകളോട്, ആകാശത്തുനിന്ന് നോക്കി പരിഹസിക്കുന്ന ചന്ദ്രബിംബത്തിനോട്, ജയിലഴിക്കടുത്ത് വന്ന് എത്തിനോക്കി മടങ്ങാറുള്ള പൂച്ചയോട്, ഇവരാരെയും തെളിഞ്ഞുകാണാത്ത രാത്രികളില്‍ തന്നോട് തന്നെ.
ജയില്‍ മോചിതരാകുന്ന ദിവസം രാവിലെ പ്രഭാത ഭക്ഷണം കഴിക്കവേ കേളപ്പന്‍ ബാലകൃഷ്ണമേനോനോട് ചോദിച്ചു.
‘ഇനിയങ്ങോട്ട് എന്ത് ? എവിടെ?’ശ്വാസമെടുക്കാന്‍ പ്രയാസപ്പെട്ടുകൊണ്ട് മേനോന്‍ തിണ്ണയിലിരുന്നു.
‘ഒന്നുമറിയില്ല’.
പുറത്തിറങ്ങുമ്പോള്‍ ഏതാനും പ്രവര്‍ത്തകര്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. അവരിട്ട പൂമാലകള്‍ കഴുത്തിലേന്തി രണ്ടുപേരും അവരെ തൊഴുതു. മുദ്രാവാക്യം വിളികള്‍ക്കിടയില്‍ മുന്നോട്ടു നടന്നു.
‘സ്റ്റേഷനിലേക്ക് വണ്ടി ഏര്‍പ്പാടാക്കിയിട്ടുണ്ട് ‘ ആരോ പറഞ്ഞു. ബാലകൃഷ്ണമേനോന് നടക്കാന്‍ തീരെ വയ്യാതായിരിക്കുന്നു.
തീവണ്ടിയിലിരിക്കുമ്പോള്‍ അതിന് വേഗം പോരെന്ന് കേളപ്പന് തോന്നി. കുറുമ്പ്രനാട് തന്നെ കാത്തിരിക്കുന്നു. അച്ഛനുമമ്മയും കാത്തിരിക്കുന്നു. തന്റെ പ്രസ്ഥാനത്തിലെ സഹപ്രവര്‍ത്തകര്‍ കാത്തിരിക്കുന്നു. സമരവഴികള്‍, ത്യാഗവൃത്തികള്‍, പോരാട്ടങ്ങള്‍ ഒക്കെയും കാത്തിരിപ്പുണ്ട്. മേനോന്‍ ശ്വാസമെടുക്കാന്‍ പ്രയാസപ്പെട്ടുകൊണ്ട് ജനലഴികളില്‍ തലവെച്ചിരിക്കുന്നു.
മേനോനോട് യാത്ര പറഞ്ഞ് പയ്യോളിയില്‍ ഇറങ്ങി. തീവണ്ടിയാപ്പീസിന്റെ കവാടത്തില്‍ കുറച്ചു പ്രവര്‍ത്തകര്‍. മുദ്രാവാക്യങ്ങളും പുഷ്പവൃഷ്ടിയും കൊണ്ട് അവര്‍ കൈകൂപ്പി കടന്നുവന്ന കേളപ്പനെ എതിരേറ്റു.
മുചുകുന്നിലേക്കുള്ള യാത്രയില്‍ വാനില്‍ തൊട്ടടുത്തിരിക്കുന്നവരുടെ മുഖത്തെ മൗനം കേളപ്പനില്‍ ആശയക്കുഴപ്പത്തിന്റെ അലയൊലികള്‍ തീര്‍ത്തു. മാപ്പിളകലാപം ഇവരില്‍ ഇത്രമാത്രം വേദന നിറച്ചു കഴിഞ്ഞിരിക്കണം. വഴിതെറ്റിപ്പോയ സമരരീതികളെക്കുറിച്ചുള്ള ജാള്യതയുമാകണം ഈ മൗനത്തിനു പിറകില്‍.
വീടിനുമുന്നിലെ നിരത്തില്‍ വണ്ടിയിറങ്ങി നടക്കുമ്പോള്‍ കേളപ്പന്‍ തൊട്ടുപിറകിലുള്ള അച്യുതന്‍ നായരോട് ചോദിച്ചു.
