ആയിരം വര്‍ഷം മുന്‍പ്, ക്രി.വ. 1018 അവസാന പാദം, ഭാദ്രപദ മാസം. അന്ന് ശ്രീകൃഷ്ണ ജന്മാഷ്ടമി ആയിരുന്നു. നിറയെ പൂത്തുലഞ്ഞ കണിക്കൊന്ന മരം പോലെ മഥുരാ നഗരം അണിഞ്ഞൊരുങ്ങി നിന്നു. ഈയൊരു ദിവസത്തിന്റെ പൊന്‍പുലരി പീലിവിടര്‍ത്തുന്നതു സ്വപ്‌നം കണ്ട് കുമാരീകുമാരന്മാര്‍ എത്രയോ ദിവസങ്ങളായി കാത്തിരിക്കുന്നു. ഈ പകലും വരുന്ന പൗര്‍ണ്ണമിരാത്രിയും അവര്‍ക്കുള്ളതാണ്; തിളയ്ക്കുന്ന കൗമാരങ്ങള്‍ക്കുള്ളത്.
മഥുരയും വൃന്ദാവനവും ഭരിക്കുന്ന യാദവവംശ രാജാവാണ് മഹാരാജാ കാല്‍ചന്ദ്. ചെറിയൊരു നാട്ടുരാജ്യത്തിന്റെ വിസ്തൃതിയും സൈനികശക്തിയും മാത്രമേ അതിനുള്ളൂ. രാജ്യമൊട്ടാകെ പരന്നുകിടക്കുന്ന ഗോതമ്പു പാടങ്ങളാണ് രാജ്യത്തിന്റെ സ്വത്ത്. ദില്ലി കേന്ദ്രമാക്കി ഭരിച്ചിരുന്ന അതികായന്മാരായ ഹിന്ദു ചക്രവര്‍ത്തിമാരുടെ സാമന്തരായിരുന്നു ഒരു കാലത്ത് മഥുരയും വൃന്ദാവനവും. പരസ്പരം തല്ലിപ്പിരിയുന്ന യാദവ സമൂഹത്തിന്റെ സഹജ സ്വഭാവം വലിയ രാജവംശങ്ങളെ ചിതറിച്ചു. പുതിയ രാജവംശങ്ങള്‍ ചെറിയ തുരുത്തുകളില്‍ ഒതുങ്ങിക്കൂടി. അവര്‍ കലഹങ്ങളിലും കുടിപ്പക തീര്‍ക്കുന്നതിലും വ്യാപൃതരായി. തമ്മില്‍ത്തല്ലി ക്ഷീണിച്ചു കഴിഞ്ഞിരുന്ന ഈ രാജാക്കന്മാര്‍ക്ക് ഒരു വന്‍ശക്തിയുടെ ആക്രമണത്തെ പ്രതിരോധിക്കുവാനുള്ള ശക്തി ഉണ്ടായിരുന്നില്ല.
ആസന്നമായ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് കാല്‍ചന്ദ് മഹാരാജാവിന്റെ ദര്‍ബാര്‍. മന്ത്രിമാരും സേനാനായകരും വാണിജ്യ പ്രമുഖരും സമൂഹത്തിലെ മറ്റു പ്രമാണിമാരും ഹാജരായിട്ടുണ്ട്.
“ശ്രീകൃഷ്ണ ഭഗവാന്‍ അന്നേദിവസം സ്വര്‍ഗ്ഗത്തില്‍ നിന്നു നോക്കുമ്പോള്‍ നക്ഷത്രമണ്ഡലം പോലെ തിളങ്ങിക്കൊണ്ടിരിക്കണം മഥുരയും ബൃന്ദാവനവും.”രാജാവു പറഞ്ഞു.
“പഴവര്‍ഗ്ഗങ്ങളും മധുരപലഹാരങ്ങളും കച്ചവടം ചെയ്യുന്ന വണിക്കുകള്‍ പതിവിലേറെ എത്തിയിട്ടുണ്ട് മഹാരാജന്‍. കളിപ്പാട്ടങ്ങളും കരകൗശല വസ്തുക്കളും വില്ക്കുന്നവര്‍ നഗരങ്ങള്‍ നിറയെ എത്തും. പട്ടുചേലകള്‍ വില്ക്കുന്നവര്‍ വൃന്ദാവനം മുതല്‍ മഥുര വരെയുള്ള രാജവീഥി വര്‍ണ്ണാഭമാക്കും. തെളിഞ്ഞ കാലാവസ്ഥയും പതിവിലേറെ മികച്ച ഗോതമ്പുവിളവും പ്രജകളെ ഉത്സാഹഭരിതരാക്കിയിട്ടുണ്ട് മഹാരാജന്‍-” മഹാമന്ത്രി പറഞ്ഞു.
“സബാഷ് മഹാമന്ത്രീ…. കുട്ടികള്‍ക്ക് കൗമാരത്തെക്കുറിച്ചുള്ള സ്മരണകളില്‍ സൂക്ഷിക്കാന്‍ തേന്‍പോലെ മധുരിക്കുന്ന ഒരു കൃഷ്ണാഷ്ടമി കൂടി നമുക്കു സമ്മാനിക്കാം.”രാജാവു പറഞ്ഞു.
