കേരളത്തിന്റെ ആധ്യാത്മികചരിത്രത്തില്‍ അനേകം ഗുരുതാരകങ്ങള്‍ വെളിച്ചം പകര്‍ന്നിട്ടുണ്ട്. ആദിശങ്കരനിലൂടെയും എഴുത്തച്ഛനിലൂടെയും നവോത്ഥാനത്തിന്റെ പ്രകാശം പരത്തിയ ഗുരുപരമ്പരയില്‍ കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ രണ്ടു പേരാണ് ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളും ശ്രീ നാരായണഗുരുദേവനും. ഉച്ചനീചത്വങ്ങളുടെയും വര്‍ണ്ണവിവേചനത്തിന്റെയും ഇരുണ്ട കാലഘട്ടങ്ങളെ അതിജീവിക്കാന്‍ മലയാളമണ്ണിനു ഊര്‍ജ്ജം പകര്‍ന്ന ഈ മഹാത്മാക്കളെ ആധുനികലോകം വേണ്ടവണ്ണം മനസ്സിലാക്കിയിട്ടുണ്ടോ എന്നത് പരിശോധിക്കേണ്ടതാണ്.
കൊടിയ ദാരിദ്ര്യത്തിന്റെ പശ്ചാത്തലത്തില്‍ വളര്‍ന്ന കുഞ്ഞന്‍പിള്ള ചട്ടമ്പി എന്ന ചട്ടമ്പിസ്വാമികള്‍ തന്റെ ബാല്യകാലത്ത് വളരെയേറെ കഷ്ടതകള്‍ സഹിച്ചാണ് ജ്ഞാനസമ്പാദനം നടത്തിയത്. പേട്ടയില്‍ രാമന്‍പിള്ളയാശാന്റെ ഓത്തുപള്ളിക്കൂടത്തില്‍ ഒളിഞ്ഞുനിന്നു കേട്ടു പഠിച്ചതും പിന്നീട് ഗുരുനാഥന്‍ ആ ബാലന്റെ ബുദ്ധിവൈഭവം മനസ്സിലാക്കി അവിടുത്തെ ചട്ടമ്പി (മോണിറ്റര്‍-ചട്ടം അന്‍പുന്നവന്‍) ആക്കിയതുമെല്ലാം പ്രസിദ്ധമാണ്. പിന്നീട് ജീവിതപന്ഥാവില്‍ ഇന്ന് തിരുവനന്തപുരത്തു കാണുന്ന സെക്രട്ടറിയേറ്റ് കെട്ടിടത്തിന് വേണ്ടിയുള്ള കല്ലു ചുമക്കുകയും, ആധാരം എഴുത്തുള്‍പ്പെടെ പല ജോലികള്‍ ചെയ്യുകയും ചെയ്തത് അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഒരു ചെറിയ ദൃഷ്ടാന്തം മാത്രമാണ്. ഇങ്ങനെ വിവിധ കാര്യങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോഴും ആ മനസ്സ് തന്റെ ആത്യന്തിക ലക്ഷ്യമായ പരമാത്മജ്ഞാനത്തിനായി വെമ്പിയിരുന്നു. സ്വാമികള്‍ പഠിച്ചതൊന്നും ചെറിയ വിഷയങ്ങള്‍ ആയിരുന്നില്ല; പഠിപ്പിച്ചവരൊന്നും നിസ്സാരന്മാരുമായിരുന്നില്ല. തൈക്കാട്ട് അയ്യാവ്, സ്വാമിനാഥ ദേശികന്‍, കുമാരവേലു, സുബ്ബാജടാപാഠി തുടങ്ങിയവരുടെ പേരുകള്‍ എടുത്തുപറയേണ്ടതുണ്ട്. സുബ്ബാജടാപാഠിക്കൊപ്പം കല്ലിടകുറിച്ചിയില്‍ അഞ്ചു വര്‍ഷത്തോളം ഗുരുകുലസമ്പ്രദായത്തില്‍ വേദാന്തശാസ്ത്രങ്ങള്‍ അഭ്യസിച്ച ചട്ടമ്പിസ്വാമികള്‍ക്ക് ആത്മസാക്ഷാത്കാരം ലഭിച്ചത് നാഗര്‍കോവിലില്‍ വടിവീശ്വരം എന്ന സ്ഥലത്തു വച്ചാണ്. അവിടെ അജ്ഞാതനാമാവായ ഒരു അവധൂതമഹാത്മാവ് സിദ്ധാന്തവേദാന്തസമ്പ്രദായത്തില്‍ മഹാവാക്യദീക്ഷ നല്‍കിയ മാത്രയില്‍ത്തന്നെ അദ്ദേഹം ജീവന്മുക്തിയെ പ്രാപിച്ചു. പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം അവധൂതചര്യയില്‍ ലീല മാത്രമായിരുന്നു.
