നര്‍ത്തകിയുടെ അംഗ-പ്രത്യംഗങ്ങള്‍ സര്‍വ്വതും ചലനങ്ങളിലൂടെയും അചലനങ്ങളിലൂടെയും നവ്യമായ ശരീരഭാഷയായി പരിണമിക്കുന്നു. മനുഷ്യശരീരത്തിലെ നാഡീഞരമ്പുകള്‍ ഉണര്‍വ്വിലേക്കും സഞ്ചരിക്കുന്നതോടൊപ്പം ഭാവനാന്മകമായി ബാഹ്യവത്കരിക്കുകയും ചെയ്യുന്നു. ആന്തരികവും ബാഹ്യവുമായ ഒരു കൊടുക്കല്‍ വാങ്ങല്‍ നര്‍ത്തകിയുടെ ശരീരത്തിനകത്തും പുറത്തും ഒരുപോലെ സംഭവിക്കുന്നു. കര്‍മ്മമാകുന്ന ഒരാശയത്തെ ശരീരം ഒരു ക്രിയയാക്കുന്നു. കര്‍മ്മം മനസ്സാണെങ്കില്‍ ശരീരം ക്രിയയാകുന്നു. മോഹിനിയാട്ടത്തിലെ കഥ എന്ന ഒരാശയം മോഹിനിയാട്ട നര്‍ത്തകി തന്റെ ഉടലുകൊണ്ട് അതിന്റെ കഥാരൂപം സൃഷ്ടിക്കുന്നു. അവളുടെ ഉടല്‍ ഒരാശയത്തെ വാര്‍ത്തെടുക്കുന്നു. ശരീരം ബിംബങ്ങളാകുന്നു. ശരീരശാരീര ഭാവങ്ങള്‍ അനവധി അനവധി ഭാവാത്മകമായ ബിംബ ശില്പങ്ങള്‍ സൃഷ്ടിച്ച് ജീവിതത്തെ വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്. ഇവിടെ നര്‍ത്തകി സ്വയം അടി മുതല്‍ ഉടച്ചുവാര്‍ക്കപ്പെടുകയാണ്. അവളുടെ ശരീരത്തില്‍ ചലനം കൊള്ളാത്ത ഒരവയവവും ബാക്കിയുണ്ടാവില്ല… അതുകൊണ്ടുതന്നെ അവള്‍/അവന്‍ ആരോഗ്യവതികളാകുന്നു. അനാരോഗ്യം അവനെ ബാധിക്കുന്നില്ല. ആപത് ഘട്ടത്തില്‍ എപ്പോഴോ ഒരുപക്ഷെ പ്രവേശിച്ച രോഗാണു വിനുപോലും സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയില്ല. ശക്തി പ്രാപിക്കാനും, രോഗവിമുക്തിയിലേയ്ക്കുമുള്ള ഒരു യാത്രയാണ് നൃത്താഭ്യാസം.
മനുഷ്യന്‍, നര്‍ത്തകനാകുമ്പോള്‍ നൃത്തവേദി മാത്രമല്ല ചടുലമാകുന്നത്. നൃത്തത്തെ ആസ്വദിക്കുന്ന പ്രേക്ഷകനും നൃത്തത്തെ അവതരിപ്പിക്കുന്ന കലാകാരനും ഒരേ സമയം നൃത്താനുഭൂതിയിലൂടെ ആരോഗ്യം കൈവരിക്കുന്നുവെന്ന് മനസ്സിലാക്കണം. മാനസികമായ ആരോഗ്യമാണത്. മനസ്സ് അനുഭൂതിക്ക് പാത്രമാകുമ്പോള്‍ ശരീരം വഴങ്ങികൊടുക്കുകയാണ്. മനസ്സും ശരീരവും ഒന്നാകുന്നു! അനാരോഗ്യമുള്ള ഒരാള്‍ നൃത്താനുഭൂതിയിലൂടെ മനസ്സ് സമ്പുഷ്ടമാക്കുന്നു. സമ്പുഷ്ടമായ മനസ്സ് ആരോഗ്യത്തെ വരവേല്‍ക്കുന്നു. രാത്രിയിലുള്ള ഉറക്കം അനുഗ്രഹമാക്കുന്നു. ഈ ഉറക്കം നൃത്താനുഭൂതിയിലൂടെ കൈവന്ന ദൈവാനുഗ്രഹമാണെന്നേ പറയേണ്ടതുള്ളു.