ദര്‍ബാര്‍ ആഹ്ലാദകരമായി ഏറെനേരം നീണ്ടുനിന്നു. ഒടുവില്‍ സാമന്തര്‍ പിരിഞ്ഞുകൊണ്ടിരിക്കെ ചാരവര്‍ത്തമാനങ്ങളുടെ ചുമതല വഹിക്കുന്നയാള്‍ തിടുക്കത്തില്‍ മഹാമന്ത്രിയെ സമീപിച്ചു. അയാള്‍ പറഞ്ഞതു സശ്രദ്ധം ശ്രദ്ധിച്ചതിനുശേഷം മന്ത്രി അയാളെയും കൂട്ടി രാജാവിന്റെ മുന്‍പിലെത്തി.
“മഹാരാജന്‍.. ഇയാള്‍ പറയുന്നതു ശ്രവിച്ചാലും… അഹിതകരമായ വാര്‍ത്തയാണ് അയാള്‍ കൊണ്ടുന്നിരിക്കുന്നത്.” മഹാമന്ത്രി പറഞ്ഞു.
രാജാവ് തല ഉയര്‍ത്തി.
“വടക്കുനിന്ന് ഒരു കൊള്ളസംഘം നമുക്കു നേരെ വരുന്നതായി ചാരവര്‍ത്തമാനമുണ്ട് മഹാരാജന്‍. കാംബോജവും (കനൂജ്) മീററ്റും കൊള്ളചെയ്ത ശേഷമാണ് അവറ്റകള്‍ ഇങ്ങോട്ടു തിരിഞ്ഞിരിക്കുന്നതെന്നു കേട്ടു.” ചാരന്‍ പറഞ്ഞു.
“അതൊരു രാജാവോ ചക്രവര്‍ത്തിയോ നടത്തുന്ന പടയോട്ടമാണോ, അതോ കൊള്ളമുതലിനു വേണ്ടിമാത്രം നടത്തുന്ന ഒരു മിന്നലാക്രമണമോ?”രാജാവു ചോദിച്ചു.
“അത്രയും സൂക്ഷ്മമായി വിവരം ശേഖരിക്കുന്നതിന് നമ്മുടെ ചാരന്മാര്‍ പലരും മുന്നിലുണ്ട് തിരുമനസ്സേ. ലഭ്യമായ വിവരങ്ങളുമായി ഒരു ചാരന്‍ എത്തിയിരിക്കുന്നു എന്നേയുള്ളൂ. എന്തായാലും ഈ കൊള്ളക്കൂട്ടം ഭാരതീയരല്ലെന്നു തീര്‍ച്ചയാക്കിയിട്ടുണ്ട്. ഖൈബര്‍ ചുരം കടന്ന് കൊള്ളയ്ക്കു വരാറുള്ള ഏതോ ഒരു കൂട്ടമായിരിക്കും.”ചാര സംഘത്തലവന്‍ പറഞ്ഞു.
“രണശൂരന്മാരായ ആയിരം കുതിരപ്പടയാളികളും അയ്യായിരം കാലാള്‍ സൈനികരും ചെറിയൊരു ഗജസേനയും നമുക്കുണ്ട്. ഓരോ സൈനികനും ശരിക്കും ചാവേറുകള്‍ തന്നെ. ഏതു കൊള്ളക്കൂട്ടമാണ് ഇത്രയും വീറുള്ള യാദവസൈന്യത്തെ എതിര്‍ക്കാന്‍ ധൈര്യപ്പെടുന്നത്?”
മഹാമന്ത്രി അതിരുകവിഞ്ഞ ആത്മവിശ്വാസത്തോടെ പറഞ്ഞു.
“മഹാമന്ത്രിയുടെ ആത്മവിശ്വാസം ആശ്വാസകരം തന്നെ. പക്ഷേ അതൊരു കൊള്ളസംഘമാണോ ഏതെങ്കിലും ശക്തിയുള്ള രാജ്യത്തിന്റെ ആക്രമണ സേനയാണോ എന്ന് നാം അറിയേണ്ടതുണ്ട്.”
രാജാവ് ആലോചനാമഗ്നനായി.
“ചാരവര്‍ത്തമാനവുമായി തുടര്‍ച്ചയായി ആളുകള്‍ എത്തിക്കൊണ്ടിരിക്കും തിരുമേനീ. അങ്ങേയ്ക്കു വേണ്ട വിവരങ്ങള്‍ വൈകുകയില്ല.”
ചാര സംഘത്തലവന്‍ പറഞ്ഞു.
