പിന്നാമ്പുറത്തെ വരാന്തയില്‍ നിന്ന് പാത്രം കഴുകുകയായിരുന്നു പാറുക്കുട്ടി. തോട്ടത്തില്‍ വരിവരിയായി നില്‍ക്കുന്ന വാഴകള്‍ ഒന്നുകഴിഞ്ഞൊന്നെന്ന വണ്ണം വീഴുന്നത് കണ്ട് ഏന്തിവലിഞ്ഞു നോക്കിയപ്പോഴാണ് വാളുകളുമായി പത്തിരുപത് പേര്‍ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നത് കണ്ടത്. തോട്ടം പണിക്കാരില്‍ മൂന്നുപേര്‍ ഓടി വരാന്തയിലേക്ക് കയറി. കഴുത്തിന് വെട്ടേറ്റ് ചോരയൊലിപ്പിച്ച് വേലുവും പാക്കരനും അടുക്കളപ്പുറത്തേക്ക് വന്നു വീണപ്പോള്‍ പാറുക്കുട്ടി ഒന്നലറി. നാലഞ്ചു ലഹളക്കാര്‍ ഓടിവന്ന് പാറുക്കുട്ടിയെ തള്ളിയിട്ട് അവരെ വീണ്ടും വെട്ടി. അലര്‍ച്ച കേട്ടതല്ലാതെ പിന്നീട് എന്താണ് സംഭവിച്ചതെന്ന് പാറുക്കുട്ടിക്ക് ഓര്‍മ്മയില്ല.
ശങ്കരന്‍ നായരേയും അളിയന്‍ കുഞ്ഞുണ്ണി നായരേയും കുളത്തിന്‍ കരയില്‍ വെച്ച് വെട്ടിക്കൊന്നു എന്നകാര്യം വേലായുധന്‍ അമ്മയോട് പറഞ്ഞില്ല. മാണിക്യത്തിന്റെ ഉടുവസ്ത്രമഴിച്ച് പറമ്പിലൂടെ ഓടിച്ച കാര്യവും അയാള്‍ മിണ്ടിയില്ല.
പാതിരാവരെ മൂവരും ഒന്നും ഉരിയാടിയില്ല. ആ നിശ്ചലതയില്‍ നെടിയിരിപ്പിന് ചുറ്റും രാത്രി കനം പിടിച്ചു. ആ ഇരുട്ടില്‍ രാത്രിസഞ്ചാരികള്‍ പതുങ്ങി നടന്നു.
എന്തോ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നപ്പോള്‍ ജനലിനപ്പുറം രണ്ടു പേരുടെ നിഴലനക്കം കണ്ട് വേലായുധന്‍ പായയില്‍ നിന്നെഴുന്നേറ്റു. വാതില്‍ തുറന്ന് വരാന്തയിലേക്ക് ഇറങ്ങി. പൊടുന്നനെ ഒരു ശീല്‍ക്കാരം ഇരുട്ടിനെ ഭേദിച്ചു. മൂക്കിനു മുന്നിലൂടെ പറന്നിറങ്ങിയ വാള്‍ അപകടം വരുത്താതെ നിലം തൊട്ടപ്പോള്‍ തീപ്പൊരി ചിതറി.
ആരോ കയറിപ്പിടിച്ചു.
‘ജ്ജ് നടക്ക്’. വേലായുധന്‍ നടക്കാന്‍ മടിച്ചപ്പോള്‍ അയാള്‍ ആക്രോശിച്ചു ‘ജീവന്‍ വേണ്ടേ ജ്ജ്‌ന്?’
‘തൊപ്പി ഇടാമോ എന്ന് ചോദിക്ക് ഇക്കാ’. മുറ്റത്തു നിന്ന് ഒരു ചെറുപ്പക്കാരന്റെ ശബ്ദം.
‘ഇവനാ….! സമ്മതിക്കില്ല എന്നറിഞ്ഞ്‌കൊണ്ടല്ലേ വാള്‍ വീശ്യത് ‘. അയാള്‍ വേലായുധനേയും കൊണ്ട് ഇരുട്ടിലേക്ക് നടന്നു. കുറേപ്പേര്‍ വീടിനകത്തേക്ക് ഇരച്ച് കയറി.
തന്നെ വലിച്ചിഴച്ച് കൊണ്ട് പോകുമ്പോള്‍ പിറകില്‍ വീട്ടിനകത്തുനിന്നും അച്ഛനമ്മമാരുടെ നിലവിളികള്‍ ഉയര്‍ന്നു പൊങ്ങി താഴെ വീണുടയുന്നത് കേട്ട് വേലായുധന്‍ മണ്ണില്‍ ഇരുന്നു. പൊടുന്നനെ തലയില്‍ ഒരു ആഞ്ഞുചവിട്ട് വന്ന് പതിച്ചപ്പോള്‍ മൊത്തം ഇരുട്ട് നിറഞ്ഞു. താന്‍ മണ്ണിലേക്ക് വീണ് ലയിക്കുന്നതായി വേലായുധന് തോന്നി.
