ദേശീയ നവോത്ഥാന പ്രസ്ഥാനമായ ആര്യസമാജം കേരളത്തില്‍ സജീവ സാന്നിധ്യം ആയത് 1921ലെ മാപ്പിള ലഹളയുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായിട്ടാണ്. ബലപ്രയോഗത്തിലൂടെ മതം മാറ്റം ചെയ്യപ്പെട്ട ആയിരകണക്കിന് ജനങ്ങളെ ശുദ്ധിക്രിയയിലൂടെ വൈദിക ധര്‍മ്മത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് കേരളത്തില്‍ ഒരു ചരിത്രസംഭവം ആയിരുന്നു. ഒരു വശത്തേയ്ക്ക് മാത്രമുണ്ടായിരുന്ന മതംമാറ്റം അതോടെ അവസാനിച്ചു. യഥാസ്ഥിതികരായ ഏതാനും പേര്‍ അക്കാലത്തും ഇതിനെ എതിര്‍ത്തിരുന്നു എന്നോര്‍ക്കുക. സ്വധര്‍മ്മത്തിലേക്ക് തിരിച്ചു വന്നവരെ ‘ചേല നായര്‍’, ‘ചേല നമ്പ്യാര്‍’ എന്നും മറ്റും വിളിച്ച് ആക്ഷേപിച്ചിരുന്നതായി പറയപ്പെടുന്നുണ്ട്. ഒരിക്കല്‍ മതം മാറിയവര്‍ മരണം വരെ ഭ്രഷ്ടരായി കഴിയട്ടെ എന്നതായിരുന്നു അക്കാലത്തെ സനാതന ഹിന്ദുക്കളില്‍ ചിലരുടെ വിശ്വാസം. ആര്യസമാജം അത് പൊളിച്ചടുക്കി.
കേരളത്തില്‍ ആര്യസമാജം നടത്തിയ നവോത്ഥാന മുന്നേറ്റങ്ങള്‍ നമ്മുടെ ചരിത്ര പുസ്തകങ്ങള്‍ തമസ്‌കരിച്ചിരിക്കുകയാണ്. കമ്യൂണിസ്റ്റ് അതിപ്രസരം തന്നെയാണ് ഇതിന്റെ മുഖ്യ കാരണം. കമ്മ്യൂണിസം ഇന്ത്യയില്‍ വരുന്നതിനുമുമ്പ് നടന്ന സമാജ നവീകരണ പ്രവര്‍ത്തനങ്ങള്‍ പോലും തങ്ങളുടെ പേരില്‍ പ്രചരിപ്പിക്കുന്ന പ്രവണതയാണ് ഇവിടെ കണ്ടുവരുന്നത്.
ഈ പരിപ്രേക്ഷ്യത്തില്‍ ആര്യസമാജം കഴിഞ്ഞ നൂറു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നടത്തിയ സാമൂഹ്യ നവോത്ഥാന പ്രവര്‍ത്തനങ്ങളും ശുദ്ധി പ്രചാരവും അതിന് നേതൃത്വം നല്‍കിയ ആര്യസമാജ പ്രചാരകരുടെ പ്രവര്‍ത്തനവും അനുസ്മരിക്കപ്പെടേണ്ടതാണ്.