രാജാവ് ഉടന്‍തന്നെ സൈന്യത്തലവന്‍ യോഗേന്ദ്രയാദവിനും രാജാവിന്റെ അംഗരക്ഷക സംഘത്തലവന്‍ സൂര്യകിരണിനും ആളയച്ചു. അവര്‍ തല്‍ക്ഷണം എത്തിച്ചേര്‍ന്നു. രാജാവ് കാര്യങ്ങള്‍ വളരെ വിശദമായി അവരെ ധരിപ്പിച്ചു. ഒടുവില്‍ ഇപ്രകാരം പറഞ്ഞു.
“ഈ ദിവസത്തെ ആഘോഷത്തിന് ഒരു വര്‍ഷമായി കാത്തിരിക്കുന്നവരാണ് നമ്മുടെ പ്രജകളും പ്രത്യേകിച്ച് കുമാരീ കുമാരന്മാരും. ഈ വാര്‍ത്ത അവരുടെ ചെവിയിലെത്തിയാല്‍ കഴുകനെക്കണ്ട പ്രാവിന്‍കുഞ്ഞുങ്ങളെപ്പോലെ അവര്‍ ഭയന്നുവിറയ്ക്കും. അതുകൊണ്ട് ഈ രഹസ്യം ചോര്‍ന്നു പോകരുത്.”
“നമ്മുടെ സൈന്യമത്രയും യമുനാനദി കടന്ന് മഹാവനത്തില്‍ പ്രവേശിക്കണം. നദിക്കരയില്‍ നിന്ന് അര ദിവസത്തെ യാത്രക്കപ്പുറത്ത് നമുക്ക് ശത്രുവിനെ കാത്തു കിടക്കണം. ചെറിയൊരു കൊള്ളക്കൂട്ടമാണെങ്കില്‍ ഒളിയാക്രമണത്തിലൂടെ നമുക്കവരെ ഉന്മൂലനം ചെയ്യാന്‍ കഴിയും. വലിയൊരു സൈന്യമാണു വരുന്നതെങ്കില്‍… അതു കാത്തിരുന്നു കാണാം…”
രാജാവു പറഞ്ഞു.
“തിരുമനസ്സേ…. യമുന കടന്ന് തെക്കോട്ടു സഞ്ചരിക്കുമ്പോള്‍, കുറ്റിക്കാടുകള്‍ അവസാനിക്കുന്നതും കുറച്ചുഭാഗം കനംകൂടിയ മരക്കൂട്ടങ്ങളാല്‍ ആവൃതമായിരിക്കുന്നതുമായ പ്രദേശം കാണാം. ആ കാട്ടിനുള്ളില്‍ നമ്മുടെ സൈന്യത്തെ ഒളിച്ചുനിര്‍ത്താം. ഒട്ടും പ്രതീക്ഷയില്ലാതെ കടന്നുവരുന്ന ശത്രുവിനെ നമുക്കവിടെവച്ചു കശാപ്പുചെയ്യാം.”
സൈന്യത്തലവന്‍ യോഗേന്ദ്രയാദവ് പറഞ്ഞു.
“അങ്ങനെയെങ്കില്‍ ഗജസേന സാവധാനം പുറപ്പെട്ടാല്‍ മതിയാകും. കാരണം അവരുടെ തയ്യാറെടുപ്പിന് സമയമെടുക്കും. കുതിരയും കാലാളും ആദ്യം നീങ്ങട്ടെ. നാളെ പ്രഭാതത്തില്‍ പട പുറപ്പെടണം. ഉത്സവ ദിവസത്തിനു മുന്‍പുള്ള പതിവു പരിശോധനയ്ക്കു പുറപ്പെടുന്നു എന്നാണ് പ്രചരിപ്പിക്കേണ്ടത്.”
ഇത്രയും പറഞ്ഞ് രാജാവ് എഴുന്നേറ്റു.
അദ്ദേഹം നേരെ അന്തഃപുരത്തിലേക്കാണു പോയത്. രാജാവിന്റെ ഏതു മാനസിക പ്രശ്‌നത്തിനും അന്തിമ പരിഹാരമാണ് മഹാറാണി ആനന്ദമയീദേവി. മഹാറാണിയുടെ തിളങ്ങുന്ന സൗന്ദര്യവും സൗമ്യമായ പെരുമാറ്റവും പ്രജകള്‍ക്കു മുന്‍പില്‍ അവരെ ജീവിക്കുന്ന ദേവിതന്നെ ആക്കിയിരിക്കുന്നു.
രാജാവിന്റെ മുഖം കണ്ടപ്പോഴേ ആനന്ദമയീ ദേവിക്കു മനസ്സിലായി എന്തോ കുഴപ്പമുണ്ടെന്ന്. ചോദിച്ച പ്പോള്‍ അദ്ദേഹം കാര്യം വിശദമാക്കി.
“അതു ചെറിയൊരു കൊള്ളക്കൂട്ടമാണെങ്കില്‍ സാരമില്ല. അല്ലാത്ത പക്ഷം….” രാജാവ് മൗനത്തിലേയ്ക്ക് ഉള്‍വലിഞ്ഞു.
