മണ്ണുമാത്രമാണ് സത്യം . ബാക്കിയെല്ലാം അതിന്റെ ഔദാര്യമാണ്.
വെട്ടിപ്പിടിച്ചതും നേടിയെടുത്തതുമായി സ്വന്തമായുള്ളത് വിസ്തൃതമായ സാമ്രാജ്യപ്പരപ്പെന്ന അഹംഭാവത്തെ ആറടിയിലേക്കൊതുക്കി പരിഹസിക്കുന്നതും അതുതന്നെ.
അചേതന മണ്ണില്‍ നിന്നാവിര്‍ഭവിച്ച ചേതന വസ്തുക്കള്‍. ആഹാരത്തില്‍ നിന്നു പിറന്നവര്‍ ഇന്ന് ആഹാരത്തിനായി നെട്ടോട്ടമോടുന്നു. ആദ്യമായുണ്ടായ ഒരു ജീവകോശത്തില്‍ നിന്ന് തുടര്‍ന്ന് പടര്‍ന്ന് വികസിച്ചുണ്ടായ ജൈവ ഘോഷയാത്ര.
‘ഈ ഘോഷയാത്രയില്‍ നിങ്ങളുടെ പൂര്‍വികരും എന്റെ പൂര്‍വ്വികരുമൊക്കെ ബന്ധുക്കളാടാ പോത്തുകളേ’ വേലായുധന്‍ രണ്ടു കാളകളെയും വടികൊണ്ട് പതുക്കെ തലോടി ചിരിച്ചു. പിന്നെ താഴേക്കുള്ള ഇറക്കത്തിനപ്പുറം നീണ്ടുകിടക്കുന്ന വയലേലകള്‍ നോക്കി നീട്ടിയൊന്നു കൂവി. പിറകില്‍ നിന്നും ചാഞ്ഞു വീഴുന്ന സൂര്യകിരണങ്ങള്‍ക്കൊപ്പമിണചേര്‍ന്ന് കൂവല്‍ വയലിലാകെ പരന്നിറങ്ങി.
‘ഇങ്ങക്കറിയോ ഈ മണ്ണിനെപ്പറ്റി. ഈ സാമൂതിരി നാട്ടിലെ കേറ്റിറക്കങ്ങളിലൂടെ നെരങ്ങുന്നതല്ലാതെ വല്ലതും മണപ്പിച്ചെടുത്തിട്ടുണ്ടാ?”
വേലായുധന്‍ കാളകളോട് കഥ പറഞ്ഞു. കോഴിക്കോടന്‍ മണ്ണ് സ്വന്തം കഥ കേട്ടുകൊണ്ട് വെയിലേറ്റ് മലര്‍ന്നു കിടന്നു.
പൂര്‍വ്വതീരദേശക്കാരനൊരു ചെട്ടി. അമ്പരേശനെന്നത്രേ പേര്. മെക്കേലേക്ക് ചരക്ക് വില്‍ക്കാന്‍ പോയി. കപ്പലില് ഒരുപാട് സ്വര്‍ണവും കൊണ്ടാണ് യാത്ര. ഭാരക്കൂടുതല്‍ കൊണ്ട് മുങ്ങാറായ കപ്പല്‍ കോഴിക്കോട്ടെത്തി കരക്കടുപ്പിച്ചു. തല്‍ക്കാലം സ്വര്‍ണനിധിയൊന്ന് സൂക്ഷിക്കാമോന്ന് സാമൂതിരിപ്പാടിനോട് തിരക്കി. നല്ല കരിങ്കല്‍ അറ പണിത് കൊടുത്ത് സ്വര്‍ണം അതില്‍ സൂക്ഷിക്കാന്‍ പറഞ്ഞു രാജാവ്. കുറച്ചു കാലം കഴിഞ്ഞ് തിരിച്ചുള്ള യാത്രയില്‍ ഇവിടെയിറങ്ങി. അറ തുറന്ന് നോക്കിയപ്പോ സ്വര്‍ണം കൃത്യം .
കേള്‍ക്കുന്നുണ്ടോ നിങ്ങള്. സത്യം കണ്ടോ നിങ്ങള്. ഈ മണ്ണിന്റെ സത്യം.
