ഗുരുദേവനും ചട്ടമ്പിസ്വാമികളും തമ്മിലുള്ള ബന്ധം രണ്ട് ബ്രഹ്മനിഷ്ഠന്മാര്‍ തമ്മിലുള്ള ആത്മസൗഹൃദവും ആത്മസാഹോദര്യവുമാണ്. എന്നാല്‍ ഇവര്‍ തമ്മിലുള്ളത് ഗുരുശിഷ്യബന്ധമാണ് എന്ന പ്രചരണത്തിന് ദശകങ്ങളുടെ – രണ്ടുപേരും സശരീരരായിരുന്ന കാലംമുതല്‍ക്കേ – പ്രചാരമുണ്ട്. തനിക്കു പ്രിയങ്കരനും ആത്മസഹോദരനുമായ ഗുരുദേവനെ തന്റെ ശിഷ്യനായി ചിലര്‍ പ്രചരിപ്പിച്ചു തുടങ്ങിയപ്പോള്‍ സത്വശുദ്ധിയുടെ നിറകുടമായ ചട്ടമ്പിസ്വാമികള്‍ പറഞ്ഞു ”അപ്പനേ, ഞാന്‍ ആരുടേയും ഗുരുവല്ല എല്ലാവരുടേയും ശിഷ്യനാണ്… നാണു, ആശാനായിരുന്നപ്പോള്‍ ഞാന്‍ ചട്ടമ്പിയാണ് (ഗുരുസ്മരണാപാഠാവലി പേജ് 47). ഗുരുശിഷ്യബന്ധവുമായി തന്നെ സമീപിച്ച നാരായണാശാനോട് ചട്ടമ്പിസ്വാമികള്‍ പറഞ്ഞു ”നാണു ഗുരുവും ഞാനും സതീര്‍ത്ഥ്യരാണ്. (തൈക്കാട്ട് അയ്യാവിന്റെ കീഴില്‍ ഇരുവരും ഒന്നിച്ചുള്ള പഠനം) അല്ലാതെ ചിലര്‍ പറയാറുള്ളതുപോലെ ഞാന്‍ നാണുഗുരുവിന്റെ ഗുരുവല്ല. മാത്രമല്ല എന്നേക്കാള്‍ കൂടുതല്‍ പഠിപ്പും നാണു ഗുരുവിനാണ്.” (വല്ലഭശ്ശേരി ചരിത്രം പേജ്-51)
ഗുരുശിഷ്യബന്ധത്തെക്കുറിച്ച് അന്വേഷിച്ച നരസിംഹസ്വാമികളോട് ഗുരുദേവന്‍ അരുളിച്ചെയ്തു: ”ഇല്ല. ഞങ്ങള്‍ തമ്മില്‍ ആദ്യം കണ്ട അവസരത്തില്‍ അദ്ദേഹത്തിന് സംസ്‌കൃതം നല്ല വശമില്ലായിരുന്നു. ആ വിഷയത്തില്‍ പല സംശയങ്ങളും അദ്ദേഹത്തിന് തീര്‍ത്തുകൊടുത്തിട്ടുണ്ട്.” (നരസിംഹ സ്വാമികള്‍ ശിവഗിരി മഠത്തിന് അയച്ച കത്ത്.) അതുപോലെ വല്ലഭശ്ശേരി ഗോവിന്ദനാശനോട് ഗുരുദേവന്‍ ഒരിയ്ക്കല്‍ പറഞ്ഞു ”ചട്ടമ്പിസ്വാമിയും നാമും സതീര്‍ത്ഥ്യരാണ്. അദ്ദേഹം നമ്മെ നാണു എന്നും നാം അദ്ദേഹത്തെ ചട്ടമ്പി എന്നുമാണ് വിളിക്കാറ്. അദ്ദേഹത്തെ നാമോ, നമ്മേ അദ്ദേഹമോ എന്തെങ്കിലും പഠിപ്പിച്ചിട്ടില്ല. അതിന്റെ ആവശ്യവും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ ഒരുമിച്ച് പലസ്ഥലങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. ചെറുപ്പത്തില്‍ വാരണപ്പള്ളിയില്‍ താമസിച്ചും കുമ്മന്‍പള്ളി കൊച്ചുരാമന്‍പിള്ള ആശാനില്‍ നിന്നും പഠിച്ചിട്ടുമുണ്ട്. കൊച്ചുരാമന്‍പിള്ള ആശാനാണ് നമ്മുടെ ഗുരു എന്നതില്‍ നമുക്ക് അഭിമാനമുണ്ട്.” (വല്ലഭശ്ശേരി പേജ് 64)
ശ്രീരാമകൃഷ്ണദേവന്റെ ശിഷ്യനാണ് സ്വാമി വിവേകാനന്ദന്‍.ശ്രീനാരായണഗുരുദേവന്റെ ശിഷ്യന്മാരാണ് ശിവലിംഗസ്വാമി, ബോധാനന്ദസ്വാമി, നടരാജഗുരു തുടങ്ങിയവര്‍. ചട്ടമ്പിസ്വാമികളുടെ ശിഷ്യന്മാരാണ് നീലകണ്ഠതീര്‍ത്ഥര്‍, തീര്‍ത്ഥപാദപരമഹംസര്‍. ഈ ഗുരുശിഷ്യബന്ധങ്ങള്‍ ആരെങ്കിലും ലേഖനപരമ്പരകള്‍ എഴുതിയോ അവാസ്തവങ്ങളായ കഥകള്‍ മെനഞ്ഞെടുത്തോ പ്രശസ്തി നേടിയിട്ടുള്ളതല്ല. ഈ മഹാത്മാക്കള്‍ ജീവിതം കൊണ്ടും തത്ത്വദര്‍ശനത്തിന്റെ ആവിഷ്‌കാരം കൊണ്ടും ഗുരുശിഷ്യബന്ധം ഊട്ടിയുറപ്പിച്ചു. വിവേകാനന്ദസ്വാമികള്‍ ശ്രീരാമകൃഷ്ണമിഷന്‍ സ്ഥാപിച്ചും ശിവലിംഗസ്വാമിയും നടരാജഗുരുവും ശ്രീനാരായണാശ്രമങ്ങളും ശ്രീനാരായണഗുരുകുലങ്ങളും സ്ഥാപിച്ചും ചട്ടമ്പിസ്വാമികളുടെ ശിഷ്യന്മാര്‍ തീര്‍ത്ഥപാദാശ്രമങ്ങള്‍ സ്ഥാപിച്ചും ഗുരുശിഷ്യബന്ധത്തിന്റെ സുവ്യക്തമായ മാതൃകകളായി പ്രശോഭിക്കുന്നു. ശ്രീനാരായണഗുരുദേവന്‍ ചട്ടമ്പിസ്വാമികളുടെ ശിഷ്യനായിരുന്നുവെങ്കില്‍ ഗുരു ശിവഗിരിമഠം സ്ഥാപിക്കുകയോ എസ്.എന്‍.ഡി.പി യോഗം ശ്രീനാരായണധര്‍മ്മസംഘം (സന്ന്യാസിസംഘം) തുടങ്ങിയ പ്രസ്ഥാനങ്ങള്‍ സ്വന്തം പേരില്‍ ശിഷ്യന്മാര്‍ സ്ഥാപിച്ചതിനെ അംഗീകരിക്കുകയോ ചെയ്യുമായിരുന്നില്ല. മറിച്ചു നാടുനീളെ ചട്ടമ്പിസ്വാമിയുടെ പേരില്‍ ഗുരുദേവന്‍ ആശ്രമങ്ങള്‍ സ്ഥാപിക്കുമായിരുന്നു. ഈ മാതൃകകള്‍ മാന്യ വായനക്കാര്‍ ശ്രദ്ധിച്ച് യാഥാര്‍ത്ഥ്യം കണ്ടെത്തുമെന്ന് പ്രത്യാശിക്കുകയാണ്.
