ഒരു ജനാധിപത്യരാജ്യത്ത് എല്ലാ പൗരന്മാര്‍ക്കും ഒരു നിയമവും തുല്യനീതിയും എന്നത് ന്യായമായ അവകാശമാണ്. ലിംഗവിവേചനവും പരിഷ്‌കൃത സമൂഹത്തിന് ഭൂഷണമല്ല. നിര്‍ഭാഗ്യവശാല്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്നവകാശപ്പെടുന്ന ഭാരതത്തില്‍ മതനിയമങ്ങള്‍ ചില സമൂഹങ്ങളുടെ എങ്കിലും നീതിനിര്‍ണ്ണയിക്കുന്ന അവസ്ഥ തുടരുകയാണ്. ഏകീകൃത സിവില്‍കോഡ് എന്നത് പരിഷ്‌കൃത സമൂഹത്തിന്റെ അവകാശമാണ്. എന്നാല്‍ ഭാരത രാഷ്ട്രീയത്തിലെ മതേതര വായാടികളും കപട പുരോഗമനവാദികളും സംഘടിതമതങ്ങളുടെ വോട്ടുബാങ്കുകള്‍ക്ക് മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.
മുസ്ലീം സമൂഹത്തിലെ സ്ത്രീകള്‍ മുത്തലാഖ് എന്ന അപരിഷ്‌കൃത മത നിയമത്തിന്റെ പിടിയില്‍ വീര്‍പ്പുമുട്ടുമ്പോഴും അതിനെ ന്യായീകരിച്ചവരാണ് കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസ്സുകാരുമൊക്കെ. പുരോഗമനവാദികളായി ഇക്കൂട്ടര്‍ നടിക്കുമെങ്കിലും സംഘടിതമതങ്ങളിലെ പൗരോഹിത്യത്തെ ഇവര്‍ക്ക് ഭയമാണ് എന്നതാണ് സത്യം. ഇവിടെയാണ് ഭാരതീയ ജനതാപാര്‍ട്ടിയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും നിലപാടുകളുടെ പ്രസക്തി. മുസ്ലീം സ്ത്രീകള്‍ക്ക് നീതിനിഷേധിക്കുന്ന മുത്തലാഖിനെ ആദ്യം മുതല്‍ എതിര്‍ത്തുപോന്ന പ്രസ്ഥാനമാണ് ഭാരതീയ ജനതാ പാര്‍ട്ടി. തലാഖ് എന്നാല്‍ വിവാഹമോചനം എന്നാണ് അര്‍ത്ഥം. ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലി ഭാര്യയെ ഒഴിവാക്കുന്ന പുരുഷാധിപത്യപരമായ ആചാരത്തെ 1400 വര്‍ഷം മുന്നെ പ്രവാചകന്‍ തന്നെ നിരോധിച്ചതാണ്. ഒട്ടുമിക്ക മുസ്ലീം രാഷ്ട്രങ്ങളിലും ഇത് നിരോധിക്കപ്പെട്ടിട്ട് കാലങ്ങളായി. വിവാഹമോചിതയായ സ്ത്രീക്ക് ന്യായമായ ജീവനാംശം ഉറപ്പുവരുത്തണമെന്നും ഖുറാന്‍ അനുശാസിക്കുന്നുണ്ട്. എന്നാല്‍ പുരോഗമനവാദികള്‍ എന്നു മേനിനടിക്കുന്ന ഭാരതത്തിലെ പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇതൊക്കെ ഉറക്കെ പറയാന്‍ ഭയമായിരുന്നു.
മുത്തലാഖ് വഴി ഉപേക്ഷിക്കപ്പെട്ട സൈറാബാനു നീതി തേടി കോടതി സമക്ഷം എത്തിയതോടെയാണ് 2017ല്‍ സുപ്രീം കോടതി മുത്തലാഖ് നിയമം മൂലം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്. നരേന്ദ്രമോദിസര്‍ക്കാര്‍ രണ്ട് പ്രാവശ്യം നിയമനിര്‍മ്മാണത്തിന് ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ്സിന്റേയും ലീഗിന്റേയുമെല്ലാം എതിര്‍പ്പ് കാരണം ബില്ല് രാജ്യസഭ കടന്നില്ല. എന്നാല്‍ മോദിയുടെ രണ്ടാമൂഴത്തില്‍ രാജ്യസഭയില്‍ മതിയായ അംഗബലമില്ലാതിരുന്നിട്ടുകൂടി ബില്ല് പാസാക്കാനായി എന്നത് ചെറിയകാര്യമല്ല. കോണ്‍ഗ്രസ്സിന്റെ അഞ്ച് എം.പിമാരടക്കം 26 പ്രതിപക്ഷ ജനപ്രതിനിധികള്‍ സഭയില്‍ നിന്നു വിട്ടുനിന്നു എന്നതില്‍നിന്നും പ്രതിപക്ഷത്തെ കൂടുതല്‍ ശിഥിലമാക്കുന്നതില്‍ നരേന്ദ്രമോദിയും സംഘവും വിജയിച്ചു എന്നു തന്നെ പറയാം. എന്തായാലും മുത്തലാഖ് ബില്ല് പാസ്സാക്കാനായതോടെ ഏതാണ്ട് 10 കോടിയോളം മുസ്ലീം സ്ത്രീകള്‍ക്കാണ് ലിംഗനീതി ഉറപ്പാക്കാനായിരിക്കുന്നത്. പ്രസിഡന്റ് ഒപ്പിട്ടതോടെ മുത്തലാഖ് നിരോധനനിയമം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. അതോടെ മുത്തലാഖ് മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമായി മാറി. സ്ത്രീക്ക് ന്യായമായ ജീവനാംശം പോലും നല്‍കുവാന്‍ തയ്യാറാകാതിരുന്ന പ്രാകൃതമതനിയമമാണ് ഇതോടെ ഇല്ലാതായിരിക്കുന്നത്.
