ഊര്‍ജ്ജസ്വലനായ ചെറുപ്പക്കാരനായിരുന്നു മെഡിക്കല്‍ ബിരുദപഠനം പാതിവഴിയില്‍ നിര്‍ത്തി സമരവീര്യത്തെ പുണര്‍ന്ന തന്റെ അനുജന്‍. മനുഷ്യശരീരത്തിനകത്ത് പൂര്‍വിക പരമ്പരയും പ്രകൃതിയും ഒളിപ്പിച്ചുവെച്ച അത്ഭുത പ്രവര്‍ത്തനങ്ങളെ ഇഴകീറി പഠിച്ചവന്‍ സ്വന്തം ശരീര ശേഷിയിതാ മണ്ണിനുവേണ്ടി പണയം വെച്ചിരിക്കുന്നു.
പഞ്ചഭൂതങ്ങളാല്‍ പടച്ചു വെക്കപ്പെട്ട മറ്റൊരു ശരീരം കൂടി മണ്ണിനും ജലത്തിനും വായുവിനുമൊക്കെ വേണ്ടി തളര്‍ച്ചയേറ്റുവാങ്ങുകയാണ്. മകന്‍ ഡോക്ടറായി നാടിന്റെ ക്ഷീണം മാറ്റുന്നൊരു കാലം സ്വപ്‌നം കാണുന്ന മാതാപിതാക്കളുണ്ട് ഈ ചെറുപ്പക്കാരന്റെ വീട്ടില്‍.
കെട്ടുപോയ സ്വപ്‌നങ്ങളുടെ കാവല്‍ക്കാരേ ക്ഷമിക്കുക.
ചിന്തകള്‍ പതുക്കെ സ്വന്തം പിതാവിലേക്ക് വഴുതിയപ്പോള്‍ ജയിലഴികള്‍ക്കിടയിലൂടെ തന്റെ നോട്ടത്തെ കേളപ്പന്‍ ദൂരെയുള്ള തെങ്ങിന്‍ തലപ്പുകളിലേക്ക് നീന്തിച്ചു.
തെങ്ങിന്‍ചുവട്ടില്‍ നിന്ന് കളിക്കുമ്പോള്‍ ‘അവിടുന്ന് മാറിനിക്ക്, വല്യ തേങ്ങ വീഴാന്ണ്ട്’ എന്ന് പറഞ്ഞ് ശകാരിക്കുന്ന അച്ഛന്‍. പ്രൈമറി, സെക്കണ്ടറി ക്ലാസുകളില്‍ പഠനമികവുകൊണ്ട് അധ്യാപകര്‍ക്ക് പ്രിയപ്പെട്ടവനാണ് താന്‍ എന്ന് അറിയുമ്പോഴൊക്കെ ‘ഇപ്പോ മാത്രം പോരാ എന്നും വേണം’ എന്നു പറഞ്ഞ് ഒരു തലോടലില്‍ ജന്മാന്തരങ്ങളുടെ സ്‌നേഹത്തണുപ്പ് പകരുന്ന ആ ഉള്ളംകൈ സ്പര്‍ശം ഇപ്പോള്‍ തന്നെ തലോടുന്നുണ്ടോ? പൊന്നാനിയിലും ചങ്ങനാശ്ശേരിയിലും അധ്യാപക വേഷംകെട്ടി ജീവിതം സ്വന്തം കാലിലേക്ക് മാറ്റിയപ്പോള്‍ അകലത്തിരുന്ന് അനുഗ്രഹം ചൊരിഞ്ഞു കൊണ്ടേയിരിക്കുകയായിരിക്കണം ആ മനുഷ്യന്‍.
പക്ഷേ ദാമ്പത്യത്തിന്റെ ദ്വയാംഗയാത്രയില്‍ ഈ മകന്റെ ചുവടുകള്‍ പിഴക്കുന്നതറിഞ്ഞ് ആ ഹൃദയം തകര്‍ന്നു.
