ശ്രാവണമാസത്തിലെ പൗര്‍ണ്ണമിനാളിലാണ് രക്ഷാബന്ധന്‍ ആഘോഷിക്കുന്നത്. സാഹോദര്യബന്ധത്തിന്റെ ആഴം കുറിക്കുന്ന രക്ഷാബന്ധന്‍ ഭാരതസംസ്‌കാരത്തിന്റെ പ്രത്യേകതയും സവിശേഷതയുമാണ്. സമ്പൂര്‍ണ്ണ സുരക്ഷയും ഉറപ്പുവരുത്തുന്ന ആത്മവിശ്വാസവും അതിലൂടെ ജീവിതവിജയം കൈവരിക്കാനുള്ള പ്രേരണയും രാഖിബന്ധനം എന്ന ലളിതമായ ചടങ്ങിലൂടെ ലഭിക്കുന്നു.
സഹോദരി, സഹോദരന്റെ കൈയില്‍ ‘രാഖി’ ബന്ധിക്കുന്ന സന്ദര്‍ഭത്തില്‍ സഹോദരിക്ക് ഏത് സമയത്തും താന്‍ തുണയാകുമെന്ന ഉറപ്പാണ് സഹോദരന്‍ നല്‍കുന്നത്. സഹോദരനോട് സ്‌നേഹവും വിശ്വാസവും കാത്തുസൂക്ഷിക്കുമെന്ന് സഹോദരിയും വാക്കു നല്‍കുന്നു. ഭാരതത്തിലെ ഉത്സവങ്ങളെല്ലാം നമ്മുടെ മഹത്തായ സാംസ്‌കാരികപാരമ്പര്യത്തെ തലമുറകള്‍ക്ക് പ്രദാനം ചെയ്യുന്നതിനുള്ള ആചരണപ്രക്രിയകളായിരുന്നു.
സഹസ്രാബ്ദങ്ങളായി അനുസ്യൂതം തുടരുന്ന വിശ്വസംസ്‌കൃതിയുടെ ഈറ്റില്ലമാണ് ഭാരതം.
രക്ഷാബന്ധനമഹോത്സവം ലോകോത്തരമായി അംഗീകരിക്കപ്പെടുന്ന വിശ്വസാഹോദര്യത്തിന്റെ പ്രതീകമായാണ് ആഘോഷിച്ചുവരുന്നത്. പ്രാരംഭദശയില്‍ കുടുംബങ്ങളില്‍മാത്രം നടന്നുവന്ന ചടങ്ങിന് വര്‍ത്തമാനകാലത്ത് വലിയ സാമൂഹ്യമാനം കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ളത് ഒരു സാംസ്‌കാരത്തിന്റെ കൈമാറ്റത്തിലൂടെയാണ്. മനുഷ്യരാശിയും രാഷ്ട്രവുമെല്ലാം സുരക്ഷാഭീഷണി – പ്രത്യേകിച്ച് സ്ത്രീസുരക്ഷ – നേരിടുന്ന ഇക്കാലത്ത് രാഖിബന്ധനത്തിന്റെ പ്രസക്തിയും പ്രശസ്തിയും ഏറെ ശ്രദ്ധേയമാണ്. സാമൂഹിക ഉത്സവമായി മാറിയിരിക്കുന്ന രക്ഷാബന്ധനത്തെക്കുറിച്ച് പുരാണത്തിലും ചരിത്രത്തിലുമെല്ലാം നിരവധി സംഭവങ്ങള്‍ (ഐതിഹ്യങ്ങള്‍) കാണാന്‍ സാധിക്കും.
ബലിയും ലക്ഷ്മിയും
ബലിയുടെ ഭക്തിയില്‍ സംപ്രീതനായ മഹാവിഷ്ണു ബലിയുടെ രാജ്യസംരക്ഷണം ഏറ്റെടുത്തു. ബലിയുടെ രാജ്യത്തേയ്ക്ക് വേഷം മാറിവന്ന ലക്ഷ്മി ബലിയുടെ കൈത്തണ്ടയില്‍ രാഖി കെട്ടി ഭര്‍ത്താവായ വിഷ്ണുവിനെ വേണമെന്ന തന്റെ ആവശ്യം അറിയിച്ചു. ആ സഹോദരിയുടെ ആവശ്യം ബലി അംഗീകരിച്ചു.
ഇന്ദ്രനും ഇന്ദ്രാണിയും
ദേവാസുരയുദ്ധത്തില്‍ ഇന്ദ്രന്‍ പരാജയപ്പെട്ടു. പിന്നീട് അസുരന്മാരെ പരാജയപ്പെടുത്താന്‍വേണ്ടി ദേവഗുരുവായ ബൃഹസ്പതിയുടെ നിര്‍ദ്ദേശമനുസരിച്ച് ദേവേന്ദ്രപത്‌നിയായ ഇന്ദ്രാണി ശ്രാവണപൗര്‍ണ്ണമിയില്‍ ഇന്ദ്രന്റെ കൈത്തണ്ടയില്‍ ചരട് കെട്ടി. തുടര്‍ന്ന് നടന്ന യുദ്ധത്തില്‍ അസുരന്മാരെ ഇന്ദ്രന്‍ പരാജയപ്പെടുത്തി.
