തിരുവനന്തപുരം: കൊറോണാ മഹാവ്യാധിയെ തുടര്‍ന്ന് തൊഴിലും ജീവിതവും നഷ്ടപ്പെട്ട് ദുരിതക്കയത്തിലായ കേരളത്തിലെ തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി ബി.എം.എസ് സംസ്ഥാന സമിതി നടപ്പിലാക്കുന്ന സേവാനിധി ശേഖരണ പദ്ധതിയിലേക്ക് കേരള എന്‍.ജി.ഒ സംഘ് പത്തുലക്ഷം രൂപ നല്കി. എന്‍.ജി.ഒ സംഘ് സംസ്ഥാന പ്രസിഡന്റ് സുരേഷ്കുമാറിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരം ബി.എം.എസ് ജില്ലാ കാര്യാലയത്തില്‍ വച്ച് നടന്ന സേവാനിധി സമര്‍പ്പണ ചടങ്ങ് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ അജിത്ത് ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ നിര്‍ബന്ധിതമായി നടപ്പിലാക്കുന്ന ചലഞ്ചുകള്ക്കപ്പുറം സ്വമനസ്സാലെ ജീവനക്കാര്‍ നടത്തുന്ന ഇത്തരം സാമൂഹിക പ്രതിബദ്ധതയെ മുന്‍നിര്‍ത്തിയുള്ള പരിശ്രമങ്ങള്‍ അങ്ങേയറ്റം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ വച്ച് 10 ലക്ഷം രൂപ ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ അജിത്തിന് എന്‍.ജി.ഒ സംഘ് സംസ്ഥാന പ്രസിഡന്റ് സി.സുരേഷ് കുമാറും സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശും ചേര്‍ന്ന് കൈമാറി. ചടങ്ങില്‍ ആര്.ആര്.കെ.എം.എസ്. അഖിലേന്ത്യാ ഉപാധ്യക്ഷന്‍ പി. സുനില്‍കുമാര്‍, ഫെറ്റോ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ ജയകുമാര്‍, ആര്. ശ്രീകുമാരന്‍, എസ്.സജീവ് കുമാര്‍, വിനോദ് കുമാര്‍, പാക്കോട് ബിജു എന്നിവര്‍ സന്നിഹിതരായിരുന്നു.