സംതൃപ്തനായ ചെട്ടി സ്വര്‍ണം പാതി നല്‍കാമെന്ന് രാജാവിനോട് പറഞ്ഞു. കേള്‍ക്കണേ നമ്മുടെ രാജാവിന്റെ മറുപടി. സ്വര്‍ണം വേണ്ട, ചെട്ടി ഇവിടെ വ്യാപാരം ചെയ്താ മതീന്ന്. അങ്ങനെ വ്യാപാരം ചെയ്ത് വളര്‍ന്ന് വികസിച്ചതാ ഈ നാട്. സത്യത്തിന്റെ മണ്ണിന് നല്ല കനപ്പാ.
വേലായുധന്‍ ചുറ്റും നോക്കി. തന്നെ നോക്കിച്ചിരിക്കുന്ന വയലുകള്‍, കയ്യടിച്ചാവേശം കൊള്ളിക്കുന്ന തെങ്ങുകള്‍, പറഞ്ഞതെല്ലാം ശരിയെന്ന് സമ്മതിച്ച് തലയാട്ടുന്ന മേഘങ്ങള്‍.
‘ഇനിയുമുണ്ട് പോത്തുകളേ കഥകള്. കഥകളല്ല, മണ്ണിന്റെ നേരുകള്. ഇന്നിന്റെ വേരുകള് പടര്‍ന്നു കെടക്കുന്ന ഇന്നലെകളിലെ നേരുകള്’.
കാളകള്‍ തുടര്‍ന്നും കഥ കേട്ടു.
മസ്‌കത്ത് പട്ടണം. അങ്ങ് അറബിക്കടലിനക്കരെ. ഒരു മുഹമ്മദന്ന് രണ്ട് ആണ്‍മക്കള്‍ പിറന്നു. നിങ്ങളെപ്പോലെ വളര്‍ന്നപ്പോള്‍ പിതാവ് മൂത്തയാളെ വിളിച്ചു പറഞ്ഞു, വേറേതെങ്കിലും മണ്ണില് പോയി കച്ചോടം ചെയ്ത് ജീവിച്ചോളാന്‍. വെറുംകയ്യോടെയല്ല സ്വര്‍ണസമ്പത്ത് കൊടുത്താണ് പറഞ്ഞ് വിട്ടത്. യുവാവ് രാജ്യങ്ങളേറെ അലഞ്ഞു. ഓരോ രാജാവിന്റെ അടുത്തും ചെന്ന് അച്ചാറുപെട്ടികള്‍ തിരുമുല്‍ക്കാഴ്ച നല്‍കി. അച്ചാറായിരുന്നില്ല കേട്ടോ പെട്ടികളില്, സ്വര്‍ണായിരുന്നു തനി സ്വര്‍ണം.
കാളകള്‍ കൗതുകം കൊണ്ട് തല കുലുക്കുന്നതായി വേലായുധന് തോന്നി.
അതിഥി പോയപ്പോള്‍ പെട്ടികള്‍ തുറന്ന തമ്പുരാക്കന്മാര്‍ ഉള്ളിലെ തിളക്കം കണ്ട് ഞെട്ടി. അച്ചാറല്ല, കനകം. ഒരാളും മിണ്ടിയില്ല. യുവാവിന്റെ അശ്രദ്ധയെയും ബുദ്ധിശൂന്യതയെയും രഹസ്യമായി പരിഹസിച്ച് അവര്‍ അതു സ്വന്തമാക്കി. ഒടുവില്‍ അയാള്‍ വന്നെത്തിയത് നമ്മുടെ സാമൂതിരി മഹാരാജാവിന്റെ കൊട്ടാരത്തില്‍. അച്ചാറുപെട്ടി തിരുമുല്‍ക്കാഴ്ച സ്വീകരിച്ച് സൗഹൃദസംഭാഷണം കഴിഞ്ഞ് അദ്ദേഹം യുവാവിനെ മടക്കി അയച്ചു. യുവാവു പോയപ്പോള്‍ അച്ചാറുപെട്ടി തുറന്നു നോക്കിയ രാജാവിനു മുന്നില്‍ സ്വര്‍ണ നാണയങ്ങള്‍ തിളങ്ങി.