അലക്‌സാണ്ടര്‍ -പുരു യുദ്ധം
പുരുവിന്റ പരാക്രമത്തില്‍ ഭയം തോന്നിയപ്പോള്‍ അലക്‌സാണ്ടറുടെ പത്‌നി രുക്‌സാന പുരുവിന് രാഖി അയച്ചുകൊടുത്തു. അലക്‌സാണ്ടറിനോട് ഏറ്റുമുട്ടിയപ്പോള്‍ തന്റെ കൈത്തണ്ടയില്‍ രുക്‌സാന അയച്ചുകൊടുത്ത രാഖി കണ്ടപ്പോള്‍ അലക്‌സാണ്ടറെ മുറിവേല്‍പ്പിക്കാതെ പുരു പിന്മാറി.
1905 ല്‍ ബംഗാള്‍ വിഭജിക്കാന്‍ കഴ്‌സണ്‍പ്രഭു ഉത്തരവിറക്കിയപ്പോള്‍ രവീന്ദ്രനാഥടാഗൂറിന്റെ നേതൃത്വത്തില്‍ ദേശസ്‌നേഹികള്‍ ഒത്തുകൂടി. ഗംഗാനദിയില്‍ സ്‌നാനവും നടത്തി പരസ്പരം രാഖിയും ബന്ധിച്ച് വന്ദേമാതരഗാനവുമുദ്‌ഘോഷിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം നയിച്ച് വിജയിച്ചത് ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്.
രക്ഷാബന്ധന്റെ പ്രത്യേകത
ഭാരതീയ ഋഷികള്‍ ഭാരതീയര്‍ക്കുവേണ്ടി മാത്രം ചിന്തിച്ചവരല്ല. ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’, ‘ആത്മവദ് സര്‍വ്വഭൂതാനി’ എന്നിങ്ങനെ ചിന്തിച്ചതുകൊണ്ട് നമുക്ക് സാര്‍വ്വകാലികപ്രസക്തിയും സാര്‍വ്വദേശീയ അംഗീകാരവും കരഗതമായി. ചരിത്രാതീതകാലം മുതല്‍ ഭാരതം വിശ്വപ്രസിദ്ധമായിരുന്നു. വിശ്വോത്തരമായ ഒരു സംസ്‌കാരത്തിന് ഉടമകളായിരുന്നു നാം. ‘ലോകം ഒരു കുടുംബം’ എന്ന ഭാവം അതില്‍നിന്നുരുത്തിരിഞ്ഞതാണ്. ഇവിടുത്തെ മാനുഷികബന്ധങ്ങളുടെ മകുടോദാഹരണമാണ് ‘വിശ്വസാഹോദര്യം.’ വിശ്വമാനവികത സനാതനധര്‍മ്മത്തിനുമാത്രം അവകാശപ്പെട്ടതാണ്.
ഒരു ഈശ്വരനിലും തളയ്ക്കപ്പെടാത്ത സത്യം, ധര്‍മ്മം, ദയ, പ്രേമം തുടങ്ങിയ മാനവികമൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്ന സ്വാതന്ത്ര്യമാണ് അതിന്റെ മുഖമുദ്ര. ഒരാചാരസംഹിതയും ഒരാളെയും പിടിച്ചുകെട്ടുന്നില്ല. അടിച്ചേല്‍പ്പിക്കുന്നില്ല. ആചാരങ്ങള്‍ സ്വയം അംഗീകരിക്കുന്നതാണ്. അതുകൊണ്ടുതന്നെ മതഭ്രാന്തിന് വഴിപ്പെടാത്ത മതം (അഭിപ്രായം) അതാണ് സനാതനധര്‍മ്മം. മൂല്യബോധമാണ് അതിന്റെ അടിത്തറ. സ്വാതന്ത്ര്യമാണതിന്റെ സ്വഭാവം. അതുകൊണ്ട് നിര്‍ഭയരായി നാമുദ്‌ഘോഷിച്ചു ‘ഏകം സത് വിപ്രാഃ ബഹുധാ വദന്തി’ എന്ന്. മാര്‍ഗങ്ങള്‍ പലതാണെങ്കിലും സത്യം ഒന്നാണ്. (ഭക്ഷണം പലതാണെങ്കിലും വിശപ്പ് ഒന്നെന്നപോലെ.)
