ആരാണ് സിദ്ദിഖ് കാപ്പന്‍? കുറച്ചുനാളുകളായി മലയാളമാധ്യമങ്ങളില്‍ ഒറ്റയ്ക്കും തെറ്റയ്ക്കും ഉയര്‍ന്നുകേള്‍ക്കുന്ന പേരാണ് സിദ്ദിഖ് കാപ്പന്‍. പത്മശ്രീ കിട്ടിയതിനോ മറ്റെന്തെങ്കിലും നേട്ടങ്ങള്‍ കൈവരിച്ചതിനോ രാജ്യത്തിന് എന്തെങ്കിലും നേട്ടങ്ങള്‍ സംഭാവനചെയ്തതിനോ അല്ല സിദ്ദിഖ് കാപ്പനെ സംബന്ധിച്ച ചര്‍ച്ച മലയാളമാധ്യമങ്ങള്‍ നടത്തുന്നതും നടത്തിക്കൊണ്ടിരിക്കുന്നതും. മറിച്ച് യുഎപിഎ എന്ന ഭീകരവാദവിരുദ്ധ വകുപ്പ് ചുമത്തി ജയിലിലടയ്ക്കപ്പെട്ട വ്യക്തി എന്ന നിലയ്ക്കാണ് കാപ്പന്‍ മാധ്യമവാര്‍ത്തകളില്‍ ഇടം പിടിച്ചത്.
സിദ്ദിഖ് കാപ്പന്റെ അറസ്റ്റ്
2020 ഒക്‌ടോബര്‍ 5നാണ് മാധ്യമപ്രവര്‍ത്തകന്‍ എന്ന പേരില്‍ ജീവിക്കുന്ന സിദ്ദിഖ് കാപ്പന്‍ യുപി പോലീസിന്റെ പിടിയിലാകുന്നത്. ഒപ്പം മാധ്യമപ്രവര്‍ത്തകരല്ലാത്ത, ഉത്തരേന്ത്യക്കാരായ മറ്റ് മൂന്നുപേരും പിടിയിലായി. യുപിയിലെ ഹത്രാസ് എന്ന സ്ഥലത്ത് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ ശ്രമിച്ചു എന്നതാണ് ഇവര്‍ ചെയ്ത കുറ്റം. ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാന്‍ ? ഇത്തരം സംഭവങ്ങള്‍ കൃത്യമായും സത്യസന്ധമായും റിപ്പോര്‍ട്ടു ചെയ്യുക എന്നതാണല്ലോ ഒരു മാധ്യമപ്രവര്‍ത്തകന്റെ ജോലി. ആ ജോലി ആത്മാര്‍ഥതയോടെ ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായത്. യുപി പോലീസിന്റെ കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരത തന്നെ. ശരി ഒപ്പം അറസ്റ്റിലായ മറ്റ് മൂന്നുപേര്‍ ആരൊക്കെയാണ്? അവര്‍ ഏതൊക്കെ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ്? സത്യത്തില്‍ കാപ്പന്‍ ചെയ്ത കുറ്റം എന്താണ്?
കാപ്പനും പത്രപ്രവര്‍ത്തകയൂണിയനും
മേലുദ്ധരിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുമ്പോഴാണ് പല രഹസ്യങ്ങളുടെയും ചുരുളഴിയുന്നത്. സിദ്ദിഖ് കാപ്പന്‍ വെറുമൊരു മാധ്യമപ്രവര്‍ത്തകനല്ല. മറിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍(കെയുഡബ്ല്യുജെ) ദല്‍ഹിഘടകത്തിന്റെ സെക്രട്ടറി കൂടിയാണ്. അഴിമുഖം ഡോട്ട് കോം എന്ന ഓണ്‍ലൈന്‍ മാധ്യമത്തിലാണ് കാപ്പന്‍ ജോലി ചെയ്യുന്നതെന്ന് പറയപ്പെടുന്നു. പത്രപ്രവര്‍ത്തകയൂണിയന്‍ ഭാരവാഹിയായിട്ടും കാപ്പനെ യുപി പോലീസ് പിടികൂടിയെങ്കില്‍ കേസ് അത്ര നിസ്സാരമല്ലെന്ന് വ്യക്തം. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ നാട്ടിലെത്തി ബന്ധുക്കളെയും സമീപവാസികളെയും നേരില്‍കണ്ട് റിപ്പോര്‍ട്ട് ചെയ്യാനല്ല കാപ്പന്‍ ശ്രമിച്ചതെന്ന് യുപി പോലീസ് പറയുന്നു. പട്ടികജാതി പിന്നാക്കവിഭാഗങ്ങളെ മനഃപൂര്‍വം ഇളക്കിവിട്ട് നാട്ടില്‍ നിലനില്‍ക്കുന്ന സമാധാനവും ശാന്തിയും തകര്‍ക്കാനായിരുന്നു കാപ്പന്റെ നീക്കമെന്ന് യുപി പോലീസ് ആരോപിക്കുന്നു. കാപ്പന്‍, ഇസ്ലാമികഭീകരസംഘടനകളുമായി രഹസ്യബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവപ്രവര്‍ത്തകനാണെന്ന് കാപ്പനെ അറിയുന്നവര്‍ക്കെല്ലാം അറിയാം. പോപ്പുലര്‍ഫ്രണ്ടിന് നേരിട്ട് ബന്ധമുണ്ടായിരുന്ന തേജസ് എന്ന പ്രവര്‍ത്തനം നിലച്ചുപോയ മലയാളപത്രത്തിലെ റിപ്പോര്‍ട്ടറും സബ് എഡിറ്ററുമൊക്കെയായിരുന്നു കാപ്പന്‍. ആ പത്രം പൂട്ടിപ്പോയപ്പോള്‍ അഴിമുഖം ഡോട്ട്‌കോമിലേക്ക് ചേക്കേറിയത്രെ. പിന്നെ പത്രപ്രവര്‍ത്തക യൂണിയന്‍ ദല്‍ഹി ഘടകത്തിന്റെ സെക്രട്ടറിയായി. ചുവപ്പു ജിഹാദികള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത ദല്‍ഹിഘടകത്തില്‍ കാപ്പനെ പോലൊരാള്‍ തെരഞ്ഞെടുപ്പിലൂടെ സെക്രട്ടറിയായില്ലെങ്കിലേ അദ്ഭുതമുള്ളൂ!