അമ്മാളു സുന്ദരിയായിരുന്നു. ചങ്ങനാശ്ശേരിയില്‍ അധ്യാപകനായും പൊതുപ്രവര്‍ത്തകനായും യൗവനക്കരുത്തോടെ നിറഞ്ഞുനിന്നകാലത്ത് ഒരു മധ്യാഹ്നത്തിലാണ് അച്ഛന്റെ കമ്പിസന്ദേശം എത്തുന്നത്, ‘മാതൃഭൂമി പത്രാധിപസമിതി അംഗമായ ടി.പി.സി കിടാവിന് ഒരു പെങ്ങളുണ്ട്. അവര്‍ക്കും താല്പര്യമുണ്ട്. പോയി കാണണം.’
കണ്ടു. നോക്കിലും വാക്കിലും തനിക്കു ചേര്‍ന്നവളെന്ന് തോന്നി. ആ തോന്നലില്‍ അവളെ തന്റെ ജീവിതത്തോട് ചേര്‍ത്തു കെട്ടി.
വിവാഹം കഴിഞ്ഞയുടന്‍ അമ്മാളുവിന്റെ വീട്ടുകാര്‍ പറഞ്ഞു.
‘പതിനേഴ് തികഞ്ഞതല്ലേ ഉള്ളൂ. അവളിവിടെത്തന്നെ നില്‍ക്കട്ടെ. കുറച്ചു ലോകവിവരമൊക്കെ വെക്കട്ടെ’. അത് ശരിയാണെന്നു തോന്നി. അപ്പോഴേക്കും തന്റെ പൊതുപ്രവര്‍ത്തനത്തെ ഒരു കരയ്ക്കടുപ്പിക്കണം. എന്‍എസ്എസ് വളര്‍ച്ചയുടെ ഘട്ടത്തിലാണ്. വലിച്ചെറിഞ്ഞ് പോകേണ്ട കാലമല്ല.
പക്ഷേ എന്‍എസ്എസ്സിന്റെ കറുകച്ചാല്‍ ഹരിജന്‍ വിദ്യാലയത്തിലെ ഹെഡ്മാസ്റ്റര്‍ ജോലി ഒരു രാജിക്കത്തില്‍ അവസാനിപ്പിക്കേണ്ടി വന്നപ്പോള്‍ ഒരു വിളികേട്ടു. നാടിന്റെ വിളി. അതിനുള്ളില്‍ അമ്മാളുവിന്റെ വിളി.
തെക്കന്‍ ജീവിതത്തെ ജന്മനാട്ടിലേക്ക് പറിച്ചുനട്ടപ്പോള്‍ ഇടത്ത്, തൊട്ടടുത്ത് അവള്‍ വേണമെന്നൊരു കൊതി ഉയര്‍ന്നു വന്നു. പക്ഷേ അമ്മാളുവിന്റെ വീട്ടുകാര്‍ വിട്ടില്ല.
‘നാടു നിരങ്ങി സ്വന്തം കാര്യം നോക്കാതെ പോകുന്നവന്റെ കൂടെ കുട്ടിയെ വിട്ടുകൊടുക്കാനാവില്ല. ആദ്യം സ്വന്തം കാലില്‍ ഉറപ്പിച്ചു നില്‍ക്കാന്‍ പഠിക്കട്ടെ. എന്നിട്ടവളെ കൂട്ടിയാ മതി.’
പാതിശരിയായ സത്യം, അങ്ങനെയൊന്നുണ്ടെന്ന് അപ്പോഴാണ് ആദ്യമായി അറിഞ്ഞത്. ഇതാ ആറു വര്‍ഷങ്ങളായി തന്‍ തനിയെ നടക്കുന്നു. നാടാണ് ഇപ്പോള്‍ ജീവിതസഖി.