‘എന്താ ചെയ്തതെന്നറിയോ നമ്മുടെ രാജാവ്?’. കുരുമുളകു പടര്‍പ്പുകള്‍ ഒരു വശത്തു നിന്നും വാഴത്തലപ്പുകള്‍ മറുവശത്തു നിന്നും തലയാട്ടുന്ന വഴിയില്‍ തണല്‍ വിരിപ്പിലാശ്വാസം കൊണ്ട് കാളകള്‍ കഥകേട്ടു നടന്നു.
ആളെ വിട്ട് ആ ചെറുപ്പക്കാരനെ വരുത്തിച്ചു. താങ്കള്‍ക്ക് അബദ്ധം പറ്റിയെന്നും അച്ചാറിനു പകരം സ്വര്‍ണനാണയങ്ങളാണുണ്ടായിരുന്നതെന്നും രാജാവ് അയാളെ അറിയിച്ചു. ചെറുപ്പക്കാരന്‍ അത്ഭുതം കൊണ്ട് കണ്ണുകള്‍ വിടര്‍ത്തി. ഇതാ ഞാന്‍ സത്യസന്ധനായൊരു രാജാവിനെ കണ്ടെത്തിയിരിക്കുന്നു.
‘യഥാ രാജാ തഥാ പ്രജാ’
അതെ ഇതു സത്യത്തിന്റെ നാടാണ്.
അയാള്‍ തന്റെ സ്വര്‍ണസമ്പത്തുപയോഗിച്ച് കോഴിക്കോട്ട് കച്ചവടം ചെയ്തു. അദ്ദേഹമാണ് കോഴിക്കോട് കോയ.
കോയമാരും ചെട്ടിമാരും വളര്‍ത്തിയ മണ്ണാണിത്.
ഫറോക്കിലേക്ക് പ്രവേശിക്കുമ്പോള്‍, കോഴിക്കോടിന്റെ കാറ്റ്. ഘാട്ട് കടന്നെത്തിയ സൂര്യന്‍. പടിഞ്ഞാറു നിന്നെത്തുന്ന കടലിരമ്പം.
‘വേഗം നടക്ക് പോത്തുകളേ, വണ്ടിയെത്തും മുമ്പ് കൊറേ പണീണ്ട്. കുമാരസ്വാമി ഉച്ചയൂണിന് പോയാപ്പിന്നെ എന്റെ പോക്കും മുടങ്ങും’. കുഞ്ഞബ്ദുള്ള ഹാജിയുടെ പണിക്കാരനാണ് കുമാരസ്വാമി.
ഫാറൂഖാബാദിലെ നടവഴികളില്‍ ആള്‍ക്കാരേറെയുണ്ട്. കോട്ടക്കുന്നിലെ ടിപ്പുവിന്റെ കോട്ടയിലേക്ക് റോഡുകളൊഴുകിപ്പോകുന്നു. ചാലിയാറിനും വടക്കുമ്പാട് പുഴയ്ക്കുമിടയില്‍ ചരിത്രത്തിലെ പറവന്‍മുക്ക,് ഫറോക്കെന്ന നാമം പേറി കച്ചവടത്തിരക്കിലാണ്.
കൂലിക്കാരെ വിളിച്ച് സാധനങ്ങളിറക്കി കുമാരസ്വാമി തുറന്ന് കൊടുത്ത സ്റ്റോക്ക് റൂമിലേക്ക് വച്ച് കണക്കു പുസ്തകത്തില്‍ ഒപ്പിട്ട് അതിവേഗം തിരിച്ചിറങ്ങി. സാധനങ്ങള്‍ മുറി നിറയാനാകുമ്പോഴേ കൊണ്ടുപോകൂ. കുഞ്ഞബ്ദുള്ള ഹാജിക്ക് മലയോരങ്ങളില്‍ നിന്ന് സാധനങ്ങളെത്തിക്കാന്‍ വേലായുധനെപ്പോലെ ഏറെപ്പേരുണ്ട്. മംഗലാപുരത്തേക്കാണ് സാധനങ്ങള്‍ കൊണ്ടുപോകുക. ഹാജിയുടെ മകന്‍ അബൂബക്കര്‍ വന്ന് കണക്കുകള്‍ പരിശോധിച്ച് വണ്ടിയില്‍ കയറ്റിവിടും.