കാപ്പനെ മദനിയോടുപമിക്കുന്നു
എന്തായാലും കാപ്പനെതിരെ യുഎപിഎ ചുമത്തിയത് കടുത്ത മനുഷ്യാവകാശലംഘനമാണെന്ന പ്രചാരണമാണ് ആദ്യം ആരംഭിച്ചത്. ഈ പ്രചാരണത്തിന്റെ ഉറവിടം ഏതാണെന്ന് ആര്‍ക്കുമറിയില്ലെന്നതാണ് അതിലേറെ രസകരം. രാജ്യത്തെ അസ്ഥരിപ്പെടുത്തി ഛിന്നഭിന്നമാക്കാന്‍ അച്ചാരം വാങ്ങി പ്രവര്‍ത്തിക്കുന്നു എന്ന ആക്ഷപം നേരിടുന്ന മലയാളത്തിലെ ചില മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും ഈ പിതൃശൂന്യപ്രചാരണം ഏറ്റെടുത്ത് കൊഴുപ്പിച്ചു. അതിനവര്‍ പത്രപ്രവര്‍ത്തക യൂണിയനെയും കൂട്ടുപിടിച്ചു. അന്ധമായ മോദി-ബിജെപി വിരോധം അതിന് വെള്ളവും വളവും നല്‍കി പരിപോഷിപ്പിച്ചു. ചുരുക്കത്തില്‍ കാപ്പന്‍ വൈകാതെ മറ്റൊരു മദനിയായി രൂപാന്തരപ്പെട്ടു. അതോടെ നാലുവോട്ടിനു വേണ്ടി ആരുടെ കാലും നക്കുന്ന ഇടതുവലതു രാഷ്ട്രീയഹിജഡകള്‍ മദനിക്കുവേണ്ടി അലമുറയിട്ടതുപോലെ സിദ്ദിഖ് കാപ്പനുവേണ്ടിയും രംഗത്തുവന്നു. കാപ്പനെ ഉടനെ ജയിലില്‍നിന്ന് വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഈ വിഡ്ഢിക്കോമരങ്ങള്‍ ഉറഞ്ഞുതുള്ളി. കാപ്പന്റെ മോചനത്തിനുവേണ്ടി ഹൈക്കോടതിയും കടന്ന് കേസ് സുപ്രീംകോടതിയിലുമെത്തി.
