കുന്നുകള്‍ കാവല്‍ നില്‍ക്കുന്ന എടവണ്ണ. പനങ്ങാടന്‍പാറയ്ക്കു ചുറ്റും കാറ്റ് വലംവെച്ചു കളിക്കുന്നു. അല്പം കൂടിക്കഴിഞ്ഞാല്‍ കോടയിറങ്ങി കുന്നിന്‍ തലപ്പുകളെ മൂടും. പോക്കറും നാണപ്പനും ഒരേ പെട്ടിയില്‍ നിന്ന് വെറ്റിലയെടുത്ത് നൂറുതേച്ച് ചവച്ചു. ഇട്ടിച്ചിരി അമ്മയുടേയും മൈമുനയുടേയും മുഖങ്ങള്‍ അന്തിവെയിലില്‍ പൊന്നണിഞ്ഞു.
വേലായുധന്‍ ചോദിച്ച കടങ്കഥ കേട്ട് ചുറ്റും കൂടിയിരിക്കുന്നവര്‍ അറിയില്ലെന്ന് തലയാട്ടി.
‘ചര്‍ക്ക’. വേലായുധന്‍ ചിരിച്ചു.
ഉണ്ണിരാമന്‍ നായര്‍ പിറകിലെ മേശയില്‍ നിന്നും ചര്‍ക്കയെടുത്ത് മുമ്പോട്ട് വെച്ചു. ഇതിനു മുന്‍പ് ആ യന്ത്രം കണ്ടവര്‍ ചുരുക്കം. നായര്‍ ഏറെ സംസാരിച്ചു. സാമൂതിരിമാര്‍ക്കു കീഴില്‍ ഞെരുങ്ങി, ഹൈദരാലിക്കും ടിപ്പുവിനും അടിമപ്പെട്ട്, ബ്രിട്ടീഷ് ഭരണത്തെ സഹിച്ച് നമ്മുടെ വംശം കടന്നുവന്ന യാതനകളെപ്പറ്റി.
‘അപ്പോള്‍ രാജാക്കന്മാരാരും ഇല്ലാത്ത നാടാക്കണമെന്നാണോ?’ കുഞ്ഞാമന്‍ ബെഞ്ചില്‍ നേരെയിരുന്നു.
‘നമ്മള് തന്നെ നമുക്കു രാജാവാകുന്ന സമ്പ്രദായം വരും’. പുതിയൊരാശയത്തിന്റെ പിറവി ഇതു പറഞ്ഞ വേലായുധന്റെ കണ്ണില്‍ കണ്ട് നായര്‍ കൗതുകപ്പെട്ടു. ‘നമ്മള് ബ്രിട്ടുഷുകാര്‍ക്കുള്ള നമ്മുടെ എല്ലാ സഹകരണവും ത്യജിക്കാന്‍ പോവുകയാണ്. വിദേശ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുകയാണ്. ഈ ചര്‍ക്ക തിരിച്ച് നൂലുകള്‍ നിര്‍മ്മിച്ച് നാം നമ്മുടെ വസ്ത്രങ്ങള്‍ നെയ്യും’.
”അയ്‌ന് തുണി തുന്നീറ്റ് നമ്മക്കെന്തിനാ. മേല് പൊതക്കാന്‍ ഓല് സമ്മതിക്കൂലാലോ. വെര്‍തെ കൊയപ്പുണ്ടാക്കാന്നല്ലാണ്ട്”. മൂലക്കിരുന്ന എരേച്ചു എഴുന്നേറ്റപ്പോള്‍ വേലായുധന്‍ ഇരിക്കാന്‍ ആംഗ്യം കാട്ടി.
അന്നു രാത്രി ചേക്കുന്നിനു കീഴെ മമ്മുണ്ണി റാവുത്തരുടെ പഴയ കെട്ടിടത്തില്‍ ജിന്നുകളുടെ മൂളക്കം കേട്ടു കിടന്ന രാത്രിയില്‍ വേലായുധന്റെ മനസ്സില്‍ എരേച്ചുവിന്റെ ആശങ്കയായിരുന്നു. ഖലീഫയുടെ അധികാരവും ചര്‍ക്കയും തമ്മിലുള്ള ബന്ധം പറഞ്ഞു മനസ്സിലാക്കാന്‍ പെട്ട പാടോര്‍ത്ത് അയാള്‍ തിരിഞ്ഞുകിടന്നു. വാരവും മേല്‍ച്ചാര്‍ത്തും കുഴിക്കാണവുംകൊണ്ട് പൊറുതിമുട്ടിയവരോട് കടലുകള്‍ക്കപ്പുറത്തെ സിംഹാസനത്തിന്റെ കഥ പറഞ്ഞ് ആവേശം കൊള്ളിക്കുന്നതിന്റെ ശരിതെറ്റുകളെക്കുറിച്ചാവണം ജിന്നുകളുടെ പാട്ട്.
ഈ മഹാരാജ്യത്തിന്റെ ഓരോ മണ്ണിനും ഓരോ കഥയുണ്ട് പറയാന്‍. ഓരോ തരം വേദനകള്‍. വേദനകള്‍ക്കെല്ലാം ഒരേ മരുന്ന് കുറിക്കുന്ന ദേശീയ നേതാക്കള്‍ക്കാണോ പിഴക്കുന്നത്?