ഏകതയെ തിരിച്ചറിയുമ്പോള്‍
അറിവെന്നത് സൂചിമുനമുതല്‍ ചക്രവാളം വരെ നീണ്ടുകിടക്കുന്നതും വികസിച്ചുവരുന്നതുമായ അനുഭവമാണ്. രണ്ടില്ല, ഒന്നേയുള്ളൂ എന്നതാണല്ലോ ഏറ്റവും വലിയ അറിവ്. രണ്ടെന്ന ഭാവമാണ് ഭയത്തിന്നടിസ്ഥാനം. ‘ദ്വയാത് ഭയം ഭവന്തി’ എന്ന് ഭഗവദ്ഗീത ഉദ്‌ബോധിപ്പിക്കുന്നു. ഈ പ്രപഞ്ചം മുഴുവന്‍ ഒരു ചൈതന്യപ്രവാഹമാണ്. ആ ബോധത്തില്‍നിന്ന് ഋഷീശ്വരന്മാര്‍ പറഞ്ഞു: ‘സര്‍വ്വം ഖല്വിദം ബ്രഹ്മം’ എന്ന്. അതുകൊണ്ടിവിടെ വൈവിദ്ധ്യമുണ്ട്, വൈരുദ്ധ്യമുണ്ടായില്ല. വൈവിദ്ധ്യത്തിലും ജീവനരസം ഒന്നാണ് എന്നതാണ് അതിനുകാരണം. വൈവിദ്ധ്യം സൃഷ്ടിയിലുള്ളതാണ്. എന്നാല്‍ അതിനെയെല്ലാം ഒന്നാക്കി ഇണക്കിച്ചേര്‍ക്കുന്ന സംസ്‌കാരം നമുക്ക് കൈമുതലായിരുന്നു.
നമ്മുടെ ഏകത മൗലികവും ആന്തരികവുമാണ്. ബാഹ്യരൂപം കൊണ്ട് ഒന്നുപോലെയാണെങ്കിലും അന്തര്‍ലീനമായ ഉള്ളടക്കമാണ് നമ്മുടെ ദേശീയത്വം. ഒന്നുപോലെയിരിക്കുന്നതിനേയും വേര്‍തിരിക്കുന്നത് അതിന്റെ ഉള്ളടക്കം കൊണ്ടാണ്. ദേശീയത്വമെന്നത് ഒരു തത്ത്വസംഹിതയോ മതമോ വിശ്വാസമോ അല്ല, മറിച്ച് അത് സനാതനധര്‍മ്മമാണ്. കാലദേശാതീതമായ ഒരു സത്യമാണ്. അത് ധര്‍മ്മത്തില്‍നിന്ന് ജന്മമെടുത്തു, ധര്‍മ്മത്തിലൂടെ ചരിക്കുന്നു, ധര്‍മ്മത്തിലൂടെ വളരുന്നു എന്ന വീക്ഷണമാണ് ഭാരതത്തിന്റെതെന്ന് മഹാന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.
ഭാരതചരിത്രം നോക്കിയാല്‍ നൂറു നൂറു രാജാക്കന്മാര്‍ ഭരിച്ചിരുന്ന പ്പോഴും വിവിധ ഭാഷകള്‍ വേര്‍തിരിച്ചിരുന്നപ്പോഴും ഒരമ്മ മക്കളെന്ന വൈകാരികഭാവം ഇവിടെ നിലനിന്നിരുന്നത് നമ്മുടെ സാംസ്‌കാരികവൈശിഷ്ട്യത്തിന്റെ സവിശേഷതയാണ്. മാത്രമല്ല ‘ഈ ഭൂമി നമുക്ക് അമ്മ’ എന്ന വികാരത്തിന്റേയും ഫലമായാണ് ഇതൊരു രാഷ്ട്രമായി നിലനിന്നത്. ‘ഏകത്വ’ത്തില്‍ നിന്ന് ‘നാനാത്വം’ ആവിര്‍ഭവിച്ചു. അതുകൊണ്ട് ‘നാനാത്വത്തില്‍ ഏകത്വ’മെന്ന ചൊല്ലും അന്വര്‍ത്ഥമായി.
ഏതൊരു രാഷ്ട്രത്തിനും അതിന്റേതായ ഒരു പൈതൃകസ്വഭാവമുണ്ട്. അത് കണ്ടെത്താന്‍ കഴിയണം. തനതുമണ്ണില്‍നിന്നും വേരില്‍നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ടാലേ വളര്‍ച്ചയും ശരിയായ ദിശയിലാകൂ. അതിനാല്‍ എങ്ങും എവിടെയും എന്നും പ്രസക്തമാണ് സനാതനധര്‍മ്മത്തിലൂന്നിയ രക്ഷാബന്ധന്‍ പോലെയുള്ള ആഘോഷങ്ങള്‍. വര്‍ത്തമാനകാലസാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ നമുക്കേറെ ബോദ്ധ്യപ്പെടുകയും ചെയ്യും.
സ്വാതന്ത്ര്യത്തിന്റെ പരിധി
നൂറ്റാണ്ടുകളുടെ അടിമത്തം പേറി ജീവിച്ചിട്ടും ഭാരതത്തനിമയെ സമ്പൂര്‍ണ്ണമായും തകര്‍ക്കാന്‍ സാമ്രാജ്യത്വശക്തികള്‍ക്കോ അവരുണ്ടാക്കിയ ഭരണസംവിധാനങ്ങള്‍ക്കോ സാധിച്ചിട്ടില്ല. നമ്മുടെ സ്വത്വബോധത്തിന്റെ ഉള്‍ക്കരുത്തില്‍ നാമതിനെ അതിജീവിച്ചു. ഒടുവില്‍ നാം സ്വതന്ത്രരായി. സ്വാതന്ത്ര്യത്തിന്റെ ഏഴ് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ നാം ആഴത്തില്‍ ചിന്തിക്കേണ്ട പലതും ബാക്കിയാണ്.