”അച്ഛനും അമ്മയ്ക്കും അറിയാമോ ഞാന്‍ ഇപ്പൊ വരുന്ന കാര്യം ?”
”അമ്മയ്ക്കറിയാം…”
അമ്മ വരാന്തയില്‍ ഇരിപ്പുണ്ടായിരുന്നു. മുറ്റത്തെ തുമ്പ് കടക്കുമ്പോള്‍ അവര്‍ ഓടി വന്നു കേളപ്പനെ പുണര്‍ന്ന് പൊട്ടിക്കരഞ്ഞു. ആനന്ദക്കരച്ചിലിനപ്പുറത്തുള്ള ഒരു വിലാപമായി അത് തന്നെപ്പൊതിഞ്ഞപ്പോള്‍ കേളപ്പന്‍ മറ്റുള്ളവരെ നോക്കി.
‘അച്ഛന്‍ …?’
അമ്മ കരച്ചില്‍ തുടര്‍ന്നതേയുള്ളൂ. പിറകില്‍ നിന്നും അച്യുതന്‍നായര്‍ പറഞ്ഞു.
‘പോയി …. രണ്ടു മാസം കഴിഞ്ഞു.’
ഒന്നും മിണ്ടാതെ കേളപ്പന്‍ തന്റെ മാറിലേക്ക് ചാഞ്ഞു നില്‍ക്കുന്ന അമ്മയുടെ പുറം തടവി. അവരേയും താങ്ങി വരാന്തയിലേക്ക് നടന്നു. വരാന്തത്തിണ്ണയിലിരുന്ന് മരത്തൂണിലൊന്നിനെ ചാരി കണ്ണടച്ചു. അമ്മ മടിയില്‍ കിടന്നു കരയുകയാണ്.
കേളപ്പന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി അമ്മയുടെ മൂര്‍ദ്ധാവില്‍ പതിച്ചു.
പ്രവര്‍ത്തകര്‍ മടങ്ങിപ്പോയി. അമ്മ വിളമ്പിയ ചോറിനു മുന്നില്‍ ഇരുന്നപ്പോള്‍ വിശപ്പൊട്ടും തോന്നുന്നുണ്ടായിരുന്നില്ല.
ഓജസ്സില്ലാതെ പോയ ഏതാനും ദിനങ്ങള്‍. ഇനി വീണ്ടും സമരപഥത്തിലേക്കിറങ്ങണം. പക്ഷേ വീട്ടില്‍ അമ്മ തനിച്ച്. ആശങ്കകള്‍ക്കൊപ്പം തുലാവര്‍ഷം ഇടിവെട്ടലോടെ പെയ്‌തൊരു സായാഹ്നത്തില്‍ പുറത്തേക്കിറങ്ങി.
എതിരെ അതിവേഗം നടന്നുവരുന്ന അച്യുതന്‍ നായരെ കണ്ടു. അടുത്തെത്തിയപ്പോള്‍ കിതപ്പു കലര്‍ന്ന ശബ്ദത്തില്‍ അയാള്‍ പറഞ്ഞു.
‘അറിഞ്ഞോ ! ബാലകൃഷ്ണമേനോന്‍ മരിച്ചൂന്ന്.’
വിശ്വാസം വരാതെ ചോദിച്ചു. ‘ഏത്, നമ്മുടെ മേനോനാ?’
”അതെ. ജയിലീന്ന് എത്തിയത് മുതല്‍ കിടപ്പായിരുന്നൂത്രേ.’
എന്തുപറയണമെന്നറിയാതെ കേളപ്പന്‍ അസ്തമയത്തിനായി മുഖത്തെഴുതി നില്‍ക്കുന്ന സൂര്യനെ നോക്കി. സൂര്യന്‍ സമസ്ത ലോകത്തോടും ഇങ്ങനെ പറയുന്നതായി കേളപ്പന്‍ കേട്ടു.
‘ജാതസ്യ ഹി ധ്രുവോ മൃത്യു.’
(തുടരും)