കാളവണ്ടി കെട്ടിടത്തിന്റെ കിഴക്കുള്ള തണലിലേക്കു നിര്‍ത്തി, കാളകളെ അഴിച്ച് ബക്കറ്റില്‍ വെള്ളമെടുത്ത് കുടിപ്പിച്ചു. പുല്ലിന്‍ കറ്റകളെടുത്ത് അവയ്ക്ക് മുന്നില്‍ വെച്ച് പോകുമ്പോള്‍ ഉറക്കെ പറഞ്ഞു.
‘ഞാന്‍ വൈകുന്നേരാവൂട്ടോ എത്താന്‍. കോഴിക്കോട്ടൊന്ന് പോണം’. കാളകളും കുമാരസ്വാമിയും അതു കേട്ടു .
സ്വാമി വിളിച്ചു ചോദിച്ചു. ‘എന്താ പരിപാടി ‘
‘ഒരു യോഗൂണ്ട്, കെ.പി. പങ്കെടുക്കുന്നതാ’
പുകയൂതിക്കൊണ്ട് മത്തുപിടിച്ചൊരു രാക്ഷസനെപ്പോലെ മുരണ്ടുകൊണ്ട് തീവണ്ടി വന്നു നിന്നു. ടിക്കറ്റെടുത്ത് മൂന്നാം ക്ലാസ് കമ്പാര്‍ട്ട്‌മെന്റിലേക്ക് ഓടിക്കയറി. സാമാന്യേന കുറവാണ് തിരക്ക്. ഉച്ചമയക്കത്തിലേക്കു വഴുതിയ നാടിനെ കൂവിപ്പരിഹസിച്ചുകൊണ്ട് യന്ത്രഭീമന്‍ വടക്കോട്ട് ഉരുണ്ടു തുടങ്ങി.
ഉച്ചവരെയനുഭവിച്ച കാളവണ്ടി വേഗത്തില്‍ നിന്ന് ഈ ചടുല വേഗത്തിലേക്കുള്ള മാറ്റത്തെ ആവോളമാസ്വദിച്ചുകൊണ്ട് വേലായുധന്‍ വാതില്‍ക്കല്‍ നിന്നു. തണുത്ത കാറ്റ് തലോടിക്കൊണ്ടിരിക്കുമ്പോള്‍ ആനന്ദനൃത്തം വെക്കുന്ന മുടിയിഴകളെ കൈവിരല്‍ കൊണ്ട് നേരെ നിര്‍ത്തി.
തിരുവിച്ചിറ ട്രെയിന്‍ ഹാള്‍ട്ടില്‍ വണ്ടി അല്പസമയം നിന്നു. ശ്രീകൃഷ്ണ ക്ഷേത്രം അടഞ്ഞുകിടപ്പാണ്. പഴയൊരു റയില്‍വേ ബോഗിയില്‍ നിന്ന് ടിക്കറ്റ് നല്‍കുന്ന ഉദ്യോഗസ്ഥര്‍. ഏതാനും പേര്‍ കയറുകയും ഇറങ്ങുകയും ചെയ്തു. സാമൂതിരികോവിലകം പറമ്പിന്റെ പടിഞ്ഞാറേ അതിരിലൂടെ വണ്ടി വീണ്ടും നീങ്ങി.
മത്സ്യഗന്ധം പരത്തുന്ന മീഞ്ചന്ത പിന്നിട്ട് കോഴിക്കോട്ടെത്തി.
സ്റ്റേഷനിലിറങ്ങി മുന്നോട്ടു നടന്നു. ധാരാളം പേര്‍ അവിടെ ഇറങ്ങിയിട്ടുണ്ട്.