മനുഷ്യന്‍, നര്‍ത്തകനാകുന്നതോടുകൂടി വികാരവിചാരങ്ങള്‍ക്ക് അര്‍ത്ഥവത്തായ വ്യാഖ്യാനസ്വഭാവം കൈവരുന്നു. കൈ ചലിക്കുമ്പോള്‍, കൈവിരലുകള്‍ ഒന്നൊന്നായി മടക്കുമ്പോഴും നിവര്‍ക്കുമ്പോഴും ജീവജാലങ്ങളും ജന്തുക്കളുമൊക്കെ കൈമടക്കുകളില്‍ പ്രതീകങ്ങളാകുന്നു. മാനിനെയും, ചിത്രശലഭത്തെയും ഗജവീരനെയുമൊക്കെ കൈവിരലുകളാല്‍ ബാഹ്യശില്പമാക്കുന്നു. ശരീരം ജീവിതത്തെ അവതരിപ്പിക്കാനുള്ള വേദിയാകുകയാണ്. അതുകൊണ്ടുതന്നെ നൃത്തജീവിതം നമ്മുടെ ആരോഗ്യജീവിതത്തിന്റെ വാതിലുകള്‍ തുറന്നിടുകയാണ് ചെയ്യുന്നത്.
വായും മൂക്കും മൂടികെട്ടിക്കൊണ്ടുള്ള സമകാലീന ജീവിതത്തില്‍ നൃത്തം മനുഷ്യനിലെ തനതായ സൗന്ദര്യബോധത്തേയും സങ്കല്പത്തേയും ഊട്ടിയുറപ്പിക്കുന്നു. നൃത്തത്തിന്റെ പ്രാധാന്യവും പ്രസക്തിയും മനുഷ്യജീവിതത്തിന് ഉപോല്‍ബലകമാകുന്ന ഒരു കാലഘട്ടമാണിത്. വാമൂടുക, നാസേന്ദ്രീയങ്ങള്‍ മൂടികെട്ടുക തുടങ്ങിയ മുന്നറിയിപ്പുകള്‍ ഭരണകൂടം തരുന്നതോടൊപ്പം ജീവിതത്തിന്റെ ആപല്‍ഘട്ടത്തെയും വിളിച്ചറിയിക്കുന്നു. മനുഷ്യന്‍ ഒറ്റപ്പെടുന്ന ഒരു ദ്വീപായി മാറുകയാണോയെന്ന സംശയം ബാക്കിനില്‍ക്കുമ്പോള്‍ നമുക്കഭയം കലയുടെ ലോകമാണ്. ലോകമെങ്ങും മാരകവും ഭീകരവുമായ ഒരണുവിനെ ഭയന്നും പ്രതിരോധിച്ചും മുന്നേറുമ്പോള്‍ ജീവിതപ്രതിസന്ധിയില്‍ വീണുപോകുന്ന ആധുനിക മനുഷ്യന് ഒരത്താണിയും വഴിയും വഴികാട്ടിയുമാണ് നൃത്താഭ്യാസം.
