ലാത്തി കൊണ്ട് കിട്ടിയ അടികളുടെ വേദന വേലായുധനും അവൂക്കറും മറന്നു. പക്ഷെ മറ്റൊരു വേദന അവരുടെ മനസ്സില്‍ പൊങ്ങി വന്നു.
‘അക്രമരാഹിത്യത്തിന്റെ പാത ജനങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയിട്ടില്ല.’
ഊരകം മലയുടെ മുകളില്‍ കാറ്റേറ്റിരുന്ന ഒരു സായാഹ്നത്തില്‍ വേലായുധന്‍ അവൂക്കറിനോട് പറഞ്ഞു.
ഒറ്റപ്പാലത്ത് മാപ്പിളമാര്‍ ക്ഷോഭത്തിലാണ്. പോലീസ് അതിക്രമത്തിനെതിരെ പ്രതികരിക്കാതിരുന്നതിനെക്കുറിച്ച് അവരില്‍ മുറുമുറുപ്പ് ഉയര്‍ന്നിരിക്കുന്നു. അക്രമരാഹിത്യത്തിന്റെ അക്ഷോഭ്യ പ്രതീകമായി നിന്ന് രാവുണ്ണി നായര്‍ അവരെ സമാധാനിപ്പിച്ച് വിയര്‍ക്കുന്നു.
‘എങ്ങനെ ഉപദേശിച്ചാലും അവര്‍ അടങ്ങിയിരിക്കും എന്ന് തോന്നുന്നില്ല.’ അവൂക്കര്‍ പാറപ്പരപ്പിലേക്ക് ചാഞ്ഞ് ആകാശത്തെ നോക്കി.
‘വലിയൊരു അപകടം എനിക്ക് മണക്കുന്നുണ്ട്.’ വേലായുധന്‍ പറഞ്ഞു
‘എനിക്കും.’
ഈ മണം കേളപ്പനേയും അസ്വസ്ഥപ്പെടുത്തിയിരുന്നു.
കല്‍പ്പകഞ്ചേരിയില്‍ വിലക്കു ലംഘിച്ച് നടന്ന പ്രകടനത്തില്‍ മുഴങ്ങിയ മുദ്രാവാക്യങ്ങള്‍ ഒട്ടും തന്നെ ആവേശം ഉണ്ടാക്കുന്നവ ആയിരുന്നില്ല. ആശങ്കപ്പെടുത്തുന്നവയായിരുന്നു താനും. ആ ആശങ്കയോടെ സന്ധ്യയിലെ ഗ്രാമ്യശബ്ദങ്ങളെ ശ്രദ്ധയോടെ ചെവിയിലേക്ക് എടുത്തു കൊണ്ട് കേളപ്പന്‍ പൊന്നാനിയിലെ കോണ്‍ഗ്രസ് ഓഫീസിന്റെ വരാന്തയിലെ മിനുസപ്പെട്ടു കിടന്ന ബെഞ്ചിലേക്ക്ചാഞ്ഞു. കുറേ ദിവസങ്ങള്‍ക്കുശേഷം കിട്ടിയ വിശ്രമമാണ്. പന്നൂരില്‍ അധികാരിയുടെ മഠം ആക്രമിക്കാന്‍ പുറപ്പെട്ടവരുടെ അറസ്റ്റിന്റെ വാര്‍ത്ത മനസ്സില്‍ ഒരു ചുറ്റിവലിവുണ്ടാക്കിയിരുന്നു. ഒരു മാസത്തെ ജയില്‍ ജീവിതം കഴിഞ്ഞുള്ള വരവാണ്. നിരോധനാജ്ഞ കൊണ്ടും തന്നെ പോലുള്ളവരുടെ അറസ്റ്റ് കൊണ്ടും ഖിലാഫത്തിന്റെ പ്രവര്‍ത്തനം കുറേ മന്ദീഭവിച്ചതാണ്. പക്ഷേ, വീണ്ടുമുള്ള ഈ ഉണര്‍വില്‍ എവിടെയൊക്കെയോ പാകപ്പിഴകള്‍. വിലക്കു ലംഘിച്ച് പ്രകടനം നടത്തിയതിന് പൊലീസ് ലാത്തി പ്രയോഗിച്ചപ്പോഴും വാഹനത്തില്‍ കയറ്റി മര്‍ദ്ദിച്ചപ്പോഴും ജയിലിലെ ഇരുട്ടുമുറിയില്‍ കിട്ടിയ അടികളേറ്റുവാങ്ങിയപ്പോഴും തോന്നാതിരുന്ന വേദനയാണ് സഹകരണ ത്യാഗം വഴിമാറുന്നത് കാണുമ്പോള്‍, കേള്‍ക്കുമ്പോള്‍.