“തീര്‍ച്ചയായും അതു ചെറിയൊരു കൊള്ളസംഘമായിരിക്കും. നമ്മുടെ സൈന്യം അവരെ നശിപ്പിക്കുകയും ചെയ്യും.” റാണി അദ്ദേഹത്തിന് ആത്മവിശ്വാസം പകര്‍ന്നു.
അങ്ങനെ പിറ്റേന്നു പ്രഭാതത്തില്‍ പട പുറപ്പെട്ടു. തരിശായി കിടക്കുന്ന കുറ്റിക്കാടുകളിലൂടെ അര ദിവസത്തെ യാത്ര. സൈന്യാധിപന്‍ പറഞ്ഞതുപോലെ വന്‍വൃക്ഷങ്ങള്‍ നിബിഡമായി വളരുന്ന ഒരു ചെറിയ പ്രദേശം കണ്ടെത്തി. ഈ കാട്ടിലാണ് ശ്രീകൃഷ്ണനും ഗോപകുമാരന്മാരും കാലിമേയ്ച്ചു നടന്നത്. കൃഷ്ണന്റെ മുരളീഗാനം പരന്നൊഴുകിയിരുന്ന അതേ മരക്കൂട്ടങ്ങള്‍. മഹാരാജാവ് സഞ്ചരിക്കുന്ന പടയാനയും ആയിരം പടക്കുതിരകളും അയ്യായിരം കാലാള്‍ സൈന്യവും അവിടെ കാത്തുകിടന്നു.
അവരുടെ ഒളിയിടത്തിനു കുറച്ചു മുന്നില്‍ ചെറിയൊരു മൊട്ടക്കുന്നുണ്ട്. കുന്നിനു മുകളില്‍ സൂചിയി ലകളുള്ള ഒരു മരം മാത്രം ശിഖരങ്ങളില്ലാതെ കൈചൂണ്ടിപോലെ മുകളിലേയ്ക്കു വളരുന്നു. യോഗേന്ദ്ര യാദവ് സമര്‍ത്ഥനായ ഒരു സൈനികനെ വിളിച്ചു പറഞ്ഞു.
“ചക്രപാണീ…. നീ ആ കുന്നിനു മുകളില്‍ മരച്ചുവട്ടില്‍ കാവല്‍ നില്ക്കുക. നാലുപാടും സദാ നിരീക്ഷിക്കുക.”
ചക്രപാണി പുല്ലിനു മുകളില്‍ വിരിച്ച ചൗക്കാളത്തില്‍, ചെവി മണ്ണില്‍ ചേര്‍ത്തുവച്ച് ചരിഞ്ഞു കിടക്കുകയായിരുന്നു. പൊടുന്നനെ ഹൃദയം മിടിക്കുന്നതുപോലെ ഒരു ശബ്ദം കേട്ടുതുടങ്ങി. ഭൂമിയുടെ പ്രകമ്പനം പോലെ അതു തുടര്‍ന്നു. ചക്രപാണി എഴുന്നേറ്റുനിന്നു ചുറ്റും നോക്കി. ഒന്നും ദൃഷ്ടിയില്‍ പതിയുന്നില്ല. ചക്രപാണി വീണ്ടും കിടന്ന് മണ്ണില്‍ ചെവി ചേര്‍ത്തുപിടിച്ചു. ഒരേസമയം ആയിരക്കണക്കിനു ഉലക്കകള്‍കൊണ്ട് നെല്ലുകുത്തുന്നതുപോലെ.
കുതിരക്കുളമ്പടികളാണോ? ചക്രപാണിയുടെ ശരീരം വിറങ്ങലിച്ചു. അയാള്‍ മരത്തിനു മുകളിലേയ്ക്ക് വലിഞ്ഞുകയറി. ഏറ്റവും ഉയരത്തിലിരുന്ന് ചുറ്റും നോക്കി. അയാള്‍ക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ചക്രവാളം നിറഞ്ഞുകവിഞ്ഞ് കറുത്ത കടല്‍ജലം പോലെ എന്തോ ഒന്ന് ഉരുണ്ടുകൂടി വരുന്നുണ്ട്. ഇത്തരമൊരു കാഴ്ച ചക്രപാണിയുടെ ജീവിതത്തില്‍ ആദ്യം. നെഞ്ചിടിപ്പോടെ നോക്കിനില്‌ക്കെ എല്ലാം വ്യക്തമാകുന്നു. പതിനായിരക്കണക്കിനു പടക്കുതിരകള്‍, നൂറുകണക്കിന് ആനകള്‍, ലക്ഷക്കണക്കിനു വരുന്ന കാലാള്‍ സൈന്യം. നരകം പൊളിച്ചു വരുന്ന കിരാതമൂര്‍ത്തികളുടെ അന്തമില്ലാത്ത ശ്രേണി.
ചക്രപാണി മരത്തിനുമുകളില്‍ നിന്ന് ഉരുണ്ടുചാടി സൈനിക പാളയത്തിലേയ്ക്കു പാഞ്ഞു. അവിടെയെത്തിയപ്പോള്‍ അവസാനമെത്തിയ ചാരന്‍ കൊണ്ടുവന്ന വര്‍ത്തമാനം ശ്രവിക്കുകയായിരുന്നു മഹാരാജാവ്.
