എസ്.എസ്. മഹാരാജാ എന്ന കപ്പലില്‍ 1911 ജൂലായില്‍ കാലാപാനിയിലെ സെല്ലുലാര്‍ ജയിലിലെത്തിയത് ഒരു രാജകുമാരനായിരുന്നു. അങ്ങേയറ്റം അപകടകാരി എന്നതു സൂചിപ്പിക്കുന്ന ‘ഡി’ (Dangerous) എന്നു ആലേഖനം ചെയ്ത ബാഡ്ജ് കഴുത്തിലുണ്ട്, കൈകാലുകള്‍ ചങ്ങല കൊണ്ടു പൂട്ടിയിരിക്കുന്നു. ബാഡ്ജില്‍ രേഖപ്പെടുത്തിയിരിക്കുന്ന മോചനദിനം കണ്ടു ഉദ്യോഗസ്ഥര്‍ ഞെട്ടി: 23.12.1960. ദൈവമേ അമ്പതു വര്‍ഷമോ! ഇത്രയും വലിയ ശിക്ഷ ലഭിക്കുവാന്‍ ഇയാള്‍ എന്ത് അപരാധമാണ് ചെയ്തത്! ആരാണീയാള്‍! അത് മറ്റാരുമല്ല ഇന്ത്യന്‍ വിപ്ലവത്തിന്റെ മഹാരാജാവ് വിനായക് ദാമോദര്‍ സാവര്‍ക്കര്‍. ദു:ഖിതയായും പരവശയായും അടിമത്തത്തിന്റെ ചങ്ങലക്കുള്ളില്‍ നരകിച്ചുകഴിയുന്ന ഭാരതാംബയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി എന്നതാണ് അയാള്‍ ചെയ്ത അപരാധം.
1896-ല്‍ പൂനെയിലും ബോംബെയിലും അതിഭയങ്കരമായ പ്ലേഗ് പടര്‍ന്നുപിടിച്ച് ആയിരങ്ങള്‍ മരണപ്പെടുമ്പോള്‍ ശുശ്രൂഷാ നടപടികള്‍ കൈക്കൊള്ളുന്നതിലോ രോഗ പ്രതിരോധമേര്‍പ്പെടുത്തുന്നതിലോ ശുഷ്‌കാന്തി കാണിക്കാതെ ‘വിക്ടോറിയ റാണിയുടെ രാജ്യാഭിഷേക ആഘോഷങ്ങള്‍ക്ക്’ നേതൃത്വം നല്‍കിയ പ്ലേഗ്-കമ്മീഷണര്‍ റാന്‍ഡ് സായിപ്പിനെ വെടിവെച്ചു കൊന്ന് കൊലമരത്തിലേക്ക് തീര്‍ത്ഥയാത്ര നടത്തിയ ചാഫേക്കര്‍ സഹോദരന്മാരുടെ ത്യാഗത്താല്‍ പ്രചോദിതനായി ‘ഭാരതാംബയുടെ അടിമച്ചങ്ങല പൊട്ടിച്ചെറിയുമെന്ന്’ കുടുംബദേവതയായ അഷ്ടഭുജ ദുര്‍ഗയുടെ മുമ്പാകെ പ്രതിജ്ഞയെടുത്തുകൊണ്ടു മഹത്തായ സ്വാതന്ത്ര്യ സമരത്തില്‍ ബാലനായ സാവര്‍ക്കര്‍ ചുവടുവെച്ചു1.
വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ 1899 നവംബറില്‍ ‘രാഷ്ട്രഭക്തസമൂഹ’മെന്ന രഹസ്യ സ്വഭാവത്തോടു കൂടിയ ബാലസംഘടനയും 1900-മാണ്ട് ജനുവരി ഒന്നിന് മിത്രമേള എന്ന കുറച്ചുകൂടി ഗൗരവസ്വഭാവത്തോടു കൂടിയ സംഘടനയും രൂപീകരിച്ച് വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് മഹാരാഷ്ട്രയില്‍ സാവര്‍ക്കര്‍ വിത്തുവിതച്ചു. തുടക്കത്തില്‍ ഗണേശോത്സവും ശിവാജി ആഘോഷവും ആവേശപൂര്‍വം നടത്തിയ സംഘടന ക്രമേണ ‘ബ്രിട്ടീഷ് സാമ്ര്യാജ്യത്തിന്റെ ഇന്ത്യയ്ക്ക് മേലുള്ള അവകാശ’ത്തെ ചോദ്യം ചെയ്തുകൊണ്ട് ചുമരെഴുത്തുകളും പ്രകടനങ്ങളും നടത്തി തനിസ്വരൂപം പ്രകടമാക്കി. 1904-ല്‍ നാസിക്കിലെ വി.എം. ഭട്ടിന്റെ വീട്ടില്‍ വെച്ചു നടന്ന മിത്രമേളയുടെ യോഗത്തില്‍ സംഘടനയുടെ പേര് മാസിനിയുടെ യങ്ഇറ്റലി മാതൃകയില്‍ അഭിനവ് ഭാരത് എന്നാക്കി. ജെ.ബി.കൃപലാനി, കുന്ദന്‍ലാല്‍ ഫിറോദിയ, ശ്രീപദ് ദാമോദര്‍ സത്വലേക്കര്‍ തുടങ്ങി നിരവധിപേര്‍ സംഘടനയില്‍ ചേര്‍ന്നു. ബ്രിട്ടീഷ് വിരുദ്ധ പ്രകടനവും ബ്രിട്ടീഷ് വസ്ത്രദഹനവും2 ആരംഭിച്ചതോടെ കോളേജ് പ്രിന്‍സിപ്പാള്‍ ഹോസ്റ്റലില്‍ നിന്നും പിഴ ചുമത്തിക്കൊണ്ടു സാവര്‍ക്കറെ പുറത്താക്കി. ഇന്ത്യയില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയതിനു ഒരു വിദ്യാര്‍ത്ഥിയെ പുറത്താക്കുന്ന ആദ്യ സംഭവമായിരുന്നു ഇത്.
1906-ല്‍ തിലകന്റെ ശുപാര്‍ശ പ്രകാരം സാവര്‍ക്കറിന് ശ്യാംജികൃഷ്ണവര്‍മ്മയുടെ സ്‌കോളര്‍ഷിപ്പ് ലഭിക്കുകയും ഇംഗ്ലണ്ടിലേക്ക് കപ്പല്‍ കയറുകയും ചെയ്തു. ലണ്ടനില്‍ വച്ച് സാവര്‍ക്കര്‍ തനിക്കു ചുറ്റും ഭാരതീയരായ നിരവധി വിദ്യാര്‍ത്ഥികളെ ഒന്നിച്ചു കൊണ്ടുവന്നു. ലാലാ ഹര്‍ദയാല്‍, വീരേന്ദ്രനാഥ് ചത്യോപാധ്യായ, സേനാപതി ബപ്പറ്റ്, വി.വി.എസ്. അയ്യര്‍, എം.പി.ടി ആചാര്യ, ജെ.സി മുഖര്‍ജി, മദന്‍ലാല്‍ ഡിങ്കറെ, ഗ്യാന്‍ചന്ദ് വര്‍മ്മ, ഭായ് പരമാനന്ദ്, സര്‍ദാര്‍സിങ് റാണ, മാഡം ബിക്കാജിഗാമ എന്നിവര്‍ ഇതിലുള്‍പ്പെട്ടിരുന്നു. ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സാവര്‍ക്കറുടെ നേതൃത്വത്തില്‍ ഇന്ത്യയ്ക്കായി ഒരു പതക തയ്യാറാക്കുകയും3 ആ പതാക 1907 ആഗസ്ത് 18 മുതല്‍ 24 വരെ ജര്‍മ്മനിയില്‍ നടന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഗ്രസ്സില്‍ മാഡം ബിക്കാജിഗാമ ഉയര്‍ത്തുകയും ചെയ്തതോടെ വിദേശമണ്ണില്‍ ഉയര്‍ത്തിയ ആദ്യ ഇന്ത്യന്‍ പതാകയായി ഇത് അറിയപ്പെടുകയുണ്ടായി. ബോംബ് നിര്‍മ്മാണ രീതി വിശദീകരിക്കുന്ന ഒരു ബോംബ് മാന്വല്‍ തയ്യാറാക്കി സേനാപതി ബപ്പട്ട് മുഖേന ഇന്ത്യയിലെത്തിച്ചതോടെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഉറക്കം നഷ്ടപ്പെട്ടു.