ഖിലാഫത്തിനെ അഖിലാപത്ത് എന്ന് വിളിച്ച് കളിയാക്കിയവരുടെ വാദം ശരിയാവുകയാണോ?
ചന്തൂട്ടി കഞ്ഞിയുമായി കയറിവന്നപ്പോള്‍ കേളപ്പന്‍ മയക്കത്തിലേക്ക് മടങ്ങിയിരുന്നു. യുവത്വം വടിവൊത്തു വീശി നില്‍ക്കുന്ന ശരീരം. പക്ഷേ മയക്കം കൊണ്ട് പൊതിഞ്ഞ മുഖത്ത് ക്ഷീണത്തിന്റെ മഴമേഘങ്ങള്‍.
അമ്പൂട്ടി തൊട്ടു വിളിച്ചു.
‘കേളപ്പാ കൊറച്ച് കഞ്ഞി കുടിക്ക്.’
കണ്ണുതുറന്ന് പുറത്തെ ഇരുട്ടിനെ നോക്കി. പിന്നീട് കാല്‍ഭാഗത്ത് സഹതാപം ചുറ്റികെട്ടിയ നോട്ടവുമായി നില്‍ക്കുന്ന ചന്തൂട്ടിയേയും.
‘അമ്പൂട്ട്യേട്ടനോ? എന്തുണ്ട്? കാണാന്‍ എട കിട്ടീല.’
നാട്ടില് സ്വീകരണം ഉഷാറാക്കി, ല്ലേ… പറഞ്ഞുകേട്ടു.’
അകത്തേക്ക് പോയി പ്ലേറ്റ് എടുത്തു കഴുകി കഞ്ഞി അതിലേക്കൊഴിച്ച് കൊണ്ടുവന്നു. ‘ഉം…. എന്റെ നാട് അങ്ങനെയാ. ഓരോ കാരണത്തിന് കാത്തുനില്‍ക്കും ഘോഷാക്കാന്‍. മുചുകുന്ന്കാര്‍ക്ക് എന്തിലും ആവേശാ.’ പറയുമ്പോള്‍ കേളപ്പനില്‍ ക്ഷീണം മറന്ന പ്രതീതി. അതുകൊണ്ടുതന്നെ അമ്പൂട്ടി തുടര്‍ന്നു.
‘വീട്ടുകാര് എന്തുപറയുന്നു ?’
‘അച്ഛനും അമ്മക്കും വലിയ സന്തോഷമായി. കുതിരവണ്ടീലല്ലേ മോനെ നാട്ടാര് ഘോഷയാത്രയായി കൊണ്ടുപോയത്. നാട്ടാര്‍ക്ക് ഇതുവഴി എങ്കിലും പ്രവര്‍ത്തിക്കാന്‍ ഒരു ആവേശം ഉണ്ടായാല് ആയിക്കോട്ടേന്ന് കരുതിയാ ഞാനും സമ്മതിച്ചത് .’
വിശപ്പ് നല്ലോണം ഉണ്ടായിരുന്നു എന്ന് സംസാരത്തിനിടയിലെ അയാളുടെ കഞ്ഞി കുടിയില്‍ നിന്ന് അമ്പൂട്ടി വായിച്ചെടുത്തു. ‘കഞ്ഞി കൊറഞ്ഞു പോയാ?’
‘യ്യോ നറഞ്ഞു. ഇങ്ങള് കുടിച്ചോ എന്ന് ചോദിക്കാന്‍ വിട്ടു.’