നൃത്തത്തിലെ ചടുലവും ചലനാത്മകവുമായ ശരീരവും കൈമുദ്രകളും ജീവിതത്തെ അവതരിപ്പിക്കുന്നതാണല്ലോ. ജീവിതാവതരണം നൃത്തത്തിന്റെ സാധ്യതകള്‍ ചൂഷണം ചെയ്യുന്നുവെന്നു വിവക്ഷ. നര്‍ത്തകിയുടെ ഉച്ചി മുതല്‍ കാല്‍പാദം വരെ ആടുകയും ക്രമാനുഗതമായി താളാത്മകമായി ചലിക്കുകയും ചെയ്യുകയാണ്. വായ, കണ്ണ്, മൂക്ക് തുടങ്ങിയ മനുഷ്യാവയവങ്ങളില്‍ക്കൂടി പ്രവേശിക്കുന്നുവെന്നു കരുതുന്ന അദൃശ്യമായ അണു, ബാഹ്യവും ആന്തരികവുമായി ചലിക്കുകയും ചടുലമാകുകയും ചെയ്യുന്ന നര്‍ത്തകനില്‍ പ്രതിരോധിച്ച് നില്‍ക്കാന്‍ പ്രയാസപ്പെടും. നിശ്ചലാവസ്ഥയില്‍ മാത്രമേ രോഗാണു ശക്തമാകുകയുള്ളു. സാദാ ചലനം കൊള്ളുന്ന ഒരു വസ്തുവില്‍ ഒരീച്ചയ്ക്കു പോലും വന്നിരിക്കാന്‍ കഴിയില്ല.
1974 ലാണ് തൃശ്ശൂര്‍ കലാമണ്ഡലത്തില്‍ നൃത്തം അഭ്യസിക്കാന്‍ ഞാന്‍ ചേരുന്നത്. ഒരു ദിവസം കലശലായ പനികൊണ്ട് ഞാന്‍ വിറങ്ങലിച്ച് കിടന്നു. കൂട്ടുകാരൊക്കെ അന്ന് നൃത്തത്തിനായി പോയ്ക്കഴിഞ്ഞു. ഭാരതപ്പുഴയുടെ അടുത്തുള്ള ആ പ്രദേശത്ത് പറയത്തക്ക ആശുപത്രികള്‍ ഒന്നുംതന്നെയില്ല. മരുന്നിനോ മന്ത്രത്തിനോ എനിക്കൊട്ടും പോകാനും തോന്നിയില്ല. കലാമണ്ഡലം പത്മശ്രീ സത്യഭാമ ടീച്ചറും കലാമണ്ഡലം പത്മിനി ടീച്ചറുമാണ് അദ്ധ്യാപികമാര്‍. നൃത്തം അഭ്യസിക്കുന്ന കുട്ടികളുടെ ചാട്ടവും താളവാദ്യങ്ങളുടെ കൊട്ടും കുരവയുമൊക്കെ ഹോസ്റ്റല്‍മുറിയില്‍ കേള്‍ക്കാം. ജനാലയിലൂടെ വള്ളത്തോള്‍ സ്മൃതി മന്ദിരം ഞാന്‍ നോക്കിനില്‍ക്കും. ചൂടുള്ള വെള്ളം മാത്രം കുടിച്ചുകൊണ്ട് ഒറ്റയ്ക്ക് ഞാന്‍ കിടന്നു. നൃത്തചുവടുകളുടെ ശബ്ദം കേള്‍ക്കുമ്പോള്‍ തണുത്തുവിറങ്ങലിച്ചു കിടന്ന ഞാന്‍ ആവേശം കൊള്ളും. ആകെ ഇരുപതോളം നൃത്തവിദ്യാര്‍ത്ഥികളേ അന്ന് കലാമണ്ഡലത്തില്‍ ഉള്ളു. അവിടെ താമസിച്ചു പഠിക്കണം. വിറച്ചു വിറച്ചു ഞാന്‍ ഒന്നു രണ്ടു ദിവസം കിടന്നു. നൃത്തചുവടുകളുടെ താളം കേട്ട് ഞാന്‍ ഉണര്‍ന്നു. എനിക്ക് ആ മുറിയില്‍ നൃത്തം ചെയ്യണമെന്ന് തോന്നി. ഞാന്‍ കൈകൂപ്പി മോഹിനിയാട്ടപദങ്ങള്‍ ഒന്നൊന്നായി ആടാന്‍ തുടങ്ങി. നന്നായി വിയര്‍ത്തു. ഏതാണ്ട് പതിനഞ്ച് മിനിട്ട് നേരം ഞാന്‍ ഒറ്റയ്ക്കാടി. വിയര്‍ത്തുകുളിച്ച് നിലത്തുവിരിച്ച പായയില്‍ ഞാന്‍ വീണത് കൈകൂപ്പിക്കൊണ്ടാണ്; ഒരു ഉറക്കം. ഉണര്‍ന്നത് ആരോഗ്യത്തോടെ…….