ബംഗാള്‍ മുതല്‍ ബോംബെവരെ അങ്ങിങ്ങായി ബോംബ് സ്‌ഫോടനങ്ങള്‍ നടന്നു. മജിസ്‌ട്രേറ്റ് കിങ്‌സ്‌ഫോര്‍ഡിനു നേരെ ബോംബ് എറിഞ്ഞ ഖുദിറാം ബോസിനു പിന്നിലെ മനുഷ്യന്‍ സാവര്‍ക്കറുടെ അനുയായി ‘സേനാപതി ബപ്പട്ട്’ ആയിരുന്നുവെന്നു നരേന്ദ്രഗോസ്വാമി മൊഴി നല്‍കിയതോടെ4 Explosive Substances Act and the Newspaper (Incitement to Offences) Act എന്ന അതിശക്തമായ നിയമം കൊണ്ടുവന്നു ഗവണ്മെന്റ് പ്രതിരോധം ഒരുക്കി. ‘1857-ഇന്ത്യന്‍സ്വാതന്ത്ര്യസമരം’ എന്ന പുസ്തകം സാവര്‍ക്കര്‍ പ്രസിദ്ധീകരിക്കുന്നതിനുമുമ്പ്തന്നെ ബ്രിട്ടന്‍ നിരോധിച്ചു. ബംഗാള്‍ വിഭജനത്തിനു വൈസ്രോയിക്ക് പ്രചോദനം നല്‍കിയ കഴ്‌സണ്‍ വൈലിയെ 1909 ജൂലൈ 1-നു സാവര്‍ക്കറുടെ അനുയായി മദന്‍ലാല്‍ധിംഗ്ര ലണ്ടനില്‍ വെച്ചു വധിച്ചതിനും, 1909 ഡിസംബര്‍ 21 ന് നാസിക്കിലെ കളക്ടര്‍ എ.എം.ടി.ജാക്‌സനെ അനന്തലക്ഷ്മണ്‍ കാന്‍ഹരേ വെടിവെച്ചു കൊന്നതിനും പിന്നിലെ സൂത്രധാരന്‍ സാവര്‍ക്കാറാണെന്ന് 5 മനസ്സിലാക്കിയതോടെ ബ്രിട്ടീഷ് ഗവണ്‍മെന്റ് സാവര്‍ക്കര്‍ക്കായി വലവിരിച്ചു.
ഭാരതസര്‍ക്കാര്‍ അനുവദിച്ച ഒരു സ്ഥിരം പാസ്‌പോര്‍ട്ടോടുകൂടി വിദ്യാര്‍ത്ഥിയായി ഇംഗ്ലണ്ടിലേക്ക് പോയ സാവര്‍ക്കറെ ഒളിച്ചോടി പോകുന്നവര്‍ക്കെതിരായുള്ള 1881-ലെ അപരാധി നിയമമനുസരിച്ച് ചാര്‍ജ്‌ചെയ്തു. ലണ്ടനില്‍ അറസ്റ്റ് ചെയ്യപ്പെട്ട് എസ്.എസ്.മോറിയ എന്ന കപ്പലില്‍ ഇന്ത്യയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ സാവര്‍ക്കര്‍ അതിസാഹസികമായി കടലിലേക്ക് എടുത്തു ചാടി, ഫ്രഞ്ച് അധീന പ്രദേശമായ മാര്‍സെയില്‍സിലേക്ക് നീന്തിക്കയറി രാഷ്ട്രീയ അഭയം തേടിയെങ്കിലും ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ബലമായി പിടിച്ചുകൊണ്ടുപോയി. സാവര്‍ക്കറുടെ രക്ഷപ്പെടാനുള്ള ശ്രമത്തെ, ലോകം വീക്ഷിച്ചതില്‍ വച്ചേറ്റവും അന്യാദൃശവും, സാഹസികവും പുളകംകൊള്ളിക്കുന്നതുമായി ലോക പത്രങ്ങള്‍ വിവരിച്ചു.