കൊവിഡ് ബാധിച്ചു
ഇതിനിടെ കാപ്പന് കൊവിഡ് ബാധിച്ചു. മഥുര ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കാപ്പനെ അവര്‍ മഥുര മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. അവിടെ യഥാവിധി ചികിത്സ നല്‍കിവരവെ കാപ്പനെ ആശുപത്രിയില്‍ ചങ്ങലയില്‍ ബന്ധിച്ചിരിക്കുകയാണെന്ന പ്രചാരണം കേരളത്തില്‍ കൊടുമ്പിരിക്കൊണ്ടു. പൗരത്വഭേദഗതി സമരത്തിനിടെ ജാമിയ മില്ലിയ സര്‍വകലാശാലയിലെ രണ്ടു പെണ്‍കുട്ടികളെ ദല്‍ഹി പോലീസ് വെടിവച്ചു കൊന്നെന്ന പ്രചാരണം തൊണ്ടതൊടാതെ വിഴുങ്ങി കേരളത്തിലേക്ക് ഛര്‍ദ്ദിച്ച ചില മലയാളി മാധ്യമപ്രവര്‍ത്തകര്‍ ഇതും നന്നായി റിപ്പോര്‍ട്ട് ചെയ്തു. അന്ന് കേരള രാജ്ഭവന് മുന്നില്‍ മയ്യത്ത് നമസ്‌കാരം നടത്തിയ ഡിവൈഎഫ്‌ഐ തുടങ്ങിയ യുവജനസംഘടനകള്‍ കേട്ടപാതി കേള്‍ക്കാത്തപാതി കൊമ്പും കുഴലുമെടുത്ത് മോദിക്കും യോഗിക്കും എതിരെ കൊവിഡ് കാലത്തും യുദ്ധത്തിനിറങ്ങി. കേരളത്തിലെ യുഡിഎഫ് എംപിമാര്‍ കാപ്പന്റെ മോചനം അഭ്യര്‍ഥിച്ച് സുപ്രീംകോടതി ചീഫ്ജസ്റ്റിസിന് കത്തെഴുതി. അധികാരം കിട്ടിയാല്‍ മതി ഏതു ജിഹാദിക്കും കുടപിടിക്കാമെന്ന് സ്വജീവിതം കൊണ്ട് തെളിയിച്ച കേരളത്തിന്റെ ഇരട്ടച്ചങ്കന്‍ മുഖ്യമന്ത്രി വിജയന്‍ ഒരുപടികൂടി കടന്ന് കാപ്പന്റെ മോചനം ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരിട്ടെഴുതി. ചുരുക്കത്തില്‍ കേരളത്തിലെ ഇടതുവലത് മുന്നണികള്‍ ചേര്‍ന്ന് സിദ്ദിഖ് കാപ്പനെ മദനിയോളം വാഴ്ത്തി, വളര്‍ത്തി. കാപ്പന്‍ എന്നെന്നേക്കും യുപിയിലെ ജയിലില്‍ കിടന്നാല്‍ അത് തങ്ങള്‍ക്ക് പ്രത്യേക സമുദായത്തിന്റെ വോട്ടു തട്ടാനുള്ള മാര്‍ഗമാണെന്ന് ഇക്കൂട്ടരെ ആരും പറഞ്ഞു പഠിപ്പിക്കേണ്ടതില്ലല്ലോ.
കാപ്പന് ചികിത്സ ഉറപ്പാക്കണം
സിദ്ദിഖ് കാപ്പന് ഉചിതമായ ചികിത്സ കിട്ടണമെന്നതില്‍ ആര്‍ക്കും സംശയമില്ല. ഏതൊരു കുറ്റവാളിക്കും അര്‍ഹിക്കുന്ന പരിഗണന നല്‍കണമെന്ന നിയമത്തിന്റെ വെളിച്ചത്തില്‍ തീര്‍ച്ചയായും കാപ്പന് ഉചിതമായ ചികിത്സ നല്‍കേണ്ടതു തന്നെ. കാപ്പന്റെ ജീവന് ആപത്തുവരാനും പാടില്ല. എന്നാലത് ചിലര്‍ പറയുന്നതുപോലെ ഒരു ‘പത്രപ്രവര്‍ത്തക’ന് ന്യായമായി ലഭിക്കേണ്ട പ്രത്യേകപ്രിവിലേജ് എന്ന നിലയില്‍ ഉള്ള അധികപരിഗണന നല്‍കിക്കൊണ്ട് അല്ല. (പത്രപ്രവര്‍ത്തകര്‍ക്ക് അങ്ങനെ എന്തെങ്കിലും പ്രിവിലേജ് ഉള്ളതായി പത്രപ്രവര്‍ത്തകന്‍ കൂടിയായ ലേഖകന് അറിവില്ല). മറിച്ച് രാജ്യത്തുള്ള ഏതൊരു പൗരനും ലഭ്യമാകുന്ന തരത്തില്‍, അതുമല്ലെങ്കില്‍ മഥുര ജയിലില്‍ കിടക്കുന്ന യുഎപിഎ ചുമത്തപ്പെട്ട രോഗബാധിതനായ ഏതൊരാള്‍ക്കും സ്വാഭാവികമായും ലഭിക്കേണ്ട അടിസ്ഥാനവൈദ്യസഹായങ്ങളും ചികിത്സകളും സിദ്ദിഖ് കാപ്പന് ലഭ്യമാക്കണം (അത് ലഭിക്കുന്നുണ്ടെന്ന് യുപി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിട്ടുമുണ്ട്).
കാപ്പന്‍ തടവില്‍ പീഡിപ്പിക്കപ്പെട്ടന്ന വാദം അവിശ്വസനീയം
ആരുടെ ഫോണില്‍ നിന്നാണ് കാപ്പന്റെ ഭാര്യ റെയ്ഹാനത്തിനെ കാപ്പനെ ചങ്ങലയില്‍ ബന്ധിച്ചിരിക്കുകയാണെന്ന വിവരം വിളിച്ചു പറഞ്ഞത്? ആര്‍ക്കും മറുപടിയില്ല. ഇക്കാര്യം റെയ്ഹാനത്തും വ്യക്തമാക്കുന്നില്ല.