1921 ല്‍ മലബാറില്‍ വൈദിക ധര്‍മ്മത്തിനും വിശിഷ്യാ ഹിന്ദുക്കള്‍ക്കും നേരെ നടന്ന മൃഗീയ ആക്രമണങ്ങള്‍ ആണ് ഭൂമിശാസ്ത്രപരമായി വളരെ വടക്കുള്ള പഞ്ചാബിലെ ലാഹോര്‍ ആര്യസമാജത്തിന്റെ ശ്രദ്ധ കേരളത്തിലേക്ക് തിരിച്ചത്. സിന്ധ്, ബലൂചിസ്ഥാന്‍, ലാഹോര്‍ എന്നീ ഭാഗങ്ങള്‍ ഉള്‍പ്പെട്ട ആര്യ പ്രാദേശിക് ആര്യപ്രതിനിധി സഭയുടെ കേന്ദ്രകാര്യാലയത്തില്‍ ഈ വാര്‍ത്ത എത്തുന്നത് 1921 ഒക്ടോബര്‍ 30നാണ്. സഭാധ്യക്ഷന്‍ ആയിരുന്ന മഹാത്മാ ഹംസരാജിന് (Mahathma Hans Raj) ഈ വാര്‍ത്ത അറിഞ്ഞപ്പോള്‍ അന്ന് രാത്രി മുഴുവനും ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് പറയുന്നുണ്ട്. അദ്ദേഹം പറഞ്ഞു ‘ജാഗൃതിയുടെ ഈ വേളയിലും ആരെയും ബലപ്രയോഗത്തിലൂടെ ഇസ്ലാമിലേക്ക് മതം മാറ്റുകയെന്നത് നമുക്ക് നേരെയുള്ള വലിയ ഒരു വെല്ലുവിളിയാണ്. ഈ വെല്ലുവിളിയെ നാം നേരിടും’ (സാര്‍വ ദേശിക് ആര്യ പ്രതിനിധി സഭ, ഡല്‍ഹി പ്രസിദ്ധീകരിച്ച ഇന്ദ്ര വിദ്യാ വാചസ്പതിയുടെ ‘ആര്യസമാജ് കാ ഇതിഹാസ്’, രണ്ടാം ഭാഗം, പേജ് 130). അടുത്ത ദിവസം കാലത്ത് തന്നെ സഭയുടെ ഒരു യോഗം അദ്ദേഹം വിളിച്ചു ചേര്‍ത്തു. ലഹോര്‍ ഡി.എ.വി. കോളേജില്‍ നിന്ന് ബിരുദം നേടിയ ആര്യപ്രചാരക് പണ്ഡിറ്റ് ഋഷിറാമിന്റെ നേതൃത്വത്തില്‍ ഏതാനും പ്രചാരകരെ അടുത്ത ദിവസം തന്നെ മലബാറിലേക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താനായി നിയോഗിച്ചു. ലാലാ ഖുശ്ഹാല്‍ ചന്ദ് ഖുര്‍സന്‍ദ് (പിന്നീട് ഇദ്ദേഹം ആര്യസമാജത്തിലെ ഉജ്വല സംന്യാസിയായിത്തീര്‍ന്ന് മഹാത്മാ ആനന്ദ് സ്വാമി എന്ന പേരില്‍ പ്രശസ്തനായി), പണ്ഡിറ്റ് മസ്താന്‍ ചന്ദ്, മഹതാ സാവന്‍മല്‍ എന്നിവരും മലബാറില്‍ എത്തി. മലയാളിയായ ലഹോര്‍ ഡി.എ.വി. കോളേജിലെ വെങ്കടാചലമയ്യര്‍ എന്ന പണ്ഡിത വേദബന്ധു ശര്‍മ്മയും അവരോടൊപ്പമുണ്ടായിരുന്നു. ഒത്ത ശരീരവും മുഴങ്ങുന്ന ശബ്ദവും വന്‍ സദസ്സുകളെ ആകര്‍ഷിച്ചു നിര്‍ത്താന്‍ പോന്ന വാഗ്‌ധോരണിയും അസാമാന്യമായ ധൈര്യവും ഉണ്ടായിരുന്ന വേദബന്ധു ശര്‍മ്മ, പണ്ഡിറ്റ് ഋഷിറാം തുടങ്ങിയവരുടെ സഹായിയും പരിഭാഷകനും ആയിരുന്നു. കോഴിക്കോട്, പൊന്നാനി എന്നിവിടങ്ങളില്‍ ആര്യസമാജം കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. ശുദ്ധിക്രിയകളുടെ മുഖ്യ കേന്ദ്രങ്ങളും അവയായിരുന്നു. കൂടാതെ ലഹളബാധിത പ്രദേശങ്ങളില്‍ നിര്‍ഭയം കടന്ന് ചെന്ന് മരുന്ന്, ഭക്ഷണം, വസ്ത്രങ്ങള്‍ എന്നിവയും ദുരിതബാധിതര്‍ക്ക് നല്‍കി. പി. നാരായണന്‍ തര്‍ജ്ജമ ചെയ്ത് ആര്‍. ഹരി അവതാരിക എഴുതിയ വെള്ളിനേഴി ആര്യസമാജം ഉടന്‍ പ്രസിദ്ധീകരിക്കുന്ന ‘1921- മലബാറും ആര്യസമാജവും’ എന്ന പുസ്തകത്തില്‍ ഈ വിവരണങ്ങള്‍ കൊടുത്തിട്ടുണ്ട്. മാപ്പിള ലഹളയുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ആര്യസമാജം സാമൂഹ്യ നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു.