സ്വാതന്ത്ര്യത്തിനുമുമ്പ് പാരതന്ത്ര്യം അതായിരുന്നു നമ്മുടെ പ്രശ്‌നമെങ്കില്‍ സ്വാതന്ത്ര്യാനന്തരം ‘സ്വാതന്ത്ര്യ’മെന്നതാണ് കടുത്ത വെല്ലുവിളി നേരിടുന്നത്. സ്വാതന്ത്ര്യമെന്നത് സ്വത്വത്തിലൂന്നിയ സ്വലക്ഷ്യത്തിന്റെ സാക്ഷാത്ക്കാരമാണ്. എന്നാല്‍ ഭാരതത്തെ, കടമെടുത്ത വൈദേശികപ്രത്യയശാസ്ത്രങ്ങളുടേയും ഇസങ്ങളുടേയും വിദ്യാഭ്യാസാശയങ്ങളുടേയും സെമറ്റിക് മതസങ്കല്പങ്ങളുടേയും പ്രയോഗശാലയാക്കാന്‍ പരിഷ്‌ക്കാരം, പുരോഗമനം, വികസനം എന്നിവയുടെ പേരില്‍ കാട്ടുന്ന വ്യഗ്രതയാണ് നാം നേരിടുന്ന കാതലായ പ്രശ്‌നം.
സ്വാതന്ത്ര്യമെന്നാല്‍ ഒരു പരിധിയുമില്ലാത്ത അവസ്ഥയല്ല. ഒരു ശിഷ്യന്റെ ചോദ്യത്തിനുത്തരമായി ഒരിക്കല്‍ രാമകൃഷ്ണദേവന്‍ പറഞ്ഞു:- ”ഒരു പശുവിനെ കയറില്‍ ബന്ധിച്ചിരിക്കുന്നു. ആ കയറിന്റെ നീളമാണ് ആ പശുവിന്റെ സ്വാതന്ത്ര്യം.” സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, ജനാധിപത്യം, മതേതരത്വം, ഇസവാദം, ആവിഷ്‌ക്കാരസ്വാതന്ത്ര്യം എന്നതിന്റെയെല്ലാം മേലങ്കിയണിഞ്ഞ് സാംസ്‌കാരികമൂല്യങ്ങളെയും പാരമ്പര്യത്തേയും അവഹേളിക്കുന്നതും അവഗണിക്കുന്നതുമെല്ലാം പുരോഗമനപാത വെട്ടിത്തുറന്നുള്ള പ്രയാണമാണെന്നു വിലയിരുത്തപ്പെടുന്നിടത്ത് മനുഷ്യത്വവും സാഹോദര്യവും സംസ്‌കാരവുമെല്ലാം യഥാര്‍ത്ഥത്തില്‍ ചോദ്യം ചെയ്യപ്പെടുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
മനുഷ്യന് വിദ്യ പകര്‍ന്നുനല്‍കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളും കലാശാലകളുമൊക്കെ മദ്യശാലകളും ആയുധപ്പുരകളും കലാപശാലകളും പാര്‍ട്ടി ഓഫീസുകളുമൊക്കെയാകുമ്പോള്‍ എവിടെയാണ് രാഷ്ട്രത്തിന്റെ മൂലധനമായിത്തീരേണ്ട മനുഷ്യര്‍ ചെന്നെത്തുന്നത്? കൊടി പിടിക്കാനും പ്രകടനം നടത്താനും നശീകരണപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കാനും ഇഷ്ടമില്ലാത്തവരെ ഉന്മൂലനം ചെയ്യാനും പരിശീലനം കൊടുക്കുന്ന കേന്ദ്രങ്ങളായി അവ മാറിയാല്‍ എങ്ങനെ മാനുഷികബന്ധം സ്ഥാപിക്കപ്പെടും. കക്ഷിരാഷ്ട്രീയവും സാമൂഹ്യ പദവിയും സോഷ്യല്‍ സ്റ്റാറ്റസും നോക്കി സുഹൃദ്ബന്ധം പോലും സൃഷ്ടിക്കുന്ന നാട്ടില്‍ എങ്ങനെ സാഹോദര്യവും സമന്വയവും സഹവര്‍ത്തിത്വവും കൈവരിക്കും?
ഭൗതികതയുടെ അതിപ്രസരം കൊണ്ട് സാംസ്‌കാരികമൂല്യങ്ങളും മാനുഷികബന്ധങ്ങളും കുടുംബബന്ധങ്ങളും തകരുന്നു. അതുകൊണ്ട് സമ്പൂര്‍ണ്ണസാക്ഷരത കൈവരിച്ചിടത്ത് അനാഥാലയങ്ങളും ഓള്‍ഡേജ് ഹോമുകളും വര്‍ദ്ധിച്ചുവരുന്നത് പുരോഗമനത്തിന്റെ പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. പുരോഗമിക്കുന്തോറും സാമൂഹ്യബന്ധങ്ങളില്‍നിന്നകന്ന് സ്വാര്‍ത്ഥതയിലേയ്ക്ക് ചുരുങ്ങുന്ന അവസ്ഥ വികാസത്തിന്റേയും പുരോഗമനത്തിന്റേയും പരിഷ്‌ക്കാരത്തിന്റേയും ലക്ഷണമല്ല.