‘കഴിച്ചു’.
സ്ഥാവരങ്ങളെയും ജംഗമങ്ങളെയുമെല്ലാം വിഴുങ്ങി വയറുനിറച്ച ഇരുട്ട് പൊന്നാനിയെ മൂടിക്കിടന്നു. ഇരുട്ടിലൂടെ ഭാരതപ്പുഴ ഓര്‍മ്മകളുടെ മാറാപ്പുകളെ കടലിലേക്കിറക്കിക്കൊണ്ടിരുന്നു. ആയിരമാണ്ടിനപ്പുറത്തെ പ്രളയവും ഭൂമികുലുക്കവും ഉതിര്‍ത്ത കണ്ണീരായി ബിയ്യംകായല്‍. പൂതച്ചേറിനെ ഗര്‍ഭപാത്രത്തില്‍ നിറച്ച് അയിനിച്ചിറ വിമ്മിഷ്ടപ്പെട്ടു. പൊന്നാനകളെ ആരാധിച്ചിരുന്ന ക്ഷേത്രങ്ങളിലെ ദേവതകള്‍ കടല്‍ക്കാറ്റേറ്റുറങ്ങി. ചരിത്രാതീതകാലത്തെ തിണ്ടിസിന്റെ ഉറക്കത്തിന് അറബിക്കടല്‍ കാവലിരുന്നു. സാമൂതിരിയുടെ നാവിക പടത്തലവന്‍മാരായിരുന്ന മരയ്ക്കാര്‍ കുടുംബത്തെ കെട്ടുകെട്ടിച്ച് നഗരം ചുട്ടെരിച്ച പറങ്കിപ്പടനായകനായ അല്‍മേഡയുടെ തേരോട്ടം ദുഃസ്വപ്നങ്ങളില്‍ നിറഞ്ഞു.
പോരാട്ടങ്ങളുടെ തീരദേശത്ത് അഹിംസയുടെ അമൃതമന്ത്രവുമായി കേളപ്പന്‍ നിറഞ്ഞു. മണ്ണിനെ പൊന്നുപോലെ കാക്കേണ്ടതിന്റെ ആവശ്യകത നാട്ടുകാര്‍ തിരിച്ചറിഞ്ഞു.
ഒറ്റപ്പാലം സമ്മേളനത്തില്‍ മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടിവന്നവരുടെ വേദന സ്വന്തം വേദനയായി കാതങ്ങള്‍ക്കപ്പുറത്തിരുന്ന് കേളപ്പന്‍ അലസിപ്പൂമരങ്ങളില്‍ ചുവപ്പു നിറഞ്ഞുനിന്ന ഒരു പകലില്‍ വേലായുധന്‍ തന്റെ കാളവണ്ടി പൊന്നാനിയിലേക്ക് തെളിച്ചു.
പുതുവഴിയിലൂടെയുള്ള യാത്രയെ ആവോളം ആസ്വദിച്ച് കാളകള്‍ നടന്നു. തിരൂരങ്ങാടി പിന്നിട്ട് തിരൂര്‍ എത്തി. വാകമരങ്ങളില്‍ ഇരുന്ന് കിളികള്‍ ചിലച്ചു. കിളിപ്പാട്ടിന്റെ താളത്തിലാണ് കാളകളുടെ നടപ്പ്. കൂജനങ്ങള്‍ കേള്‍ക്കാന്‍ നേരമില്ലാതെ കച്ചവടത്തിരക്കില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജനങ്ങള്‍. തൃപ്രങ്ങോട്ട് എത്തിയപ്പോള്‍ കിഴക്കു നിന്ന് വന്ന കാറ്റിന് ഒരു പ്രത്യേക ഗൗരവം.