ബോംബെയിലെ പ്രത്യേക ട്രൈബ്യുണല്‍ സാവര്‍ക്കറെ വിചാരണ ചെയ്ത് 1910 ഡിസംബര്‍ 24 ന് ശിക്ഷ വിധിച്ചു; ജീവപര്യന്തം നാടുകടത്തലും, എല്ലാ സ്വത്തുക്കളും കണ്ടുകെട്ടലും. ജനുവരി 31 ന് അടുത്ത വിധി കൂടി; മറ്റൊരു ജീവപര്യന്തം നാടുകടത്തല്‍. ആകെ 50 വര്‍ഷം തടവ്. ഹേഗിലെ അന്താരാഷ്ട്ര കോടതിയുടെ പരിഗണനയിലിരിക്കുന്ന (സബ്-ജുഡീസ്) കേസിലെ പ്രതിയ്ക്കാണ് ബോംബൈ പ്രത്യേക ട്രൈബ്യുണല്‍ വിധി പ്രഖ്യാപിച്ചത്. നോര്‍വേയിലെ ഒരു മുന്‍മന്ത്രി എം.ഗ്രഹാം, ഹോളണ്ടിലെ രണ്ടാം ചേംബര്‍ അംഗം മി.ജോണ്‍ ഖീര്‍ ലെമാന്‍ എന്നിവരുള്‍പ്പെട്ട ഹേഗ് അന്താരാഷ്ട്ര കോടതി 1911 ഫെബ്രുവരി 11 ന് സാവര്‍ക്കറുടെ കേസ് പരിഗണിച്ചു. ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചത് ഡെസര്‍ട്ട് പ്രഭുവും, ഫ്രഞ്ച് പ്രതിനിധി നോബല്‍ സമ്മാന ജേതാവും ആഗോള നിയമത്തില്‍ പ്രഗത്ഭനുമായ ലൂയി റിനോള്‍ട്ടുമായിരുന്നു6. ലോകം ഉറ്റുനോക്കിയ ആ കേസ് വിസ്താരത്തില്‍ കാള്‍ മാര്‍ക്‌സിന്റെ കൊച്ചുമകനായ ജീന്‍ ലോംഗ്വെറ്റ് സാവര്‍ക്കര്‍ക്ക് വേണ്ടി മദ്ധ്യസ്ഥം വഹിച്ചു. പക്ഷേ ലോക പോലീസായ ബ്രിട്ടന് അനുകൂലമായിരുന്നു കോടതിവിധി. എങ്കിലും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനു ലോക ശ്രദ്ധനേടിക്കൊടുക്കുവാന്‍ സാവര്‍ക്കര്‍ക്ക് സാധിച്ചു.
ഭാരതത്തിന്റെ അടിമച്ചങ്ങല പൊട്ടിച്ചെറിയാന്‍ സ്വാതന്ത്ര്യ ദുര്‍ഗയ്ക്ക് മുന്‍പാകെ പ്രതിജ്ഞ ചെയ്ത ഭാരതപുത്രന് കാലാപാനിയിലെ തടവറയില്‍നിന്നും എങ്ങനെയെങ്കിലും വിടുതല്‍ നേടേണ്ടതുണ്ടായിരുന്നു. ലണ്ടനില്‍ നിന്നും ബാരിസ്റ്റര്‍ നേടിയ, നിയമത്തിന്റെ നൂലാമാലകള്‍ നന്നായി അറിയാമായിരുന്ന സാവര്‍ക്കര്‍ കാലാപാനിയില്‍ എത്തി രണ്ടുമാസത്തിനകം തന്നെ ജയില്‍മോചനത്തിനുള്ള കത്തുകള്‍ അയച്ചുതുടങ്ങി. ശത്രു ശക്തനായിരിക്കുമ്പോള്‍ അനുനയിപ്പിച്ച് സൂത്രത്തില്‍ രക്ഷപ്പെടുക എന്ന ഛത്രപതി ശിവാജി പരീക്ഷിച്ച മാര്‍ഗമായിരുന്നു ഇത്. ആ പെറ്റിഷന്‍ ഒരിക്കലുമൊരു മാപ്പപേക്ഷയായിരുന്നില്ല മറിച്ച്, ഒരു കൗശലമായിരുന്നു. ഏതു വിധേനയും ജയിലില്‍ നിന്ന് പുറത്തിറങ്ങുക എന്ന ഉദ്ദേശത്തോടെ നടത്തിയ ഒരു ജാമ്യാപേക്ഷയായിരുന്നു. ഈ കത്തുകളുടെ വിവരങ്ങളൊക്കെ 1927 ല്‍ പ്രസിദ്ധീകരിച്ച ‘മാസിജന്മാഥേവ്’ (മൈ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഓഫ് ലൈഫ്) എന്ന ആത്മകഥയില്‍ സാവര്‍ക്കര്‍ തന്നെ പറയുന്നുണ്ട്. മോചനത്തിനു കത്തുകളെഴുതിയ സചീന്ദ്ര നാഥ സന്യാല്‍, ഉല്ലാസ്‌ക്കര്‍ ദത്ത്, ഭായി പരമാനന്ദ് തുടങ്ങിയ തീവ്രവാദികളായ തടവുകാരെ കാലാപാനിയില്‍ നിന്നും മോചിപ്പിച്ചിട്ടും സാവര്‍ക്കറുടെ കാര്യത്തില്‍ യാതൊരു അനുഭാവവും ഗവണ്‍മെന്റ് കൈക്കൊണ്ടില്ല. കൊല്‍ക്കത്തയിലും ബംഗാളിലും സാവര്‍ക്കര്‍ക്ക് വേണ്ടി ജനം തെരുവിലിറങ്ങി. മോണ്ടഗ്യു-ചെംസ്‌ഫോര്‍ഡ് പരിഷ്‌കാരത്തെത്തുടര്‍ന്ന് പൊതുമാപ്പ് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ നിരവധി തീവ്രവാദികള്‍ ജയില്‍ മോചിതരായെങ്കിലും സാവര്‍ക്കറുടെ കാര്യം അനിശ്ചിതമായി തുടര്‍ന്നു. 1921 മെയ് ഇരുപത്തൊന്നാം തീയതി സാവര്‍ക്കറെ അന്തമാന്‍ ജയിലില്‍ നിന്നും കല്‍ക്കട്ടയിലെ ആലിപ്പൂര്‍ ജയിലിലേക്ക് മാറ്റി. അതിനുശേഷം രത്‌നഗിരി, യെര്‍വാദ ജയിലുകളില്‍ വര്‍ഷങ്ങളോളം മാറിമാറി ജയില്‍ ജീവിതം. 1924 മുതല്‍ രത്‌നഗിരി ജില്ല വിട്ടുപോകരുതെന്ന ഉപാധിയോടെ 12 വര്‍ഷം. ഒടുവില്‍ 1937-ല്‍ ബോംബെയില്‍ കോണ്‍ഗ്രസിതര സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍, അവരുടെ തിരഞ്ഞെടുപ്പ് വിജ്ഞാപനമനുസരിച്ച് സാവര്‍ക്കര്‍ മോചിപ്പിക്കപ്പെടുകയാണുണ്ടായത്7. ആ ദിവസം, മെയ് 20 ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടതിന്റെ വാര്‍ഷിക ദിനം കൂടിയായിരുന്നു.