സ്റ്റേഷന്‍ കെട്ടിടത്തിന്റെ പടവുകള്‍ക്കടുത്തെത്തി. പെട്ടെന്ന് കാല്‍വെപ്പുകളിലെ മനക്കണക്കൊന്നു പിഴച്ചതാവണം. വേലായുധന്‍ മുന്നോട്ട് കമിഴ്ന്നുകെട്ടി വീണു. എന്താണു സംഭവിച്ചതെന്ന് സ്വയം തിരിച്ചറിയും മുമ്പ് പിറകില്‍ നിന്നൊരു കൈനീണ്ടു.
അതില്‍ പിടിച്ച് പതുക്കെ എഴുന്നേറ്റു. ‘വല്ലതും പറ്റിയോ?’
ചെറിയൊരു മന്ദസ്മിതത്തോടെ അതു ചോദിച്ച വെളുത്ത വസ്ത്രധാരിയായ യുവാവിനോട് പറഞ്ഞു: ”സാരൂല, ഒന്നും പറ്റീല”
അയാള്‍ ചിരിച്ചു കൊണ്ടു മുന്നോട്ട് പോകുന്നതിന് മുമ്പ് ഇങ്ങനെ പറഞ്ഞത് വേലായുധന്‍ കേട്ടു. ”എപ്പോഴും ഓര്‍മ്മ വേണം” അല്പം നടന്നാണ് ബാക്കി പൂരിപ്പിച്ചത്.
‘തനിക്ക് താനും പുരയ്ക്ക് തൂണും’
സത്യത്തില്‍ അതു മാത്രമാണല്ലോ ശാശ്വതസത്യം. ഓരോരുത്തന്റെയും കാര്യം അവനവനല്ലാതെ മറ്റാരാണ് നോക്കേണ്ടത്? തനിക്കു വേണ്ടി പ്രതിരോധിക്കാന്‍ മറ്റാരോ വരുമെന്ന ചിന്ത എത്രമാത്രം അര്‍ത്ഥശൂന്യമാണ്.
ആ അര്‍ത്ഥശൂന്യമായ ജീവിതത്തില്‍ നിന്ന് താനിതാ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയിരിക്കുന്നു. ഇതറിഞ്ഞ് അച്ഛന്‍ തോമ്പായില്‍ കണാരന്‍ നായര്‍ വാര്‍ദ്ധക്യത്തിന്റെ അവശതകളെ ചേര്‍ത്തുപിടിച്ച് ആശങ്കപ്പെടുന്നുണ്ടാവണം.
തീവണ്ടി ജനാലയ്ക്കകത്തു കൂടെ കടന്നെത്തുന്ന പുറം ദൃശ്യം പോലെ കേളപ്പനില്‍ ചിന്തകള്‍ മാറിമാറി വന്നു. പുറത്തെ ഊഷരമായതും വല്ലപ്പോഴും മാത്രം പച്ചപ്പു നിറഞ്ഞതുമായ ദൃശ്യങ്ങള്‍ പോലെയാണ് കാലം പിറകോട്ടോടിപ്പോയത്.
അമ്മ കൊയപ്പളളി കുഞ്ഞമ്മാമ്മ നൊന്തുപെറ്റ നാലുപേരില്‍ രണ്ടു പേരെ ദൈവം കൊണ്ടുപോയി. അച്ഛനും അമ്മയ്ക്കും കൂട്ടായി ലക്ഷ്മിയെ മാത്രം നിര്‍ത്തി തന്നെയോ നാടാണ് കൊണ്ടു പോകുന്നത്.
കോയമ്പത്തൂരിലെ തിരക്കേറിയ പ്ലാറ്റ്‌ഫോമില്‍ ഒരു ബാലന്‍ അമ്മയുടെ വിരല്‍ പിടിച്ച് അതിവേഗം പായുന്ന ദൃശ്യം ജനലഴി കടന്ന് അകത്തേക്കു വന്നു. ഏഴു വയസ്സുകാരന്‍ ബാലന്‍ ഇരുപത്തഞ്ചുവര്‍ഷങ്ങള്‍ക്കപ്പുറം അമ്മയുടെ വിരല്‍ പിടിച്ച് മുചുകുന്നിലെ അമ്പലത്തിലേക്കു നടക്കുന്ന ചിത്രമായി ആ കാഴ്ച മനസ്സില്‍ പതുക്കെ പരിണമിച്ചു. കുറുമ്പ്രനാടിന്റെ കഥകള്‍ അവനെ മുന്നോട്ടു നടത്തിച്ചു. കീഴരിയൂരിലെ എഴുത്തുപള്ളിയില്‍ നിന്ന് അക്ഷരങ്ങള്‍ പെറുക്കിക്കൂട്ടി. പിന്നീട് അയനിക്കാട്ടെ അയ്യപ്പന്‍കാവ് പ്രാഥമിക വിദ്യാലയത്തിലെ അറിവിന്റെ ആദ്യ പാഠങ്ങളുമായുള്ള കൂട്ട്.