ഇതുവരെ ഒരു മാധ്യമങ്ങളും മഥുരയിലെ ആശുപത്രി അധികൃതരെയോ യുപി പോലീസിനെയോ ബന്ധപ്പെട്ടിട്ടില്ല. ഒരു പരാതിയും നല്‍കിയിട്ടില്ല. വിവരങ്ങളുടെ സത്യാവസ്ഥ അന്വേഷിച്ചിട്ടില്ല.
കാപ്പനെ പ്രവേശിപ്പിച്ചിരുന്നത് പ്രത്യക കൊവിഡ് വാര്‍ഡിലാണ്. അവിടെ ഒറ്റ പ്രവേശനവാതില്‍ മാത്രമാണുള്ളത്. സായുധപോലീസ് കാവലുമുണ്ട്. കാപ്പനെ ചങ്ങലയില്‍ ബന്ധിക്കേണ്ട സുരക്ഷാസാഹചര്യങ്ങള്‍ അതുകൊണ്ട് തന്നെ ഉദിക്കുന്നില്ല.
കൊവിഡ് രോഗികള്‍ക്ക് നല്‍കുന്ന പ്രത്യേക മെഡിക്കല്‍ പരിഗണനയും ഭക്ഷണവും കാപ്പനും നല്‍കിയിട്ടുണ്ട്.
അതേസമയം വിചാരണക്കോടതിയില്‍ ഹാജരാക്കുന്നതിനു മുമ്പ് സുപ്രീംകോടതിയില്‍ സമ്മര്‍ദ്ദം ചെലുത്തി ജാമ്യം തേടാനുള്ള കുറുക്കുവഴിയാണ് പീഡനനാടകമെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.
കാപ്പനും പോപ്പുലര്‍ഫ്രണ്ടും
രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഗൂഢാലോചനയില്‍ പങ്കാളികളായ വമ്പന്മാരെക്കുറിച്ചുള്ള അന്വേഷണത്തില്‍ നിര്‍ണായകഘടകം ആണ് കാപ്പന്‍. അതിനാല്‍ കാപ്പന്റെ ചികിത്സക്കു ബന്ധപ്പെട്ട സര്‍ക്കാരുകള്‍ പ്രത്യേകപരിഗണന നല്‍കുകയും അതീവജാഗ്രത പുലര്‍ത്തുകയും വേണം. കാപ്പനുമായി ബന്ധപ്പെട്ട വിഘടനവാദപ്രവര്‍ത്തനത്തിനുള്ള പണമിടപാടില്‍ പോപ്പുലര്‍ഫ്രണ്ടിന്റെ വിദ്യാര്‍ഥിവിഭാഗമായി അറിയപ്പെടുന്ന ക്യാമ്പസ്ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറി റൗഫ് ഷെരീഫിനെ മാത്രമേ ഇതുവരെ പിടികൂടിയിട്ടുള്ളൂ. പോപ്പുലര്‍ ഫ്രണ്ടിന്റെ ‘ദല്‍ഹി – ഉത്തരേന്ത്യന്‍ പദ്ധതി’കളില്‍ ആദ്യാവസാനക്കാരന്‍ അല്ല കാപ്പനെന്ന് അന്വേഷണസംഘങ്ങള്‍ക്ക് നന്നായി അറിയാം. നടത്തിപ്പുകാരില്‍ ഒരാള്‍ മാത്രമാണ്. എന്നാല്‍ ആദ്യാവസാനക്കാരെ എല്ലാം കൃത്യമായി അറിയുന്ന ആളാണ് കാപ്പന്‍. കാപ്പനിലൂടെ വിഘടനവാദസംഘടനയുടെ ‘സഹായവും സൗമനസ്യവും’ ആവോളം അറിഞ്ഞിട്ടുള്ള വിവിധമേഖലകളില്‍ ഉള്ളവര്‍ ഒറ്റയ്ക്കും തെറ്റയ്ക്കും കാപ്പന്‍, ‘മാധ്യമപ്രവര്‍ത്തകന്‍’ മാത്രമാണെന്ന് ‘സ്ഥിരീകരിക്കാന്‍’ കഠിനമായി പരിശ്രമിക്കുകയാണ്. നിര്‍ണായകപദവിയില്‍ ഇരിക്കുന്നവര്‍ വരെയുള്ള ഈ ഗണം ഉദ്ദിഷ്ടകാര്യത്തില്‍ ഉപകാരസ്മരണയുള്ളവരാണ്. അന്വേഷണം കടുപ്പിച്ചാല്‍ തങ്ങളില്‍ എത്തുമോ എന്നുള്ള ഭീതിയും ഇവര്‍ക്കുണ്ട്. അതിലുപരി സഹജീവിസ്‌നേഹമോ മാനുഷികനിലയോ ആണ് ഇവരുടെ ‘കാപ്പന്‍ നിലവിളി’ക്കു പിന്നിലെന്ന് കരുതാന്‍ സാഹചര്യത്തെളിവുകള്‍ തടസ്സം നില്‍ക്കുന്നു.