ചട്ടമ്പിസ്വാമികള്‍ ഒരു അവധൂതമഹാത്മാവാണെന്നു മനസ്സിലാക്കിയിട്ടുള്ളവരില്‍ ഒരാളായിരുന്നു ശ്രീനാരായണഗുരുദേവന്‍. ഗുരുദേവന്‍ സ്വാമികളുടെ സമാധിശ്ലോകത്തില്‍ ഇതുള്‍ക്കൊള്ളിച്ചു.
സര്‍വ്വജ്ഞ ഋഷിരുത്ക്രാന്തഃ സദ്ഗുരുഃ ശുകവര്‍ത്മനാ
ആഭാതി പരമവ്യോമ്‌നി പരിപൂര്‍ണ്ണകലാനിധിഃ
ലീലയാ കാലമധികം നീത്വാƒന്തേ സ മഹാപ്രഭുഃ
നിസ്സ്വം വപുഃ സമുത്സൃജ്യ സ്വം ബ്രഹ്മവപുരാസ്ഥിതഃ
ഇതിലെ സദ്ഗുരു എന്ന പദം പല വിവാദങ്ങള്‍ക്കും വഴി തെളിച്ചിട്ടുണ്ട്. ചിലര്‍ അതിനെ വെറും ഒരു പേരായും സ്തുതിയായുമൊക്കെ വ്യാഖ്യാനിക്കുന്നത് കാണാം. ഗുരുദേവനെപ്പോലെ ഒരാള്‍ എഴുതിയ ശ്ലോകത്തിന്റെ അര്‍ത്ഥവ്യാപ്തി കുറച്ചുകാണാന്‍ പാടില്ല. മോക്ഷദനായ അഥവാ മോക്ഷത്തെ കൊടുക്കുന്ന ഗുരുവിനെയാണ് സദ്ഗുരു എന്ന് ശാസ്ത്രങ്ങള്‍ പറയുന്നത്. സാക്ഷാല്‍ ദക്ഷിണാമൂര്‍ത്തിക്കു തുല്യമായ പദമാണത്. അതുകൊണ്ടാണ് സര്‍വ്വജ്ഞനെന്നും ഋഷിയെന്നും പരിപൂര്‍ണ്ണകലാനിധിയെന്നും മഹാപ്രഭുവെന്നും ഗുരുദേവന്‍ ചട്ടമ്പിസ്വാമികളെ ഈ ശ്ലോകത്തില്‍ വിളിക്കുന്നത്. ആദിഗുരുവായ ദക്ഷിണാമൂര്‍ത്തിയുടെ സ്വരൂപം തന്നെയാണ് ചട്ടമ്പിസ്വാമികളെന്നു ഈ ശ്ലോകത്തിലൂടെ ഗുരുദേവന്‍ വെളിപ്പെടുത്തിത്തരുന്നു. വേദാന്തപരമായി വളരെ അര്‍ത്ഥവൈപുല്യമാണ് ഈ ശ്ലോകത്തിനുള്ളതെന്നു പറയേണ്ടതില്ലല്ലോ. ഭാരതീയദര്‍ശനങ്ങള്‍ അനുസരിച്ച് ഗുരു ബ്രഹ്മനിഷ്ഠനും ശ്രോത്രിയനും അഥവാ പാരമ്പര്യരീതിയില്‍ ശാസ്ത്രാഭ്യാസം ചെയ്തവനുമായിരിക്കണം. അങ്ങനെയുള്ള ഗുരുവിനെ ഉത്തമനായ ശിഷ്യര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ. മാത്രമല്ല ഒരുവന്‍ ബ്രഹ്മജ്ഞാനി ആണെങ്കിലും ഈശ്വരന്‍, ഗുരു, ശാസ്ത്രം എന്നിവയെ ശരീരാവസാനം വരെ ആദരിക്കണമെന്നാണ് നമ്മുടെ ശാസ്ത്രങ്ങള്‍ പറയുന്നത്. അങ്ങനെയുള്ളവരെ മാത്രമേ യഥാര്‍ത്ഥ ശിഷ്യരായും പരിഗണിച്ചിരുന്നുമുള്ളു.