അതുപോലെ മറ്റൊരു പ്രധാനകാര്യം കൂടി ശ്രദ്ധിക്കുക. ഭാരതത്തിലെ മിക്ക ആശ്രമങ്ങളും ശ്രീശങ്കരാചാര്യര്‍ സ്ഥാപിച്ച ‘ദശനാമി’ സമ്പ്രാദയത്തില്‍ പെടുന്നവയാണ്. ഗിരി, ആശ്രമം, അരണ്യം, പുരി, ഭാരതി, തീര്‍ത്ഥ, സരസ്വതി, വനം തുടങ്ങിയവയാണ് ദശനാമങ്ങള്‍. സ്വന്തം പേരിനോടൊപ്പം ഈ ദശനാമിയിലെ പാരമ്പര്യനാമം കൂടിച്ചേര്‍ത്തിരിക്കും. ഉദാഹരണത്തിന് ദയാനന്ദസരസ്വതി, സത്യാനന്ദസരസ്വതി, തപോവനസ്വാമികള്‍, തോതാപുരിസ്വാമികള്‍, ചിന്മയാനന്ദസരസ്വതി സ്വാമികള്‍ തുടങ്ങിയ നാമധേയങ്ങള്‍. ചട്ടമ്പിസ്വാമികളുടെ സോപാധികമായ നാമധേയം വിദ്യാധിരാജ തീര്‍ത്ഥപാദ ചട്ടമ്പിസ്വാമി തിരുവടികള്‍ എന്നാണ് (സ്വാമി വിദ്യാനന്ദതീര്‍ത്ഥപാദരുടെ, തീര്‍ത്ഥപാദ പരമഹംസര്‍ എന്ന ഗ്രന്ഥം കാണുക). ചട്ടമ്പിസ്വാമികളുടെ പ്രധാനശിഷ്യന്മാര്‍ സ്വാമി നീലകണ്ഠതീര്‍ത്ഥരും, തീര്‍ത്ഥപാദപരമഹംസസ്വാമികളുമാണ് (ടി ഗ്രന്ഥം കാണുക) ഇന്നും ചട്ടമ്പിസ്വാമിയുടെ ശിഷ്യപരമ്പര ഈ തീര്‍ത്ഥ പരമ്പരയില്‍ ഉള്‍പ്പെടുന്നു.
ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികളുടെ ശിഷ്യഗണത്തില്‍ പെട്ടിരുന്നുവെങ്കില്‍ ശ്രീനാരായണഗുരുതീര്‍ത്ഥപാദര്‍ എന്നോ മറ്റോ ആയിരിക്കും ഗുരുവിന്റെ സോപാധികമായ നാമധേയം. പക്ഷെ ഗുരുദേവന്‍ ‘നാരായണഗുരു’ വായതേയുള്ളൂ, തീര്‍ത്ഥപാദനായില്ല. ഗുരുവിന്റെ ശിഷ്യന്മാര്‍ പ്രഥമ ശിഷ്യന്‍ നായര്‍ സമുദായത്തില്‍ ജനിച്ച ശിവലിംഗസ്വാമി, പിന്നെ നാരായണപിള്ള – ചൈതന്യസ്വാമികള്‍, ആദ്യ ശിവഗിരി തീര്‍ത്ഥാടകര്‍ക്ക് അനുവാദം നല്‍കിയ സുഗുണാനന്ദഗിരി സ്വാമികള്‍, പള്ളുരുത്തിയിലെ ബാപാഭാരതീസ്വാമികള്‍, ശിവഗിരിമഠത്തിന്റെ ധര്‍മ്മസംഘത്തിന്റെ ആദ്യ സെക്രട്ടറിയായി ഗുരു നിയോഗിച്ച – സി. പരമേശ്വരമേനോന്‍, സ്വാമി ധര്‍മ്മതീര്‍ത്ഥര്‍, ശ്രീനാരായണസ്മൃതി എഴുതിയ ഗണകസമുദായത്തില്‍ പിറന്ന കേരളം കണ്ട മഹാപണ്ഡിതന്‍ ആത്മാനന്ദസ്വാമികള്‍, യൂറോപ്യന്‍ ശിഷ്യനായ ഏണസ്റ്റ്കാര്‍ക്ക്, അവസാന ശിഷ്യനായ ബ്രാഹ്മണസമുദായത്തില്‍ ജനിച്ച സ്വാമി ആനന്ദതീര്‍ത്ഥന്‍, സ്വാമി സത്യവ്രതന്‍, ശാന്തലിംഗസ്വാമി, നരസിംഹസ്വാമി, ശിവപ്രസാദ്, ഗുരുപ്രസാദ് സ്വാമികള്‍. ഏതാണ്ട് അറുപതോളം സന്ന്യാസിശിഷ്യന്മാര്‍ ഗുരുദേവനുണ്ടായിരുന്നു. ഗുരു ദശനാമപരമ്പരയിലെ ചില നാമങ്ങള്‍ സ്വീകരിച്ചു. എന്നാല്‍ ഇതില്‍പ്പെടാത്ത സ്വകീയനാമങ്ങള്‍ നല്‍കുകയും ചെയ്തു. ശ്രീശങ്കരാചാര്യര്‍ ഒരു പരമ്പര ആരംഭിച്ചതുപോലെ ഗുരുദേവന്‍ സ്വന്തമായി ഒരു പരമ്പരയെ ആരംഭിക്കുകയായിരുന്നു. ഗുരുദേവന്‍ ചട്ടമ്പിസ്വാമി ശിഷ്യനായിരുന്നുവെങ്കില്‍ ഇവരെല്ലാം തീര്‍ത്ഥന്മാരായി മാറുമായിരുന്നു. ഒരു ഗുരു ജീവിച്ചിരിക്കുമ്പോള്‍ ശിഷ്യന്‍ പരമ്പര സൃഷ്ടിക്കുകയോ സന്ന്യാസദീക്ഷ നല്‍കുകയോ ചെയ്യില്ല. പാരമ്പര്യാധിഷ്ഠിതമായ ഗുരുശിഷ്യബന്ധത്തെക്കുറിച്ചുള്ള ഈ പ്രാഥമിക കൃത്യംകൊണ്ടുതന്നെ ഗുരുദേവന്‍ ചട്ടമ്പിസ്വാമി ശിഷ്യനായിരുന്നില്ല എന്നും തീര്‍ത്തും പറയാം.