കല്‍പ്പാത്തി സമരം
പാലക്കാട് ജില്ലയിലെ കല്‍പ്പാത്തി ഗ്രാമത്തിലെ പുരാതനമായ വിശ്വനാഥക്ഷേത്രത്തിന് സമീപത്തുള്ള അഗ്രഹാരത്തെരുവുകളിലൂടെ താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ക്ക് സഞ്ചരിക്കുന്നതിന് അവകാശം ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ ജനകീയ സമരമാണ് കല്‍പ്പാത്തി സമരം. വേദബന്ധു ശര്‍മ്മയുടെ നേതൃത്വത്തില്‍ ഈ അനാചാരത്തിനെതിരെ ആര്യസമാജം പ്രക്ഷോഭം നടത്തി. ഒരു സംഘം അവര്‍ണ്ണര്‍ എന്ന് പറയുന്നവരുമൊത്ത് വേദബന്ധു ശര്‍മ്മ അവിടെ ഒരു മാര്‍ച്ച് നടത്തി. ബ്രാഹ്മണര്‍ സംഘമായി വന്ന് അതിനെ നേരിട്ടു. അഗ്രഹാരത്തിലെ സ്ത്രീകള്‍ ഉലക്കയുമെടുത്ത് തെരുവിലേക്കിറങ്ങി. വേദബന്ധു കത്തി പുറത്തെടുത്തു. വഴിതടയാന്‍ വന്ന നേതാവിനു കുത്തേറ്റു. ബ്രാഹ്മണര്‍ ഭയന്ന് പിന്തിരിഞ്ഞോടി. മാര്‍ച്ച് പിന്നീട് തടസ്സമൊന്നുമില്ലാതെ മുന്നോട്ട് പോയി. ആദ്യകാല ആര്യസമാജം നേതാവായിരുന്ന പി. കേശവദേവ് തന്റെ ‘എതിര്‍പ്പ്’ എന്ന തന്റെ ആത്മകഥയില്‍ ഇവ വിവരിക്കുന്നുണ്ട്.