പൊന്നാനിയില്‍ എ.വി ഹൈസ്‌കൂളില്‍ അധ്യാപകനായി ശാസ്ത്രം പകര്‍ന്നുനല്‍കിയ ഒരുവര്‍ഷം അത് സ്വന്തം നാടായി മാറുകയായിരുന്നു. ഇരുട്ടും വെളിച്ചവും രാത്രിയും പകലും ചൂടും തണുപ്പും ശാസ്ത്രസത്യങ്ങള്‍ തരം തിരിച്ച് കൊടുത്ത നാട് ഇന്ന് വെളിച്ചം നഷ്ടപ്പെട്ട മതത്തിന്റെ ഇരുള്‍യുദ്ധങ്ങളിലാണ്. നന്മയുടെ പകലുകള്‍ മറഞ്ഞ് കലാപത്തിന്റെ രാത്രികള്‍ പുതച്ചിരിക്കുന്നു. സ്‌നേഹത്തിന്റെ ഊഷ്മളതയെ മറന്ന് ഭയത്തിന്റെ മരവിപ്പില്‍ കഴിയുകയാണ്.
അഴികള്‍ക്കപ്പുറത്ത് അങ്ങകലെ തെങ്ങിന്‍ തലപ്പുകള്‍ കാറ്റത്താടി. കര കടലിലേക്ക് ഒഴുക്കിയ ആ നിശ്വാസം മലബാറിനെയാകെ ഒന്നിളക്കിയിരിക്കണം. മുചുകുന്നിലെ തേമ്പൊയില്‍ കണാരന്‍ നായര്‍ ജനലഴികളില്‍ കൂടി മകന്റെ കാഴ്ചയുടെ പകര്‍പ്പേറ്റുവാങ്ങി. കട്ടിലിനുമേല്‍ നീണ്ടുനിവര്‍ന്നു കിടന്ന ആ ശരീരത്തിനകത്ത് ജഠരത്തെ ഒന്നിളക്കിത്തിരിഞ്ഞ കാറ്റ് തൊണ്ടയിലൂടെ പുറത്തേക്ക് ലക്ഷ്യം പിടിച്ചപ്പോള്‍ അതില്‍ കേളൂന്നൊരു വിളി കലര്‍ന്നിരിക്കുന്നതായി അടുത്തിരുന്ന് തടവിക്കൊടുക്കുകയും എന്തൊക്കെയോ പുലമ്പുകയും ചെയ്യുന്ന കോയപ്പള്ളി കുഞ്ഞമ്മാമ്മയ്ക്ക് തോന്നി. തെങ്ങിന്‍ തലപ്പുകള്‍ നിശ്ചലമായപ്പോള്‍, തുറന്നുവച്ച വായ്ക്കകത്ത് കൂടി ശക്തമായൊരു കാറ്റിനെ പുറത്തേക്ക് ഊതിപ്പറത്തി ആ ശരീരം അവയ്‌ക്കൊപ്പം നിശ്ചലമായി.
ആ നിശ്ചലതയില്‍ മകനൊരു പ്രഗല്‍ഭ വക്കീലാകുന്നതിനെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍, അവന്റെ വഴുതിപ്പോകുന്ന ദാമ്പത്യത്തെക്കുറിച്ചുള്ള ആധികള്‍, അവന്‍ കിടക്കുന്ന ജയിലറയിലെ കട്ടപിടിച്ച ഇരുട്ടിനെ സങ്കല്‍പ്പിച്ചുള്ള ഭീതികള്‍ എല്ലാം ശമിച്ചു. കാലങ്ങളേറെയായി മകനെക്കുറിച്ചുള്ള ചിന്തകള്‍ നീര്‍ക്കെട്ട് നിറച്ച മിഴിയിടങ്ങളില്‍ നിന്നും കെട്ടുപൊട്ടിച്ചൊഴുകിയ പ്രവാഹത്തെ ആ നിശ്ചലശരീരത്തിലേക്ക് വീഴ്ത്തി കുഞ്ഞമ്മാമ്മ ആഞ്ഞൊരു ശ്വാസമെടുത്തു. അതിന്റെ അറ്റത്തു നിന്നാരംഭിച്ച നിശ്വാസത്തോടൊപ്പം വലിയൊരു നിലവിളി പുറത്തേക്ക് ഒഴുകി.