യുപി പോലീസിന്റെ കുറ്റപത്രം
യുഎപിഎ ചുമത്തിയിട്ടുള്ള പോപ്പുലര്‍ഫ്രണ്ട് നേതാവിനെതിരെ ഗൗരവതരമായ കുറ്റങ്ങള്‍ പ്രത്യക അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. 5000 പേജുള്ള കുറ്റപത്രത്തില്‍ സിമിയുടെ മുന്‍ അഖിലേന്ത്യാനേതാക്കളുമായി സിദ്ദിഖ് കാപ്പന്‍ അടുത്തുപ്രവര്‍ത്തിച്ചതിന്റെ രേഖകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പോപ്പുലര്‍ഫ്രണ്ടിന് വേണ്ടി മാധ്യമസമൂഹത്തിലും അധികാരകേന്ദ്രങ്ങളിലും ബന്ധങ്ങള്‍ സ്ഥാപിക്കലും ലെയ്‌സണ്‍ ജോലിയുമാണ് കാപ്പന്‍ ചെയ്തിരുന്നത്. ഇതിനായി സ്വതന്ത്രമാധ്യമപ്രവര്‍ത്തകന്റെ റോള്‍ ഉപയോഗിച്ചു. ദല്‍ഹിയിലെ വിവിധ മന്ത്രാലയങ്ങളിലും അഭിഭാഷകരിലും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരിലും ബിസിനസ്സുകാരിലും രാജ്യാന്തരസംഘടനകളിലും പോപ്പുലര്‍ ഫ്രണ്ടിനുവേണ്ടി ബന്ധങ്ങള്‍ സ്ഥാപിച്ച് സംഘടനാലക്ഷ്യം നടപ്പാക്കുകയായിരുന്നു കാപ്പന്‍ ചെയ്തതെന്ന് യുപി പോലീസ് സമര്‍ത്ഥിക്കുന്നു. രാജ്യാന്തരതലത്തില്‍ ഫണ്ട് പിരിവുമായും കാപ്പന് ബന്ധമുണ്ടെന്നരേഖകള്‍ കോടതിക്ക് മുന്നിലുണ്ട്-യുപി പോലീസ് വിശദീകരിക്കുന്നു.
കലാപം ഉണ്ടാക്കാന്‍ ആസൂത്രിത ശ്രമം നടത്തിയെന്ന്
പൗരത്വ ഭേദഗതിനിയമത്തിനെതിരെ രാജ്യത്ത് കലാപം അഴിച്ചുവിടാന്‍ നടന്ന ഗൂഢാലോചനയിലും കാപ്പന്റെ പങ്കു വെളിവാക്കുന്ന കണ്ടെത്തലുകളും കുറ്റപത്രത്തിലുണ്ട്. വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന, നിരോധിക്കപ്പെട്ട സിമിയുടെ നേതാക്കളുമായി കാപ്പനുള്ള അടുത്ത ബന്ധവും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്‍ഐഎ അന്വേഷിക്കുന്ന പ്രമാദമായ കേസുമായി ബന്ധപ്പെട്ട ചിലര്‍, കാപ്പനെ രഹസ്യമായി സന്ധിച്ചെന്ന വിവരത്തെ തുടര്‍ന്ന് വിശദമായ അന്വേഷണം നടക്കുകയാണ്. ഒമാനില്‍ നിന്നും കാപ്പന് സാമ്പത്തികസഹായം ലഭിച്ചെന്ന് ഗുരുതരമായ കണ്ടെത്തലും കുറ്റപത്രത്തിലുണ്ട്. വിചാരണക്കോടതി ഇക്കാര്യങ്ങള്‍ ശരിവച്ചാല്‍ കാപ്പന് അടുത്തെങ്ങും ജയില്‍മോചിതനാകാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ സുപ്രീംകോടതിയില്‍ മനുഷ്യാവകാശപ്രശ്‌നം ഉയര്‍ത്തി ജാമ്യം തേടാനുള്ള നീക്കങ്ങളുടെ ഭാഗമാണ് വ്യാജപ്രചാരണമെന്നാണ് യുപി പോലീസ് വിലയിരുത്തുന്നത്.
കാപ്പനില്‍ നിന്ന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍
സിദ്ദിഖ് കാപ്പന്‍ മാപ്പുസാക്ഷിയായി രക്ഷപ്പെടുമോ? ഈ ചോദ്യം ഉന്നയിക്കുന്നത് മറ്റാരുമല്ല, കാപ്പന്റെ കേസുമായി ബന്ധപ്പെട്ട് പിന്നീട് അറസ്റ്റിലായ കൂട്ടുപ്രതികളുടെ ബന്ധുക്കളാണ്. ഹത്രാസ് കലാപക്കേസില്‍ പ്രതിയായ സിദ്ദിഖ് കാപ്പന്‍ മാപ്പുസാക്ഷിയായി രക്ഷപ്പെട്ടേക്കുമെന്ന് കേസിലെ കൂട്ടുപ്രതികള്‍ സംശയിക്കുന്നു. കാപ്പന്‍ നല്‍കിയിട്ടുള്ള മൊഴികളിലൂടെ യുപി പോലീസിനും എന്‍ഐഎക്കും മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കും പോപ്പുലര്‍ഫ്രണ്ടുമായി ബന്ധപ്പെട്ട കേസുകളില്‍ നിര്‍ണായകവിവരങ്ങള്‍ ലഭിച്ചു.