ഞാന്‍ കൈകൂപ്പിയത് ജനാലയിലൂടെ അരിച്ചെത്തിയ സൂര്യഭഗവാനെയാണ്. ആ രാത്രി ഞാനുറങ്ങിയതും ഉണര്‍ന്നതും അറിഞ്ഞില്ല! എന്നെ ബാധിച്ച പനിയെ തുരത്തിയത്, ഒറ്റയ്ക്ക് കളിച്ച മോഹിനിയാട്ടം തന്നെയാണെന്ന് വിശ്വസിക്കുന്നു. രോഗവിമുക്തിയാണ് ഓരോ നൃത്തപാതകളും……..
ഇപ്പോള്‍ നമ്മുടെ വിരലുകള്‍ക്ക് പറ്റിയേയ്ക്കാവുന്ന ‘വൈറസ്’ എന്നുവിളിക്കുന്ന ഭീകരന്‍ അണുവിനെ സോപ്പുപയോഗിച്ച് കഴുകി കളയാനാണ് നിര്‍ദ്ദേശിക്കുന്നത്. കൈവിരലുകളിലൂടെയാണ് വായയിലും മൂക്കിലും കണ്ണിലും ഇത് കടക്കുന്നത്. നൃത്തത്തിലെ വായ (പല്ലുകള്‍, ചുണ്ട്, പുഞ്ചിരി) മൂക്ക്, കണ്ണ് തുടങ്ങിയവയൊക്കെ അസംഖ്യം ഭാവങ്ങളുടെ ഭാഷാ ഉപകരണങ്ങളാണ്. അണുസ്പര്‍ശമേറ്റെന്നോ ഇല്ലെന്നോ സന്ദേഹിക്കാതെതന്നെ നാം സ്വയം കൈകഴുകാന്‍ നിര്‍ബന്ധിതനാകുന്നു. നല്ലതുതന്നെ. പണ്ട് നാം വീടുകളില്‍ ചെല്ലുമ്പോള്‍ തന്നെ, വീട്ടുപടിക്കലിനു സമീപമായി ചെമ്പുകിണ്ടിയില്‍ ജലമുണ്ടാകും. നാം കൈയ്യും കാലും കഴുകിയിട്ടാണ് ആ വീട്ടിനകത്തേക്ക് പ്രവേശിക്കുന്നത്. നാം പുറത്തുപോയിട്ടുവന്നാലും ഇതനുഷ്ഠിക്കാറുണ്ട്. കൈകഴുകലും കാല്‍കഴുകലും സന്ധ്യാനേരത്തേ പ്രാര്‍ത്ഥനയുമൊക്കെ നമുക്ക് എപ്പോഴോ നഷ്ടപ്പെട്ടുപ്പോയിരിക്കുന്നു. ഈ നഷ്ടപ്പെടുത്തലിനെ ഓര്‍മ്മപ്പെടുത്തുകയും തിരിച്ചുനടത്തിക്കലുമാണ് ഈ ക്വാറന്റയിന്‍ കാലം നമുക്ക് താക്കീത് നല്‍കിയിരിക്കുന്നത്. പരിചിതര്‍ തമ്മില്‍ കാണുമ്പോഴും അപരിചിതര്‍ പരിചയപ്പെടുമ്പോഴുമൊക്കെ ‘കൈകൂപ്പുക’ എന്ന കര്‍മ്മവും ക്രിയയും നമുക്കെവിടെയോ കളഞ്ഞുപോയത് തിരിച്ചുലഭിച്ചതും അസാധാരണമായ ഈ ക്വാറന്റയിന്‍ കാലത്തായിരിക്കുന്നത് വിധിവൈപരീത്യമായിരിക്കാം……..