കണ്ണുതുറന്നു നോക്കിയപ്പോള്‍ പുറത്ത് വെളിച്ചം. പരിചയമുള്ള പുറം ദൃശ്യം. ഏതു വരാന്തയിലാണ് താന്‍ ഇപ്പോള്‍ കിടക്കുന്നത് എന്ന സംശയത്തില്‍ ചുറ്റും നോക്കി. കിടക്കുന്ന പായയില്‍ തന്റെ ദേഹത്തു നിന്നുള്ള മണ്ണ് പുരണ്ടിരിക്കുന്നു. തലയിലെ പെരുപ്പ് മൂലം വീണ്ടും കണ്ണടച്ചു. കണ്ണിനകത്ത് അച്ഛനുമമ്മയും.
നെറ്റിയില്‍ എന്തോ തണുപ്പ് പടര്‍ന്നപ്പോള്‍ കണ്ണുതുറന്നു. അവൂക്കറിന്റെ ഉമ്മ. ഉമ്മയുടെ നിശ്വാസം മുഖത്ത് വീണപ്പോള്‍ പടര്‍ന്ന തണുപ്പ്. അപ്പോഴാണ് താന്‍ കിടക്കുന്നത് അവൂക്കറിന്റെ വീട്ടില്‍ ആണെന്ന് വേലായുധന് മനസ്സിലായത്. വേലായുധന്റെ ഓരോ ഞരക്കത്തിലും അതേ നീളത്തില്‍ ലഹളക്കാരെ പിരാകുന്ന ഉമ്മയുടെ ശബ്ദം കൂടിച്ചേര്‍ന്നു.
‘അച്ഛന്‍ ….. അമ്മ…?’
വേലായുധന്റെ ചോദ്യം കേട്ട് ഉമ്മ ദയനീയമായി ഒന്ന് നോക്കി. പിന്തിരിഞ്ഞ് പച്ചമരുന്നുമായി എത്തിയ അവൂക്കറിന്റെ മുഖത്തേക്ക് നോക്കി നെറ്റിചുളിച്ചു. ഉമ്മയുടെ നെറ്റിയില്‍ പ്രത്യക്ഷപ്പെട്ട മടക്കുകളില്‍ എന്തൊക്കെയോ ദുഃസ്സൂചനകള്‍ വക്രീകരിച്ചു കിടക്കുന്നത് വേലായുധന്‍ അറിഞ്ഞു.
കിടന്നകിടപ്പില്‍ നിന്ന് ലഹളക്കാരോട് ആക്രോശിക്കുകയും മുടി മുറിക്കാനോ തൊപ്പിയിടാനോ സമ്മതമല്ലെന്ന് ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയും ചെയ്ത വേലായുധന്റെ അച്ഛനെ കിടക്കയില്‍ തന്നെ വെട്ടിയിട്ട കാര്യം ഒരു വിധം പറഞ്ഞൊപ്പിച്ച് അവൂക്കര്‍ പൊട്ടിക്കരഞ്ഞു. ‘പടച്ചോന്റെ വഴീല് ഇങ്ങനെയൊന്നും ചെയ്യാന് നമ്മള് പഠിച്ചിട്ടില്ല വേലായുധാ’.
‘അമ്മ….?’
‘വിവരം കിട്ടീല. എവിടേക്കാ പോയത്ന്ന്. നോക്കി ആള് പോയിട്ടുണ്ട് നാലു ഭാഗത്തേക്കും. വെഷമിക്കണ്ട’.
അടിവയറ്റില്‍ നിന്നൊരാളല്‍, പിന്നൊരു കിതപ്പ്, ദീര്‍ഘമായൊരു ശ്വാസമെടുപ്പ്, പിന്നീട് ഒരു അലമുറ. വേലായുധനില്‍ നിന്ന് ഇത്രയുമുയര്‍ന്നപ്പോള്‍ ഉമ്മ ഉമ്മറപ്പടിയെ ചാരി വാവിട്ടുകരഞ്ഞു. രണ്ടുപേരെയും എങ്ങനെ സമാധാനിപ്പിക്കണമെന്നറിയാതെ അവൂക്കര്‍ പുറത്തേക്ക് നോക്കി. കരച്ചിലുകള്‍ ഒട്ടൊന്നു ശമിച്ചപ്പോള്‍ അവൂക്കര്‍ പറഞ്ഞു.