ഗുരുദേവന്റെ അയല്‍ക്കാരനായിരുന്ന ചെമ്പഴന്തിയില്‍ നാരായണപിള്ള എന്ന ഒരു മാന്യവ്യക്തിയാണ് ചട്ടമ്പിസ്വാമികളെ ഗുരുദേവന് പരിചയപ്പെടുത്തുന്നത്. ചെമ്പഴന്തി അണിയൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് അവര്‍ കണ്ടുമുട്ടുന്നത്. പിന്നീട് അനേകകാലം അവര്‍ കാട്ടിലും നാട്ടിലും മേട്ടിലും ഒരുമിച്ചു സഞ്ചരിക്കുകയും യോഗജ്ഞാനസാധനകള്‍ അനുശീലിക്കുകയും ചെയ്തിരുന്നതായാണ് ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കന്യാകുമാരിക്കടുത്തുള്ള മരുത്വാമലയിലും ഇവര്‍ തങ്ങിയിരുന്നു. കുമാരവേലു എന്ന യോഗിയില്‍ നിന്നും ചട്ടമ്പിസ്വാമികള്‍ ദ്രാവിഡസമ്പ്രദായത്തിലെ യോഗവിദ്യകള്‍ അഭ്യസിച്ചിരുന്നത് മരുത്വാമലയില്‍ ആയിരുന്നതിനാല്‍ സ്വാമികള്‍ക്ക് അവിടം ചിരപരിചിതമായിരുന്നു. ഖേചരീമുദ്ര പോലെയുള്ള അതിരഹസ്യ യോഗവിദ്യകള്‍ അദ്ദേഹം അഭ്യസിച്ചു സിദ്ധിവരുത്തിയിരുന്നു. മരുത്വാമലയിലെ വാസത്തിനുശേഷം ചട്ടമ്പിസ്വാമികള്‍ തിരുവനന്തപുരത്തേക്കും ഗുരുദേവന്‍ നാഗര്‍കോവിലിലേക്കും പോയി. നാഗര്‍കോവിലില്‍ ഉള്ള ഒരു അവധൂതയായ അമ്മയെ ദര്‍ശിക്കുവാനാണ് ഗുരുദേവന്‍ പോയത്. ചട്ടമ്പിസ്വാമികള്‍ മുന്‍പ് തന്നെ ആ അമ്മയെ കണ്ടിരുന്നു. ആ അമ്മയുടെ അനുഗ്രഹം നേടിയ ശേഷം ഗുരുദേവന്‍ തിരുവനന്തപുരത്ത് എത്തുകയും വിശേഷങ്ങള്‍ ചട്ടമ്പിസ്വാമികളെ അറിയിക്കുകയും ചെയ്തപ്പോള്‍ ‘നിനക്കു ദൈവികമായി വളരെ വേലകള്‍ ചെയ്യേണ്ടിവരുന്നതാണ്. അങ്ങനെയായിരിക്കാം നിന്റെ പ്രാരബ്ധഗതിയും’ എന്നാണ് ചട്ടമ്പിസ്വാമികള്‍ പറഞ്ഞത്. കുറച്ചു നാള്‍ അരുവിപ്പുറത്തും ഇവര്‍ ഒരുമിച്ച് തങ്ങിയിരുന്നു.
ജാതിഭ്രാന്തിന്റെ കേന്ദ്രമായിരുന്ന കേരളത്തില്‍ വ്യത്യസ്ത സമുദായങ്ങളില്‍ പെട്ടവര്‍ നേരെ നിന്നു കാണുന്നതിനു പോലും വിലക്കുണ്ടായിരുന്ന കാലത്താണ് ഇവര്‍ ഒരുമിച്ചു വസിക്കുകയും സഞ്ചരിക്കുകയും ചെയ്തതെന്ന് ഓര്‍ക്കണം.
ജാതിനീതികുലഗോത്രദൂരഗം
നാമരൂപഗുണദോഷവര്‍ജ്ജിതം
ദേശകാലവിഷയാതിവര്‍ത്തി
യദ്ബ്രഹ്മ തത്ത്വമസി ഭാവയാത്മനി
എന്ന് ശ്രീ ശങ്കാരാചാര്യസ്വാമികള്‍ വിവേകചൂഡാമണിയില്‍ പറയും പ്രകാരം ജാതി, നീതി, കുലം, ഗോത്രം ഇവയില്‍ നിന്നെല്ലാമകന്നതും നാമരൂപങ്ങളും ഗുണദോഷങ്ങളും ഇല്ലാത്തതും, ദേശകാലവിഷയങ്ങളെ അതിക്രമിച്ചു നില്‍ക്കുന്നതുമായ ബ്രഹ്മമാണ് താനെന്നു അനുസന്ധാനം ചെയ്തുറപ്പിച്ചവരാണ് ഈ മഹാത്മാക്കള്‍. ഇവരെ ജാതിവരമ്പത്ത് ഒതുക്കി നിര്‍ത്താനാണ് മലയാളിസമൂഹം എക്കാലവും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ ശ്ലോകമെഴുതിയ ശങ്കരാചാര്യസ്വാമികളെപ്പോലും ജാതിബ്രാഹ്മണ്യത്തിന്റെ വക്താവാക്കാന്‍ അദ്ദേഹത്തിന്റെ പേരിലുള്ള സര്‍വകലാശാലയില്‍ പോലും ഇടതുനുണയിടങ്ങള്‍ സ്ഥാപിക്കപ്പെടുന്നത് കാലക്കേട് തന്നെ.
ജാതിഭേദങ്ങളെ തട്ടിത്തെറിപ്പിച്ച ഈ രണ്ടുപേര്‍ക്കും ഇതരസമുദായങ്ങളില്‍ പെട്ട ശിഷ്യര്‍ ധാരാളമുണ്ടായിരുന്നു. മറ്റുസമുദായങ്ങളില്‍ പെട്ടവരുടെ വീടുകളില്‍ തങ്ങാനും ശുദ്ധമായ ഭക്ഷണം കഴിക്കുവാനും ഇരുവര്‍ക്കും മടിയുണ്ടായിരുന്നില്ല. വടക്കന്‍ പറവൂരില്‍ ഈഴവസമുദായത്തില്‍പ്പെട്ട കുളവേലില്‍ കൃഷ്ണന്‍ വൈദ്യന്‍, ചക്കാലയ്ക്കല്‍ കണ്ണുവൈദ്യര്‍, ഞാറ്റുകണ്ടത്തില്‍ കൊച്ചുപാപ്പുവൈദ്യര്‍ തുടങ്ങിയവര്‍ ചട്ടമ്പിസ്വാമികളുടെ ശിഷ്യരായിരുന്നു. സമുദായപ്രവര്‍ത്തനവുമായി അന്ന് അരുവിപ്പുറത്തായിരുന്ന നാരായണഗുരുദേവനെ അവിടെ പോയി കാണുവാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഒരിക്കല്‍ ഗുരുദേവന്‍ ചട്ടമ്പിസ്വാമികളെ കാണുവാന്‍ മൂവാറ്റുപുഴയില്‍ വന്നപ്പോള്‍ സ്വാമികള്‍ ഈ വിവരം കൃഷ്ണന്‍ വൈദ്യനെ അറിയിക്കുകയും അദ്ദേഹം അവിടെത്തി ഗുരുദേവനെ കാണുകയും രണ്ടുപേരെയും പറവൂര്‍ക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. അതിനെല്ലാം ശേഷമാണ് മൂത്തകുന്നം ക്ഷേത്രപ്രതിഷ്ഠ ഗുരുദേവന്‍ നടത്തുന്നത്. അന്ന് പറവൂരില്‍ സ്വാമികള്‍ക്ക് പരദേശിബ്രാഹ്മണനും അവിടുത്തെ ഓവര്‍സീയറുമായിരുന്ന രാജഗോപാലയ്യര്‍ എന്നൊരു ആശ്രിതനുണ്ടായിരുന്നു. ബ്രാഹ്മണഗൃഹമായിരുന്നെങ്കിലും അന്നത്തെ സാമുദായികവിലക്കുകളെ അതിലംഘിച്ച് അദ്ദേഹം ചട്ടമ്പിസ്വാമികളെ അവിടെത്താമസിപ്പിച്ചു. ഒരിക്കല്‍ ചട്ടമ്പിസ്വാമികളെ കാണുവാന്‍ ഗുരുദേവന്‍ ആ മഠത്തിലെത്തുകയും സ്വാമികള്‍ ഗുരുദേവനെ അകത്തേക്ക് വിളിച്ചിരുത്തുകയും ചെയ്തു. ആ നാട്ടില്‍ ഒരു ബ്രാഹ്മണഗൃഹത്തില്‍ നായരും ഈഴവനും ഒരുമിച്ച് ഇരിക്കുന്ന ആദ്യസംഭവമായിട്ടാണ് അത് വിലയിരുത്തപ്പെട്ടത്. ഗ്രാമവാസികളായ ചില ജാതിവാദികള്‍ ഇതിനെതിരെ പ്രതിഷേധിച്ചെങ്കിലും ആ മഹാത്മാക്കള്‍ അതെല്ലാം തൃണവല്ഗണിച്ചതേ ഉള്ളൂ.
അറിവിന്റെ ഔന്നത്യത്തില്‍ മാത്രമേ വിനയം ഉദിക്കുകയുള്ളൂ. സാക്ഷാത് വിവേകാനന്ദ സ്വാമികള്‍ക്ക് ചിന്മുദ്രയുടെ അര്‍ത്ഥം വെളിപ്പെടുത്തിക്കൊടുത്ത ചട്ടമ്പിസ്വാമികള്‍ ഒരിക്കല്‍ പറഞ്ഞത് ‘വിവേകാനന്ദ സ്വാമികള്‍ ഗരുഡനാണെങ്കില്‍ ഞാന്‍ ഒരു കൊതുകുമാത്രം’ എന്നാണ്. ‘വിദ്യാവിനയസമ്പന്നത’ ജ്ഞാനിക്കാണുള്ളത് എന്ന ഗീതാവചനം സ്വാമികളില്‍ പ്രത്യക്ഷീഭവിച്ചിരുന്നു. വലിയവനെന്നോ, ചെറിയവനെന്നോ, ഉന്നതകുലജാതനെന്നോ, നികൃഷ്ടനെന്നോ ഒരു ഭേദവുമില്ലാതെ സകലരെയും ആത്മഭാവത്തില്‍ ഒന്നായിക്കണ്ട മഹാത്മാവാണദ്ദേഹം. ജാതിയോ വംശമോ അല്ല മറിച്ച് ജിജ്ഞാസയാണ് അറിവിന്റെ അധികാരിത നിശ്ചയിക്കുന്നതെന്നു പ്രസ്താവിച്ച അദ്ദേഹം സകലവിദ്യകള്‍ക്കും അധിരാജനായിരുന്നു. വേദാന്തശാസ്ത്രബോധകമായ അദ്വൈതചിന്താപദ്ധതി, വൈദികസാഹിത്യവിജ്ഞാനം പ്രസരിപ്പിക്കുന്ന വേദാധികാരനിരൂപണം, ചരിത്രബോധം തെളിയിക്കുന്ന പ്രാചീനമലയാളം, സംസ്‌കൃതവ്യാകരണത്തിലും തമിഴ്‌വ്യാകരണത്തിലും ഒരുപോലെ പാണ്ഡിത്യം വെളിവാക്കുന്ന ആദിഭാഷ, അന്യമതവിജ്ഞാനം കാട്ടുന്ന ക്രിസ്തുമതനിരൂപണം തുടങ്ങിയവ ആ വിജ്ഞാനധാരയുടെ തിരുശേഷിപ്പുകളാണ്.
ചട്ടമ്പിസ്വാമികള്‍ ഒരു ജാതിസംഘടനയുടെയും ആചാര്യസ്ഥാനത്തിരിക്കാന്‍ ആഗ്രഹിക്കുകയോ തയ്യാറാകുകയോ ചെയ്തില്ല. ആ വിഷയം പറഞ്ഞ് തന്നെ സമീപിച്ചവരെ അദ്ദേഹം നിരുത്സാഹപ്പെടുത്തി. സ്വാമികള്‍ ആകെ സമ്മതിച്ചിട്ടുള്ളത് തീര്‍ത്ഥപാദപരമഹംസസ്വാമികള്‍ സ്ഥാപിച്ച എഴുമറ്റൂര്‍ പരമഭട്ടാരാശ്രമത്തിന്റെ കുലപതിസ്ഥാനം അലങ്കരിക്കുക എന്നത് മാത്രമാണ്. അതുപോലും തന്റെ ശിഷ്യന്മാരായ നീലകണ്ഠ തീര്‍ത്ഥപാദസ്വാമികളുടെയും തീര്‍ത്ഥപാദപരമഹംസസ്വാമികളുടെയും ഭക്തിപൂര്‍വ്വമായ നിര്‍ബന്ധത്താലും അവരോടുള്ള വാത്സല്യത്താലുമാണ്. നില്പിലും നടപ്പിലും ചേഷ്ടകളിലും എന്തിനേറെ വസ്ത്രധാരണത്തില്‍ പോലും സന്ന്യാസത്തിന്റെ ഏറ്റവും ഉയര്‍ന്ന നിലയായ അവധൂതചര്യയെ ആണ് അദ്ദേഹം അവലംബിച്ചത്. കാഷായകമണ്ഡലുക്കള്‍ പോലുള്ള സന്ന്യാസത്തിന്റെ ബാഹ്യചിഹ്നങ്ങളായ സകലതും അദ്ദേഹം ഉപേക്ഷിച്ച് ആന്തരികമായ ജ്ഞാനാനുഭൂതിയില്‍ വര്‍ത്തിച്ചു. എന്നാല്‍ നിശ്ശബ്ദമായി സ്വസാന്നിധ്യം കൊണ്ടും