വാസ്തവത്തില്‍, ഹസ്തദാനം നമ്മുടേതല്ല. അത്, വൈദേശികമാണ്. കൂപ്പുകൈകളാണ് ഭാരതീയരുടേത്. പാണ്ഡവരുടെ കൊട്ടാരം കാണാന്‍ വന്ന ദുര്യോധനാദികളെ കൂപ്പുന്ന കൈകളുമായിട്ടാണ് ധര്‍മ്മപുത്രാദികള്‍ സ്വീകരിച്ചതെന്ന് ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്. രണ്ട് കൈപ്പത്തികള്‍ തമ്മില്‍ സ്പര്‍ശിക്കുമ്പോള്‍ അവിടെ സംയോഗം സംഭവിക്കുന്നു. ഒരു എനര്‍ജി സ്വന്തം ശരീരത്തിലേക്ക് പരസ്പരം കൈമാറ്റം ചെയ്യുകയാണ്. ഒരു നര്‍ത്തകി/നര്‍ത്തകന്‍ വേദിയിലേക്ക് വരുന്നത് കൂപ്പുന്ന കൈകളുമായിട്ടാണ്. നര്‍ത്തകിയുടെ മടങ്ങിപ്പോക്കും കൈകൂപ്പിയാണ്. ഇവിടെ നര്‍ത്തകി സ്വയം കൈകൂപ്പുന്നതോടൊപ്പം തന്നെ പ്രേക്ഷകനെയും കൈകൂപ്പുന്നതിലേക്ക് വിധേയനാക്കുകയാണ്.
കൈകൂപ്പുന്ന നര്‍ത്തകി കൈപ്പത്തിയോട് ചേര്‍ത്ത് കൈപ്പത്തി വയ്ക്കുക മാത്രമല്ല ചെയ്യുന്നത്, അവളുടെ ഉടലാകെ തന്നെ കൈകൂപ്പുകയാണ് ചെയ്യുന്നത്. അവളുടെ മുഖം കുനിയുന്നു, കണ്ണ് കുനിയുന്നു, കഴുത്ത്, മാറിടം, നിതംബം, തുടകള്‍, കാലുകള്‍, വിരലുകള്‍ എല്ലാ മനുഷ്യാവയവങ്ങളും ഉയരുകയും താഴുകയും ഇടത്തും വലത്തും ചരിയുകയും ചരിഞ്ഞ് ചാഞ്ഞ് താളാത്മകമാകുകയും ചെയ്യുന്നു.
ശരീരത്തിന് ശക്തിയുടെയും ഉന്മേഷത്തിന്റെയും ഒരു ചാല്‍ കണ്ടെത്തുകയും അതിലൂടെ സഞ്ചരിക്കുകയുമാണ് അവള്‍ ചെയ്യുന്നത്. ഒപ്പം അത് കാണുന്ന, രസിക്കുന്ന, അനുഭൂതിക്ക് പാത്രമാകുന്ന കാണിയും ഇതേ അനുഭവത്തിലൂടെ സഞ്ചരിക്കുന്നു; യാത്രയാകുന്നു!