സിമിയുടെ സ്ഥാപകനേതാവായ ഡാനിഷ് അബ്ദുല്ല, പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ഥിവിഭാഗം നേതാവായ റൗഫ് ഷെരീഫ് എന്നിവര്‍ അറസ്റ്റിലാകുന്നത് കാപ്പന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. അതിനാല്‍ അധികം വൈകാതെ കാപ്പനെ മാപ്പുസാക്ഷിയാക്കി കേസില്‍ നിന്ന് ഒഴിവാക്കുമെന്ന ഭയം ഇപ്പോള്‍ ജയിലില്‍ കഴിയുന്നവരുടെ ബന്ധുക്കള്‍ പ്രകടിപ്പിച്ചതായാണ് അറിവ്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് കാപ്പനെ മാപ്പ് സാക്ഷിയാക്കുന്നതില്‍ അന്വേഷണഏജന്‍സികള്‍ക്കും എതിര്‍പ്പുണ്ടാകാന്‍ ഇടയില്ല. അതീവ നിര്‍ണായകവിവരങ്ങള്‍ കാപ്പന്‍ യുപി പോലീസിന് നല്‍കിക്കഴിഞ്ഞു. കാപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണങ്ങള്‍ രാജ്യമെങ്ങും പുരോഗമിക്കുന്നുമുണ്ട്. കേസിന്റെ വരുംഘട്ടങ്ങളില്‍ കാപ്പനെ മാപ്പുസാക്ഷിയാക്കാനുള്ള സാധ്യത വര്‍ധിച്ചുവരികയാണ്.
കാപ്പന് പിന്നാലെ അറസ്റ്റിലായ കൊടുംഭീകരര്‍
ഹത്രാസില്‍ സിദ്ദിഖ് കാപ്പനൊപ്പം പിടിയിലായ മറ്റു മൂന്നു പേരും ഉത്തരേന്ത്യക്കാരായിരുന്നു. തുടര്‍ന്നു കാപ്പനെ യുപി പോലീസ് ചോദ്യം ചെയ്തപ്പോഴാണ് മലയാളികളായ റൗഫ് ഷെറീഫ്, അന്‍ഷാദ്, ഫിറോസ് എന്നിവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചു വിവരം ലഭിച്ചത്. അപകടം മണത്ത റൗഫ് ഷെറീഫ് രാജ്യം വിടാന്‍ ശ്രമിക്കവെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായത്. ദല്‍ഹിയില്‍ സിദ്ദിഖ് കാപ്പനൊപ്പം താമസിച്ചിരുന്ന അന്‍ഷാദ് ബദറുദ്ദീന്‍, കാപ്പന്റെ അറസ്റ്റിനു പിന്നാലെ വടകരക്കാരന്‍ ഫിറോസിനെയും കൂട്ടി കേരളത്തില്‍ നിന്ന് ബംഗ്ലാദേശിലേക്കു മുങ്ങി. ഇവര്‍ പിന്നീട് സ്‌ഫോടനപദ്ധതിയുമായി മടങ്ങിയെത്തി യുപി വഴി ട്രെയിനില്‍ സഞ്ചരിക്കവെയാണ് എന്‍ഐഎയും യുപി ഭീകരവിരുദ്ധസ്‌ക്വാഡും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്. പോപ്പുലര്‍ഫ്രണ്ടിന്റെ പല ആക്രമണങ്ങളിലും പങ്കെടുത്തിട്ടുള്ള അന്‍ഷാദിനെയും ഫിറോസിനെയും കുറിച്ചുള്ള വിശദാംശങ്ങള്‍ സിദ്ദിഖ് കാപ്പനിലൂടെയാണു യുപി പോലീസിനു ലഭിച്ചത്.
വഴിത്തിരിവായത് ഡാനിഷ് അബ്ദുല്ലയുടെ അറസ്റ്റ്
വര്‍ഷങ്ങളായി ഒളിവിലായിരുന്ന സിമി താത്ത്വികാചാര്യനും നിരവധി അധോലോക ഓപ്പറേഷനുകളുടെ ബുദ്ധികേന്ദ്രവുമായ ഡാനിഷ് അബ്ദുല്ല പിടിയിലായതും സിദ്ദിഖില്‍ നിന്നു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ്. ദല്‍ഹിയിലെ സരോജിനി നഗറില്‍ വ്യാജപ്പേരുമായി താമസിച്ചിരുന്ന ഡാനിഷിനെ 2020 ഡിസംബര്‍ അഞ്ചിനാണ് ദല്‍ഹി സ്പഷ്യല്‍ പോലീസ് സംഘം സക്കീര്‍നഗറില്‍ നിന്ന് പിടികൂടിയത്.