കണ്ണടച്ചപ്പോള്‍ ചെവിക്കകത്ത് വലിയൊരിരമ്പം. ഹൈദരാലിയുടെ ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള പടയിരമ്പം. പാലക്കാടിനെ ആക്രമിക്കാനായി സാമൂതിരിക്കു നല്‍കിയ സഹായത്തിനുള്ള യുദ്ധച്ചെലവ് പിടിച്ചെടുക്കാനെത്തിയ ആയിരക്കണക്കിന് കുതിരകളും കാലാളുകളുമടങ്ങിയ സൈന്യത്തിന്റെ കുതിപ്പ്. കുറുമ്പ്രനാട്ടുവെച്ച് സാമൂതിരിയോട് സംസാരിച്ച ഹൈദരാലി ചോദിച്ചത് ഒരു കോടി സ്വര്‍ണവരാഹന്‍. തന്റെ കഴിവിന്നതീതമാണതെന്ന് പറഞ്ഞ സാമൂതിരിയെ ബന്ധനസ്ഥനാക്കി അഞ്ഞൂറ് കുതിരപ്പട്ടാളത്തിന്റെയും രണ്ടായിരം കാലാള്‍ പട്ടാളത്തിന്റെയും കാവലോടെ കോഴിക്കോട്ടു കൊണ്ടുപോയി കോവിലകത്ത് തടവിലാക്കി. ഒടുവില്‍ അവമതിപ്പിന്റെ അങ്ങേയറ്റത്ത് സാമൂതിരി രാജാവ് കൊട്ടാരത്തിന് തീ കൊളുത്തി ആത്മാഹുതി ചെയ്തു.
പിന്നീടൊരിക്കല്‍ തിമിര്‍ത്തു പെയ്ത തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ പ്രളയജലത്തില്‍ നാടമര്‍ന്നു കിടന്നപ്പോള്‍ ഹൈദരാലി കൈവശപ്പെടുത്തിയ സ്ഥലങ്ങളിലേക്ക് കോട്ടയത്തെയും കടത്തനാട്ടെയും നായര്‍പട പടയ്ക്കിറങ്ങി. ഹൈദരാലിയുടെ സേനാനായകന്‍ റാസാസാഹിബിന്റെ കാലാള്‍സൈന്യം നിറഞ്ഞു കവിഞ്ഞ പുഴകള്‍ക്കു മുന്നില്‍ തളര്‍ന്നു. മുന്നേറാനും പിന്‍വാങ്ങാനുമാവാതെ കുടുങ്ങി. മുന്നില്‍ സംഹാരരൂപിണികളായ പുഴകള്‍, തോടുകള്‍. പിറകില്‍ ആക്രമിക്കാനൊരുങ്ങി നായര്‍പട.
കാര്യമറിഞ്ഞ് കോയമ്പത്തൂരുനിന്നും മൂവായിരം കുതിരപ്പടയും പതിനായിരം കാലാള്‍പടയുമായി ഹൈദരാലി കുതിച്ചെത്തി. അടിവസ്ത്രം മാത്രം ധരിച്ചെത്തിയ പടയാളികള്‍ നഗ്‌നപാദരായി മാര്‍ച്ച് ചെയ്തു. പുറത്ത് വെച്ചു കെട്ടിയ ചാക്കുസഞ്ചി നനയാതിരിക്കാന്‍ മെഴുകുതുണി. പുതുശ്ശേരി നിന്നും കൊളമ്പില്‍ നിന്നും വന്ന യൂറോപ്യന്‍ ഭടന്മാര്‍ക്ക് കുട. മലമ്പ്രദേശത്തെ ചുറ്റിവളഞ്ഞ ഇടുങ്ങിയ വഴികളില്‍, തോരാതെ പെയ്യുന്ന മഴയത്ത്, ഇടിയും മിന്നലും വകവെക്കാതെ, പകലന്തിയോളം ഹൈദരാലിയുടെ സൈന്യം നിറഞ്ഞു. കഴുത്തുവരെ വെള്ളത്തില്‍ ആറുകളും തോടുകളും നീന്തിക്കടന്നു. മുന്നേറുന്ന വഴികളില്‍ ആക്രമണത്തിന്റെ അടയാളങ്ങള്‍ നിരന്നു. കണ്ണില്‍ കണ്ടവയൊക്കെ നശിപ്പിക്കാനുള്ള ഹൈദരിന്റെ കല്പന അക്ഷരംപ്രതി അനുസരിച്ചു സൈനികര്‍. കൊള്ളയും കൊള്ളിവെപ്പും നടമാടി. പിന്നിട്ട ഗ്രാമങ്ങളില്‍ വീടുകളുടേയും ക്ഷേത്രങ്ങളുടേയും സ്ഥാനത്ത് തീയും പുകയും ചാരക്കൂനകളും കിടന്നു.
നായന്മാരുടെ ഒടുവിലത്തെ ചെറുത്തുനില്‍പ് അവസാനിപ്പിക്കാന്‍ ഹൈദരാലിക്ക് യൂറോപ്യന്‍ സേനയെ ഇറക്കേണ്ടിവന്നു. നായന്മാരുടെ ഗ്രാമങ്ങള്‍ കത്തിച്ചാമ്പലാക്കി അവര്‍ ആവേശം കാട്ടി.
ജനങ്ങള്‍ പാര്‍ത്തിരുന്ന ഗ്രാമങ്ങള്‍ ഉപേക്ഷിക്കപ്പെട്ടു. നാട്ടുകാര്‍ കാടുകളിലേക്കും മലകളിലേക്കും പലായനം ചെയ്തു. ഇവരെ നാട്ടിലേക്കു വരുത്തുന്നതിന് ഹൈദരാലി നടത്തിയ അടവുകളൊന്നും ഫലിച്ചില്ല. തന്റെ സൈന്യത്തിനിടയില്‍ പടര്‍ന്നുപിടിച്ച ഛര്‍ദ്യതിസാരം മൂലം മൈസൂര്‍പട കോയമ്പത്തൂരേക്ക് പിന്‍വാങ്ങി.
