‘1946 ഒക്‌ടോബര്‍ 24-ാം തീയതിയാണ് പുന്നപ്ര – വയലാര്‍ വെടിവയ്പ്പ് നടന്നത്. ‘തുലാം 7’ എന്നാണ് ആ ദിവസം അറിയപ്പെടുന്നത്. എന്റെ ബാല്യകാലം മുതല്‍ പുന്നപ്ര-വയലാറിനെപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്. വെടിവയ്പ്പിനുശേഷം ആദ്യം ആ സ്ഥലത്തുപോയി സ്ഥിതിഗതികള്‍ വിശദമായി റിപ്പോര്‍ട്ട് ചെയ്തത് അന്നത്തെ പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന ജി.എന്‍. നെന്മേലിയായിരുന്നു. അദ്ദേഹം തൃപ്പുണിത്തുറക്കാരനും എന്റെ അച്ഛന്റെ അടുത്ത സുഹൃത്തുമായിരുന്നു. വെടിവയ്പ് നടന്നതിന്റെ അടുത്തദിവസം അദ്ദേഹം അവിടെ ചെന്നു. അപ്പോഴും വെടിമരുന്നിന്റെയും ചോരയുടെയും ഗന്ധം അവിടെ നിറഞ്ഞുനിന്നിരുന്നു. ഏതാണ്ട് 2000ത്തിനും 3000ത്തിനും ഇടക്ക് ആളുകള്‍ ഭീകരമായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു എന്ന് അദ്ദേഹം റിപ്പോര്‍ട്ടു ചെയ്തു. മരിച്ചവരില്‍ മിക്കവാറും എല്ലാവരും കയര്‍ തൊഴിലാളികള്‍, ചെത്തുതൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍ എന്നിവരായിരുന്നു. ഭൂരിഭാഗവും ഈഴവ സമുദായത്തിലും പട്ടികജാതി വിഭാഗത്തിലും പെടുന്ന ഉടുതുണിക്ക് മറുതുണി ഇല്ലാത്ത പട്ടിണിപ്പാവങ്ങള്‍ ആയിരുന്നു.
ഞാന്‍ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ പഠിക്കുമ്പോള്‍ അവിടത്തെ ഹിന്ദി പ്രൊഫസര്‍ ആയിരുന്ന ഡോ.ഗോപാലകൃഷ്ണപൈ പലപ്പോഴും പുന്നപ്ര-വയലാര്‍ സംഭവത്തിനെപ്പറ്റി പറയാറുണ്ട്. അദ്ദേഹം ആലപ്പുഴക്കാരനായിരുന്നു. അദ്ദേഹം വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് വെടിവയ്പ്പിനുശേഷം വീടിന്റെ മുമ്പില്‍ കൂടി നിരന്തരം മൃതശരീരങ്ങള്‍ നിറച്ച പട്ടാളട്രക്കുകള്‍ ചീറിപ്പായുന്ന രംഗം കണ്ടിട്ടുണ്ട് എന്ന് പറയാറുണ്ട്.
1945ല്‍ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചുവെങ്കിലും യുദ്ധത്തിനായി ബ്രീട്ടിഷ് ഭരണകൂടം ഇന്ത്യയിലെ ഭക്ഷ്യസംഭരണശാലകള്‍ കൊള്ളയടിച്ചു. അതുമൂലം ഉണ്ടായ കടുത്ത ക്ഷാമം തിരുവിതാംകൂറിനെയും ബാധിച്ചു. തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പി. ഭക്ഷ്യക്ഷാമം നേരിടാന്‍ റേഷന്‍ സമ്പ്രദായം വ്യാപകമായി നടപ്പിലാക്കി. എങ്കിലും കൊടുംപട്ടിണിയും തൊഴിലില്ലായ്മയും രൂക്ഷമായിരുന്നു. ആലപ്പുഴയിലെ ജനങ്ങള്‍ ഇതിന്റെ രൂക്ഷത നന്നായി അനുഭവിച്ചു അരി വല്ലപ്പോഴും കിട്ടുന്ന വസ്തുവായിരുന്നു. ജനങ്ങള്‍ സാമാന്യം ഇടത്തരക്കാര്‍ പോലും അരിക്കുപകരം ചോളം, ബജറ, മരച്ചീനി എന്നിവയെല്ലാം ഉപയോഗിച്ചിരുന്നു.