സമത്വം സമരസതയിലൂടെ
ബാഹ്യമായ ഭൗതികസമാനതയാണ് ‘സമത്വം.’ അത് കൈവരിക്കാനാണ് എല്ലാവരും കിണഞ്ഞ് പരിശ്രമിക്കുന്നതും, മത്സരിക്കുന്നതും. സമത്വം എത്ര കൈവരിച്ചാലും ‘സമരസത’ ഉണ്ടാകണമെന്നില്ല. അതുകൊണ്ട് സമരസത ഇല്ലാത്തിടത്തോളം കാലം മത്സരവും സംഘര്‍ഷവും ഇല്ലാതാക്കാന്‍ സാദ്ധ്യവുമല്ല. ‘സമരസത’ യെന്നത് ആന്തരിക അനുഭൂതിയാണ്. അത് ഭൗതികസാഹചര്യങ്ങളുടെ സൃഷ്ടിയല്ല. മറിച്ച് ആന്തരികമൂല്യങ്ങളുടെ വികാസത്തിലൂടെ ഉണ്ടാകേണ്ടതാണ്. അതുവഴിയാണ് സമത്വവും കൈവരിക്കേണ്ടത്. ഈ മൂല്യബോധമാണ് സാഹോദര്യവും സമന്വയവും ഐക്യവും അഖണ്ഡതയും എല്ലാം പരിരക്ഷിച്ചുപോരുന്നത്. ഇത്തരം ഭാവാത്മകചിന്താധാരയാണ് ഭാരതം പടുത്തുയര്‍ത്തിയതും ഋഷിമാരിലൂടെ ലോകശാന്തിക്കും സമാധാനത്തിനും നന്മയ്ക്കും വേണ്ടി വിശ്വസഞ്ചാരം നടത്തിയതും.
‘ഈശാവാസ്യമിദം സര്‍വ്വം’ – എന്ന് ചിന്തിച്ചുറച്ചാല്‍ ഭേദഭാവനകള്‍ അസ്തമിക്കും. അതുപോലെ ‘ലോകം ഒരു കുടുംബം’ എന്ന സങ്കല്പത്തിലൂടെ സ്‌നേഹം, ദയ, സമന്വയം, വിശ്വാസം എന്നിവയും കരഗതമാകും. മറിച്ച് ‘ലോകം ഒരു കമ്പോളം’ എന്ന ആധുനിക പാശ്ചാത്യചിന്തയില്‍നിന്ന് കച്ചവട മനഃസ്ഥിതിയിലേയ്ക്ക് മനുഷ്യന്‍ മാറിപ്പോകും. അതിന്റെ താളപ്പിഴകളും വീഴ്ചകളും ഇന്ന് ജീവിതത്തില്‍ പ്രതിഫലിക്കുകയും ചെയ്യുന്നു. വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം ഇവയെയെല്ലാം ധര്‍മ്മവിചാരത്തിന്റെ ചരടുകൊണ്ട് ബന്ധിച്ചിരിക്കുന്ന നാടാണ് ഭാരതം. അതിലൂടെയാണ് ബന്ധങ്ങളുടെ കെട്ടുറപ്പ് നിലനില്‍ക്കുന്നത്. ‘അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താല്‍ അവനിയിലാദിമമായൊരാത്മരൂപം’ എന്ന് ഗുരുദേവന്‍ പറഞ്ഞത് അറിവിന്റേയും തിരിച്ചറിവിന്റേയും പ്രകാശം മനുഷ്യനു നല്‍കി സങ്കുചിത-ഉച്ചനീച-ഭേദഭാവന-സ്ഥാനമാന കിടമത്സരങ്ങളില്‍ നിന്നെല്ലാം മുക്തരായ മനുഷ്യസൃഷ്ടിക്കായാണ്.
”സര്‍വ്വേ ഭവന്തു സുഖിനഃ
സര്‍വ്വേ സന്തു നിരാമയാ
സര്‍വ്വേ ഭദ്രാണി പശ്യന്തു
മാ കശ്ചിത് ദുഃഖമാപ്‌നുയാത്”
എന്നാണ് ഭാരതം ചിന്തിച്ചതും പ്രാര്‍ത്ഥിച്ചതും. ഇതിലെവിടെയെങ്കിലും ജാതി, മതം, വര്‍ഗം, വര്‍ണ്ണം, കക്ഷിരാഷ്ട്രീയം, സ്വദേശി, വിദേശി എന്ന ചിന്താഗതിയുടെ ലാഞ്ചന കാണാന്‍ കഴിയുമോ? ആത്മജ്ഞാനികളാരുംതന്നെ സങ്കുചിതചിന്തകളെ പ്രോത്സാഹിപ്പിക്കുകയില്ല. ഇവിടെ ജാതിയോ മതമോ ഭാഷയോ പ്രദേശമോ പാര്‍ട്ടിയോ അല്ല പ്രശ്‌നം. അതിന്റെ പേരിലുള്ള സ്പര്‍ദ്ധയാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. നമ്മെ നാമാക്കി നിലനിര്‍ത്തുന്ന മൂല്യങ്ങള്‍ നശിക്കാതെയും നശിപ്പിക്കാതെയും ഇരിക്കാന്‍ സാധിക്കുമ്പോള്‍ മാത്രമേ നിലനില്‍പ്പുള്ളൂ, പുരോഗതിയുള്ളൂ, വികസനമുള്ളൂ എന്ന് മനസ്സിലാക്കിയാല്‍ അടിത്തറ ഭദ്രമാകും.