ഈ മുന്‍ സിമി നേതാവാണ് സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നത് എന്നാണ് സൂചന. ദല്‍ഹി കലാപത്തില്‍ ഉള്‍പ്പെടെ ഡാനിഷ് അബ്ദുല്ല നടത്തിയ ആസൂത്രണങ്ങളെക്കുറിച്ച് സിദ്ദിഖ് കാപ്പന്‍ യുപി പോലീസിനും എന്‍ഐഎയ്ക്കും മൊഴി നല്‍കിയിട്ടുണ്ട്. കാപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡാനിഷ് അബ്ദുല്ലയെ ഹത്രാസ് കലാപശ്രമക്കേസില്‍ പ്രതി ചേര്‍ത്തത്. ദല്‍ഹിയിലും ഉത്തരേന്ത്യയിലെ മറ്റു നഗരങ്ങളിലും നടന്ന കലാപങ്ങള്‍ ആസൂത്രണം ചെയ്തതില്‍ ഡാനിഷിന്റെ പങ്ക് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തോളമായി ഡാനിഷിനെ കുറിച്ച് ചില വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നുവെങ്കിലും അപ്പപ്പോള്‍ അവരുടെ കണ്ണുവെട്ടിച്ചു സമര്‍ഥമായി കടന്നുകളയുകയിരുന്നു. കാപ്പന്‍ നല്‍കിയ വിവരങ്ങള്‍ രാജ്യം തിരഞ്ഞുകൊണ്ടിരുന്ന ഭീകരനെ പിടികൂടാന്‍ പോലീസിനെ സഹായിച്ചു.
ഡാനിഷ് അബ്ദുല്ല സിമിയുടെ ബുദ്ധികേന്ദ്രം;കേരളവുമായി അടുത്തബന്ധം
19 വര്‍ഷം പോലീസിനെ വെട്ടിച്ച് പല പേരുകളില്‍ പല നാടുകളില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു കൊടുംഭീകരനായ ഡാനിഷ് അബ്ദുല്ല. സിമിയുടെ സ്ഥാപകനേതാക്കളില്‍ ഒരാളാണ്. 2001ല്‍ ദല്‍ഹിയിലെ ജാമിയനഗറിലെ സിമി ഓഫീസില്‍ പോലീസ് റെയ്ഡ് നടത്തിയപ്പോള്‍ മുങ്ങിയ ഡാനിഷിന് ഇന്ത്യയില്‍ നടന്ന സ്‌ഫോടന പരമ്പരകളിലും ആക്രമണങ്ങളിലും പങ്കുള്ളതായി കണ്ടെത്തിയിരുന്നു. 2008ലെ അഹമ്മദാബാദ് സ്‌ഫോടനത്തില്‍ ഡാനിഷിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കയായിരുന്നു. സിമി നിരോധനത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ഡാനിഷ് ഒളിത്താവളങ്ങളില്‍ ഇരുന്ന് ഭീകരപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തുവരികയായിരുന്നു. ഇതേ ഡാനിഷ് അബ്ദുല്ലയാണ് സിദ്ദിഖ് കാപ്പനുമായി അടുത്ത ബന്ധം സ്ഥാപിച്ചതെന്നും പോലീസ് കണ്ടെത്തി.
കേരളത്തില്‍ ഡാനിഷിനു വലിയ സ്വാധീനമുണ്ട്. സിമിയുടെ പഴയനേതാക്കളുമായി അടുത്തബന്ധമുള്ള ഡാനിഷിനു പോപ്പുലര്‍ഫ്രണ്ടിന്റെയും മുതിര്‍ന്ന നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു. കേരളത്തിലും കര്‍ണാടകയിലും നടന്ന സിമിയുടെ ആയുധപരിശീലനക്യാമ്പുകളുടെ മുഖ്യബുദ്ധികേന്ദ്രം ഡാനിഷ് അബ്ദുല്ലയായിരുന്നു. സിദ്ദിഖ് കാപ്പന്‍ ദല്‍ഹിയിലെ ജാമിയ കേന്ദ്രമാക്കിയപ്പോള്‍ ഡാനിഷായിരുന്നു ഗുരുസ്ഥാനീയനായി ഉണ്ടായിരുന്നതെന്നാണ് യുപി പോലീസ് കണ്ടെത്തിയത്.
സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യമില്ല
സിദ്ദിഖ് കാപ്പനോട് ജാമ്യത്തിന് കീഴ്‌ക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ചികിത്സയ്ക്കായി ദല്‍ഹിയിലെ ഏതെങ്കിലും ആശുപത്രിയിലേക്ക് തത്കാലം മാറ്റണമെന്നും പരമോന്നത നീതിപീഠം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എ.എ. ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ചികിത്സയ്ക്കുശേഷം സിദ്ദിഖ് കാപ്പനെ മഥുര ജയിലിലേക്ക് തിരിച്ചുകൊണ്ടുപോകാനും കോടതി ഉത്തരവായി.