വൈക്കം സത്യാഗ്രഹം
വൈക്കം സത്യാഗ്രഹത്തില്‍ സ്വാമി ശ്രദ്ധാനന്ദനും ആര്യാസമാജവും വഹിച്ച പങ്ക് സുവര്‍ണ്ണ ലിപികളില്‍ എഴുതിവെക്കപ്പെട്ടതാണ്. അവര്‍ണ്ണജാതിക്കാര്‍ എന്ന് പറയുന്നവര്‍ക്ക് വൈക്കം മഹാദേവ ക്ഷേത്രത്തിനു ചുറ്റുമുള്ള പൊതു വഴികളിലൂടെ താഴ്ന്ന ജാതിക്കാര്‍ക്ക് യാത്ര ചെയ്യാന്‍ അവകാശമുണ്ടായിരുന്നില്ല. എന്നാല്‍ അതേസമയം മുസ്ലീം – ക്രിസ്ത്യന്‍ മതക്കാര്‍ക്ക് നിര്‍ബാധം ആ വഴിയിലൂടെ യാത്രചെയ്യാമായിരുന്നു. ഇത്തരം അനീതികള്‍ കാരണം നിരവധി താഴ്ന്നവിഭാഗക്കാര്‍ ഇസ്ലാം – ക്രിസ്ത്യന്‍ മതങ്ങളിലേക്ക് മതം മാറിക്കൊണ്ടിരുന്നു. ആര്യസമാജം അവരെ ശുദ്ധിക്രിയ ചെയ്ത് പുണൂല്‍് ധരിപ്പിച്ച് വീണ്ടും തിരിച്ചു കൊണ്ടുവരാന്‍ ആരംഭിച്ചു. ഈ വിവേചനം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചു. തുടര്‍ന്ന് ആരംഭിച്ച ചരിത്ര പ്രസിദ്ധമായ സത്യഗ്രഹത്തില്‍ സ്വാമി ശ്രദ്ധാനന്ദന്‍ സജീവമായ പങ്കു വഹിക്കുകയുണ്ടായി. എന്നാല്‍ ഇതൊന്നും നമ്മുടെ ചരിത്ര പുസ്തകങ്ങളില്‍ ഇല്ല.
ആദ്യകാല ആര്യസമാജ പ്രവര്‍ത്തകര്‍
1920കളില്‍ മഹര്‍ഷി ദയാനന്ദ സരസ്വതി സ്ഥാപിച്ച ആര്യസമാജത്തില്‍ നിന്ന് പ്രേരണയുള്‍ക്കൊണ്ട് കേരളത്തിലെ നിരവധി സാമൂഹ്യപ്രവര്‍ത്തകര്‍ ആ പ്രസ്ഥാനത്തില്‍ ആകൃഷ്ടരായി. പി. കേശവ ദേവ്, നാരായണ ദേവ്, അഭയ ദേവ്, ആര്‍.സി. ദാസ്, രാമകൃഷ്ണ ദാസ് തുടങ്ങിയവര്‍ അതില്‍ പെടും.
കോഴിക്കോട് ആര്യ സമാജത്തിലെ ബുദ്ധസിംഹന്‍ സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ചവെച്ചത്. 1947ല്‍ ഉണ്ണീന്‍ സാഹിബിനെയും കുടുംബത്തെയും ശുദ്ധിക്രിയയിലൂടെ വൈദിക ധര്‍മ്മത്തിലേക്ക് കൊണ്ടുവന്നത് അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ ധര്‍മ്മപത്‌നിയായിരുന്ന സുഗന്ധീ ബായ് ആര്യയും വളരെ സജീവമായി പ്രവര്‍ത്തനം നടത്തിയിരുന്നു. വേദബന്ധു ശര്‍മ്മയുടെ സമകാലികര്‍ ആയിരുന്നു ആര്യ ഭാസ്‌കര്‍ജി, ആചാര്യ നരേന്ദ്ര ഭൂഷണ്‍, കീഴാനെല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരി, വേലായുധ ആര്യ, എ.പി. ഉപേന്ദ്രന്‍ തുടങ്ങിയവര്‍. ഇവരില്‍ മിക്കവരും ഉത്തര ഭാരതത്തിലെ ആര്യസമാജ ഗുരുകുലങ്ങളില്‍ നിന്ന് പഠനം നടത്തി കേരളത്തില്‍ വൈദിക സാഹിത്യങ്ങളുടെ പ്രചാരവും പഠനക്ലാസ്സുകളും നടത്തി ജനങ്ങളെ വൈദിക മാര്‍ഗ്ഗത്തിലേക്ക് കൊണ്ടുവരാന്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ശക്തമായ വെല്ലുവിളികളെ നേരിട്ടുകൊണ്ടാണ് ഇവര്‍ ധര്‍മ്മ പ്രചരണം നടത്തിയത്. അറിയപ്പെടാത്തവരായി ഇത്തരത്തിലുള്ള നിരവധി പേര്‍ ഇനിയും കാണും. ഈ നൂറാം വാര്‍ഷികാവസരത്തില്‍ ഇവരെയൊക്കെ നാം ആദരപൂര്‍വം അനുസ്മരിക്കുകയാണ്.