ഭാരതത്തിന്റെ ദൗത്യം
ലോകത്തിന്റെ പ്രതീക്ഷ ഭാരതത്തിന്റെ ദൗത്യത്തിലാണ്. ഭാരതത്തിന്റെ ദൗത്യം ഓരോ ഭാരതീയന്റേയും കര്‍ത്തവ്യമാണ്. നമ്മുടെ കര്‍ത്തവ്യം നിറവേറ്റാന്‍ വേണ്ടിയാണ് നാം നിലകൊള്ളേണ്ടത് എന്നുള്ളതുകൊണ്ട് നാടിന്റെ ചരിത്രവും പഴക്കവും സംസ്‌കാരവും പാരമ്പര്യവുമൊക്കെ മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടതാവശ്യവുമാണ്.
പരിഷ്‌ക്കാരവും സംസ്‌കാരവും രണ്ടാണെന്ന കൃത്യമായ ധാരണയും ഇക്കാലഘട്ടത്തില്‍ അനിവാര്യമാണ്. പരിഷ്‌ക്കാരമെന്നത് ബാഹ്യമായ മെച്ചപ്പെടുത്തലാണ്, സംസ്‌കാരം ആന്തരികമായ വളര്‍ച്ചയും. പരിഷ്‌ക്കാരം ബുദ്ധിവികാസത്തിനനുസരിച്ചുണ്ടാകുമ്പോള്‍ സംസ്‌കാരം മനോവികാരത്തിനനുസരിച്ച് രൂപപ്പെടുന്നതാണ്.
മഹര്‍ഷി അരവിന്ദന്‍ പറഞ്ഞു:- ”നമ്മുടെ സംസ്‌കാരത്തിന്റെ ഓരോ മണ്ഡലത്തേയും നാം ശ്രദ്ധിച്ച് പഠിക്കണം. ഭാരതത്തിന്റെ ആത്മാവെന്ത്, ആദര്‍ശമെന്ത് എന്നതിനെക്കുറിച്ച് സ്പഷ്ടവും ദൃഢവുമായ കാഴ്ചപ്പാട് വച്ചുപുലര്‍ത്തിക്കൊണ്ടുവേണം, പുതിയ സാഹചര്യങ്ങളും സാദ്ധ്യതകളും ഉപയോഗപ്പെടുത്തി നവസൃഷ്ടി എങ്ങനെ വേണമെന്ന് നിര്‍ണ്ണയിക്കാന്‍.”
ഇക്കാലം ജീവിക്കുന്നവര്‍ക്ക് കഴിഞ്ഞ കാലത്തെ വിലയിരുത്താനെങ്ങനെ സാധിക്കുന്നുവെന്ന് ചിന്തിച്ചാല്‍ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു കിട്ടിയ വിവരശേഖരണങ്ങളെ പഠിച്ചും പരിശോധിച്ചും കേട്ടുമൊക്കെയാണ് എന്നു കാണാം. ഭാവിയിലെ സ്ഥിതിയും മറിച്ചാകാന്‍ തരമില്ലല്ലോ?
അതിനുവേണ്ടിയാണ് ഉത്സവങ്ങളും ആഘോഷങ്ങളും ആചരണങ്ങളുമൊക്കെ കാലാകാലങ്ങളായി നടന്നുവരുന്നത്. വിശ്വസാഹോദര്യസന്ദേശവുമായി സമാഗതമായ രക്ഷാബന്ധന്റെ കാലികപ്രസക്തി വളരെ മഹത്വപൂര്‍ണ്ണമാണ്. ‘ജഗദേക നീഡം’ (ലോകം ഒരു കിളിക്കൂടാണ്) ആയതുകൊണ്ടുതന്നെ നാം ഒന്നാണ്. നിറം, രൂപം, വേഷം, ഭാഷ, ഭക്ഷണം ഇവയെല്ലാം വ്യത്യസ്തമാണെങ്കിലും മനുഷ്യത്വമെന്ന ‘സ്വത്വബോധം’ മുഴുവന്‍ പ്രപഞ്ചത്തേയും ഒന്നായി കാണാനുള്ള മനസ്സാണ്.
”ഒരൊറ്റ മതമുണ്ടുലകിന്നുയിരാം പ്രേമമതൊന്നല്ലോ
പരക്കെ നമ്മെ പാലമൃതൂട്ടും പാര്‍വ്വണശശിബിംബം
ഭക്ത്യനുരാഗദയാദിവപുസ്സപ്പരാത്മചൈതന്യം
പലമട്ടേന്തി പാരിതിനെന്നും പ്രകാശമരുളുന്നു” എന്ന് കവി പാടി.
സ്‌നേഹം എന്ന ഒരൊറ്റ മതമാണ് ലോകത്തിന്റെ പ്രാണന്‍.