‘ഭാഗ്യത്തിനാ വഴീന്ന് പാതിരാത്രിക്ക് ഒച്ചപ്പാടു കേട്ടപ്പോ ഇറങ്ങി നോക്കാന്‍ തോന്ന്യത്. കൊല്ലാന്‍ തന്ന്യാ കൊണ്ടുപോകുന്ന്ണ്ടായിര്ന്നത്. വേലായുധനാണ്ന്ന് അവര് പറഞ്ഞപ്പോള്‍ പിന്നീടൊന്നും ചിന്തിച്ചില്ല. തടഞ്ഞു. അല്ല, വേറെയാരായാലും തടയേണ്ടത് തന്നെയാ… അല്ലേ?’
ആരും ഒന്നും മിണ്ടിയില്ല.
‘ഉന്തും പിടീം നടന്നു. എന്നെ കൊല്ലാണ്ട് വിട്ടത് അവര്‌ടെ മാര്‍ഗ്ഗത്തിലില്ലോനായതുകൊണ്ട് ആണത്രേ… ത്ഫൂ… ഞാന്‍ ഓറെ മാര്‍ഗ്ഗത്തില്‍ ഒന്ന്വല്ല. യഥാര്‍ത്ഥ സത്യവിശ്വാസത്തിന്റെ, പടച്ചോന്റെ മാര്‍ഗ്ഗത്തിലാ… ഇക്കാണുന്ന തോന്ന്യാസൊന്നും പടച്ചോന്‍ പൊറുക്കൂല’.
പകല്‍ വേലായുധന് അവിടെ ഇരുത്തം വന്നില്ല. അച്ഛന്റെ ദേഹം, അവര്‍ തകര്‍ത്ത വീട് രണ്ടും തനിക്കൊന്ന് കാണണം. അമ്മയെത്തേടി നാട് മൊത്തം ഓടണം. പക്ഷേ ഒന്നെഴുന്നേല്‍ക്കാന്‍ പോലുമാകാത്തവിധം തന്റെ ശരീരം തളര്‍ച്ചയിലാണെന്നറിഞ്ഞപ്പോള്‍ അയാള്‍ മുഖം പൊത്തിക്കരഞ്ഞു.
സന്ധ്യയ്ക്ക് ശരീര വേദനയ്ക്ക് ഒരയവു വന്നതായി തോന്നിയപ്പോള്‍ വരാന്തയില്‍ എഴുന്നേറ്റിരുന്നു. അവൂക്കറിന്റെ ഉമ്മ പുരട്ടിത്തന്ന തൈലത്തിന്റെ ഗന്ധം മൂക്കിലെടുത്ത് അമ്മയെ ഓര്‍ത്തു. അവൂക്കര്‍ക്ക അമ്മയെത്തേടി ഇറങ്ങിയിട്ടുണ്ട്. ഇറങ്ങുമ്പോള്‍ അച്ഛനെ അവസാനമായി ഒരു നോക്ക് കാണാന്‍ തന്നെയും കൂട്ടണമെന്ന് പറഞ്ഞപ്പോള്‍ കാണാന്‍ പറ്റുന്ന രൂപത്തിലായിരിക്കില്ല അച്ഛന്‍ കിടക്കുന്നത് എന്ന് പറഞ്ഞ് തന്നെ തടയുകയായിരുന്നു. ദഹിച്ച് കഴിഞ്ഞ് കാണും. ഒരുപാട് ഓര്‍മ്മകള്‍, വേദനകള്‍, വേവലാതികള്‍ ഒക്കെ ഒപ്പം കത്തിച്ചാമ്പലായിക്കഴിഞ്ഞു കാണും.
അവൂക്കര്‍ കയറിവന്നു. മുഖത്ത് സന്ധ്യയുടെ മങ്ങല്‍. പ്രതീക്ഷയോടെ അയാളുടെ മുഖത്തേക്ക് നോക്കിയ വേലായുധനിലേക്കും ആ മങ്ങല്‍ പകര്‍ന്നു വന്നു.
‘പേടിക്കാനില്ല, നാടെമ്പാടും ആള്‍ക്കാര് തെരയുന്നുണ്ട്’. അവൂക്കര്‍ വരാന്തയിലേക്ക് കയറി വേലായുധനെ പിടിച്ചെഴുന്നേല്‍പ്പിച്ചു.
‘വാ കുറച്ചു ചൂടുവെള്ളം കുടിക്കാം’. വേലായുധനെ താങ്ങി അടുക്കള ഭാഗത്തേക്ക് പതുക്കെ നടക്കുന്നതിനിടയില്‍ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു ‘ഉമ്മാ, രണ്ട് ഗ്ലാസ് വെള്ളം ചൂടാക്ക്, കുടിക്കാനാ’.