നൃത്തം ഭാവതരംഗം സൃഷ്ടിക്കുന്നത് നര്‍ത്തകിയുടെ ശരീരത്തിലെന്നപോലെ കാണിയിലേക്കും പരകായ പ്രവേശം ചെയ്യുന്നു. പാഞ്ചാലിയായി വേഷമിട്ടുവരുന്ന നര്‍ത്തകി അതിശക്തനായ ദുശ്ശാസനനാല്‍ ആക്രമണത്തിനിരയാകുമ്പോഴും അവള്‍ ശ്രീകൃഷ്ണ ഭഗവാനെ നിലവിളിച്ച് കേഴുമ്പോഴും അവളുടെ വസ്ത്രം വീണുകൊണ്ടിരിക്കുമ്പോഴും അവള്‍ ആന്തരികമായി ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്ന വാസ്തവം നാം തിരിച്ചറിയണം. പാഞ്ചാലിയായി വരുന്ന നര്‍ത്തകിയുടെ കൈയ്യും കാലും വിരലും നഖവും പല്ലുമൊക്കെ സജീവമായി ചലനാന്മകമാവുകയാണ്. ചൈനയില്‍ നിന്നുവന്ന ‘ദുശ്ശാസനനായ കൊറോണയെ തളര്‍ത്താനും തളര്‍ത്തിവീഴ്ത്താനും പാഞ്ചാലിവേഷം ഇപ്പോള്‍ അഭ്യസിക്കുന്നത് ഉചിതമായിരിക്കും. ഓണ്‍ലൈനായി എന്റെ കീഴില്‍ നൃത്തം പഠിക്കുന്ന പ്രിയപ്പെട്ട കുട്ടികളെ അതിലേക്ക് പശ്ചാത്തലമൊരുക്കുന്ന ചുവടുകളാണ് ഞാന്‍ ഇപ്പോള്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഭാരതീയമായ വൈദ്യശാസ്ത്രമാണ് നമ്മുടെ മോഹിനിയാട്ടം ഉള്‍പ്പടെയുള്ള ഓരോ നൃത്തകലകളും.
മനുഷ്യശരീരം ചലനമില്ലാത്ത അവസ്ഥയില്‍ മാത്രമേ അണു, ശക്തി പ്രാപിക്കുകയുള്ളു. വ്യായാമവും കൃത്യനിഷ്ഠയും ശുചിത്വബോധവുമൊക്കെ കൃത്യമായും നിര്‍വ്വഹിക്കുന്ന ഒരാളെ ഒരണുവിനും കീഴ്‌പ്പെടുത്തുവാന്‍ സാധിക്കുകയില്ല. ഉണര്‍വില്‍ ഒരു രോഗത്തിനും മേധാവിത്വം പുലര്‍ത്താന്‍ കഴിയില്ല. ഉറക്കത്തില്‍ മനുഷ്യശരീരത്തിലെ കോശങ്ങളും മയക്കത്തിന്റെ ആലസ്യത്തിലാകും. അപ്പോഴാണ് നെഗറ്റീവ് ഫോഴ്‌സുകള്‍, ശരീരത്തില്‍ ശക്തിമത്താകുന്നത്. ആവശ്യത്തിനുള്ള ഉറക്കം മനുഷ്യനാവശ്യമാണ്. അത് എപ്പോഴാണോ നഷ്ടമാകുന്നത് അപ്പോള്‍ ശരീരത്തിന്റെ ബാലന്‍സ് നഷ്ടമാകും. അന്നേരമാണ് രോഗാണുവിന്റെ ശക്തിപ്രാപിക്കല്‍ കൂടുതല്‍ സജീവമാകുന്നത്. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ കൂടിയും നേരത്തേ പറഞ്ഞ പ്രവൃത്തികള്‍ നൃത്തപഠനവും അഭ്യാസവും നിരന്തരം അഭ്യസിച്ച് വിയര്‍ത്തൊലിക്കുന്നതിലൂടെ ശരീരത്തിലെ പോസിറ്റീവ് എനര്‍ജി, കടന്നുകൂടിയ അണുവിനെ ദുര്‍ബ്ബലമാക്കും. നൃത്ത ജീവിതം ഉപാസിക്കുന്നവരാകട്ടെ, അവര്‍ക്ക് നൃത്തം ചെയ്യുന്ന സമയത്ത് എല്ലാ ശരീരാവയവങ്ങളും താളത്തില്‍ സഞ്ചരിക്കുകയും ഒരു പ്രത്യേക സഞ്ചാരപഥത്തില്‍ കൂടി രക്തചംക്രമണം ഉണ്ടാകുകയും ചെയ്യുന്നു.