സിദ്ദിഖ് കാപ്പന്‍ കൊവിഡ് ബാധിതനാണെന്നും ആശുപത്രിയില്‍ ചങ്ങലയ്ക്കിട്ടിരിക്കയാണെന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. കാപ്പനെ മഥുരയില്‍ നിന്ന് മാറ്റണമെന്നായിരുന്നു ഹര്‍ജി സമര്‍പ്പിച്ച കെയുഡബ്ല്യുജെ മുതിര്‍ന്ന അഭിഭാഷകന്‍ വില്‍സ് മാത്യൂസ് മുഖേന ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കാപ്പന് വിദഗ്ധചികിത്സ ലഭ്യമാക്കാന്‍ ഇടക്കാലജാമ്യം അനുവദിക്കണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല. ഇക്കാര്യം ഉന്നയിച്ച അഭിഭാഷകനോട് ജാമ്യമാണോ ചികിത്സയാണോ ഉറപ്പാക്കേണ്ടതെന്നു കോടതി ചോദിച്ചു. ചികിത്സയ്ക്കാണ് ആദ്യ ഊന്നലെന്നു സിദ്ദിഖ് കാപ്പന്റെ അഭിഭാഷകന്‍ മറുപടി പറഞ്ഞു. പിന്നീട് ജാമ്യത്തിന് ഉചിതമായ നടപടി സ്വീകരിക്കാമെന്നും അഭിഭാഷകന്‍ അറിയിച്ചു.
എന്നാല്‍ ചികിത്സയ്ക്കായി ദല്‍ഹിയിലേക്ക് മാറ്റുന്നതിനെ കേസില്‍ ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു. മഥുര കോടതിയുടെ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിക്കു വേണ്ടി സമര്‍പ്പിക്കപ്പെട്ട ഹേബിയസ് കോര്‍പസ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് തുഷാര്‍ മേത്ത വാദിച്ചു. ജാമ്യത്തിനായി കീഴ്‌കോടതിയെ സമീപിക്കാമെന്നും സോളിസിറ്റര്‍ ജനറല്‍ നിലപാടെടുത്തു.
കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ടുകാരന്‍;
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുമെന്നും സോളിസിറ്റര്‍ ജനറല്‍
സിദ്ദിഖ് കാപ്പന്‍ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകനാണെന്നും സമൂഹത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍ ശ്രമം നടത്തിയെന്നും മേത്ത വാദിച്ചു. പോപ്പുലര്‍ഫ്രണ്ട് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള സംഘടനയാണ്. ഭീകരസംഘടനയുമായി അടുത്ത ബന്ധമുള്ള ഈ സംഘടനയെ ചില സംസ്ഥാനങ്ങള്‍ നിരോധിച്ചുകഴിഞ്ഞു. കേന്ദ്രം പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കാന്‍ നടപടി എടുത്തുവരികയാണ്. സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചു.
അതേസമയം യുഎപിഎ വകുപ്പുചുമത്തി ജയിലില്‍ കഴിയുന്ന സിദ്ദിഖ് കാപ്പന്‍ മാത്രമാണ് ഇതുവരെ ജാമ്യത്തിന് കോടതിയെ സമീപിക്കാതിരിക്കുന്നത്. മറ്റുപ്രതികള്‍ മഥുര കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ തള്ളുകയായിരുന്നു. മാധ്യമപ്രവര്‍ത്തകനാണെന്നു ചൂണ്ടിക്കാട്ടി റെഗുലര്‍ ജാമ്യത്തിന് അപേക്ഷിക്കാനുള്ള നീക്കമാണ് സിദ്ദിഖ് കാപ്പന്റെ അഭിഭാഷകര്‍ നടത്തുന്നത്. നേരത്തെ അമ്മയുടെ അനാരോഗ്യം കണക്കിലെടുത്തു ഇടക്കാല ജാമ്യം കാപ്പന്‍ തേടിയിരുന്നു. അന്ന് ഇടക്കാലജാമ്യം അനുവദിച്ച സുപ്രീംകോടതി പക്ഷേ റെഗുലര്‍ ജാമ്യത്തിന്റെ കാര്യത്തില്‍ വ്യക്തമായ നിലപാട് എടുക്കാതെ കേസ്സു മാറ്റുകയായിരുന്നു. ഇപ്പോള്‍ അനാരോഗ്യം ഉന്നയിച്ച് കേസ്സു വീണ്ടും സജീവമാക്കാനും ജാമ്യത്തിനുള്ള വഴികള്‍ ആരായുകയുമാണ് കാപ്പന്റെ അഭിഭാഷകര്‍ ചെയ്തത്. എന്നാല്‍ ആരോഗ്യവിഷയത്തില്‍ ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശിച്ച സുപ്രീംകോടതി, പക്ഷേ ജാമ്യത്തിന് കീഴ്‌ക്കോടതിയെ സമീപിക്കാന്‍ വ്യക്തമായ നിര്‍ദേശം നല്‍കുകയും ചെയ്തു. അതായത് ഇനി ജാമ്യവിഷയം ഉന്നയിച്ച് സുപ്രീംകോടതിയെ സമീപിക്കേണ്ടെന്ന വ്യക്തമായ നിര്‍ദ്ദേശം കോടതി നല്കിയിരിക്കയാണെന്നര്‍ഥം.