”സ്‌നേഹത്തില്‍നിന്നുദിക്കുന്നു ലോകം
സ്‌നേഹത്താല്‍ വൃദ്ധി തേടുന്നു.”
സ്‌നേഹമില്ലാത്ത മനുഷ്യരുടെ ഒരു ലോകം സങ്കല്പിച്ചാല്‍ എത്ര ഭീകരമായിരിക്കും എന്ന് ഊഹിക്കാന്‍ പോലും സാദ്ധ്യമല്ല. സ്‌നേഹശക്തികൊണ്ടാണ് പ്രതിയോഗികളെപ്പോലും കീഴടക്കേണ്ടത്. ഉദാഹരണത്തിന് ഗാന്ധിജിയെക്കുറിച്ച് ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ജനറല്‍ സ്മട്ട്‌സ് പറഞ്ഞു:- ”ഈ മനുഷ്യന്‍ സ്‌നേഹശക്തികൊണ്ട് നമ്മെ നിര്‍വ്വീര്യരാക്കുന്നു” എന്ന്.
മനുഷ്യന്‍ സാമൂഹ്യജീവിയാണ്. അതുകൊണ്ട് തന്നോടുമാത്രമല്ല ബന്ധം. കുടുംബം, സമൂഹം, രാഷ്ട്രം തുടങ്ങി പ്രപഞ്ചത്തിലെ സര്‍വ്വചരാചരങ്ങളോടും മനുഷ്യന്‍ ബന്ധപ്പെട്ടിരിക്കുന്നു.
പ്രകൃതിയോടിണങ്ങി ജീവിക്കേണ്ട മനുഷ്യന്‍ പ്രകൃതിസംരക്ഷണം, പരിസ്ഥിതി സംരക്ഷണംഎന്നിവയില്‍ ഊന്നല്‍ നല്‍കി സന്തുലിതാവസ്ഥ നിലിനിര്‍ത്താന്‍ ബദ്ധശ്രദ്ധനാകണം. ഭൗതികതൃഷ്ണ ശമിപ്പിക്കാന്‍ വേണ്ടി പ്രകൃതിയെ ചൂഷണം ചെയ്യുമ്പോള്‍ പ്രകൃതി പ്രതികരിക്കും. തത്ത്വശാസ്ത്രം ഉപദേശിച്ചാല്‍ പ്രകൃതി വഴങ്ങില്ല. പ്രകൃതിക്ക് പിശക് പറ്റില്ല, അതിന് സ്വതന്ത്രമായൊരു തത്ത്വമുണ്ട്. പ്രകൃതി മനുഷ്യന്റെ ഗുരുവാണ്. പ്രകൃതിയും മനുഷ്യനും സഹജരാണ്. പ്രകൃതി ഒരുക്കിയ വിഭവങ്ങളിലൊന്നും തന്‍കാര്യലാഭത്തിനായല്ല. മരങ്ങള്‍ കായ്ക്കുന്നതും നദികള്‍ ഒഴുകുന്നതും കാറ്റ് വീശുന്നതും സൂര്യനുദിക്കുന്നതുമൊന്നും അവയ്ക്കുവേണ്ടിയല്ല. പരോപകാരത്തിനുവേണ്ടിയാണ്. അതാണതിന്റെ ശാസ്ത്രം. പ്രകൃതി ഒരിക്കലും ബുദ്ധി, യുക്തി എന്നിവയുടെ പരിമിതിയിലല്ല. എന്നാല്‍ മനുഷ്യന്‍ ഈ പരിമിതിയിലാണുതാനും. അതുകൊണ്ടാണ് പ്രകൃതിയെ ചൂഷണം ചെയ്യാന്‍ മനുഷ്യന്‍ വ്യഗ്രനാകുന്നത്. ഇവ്വിധമുള്ള ആര്‍ഷചിന്തകളോട് തന്മയീഭാവം കൈവരുത്തുമ്പോള്‍ മാത്രമേ മനുഷ്യന് വിഭാഗീയതയില്‍നിന്ന് മുക്തനാവാന്‍ കഴിയൂ. അവിടെ മാത്രമേ സാഹോദര്യം വളരൂ. ബന്ധങ്ങള്‍ പോലും കരാര്‍ സിദ്ധാന്തത്തില്‍ കെട്ടിപ്പൊക്കുന്ന ഈ കാലത്ത് സമദര്‍ശീഭാവം എങ്ങനെ കൈവരും?
1893 ലെ ചിക്കാഗോ മതമഹാസമ്മേളനത്തില്‍ ഭാരതപുത്രനായ സ്വാമി വിവേകാനന്ദനിലൂടെ ലോകം ശ്രവിച്ചത് വിശ്വസാഹോദര്യസന്ദേശമാണ്. ‘അമേരിക്കയിലെ സഹോദരീ സഹോദരന്മാരേ’ എന്ന അഭിസംബോധനയെ കരഘോഷത്തോടെയാണ് അന്ന് ലോകം സ്വീകരിച്ചത്.