‘ഡോ പോത്തുകളെ, മൂന്നാലു നാഴിക കെഴക്കോട്ട് പോയാല് തിരുനാവായ. അറിയാ? ലോകം കണ്ട വലിയ മേള ആയിരുന്നു, കേട്ടിട്ടുണ്ടാ? മാഘമാസത്തിലെ മകം നാളില് കടല്‍ കടന്നും മലകടന്നും ലക്ഷക്കണക്കിന് ആള്‍ക്കാര് വന്നു വലിയ മേളം തന്നെ. എത്ര കാശിന്റെ കച്ചോടാണ് നടക്കാറെന്നറിയോ? എന്തൊക്കെ കലാപരിപാടികളാ അരങ്ങേറുകാന്നറിയോ? കാശീലെ കുംഭമേളയൊക്കെ തോറ്റുപോകുന്ന മേള ആയിരുന്നു പന്ത്രണ്ട് വര്‍ഷം കൂടുമ്പോള്‍.’ കാളകള്‍ അഭിമാനപൂര്‍വ്വം തലയാട്ടി.
‘അവസാനം അത് കുടിപ്പകയുടെ ചരിത്രായി. ചാവേറുകളുടെ രക്തംപുരണ്ട ചരിത്രം. രക്ഷകസ്ഥാനത്തിന് വേണ്ടി പാവങ്ങളെ കുരുതി കൊടുത്തതിന്റെ ചരിത്രം. മാമാങ്കംന്ന് വെച്ചാല് രാജാക്കന്മാരുടെ പോരാട്ടവും കൊലയും ആയിരുന്നൂ ന്നാ ഇപ്പം എല്ലാരെയും ധാരണ. നല്ലതെല്ലാം മറക്കും മനുഷ്യര്, അതെത്ര വലുതായാലും. ഏതോ ചെറിയ കാലത്ത് വന്ന ഈ ക്രൂരത കൊണ്ട് വലിയൊരു ചരിത്രത്തെയാ നമ്മള് മോശാക്കിയത്.
വേലായുധന്റെ വാക്കുകളില്‍ രോഷം തളംകെട്ടി. ചമ്രവട്ടത്ത് ഭാരതപ്പുഴയെ നെടുകെ മുറിച്ച് വണ്ടി കടന്നു പോകുമ്പോള്‍ പണ്ട് അച്ഛന്‍ പറഞ്ഞുകൊടുത്ത മാഘമാസക്കാലം വേലായുധന്റെ മനസ്സിനകത്തേക്ക് തോണികള്‍ തുഴഞ്ഞെത്തി.
പൊന്‍നാണ്യങ്ങളുടെ നാട് മുന്നില്‍. പേര്‍ഷ്യന്‍ അറബ് കച്ചവടക്കാരുടെ ഭാഷ കേട്ട് പരിചയിച്ച നാട്. ഖവ്വാലിയുടെ ഈണമാണ് പടിഞ്ഞാറന്‍ കാറ്റിന്.
കോണ്‍ഗ്രസ് ഓഫീസിന്റെ മുന്നില്‍ വണ്ടി നിര്‍ത്തി വേലായുധന്‍ ഇറങ്ങി. വണ്ടിയില്‍ നിന്ന് രണ്ടു കറ്റ പുല്ല് എടുത്ത് കാളകള്‍ക്ക് കൊടുത്ത് ഓഫീസിലേക്ക് നടന്നു. വരാന്തയില്‍ ഇരിക്കുകയായിരുന്ന അമ്പൂട്ടിയും ഉപ്പായിയും ചാടി പുറത്തേക്കിറങ്ങി. ‘എന്താ വണ്ടീല്?’ അമ്പൂട്ടി ചോദിച്ചു.
‘കുറച്ച് പരുത്തിയാണ്. അഞ്ച് ചര്‍ക്കകളുമുണ്ട്. ബാലകൃഷ്ണമേനോന്‍ തന്നു വിട്ടതാ.’
മൂന്നുപേരും വളരെ ഉത്സാഹത്തോടെ സാധനങ്ങള്‍ ഇറക്കി.
‘കേളപ്പജി?’
‘ഓറ് മഞ്ചേരിക്ക് പോയി. രാമയ്യരെ കാണാനാന്നാ പറഞ്ഞത്.’മൂസക്കുട്ടിയുടെ ചായപ്പീടികയിലേക്ക് നടക്കുന്നതിനിടെ ഉപ്പായി പറഞ്ഞു.