ചട്ടമ്പിസ്വാമികളും ഗുരുദേവനും തമ്മില്‍ കണ്ടുമുട്ടുന്നത് പേട്ടയില്‍ പെരുന്നെല്ലി കൃഷ്ണന്‍ വൈദ്യരുടെ ഭവനത്തില്‍ വെച്ചാണ്. അക്കാലം ഒരാള്‍ ഷണ്‍മുഖദാസനും മറ്റെയാള്‍ (ഗുരുദേവര്‍) ഷണ്‍മുഖഭക്തനുമായിരുന്നു. (കോട്ടുകോയിക്കല്‍ വേലായുധന്‍ എഴുതിയ ഗുരുവിന്റെ ജീവിതചരിത്രം കാണുക). രണ്ടുപേരും അന്ന് ആത്മസാധകര്‍ – ആത്മാനേഷികള്‍ ആയിരുന്നു. സത്യദര്‍ശികളായ പരമഹംസന്മാരായി മാറിയിരുന്നില്ല. ഗുരുദേവനെ ചട്ടമ്പിസ്വാമികള്‍ തൈക്കാട്ട് അയ്യാവുസ്വാമികളുടെ അടുക്കല്‍ കൂട്ടിക്കൊണ്ടുപോകുകയും രണ്ടുപേരും അവിടെ ഒന്നിച്ചു യോഗവിദ്യ പഠിക്കുകയും ചെയ്തു. ചട്ടമ്പിസ്വാമികള്‍ അന്ന് ആരൂഢനായ ജ്ഞാനിയായി കഴിഞ്ഞിരുന്നുവെങ്കില്‍ അയ്യാവു സ്വാമികളുടെ അടുക്കല്‍ കൂട്ടിക്കൊണ്ടുപോകാതെ സ്വയം യോഗവിദ്യ പരിശീലിപ്പിക്കുമായിരുന്നു. അയ്യാവുസ്വാമികളുടെ അടുക്കലുള്ള യോഗപരിശീലനം കഴിഞ്ഞ് ഗുരുദേവന്‍ തപസ്സിന്നായി മരുത്വാമലയില്‍ പോകുന്നു. ചട്ടമ്പിസ്വാമികള്‍ തമിഴ്‌നാട്ടിലും മറ്റും പോയി നിരവധി ഗുരുക്കന്മാരെ കണ്ടെത്തി പഠിപ്പു തുടരുകയും ചെയ്യുന്നു.
രണ്ട് ആത്മസാധകന്മാര്‍ ഒത്തുചേരുമ്പോള്‍ ഒരാള്‍ അപരന്റെ ശിഷ്യനാകുന്നതെങ്ങനെ? രണ്ടുപേരും വേദാന്തവിഷയങ്ങള്‍ പരസ്പരം ചര്‍ച്ചചെയ്തിരിക്കും. അത് ഒരിക്കലും ഗുരുശിഷ്യബന്ധമാവുകയില്ലല്ലോ. പിന്നീട് രണ്ടുപേരും സത്യസാക്ഷാത്കാരം നേടി രണ്ടുമാര്‍ഗ്ഗങ്ങളെ അവലംബിക്കുകയാണ് ചെയ്തത്. ഒരു ജ്ഞാനിയുടെ നാലു തലങ്ങളില്‍ ചട്ടമ്പിസ്വാമികള്‍ ഒരു മുക്ത പുരുഷനായി ലീലയായി ജീവിതം നയിച്ചു. സ്വാമികള്‍ നേരിട്ട് ആശ്രമങ്ങള്‍ സ്ഥാപിക്കുകയോ സംഘടനകള്‍ സ്ഥാപിച്ച് സാമൂഹിക പരിഷ്‌കരണത്തിനിറങ്ങുകയോ ചെയ്തില്ല. ചില ഗ്രന്ഥങ്ങള്‍ രചിച്ച് പുണ്യസ്ഥലങ്ങളിലോ ഭക്തന്മാരുടെ ഗൃഹങ്ങളിലോ താമസിച്ച് ലോകയാത്ര നിര്‍വ്വഹിച്ചു.