പുലര്‍ച്ചെ അരീക്കോട്ടേക്കുള്ള യാത്രയ്ക്കിടെയാണ് എതിരെവന്ന പോലീസ്ജീപ്പില്‍ നിന്ന് ഇന്‍സ്‌പെക്ടര്‍ അനന്തന്‍ നമ്പ്യാര്‍ തലപുറത്തേക്കിട്ട് വിളിക്കുന്നത് വേലായുധന്‍ കണ്ടത്. ഞാണില്‍ പൊടുന്നനെ ശക്തിയോടെ വലിച്ചപ്പോള്‍ കാളകള്‍ മേല്‍പ്പോട്ടുയര്‍ത്തി മുരള്‍ച്ചയോടെ നിന്നു. കാളവണ്ടി ഒന്നു കുലുങ്ങി.
‘അറിഞ്ഞോ ? കേളപ്പന്റെ അച്ഛന്‍ പോയീന്ന് ‘
‘ആരാ പറഞ്ഞേ?’
‘കോഴിക്കോട്ന്ന് കേശവമേനോനും മറ്റും പോകുന്നത് കണ്ടു. കാണുന്ന കോണ്‍ഗ്രസ്സുകാരോടെല്ലാം പറയാന്‍ പറഞ്ഞു’.
അകത്തുള്ള സായിപ്പ് പോകാമെന്ന ആംഗ്യം കാണിച്ചപ്പോള്‍ നമ്പ്യാര്‍ തല ഉള്ളിലേക്കിട്ടു. വണ്ടി നീങ്ങി. വേലായുധന്‍ കാളകളെ നോക്കി എന്തോ ഒരു ശബ്ദം പുറപ്പെടുവിക്കുകയും വലതുഭാഗത്തെ ഞാണില്‍ ശക്തിയായി വലിക്കുകയും ചെയ്തപ്പോള്‍ കാളകള്‍ വലത്തോട്ട് തിരിഞ്ഞു. വണ്ടി വിപരീത ദിശയിലേക്ക് തിരിഞ്ഞ് മുന്നോട്ടുനീങ്ങി.
അവൂക്കറിനേയും കൂട്ടി മുചുകുന്നെത്തുമ്പോഴേക്കും നേരം ഉച്ചയോടടുത്തിരുന്നു. മുറ്റത്ത് ഖാദിക്കുപ്പായമണിഞ്ഞ ഏറെപ്പേര്‍.
വേലായുധനും അവൂക്കറും മുറ്റത്ത് എത്തുമ്പോഴേക്കും മൃതദേഹം ചിതയിലേക്ക് എടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. രണ്ടുപേരും മുന്നോട്ട് ചെന്ന് സ്വപ്‌നങ്ങളെ ഉറക്കിക്കിടത്തിയ ദേഹത്തെ പേറുന്ന മരക്കാലുകളുടെ ഓരോ ഭാഗത്തു പിടിച്ചു. പിറകില്‍നിന്ന് രണ്ടുപേരുംകൂടി അവയില്‍ പിടുത്തമിട്ടതോടെ മൃതദേഹമുയര്‍ന്നു. പതുക്കെ മുന്നോട്ടു നടക്കുന്നതിനിടയില്‍ അവൂക്കര്‍ മനസ്സില്‍ പറഞ്ഞു.
