ഗാന്ധിജിയുടെ ആദ്യ കേരള സന്ദര്‍ശനത്തിന് നൂറുവയസ്സ്
മഹാത്മാ ഗാന്ധിജി അഞ്ച് തവണ കേരളം സന്ദര്‍ശിക്കുകയുണ്ടായി. 1920 ആഗസ്റ്റ് 18നാണ് ആദ്യ സന്ദര്‍ശനം; ഇത് ഒരു ദിവസത്തെ പരിപാടിയായിരുന്നു. 1925 മാര്‍ച്ച് (8-19), 1927 ഒക്‌ടോബര്‍ (9-25), 1934 ജനുവരി (10-21), 1937 (ജനുവരി 21) എന്നീ കാലത്തായിരുന്നു മറ്റ് സന്ദര്‍ശനങ്ങള്‍.
അഞ്ചു തവണ കേരളം സന്ദര്‍ശിച്ച ഗാന്ധിജി അന്‍പതു ദിവസം ഇവിടെ താമസിക്കുകയുണ്ടായി. ഒന്നാം സന്ദര്‍ശനം കോഴിക്കോട്ടുമാത്രം ഒതുങ്ങി നിന്നപ്പോള്‍ രണ്ടാം സന്ദര്‍ശനം വൈക്കം സത്യഗ്രഹം സംബന്ധിച്ചായിരുന്നു. ഈ സന്ദര്‍ശനവേളയില്‍ ഗാന്ധിജി ശിവഗിരിയിലെത്തി. 1925 മാര്‍ച്ച് 12ന് അദ്ദേഹം ശിവഗിരിയിലെത്തി ഗുരുദേവനെ സന്ദര്‍ശിച്ചു. എ.കെ. ഗോവിന്ദദാസിന്റെ ശിവഗിരിയിലെ ‘ഗാന്ധ്യാശ്രമം’ എന്ന ഭവനത്തിലായിരുന്നു ആ കൂടിക്കാഴ്ച. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി എന്‍. കുമാരനായിരുന്നു ദ്വിഭാഷി. രണ്ടു ദിവസം ശിവഗിരിയില്‍ താമസിച്ചതുള്‍പ്പെടെ പന്ത്രണ്ടു ദിവസം ആ സന്ദര്‍ശനത്തില്‍ കേരളത്തിലുണ്ടായിരുന്നു.
ഹരിജനോദ്ധാരണാര്‍ത്ഥം 1934ല്‍ കേരളത്തില്‍ എത്തിയപ്പോഴും ഗാന്ധിജി ശിവഗിരി സന്ദര്‍ശിച്ചു. 1936ല്‍ തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായി. അതിന്റെ ആഘോഷപരിപാടിയില്‍ പങ്കെടുക്കുവാന്‍ 1937 ജനുവരി 12ന് ഗാന്ധിജി തിരുവനന്തപുരത്തെത്തി. അപ്പോഴും ശിവഗിരിയില്‍ വരികയുണ്ടായി. ജനുവരി 13-ാം തിയ്യതി ഈഴവക്ഷേത്ര പ്രവേശന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച മഹാസമ്മേളനത്തില്‍ ശ്രീനാരായണഗുരുവിന്റെയും ടി.കെ. മാധവന്റെയും സേവന പ്രവര്‍ത്തനങ്ങളെ ഗാന്ധിജി പ്രശംസിക്കുകയുണ്ടായി. കന്യാകുമാരി സന്ദര്‍ശനത്തിനുശേഷം ജനുവരി 18ന് വീണ്ടും ശിവഗിരി സന്ദര്‍ശിച്ചു. ഇതുപ്രകാരം മൂന്നു തവണ ഗാന്ധിജി ശിവഗിരി സന്ദര്‍ശിക്കുകയുണ്ടായി.
1924ല്‍ കേരളത്തെ ദുരന്തത്തിലാഴ്ത്തിയ പ്രളയ വാര്‍ത്ത അറിഞ്ഞ ഗാന്ധിജി “നവജീവന്‍” പത്രത്തില്‍ സഹായമഭ്യര്‍ത്ഥിച്ച് ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. ഗാന്ധിജിയുടെ അഭ്യര്‍ത്ഥന പ്രകാരം ഇന്ത്യയുടെ പലഭാഗങ്ങളില്‍ നിന്നും സംഭാവനകള്‍ ലഭിച്ചു. പ്രളയത്തില്‍ ആയിരക്കണക്കിനു വീടുകള്‍ തകര്‍ന്നു വീണു. വിളകള്‍ ഒലിച്ചുപോയി. കേരളീയരെ സഹായിക്കാനായി കൂടുതല്‍ പണവും വസ്ത്രവും ഗാന്ധിജി ശേഖരിച്ചുകൊണ്ടിരുന്നു. മലബാറിലെ ഭക്ഷ്യക്ഷാമത്തെ കുറിച്ച് ഗാന്ധിജി ഇങ്ങനെ ചോദിക്കുകയുണ്ടായി – ”നാളികേരവും ധാരാളം വാഴപ്പഴവും ലഭിക്കുന്ന നാട്ടില്‍ എങ്ങിനെ ഭക്ഷ്യക്ഷാമം ഉണ്ടായി.”
ഗാന്ധിജി കേരള സന്ദര്‍ശനകാലത്ത് നടത്തിയ പ്രസംഗങ്ങളിലൂടെ വളരെയേറെ ജനപ്രീതി നേടുകയൂണ്ടായി. ജനങ്ങള്‍ക്ക് ഗാന്ധിജിയോട് അതിരറ്റ വിശ്വാസവും സ്‌നേഹവും ഉണ്ടായി. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഫണ്ട് പിരിവിന് ജനങ്ങള്‍ കൈയ്യിലുള്ളതെല്ലാം നല്‍കാന്‍ തയ്യാറായത്. കൗമുദി ടീച്ചര്‍, അതുപോലെ ഒട്ടേറെ സ്ത്രീജനങ്ങള്‍ അണിഞ്ഞിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ ഒരു മടിയും കൂടാതെ അഴിച്ചു നല്‍കി. ഇത് ഗാന്ധിജിയെപ്പോലും അത്ഭുതപ്പെടുത്തി. കേരളീയ വനിതകളുടെ ഏളിമയും ശാലീനതയും ശുചിത്വവും വിദ്യാഭ്യാസമുന്നേറ്റവും ഗാന്ധിജി അഭിനന്ദിക്കുകയുണ്ടായി.
കേരളത്തിന്റെ പ്രകൃതി സൗന്ദര്യത്തെ പറ്റി 1925ല്‍ ‘നവജീവന്‍’ എന്ന പ്രസിദ്ധീകരണത്തില്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. കന്യാകുമാരിയിലും അതുപോലെ സമീപക്ഷേത്രങ്ങളിലും ഗാന്ധിജിയെ കയറാന്‍ അനുവദിക്കാത്തതില്‍ അദ്ദേഹം ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്. അന്നു കേരളത്തെ ഗ്രസിച്ചിരുന്ന അയിത്തവും തൊട്ടുകൂടായ്മയും മദ്യാസക്തിയും ഗാന്ധിജിയെ ഏറെ വേദനിപ്പിച്ചിരുന്നു.
കമ്മ്യൂണിസ്റ്റ് നേതാവായ കെ.പി.ആര്‍. ഗോപാലനെ തൂക്കുമരത്തില്‍ നിന്നും ഗാന്ധിജിയുടെ അഭ്യര്‍ത്ഥന പ്രകാരം മോചിപ്പിച്ചത് കേരളം ഇന്നും ആദരവോടെ സ്മരിക്കുകയാണ്.