മുഹമ്മദ് ഗസ്‌നിയുടെ സൈന്യമാണു വരുന്നത്. ക്രി.വ. 1017 ലെ വസന്തകാലത്ത്, സുല്‍ത്താന്‍ മുഹമ്മദു ഗസ്‌നി ഹിന്ദുസ്ഥാനിലേയ്ക്ക് ഒരു വിശുദ്ധയുദ്ധത്തിനു (ജിഹാദ്) പദ്ധതിയിട്ടു. ഒരുലക്ഷം വരുന്ന കാലാളും ഇരുപതിനായിരം കുതിരപ്പടയും പുറപ്പെടാനുള്ള ആജ്ഞ കാത്തു നിന്നു. ഹിന്ദുസ്ഥാനിലെ അവിശ്വാസികളെ നശിപ്പിക്കുന്നതിനുള്ള വിശുദ്ധയുദ്ധത്തില്‍ പങ്കുകൊള്ളാന്‍ ടര്‍ക്കി, ഉസ്ബക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, കസാഖിസ്ഥാന്‍, ഖൊറാസാന്‍ തുടങ്ങിയ പ്രാകൃത രാജ്യങ്ങളില്‍ നിന്നും കിരാത സൈന്യം പോഷകനദികളായി ഗസ്‌നിയില്‍ എത്തിക്കൊണ്ടിരുന്നു.
അന്നും ഇന്നും ഇറാന്റെ ഭാഗമായ അതിവിശാലമായ മരുപ്രദേശമാണ് ഖൊറാസാന്‍. അസ്ഥി പൊടിയുന്ന തണുപ്പിനും രക്തം ആവിയാകുന്ന ചൂടിനും ഇടയില്‍ പിടയുന്ന ജനജീവിതം. പ്രകൃതിയുടെ രൗദ്രഭാവങ്ങള്‍ അതേപടി ആവര്‍ത്തിക്കുന്ന മനുഷ്യര്‍. മരുഭൂമിയിലെ യുദ്ധ ഗോത്രങ്ങള്‍ക്കുവേണ്ടി കൂലിക്കു യുദ്ധം ചെയ്യലാണ് ജനതയുടെ മുഖ്യജോലി. കരിഞ്ഞുകിടക്കുന്ന മണ്ണില്‍ പച്ചത്തുരുത്തുകളില്ല. കന്നുകാലികളില്ല. കരിഞ്ഞ പുല്‍നാമ്പുകള്‍ തിരഞ്ഞു നടക്കുന്ന ചെമ്മരിയാടുകളെ ഇടക്കിടെ കാണാം. സഹജീവിസ്‌നേഹമെന്നോ അനുകമ്പയെന്നോ കേട്ടിട്ടില്ലാത്ത ഈ പ്രാകൃത ജീവികളില്‍ നിന്നാണ് മുഹമ്മദ് ഗസ്‌നി മുഖ്യമായും തന്റെ പോരാളികളെ തിരഞ്ഞെടുക്കുന്നത്. ഇനിയുള്ളത് അഫ്ഗാനികളാണ്. ദിനോസറിന്റെ പല്ലുകള്‍പോലെ നിരതെറ്റി നില്ക്കുന്ന വരണ്ട കുന്നുകള്‍ മാത്രമുള്ള പ്രദേശം. ഘോരമായ തണുപ്പിനും ചൂടിനുമിടയില്‍ ചക്രശ്വാസം വലിക്കുന്ന ആ ജനതയ്ക്ക് വിദ്യാഭ്യാസവും സംസ്‌കാരവും എന്നും അന്യമായിരുന്നു. ഓരോ കുന്നിനുമപ്പുറത്ത് രാജാവായി വാഴുന്ന ഗോത്രത്തലവന്മാര്‍ക്കു കീഴില്‍ സദാ പടക്കൊരുങ്ങി കഴിയുന്ന ജനത. ടര്‍ക്കിസ്ഥാനിലും ട്രാന്‍സോക്‌സിയാനയിലും ഭൂപ്രകൃതിയും കാലാവസ്ഥയും ജനങ്ങളുടെ മനോഭാവവും ഇതുതന്നെ. യുദ്ധമെന്നു കേട്ടാല്‍ ഏതു ഗോത്രത്തലവനോടൊപ്പവും അവര്‍ ചേരും. കാരണം ഇഷ്ടംപോലെ കൊള്ള ചെയ്യാനും ബലാല്‍ക്കാരം ചെയ്യാനുമുള്ള സ്വാതന്ത്ര്യമാണ് പോരാളികള്‍ക്കു ലഭിക്കുന്നത്.