പോകുംമുമ്പ് സുല്‍ത്താന്റെ വിളംബരമുണ്ടായി. ഇനിമേല്‍ നായര്‍ സമുദായം മറ്റെല്ലാ സമുദായക്കാരുടേയും ഏറ്റവും അടിയിലുള്ള കീഴ്ജാതിയായി പരിഗണിക്കപ്പെടേണ്ടതാണ്. എല്ലാ സമുദായക്കാരേയും ഇനിയങ്ങോട്ട് നായന്മാര്‍ വണങ്ങിക്കൊള്ളണം. ഉത്തരവിനൊത്ത് അവര്‍ വഴങ്ങുന്നില്ലെന്നറിഞ്ഞപ്പോള്‍ രണ്ടാമതൊരുത്തരവ്. ഇസ്ലാം മതം സ്വീകരിക്കുന്ന നായന്മാര്‍ക്ക് പഴയപോലെ എല്ലാ ആചാരാനുകൂല്യങ്ങളും അവകാശങ്ങളും. നിരവധി നായന്മാര്‍ തലപ്പാവു കെട്ടി. മറ്റുള്ളവര്‍ തിരുവിതാംകൂറിലേക്ക് അഭയം തേടി.
പിതാവിന്റെ വഴിയെ പുത്രനും കുതിച്ചെത്തി പടനിലമാക്കിയ നാട്. ഇംഗ്ലീഷുകാരോടും സാമൂതിരിയോടും പൊരുതി ഏറനാടും വള്ളുവനാടും സ്വന്തമാക്കി ടിപ്പു പാരമ്പര്യം കാത്തു. ടിപ്പുവിന്റെ നികുതിപിരിവ് കാര്യസ്ഥന്മാര്‍ ജനങ്ങളെ ഊറ്റിപ്പിഴിഞ്ഞു. പടയോട്ടത്തിനിടെ കാര്‍മേഘം കണ്ടപ്പോള്‍ ലക്ഷ്യസ്ഥാനത്തെത്തുംവരെ മഴമേഘങ്ങളോടു പോലും മാറിനില്‍ക്കാന്‍ താന്‍ കല്പിക്കുമെന്ന് ടിപ്പു വീരസ്യം പറഞ്ഞു.
കയറ്റിറക്കങ്ങളിലും സമപ്പരപ്പുകളിലും കുതിരപ്പട തലങ്ങും വിലങ്ങും പാഞ്ഞു. കത്തനാട്ടേക്കും പടയോട്ടമെത്തി. ടിപ്പുവിനെ ഭയന്ന് ഇംഗ്ലീഷ് കമ്പനിയുടെ സംരക്ഷണം തേടിയ ബ്രാഹ്മണരെയും ക്ഷത്രിയരെയും ടിപ്പു പിടിച്ചുകെട്ടി.
മുപ്പതിനായിരത്തോളം ബ്രാഹ്മണ അഭയാര്‍ത്ഥികള്‍ തിരുവിതാംകൂര്‍ ലക്ഷ്യമാക്കി. നായന്മാര്‍ ചിറക്കലിലേക്കും തലശ്ശേരിക്കും. പേടിച്ചരണ്ടവര്‍ പാതകളില്‍ പുഴകളായി. കുട്ടികള്‍, വൃദ്ധന്മാര്‍, സ്ത്രീകള്‍… വീടുംകുടിയും നഷ്ടപ്പെട്ടവര്‍. ഊരു നഷ്ടപ്പെട്ടപ്പോഴും പേരും ധര്‍മ്മവും നിലനിര്‍ത്താനാഗ്രഹിച്ചവര്‍.
തലമുറകളിലൂടെ പകര്‍ന്നു കിട്ടിയ പഴയൊരു അഭയാര്‍ത്ഥിയാത്രയുടെ ഓര്‍മ്മപ്പെടുത്തലുമായാണ് ചേക്കുന്നില്‍നിന്നും ഒരു കാറ്റ് പഴകിയ ജനാലയുടെ അഴികള്‍ക്കിടയിലൂടെ അപ്പോള്‍ ഇറങ്ങിവന്നത്.
കടത്തനാടുനിന്ന് കിട്ടുന്നതെല്ലാമെടുത്ത് ഓടിയവരായിരുന്നു അവര്‍. കോരപ്പുഴ കടന്ന് നടന്നുവരുന്ന ഇരുന്നൂറിലേറെപ്പേരുള്ള സംഘം.
അമ്മ ഉണ്ണൂലിയുടെ കൈപിടിച്ച് നീലകണ്ഠന്‍ നമ്പൂതിരി മുന്നോട്ടുനടന്നു. ഈ നടത്തംകൊണ്ട് എവിടെയുമെത്താനാവില്ലെന്ന് അയാള്‍ക്ക് തീര്‍ച്ചയായിരുന്നു. കര്‍മ്മഫലമാണിതെന്ന സമാശ്വാസത്തിന്റെ വരയില്‍ ഉണ്ണൂലിയമ്മ നിരങ്ങി. തലയിലേന്തിയ ചാക്കു നിറയെ പറമ്പില്‍ നിന്നുള്ള തേങ്ങകളുമായി നടക്കുമ്പോള്‍ കാല്‍വേദനയാല്‍ വേച്ചുപോയ കുട്ടിയാനെ വരമ്പത്തു നിന്നു ശകാരിക്കുകയും കാര്യസ്ഥരോട് പ്രഹരിക്കാനാജ്ഞാപിക്കുകയും ചെയ്ത അച്ഛനെ ഒരു നിമിഷം അവര്‍ ഓര്‍ത്തുപോയി. ചില വേളകളില്‍ താനും പെരുമാറിയിട്ടുണ്ട് ഇവ്വിധം.
നീലകണ്ഠന്റെ കൈയിലെ തുണിമാറാപ്പില്‍ ഒരു ചെറിയൊരു കഞ്ഞിപ്പാത്രവും ഒരോട്ടു വിളക്കും. വിശപ്പിന്റെയും വിശ്വാസത്തിന്റെയും പ്രതീകങ്ങള്‍. കഞ്ഞി വെക്കാനുള്ള ഇത്തിരി അരി നല്‍കാതിരിക്കാന്‍ മാത്രം ക്രൂരമായിരിക്കില്ല പോകുംവഴിയിലെ ജനങ്ങളുടെ മനസ്സെന്ന് കഞ്ഞിപ്പാത്രം ഭാണ്ഡത്തിനകത്തു കിടന്ന് വിളക്കിനോട് പറഞ്ഞു. മനസ്സ് ക്രൂരമാവാതിരിക്കാനുള്ള വെളിച്ചത്തിന്റെ പാഠമാണ് താന്‍ പഠിപ്പിക്കുന്നതെന്ന് അപൂര്‍വ്വതകളുള്ള ചിഹ്നങ്ങളോടെ ആ ചെറു ഓട്ടുവിളക്കും പ്രതികരിച്ചു. വിളക്കിന്റെ മുകളിലെ മയില്‍രൂപം പഴമയുടെ പ്രൗഢിയില്‍ ഗൗരവം പൂണ്ടു.
ഒരു കയ്യില്‍ അമ്മയുടെയും മറുകയ്യില്‍ ഭാണ്ഡത്തിന്റെയും ഭാരങ്ങളില്‍ നീലകണ്ഠന്‍ തളര്‍ന്നു. അമ്മ പറയും മുമ്പ് മകന്‍ പറഞ്ഞു.
”ഇനി വയ്യ, അല്പം ഇരിക്കണം”.
കൂടെയുള്ളവര്‍ നടന്നു.
”ഞാനും പറയണമെന്ന് വിചാരിച്ചോണ്ടിരിക്കുകയാ” ഉണ്ണൂലി കിതച്ചു കൊണ്ട് പാതയോരത്തെ കല്ലിലേക്കിരുന്നു. മാറാപ്പ് താഴെ വച്ച് നീലകണ്ഠന്‍ ചുറ്റും നോക്കി.
‘നെടിയിരിപ്പ് എത്തീന്ന് തോന്നുന്നു. ചിറ്റമ്മേടെ വീട് ഇവ്‌ടെ അടുത്താണല്ലോ’. അയാള്‍ വഴിയുടെ നടുവിലേക്കിറങ്ങി താണും ചരിഞ്ഞും മുന്നോട്ട് നോക്കി. കോട്ടുകര എത്തിയിരിക്കുന്നു. അമ്പലത്തിന്റെ ശ്രീകോവില്‍ ഇവിടെ നിന്ന് കാണും. ആ കാഴ്ചയില്‍ നിന്നും പൊടുന്നനെ പൊങ്ങിയ ആവേശത്തില്‍ അയാള്‍ ഭാണ്ഡമെടുത്ത് തോളിലിട്ടു. അമ്മയുടെ കൈ പിടിച്ചു ”വാ, അരനാഴിക നടന്നാല് ചിറ്റമ്മേടട്ത്ത് എത്താം”. അമ്മയെണീറ്റു. രണ്ടുപേരും പൊരിവെയിലിനെ അവഗണിച്ച് മുന്നോട്ട് നീങ്ങി.
അത്രയധികം വലുതല്ലാത്ത ഒരു സാധാരണ വീട്. കോവിലകം എന്നൊന്നും വിളിക്കാന്‍ സാധിക്കാത്ത വിധം ചെറുതായ വീടുകളിലും ബ്രാഹ്മണ ജീവിതങ്ങളുണ്ടെന്ന് വിളിച്ചുപറയുന്ന ആ കെട്ടിടത്തിനു ചുറ്റും ഭയം തളംകെട്ടി നില്‍ക്കുന്നത് നിരത്തില്‍നിന്നുതന്നെ വ്യക്തമാണ്. ഉമ്മറക്കോലായില്‍ ചിറ്റപ്പന്‍ രാമന്‍ നമ്പൂതിരി തെക്കുവടക്ക് നടക്കുന്നു.
ഉണ്ണൂലി അകത്തേക്ക് പോയി. കട്ടിലില്‍ രാമന്‍ നമ്പൂതിരിയുടെ അച്ഛന്‍ വാര്‍ധക്യത്തിന്റെ അവശത മുഴുവന്‍ പേറി പിറുപിറുക്കുന്നു. ക്ഷേത്രശാന്തി കൊണ്ട് മാത്രം തന്റെ വലിയ തോണിയെ തള്ളിനീക്കിയ കപ്പിത്താന്‍ പുറത്തെ കാറ്റും കോളുമറിയാതെ നിശ്ചേഷ്ടനായി കിടക്കുന്നു. ഉണ്ണൂലി അനുജത്തിയെ അന്വേഷിച്ച് വടക്കിനി ഭാഗത്തേക്ക് നടന്നു.
അടുപ്പില്‍ പച്ചമരുന്ന് തിളയ്ക്കുന്നതിന്റെ മണവും പുകയും. പുക പുതച്ച് ചുമരുചാരി അനുജത്തി ദേവകി. ഏറെനാളിനു ശേഷമാണ് ഉറ്റവരുടെ ഈ കൂടിക്കാഴ്ച. തൊലികളില്‍ പുകയുടെ ഇരുളടയാളങ്ങള്‍. കണ്ണുകളില്‍ ആശങ്കകളുടെ തളര്‍ച്ച. ജ്യേഷ്ഠത്തി അനുജത്തിയെ മാറോട് ചേര്‍ത്തു.