മറ്റൊരു പ്രധാന വസ്തുത ഭൂരിഭാഗം വരുന്ന തൊഴിലാളികളും ജന്മിമാരുടെ കുടികിടപ്പുകാരായ കൃഷിക്കാര്‍ ആയിരുന്നു. അതിഭീകരമായ മര്‍ദ്ദനവും അടിച്ചമര്‍ത്തലും ഇവര്‍ക്ക് നിരന്തരം അനുഭവിക്കേണ്ടി വന്നു. കുടിയിറക്കല്‍ നിത്യസംഭവമായി. പോലീസും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും ജന്മിന്മാരും തമ്മിലുള്ള സഹകരണം ശക്തമായിരുന്നു. ഒരു ചെറിയ തീപ്പൊരി വീണാല്‍പ്പോലും ആളിക്കത്തി അഗ്നിബാധയാകുന്ന നിലയിലായിരുന്നു ഈ പ്രദേശത്തെ സാമൂഹ്യാവസ്ഥ. തിരുവിതാംകൂറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളായ ടി.വി. തോമസ്, കുന്തക്കാരന്‍ പത്രോസ് എന്നറിയപ്പെട്ടിരുന്ന കെ.വി.പത്രോസ്, കെ.സി.ജോര്‍ജ്ജ് എന്നിവരെല്ലാം തൊഴിലാളി നേതാക്കള്‍ ആയിരുന്നു. അക്ഷരാഭ്യാസം ഇല്ലാതിരുന്ന തൊഴിലാളികള്‍ നേതാക്കളുടെ വാക്കുകള്‍ പ്രവാചക തുല്യമായി കരുതിയിരുന്നു. തങ്ങളുടെ ദുസ്സഹമായ ജീവിത സാഹചര്യങ്ങള്‍ അവരെ ഒരുപക്ഷെ ഒരു ജീവന്‍മരണ പോരാട്ടത്തിന് പ്രേരിപ്പിച്ചിരിക്കാം. എന്നാല്‍ സായുധ വിപ്ലവത്തിനുള്ള സൈനിക പരിജ്ഞാനമോ, തന്ത്രങ്ങളോ ഒന്നും നേതാക്കന്മാര്‍ക്കോ, അണികള്‍ക്കോ ഉണ്ടായിരുന്നില്ല.
പുന്നപ്രയിലും വയലാറിലും പല സ്ഥലത്തും ക്യാമ്പുകള്‍ തുടങ്ങി. വാരിക്കുന്തങ്ങള്‍, ആസിഡു ബള്‍ബുകള്‍, വെട്ടുകത്തികള്‍, പണിയായുധങ്ങള്‍ എന്നിവയെല്ലാം ശേഖരിച്ചു. യന്ത്രത്തോക്കുകള്‍ ഏന്തിയ സുശിക്ഷിതരായ പട്ടാളത്തിനെ നേരിടാനായിരുന്നു ഈ പറഞ്ഞ സമരായുധങ്ങള്‍.
സര്‍ സി.പി. വളരെ ക്രാന്തദര്‍ശിയായ ഭരണാധികാരിയായിരുന്നു. സ്ഥിതിഗതികള്‍ വളരെ സ്‌ഫോടനാത്മകമെന്ന് അദ്ദേഹം മനസ്സിലാക്കി. അവിടത്തെ തൊഴിലാളികളില്‍ ഭൂരിപക്ഷം വരുന്ന ഈഴവരെ സമരത്തില്‍ നിന്നും പിന്തിരിപ്പിക്കാനായി എസ്.എന്‍.ഡി.പി. യോഗം നേതാവായിരുന്ന ആര്‍. ശങ്കറെ സര്‍ സി.പി. നിയോഗിച്ചു. ആര്‍.ശങ്കര്‍ സ്ഥലത്തെത്തി ഈഴവരുടെ പ്രധാന നേതാക്കളായിരുന്ന സ്റ്റാലിന്‍ കുമാരപ്പണിക്കര്‍, വയലാര്‍ രവിയുടെ അച്ഛന്‍ കൃഷ്ണന്‍, അമ്മ ദേവകീകൃഷ്ണന്‍ എന്നിവരുമായി ചര്‍ച്ച നടത്തി. എന്നാല്‍ സമരത്തിന് തയ്യാറായിരുന്ന ഈഴവരെ ഇതൊന്നും സാന്ത്വനിപ്പിച്ചില്ല. അവര്‍ ആര്‍. ശങ്കറെ അസഭ്യം പറയുകയും കല്ലും മണ്ണും വാരി എറിഞ്ഞ് ഓടിക്കുകയും ചെയ്തു. ശങ്കറോട് സര്‍ സി.പി. പ്രത്യേകം പറഞ്ഞിരുന്നു,പുന്നപ്ര-വയലാറില്‍ സ്ഥിതിഗതികള്‍ രൂക്ഷമായാല്‍ പട്ടാളം ഇടപെടുമെന്നും വെടിവെയ്പ്പ് ