2019 നവംബര്‍11-ാം തീയതി ചീനയിലെ വുഹാന്‍ വൈറോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍മാരാണ് കൊറോണ രോഗവിവരം ആദ്യമായി പുറം ലോകത്തെ അറിയിക്കുന്നത്. SARS-Co-V2 കോറോണ വൈറസ് മാസങ്ങള്‍ക്കകം അതിവേഗം അതിദൂരം ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലേക്കും വ്യാപിച്ചു. കോവിഡ് 19 രോഗം ഏറിയും കുറഞ്ഞും ഇന്നും ലോകത്തിനെ മുഴുവന്‍ ബാധിച്ചിരിക്കുന്ന മഹാമാരിയായി തുടരുന്നു. ഫലപ്രദമായ വാക്‌സിന്‍ കണ്ടുപിടിച്ചു മുഴുവന്‍ ആള്‍ക്കാര്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നടത്താതെ വൈറസ് ബാധയ്ക്കു ശാശ്വത പരിഹാരമില്ല എന്നതു ശാസ്ത്രലോകത്തിനറിവുള്ളതാണ്. അതുകൊണ്ടാണവര്‍ പരിപൂര്‍ണ്ണ ഇമ്യൂണൈസെഷന്‍ നടപ്പിലാക്കുന്നതുവരെ മനുഷ്യ സമ്പര്‍ക്കത്തിലൂടെ മാത്രം പകരുന്ന ഈ വൈറസ്‌വ്യാപനം നിയന്ത്രിക്കാന്‍ വ്യക്തിശുചിത്വവും സാമൂഹിക അകലവും അതുപോലെതന്നെ ഹേര്‍ഡ് ഇമ്മ്യൂണിറ്റി സൃഷ്ടിക്കുവാന്‍ ലോക്ഡൗണും ഒരു പ്രധാനമാര്‍ഗ്ഗമായി നടപ്പിലാക്കാന്‍ നിര്‍ദ്ദേശിച്ചത്. നിതാന്ത ജാഗ്രതയോടെയും അച്ചടക്കത്തോടെയും നടപ്പിലാക്കിയാല്‍, ഒരേകതന്തു RNAയില്‍ അധിഷ്ഠിതമായ ഈ അര്‍ദ്ധ പ്രാണി വൈറസിന്റെ അനിയന്ത്രിത പെരുകലും അതുമൂലം ജനിതകമാറ്റത്തിലൂടെ നേടാവുന്ന അതിന്റെ വര്‍ദ്ധിത വീര്യവും പ്രഹരശേഷിയും ഒരുപരിധിവരെ തടയാന്‍ സാധിക്കും.
അതുകൊണ്ട് ഭാരതത്തില്‍ ആദ്യഘട്ടത്തില്‍ത്തന്നെ ലോക്ഡൗണ്‍, സാമൂഹിക അകലംപാലിക്കുക, നിര്‍ബന്ധമായും മാസ്‌ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക ഇവ നടപ്പിലാക്കാന്‍ കര്‍ശനമായ നടപടികള്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കൈക്കൊണ്ടു. മൊത്തം ആരോഗ്യമേഖലയുടെയും അതുപോലെ ജനങ്ങളുടെയും ആരോഗ്യപരിപാലനവും സംരക്ഷണവും സാധാരണ സംസ്ഥാന വിഷയം ആണെങ്കിലും സാഹചര്യത്തിന്റെ തീവ്രത മനസ്സിലാക്കി കൊറോണ രോഗബാധ ദേശീയ ദുരന്തമായി കണക്കാക്കി കേന്ദ്ര ഗവണ്മെന്റ് സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ചു രോഗ നിവാരണത്തിനും ദുരിതാശ്വാസത്തിനും അടിയന്തര നടപടികള്‍ സ്വീകരിച്ചു. അതോടൊപ്പം വാക്‌സിന്‍ വികസിപ്പിച്ചെടുക്കാനുള്ള തീവ്ര ശ്രമങ്ങളും ആരംഭിച്ചു. ലോകത്ത് ഫാര്‍മസ്യൂട്ടിക്കല്‍ ഗവേഷണ കാര്യത്തിലും മരുന്നു നിര്‍മ്മാണത്തിന്റെ കാര്യത്തിലും വളരെ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാഷ്ട്രമാണ് ഭാരതം. നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ക്കും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്കും എത്രയും വേഗം കൊറോണയ്ക്കെതിരെ പ്രതിരോധ വാക്സിന്‍ വികസിപ്പിച്ചെടുക്കുവാന്‍ ആവശ്യമായ എല്ലാവിധ പ്രോത്സാഹനവും സഹായവും നല്‍കി. ഭാരത് ബയോടക് വികസിപ്പിച്ചെടുത്ത കോവാക്സിന്‍, Astra Zeneca- Oxford University സംയുക്തമായി വികസിപ്പിച്ചെടുത്ത സേറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയുടെ (SII) Covishield എന്നീ കൊറോണ പ്രതിരോധ വാക്സിനിന്റെ ഉത്പാദനവും വിതരണവും ഭാരതത്തിന്റെ നിയന്ത്രണത്തിലും നേതൃത്വത്തിലും സാധ്യമായി. മുതിര്‍ന്ന പൗരന്മാര്‍ക്കും മരണഹേതുവാകുന്ന രോഗമുള്ളവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സുരക്ഷാഉദ്യോഗസ്ഥര്‍ക്കും, സൈന്യത്തിനും ഇന്ത്യയില്‍ കൊറോണ ബാധ റിപ്പോര്‍ട്ടു ചെയ്ത് ഏതാണ്ട് ഒരുവര്‍ഷത്തിനകം പ്രതിരോധ കുത്തിവയ്പ് സൗജന്യമായി നല്‍കിത്തുടങ്ങി. മെയ് മാസം ഒന്നാം തീയതി മുതല്‍ 18 വയസ്സിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും വാക്സിന്‍ നല്‍കുന്നതിനുള്ള തുടക്കവും കുറിച്ചു.
ജാതി, മതം, വേഷം, ഭാഷ, ആചാരം, രാഷ്ട്രീയം, വിദ്യാഭ്യാസം, പ്രദേശം ഇങ്ങനെ നിരവധി കാര്യങ്ങളില്‍ വൈവിധ്യം പുലര്‍ത്തുന്ന ഒരു സ്വതന്ത്ര ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രത്തിലെ 135 കോടി ജനങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പുനടത്തി ഭാരതം കൊറോണമുക്തമാക്കുക എന്ന അതിബൃഹത്തായ പദ്ധതിയാണ് ഇന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ രാഷ്ട്രം ഒന്നായി ഏറ്റെടുത്തിട്ടുള്ളത്. അതിനാവശ്യമായ മരുന്നും കുത്തിവയ്ക്കാനാവശ്യമായ സാമഗ്രികളും ആള്‍ക്കാരെയും ഒരുക്കണം. എല്ലാം ശരിയായാല്‍പോലും കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും വേണ്ടിവരും, ഈ യജ്ഞം പൂര്‍ത്തിയാക്കാന്‍.
അതേസമയം ഈ കാലയളവില്‍ കോറോണ വ്യാപനം തിരമാലപോലെ ആര്‍ത്തലച്ചുവന്ന് ആയിരങ്ങളുടെ ജീവനപഹരിക്കുന്നതും തടയണം. ഇത് വലിയ ദുഷ്‌കരമായ പ്രവര്‍ത്തനമാണ്. വുഹാനില്‍ നിന്ന് തുറന്നുവിട്ട വൈറസ് ആദ്യഘട്ടത്തില്‍ത്തന്നെ വികസിതരാജ്യങ്ങളെയായിരുന്നു ഒരു മഹാമാരിയായി ഏറ്റവുമധികം ബാധിച്ചത്. മാസങ്ങള്‍ക്കകം അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍ മുതലായ രാജ്യങ്ങളില്‍ ദശലക്ഷക്കണക്കിനാളുകള്‍ക്കു രോഗം ബാധിച്ചു. ലക്ഷക്കണക്കിനാളുകള്‍ മരിച്ചു. രോഗബാധിതര്‍ക്ക് വെന്റിലേറ്ററോ, വൈറസ് പ്രതിരോധ മരുന്നോ, ആശുപത്രി സൗകര്യങ്ങളോ ലഭ്യമാകാതെ ആലംബഹീനരായി തെരുവിലെ താല്കാലികടെന്റുകളില്‍ ദുരിതയാതനകളനുഭവിച്ച് കഴിഞ്ഞുകൂടേണ്ടിവന്നു. അപ്പോള്‍ ഭാരതം അവര്‍ക്ക് ലഭ്യമായ മരുന്നും സൗകര്യങ്ങളും എത്തിച്ചുകൊടുത്ത് ആശ്വാസമേകി. ഭാരതത്തില്‍ ആദ്യഘട്ടത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതും സാമൂഹിക അകലം പാലിച്ചും, മാസ്‌ക് ധരിച്ചും സാനിറ്റൈസര്‍ ഉപയോഗിച്ച് വ്യക്തിശുചിത്വം ഉറപ്പാക്കിയും രോഗലക്ഷണത്തിനു ചികില്‍സിച്ചും വളരെ വിജയകരമായി കൊറോണ വ്യാപനം തടയുവാന്‍ സാധിച്ചു.
അന്നും നാട്ടിലെ പ്രതിലോമകാരികളും അരാഷ്ട്രീയവാദികളും അധികാര ഭിക്ഷാംദേഹികളും രാഷ്ട്രദ്രോഹ ശക്തികളും മതമൌലികവാദികളും ഈ നിയന്ത്രണങ്ങള്‍ ലംഘിക്കുവാനും സമൂഹത്തില്‍ ഭയാശങ്കകള്‍ ഇളക്കിവിടാനും ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തുകയുണ്ടായി. തബ്ലീഗ് സമ്മേളനങ്ങളില്‍ എത്തിയവര്‍ മറ്റു പ്രദേശങ്ങളിലേക്ക് ഒളിച്ചോടി, അന്യ സംസ്ഥാന തൊഴിലാളികളില്‍ അസ്വസ്ഥത സൃഷ്ടിച്ച് ലക്ഷക്കണക്കിനു തൊഴിലാളികളെ കൂട്ടത്തോടെ സ്വന്തം സംസ്ഥാനത്തിലേക്ക് കിട്ടിയ വാഹനങ്ങളിലും കാല്‍നടയായും അഭയാര്‍ത്ഥി പ്രവാഹംപോലെ പലായനം ചെയ്യിച്ചു, കര്‍ഷകസമരത്തിന്റെ പേരില്‍ മാസങ്ങളോളം തെരുവിലിറങ്ങി റോഡുപരോധിച്ചു (ഇന്നും അതു തുടരുന്നു), റിപ്പബ്ലിക്ദിനത്തില്‍ കര്‍ഷകറാലികളും ട്രാക്ടര്‍ റാലികളും ചെങ്കോട്ട ഉപരോധവും നടത്തി, മഹാമാരിക്കാലത്ത് ഒരുരാജ്യത്തും കാണാത്തതരത്തിലുള്ള കൂട്ടായ്മകള്‍ സംഘടിപ്പിച്ചു, കൊറോണ സെന്ററില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട ചില മതമൗലികവാദികള്‍ അവിടെ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ദേഹത്ത് തുപ്പുകയും മറ്റുവാര്‍ഡുകളില്‍പോയി മല മൂത്ര വിസര്‍ജനം നടത്തുകയും ചെയ്തു. ചിലര്‍ ഒളിച്ചോടിപ്പോയി. ഇങ്ങനെ നാട്ടില്‍ മുഴുവന്‍ വൈറസ് പരത്താന്‍ ബോധപൂര്‍വ്വമായ ശ്രമം നടന്നു. നൂറുവര്‍ഷം മുമ്പ് 1918 ല്‍ സ്പാനിഷ് ഫ്‌ളൂ (H1 N1 ഇന്‍ഫ്‌ലുവന്‍സ A വൈറസ്) പടര്‍ന്ന് പിടിച്ചപ്പോള്‍ അതിനെതിരെ പൊരുതാന്‍ സാമൂഹ്യഅകലം പാലിക്കാനും മൂക്കും വായും മറയ്ക്കുവാനും കയ്യും മുഖവും സോപ്പുപയോഗിച്ച് വൃത്തിയാക്കുവാനും നിര്‍ബന്ധമായി ജനങ്ങള്‍ ശീലിച്ചിരുന്നു. ആധുനിക കാലത്ത് ചൈനാവൈറസ് നാട്ടില്‍ പടര്‍ന്നു പിടിക്കുവാന്‍ തുടങ്ങിയപ്പോള്‍,പ്രത്യേകിച്ചു ഫലപ്രദമായ വാക്സിന്‍ കണ്ടുപിടിച്ചിട്ടില്ലാത്ത അവസരത്തില്‍, ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് ആദ്യമായി വ്യക്തിപരമായ ശുചിത്വവും സാമൂഹിക അകലവും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കാനും ബ്രേക്ക് ദ ചെയ്ന്‍ പദ്ധതിയായി വീട്ടിലിരുന്നു കൊറോണ വ്യാപനം തടയാനും രാഷ്ട്രത്തോടാഹ്വാനം ചെയ്തത്. മൂന്നു പ്രാവശ്യം ലോക്ഡൗണും പ്രഖ്യാപിച്ചു. ലോകരാഷ്ട്രങ്ങള്‍ മുഴുവനും ഇതനുകരിച്ചപ്പോഴും നമ്മുടെ നാട്ടിലെ പുരോഗമനവാദികളും മതമൗലികവാദികളും കൈകോര്‍ത്തുനിന്ന് ഇതിനെ പുച്ഛിച്ചുതള്ളി പരാജയപ്പെടുത്താന്‍ ശ്രമിച്ചു. നാട്ടില്‍ അരാജകത്വം സൃഷ്ടിച്ച് ഭാരതം ഒരു പ്രാകൃത രാഷ്ട്രമാണെന്നും ഒരു സ്വേച്ഛാധിപതിയും വര്‍ഗ്ഗീയവാദിയുമായ ഭരണാധിപന്റെ കീഴില്‍ സുരക്ഷിതത്വ ബോധം നഷ്ടപ്പെട്ട ഒരു ജനതയാണെന്നും വരുത്തിതീര്‍ക്കുവാന്‍ വിദേശമാധ്യമങ്ങളിലൂടെ വന്‍തോതില്‍ ജിഹാദിലോബികളും ഇടതുപക്ഷഅരാജകത്വവാദികളും നിരന്തരം ലേഖനങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഭരണമുള്ളപ്പോള്‍മാത്രം ദേശാഭിമാനം ഭരണമില്ലെങ്കിലോ (ഭരണംകിട്ടാന്‍ സാധ്യതയില്ലെന്നുവരികയാണെങ്കിലോ) ദേശദ്രോഹപ്രവര്‍ത്തനങ്ങളിലൂടെ, ശത്രുരാഷ്ട്രങ്ങളുടെയാണെങ്കില്‍പോലും സഹായ സഹകരണത്തോടെ ജനരോഷമിളക്കി ഭരണ അസ്ഥിരത വരുത്തി നാടിനെ കുട്ടിച്ചോറാക്കി നേട്ടം കൊയ്യാന്‍ പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷ കൂട്ടായ്മ, ഇക്കൂട്ടരുടെ പ്രവര്‍ത്തനം മൂലമാണ് കൊറോണയുടെ രണ്ടാം തരംഗം തീവ്രമായ വ്യാപനത്തിലേക്കു നീങ്ങിയത്.
ഇന്നും കോറോണയുടെ പിടിയില്‍ നിന്നും ലോകം മുക്തമായിട്ടില്ല. പല രാജ്യങ്ങളിലും കൊറോണ രണ്ടാംതരംഗം ഭീകരതാണ്ഡവമാടിക്കൊണ്ടിരിക്കുന്നു. ആദ്യ ഘട്ടത്തില്‍ ഇന്ത്യയില്‍ കൊറോണ ടെസ്റ്റ് പോസിറ്റീവ് ആയ ബഹുഭൂരിപക്ഷം ആള്‍ക്കാരും രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ല, രോഗം ബാധിച്ചവരില്‍ത്തന്നെ പനി, വരണ്ടചുമ, തൊണ്ടവേദന, അതിസാരം, ശരീരവേദന, തലവേദന, രുചിയില്ലായ്മ, മണമില്ലായ്മ, ശ്വാസംമുട്ടല്‍ തുടങ്ങിയ പ്രാഥമിക രോഗലക്ഷണങ്ങള്‍ കാണിക്കുകയും ക്വാറന്റയിനിലിരുത്തി രോഗ ചികില്‍സ നടത്തി ഭേദമാക്കുകയും ചെയതു. കോവിഡ് ബാധിച്ച രോഗികള്‍ മിക്കവാറും സാധാരണ ഒരാഴ്ച കഴിഞ്ഞു രോഗലക്ഷണങ്ങള്‍ പ്രകടമാക്കും. ചികില്‍സ ഫലിച്ചില്ലെങ്കില്‍ ശ്വാസകോശത്തെ ബാധിക്കുകയും സിവ്യര്‍ അക്യൂട് റെസ്പിറേറ്ററി സിന്‍ഡ്രോം(SARS) മൂലം കൊറോണ രോഗം മൂര്‍ദ്ധന്യാവസ്ഥയിലെത്തുകയും ചെയ്യും. ഈ കാലയളവില്‍ രോഗികളെ ഐസിയുവില്‍ പ്രവേശിപ്പിച്ചു വെന്റിലേറ്ററില്‍ കിടത്തി, കൃത്രിമ ശ്വാസോച്ഛാസം നല്കി രോഗിയെ പരിചരിക്കാം. ഇക്കാലഘട്ടത്തില്‍ മരണനിരക്ക് വളരെ കുറവും മരിച്ചവരില്‍ത്തന്നെ ബഹുഭൂരിപക്ഷം കോ-മോര്‍ബിഡിറ്റി മൂലവുമായിരുന്നു.
ഒരു ഘട്ടത്തില്‍ വിജയകരമായി നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചു എന്നു സമാധാനിച്ചപ്പോഴാണ് വീണ്ടും രോഗം അതിവേഗം പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയത്. ഈ രണ്ടാം ഘട്ട രോഗവ്യാപനത്തില്‍ മ്യൂട്ടേഷന്‍ സംഭവിച്ച പുതിയതരം കോവിഡ്-19 (UK, ബ്രസീല്‍ വേരിയന്റ് വൈറസുകള്‍) അണുബാധയുടെ തുടക്കത്തിലെതന്നെ രോഗിയുടെ ശ്വാസകോശത്തെ ബാധിച്ച് ജീവവായു ശ്വസിക്കുവാനുള്ള ശേഷി നഷ്ടപ്പെടുത്തുന്നു.
ജനിതകമാറ്റം വന്ന കോവിഡ് രണ്ടാമന്‍ തുടക്കത്തിലേ ശ്വാസകോശസംബന്ധമായ സിവ്യര്‍ അക്യൂട് റെസ്പിറേറ്ററി ഡിജെനറേഷന്‍ സിന്‍ഡ്രോം(SARDS) ആയി മാറുന്നതിനാല്‍ ഓക്‌സിജനേഷന്‍ അത്യാവശ്യമായി വരുന്നു. ഇതുമൂലം ഓക്‌സിജന്‍ സിലിണ്ടറിന്റെയോ, കോണ്‍സെന്‍ട്രേറ്ററിന്റെയോ പ്രെഷര്‍ വാല്‍വ് ഉപയോഗിച്ച് നിയന്ത്രിതയളവില്‍ നേസല്‍ കുഴലിലൂടെ കോശങ്ങളിലേക്ക് നേരിട്ട് മെഡിക്കല്‍ ഓക്‌സിജന്‍ നല്‌കേണ്ടത് അടിയന്തിരാവശ്യമായി വരുന്നു. സാധാരണ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഒരു ദൗര്‍ലഭ്യവും ഇവിടെയില്ല. മാത്രമല്ല ഇന്ത്യ ഓക്‌സിജന്‍ കയറ്റുമതി ചെയ്യുന്ന ഒരു രാജ്യമാണ്. കഴിഞ്ഞ വര്‍ഷം കൊറോണ കാലത്തുപോലും ആഭ്യന്തര വ്യവസായ – മെഡിക്കല്‍ ഉപയോഗത്തിനുശേഷം 4502 മെട്രിക് ടണ്‍ ഓക്‌സിജന്‍ കയറ്റുമതി ചെയ്യുകയുണ്ടായി. ഒന്നാംതരംഗത്തില്‍ ഹോസ്പിറ്റലിനാവശ്യമായ liquid medical oxygen (LMO) 700ല്‍ നിന്നും 2800 മെട്രിക് ടണ്‍ മാത്രമേ ആവശ്യമായിവന്നുള്ളൂ. അപ്പോള്‍ പോലും രാജ്യം പ്രതിദിനം 7000 liquid oxygen ഉല്പാദിപ്പിക്കുന്നുണ്ട്. വന്‍തോതില്‍ ഉല്പാദിപ്പിക്കുന്ന ഓക്‌സിജന്‍ ഫാക്ടറികളില്‍ ജംബോ ടാങ്കറുകളില്‍ ശേഖരിക്കുന്നു. പിന്നീട് മെഡിക്കല്‍ ഓക്‌സിജന്‍, -1800ഇ നിലനിര്‍ത്തുന്ന പ്രത്യേക ക്രയോജെനിക് ടാങ്കറുകളില്‍ എത്തിക്കാവുന്ന വിദൂരമായ പ്രദേശങ്ങളില്‍വരെ എത്തിച്ചു അവിടെനിന്നും വിതരണക്കാര്‍ ദ്രാവക ഓക്‌സിജനെ, ഓക്‌സിജന്‍ ഗ്യാസാക്കി സിലിണ്ടറുകളില്‍ നിറച്ച് ഹോസ്പിറ്റലുകളിലും മറ്റും എത്തിക്കുന്നു. ഇന്ത്യയില്‍ മൊത്തം ആയിരത്തി അറുനൂറിനടുത്ത് ക്രയോജെനിക് ടാങ്കറുകളാണുള്ളത്. ചുറ്റുമുള്ള വായുവില്‍ നിന്നും ഓക്‌സിജന്‍ ശുദ്ധീകരിച്ചെടുക്കുന്ന സംവിധാനമുള്ള വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മെഷീനാണു ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റേഴ്‌സ്. അതെവിടെ വേണമെങ്കിലും എടുത്തുകൊണ്ടു പോകാവുന്നതുമാണ്. ഒരു ദിവസം 24 മണിക്കൂറുവച്ചു അഞ്ചുവര്‍ഷത്തോളം ഉപയോഗിക്കാവുന്നതുമായതിനാല്‍ അവയുടെ ശേഖരവും വിതരണവും ത്വരിതപ്പെടുത്തി. കോറോണയുടെ രണ്ടാം വേലിയേറ്റം പ്രതീക്ഷിച്ചിരുന്നതായിരുന്നെങ്കിലും ഇത്രയും രൂക്ഷമായിരിക്കുമെന്ന് ആരും കരുതിയിരുന്നില്ല.
ഓക്‌സിജന്റെ കാര്യത്തില്‍ ഇത്രയും സ്വയംപര്യാപ്തത ഉണ്ടായിട്ടും കൊറോണ രോഗത്തിന്റെ അതി ശീഘ്രവും അതിതീവ്രവുമായ രണ്ടാം തരംഗം വളരെനേരത്തെ മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലേക്കു പടര്‍ന്നു പിടിച്ചപ്പോള്‍ ഭൂരിപക്ഷ ഓക്‌സിജന്‍ സൗകര്യങ്ങളും അവിടങ്ങളിലേക്ക് ചലിപ്പിച്ചു. പിന്നീടു വിദൂര സംസ്ഥാനങ്ങളിലേക്കും രോഗം അതിവേഗം പടര്‍ന്നുപിടിച്ചതിനാല്‍ അവര്‍ക്കാവശ്യമായ മെഡിക്കല്‍ ഓക്സിജന്‍ എത്തിക്കുന്നതിന് താമസം നേരിടുകയുണ്ടായി. അതുകാരണം വളരെയധികം രോഗികള്‍ക്ക് രോഗം മൂര്‍ച്ഛിക്കുകയും മരണനിരക്ക് വര്‍ദ്ധിക്കുകയും ഉണ്ടായി. ആകസ്മികമായ രോഗതീവ്രതയും വന്‍ രോഗവ്യാപനവും അടിയന്തിര ഓക്‌സിജന്‍ വിതരണത്തിലുള്ള അപര്യാപ്തതയും മറികടക്കാന്‍ പ്രധാനമന്ത്രി ടാങ്കറുകള്‍ ഇറക്കുമതി ചെയ്തു, റയില്‍വേ ഗ്രീന്‍ ചാനലുകളിലൂടെ അതിവേഗ വിതരണ ശൃംഖല സൃഷ്ടിച്ചു. പ്രതിസന്ധി ഘട്ടത്തില്‍ ആവശ്യപ്പെടാതെ തന്നെ സഹായവാഗ്ദാനങ്ങളുമായി നാല്പതിലധികം രാഷ്ട്രങ്ങള്‍ മുന്നോട്ടു വന്നു. ലോക രാഷ്ട്രങ്ങളുടെ ഇടയില്‍ ഭാരതത്തിനുള്ള സ്വീകാര്യതയും സഹാനുഭൂതിയുമാണിത് കാണിക്കുന്നത്. പ്രധാനമന്ത്രി പറഞ്ഞു സാമ്പത്തിക സഹായമല്ല നമുക്ക് വേണ്ടത്, നമുക്കു വേണ്ടതു മരുന്നും മെഡിക്കല്‍ ഉപകരണങ്ങളുമാണ്. യു.എസ് വാക്‌സിന്‍ ഉത്പാദനത്തിനാവശ്യമായ അസംസ്‌കൃതവസ്തുക്കളുടെ വിതരണത്തിലുള്ള നിരോധന നിയമം തിരുത്തിയെഴുതി 23മില്യന്‍ ഡോളറിന്റെ അസംസ്‌കൃതവസ്തുക്കളും ലിക്യുഡ് മെഡിക്കല്‍ ഓക്സിജന്‍ നിറച്ച സിലിണ്ടറുകളും ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും, Rapid Diagnostic Test kits, N95 masks, റംഡിസിവിര്‍ പോലുള്ള വൈറസ് ചികിത്സക്കുള്ള മരുന്നുകളും പ്രതിരോധവസ്തുക്കളും യുദ്ധകാലാടിസ്ഥാനത്തില്‍ എത്തിച്ചു. പ്രതിരോധ കുത്തിവെപ്പിനുള്ള സ്പുട്‌നിക്-V വാക്സിന്റെ 200,000 ഡോസ് പായ്ക്കുകളും, 20 ഓക്‌സിജന്‍ ഉല്പാദന യൂണിറ്റുകളും, 75 വെന്റിലേറ്ററുകളും റഷ്യ ഭാരതത്തിലെത്തിച്ചു. അങ്ങനെ ആപത്തുകാലത്തു നമ്മള്‍ സഹായിച്ച എല്ലാ ലോകരാഷ്ട്രങ്ങളും നമ്മുടെ ദുരന്തത്തിന് ആശ്വാസമേകാന്‍ എത്തിയിരിക്കുന്നു.
അതിവേഗം സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കുവാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും ആരോഗ്യ സംവിധാനവും അത്യദ്ധ്വാനം ചെയ്യുകയാണ്. അതിനായി എത്രയുംവേഗം വാക്സിന്‍ വികസിപ്പിക്കുകയും രണ്ടു ഡോസാക്കി നല്‍കുകയെന്ന പദ്ധതി നടപ്പിലാക്കുകയും ചെയ്തുവരുന്നു. പക്ഷെ വാക്സിനേഷന്‍ പദ്ധതിയെ തന്നെ തകിടം മറിക്കുന്നതിനായി വളരെ ആസൂത്രിതമായിട്ടാണ് നമ്മുടെ നാട്ടില്‍ നേരത്തെ വിവരിച്ച പ്രതിലോമശക്തികള്‍ ശ്രമിക്കുന്നത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്റെ ഫലപ്രാപ്തിയെ ചോദ്യം ചെയ്യുകമാത്രമല്ല അത് മാരകമായതോതില്‍ റിയാക്ഷന്‍ ഉണ്ടാക്കുമെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. വാക്സിനുകള്‍ എടുക്കുന്നത് മതപരമായ നിന്ദയായി ചിലവിഭാഗങ്ങളെ ധരിപ്പിച്ചു. മോദിയുടെ വാക്സിന്‍ എടുത്തിട്ട് എനിക്ക് പ്രതിരോധശക്തി നേടണ്ട എന്നുപോലും പ്രഖ്യാപിച്ച രാഷ്ട്രീയ നേതാക്കളുണ്ട്. എന്നാല്‍ വാക്സിന്‍ ഫലപ്രദമാണെന്നു കണ്ടപ്പോള്‍ അതിന്റെ സുതാര്യമായ വിതരണത്തെപ്പോലും തടസ്സപ്പെടുത്തുന്നു. ഉത്പാദനത്തിന് അനുസരിച്ച് ഏറ്റവും ദുര്‍ബലമായ സമൂഹത്തിനാദ്യം വിതരണം നടത്തി, തുടര്‍ന്നു മുഴുവന്‍പേര്‍ക്കും നല്കുക. രോഗപ്രതിരോധശേഷി സൃഷ്ടിക്കാനുള്ള വളരെ ശാസ്ത്രീയമായ സംവിധാനത്തെ അട്ടിമറിക്കാനും നാട്ടില്‍ വാക്സിന്‍ ലഭ്യതയില്ലെന്നു പറഞ്ഞ് ജനങ്ങളുടെ ഇടയില്‍ പരിഭ്രാന്തിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാനും ശ്രമിക്കുകയാണ് ഇക്കൂട്ടര്‍.
ബനാറസിലെ ശ്മശാനഘട്ടത്തിലെ ഫോട്ടോകള്‍ പ്രചരിപ്പിച്ച് കൊറോണബാധിതരെ പൊതിഞ്ഞുകെട്ടി കൂട്ടം കൂട്ടമായി കത്തിച്ചുകളയുന്നു എന്ന രീതിയില്‍ വലിയതോതില്‍ നമ്മുടെ ല്യൂട്ടിയന്‍ ലോബി എന്നുവിളിക്കുന്ന ഇടതുപക്ഷ അരാജകവാദികളും നഗരമാവോയിസ്റ്റുകളായ ബൗദ്ധിക അവസരവാദികളും ആഗോള ഇസ്ലാം മതതീവ്രവാദികളും വിദേശപത്രങ്ങളില്‍ ലേഖനങ്ങളെഴുതി പ്രചരിപ്പിക്കുന്നു. ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ നമ്മുടെ സല്‍പ്പേരിനു കളങ്കംവരുത്താനാണ് ഈ അടിയന്തരഘട്ടത്തിലും ഇവര്‍ ശ്രമിക്കുന്നതെന്നതാണ് ഏറ്റവും വലിയ ദുരന്തം. ആരോഗ്യം സ്റ്റേറ്റിന്റെ ചുമതലയെന്ന് പറഞ്ഞു പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാന ഭരണ കൂടത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി രാഷ്ട്രീയ മുതലെടുപ്പുനടത്താന്‍ ശ്രമിക്കാതെ ഭാരതത്തിലെ എല്ലാ പൌരന്മാരുടെയും ജീവനും ആരോഗ്യത്തിനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്തുവാന്‍ അത്യദ്ധ്വാനംചെയ്യുകയാണു പ്രധാനാമന്ത്രി. ബംഗാളിലെ 7-ഉം 8-ഉം ഘട്ട തെരഞ്ഞെടുപ്പു പ്രചരണങ്ങളില്‍ നിന്നുപോലും മാറി അദ്ദേഹം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു നേരിട്ടു നേതൃത്വം നല്കി. കൊറോണയ്ക്കു മതമില്ലെന്നും അവന്റെ അടുത്തുവരുന്നവരെ ആരെന്നു നോക്കാതെ നശിപ്പിക്കുമെന്നറിഞ്ഞിട്ടുപോലും ഈ കൊറോണ കാലത്തെ ബുദ്ധിമുട്ടുകള്‍ മോദിയുടെ ഏകാധിപത്യവര്‍ഗ്ഗീയ ഫാസിസ്റ്റ് ഭരണം കൊണ്ടാണെന്നു ദേശീയ വിദേശീയ മാധ്യമങ്ങളില്‍ എഴുതിവിടുന്ന ഇക്കൂട്ടര്‍ നമ്മുടെ നാടിന്റെ അഭിമാനത്തിനും സുരക്ഷിതത്വത്തിനും വരെ തുരങ്കം വയ്ക്കുന്നു. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്നും കരകയറുമ്പോഴേക്കും, പുതിയ മ്യൂട്ടേഷന്‍ സംഭവിച്ച കൊറോണ വൈറസിന്റെ ഒരു മൂന്നാം പതിപ്പിന്റെ അതിതീവ്ര രോഗ വ്യാപനത്തെ കുറിച്ചു ശാസ്ത്രലോകം മുന്നറിയിപ്പു നല്കുമ്പോള്‍ എല്ലാ വിഭാഗീയതയും ഉപേക്ഷിച്ചു ജനങ്ങള്‍ ഒറ്റക്കെട്ടായിനിന്നു ഏകമനസ്സോടെ കൊറോണയ്‌ക്കെതിരെ പോരാടണം. ഇത് അതിജീവനത്തിന്റെ സമരമാണ്. കൈവിട്ടുപോയിട്ടു വാവിട്ടു കരഞ്ഞിട്ടു കാര്യമില്ല. പ്രതിരോധ കുത്തിവെപ്പ് സൗജന്യമാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത് ഇരു കൂട്ടരുടെയും കുപ്രചരണങ്ങള്‍ക്ക് പൂര്‍ണ്ണ വിരാമമിടാന്‍ സമയമായി എന്നു കാണിക്കുന്നു. കൊറോണയെ നേരിടുന്നതിലുള്ള വിജയം ജനങ്ങളുടെതാണ് എന്ന് എളിമയോടെ പറയുന്ന പ്രധാനമന്ത്രിയേയും കേന്ദ്രത്തിന്റെ സൗജന്യങ്ങളെപോലും സ്വന്തം നേട്ടമായി മേനിനടിക്കുന്ന കേരളാ മുഖ്യമന്ത്രിയേയും താരതമ്യം ചെയ്യാന്‍ സാധാരണക്കാരന് ലഭിക്കുന്ന അവസരംകൂടിയാണിത്.
(ലേഖകന്‍ ഭാരതീയവിചാരകേന്ദ്രം അക്കാദമിക് ഡീനാണ്)