‘കോഴിക്കോട് കേരള വിദ്യാശാലേല് പഠിക്കുമ്പോ കേളപ്പനെ കണക്ക് പഠിപ്പിച്ച ആളാണ് പോലും മഞ്ചേരി രാമയ്യര്. മാഷും ശിഷ്യനും കോണ്‍ഗ്രസായി.’ വേലായുധനോട് ബെഞ്ചിലേക്ക് ഇരിക്കാന്‍ ആംഗ്യം കാണിച്ച് അമ്പൂട്ടി തുടര്‍ന്നു. ‘രാമയ്യര്‍ ബ്രഹ്മവിദ്യാ സംഘത്തിന്റെ വലിയ ആളാ. ജാതീം മതൂം കൊണ്ടുള്ള കളിയെയെല്ലാം ശക്തമായി എതിര്‍ക്കുന്ന ആളാ. നാടിനെ സേവിക്കണംന്ന് കേളപ്പന് തോന്ന്യത് രാമയ്യരെ കണ്ടിട്ടാണത്രേ.’
മൂവരും ചായ ഊതിക്കുടിച്ചു.
‘രാമയ്യര് ഖിലാഫത്തിന് എതിരായിരുന്നല്ലോ.. കഴിഞ്ഞകൊല്ലം മഞ്ചേരി കോണ്‍ഫറന്‍സില് ചതിച്ചു തോല്‍പ്പിച്ചതല്ലേ അദ്ദേഹത്തെ.’ അമ്പൂട്ടി ഒച്ച ഒട്ടും കുറയ്ക്കാതെ തന്നെ കൂട്ടിച്ചേര്‍ത്തു.
‘കേളപ്പജിക്കും വേവലാതി ഉണ്ട്. രാമയ്യര് പറഞ്ഞപോലൊക്കെ സംഭവിക്കുംന്നൊരു പേടി അദ്ദേഹത്തിന് ഉണ്ട്.’ ഉപ്പായി ചായ കുടിച്ചു തീര്‍ത്ത് എഴുന്നേറ്റു.
‘കേളപ്പജീനെ കാണലും കൂടി നടക്കുംന്ന് കരുതി ഏറ്റതാ ഇങ്ങോട്ടുള്ള വരവ്. ഇതുവരെ കണ്ടില്ല’ വേലായുധനും എഴുന്നേറ്റു.
കാശെടുക്കാന്‍ ആംഗ്യംകാട്ടിയപ്പോള്‍ അമ്പൂട്ടി തടഞ്ഞു.
‘എന്നാ ഞാന്‍ മടങ്ങാം. കേളപ്പജിനെ പിന്നീടൊരിക്കല്‍ കാണാം.’
വണ്ടിയില്‍ കയറി മടങ്ങുമ്പോള്‍ വേലായുധനില്‍ നിരാശ തളം കെട്ടിക്കിടന്നു. ഇപ്പോള്‍ കാറ്റു മൂളുന്ന ഖവ്വാലിക്ക് വിഷാദത്തിന്റെ ഈണം.
വഴിയില്‍ നിന്ന് ഒരാള്‍ കൈനീട്ടി. താടിനീട്ടി വികൃത വേഷത്തില്‍ ഒരു അവധൂതന്‍.
‘പൊന്നാനീന്നാണല്ലേ? ചെറിയ മക്കേന്ന്?’ അയാള്‍ ചോദിച്ചു.
‘അതെ. നെടിയിരിപ്പിലേക്ക്.’
‘അറിയോ ഇത് ഗസലുകളുടെ നാടാണ്. ഖവ്വാലികളുടെ. റസാഖാദിരിമാരുടെ നഅതുകളുടെ’
ഇതുപറഞ്ഞ് കൈകള്‍ പരസ്പരം അടിച്ചു അയാള്‍ പാടി.
‘ആയാഹേ ബുലാവാ മുജെ ദര്‍ബാറെ റസൂല്‍ സെ.’
(തുടരും)