”അച്ഛന്‍… വീട്…?’
‘ദഹിച്ചു… സഹിക്ക്വ, അല്ലാണ്ട് എന്ത് ചെയ്യാനാ’. വേലായുധന്‍ കുട്ടിയെപ്പോലെ വിതുമ്പി. അടുക്കളയിലെ പഴകിയൊരു ബെഞ്ചില്‍ രണ്ടുപേരും ഇരുന്നു. അടുപ്പില്‍ കത്തുന്ന വിറകില്‍ നിന്നുള്ള തീവെട്ടം അവിടെയെമ്പാടും നേര്‍ത്ത തോതില്‍ പ്രകാശിതമാക്കി.
ഉമ്മ എന്തൊക്കെയോ പ്രാര്‍ത്ഥിക്കുകയാണ്.
‘എനിക്കും പ്രാര്‍ത്ഥിക്കണം’ വേലായുധന്‍ അറിയാതെ പറഞ്ഞു പോയി.
‘ഉം… എങ്കില്‍ ഞാനൊരു സാധനം തരാം’.
ഉമ്മ പതുക്കെ അടുക്കളയുടെ കിഴക്കേമൂലയിലേക്ക് നടന്നു. അവിടെ പഴകിയ മരഗോവണി. അതിന്റെ ചുവട്ടില്‍ നിന്ന് അവൂക്കറിനെ വിളിച്ചു. ‘ഇജ്ജ്ങ്ങ് വന്നേടാ. ആ സാധനൂങ്ങെട’. എന്തോ ചൂണ്ടി അവര്‍ പറഞ്ഞു.
അവൂക്കര്‍ ഗോവണി വഴി തട്ടുമ്പുറത്തേക്ക് കയറി. ഉയര്‍ന്നു വീഴുന്ന ഇത്തിരി വെട്ടത്തില്‍ എന്തോ തപ്പിയെടുത്തു. നൂറ്റാണ്ടുകളുടെ കനം കെട്ടിയ പൊടി ഇരുട്ടിലേക്ക് പാറിനടന്നു.
അവൂക്കറോട് അത് വാങ്ങി ഉമ്മ വേലായുധനു നേരെ നീട്ടി. വേലായുധന്‍ അതു വാങ്ങി വെളിച്ചത്തേക്ക് പിടിച്ചു.
ഒരു ഓട്ടുവിളക്ക്. മുകളില്‍ മനോഹരമായ ഒരു മയില്‍ രൂപം.
‘എങ്ങനെ ഇവിടെ വന്നൂന്നറീല. ഉമ്മൂമ്മാന്റെ ഉമ്മ പറഞ്ഞത് ഓര്‍മ്മീണ്ട്. അവര്‌ടെ കാലത്തും ഇത് തട്ടുമ്പുറത്തന്നെ ഉണ്ടായിര്ന്നൂന്ന് ‘.
”ഉം’ വേലായുധന്‍ അതില്‍ പിടിച്ചിരിക്കുന്ന പൊടി കൈകൊണ്ട് തട്ടിക്കളഞ്ഞു.
‘മോന്‍ പ്രാര്‍ത്ഥിക്ക് ‘.
വേലായുധന്‍ വിളക്കുകൊളുത്തി. വരാന്തയിലേക്ക് നടക്കുന്നതിനിടയില്‍ മനസ്സില്‍ ജപിച്ചു.
‘ശത്രു ബുദ്ധി വിനാശായ ദീപജ്യോതിര്‍ നമോ നമഃ’
തുളസിത്തറയില്‍ വിളക്ക് വെച്ച് കല്യാണി പടിപ്പുര ഭാഗത്തേക്ക് എത്തിനോക്കി. അപ്പുമാമന്‍ എത്തിക്കാണുന്നില്ല. വരാന്തയിലേക്ക് കയറി ഒന്നുകൂടി തിരിഞ്ഞുനോക്കിയപ്പോള്‍ പടിപ്പുരയ്ക്കിപ്പുറം നടവഴിയില്‍ ഒരാളനക്കം.
”വേലായുധനാണ്.
ശങ്കരേട്ടന്‍ ഇല്ലേ?” അടുത്ത് വന്ന് കല്യാണിയോട് ചോദിച്ചു.
‘അപ്പുമാമന്‍ എത്തീല. ചന്തേല് പിരിവിന് പോയതാ. എത്തേണ്ട സമയം കഴിഞ്ഞു’. പേടി കല്യാണിയുടെ മുഖത്ത് തളംകെട്ടിക്കിടപ്പുണ്ട്.
‘ഉം… നോക്കാം’. വേലായുധന്‍ തിരിഞ്ഞുനടന്നു.
(തുടരും)
Comments