‘ലാ ഇലാഹ ഇല്ലള്ളാ’
ആരാധ്യനായ ഒരാളേയുള്ളൂ എന്ന മുദ്രാവാക്യം ഏറനാട്ടിലും വള്ളുവനാട്ടിലും തിമിര്‍ത്തു പെയ്യുകയാണ്. ഒരൊറ്റ ഭൂമി, മനുഷ്യര്‍ക്കൊറ്റ രൂപം, ഒരൊറ്റയാകാശം, ഒരൊറ്റ ദൈവം, ഒരൊറ്റ മതം…
വ്യാഴം കര്‍ക്കിടകത്തിലൂടെ അപഥസഞ്ചാരം നടത്തുന്ന കാലത്ത് വള്ളുവനാട് ചുവക്കും. പൂയം വെളുത്ത ആകാശത്ത് മങ്ങിക്കിടക്കുമ്പോള്‍ താഴെ മണ്ണില്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂടും. ചരിത്രഗതിയുടെ ആദ്യഭാഗങ്ങളില്‍ മാഘമാസത്തിലെ മകം ഇവിടെ ജന സഞ്ചയത്തിന്റെ ഉത്സവത്തിമിര്‍പ്പിന്റെ കഥ പാടിയിരുന്നു. ഗംഗ ഭാരതപ്പുഴ യിലേക്ക് ഒഴുകിപ്പടരുന്ന വിശ്വാസതീരങ്ങളില്‍ തിരുനാവായ പ്രയാഗയായി. കുംഭകോണത്തെ ചോളന്മാരുടെ സ്‌നാനോത്സവം മാഘമകത്തില്‍ തിരുനാവായയിലേക്കെത്തിച്ച് ചോളപ്രതിനിധിയായ സ്ഥാണുരവി കേരളചരിത്രത്തിലൊരു കുറി വരച്ചു.
ലോകോത്തരമായ വിപണി, വിശ്വത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കലാരൂപങ്ങള്‍, പുണ്യസ്‌നാനത്തിനെത്തുന്ന ജനലക്ഷങ്ങളുടെ പ്രാര്‍ത്ഥനാലാപങ്ങള്‍, ആര്‍പ്പുവിളികള്‍, ആഘോഷങ്ങള്‍. ആഘോഷത്തിന്റെ അലയൊലികള്‍ അങ്ങ് തമിഴകത്തേക്കും ഇങ്ങ് സാമൂതിരി നാട്ടിലേക്കും പെരുമ്പടപ്പിലേക്കും പ്രസരിക്കും. നാടിളകും. അനാദിയായ സൗന്ദര്യത്തിടമ്പായ നിള ഒന്നുകൂടി തുടുക്കും. പുരുഷാരം അവളെ പൊതിയും.
മാഘമകം കാലത്തിലൂടെ ഒഴുകിയെത്തിയപ്പോള്‍ കുടിപ്പകയുടെ മാമാങ്കമായി. കല കലാപത്തിന് വഴിമാറി.
പാണ്ടിയിലേക്ക് എഴുതി, അകമ്പടി ജനതയ്ക്ക് തിട്ടൂരമെഴുതി സാമൂതിരി നിവര്‍ന്നിരുന്ന് കഴിഞ്ഞാല്‍ വള്ളുവനാട്ടില് ആവലാതി തുടങ്ങും. മങ്ങാട്ടച്ചനും തിനയഞ്ചേരി ഇളയതും അകമ്പടിക്കാരെ എത്തിക്കും. വരുന്നവര്‍ക്ക് പറപ്പിള്ളി നായകന്‍ പാര്‍പ്പിടമൊരുക്കും. ആളൂര്‍ കണിയാന്‍ ഗണിച്ചെടുക്കുന്ന ശുഭമുഹൂര്‍ത്തത്തില്‍ കാല്‍നാട്ടി മണിത്തറയുടെ നിര്‍മ്മാണം തുടങ്ങും. വലതുകരയില്‍ കെട്ടോന്‍ പടനായകനും ഇടതുകരയില്‍ വയനാട്ടു നമ്പിടിയും രക്ഷാപുരുഷവേഷം കെട്ടി നില്‍ക്കുന്നതിനിടയിലൂടെ ഭാരതപ്പുഴ ഭീതിയോടെ നിശ്ശബ്ദമായൊഴുകും. വാകയൂരിലെത്തി നിലപാടുതറകണ്ട് മതിമറന്ന് സാമൂതിരി ചിരിക്കും.