മറ്റ് രാഷ്ട്രങ്ങള്‍ സ്വന്തം ജനതയ്ക്കും രാഷ്ട്രത്തിനും വേണ്ടി മാത്രം ചിന്തിച്ചപ്പോള്‍ ഭാരതം ലോകത്തെ തറവാടായി കണ്ട് മുഴുവന്‍ ലോകത്തിനും വേണ്ടി ചിന്തിച്ചു, നിലകൊണ്ടു. ഭൗതികജീവിതവിജയത്തിനും പരസ്പരവിശ്വാസം അനിവാര്യമാണ്. മനുഷ്യമനസ്സ് വിശ്വമനസ്സായി മാറുമ്പോള്‍ എല്ലായിടവും ശാന്തിയും സമാധാനവും കൈവരും. ജാതി – മത – വര്‍ഗ-വര്‍ണ-കക്ഷിരാഷ്ട്രീയ സങ്കുചിതമനസ്സുമായി ജീവിക്കുന്ന മനുഷ്യര്‍, അതിനെ അതിജീവിച്ച് വിശ്വമനസ്സുള്ളവരായി – വിശ്വപൗരരായി – മാറണം. അതാണ് പുരോഗമനം, അതായിരിക്കണം പരിഷ്‌കാരത്തിന്റെ ലക്ഷണം. ഐക്യമെന്നത് പ്രപഞ്ചപ്രകൃതിയും അനൈക്യമെന്നത് മനുഷ്യവികൃതിയുമാണ്. ”സം ഗച്ഛദ്ധ്വം സംവദദ്ധ്വം സം വോ മനാം സി ജാനതാം…….” എന്നാണല്ലോ പവിത്രമായ ഋഗ്വേദത്തിലൂടെ ഋഷി നമ്മോട് ആഹ്വാനം ചെയ്യുന്നത്.
കഴിഞ്ഞ 94 വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന രാഷ്ട്രീയ സ്വയംസേവക സംഘം അതിന്റെ ശാഖാപ്രവര്‍ത്തനത്തിനുപുറമേ ദേശീയവും ചരിത്രപ്രാധാന്യവുമുള്ള ഉത്സവങ്ങളുടെ കൂട്ടത്തില്‍ രക്ഷാബന്ധനമഹോത്സവവും ആഘോഷിച്ചുവരുന്നു. നമ്മുടെ നാട്ടില്‍ അതിപ്രാചീനകാലഘട്ടം മുതല്‍ നിലനിന്നുപോരുന്ന മാനുഷിക-സാംസ്‌കാരിക മൂല്യങ്ങളെ തലമുറകള്‍ക്ക് പകര്‍ന്നുകൊടുത്തുകൊണ്ട് നമ്മുടെ രാഷ്ട്രത്തിന്റെ ഐക്യം, അഖണ്ഡത, ഭാരതം ലോകത്തിനു പ്രദാനം ചെയ്ത സാഹോദര്യം എന്നിവയെല്ലാം പരിരക്ഷിക്കപ്പെടേണ്ട കര്‍ത്തവ്യം ഏറ്റെടുക്കാന്‍ സമൂഹത്തെ സജ്ജമാക്കുകയെന്ന ഉദ്ദേശ്യത്തോടുകൂടിയാണ് രക്ഷാബന്ധനമഹോത്സവം ആചരിക്കുന്നത്.

കര്‍മ്മം ചെയ്യേണ്ട കരങ്ങളില്‍ നാം ബന്ധിക്കുന്ന പട്ടുനൂല്‍ വ്യക്തിയെ ധര്‍മ്മത്തോടും സമൂഹത്തോടും ബന്ധിപ്പിക്കുന്ന ചരടാണ്. നമ്മെ കര്‍ത്തവ്യബോധത്തിലേയ്ക്കുയര്‍ത്തി കര്‍മ്മോത്സുകരാകാന്‍ പ്രേരണ നല്‍കുന്നതാണ് ‘രാഖി.’
നമ്മെ നാമാക്കി നിലനിര്‍ത്തുന്നതും ലോകനന്മയ്ക്കുതകുന്നതുമായ മൂല്യങ്ങള്‍ നിലനിര്‍ത്താനുള്ള കര്‍ത്തവ്യബോധമാണ് മാനവരാശിക്കുയരാന്‍ അനിവാര്യമായുള്ളത്. അതിനെ നിലനിര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്ന തിരിച്ചറിവും ഈ ആഘോഷം നടത്താന്‍ സ്വയംസേവകരെ പ്രേരിപ്പിക്കുന്നു.
ഓരോ ഭാരതീയനും എന്റെ കൂടപ്പിറപ്പാണ്, സഹോദരനാണ്. അവരുടെ സുഖമാണ് എന്റെയും സുഖം. സംഘര്‍ഷം നിറഞ്ഞ ലോകജീവിതത്തില്‍ ശാന്തിയുടേയും സമാധാനത്തിന്റേയും സാഹോദര്യത്തിന്റേയും സൗഹൃദത്തിന്റേയും സ്മരണകളുണര്‍ത്തുന്ന രക്ഷാബന്ധനഉത്സവത്തില്‍ സമന്വയത്തിന്റെ പട്ടുനൂല്‍ ബന്ധിച്ച് നമുക്ക് ഒന്നായിത്തീരാം.
(ആര്‍.എസ്.എസ്. പ്രാന്ത വ്യവസ്ഥാ പ്രമുഖ്ആണ് ലേഖകന്‍)