ആര്യസമാജം സമകാലിക കേരളത്തില്‍
കേരളത്തിലെ ഇന്നത്തെ സാമൂഹ്യ അന്തരീക്ഷത്തില്‍ ആര്യസമാജത്തിന്റെ പ്രസക്തി ഏറെയാണ്. ഹിന്ദു സമാജം ഇന്ന് പൂര്‍വ്വാധികം വെല്ലുവിളികള്‍ അകത്തു നിന്നും പുറമേ നിന്നും നേരിടുകയാണ്. വേദങ്ങളെ പരമപ്രമാണം ആയി സ്വീകരിച്ചാല്‍ ഈ ആന്തരികമായ വെല്ലുവിളികളെ ഒരു പരിധിവരെ നേരിടാം. വേദാദി സത്യശാസ്ത്രങ്ങളുടെ പഠന-പാഠനമാണ് ഇതിനുള്ള മാര്‍ഗ്ഗം. മറ്റു മതക്കാരില്‍ നിന്നും നാസ്തിക മതങ്ങളില്‍ നിന്നും അര്‍ബന്‍ നക്‌സലുകളില്‍ നിന്നുമാണ് ബാഹ്യ വെല്ലുവിളികള്‍. അവയെ പ്രതിരോധിക്കാന്‍ യുവാക്കളെ തയ്യാറാക്കേണ്ടതുണ്ട്. പഠനക്ലാസ്സുകളും പ്രചാരണ പ്രവര്‍ത്തനങ്ങളും നിരന്തരം നടക്കേണ്ടതുണ്ട്. അവ നടത്തിക്കാന്‍ കെല്‍പ്പുള്ള ആചാര്യന്മാരെ വാര്‍ത്തെടുക്കാന്‍ കൂടുതല്‍ ഗുരുകുലങ്ങളും ഉണ്ടാവേണ്ടതുണ്ട്. വെള്ളിനേഴി ആര്യസമാജം നേതൃത്വം നല്‍കുന്ന കാറല്‍മണ്ണ വേദ ഗുരുകുലം കഴിഞ്ഞ അഞ്ചു വര്‍ഷമായി ബ്രഹ്മചാരികളെ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നമുക്ക് നിരവധി നേട്ടങ്ങള്‍ കൈവരിക്കാനായിട്ടുണ്ട്. വേദപഠനത്തോടൊപ്പം കേരളീയ രീതിയിലുള്ള വേദാലാപനവും ശ്രൗത യാഗങ്ങള്‍ വരെ നടത്താനുള്ള പരിശീലനവും വര്‍ണ്ണ – വര്‍ഗ്ഗ വ്യത്യാസമില്ലാതെ ഇവിടെ നടക്കുന്നുണ്ട്.
ആര്യസമാജത്തിന്റെയും മാപ്പിള ലഹളയുടെയും നൂറാം വാര്‍ഷികമായ ഈ അവസരത്തില്‍ മറ്റു ഹൈന്ദവ സംഘടനകളുമായി സഹകരിച്ചു കൊണ്ട് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു കര്‍മ്മ പദ്ധതി ആര്യസമാജം കേരളത്തില്‍ തയ്യാറാക്കുന്നുണ്ട്.
(കാറല്‍മണ്ണ വേദ ഗുരുകുലം ആചാര്യ പ്രചാരകും അധിഷ്ഠാതാവുമാണ് ലേഖകന്‍)