ജയില്‍ മോചിതനായ ശേഷം പൂനെയില്‍ വച്ചു നടന്ന ആദ്യ പൊതുചടങ്ങില്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മാഡം ബിക്കാജിഗാമ ഉയര്‍ത്തിയ ‘വന്ദേമാതരം ആലേഖനം ചെയ്ത പതാക’ പ്രസിദ്ധപ്പെടുത്തിക്കൊണ്ടു സാവര്‍ക്കര്‍ തന്റെ കെട്ടടങ്ങാത്ത സ്വാതന്ത്ര്യ അഭിവാഞ്ഛ വെളിപ്പെടുത്തി8. പിന്നീടങ്ങോട്ട് ദേശീയതയുടെ അനര്‍ഗ്ഗള പ്രവാഹമായി സാവര്‍ക്കര്‍ രാജ്യം മുഴുവന്‍ സഞ്ചരിച്ചു. സാവര്‍ക്കറുടെ വിമര്‍ശനമേല്‍ക്കാത്ത ഒരു ദിവസം പോലും കോണ്‍ഗ്രസ് പാര്‍ട്ടിക്കുണ്ടായില്ല. ദ്വിരാഷ്ട്രവാദമുയര്‍ത്തിക്കൊണ്ടു സ്വാതന്ത്ര്യ സമരത്തിനു തുരങ്കം വെയ്ക്കുന്ന വിഭാഗങ്ങള്‍ക്കും ശക്തമായ താക്കീതാണ് സാവര്‍ക്കര്‍ നല്‍കിയത്: ”നിങ്ങളുണ്ടെങ്കില്‍ നമുക്കൊന്നിച്ച്, നിങ്ങളില്ലെങ്കില്‍ നിങ്ങളെകൂടാതെ, നിങ്ങള്‍ എതിര്‍ത്താല്‍ നിങ്ങളെയും എതിര്‍ത്തുകൊണ്ട് ഇന്ത്യ സ്വാതന്ത്ര്യം നേടുകതന്നെ ചെയ്യും9′. ആസ്ത്രിയന്‍ സാമ്രാജ്യത്തിലെ ഇറ്റാലിയന്‍ സൈനികരെ ഉപയോഗിച്ച് ഐക്യ ഇറ്റലി രൂപീകരിക്കുവാന്‍ പദ്ധതിയിട്ട ജോസഫ് മസീനിയുടെ ജീവചരിത്രം 1905-ല്‍ തന്റെ യൗവനത്തില്‍ മറാഠി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുകയും, 1857 ലെ കലാപത്തെ കുറിച്ച് ആഴത്തില്‍ പഠിക്കുകയും ചെയ്തിട്ടുള്ള സാവര്‍ക്കര്‍ക്ക് ആസന്നമായ രണ്ടാം ലോക മഹായുദ്ധത്തില്‍ സ്വീകരിക്കേണ്ട സമരമുറയെ സംബന്ധിച്ചു യാതൊരു ഉത്ക്കണ്ഠയും ഇല്ലായിരുന്നു. ബ്രിട്ടീഷ് സാമ്രജ്യത്തെ ഇന്ത്യയില്‍ നിന്നും കെട്ടുകെട്ടിക്കണമെങ്കില്‍ സൈന്യത്തിനുള്ളില്‍ തന്നെ കലാപം നടത്തണമെന്ന് സാവര്‍ക്കറിയാമായിരുന്നു. അതിനുവേണ്ടി യുവാക്കളെ സൈന്യത്തില്‍ ചേര്‍ക്കുവാന്‍ പ്രേരണ നല്‍കി. അവര്‍ ബ്രിട്ടനുവേണ്ടി യുദ്ധം ചെയ്യട്ടെ, അവരുടെ തോക്കിന്‍കുഴല്‍ ബ്രിട്ടീഷുകാരുടെ നെഞ്ചിലേക്ക് ഒരുകാലത്ത് തിരിയുമെന്നും സാവര്‍ക്കര്‍ കണക്കുക്കൂട്ടി. ഖിലാഫത്ത് പ്രസ്ഥാനം മുതല്‍ തുടങ്ങിയ പ്രീണനരാഷ്ട്രീയം രാജ്യത്തിലുണ്ടാക്കിയ രൂക്ഷമായ ആഭ്യന്തര സംഘര്‍ഷ പരിതസ്ഥിതിയില്‍ സൈന്യത്തില്‍ ആവശ്യത്തിന് ഹിന്ദുക്കള്‍ ഇല്ലാതെ വരുമ്പോള്‍ സംഭവിച്ചേക്കാവുന്ന പ്രശ്‌നങ്ങളും സാവര്‍ക്കര്‍ കാലേക്കൂട്ടി കണ്ടിരുന്നു. രണ്ടാംലോക മഹായുദ്ധാനന്തരം മുംബൈ, ചെന്നൈ, കറാച്ചി, പൂനെ, ജബല്‍പൂര്‍, വിശാഖപട്ടണം, കൊല്‍ക്കത്ത എന്നിടങ്ങളില്‍ ഇന്ത്യക്കാരായ സൈനികര്‍ ബ്രിട്ടീഷ്‌കാര്‍ക്കെതിരെ തിരിഞ്ഞതും അതിന്റെ പരിണതഫലമായുണ്ടായ സ്വാതന്ത്ര്യലബ്ധിയും സാവര്‍ക്കറുടെ മാര്‍ഗ്ഗം ശരിയായിരുന്നുവെന്ന് തെളിഞ്ഞു.