മങ്ങാട്ടച്ചനും തിനയഞ്ചേരി ഇളയതും തര്‍മെപണിക്കറും പാറനമ്പിയും തലൈച്ചേന്നോന്മാരും ഏറനാട്ടുമുപ്പതിനായിരവും പോളനാട്ടുപതിനായിരവും ചുറ്റിലും മുന്നിലും നിരന്നു നില്‍ക്കുമ്പോള്‍ നിലപാട് നില്‍ക്കുന്ന സാമൂതിരിയുടെ നെഞ്ചു വിരിയും.
തിരുമാന്ധാംകുന്നിലമ്മയുടെ നടയ്ക്കല്‍ തൊഴുത് പുതുമനയമ്മയുടെ ഉരുളവാങ്ങി വള്ളുവക്കോനാതിരിയുടെ ചാവേറുപട പുതുമനപ്പണിക്കരുടെ നേതൃത്വത്തില്‍ യാത്രതിരിക്കും. മണിക്കിണറില്‍ മൃതദേഹങ്ങളായി മുറിഞ്ഞുവീഴുമെന്നുറപ്പുള്ള യാത്രയിലും അവര്‍ പദങ്ങള്‍ കൃത്യമായി വെക്കും.
ചാവേറുകളെല്ലാം മരിച്ചെന്ന് സാമൂതിരിയുടെ സൈനികര്‍ കൊതേരിക്കല്‍ ചെന്ന് ആര്‍ത്തുവിളിച്ച് പ്രഖ്യാപിക്കുമ്പോള്‍ വീരസ്വര്‍ഗ്ഗം പ്രാപിച്ചവരെക്കുറിച്ചോര്‍ത്ത് വള്ളുവനാട് അഭിമാനംകൊള്ളും. അടുത്ത അങ്കത്തിനായി വ്യാഴവട്ടം കാത്തിരിക്കാന്‍ അവര്‍ കച്ചകെട്ടും. ലോകമെമ്പാടുമറിഞ്ഞ വ്യാപാരമേള കുടിപ്പകയുടെ ഏതാനും അധ്യായം കൊണ്ട് കളങ്കപ്പെട്ടു കിടക്കുന്നതോര്‍ത്ത് ചരിത്രം അത്ഭുതം കൂറും.
ചരിത്രമിതാ ആവര്‍ത്തിക്കുകയാണ്.
ചോരപ്പുഴകളുടെ കഥ ഇന്ന് പറയാനുള്ളത് ഭാരതപ്പുഴയ്ക്ക് മാത്രമല്ല. ചാലിയാറും കടലുണ്ടിയും ഏറനാട്ടിലേക്ക് പടര്‍ന്നു കിടക്കുന്ന തോടുകളും കൈവഴികളും ഏകമത മുദ്രാവാക്യത്തിന്റെ കേള്‍വി ഞെട്ടലോടെ അനുഭവിക്കുകയാണ്. നീലഗിരി മുതല്‍ അറബിക്കടല്‍ വരെ സെയ്താക്കന്‍മാരുടെ പാട്ടുകള്‍ കൊണ്ട് ആവേശം നിറഞ്ഞു. ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂടി. ഭൂമിയിലെ ദുഃഖവും സ്വര്‍ഗ്ഗത്തിലെ പരമാനന്ദവും തമ്മിലുള്ള അന്തരം മതചിന്തകളില്‍ നിറഞ്ഞു. വാളെടുത്തു മരിച്ചാല്‍ അളവറ്റസൗന്ദര്യത്തിടമ്പുകള്‍ പരലോകത്ത് ഉടലോടെ വരിക്കുമെന്ന സ്വപ്നങ്ങള്‍ നിറഞ്ഞു കവിഞ്ഞു.