ഗുരുദേവനാകട്ടെ അരുവിപ്പുറം മുതല്‍ ക്ഷേത്രങ്ങളും ആശ്രമങ്ങളും മഠങ്ങളും സംഘടനകളും സ്ഥാപിച്ച് ബ്രഹ്മനിഷ്ഠനായിരുന്നു കൊണ്ടു തന്നെ ലോകസംഗ്രഹപ്രവര്‍ത്തനങ്ങളില്‍ മുഴുകി ജീവിച്ചു. ഗുരുവിന്റെ കര്‍മ്മ പ്രപഞ്ചം വിപുലമായിരുന്നു. ചട്ടമ്പിസ്വാമികള്‍ തിരുവിതാംകൂര്‍ കേന്ദ്രമാക്കി ജീവിതചര്യ നയിച്ചപ്പോള്‍ ഗുരുദേവന്‍ തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും തമിഴ്‌നാട്ടിലും കര്‍ണ്ണാടകത്തിലും സിലോണിലും മറ്റുമായി പ്രവര്‍ത്തിച്ചു. ചട്ടമ്പി സ്വാമികളുടെ ആദ്യകാല ജീവിതചരിത്രങ്ങളിലും ശിഷ്യന്മാരുടെ ഗ്രന്ഥങ്ങളിലും സദ്ഗുരുസര്‍വ്വസ്വം (1910), നീലകണ്ഠചര്യാമൃതം (1911), ചട്ടമ്പിസ്വാമി ഷഷ്ഠിപൂര്‍ത്തി ഗ്രന്ഥം (1918)- ഗ്രന്ഥങ്ങളിലൊന്നും ശ്രീനാരായണഗുരു ശിഷ്യനാകുന്നില്ല. ആരും അങ്ങനെ എഴുതിയിട്ടില്ല. ഇടക്കാലത്ത് ഏതോ ചില ജാതിഭ്രാന്തന്മാര്‍ ചിത്രീകരിച്ചതാണ് ഈ ഗുരുശിഷ്യവിവാദം.
ഗാന്ധിയെ മഹാത്മജിയെന്നും സുഭാഷ് ബാബുവിനെ നേതാജിയെന്നും നെഹ്‌റുവിനെ പണ്ഡിറ്റ്ജിയെന്നും വിളിച്ചിരുന്നതുപോലെ ചട്ടമ്പി സ്വാമികളെ ‘സദ്ഗുരു’ എന്നു വിളിച്ചിരുന്നു. സ്വാമിയുടെ ആദ്യ ജീവിതചരിത്രം സദ്ഗുരുസര്‍വ്വസ്വം സ്മാരകമായി പ്രസിദ്ധപ്പെടുത്തിയ മാസിക ‘സദ്ഗുരു. ചട്ടമ്പി സ്വാമികള്‍ സമാധി പ്രാപിച്ചപ്പോള്‍ ഗുരുദേവന്‍ എഴുതി സദ്ഗുരു മഹാസമാധിയായി. ഗുരുദേവന്‍ ‘സദ്ഗുരു’ വെന്നു പ്രയോഗിച്ചത് സ്വന്തം ഗുരുവാണെന്ന അര്‍ത്ഥത്തിലാണെന്ന് ചിലര്‍ പ്രചരിപ്പിച്ചു. ”അങ്ങിനെയെങ്കില്‍ മദ്ഗുരു എന്റെ ഗുരു എന്നെഴുതാന്‍ നമുക്കറിയില്ലേ” എന്നായിരുന്നു ഗുരുവിന്റെ മറുപടി. ഹിന്ദുസമൂഹത്തിന്റെ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അതിനു വിഘാതമുണ്ടാക്കുന്ന ഇത്തരം ഗുരുശിഷ്യവാദത്തില്‍ നിന്നും ഇനിയും മുക്തരാകുന്നില്ലെങ്കില്‍ എങ്ങിനെ സമുദായ ഐക്യം ഉണ്ടാകും?