കൊയിലാണ്ടി ബാസല്‍ ജര്‍മ്മന്‍മിഷന്‍ മിഡില്‍ സ്‌കൂളിലെ പഠനകാലത്ത് ഒന്നാമനായി സ്‌കോളര്‍ഷിപ്പുവാങ്ങിയ കേളപ്പന്‍ നായര്‍. തലശ്ശേരി പാര്‍സി ഹൈസ്‌കൂളില്‍ കണക്കിലും ഇംഗ്ലീഷിലും ഒന്നാമനായി നിന്ന മിടുക്കന്‍.
വിജയങ്ങളുടെ പഠനകാലം.
തുടര്‍ന്ന് കോഴിക്കോട് കേരള വിദ്യാശാലയിലെ എഫ്.എ. പഠനം.
യൗവനയുക്തനായി മദിരാശി ക്രിസ്ത്യന്‍ കോളേജില്‍ ബിരുദം. ഭൗതികശാസ്ത്രത്തിന്റെ ഉള്‍പ്പിരിവുകള്‍ ചികഞ്ഞുള്ള യാത്രയിലാകെ അമ്പരപ്പിക്കുന്ന ലോകസംബന്ധിയായ അന്വേഷണങ്ങള്‍. സത്തില്‍ നിന്ന് വിരിഞ്ഞ പ്രപഞ്ചത്തിന്റെ കാര്യകാരണങ്ങള്‍, ദിനരാത്രങ്ങള്‍, കാറ്റ്, മഴ, നിറങ്ങള്‍, ശബ്ദങ്ങള്‍ ഇവയുടെ പൊരുളുകള്‍ ചികഞ്ഞ് ബോധത്തില്‍ പിറക്കുന്ന ഈ മായിക ലോകത്തിലെ പദാര്‍ത്ഥാനുഭവത്തിന്റെ സത്യാസത്യങ്ങള്‍ അന്വേഷിച്ചുള്ള യാത്ര.
ശാസ്ത്രാധ്യാപകനായി ചങ്ങനാശ്ശേരി സെന്റ് ബര്‍ക്ക്മാന്‍സ് ഹൈസ്‌കൂളിലെത്തുന്നതു വരെയുള്ള കാലങ്ങള്‍ ഒരു മിന്നായം പോലെ മനസ്സിലൂടെ കടന്നുപോയി. ഓര്‍മ്മകള്‍ മിന്നിമറയുന്ന അതേ വേഗതയില്‍ തീവണ്ടി കുതിച്ചു പായുകയാണ്.
കണ്ണുരുട്ടുന്ന തോമസ് മാഷ്, നുള്ളിത്തോലെടുക്കുന്ന കരുണാകരമേനോന്‍ മാഷ്, ചൂരല്‍ കഷായം കൊണ്ട് നേര്‍വഴി നടത്തിക്കുന്ന ഒതേനന്‍ മാഷ്, ഈശ്വര വാദ്ധ്യാര്. ഉന്നതങ്ങളില്‍ സഗൗരവം വിരാജിക്കുന്ന അധ്യാപകര്‍ക്കിടയില്‍ നിന്ന് കേളപ്പന്‍ നായര്‍ മാഷ് തങ്ങളിലേക്കിറങ്ങി വരുന്നത് കണ്ട് ഉത്സാഹഭരിതരാവുന്ന കുട്ടികളുടെ മുഖം.