”നിങ്ങളിറങ്ങുന്നില്ലേ?” ഉണ്ണൂലിയുടെ ശബ്ദം പുകമൂടിയ വടക്കിനിയില്‍ ചുറ്റിത്തിരിഞ്ഞു.
”എങ്ങോട്ട് ചേച്ചീ, പ്രായമുള്ള അച്ഛനേം കൊണ്ട്?’ വിങ്ങിപ്പൊട്ടി ദേവകി മൂക്കുപൊത്തി. രണ്ടുപേരും അച്ഛന്‍ കിടക്കുന്ന മുറിയിലേക്ക് നടന്നു. ”മാര്‍ക്കം കൂട്ടിയാല് ഇവിടെത്തന്നെ നിക്കാംന്നാ ഉത്തരവ്. സുല്‍ത്താന്റെ പട്ടാളക്കാര് അങ്ങിങ്ങ് നടപ്പുണ്ട്”.
വരാന്തയില്‍ നിന്നും രാമന്‍ നമ്പൂതിരി അകത്തേക്കു വന്നു. ”നിങ്ങളെങ്ങോട്ടാ?”
”ഒരു ലക്ഷ്യൂം ഇല്ല. എല്ലാരും കൊച്ചീലേക്കാ ഇറങ്ങ്യത്. അവിടേം രക്ഷയില്ലാച്ചാ തിരുവിതാംകൂര്‍ക്ക്”. നീലകണ്ഠനാണ് മറുപടി പറഞ്ഞത്.
‘ഞങ്ങള്‍ക്കേതായാലും വരവ് നടക്കൂല. തൊപ്പിയിടാനോ മാര്‍ഗ്ഗം കൂടാനോ എന്തിനാന്ന് വെച്ചാ അങ്ങ് സമ്മതിക്കുക തന്നെ’. ഇടറുന്ന ശബ്ദത്തിന് അച്ഛന്റെ പിറുപിറുപ്പ് താളം പിടിച്ചു. അച്ഛനെന്തൊക്കെയോ പറയുന്നുണ്ട്. കണ്ണുകളുടെ പുറം കീറലുകളില്‍ കണ്ണീര്‍ അരുവികള്‍. ”ഈ പ്രായത്തില്‍ അമ്മേം കൊണ്ട് എവിടെവരെ നടക്കാന്‍ പറ്റുംന്ന് കരുതീട്ടാ? അവിവേകംന്നേ പറയാമ്പറ്റൂ”
നീണ്ട മൗനത്തില്‍ കുടുങ്ങി എല്ലാവരും മുഖാമുഖം നോക്കി. പുറത്ത് കുതിരക്കുളമ്പടി ശബ്ദം ഇടയ്ക്കിടെ ഉയര്‍ന്ന് അകന്നു പോകുന്നുണ്ട്.
”നീലാണ്ഠാ വരുന്നത് വരട്ടെ. നമുക്കിവിടെ കൂടാം”, മൗനം മുറിച്ച് ഉണ്ണൂലി നിലത്തിരുന്നു. എന്തു ചെയ്യണമെന്നറിയാതെ ജനാലയുടെ മരയഴികളിലൂടെ പുറത്തേക്കു നോക്കി നെടുവീര്‍പ്പിട്ട നീലകണ്ഠന്റെ ചുമലില്‍ പിടിച്ച് രാമന്‍ നമ്പൂതിരി പറഞ്ഞു. ”വേറെ വഴിയില്ലാന്ന് വെച്ചാ അനുസരിക്കുന്നതല്ലേ നല്ലത്? സന്ധ്യകളില് പൂവും വെള്ളൂം നേദിച്ച് പ്രാര്‍ത്ഥിക്കുന്ന ദൈവങ്ങളില്ലേ കോലോത്ത്. അവരൊക്കെ പൊറുക്കും നമ്മോട്.” ദൃഢനിശ്ചയം രാമന്‍ നമ്പൂതിരിയുടെ വാക്കുകളില്‍ തളംകെട്ടിക്കിടക്കുന്നത് നീലകണ്ഠന്‍ കേട്ടറിഞ്ഞു. കൈവിട്ടു പോകുന്നവയെക്കുറിച്ചുള്ള ആശങ്ക ശരീരമാകെ വിറയലായി നിറഞ്ഞിരിക്കുന്നത് സ്പര്‍ശത്തിലുമറിഞ്ഞു.
”കാണക്കുടിയാന്മാര്‍ക്ക് ഭൂമിയൊക്കെ തീറു നല്‍കിയാണ് പലരും ഓടിയത്. കുടിയാന്മാരെ വേണ്ടതിനും വേണ്ടാത്തതിനും കണ്ണീരു കുടിപ്പിച്ചതിന്റെ ശിക്ഷയാണിതൊക്കെ എന്ന് സമാധാനിക്കാം”. ഉണ്ണൂലി അനുജത്തിയെ സമീപത്തിരുത്തി.
”പറയനേം, പുലയനേം, തീയനേം മാറ് മറയ്ക്കാന്‍ വിടാണ്ട് നമ്മളഹങ്കരിച്ചപ്പോ മൈസൂര്‍പ്പട വന്ന് കുപ്പായിടീച്ചു. ഈ നാട് ഇങ്ങനെയായില്ലെങ്കിലേ അതിശയുള്ളൂ”.
