തിരുവനന്തപുരം: നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം ടേമിലെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ബിജെപി സംസ്ഥാന വ്യാപകമായി 10000 കേന്ദ്രങ്ങളില്‍ ‘സേവാഹി സംഘടന്’ എന്ന പേരില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി.
കോവിഡ് ദുരിതം പേറുന്നവര്‍ക്കായി പച്ചക്കറിയും പലവ്യഞ്ജനങ്ങളുമടങ്ങുന്ന കിറ്റും ആംബുലസ് ഡ്രൈവര്‍മാര്‍ക്ക് പിപിഇ കിറ്റും കുട്ടികള്‍ക്ക് പഠനോപകരണങ്ങളും നല്കിക്കൊണ്ടും മെഡിക്കല്‍ കോളേജ് അടക്കമുള്ള സ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്തുമാണ് ബിജെപി പ്രവര്‍ത്തകര്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിവിധ സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കേന്ദ്ര മന്ത്രി വി.മുരളീധരന് നിര്‍വ്വഹിച്ചു. തിരുവനന്തപുരത്തെ ചിറക്കുളം കോളനിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങളും കോളനി നിവാസികള്‍ക്ക് ഭക്ഷ്യ – പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു. ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് കാട്ടാക്കടയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. സംസ്ഥാന – ജില്ല നേതാക്കളും പോഷക സംഘടനാ നേതാക്കളും വിവിധ കേന്ദ്രങ്ങളില്‍ സേവന പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തു.