ഗാസിയബാദ്: ഇസ്ലാം മതവിശ്വാസികള്‍ ഇന്ത്യയില്‍ ജീവിക്കരുതെന്നു പറയുന്നവര്‍ ഹിന്ദുവല്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്. ഇന്ത്യ ജനാധിപത്യ രാജ്യമാണ്. മുസ്ലിങ്ങളും ഹിന്ദുക്കളും ഒന്നാണ്. ഇവിടെ ഹിന്ദുക്കള്‍ക്കോ മുസ്ലിങ്ങള്‍ക്കോ മേധാവിത്വം നേടാന്‍ സാധിക്കില്ല. ഇന്ത്യക്കാര്‍ക്കാണ് മേധാവിത്വം. ഇന്ത്യയിലെ ജനങ്ങളുടെ ഡിഎന്‍എ ഒന്നാണെന്നാണ് ആര്‍എസ്എസ് വിശ്വസിക്കുന്നതെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി.
പശു വിശുദ്ധമൃഗം തന്നെയാണ്. എന്നാല്‍, അതിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണം നടത്തുന്നവര്‍ ഹിന്ദുത്വത്തിന് എതിരേയാണ് പ്രവര്‍ത്തിക്കുന്നത്. മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഡോ. ഖവാജ ഇഫ്തിഖാര്‍ അഹമ്മദ് എഴുതിയ ‘ദി മീറ്റിംഗ്സ് ഓഫ് മൈന്‍ഡ്സ്: എ ബ്രിഡ്ജിംഗ് ഇനിഷ്യേറ്റീവ്’ എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം.
ആര്‍എസ്എസ് ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്നുള്ള പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് തെളിയിക്കണം. ഹിന്ദു ഐക്യം വേണമെന്ന് ചിലര്‍ പറയാറുണ്ട്. എന്നാല്‍ ഹിന്ദുക്കളും മുസ്ലിം വിഭാഗവും ഒന്നാണെന്ന് ആര്‍എസ്എസ് പറയാറുണ്ട്. പ്രതിച്ഛായ നിര്‍മ്മിക്കാനല്ല ഇതു പറയുന്നത്, പ്രതിച്ഛായക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല. ജനങ്ങളെ ഒന്നിപ്പിക്കുകയാണ് ലക്ഷ്യം. മറ്റുള്ളവര്‍ എന്തു ചെയ്യുമെന്ന് ആലോചിച്ചിട്ടില്ല. ന്യൂനപക്ഷങ്ങള്‍ക്കെതിരെ അതിക്രമം വര്‍ദ്ധിക്കുമ്പോള്‍ പ്രതിഷേധം ഉയരുന്നത് ഭൂരിപക്ഷത്തില്‍ നിന്നു കൂടിയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.