അന്നു രാത്രിവരെ ആരും വന്നില്ല. പിറ്റേന്ന് പുലര്‍ച്ചെയാണ് അച്ഛന്റെ ഞരക്കം കേട്ട് ഏതാനും പേര്‍ വാതിലില്‍ മുട്ടിയത്. സുല്‍ത്താന്റെ സൈന്യത്തില്‍ നിന്നാണ്. സൂര്യനുദിക്കുംമുമ്പ് പുരോഹിതന്മാരെത്തും. തയ്യാറായിനില്‍ക്കാന്‍ പറഞ്ഞു. എതിര്‍പ്പൊട്ടുമുയര്‍ത്താതെ രാമന്‍ നമ്പൂതിരിയും നീലകണ്ഠനും നിന്നു.
ഏറെ വൈകാതെ പുരോഹിതരെത്തി. നാലു പേരെയും മുറ്റത്ത് നിര്‍ത്തി തലയില്‍ വെള്ളം പകര്‍ന്നു. ഉണ്ണൂലിക്കും ദേവകിക്കും നിറമുള്ള കുപ്പായങ്ങള്‍ നല്‍കി. പുരുഷന്മാര്‍ രണ്ടുപേരുടേയും കുടുമ മുറിച്ച് തലമുണ്ഡനം ചെയ്തു. തൊപ്പിയിടീച്ചു.
നാലുപേര്‍ക്കും കലിമയോതിക്കൊടുത്തു.
നാലുപേരും ചൊല്ലി. അച്ഛന്‍ അകത്ത് പിറുപിറുത്തു കൊണ്ടേയിരുന്നു.
”ഇന്നു രാത്രി ഇങ്ങളെ അത്താഴം ഞമ്മളൊരുമിച്ച്. പേടിക്കാനൊന്നുല്ല”.
ഒരക്ഷരം മിണ്ടാത്തൊരു പകല്‍. തേവാരവും പൂജയുമില്ലാത്ത അന്തി. മാംസമടക്കമുള്ള അത്താഴത്തിനു മുന്നില്‍ കണ്ണീര്‍ പൊഴിച്ച രാത്രി. ഭീഷണിയില്ല, നിര്‍ബന്ധങ്ങളില്ല.
ഇതൊക്കെ പലേടത്തും ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. വിധേയത്വം കൊണ്ട് അതിനെ മറികടക്കാന്‍ നാലുപേരും പഠിച്ചിരുന്നു.
സങ്കടം നേര്‍ത്തുവന്നതോ പുതിയ സ്ഥിതിയുമായി പൊരുത്തപ്പെട്ടതോ ആയതിനു ശേഷമുള്ള ഒരു അന്തിക്ക് അഹമ്മദെന്ന നീലകണ്ഠന്‍ ഇബ്രാഹിം എന്ന രാമന്‍ നമ്പൂതിരിയോട് പറഞ്ഞു.
”ഒരു മയില്‍ വിളക്കുണ്ടെന്റെ കയ്യില്‍. ഇനിയത് എന്ത് ചെയ്യണം?”
”എന്തു ചെയ്യാന്‍. തട്ടിന്‍പുറത്ത് ഇടമുണ്ട്. അത്രല്ലേ ഇടം വേണ്ടൂ അതിന്” ഇതു പറഞ്ഞ് ഇബ്രാഹിം കണ്ണടച്ചു.
ഭാണ്ഡം തുറന്ന് ആ ഓട്ടുവിളക്കെടുത്ത് മുകളിലെ മയില്‍രൂപത്തെ പതുക്കെത്തലോടി തട്ടുമ്പുറത്തേക്ക് വെക്കുമ്പോള്‍ അഹമ്മദിന്റെ കണ്ണില്‍ നിന്നും നീരടര്‍ന്നു. അയാളുടെ മനസ്സില്‍ ഇങ്ങനെ മുഴങ്ങി.
‘പലരേയും നമ്മള്‍ കരയിച്ചില്ലേ
നമ്മളുമൊരിക്കല്‍ കരഞ്ഞിടണ്ടേ
പയ്യാരം കൂട്ടല്ലെ നിങ്ങളേട്ട
ജനിച്ചവര്‍ക്കെല്ലാം മരണമുണ്ട്’.
അരീക്കോട്ടു നിന്നും ചരക്കും കയറ്റി അതിരാവിലെ വിട്ടതിന്റെ ഉറക്കച്ചടപ്പിന്റെ കാഠിന്യത്തില്‍ നിന്നും തണുപ്പിന്റെ തൊലി തുളയ്ക്കുന്ന മൂര്‍ച്ചയില്‍ നിന്നും രക്ഷപ്പെടാന്‍ വേലായുധന്‍ തച്ചോളി ഒതേനന്‍ പടയ്ക്ക്‌പോയ പാട്ടിന്റെ താളം പിടിച്ചു. കടത്തനാടന്‍ വീരഗാഥയുടെ വരികള്‍ക്കൊപ്പം കയ്യിലെ വടി വാള്‍രൂപം പൂണ്ട് മഞ്ഞുപുതപ്പിനെ തറിച്ചുമുറിച്ചു കൊണ്ടേയിരുന്നു.
തണുപ്പിനുറങ്ങേണ്ട സമയത്ത് വിളിച്ചുണര്‍ത്തി ചുമടുവലിപ്പിക്കുന്നതിലുള്ള പരിഭവം ചക്രങ്ങളെ കുഴികളിലൂടെ വലിച്ച് കാളകള്‍ പ്രകടിപ്പിച്ചു കൊണ്ടേയിരുന്നു.
”വേറെ രക്ഷയില്ലാത്തോണ്ടാ പോത്തുകളേ”. വേലായുധന്‍ പാട്ട് നിര്‍ത്തി കാളകളോട് സംസാരിക്കാന്‍ തുടങ്ങി.