സമകാലീന ഇന്ത്യന്‍ ചരിത്രത്തില്‍ സാവര്‍ക്കറെപ്പോലെ വിവാദപരമായി ആരും കാണപ്പെട്ടിട്ടില്ല. എതിരാളികള്‍ക്ക് അദ്ദേഹം ഒരു വാചാടോപക്കാരനും ബ്രിട്ടീഷുകാരോട് കരുണയ്ക്കായി അഭ്യര്‍ത്ഥിച്ചവനുമായിരുന്നു, ആരാധകരെ സംബന്ധിച്ചിടത്തോളം അദ്ദേഹം പരമമായ ത്യാഗത്തിന്റെ വ്യക്തിത്വമായിരുന്നു. ദേശസ്‌നേഹികളുടെ വികാരമായിരുന്നു, നിരായുധരായ സ്വാതന്ത്ര്യഭടന്മാരെ ആയുധമണിയിച്ചവനായിരുന്നു, ഇന്ത്യന്‍ വിപ്ലവ പ്രസ്ഥാനത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു. സാവര്‍ക്കര്‍ ഒരു ദേശീയവിജിഗീഷു എന്നതിലുപരി കവി, ചരിത്രകാരന്‍, മറാത്തി ഭാഷയ്ക്കു നിരവധി വാക്കുകള്‍ സമ്മാനിച്ച വൈയാകരണന്‍, ജാതി ഉന്മൂലനത്തിനായി പോരാടിയ സാമൂഹ്യ പരിഷ്‌കര്‍ത്താവ്, ആസേതുഹിമാചലം വ്യാപിച്ചു കിടക്കുന്ന ഭാരതഭൂമിയെ പിതൃഭൂമിയായും പുണ്യഭൂമിയായും കരുതുന്നവര്‍ക്ക് ഹിന്ദുക്കള്‍ എന്ന് നിര്‍വചനം കൊടുത്തവന്‍, അങ്ങേയറ്റത്തെ യുക്തിവാദി ഇങ്ങനെ പലതുമായിരുന്നു. സാവര്‍ക്കര്‍! അങ്ങയേ ഒഴിച്ചു നിര്‍ത്തിക്കൊണ്ട് ഇന്ത്യക്കൊരു സ്വാതന്ത്ര്യ സമര ചരിത്രമില്ല. ആരൊക്കെ നിഷേധിച്ചാലും സാവര്‍ക്കര്‍ ഭാരതാംബയുടെ പ്രിയപുത്രന്‍!
സൂചനകള്‍
1. Chitragupta. Life of Barrister Savarkar (Madras: B.G. P-au-l & Company Publishers, 1926) Page No- 25-26.
2. V.S Joshi, Kranti Kallol, Page 85.
3. Arundhati Virmani, A National flag for India: Rituals, Nationalism and the Politics of Sentiment, Page 231
4. ബാല്‍ ശാസ്ത്രി ഹര്‍ദാസ്, സായുധ സ്വാതന്ത്ര്യ സമരം 1857 മുതല്‍ നേതാജിവരെ, പു. 172
5. Website of Bombay High court , Judgment of Nasik Conspiracy Case -1910
6. ബി.ആര്‍ അഗര്‍വാല, സ്വാതന്ത്ര്യത്തിന്റെ വിചാരണകള്‍, നാഷണല്‍ ബുക്ക് ട്രസ്റ്റ്, ഇന്ത്യ പുറം 88-89
7. Srikrishnan Saral, Indian Revolutionaries 1757-1961- A Comprehensive Study(Vol 1), Page 269
8. K.V Singh, Our National Flag, Delhi Publication Division, Govt of India
9. G.N.S Raghavan, Aruna Asafali : A Compasionate Radical, Page 25