പരീക്ഷക്കാലത്തോടടുപ്പിച്ചൊരു ദിനം. കേളപ്പന്‍ മാഷുടെ വാക്കും വരയും സൗരയൂഥചലനങ്ങളില്‍ കറങ്ങുന്ന സായാഹ്നം. ശിഷ്യര്‍ വിഷയത്തില്‍ മുഴുകി, ഗുരുവിലും. ഗുരു ശിഷ്യര്‍ക്കിടയില്‍ അലിഞ്ഞമര്‍ന്നു. ക്ലാസ് അവസാനിക്കുന്നതിനായി മുഴങ്ങിയ മണി ക്ലാസിനെ ബാധിച്ചതേയില്ല.
മറ്റു ക്ലാസുകളെല്ലാം വിട്ടു. കുട്ടികള്‍ പോയി. സഹപ്രവര്‍ത്തകരും. ഒന്നാം നിലയില്‍ ഇങ്ങനെയൊരു ക്ലാസ് നടക്കുന്ന കാര്യം ആരും ശ്രദ്ധിച്ചതേയില്ല.
വ്യാഴവട്ടമെന്ന കാലദൈര്‍ഘ്യത്തെ നീലക്കുറിഞ്ഞിയിലും മാമാങ്കത്തിലും കൊണ്ട് മുട്ടിച്ച് പൊടുന്നനെ നിര്‍ത്തി മാഷ് പറഞ്ഞു.
”മതി, ഏറെ വൈകി. ബാക്കി നാളെയാവാം”
ബാക്കി കേള്‍ക്കാനുള്ള കൊതി മനസ്സിലൊതുക്കി വിദ്യാര്‍ത്ഥികള്‍ തലയാട്ടി. പുസ്തകസഞ്ചിയുമെടുത്ത് എല്ലാവരും ക്ലാസ് മുറിക്ക് പുറത്തിറങ്ങിയ ശേഷം വാതില്‍ പൂട്ടി നായര്‍ മാഷ് അവര്‍ക്കു പിറകെ നടന്നു. താഴെ മതിലിനടുത്തെത്തിയപ്പോഴാണ് എല്ലാവരും അടഞ്ഞ ഗേറ്റ് കാണുന്നത്. മറ്റുള്ളവരെല്ലാം പോയിരിക്കുന്നു.
കുട്ടികള്‍ക്കൊപ്പം മാഷും ആദ്യമല്പം ആശയഭരിതനായി. ചാടിക്കയറി മറികടക്കാവുന്ന മതിലല്ല എസ്.ബി ഹൈസ്‌കൂളിന്റേത്. മതിലിനൊത്ത പ്രതാപത്തോടെ നിലകൊള്ളുന്ന ഗേറ്റ്. പുറത്തേക്കിറങ്ങാന്‍ മറ്റു വഴികളില്ല.
‘പത്തു മുപ്പതോളം പേര് വിചാരിച്ചാല്‍ തകര്‍ക്കാനാവാത്ത പ്രതിബന്ധമുണ്ടോ?’ അധ്യാപകന്‍ ആവേശം പകര്‍ന്നപ്പോള്‍ കുട്ടികള്‍ക്ക് ഹരമായി. അവര്‍ ആഞ്ഞുതള്ളി. കേളപ്പനും ഒപ്പം കൂടി. പൂട്ടും കൊളുത്തും തകര്‍ത്ത് ഗേറ്റ് തുറന്നു. കുട്ടികളെ പുറത്തെത്തിച്ച് മാഷ് ആശ്വാസം കൊണ്ടു.
അധ്യാപകന്റെ നേതൃത്വത്തില്‍ നടന്ന അച്ചടക്കലംഘനം ചര്‍ച്ചയായി. മാനേജര്‍ രോഷാകുലനായി. ബിഷപ്പിന്റെ വാസസ്ഥലത്തേക്ക് കേളപ്പന്‍ നായര്‍ എത്തണമെന്ന നിര്‍ദ്ദേശം കൈമാറിക്കൊണ്ട് ഹെഡ്മാസ്റ്റര്‍ സുബ്രമണ്യ അയ്യര്‍ നിസ്സഹായനായി.