”അറിയോ നിങ്ങക്ക്. ടിപ്പു സുല്‍ത്താനുണ്ടാക്കിയ റോഡാ ഇത്. ഇത് മാത്രല്ല, രാജാക്കന്മാര്‌ടേം നാടുവാഴികള്‍ടേം പട്ടാളത്തിന് ഉള്‍നാട്ടിലേക്കൊക്കെ ഒറ്റവരിയായി നീങ്ങാന്‍ നടപ്പാത മതിയായിരുന്നു. പീരങ്കികളും സാധനങ്ങള് കൊണ്ടോവാനുള്ള വണ്ടികളും ഓടിക്കാന്‍ നവാബ് ഈ കുന്നും മലയും നെരപ്പാക്കി നെരത്തുകളുണ്ടാക്കി. എത്ര പണൂം അധ്വാന്വാ അവര് ചെലവാക്കീതെന്നറിയാമോ നിങ്ങക്ക്!”
വണ്ടിയൊന്ന് കുഴിയില്‍ വീണ് കുലുക്കത്തോടെ ശബ്ദിച്ചപ്പോള്‍ വേലായുധന്‍ കൂട്ടിച്ചേര്‍ത്തു.
”ഇങ്ങനെ കുണ്ടുംകുഴിയുള്ള റോഡുകളല്ല, നല്ല ഒന്നാന്തരം പരവതാനി വിരിച്ചത് പോലുള്ളത്”
മലപ്പുറത്ത് നിന്ന് താമരശ്ശേരിക്കും കോഴിക്കോടു നിന്ന് താമരശ്ശേരിക്കും മലപ്പുറത്തു നിന്ന് പുതുപ്പാനി വഴി ഘാട്ടിലേക്കും കോഴിക്കോടു നിന്ന് എളമരം വഴി താമരശ്ശേരിക്കും ഫറോക്ക് നിന്ന് കോട്ടയ്ക്കല്‍ വഴി കോയമ്പത്തൂര്‍ക്കും വെങ്കടകോട്ട നിന്ന് അട്ടപ്പാടി വഴി കോയമ്പത്തൂര്‍ക്കും ഉള്ള റോഡുകള്‍ മൈസൂര്‍ സുല്‍ത്താനില്‍ പിതൃത്വമര്‍പ്പിച്ച് മലബാറിന്റെ സിരകളായി. നിരത്തുകളെല്ലാം ശ്രീരംഗപട്ടണത്തേക്ക് നീണ്ടു. കറുത്തപൊന്നും എള്ളും പരുത്തിയും മൈസൂരേക്കൊഴുകിയ വഴികളിലൂടെ നേര്‍ എതിര്‍ദിശയില്‍ കടലോരം ലക്ഷ്യം വെച്ച് കാളകള്‍ കുതിച്ചു. കുടമണിയൊച്ച കേട്ട് പാതയുടെ ഇരുപുറവുമുള്ള വീടുകള്‍ ഉണര്‍ന്നു. കൊണ്ടോട്ടിനിരത്തിലേക്ക് കയറി ഒരിറക്കവും രണ്ടു കയറ്റവും പിന്നിട്ടശേഷം കൊഴക്കട്ടൂരെത്തിയപ്പോള്‍ വേലായുധന്‍ കാളകളെ പിടിച്ച് നിര്‍ത്തി.
”നിങ്ങളിവ്ട നിക്ക്. ഞാന്‍ മേനോനുണ്ടോന്ന് നോക്കീട്ട് ഇപ്പം വരാം”
കാളകള്‍ക്കും അപ്പു മേനോനെ പരിചയമാണ്. സാധാരണ ഉച്ചതിരിഞ്ഞാണല്ലോ സാധനം കയറ്റി ഫറോക്കിലേക്കുള്ള യാത്ര. കൊഴക്കോട്ടൂരെത്തുമ്പോള്‍ അരീക്കോട്ടേക്കുള്ള മേനോന്റെ നടത്തം പതിവ് കാഴ്ചയാണ്. ഇടംഭാഗത്തെ കാളയ്ക്ക് ഒരു തലോടല്‍ കിട്ടും. വേലായുധനൊരു കുശലാന്വേഷണവും.
നിരത്തില്‍ നിന്ന് ഉള്ളിലേക്കുള്ള ഇടവഴിയിലൂടെ തെക്കുഭാഗത്തേക്ക് അല്പം നടക്കണം പൂത്തൊട്ടിയില്‍ വീട്ടിലേക്ക്. പടിപ്പുര കടന്ന് മുറ്റം ലക്ഷ്യമാക്കി നടന്നു. വീടിനു മുന്‍ഭാഗത്തുള്ള വാഴകള്‍ക്കിടയില്‍ മേനോന്റെ തല കണ്ടപ്പോള്‍ നിന്നു. നെഞ്ചുവിരിച്ച് നിന്ന് ആഗതനെ പുത്തന്‍ വെളിച്ചത്തില്‍ സൂക്ഷിച്ചു നോക്കുമ്പോള്‍ മേനോന് വാഴകളേക്കാള്‍ ഉയരം. കയ്യില്‍ തൂമ്പയുണ്ട്.
”ന്താ വേലായുധാ, വെളുപ്പിന്?”
”ഇന്നലെ വൈകീട്ട് എടപ്പണ്ണേല് ചര്‍ക്കേടെ ക്ലാസുണ്ടായിരുന്നു. രാത്രി അരീക്കോട്ട് കൂടി”.
മാണം മണ്ണിലുറപ്പിച്ച് വാഴകള്‍ നിവര്‍ന്നു നില്‍ക്കുന്നു. മേനോന്‍ അവയെ ഉണര്‍ത്തി ക്കഴിഞ്ഞിരുന്നു. നാലുപാടും വിരിഞ്ഞു നില്‍ക്കുന്ന ഇലകള്‍ വായുവിലൂടെ ഇടംവലം ചലിപ്പിച്ച് അവ വേലായുധനെ സ്വീകരിച്ചു.