മോഹിനിയാട്ടം പോലുള്ള നൃത്തകലകള്‍ ദിവസവും അഭ്യസിക്കുന്ന നര്‍ത്തകികള്‍ ആരോഗ്യവതികളായിത്തീരുന്നതിന്റെയും അതിസുന്ദരികളായി മാറുന്നതിന്റെയും രഹസ്യവും മറ്റൊന്നല്ല. ആരോഗ്യവതിക്കുമാത്രമേ മോഹിനിയാട്ടം, കഥകളി, ഭരതനാട്യം തുടങ്ങിയ നൃത്തകലകള്‍ അഭ്യസിക്കാനും അഭ്യസിപ്പിക്കാനും കഴിയൂ.
നൃത്തം അതിന്റെ ചുവടുവയ്പുകളില്‍ സമസ്ത നാഡീഞരമ്പകളേയും ഉള്‍ക്കൊള്ളുന്നു. നര്‍ത്തകന്റെ ഭാവഹാവാദികളില്‍ കൈകാലുകളും അംഗപ്രത്യംഗങ്ങളും ചലിക്കുകയും ഊര്‍ജ്ജസ്വലമാകുകയും ചെയ്യുന്നു. നര്‍ത്തകിയുടെ കാല്‍വിരലുകളും കൈവിരലുകളും തലമുടിയിഴകളില്‍ വരെ ചലനാന്തരീക്ഷം സജീവമാകുന്നഅവസ്ഥ ഉടലെടുക്കുന്നു. അപ്പോഴൊക്കെയും നര്‍ത്തകിയുടെ ശരീരഭാഷ, ഒരു നൃത്താശയത്തെ സജീവമായി നിലനിര്‍ത്താന്‍ ഭാവങ്ങള്‍ ഒന്നിനുപുറകെ ഒന്നൊന്നായി വിരിയുകയും വിടരുകയും അസ്തമിക്കുകയും വീണ്ടും മറ്റൊന്നായി പുനര്‍ജ്ജനിക്കുകയും ചെയ്യുന്നു. ഇവിടെ ശരീരമാസകലം അനങ്ങുകമാത്രമല്ല, വികാരവിജൃുഭിതമായ ഒരു ലോകം തന്നെ നര്‍ത്തകിയുടെ ശരീരം സൃഷ്ടിക്കുന്നു. ശരീരം ഭാഷയായി, രൂപമായി, ഭാവമായി, ആശയമായി അവതാരം കൊള്ളുന്നു. അതുകൊണ്ട് നൃത്തശരീരം, ആരോഗ്യശരീരമാണ്. ആരോഗ്യത്തിന്റെ രൂപവും ഭാവവുമാണ് നൃത്തഭാഷയായി സംവേദനം ചെയ്യുന്നത്. അത് സംവേദനത്തിന്റെ ഭാഷയായി പരിണമിക്കുന്നു. ശരീരത്തെ രോഗാണുവില്‍ നിന്ന് വിമുക്തമാക്കാനാവത് സഹായിക്കുന്ന ഓരോ നൃത്തശില്പവും മനുഷ്യനെ രോഗാവസ്ഥയില്‍ നിന്ന് സ്വതന്ത്രമാക്കുന്നു. സ്വാതന്ത്ര്യത്തിന്റെ കലയും ശരീരവുമാണ് നൃത്തം.