അങ്ങനെ പ്രാകൃതരും കിരാതന്മാരുമായ ഒരു ലക്ഷം കാലാളിനെയും ഇരുപതിനായിരം കുതിരപ്പടയാളികളെയും മുഹമ്മദ് ഗസ്‌നി അണിനിരത്തി. ആഹാരവും യുദ്ധസാമഗ്രികളും ചുമക്കാന്‍ ഇരുപതിനായിരം ഒട്ടകങ്ങളും. തന്റെ സൈന്യത്തിന്റെ പൈശാചിക രൂപം കണ്ട് സുല്‍ത്താന്‍ മന്ദഹസിച്ചു. അവരില്‍ അധികംപേരും ജീവിതത്തിലൊരിക്കലും കുളിച്ചിട്ടുണ്ടായിരിക്കില്ല. വേനല്‍ക്കാലത്ത് അവരുടെ ഭൂമിയിലെ വിടെയും ജലം കിട്ടാക്കനിയായിരിക്കും. അധിക ദിവസങ്ങളിലും തണുപ്പ് പൂജ്യത്തിനു താഴെ എത്തിനില്ക്കുന്ന ശരത്കാലത്ത് കുളിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതുമില്ല. തണുപ്പിനെ പ്രതിരോധിക്കാന്‍ ആടിന്റെ കൊഴുപ്പ് ശരീരമാസകലം പുരട്ടിയിട്ടുണ്ടാകും. ഒരിക്കല്‍ പുരട്ടിയ കൊഴുപ്പ് കഴുകിക്കളയാതെയാണ് അതിനു മുകളില്‍ വീണ്ടും പുരട്ടുന്നത്. മൃഗക്കൊഴുപ്പിന്റെ അടരുകള്‍ക്കു മുകളില്‍ കമ്പിളിയുടുപ്പിന്റെ രണ്ടോ മൂന്നോ അതിലധികമോ അടുക്കുകള്‍ ഉണ്ടായിരിക്കും. തലയില്‍ അനേകം അടുക്കുകളായി ചുറ്റിക്കെട്ടിയ ശിരോവസ്ത്രം. ഒരിക്കലും ക്ഷൗരം ചെയ്യാതെ കട്ടപിടിച്ചു ചെമ്പിച്ച മുഖരോമങ്ങള്‍. കടുത്ത വെയിലും ഘോരമായ മഞ്ഞുകാറ്റും മാറിമാറി അനുഭവിക്കുന്നതിലൂടെ ചിലന്തി വല പോലെ ചുരുണ്ട മുഖചര്‍മ്മം. വിണ്ടുപൊട്ടിയ തടിച്ച ചുണ്ടുകള്‍. ഇത്തരമൊരു വ്യക്തി സമീപത്തു കൂടി കടന്നു പോയാല്‍ അയാളുടെ യാത്രാപഥത്തില്‍ നിന്നു ദുര്‍ഗന്ധമൊഴിയാന്‍ ഏറെനേരം കാത്തിരിക്കേണ്ടിവരും.
ഇത്തരം ഒരുലക്ഷത്തി ഇരുപതിനായിരം വേട്ടപ്പട്ടികളെയാണ് സുല്‍ത്താന്‍ മുഹമ്മദ് ഗസ്‌നി ഹിന്ദുസ്ഥാനിലേയ്ക്ക് അഴിച്ചു വിട്ടത്.
“കടലിളകി വരുമ്പോലെയാണ് തിരുമനസ്സേ പട വരുന്നത്. ഇങ്ങനെയൊന്ന് അടിയന്റെ ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ല.”
ചക്രപാണി തുടര്‍ന്നു.
“ആകാശത്തിന്റെ അതിരുമുഴുവന്‍ നിറഞ്ഞു കവിഞ്ഞാണ് വരുന്നത്. ആനയും കുതിരയും കാലാളും എല്ലാം ചേര്‍ന്ന് ലക്ഷങ്ങള്‍.”
“അതേ തിരുമനസ്സേ…. നമുക്കൊരിക്കലും എണ്ണിത്തീര്‍ക്കാനാവാത്ത മഹാശക്തിയാണത്.” ചാരമുഖ്യന്‍ പറഞ്ഞു.
രാജാവ് തന്റെ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റു. മുഖത്ത് ശിലാശില്പം പോലെ ഗൗരവം ഉറഞ്ഞുകൂടി. ഇരുമ്പുകൊണ്ട് വളച്ചെടുത്ത ഒരു വാക്കുമാത്രം അദ്ദേഹം പറഞ്ഞു.
“ചാവേര്‍…..”
വനസ്ഥലികളിലൂടെ കടന്നുപോയിരുന്ന കാറ്റുപോലും പെട്ടെന്നുനിന്നു ചെവിയോര്‍ത്തു.
“നാം യാദവരാണ്. ശ്രീകൃഷ്ണന്റെയും ബലരാമന്റെയും അതേ ചോരയാണ് നാം. നമ്മുടെ രാജ്യത്തിനും സംസ്‌കാരത്തിനും വേണ്ടി പൊരുതി മരിക്കാനല്ലാതെ തോറ്റോടാന്‍ നമുക്കാവില്ല. ഇന്നു നമ്മുടെ കുട്ടികള്‍ ഉന്മാദികളെപ്പോലെ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കുകയാണ്. ആ കുട്ടികളെ സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ ജീവനോടെ ഇരുന്നിട്ടു കാര്യമില്ല.” രാജാവു പറഞ്ഞു.