”എന്തുണ്ട് ഖിലാഫത്ത് പ്രവര്‍ത്തനോക്കെ. വല്ല ഗുണൂം ഉണ്ടാവ്വോ?” മേനോന്‍ തൂമ്പ ഒരു വാഴയ്ക്ക് ചാരി. ”നീ പ്രാതല് കഴിച്ചില്ലാലോ, വാ”
”ഇല്ല” വേലായുധന്‍ മേനോന്റെ പിറകില്‍ വീട്ടിലേക്ക് നടന്നു. ”നല്ല വളം കിട്ടും ബേപ്പൂര്. വാങ്ങണോന്നറിയാനാ വന്നത്”.
”പുളിപ്പിച്ച കപ്പലണ്ടി പിണ്ണാക്ക് അരീക്കോട്ട് കിട്ടും. അത് ആവശ്യത്തിന് ഇവ്‌ടെ ഉണ്ട്. ചാണകോം കാഞ്ഞിരത്തിന്റെ ഇലയും മതീന്നാ എന്റെ അനുഭവം. എന്നാലും രാസവളൂം നല്ലതാന്ന് അഭിപ്രായം കേട്ടിട്ടുണ്ട്”. മേനോന്‍ വടക്കിനിയിലേക്ക് നോക്കി ഉറക്കെ വിളിച്ചു
”കല്യാണീ”
അല്പം കഴിഞ്ഞ് ഒരു പെണ്‍കുട്ടി പാത്രത്തില്‍ അപ്പവും കറിയുമായി വന്നു.
”പെങ്ങള്‍ടെ മോളാ”
വേലായുധന്‍ ചിരിച്ചു. കല്യാണി തലയാട്ടി അകത്തേക്കോടി.
”കിട്ടുമെങ്കില്‍ നാലുചാക്ക് വാങ്ങിക്കോ. പണം ഇപ്പോ വേണോ?”
”വേണ്ട” വേലായുധന്‍ പാത്രം വാങ്ങി പ്രാതല്‍ കഴിക്കാനാരംഭിച്ചു. അപ്പുമേനോന്റെ മകന്‍ എന്തോ കളിപ്പാട്ടവും കൊണ്ട് പൊടുന്നനെ തൊടിയിലേക്കോടി. പിറകെ അവനുള്ള പ്രാതലുമായി അവന്റെ അമ്മയും.
വായ കഴുകി പുറത്തേക്കു നടക്കുന്നതിനിടയില്‍ വേലായുധന്‍ ചുറ്റും നോക്കി മേനോനോട് ചോദിച്ചു.
”കുരുമുളക് എങ്ങന്ണ്ട്, പിടുത്തുണ്ടാ?”
”കുറവാ. നല്ല പശിമ മണ്ണായിരുന്നു ഇവ്ട പണ്ട്. ഇപ്പൊ പശിമരാശിയായി മാറ്ന്ന്ണ്ട്. നിനക്കവ്‌ടെ രാശി മണ്ണായിരിക്കൂലേ?”
”എനിക്കിതുവരെ അതൊന്നും അറീല” വേലായുധന്‍ സംശയഭാവത്തില്‍ തലയാട്ടി.
”നോക്ക്”. മേനോന്‍ വേഗത്തില്‍ പോയി തൂമ്പയെടുത്തു. മണ്ണില്‍ ആഞ്ഞ് കൊത്തി ഒരു കുഴിയെടുത്തു. പുറത്തെടുത്ത മണ്ണ് കുഴിയിലേക്കു തന്നെയിട്ട് അത് മൂടി. വേലായുധന്‍ കൗതുകം മാറാതെ നടവഴിയില്‍ നിന്നു.
”കണ്ടോ, മണ്ണ് കുഴിമൂടാന്‍ തികഞ്ഞതേ ഉള്ളൂ. ഇതാണ് പശിമരാശിയുടെ പ്രത്യേകത. നല്ല പശിമ മണ്ണാണെങ്കില് കുഴിമൂടിയാലും കുറച്ച് മണ്ണ് ബാക്കീണ്ടാവും. വെറും രാശി മണ്ണാണെങ്കില് കുഴിമൂടാന്‍ തികയൂമില്ല. പോയി നോക്കിക്കോ”.
പുതിയൊരറിവിന്റെ പ്രഭാതനിമിഷത്തില്‍ വേലായുധന്‍ വിനയാന്വിതനായി.
മേനോനോട് രണ്ട് കറ്റ പുല്ലുവാങ്ങി കാളകള്‍ക്ക് കൊടുത്തിട്ടാണ് വേലായുധന്‍ യാത്ര തുടര്‍ന്നത്.
പശ്ചിമഘട്ടത്തില്‍ നിന്നകന്ന് സമുദ്രാഭിമുഖമായി വയറും മനസ്സും നിറച്ച് മുന്നോട്ടുനീങ്ങുമ്പോള്‍ മണ്ണിനെക്കുറിച്ച് തന്നെയായിരുന്നു വേലായുധന്റെ ചിന്ത. മനുഷ്യനെ വളര്‍ത്തിയ, ജീവജാലങ്ങളെയെല്ലാം വളര്‍ത്തിയ മണ്ണ്. ജന്മാന്തരങ്ങളിലൂടെ നടത്തിച്ചതും സംസ്‌കാരങ്ങളെ പെറ്റതും മണ്ണ് തന്നെ. പണ്ഡിതനും പാമരനും സമ്പന്നനും ദരിദ്രനും വിശ്വാസിക്കും അവിശ്വാസിക്കും സൗമ്യനും ദുഷ്ടനും എല്ലാം വേണ്ടത് ഇത് തന്നെ.
(തുടരും)
Comments