ശക്തമായ രചനകള്‍ കൊണ്ടും ശിഷ്യന്മാരിലൂടെയും അദ്ദേഹം കേരളത്തിലാകെ മാറ്റത്തിന്റെ പാത തെളിച്ചുതന്നു. നാരായണഗുരുദേവന് പ്രാരബ്ധവശാല്‍ സാമുദായികമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടി വന്നു. അത് സമുദായത്തിന്റെ ഉന്നമനത്തിനു കാരണമാകുകയും ചെയ്തു. തന്റെ കര്‍മ്മങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അദ്ദേഹവും അവയില്‍ നിന്നെല്ലാം വിരമിച്ച് ശാന്തിയില്‍ ഉപരമിക്കാനാണ് ശ്രമിച്ചത്.
ഈ രണ്ടു മഹാത്മാക്കളെയും പിന്നീട് കേരളീയസമൂഹം സാമുദായിക പശ്ചാത്തലത്തില്‍ അവതരിപ്പിക്കുവാനാണ് ശ്രമിച്ചത് എന്നത് കേരളത്തിന്റെ കഷ്ടകാലമെന്നെ പറയാനാകൂ. ചട്ടമ്പിസ്വാമികളെ നായര്‍സമുദായത്തിന്റെയും ഗുരുദേവനെ ഈഴവസമുദായത്തിന്റെയും പ്രതിനിധികളായി സമൂഹം ചാപ്പ കുത്തി. ഇവരുടെ ഗുരുത്വത്തിനും ലഘുത്വത്തിനും സാമുദായികസംഘടനകളുടെ അധികാരമുദ്രണം ചാര്‍ത്തപ്പെടുന്നു. ഇവര്‍ ആരായിരുന്നു എന്നും ഇവരുടെ മഹത്വം എന്തെന്നും ജാതിസംഘടനകള്‍ അതിരു കല്പിക്കുന്ന ഒരു കാലഘട്ടത്തിലാണ് ചട്ടമ്പിസ്വാമികളുടെ ലഘുത്വം സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നതും ഗുരുദേവന്‍ കുരിശില്‍ തറയ്ക്കപ്പെടുന്നതും എന്നത് ഓരോ മലയാളിയും ശ്രദ്ധാപൂര്‍വ്വം ഓര്‍ക്കേണ്ടതുണ്ട്. ഒരു നൂറുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ജാതിഭേദങ്ങളുടെ കോട്ടകള്‍ തകര്‍ത്ത് ഐക്യം സ്ഥാപിക്കാന്‍ ശ്രമിച്ച ഈ മഹാത്മാക്കളുടെ പേരും പറഞ്ഞ് ജനങ്ങളെ തമ്മില്‍ത്തല്ലിച്ച് ചോരകുടിക്കുന്ന കുറുക്കന്മാരെപോലെ ഒളിഞ്ഞിരിക്കുന്നവരെ കരുതിയിരിക്കുക. നാളെ ഹിന്ദുസമൂഹം ഛിദ്രശക്തികളുടെ ആക്രമണങ്ങളില്‍ ഛിന്നഭിന്നമാകുമ്പോള്‍ ഇതോര്‍ത്ത് പരിതപിക്കാന്‍ ഇടവരരുത്.
അവലംബം:
1.ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം: പറവൂര്‍ ഗോപാലപിള്ള.
2.’ബാലാഹ്വസ്വാമിചരണാഭരണം’ അഥവാ സദ്ഗുരുസര്‍വസ്വം- കവിദീപന് ആറന്മുള നാരായണപിള്ള.
3.തീര്‍ത്ഥപാദപരമഹംസ സ്വാമികള്‍: ജീവചരിത്രം -വിദ്യാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍.
4.ശ്രീനാരായണഗുരുവിന്റെ ജീവചരിത്ര സംഗ്രഹം- എന്‍ കുമാരനാശാന്‍.