ഓരോ സൈനികന്റെ മുഖവും വികാരക്ഷോഭത്താല്‍ വരിഞ്ഞു മുറുകി.
“ഈ യാദവഭൂമി ശത്രുവിനു തിളച്ചുമറിയുന്ന എണ്ണയായിരിക്കണം. പൊള്ളലേല്‍ക്കാതെ ഒരു കാട്ടാളനും ഇവിടെനിന്നു പോകരുത്.”
രാജാവു തുടര്‍ന്നു.
പിന്നെ രാജാവില്‍നിന്ന് ആജ്ഞകള്‍ തുരുതുരെ പ്രവഹിച്ചു. പെരുമ്പാമ്പ് ചുരുളഴിയുംപോലെ ആയിരം കുതിരപ്പടയുടെയും അയ്യായിരം കാലാളിന്റെയും വരികള്‍ ചലിച്ചു.
ചക്രപാണി കാവല്‍ നിന്നിരുന്ന മൊട്ടക്കുന്നിനപ്പുറത്തുനിന്നാണ് ഗസ്‌നി സൈന്യം വരുന്നത്. നെടിയ കുന്തങ്ങളുമായി ആയിരം യാദവ സൈന്യം കുന്നിന്‍ചുവട്ടിലേയ്ക്കു പാഞ്ഞു. അവര്‍ കുന്നിന്റെ പാതി ഉയരത്തിലേയ്ക്കു കയറി. കുന്തത്തിന്റെ ചുവട് മണ്ണില്‍ അമര്‍ത്തിപ്പിടിച്ചുകൊണ്ട് കുന്തമുന മുന്‍പിലേയ്ക്കു നീട്ടി അവര്‍ കാത്തിരുന്നു. കുന്നിനു ചുവട്ടില്‍ നാലായിരം കാലാള്‍പട പതുങ്ങിക്കിടന്നു. കുന്നിന്റെ ഇരുവശങ്ങളിലുമായി അഞ്ഞൂറുവീതം കുതിരപ്പടയെ വിന്യസിച്ചു.
അംഗരക്ഷക സംഘത്തലവന്‍ സൂര്യകിരണ്‍ രാജാവിന്റെ മുന്‍പില്‍ വന്ന് വണങ്ങിനിന്നു. അഭ്യാസം കൊണ്ടു രൂപപ്പെടുത്തിയ ശരീരവും ഉരുക്കിന്റെ മസിലുകളുമുള്ള കോമള യുവാവാണ് രാജാവിന്റെ ജീവനു കാവല്‍ നില്ക്കുന്ന സൂര്യകിരണ്‍. രാജാവിന് സ്വന്തം പുത്രനെപ്പോലെ സ്‌നേഹവും വിശ്വാസവുമാണവനെ. മഹാറാണി ആനന്ദമയീദേവിക്കും അവനെ ഇഷ്ടമാണ്.
“കിരണ്‍….. പറഞ്ഞുകൊള്ളൂ.” രാജാവു തുടക്കമിട്ടു.
“മഹാരാജന്‍…. ആനപ്പുറത്ത് അങ്ങയെ കാണുമ്പോള്‍ ഒരു നിമിഷംകൊണ്ട് ശത്രു അങ്ങയെ തിരിച്ചറിയും. എല്ലാ ആക്രമണവും അങ്ങയുടെ മേല്‍ കേന്ദ്രീകരിക്കപ്പെടും.” സൂര്യകിരണ്‍ പറഞ്ഞു.
“ഞാന്‍ ആനപ്പുറത്തുനിന്നിറങ്ങണം അല്ലേ?” രാജാവു ചോദിച്ചു.
“അതുമാത്രമല്ല. ആനപ്പുറത്ത് മറ്റൊരാള്‍ സഞ്ചരിക്കുകയും വേണം.”എനിക്കുവേണ്ടി മറ്റൊരാളെ ബലികഴിക്കുന്നതിനു തുല്യമാണത്.”
“നാം എല്ലാവരും ബലികഴിക്കപ്പെടാന്‍ പോകുകയാണു മഹാരാജന്‍.”രാജാവ് സൂര്യകിരണിന്റെ മുഖത്ത് സൂക്ഷിച്ചുനോക്കി.
“നിനക്കതില്‍ ദുഃഖമുണ്ടോ…. ഈ ചെറുപ്രായത്തില്‍?”
“ഇല്ല, ജീര്‍ണ്ണവസ്ത്രം പോലെ അഴിച്ചുമാറ്റാവുന്ന ശരീരം ഉപേക്ഷിക്കാന്‍ എനിക്കു മടിയില്ല മഹാരാജന്‍. സ്വധര്‍മ്മം അനുഷ്ഠിക്കുന്നതില്‍ വിട്ടുവീഴ്ച അരുതെന്നാണു ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞിട്ടുള്ളത്. ഇപ്പോള്‍ അങ്ങയുടെ ജീവന്‍ രക്ഷിക്കലാണ് അടിയന്റെ ധര്‍മ്മം.” സൂര്യകിരണ്‍ പറഞ്ഞു.