വെറുമ്പാട്ടക്കൃഷി കൊണ്ട് ജീവിതം വരയ്ക്കുന്ന മാപ്പിളമാരുടെ ദാരിദ്ര്യത്തിന്റെ എരിതീയില്‍ മത വിദ്വേഷത്തിന്റെ എണ്ണകള്‍ പകര്‍ന്നവര്‍ ആവേശഭരിതരായി.
‘ഓര്‍മ്മയുണ്ടാവണം, അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ല’ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ചുറ്റുമുള്ളവരോട് ഒരിക്കല്‍ക്കൂടി അത് പറഞ്ഞു. ‘അഹിംസ അസാധ്യമെന്ന് നമ്മുടെ നേതാവ് ആലിമുസ്ലിയാര് പോലും മനസ്സിലാക്കി. സ്വയം രക്ഷയ്ക്ക് ഹിംസ ആകാമെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടില്ലേ അലവിക്കുട്ടീ..’
‘ഉം’ ചാരിനിന്ന അയിനി മരത്തിലേക്ക് കൈയ്യിലിരിക്കുന്ന കത്തി ആഞ്ഞുകുത്തി അലവിക്കുട്ടി തലയാട്ടി.
‘മതമൊന്നു മതി ഇവിടെ എന്ന് തന്ന്യാണ് ഞമ്മക്ക് തോന്നുന്നത് ‘. കയ്യാലപ്പുറത്ത് നിന്ന് താഴേക്ക് ചാടി ഇറങ്ങി കുഞ്ഞലവി ഉറക്കെ പറഞ്ഞു.
‘ജര്‍മനിയോട് യുദ്ധം ചെയ്ത് ബ്രിട്ടീഷുകാരുടെ പട്ടാളം ഏകദേശം ഇല്ലാതായിട്ടുണ്ട്. മലപ്പുറത്ത് നിര്‍ത്തിയ പട്ടാളത്തെ നീക്കം ചെയ്തത് അതോണ്ടല്ലേ. ഗവണ്‍മണ്ടിന്റെ കയ്യിലാണെങ്കിലോ കായും കുറവാ. അതല്ലേ മലപ്പുറം ബാരക്കിലെ സാമാനങ്ങള് പോലും ലേലം ചെയ്യേണ്ടി വന്നത്.’ കുഞ്ഞഹമ്മദ് ഹാജി ലഘു പ്രസംഗത്തിന്റെ ഭാവമാര്‍ജ്ജിച്ചു.
‘അതായത് സായിപ്പന്മാര്‍ക്ക് പല്ലും നഖവും കൊഴിഞ്ഞിരിക്കുന്ന കാലാന്ന്. അതോണ്ട് ഞമ്മക്കൊന്നും പേടിക്കാനില്ല അല്ലേ ഹാജ്യാരേ?’
അലവിക്കുട്ടി തറപ്പിച്ച കത്തി മരത്തില്‍ നിന്നും വലിച്ചെടുത്ത് മീന്‍കാരന്‍ റാവുത്തര് ഒരു ചിരി പുറത്തേക്കിട്ടു.
അക്രമികള്‍ ചിരിച്ചു. ചിരി കുന്നിന്‍മടക്കുകളിലൂടെ ഒഴുകിക്കുലുങ്ങിപ്പടര്‍ന്നു. കോവിലകങ്ങളും ചാളകളും കുടികളും കുടിലുകളും ഭയന്നു. ഭയപ്പാടിന്റെ ഇരുട്ടിലേക്ക് വിളക്കു തെളിക്കുന്നതിന് പോലും ശക്തിയില്ലാതെ അവര്‍ ചുരുണ്ടു. ആശങ്കയുടെ മൗനത്തിലേക്ക് ഒരു മുരടനക്കം പോലും വീഴ്ത്താന്‍ ധൈര്യമില്ലാതെ അവര്‍ ഒതുങ്ങി.
(തുടരും)
Comments