അടിവയറ്റിലെ നോവ്
ചുവപ്പു രാശിയില്‍
കാലിലേക്ക് പടര്‍ന്നു
പാവാട നനച്ചപ്പോള്‍
ആദ്യ നോവിന്റെ
തളര്ച്ചയറിഞ്ഞു.
തൊട്ടതെല്ലാം കോരിയെടുത്ത്
തോട്ടിലേക്ക് നടന്ന ഉമ്മ
ഉള്ളിലൊരു കറ തന്നു.
എന്നുമുറങ്ങുന്ന നെഞ്ചിലേക്കോടിയപ്പോള്
കണ്ണ് നിറഞ്ഞു തിരിഞ്ഞു കിടന്ന ഉപ്പ
വയറ്റിലെ നോവ് നെഞ്ചിലേക്ക് കയറ്റി.
ജിന്നുകള്‍ കണ്ട്
മോഹിക്കാതിരിക്കാന്‍
നിലാവ് പെയ്യുന്ന മുറിയില്‍
ഇരുട്ടു പടര്‍ത്തി.
പച്ചമുട്ടയില്‍ എണ്ണയിട്ടു തന്നപ്പോള്‍
വേണമെന്ന് വാശിപിടിച്ച അനിയനോട്
അവളുടെ തടി വല്ലവന്റെയുമെന്ന്
തീറാധാരം നടത്തി.
മഞ്ഞള്‍ തേച്ച് കുളിപ്പിക്കാന്‍
വന്നവരെ കണ്ട് കണ്ണ് നിറഞ്ഞു,
കാഴ്ചകള്‍ മങ്ങി.
ഏഴാംനാള്‍ ചൊല്ലിക്കുളിപ്പിച്ച്
മധുരം നുണഞ്ഞപ്പോ തുടങ്ങിയ
കയ്പ്പാണ് നാവിലിന്നോളം…