രാജാവിനു സഞ്ചരിക്കാന്‍ തയ്യാറാക്കി നിര്‍ത്തിയിരുന്ന ഒരു കൂറ്റന്‍ കുതിരയെ കടിഞ്ഞാണില്‍ പിടിച്ച് സൂര്യകിരണ്‍ മുന്‍പിലേയ്ക്കു നീക്കി നിര്‍ത്തി.
“കയറിയാലും മഹാരാജന്‍.” സൂര്യകിരണ്‍ ഇരുകൈകളും നീട്ടി രാജാവിനെ ആനയിച്ചു.
രാജാവിന്റെ കുതിര നീങ്ങിത്തുടങ്ങിയപ്പോള്‍ അതിനുമുന്‍പില്‍ ഒരു ചെറിയ സംഘം കടും പോരാളികളെ നയിച്ചുകൊണ്ട് സൂര്യകിരണ്‍ സഞ്ചരിച്ചു.
മൊട്ടക്കുന്നിനു മറുവശത്ത് യാദവസൈന്യം കെണിയൊരുക്കിയിരിക്കുന്നതറിയാതെ ഗസ്‌നിയുടെ കിരാത സൈന്യം ചീറിപ്പാഞ്ഞുകൊണ്ടിരുന്നു. ആസന്നമായ കൂട്ടക്കൊലയും കൊള്ളയും ബലാല്‍ക്കാരവുമാണ് ഗസ്‌നിപ്പടയെ ഹരംകൊള്ളിച്ചിരുന്നതെങ്കില്‍ സ്വന്തം കുടുംബത്തിനും രാജ്യത്തിനും വേണ്ടി ആത്മബലിയാകുന്നതിനെക്കുറിച്ചുള്ള ചിന്ത യാദവപ്പടയെ ലഹരിപിടിപ്പിച്ചിരുന്നു. മരിച്ചുവീഴും മുന്‍പ് പരമാവധി ശത്രുവിനെ കൊല്ലുക എന്നുമാത്രം ഓരോ യാദവസൈനികനും മനസ്സില്‍ ഉറപ്പിച്ചു.
മറുവശത്തുനിന്ന് കുന്നിന്‍ മുകളിലേയ്ക്ക് ഗസ്‌നിയുടെ കുതിരപ്പട വന്നത് നിയന്ത്രണം വിട്ട് ആഞ്ഞടിക്കുന്ന തിരമാല പോലെയാണ്. അതേ ശക്തിയോടെ മറുവശത്തേയ്ക്കു കുതിരപ്പട ഒഴുകി. തൊട്ടടുത്തെത്തിയപ്പോഴാണ് കുതിരകളുടെ നെഞ്ചിനുനേരെ നാട്ടി നിര്‍ത്തിയിരിക്കുന്ന കുന്തമുനകള്‍ കണ്ടത്. നിയന്ത്രണം വിട്ട കുതിരകള്‍ കുന്തമുനയിലേയ്ക്ക് നെഞ്ചടിച്ചു കോര്‍ത്തുകയറി. ഒന്നും രണ്ടുമല്ല നൂറുക്കണക്കിനു കുതിരകള്‍ കുന്തത്തില്‍ കോര്‍ത്ത് ചരിഞ്ഞുവീണു. അതോടൊപ്പം വീണ കിരാത സൈനികന്റെ കാല്‍ കുതിരയുടെ കീഴില്‍ കുടുങ്ങി ഒടിഞ്ഞു. കുതിരയുടെയും ഗസ്‌നിപ്പോരാളിയുടെയും നിലവിളികള്‍ അന്തരീക്ഷം നരക തുല്യമാക്കി. ഈ ഘട്ടത്തില്‍ കുന്നിനുതാഴെ കാത്തുനിന്നിരുന്ന യാദവസൈന്യം ഇരച്ചുകയറി കുതിരയോടൊപ്പം വീണ ഓരോ കിരാതന്റെയും കഴുത്തുവെട്ടിത്തുടങ്ങി. കുന്നിന്‍ മുകളില്‍ നിന്നു ചോരച്ചാലുകള്‍ ഒഴുകി. കബന്ധങ്ങള്‍ താഴേയ്ക്കുരുണ്ടു. മറ്റൊരു വിഭാഗം യാദവസൈനികര്‍ കയറിവന്ന് ഓരോ ഗസ്‌നിപ്പോരാളിയുടെയും നെഞ്ചിലേയ്ക്ക് കുന്തം കുത്തി താഴ്ത്തി. ഒരിക്കലും പല്ലുതേച്ചിട്ടില്ലാത്ത അവന്റെ നിറയെ കക്കപിടിച്ച വായ്തുറന്നു നിലവിളിച്ചപ്പോള്‍ യാദവര്‍ അറപ്പോടെ കാര്‍ക്കിച്ചു തുപ്പി.
(തുടരും)