മുത്തലാഖിന്റെ ഉള്ളടക്കത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോഴെ അത് എത്ര സ്ത്രീവിരുദ്ധമായിരുന്നു എന്ന് മനസ്സിലാകുകയുള്ളു. പിതൃസ്വത്ത് വ്യവസ്ഥ ചെയ്യാതെ പിതാവ് മരിച്ചാല്‍ മകന് കിട്ടുന്ന ഭാഗം സ്വത്ത് മകള്‍ക്ക് കിട്ടില്ല എന്ന നിയമമാണ് മുസ്ലീങ്ങള്‍ക്ക് ഭാരതത്തില്‍ നിലവിലുള്ളത്. മൂന്നുതവണ തലാഖ് ചൊല്ലി വിവാഹമോചനം നടത്താന്‍ പുരുഷനേ അവകാശമുള്ളു. മുസ്ലീം വ്യക്തി നിയമത്തിന്റെ മറവിലായിരുന്നു ഈ അനീതികള്‍ ഇവിടെ നടന്നിരുന്നത്. ഭരണഘടന നിലവില്‍ വന്നതോടെ ഹിന്ദു-ക്രിസ്ത്യന്‍ വ്യക്തി നിയമങ്ങള്‍ കാലാനുസൃതമായി പരിഷ്‌ക്കരിച്ച് സ്ത്രീപുരുഷസമത്വം സ്വത്തവകാശത്തിലും മറ്റും നടപ്പില്‍ വരുത്തി. മുസ്ലീം സമൂഹത്തിനുമാത്രം ഇതൊന്നും പാടില്ലെന്ന വാദം ശരിയല്ല. അത് ഒരിനം വേറിടല്‍ വാദം തന്നെയാണ്. ഇതിനെയാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസ്സുകാരും ഇത്രനാളും പിന്‍തുണച്ചുപോന്നിരുന്നത്. ഹിന്ദുക്കളെ പരിഷ്‌ക്കരിക്കാന്‍ നടക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കള്‍ പറഞ്ഞത് മുസ്ലീം ചെറുപ്പക്കാരെ അകാരണമായി ജയിലിലടയ്ക്കാന്‍ വേണ്ടിയാണ് നരേന്ദ്രമോദി മുത്തലാഖിനെതിരെ നിയമം കൊണ്ടുവരുന്നതെന്നായിരുന്നു. അറേബ്യന്‍ മരുഭൂമിയില്‍ നിലവിലിരുന്ന പ്രാകൃത ഗോത്രാചാരങ്ങളെ നിലനിര്‍ത്താന്‍ വേണ്ടിയായിരുന്നു പുരോഗമനവാദികള്‍ എന്ന് നടിക്കാറുള്ള കമ്മ്യൂണിസ്റ്റുകള്‍ ഇത്രനാളും നിലപാടെടുത്തിരുന്നത്. എന്തായാലും ലോകം മുഴുവനുള്ള മുസ്ലീം സമൂഹം ഇന്ന് അതിവേഗം പരിഷ്‌കരണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. മാമൂല്‍ പ്രിയരായ യാഥാസ്ഥിതികവാദികള്‍ക്കുവേണ്ടി ബഹുഭൂരിപക്ഷം വരുന്ന മുസ്ലീം സ്ത്രീകള്‍ക്ക് നീതി നിഷേധിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് ഇരട്ടത്താപ്പിനെതിരെ കാലം വിധിയെഴുതും എന്ന കാര്യത്തില്‍ സംശയമില്ല.
മുത്തലാഖിലെ നീതിനിഷേധത്തിനെതിരെ ലക്ഷക്കണക്കിന് ഒപ്പുകള്‍ ശേഖരിച്ച് സുപ്രീംകോടതിയെ സമീപിച്ച മുസ്ലീം സ്ത്രീകള്‍ എന്തോ അപരാധം ചെയ്തു എന്ന മട്ടിലായിരുന്നു മുസ്ലീംലീഗ് പോലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് സ്വീകരിച്ചത്. എന്തായാലും നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കുന്ന ശക്തനായ ഒരു ഭരണാധികാരി ഭാരതത്തിലുണ്ട് എന്ന് ഇന്ന് ഭാരതത്തിലെ മുസ്ലീം സ്ത്രീകള്‍ക്ക് ബോധ്യമായി കഴിഞ്ഞിരിക്കുന്നു. ശരിയത്ത് നിയമത്തില്‍ കോടതിയോ ഭരണകൂടമോ തൊടാന്‍ പാടില്ലെന്ന വാദത്തിന്റെ മുന ഇതോടെ ഒടിഞ്ഞിരിക്കുകയാണ്. ശരിയത്ത് അനുസരിച്ച് പുരുഷനോളം തുല്യ അവകാശം സ്ത്രീക്കില്ലെന്ന വാദം ഭാരതഭരണഘടനയ്ക്ക് നിരക്കുന്നതല്ല. ഒരു പരിഷ്‌കൃതസമൂഹമെന്ന നിലയില്‍ ഇനി നമുക്കുവേണ്ടത് ഏകീകൃത സിവില്‍ നിയമമാണ്. അതിലേക്കുകൂടിയുള്ള ചുവടുവയ്പാകട്ടെ മുത്തലാഖിനെതിരെയുള്ള നിയമനിര്‍മ്മാണം എന്ന് ആശിക്കാം.