‘കുട്ടികളെ പുറത്തെത്തിക്കാന്‍ മറ്റൊന്നും എനിക്ക് ചെയ്യാനുണ്ടായിരുന്നില്ല’
ക്ഷമാപണത്തിനായി ചെന്നില്ല. കടലാസിലെഴുതിയ മറുപടി മാത്രം പിതാവിന്റെ മുന്നിലെത്തപ്പെട്ടു. നടപടി ഉറപ്പാണെന്ന് ബോധ്യമായശേഷം ഒരു പ്രഭാതത്തില്‍ കേളപ്പന്‍ നായര്‍ ഹെഡ്മാസ്റ്ററുടെ മുറിയിലെത്തി.
‘അപകടകരമായി അടഞ്ഞുകിടക്കുന്ന പ്രതിബന്ധങ്ങള്‍ തകര്‍പ്പെടേണ്ടതാണെന്ന് കുട്ടികളെ പഠിപ്പിക്കുന്നതില്‍ ഞാന്‍ തെറ്റുകാണുന്നില്ല. ഇവിടം എനിക്കനുയോജ്യമാണെന്ന് തോന്നുന്നില്ല’.
അയ്യര്‍ വല്ലതും പറയും മുമ്പ് രാജിക്കത്ത് മേശപ്പുറത്ത് വെച്ച് കേളപ്പന്‍ പടിയിറങ്ങി. മതില്‍ക്കെട്ടിനു വെളിയിലെ സ്വാതന്ത്ര്യത്തെ കൂടെ കൂട്ടി അയാള്‍ മുന്നോട്ടു നടന്നു.
തുലാവര്‍ഷം ഇടിനാദത്തിന്റെ അകമ്പടിയോടെ തിമിര്‍ത്തു പെയ്യുകയായിരുന്നു. തുലാമഴയ്ക്കും തനിച്ചുള്ള വരവ് ഭയമാകണം. രാജാക്കന്മാര്‍ക്കും വേണം അകമ്പടി. പോയ കാലത്തും നടപ്പു കാലത്തും. സൈന്യാധിപരായും പടത്തലവന്മാരായും ചരിത്രത്തിലെമ്പാടും അകമ്പടിവേഷം കെട്ടിയ സമുദായത്തില്‍ കടന്നുകൂടിയിരിക്കുന്ന ജീര്‍ണതയെക്കുറിച്ച് പത്മനാഭപ്പിള്ള ഇന്നലെ കപ്പന കൃഷ്ണമേനോന്റെ വീട്ടിലെ സായാഹ്ന സൗഹൃദ സദസ്സില്‍ കണ്ടപ്പോള്‍ പറഞ്ഞ കാര്യത്തിലേക്ക് ചിന്ത വഴുതാന്‍ തുടങ്ങിയതേയുള്ളൂ, അദ്ദേഹം കേളപ്പന്‍ നായര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടു.
”നൂറായുസ്സാണ്. ഞാനിപ്പോ ചിന്തിച്ചതേയുള്ളൂ”. എഴുന്നേറ്റ് വരാന്തയിലേക്ക് സ്വീകരിച്ചിരുത്തി.
”ഉം, അത്രയ്‌ക്കൊന്നും വേണ്ട”
”വക്കീല്‍ സാറെന്താ ഇങ്ങോട്ട്? പറഞ്ഞിരുന്നേല്‍ ഞാന്‍ അങ്ങോട്ട് വന്നേനെ”. പ്രൗഢമായതും പൊക്കമേറിയതുമായ ശരീരത്തിനു മുന്നില്‍ കേളപ്പന്റെ ശബ്ദം പോലും ചെറുതായിപ്പോയി.
”നമുക്കിങ്ങനെ പോയാല്‍ പോര. കുറേയേറെ ചെയ്യാനുണ്ട്. നാം രണ്ടു പേരും വിചാരിച്ചാല്‍ അതൊക്കെ നടക്കും”. ഗൗരവത്തില്‍ സമര്‍ത്ഥമായി കലര്‍ത്തിയ സൗഹൃദത്തിന്റെ സ്വരം.
(തുടരും)
Comments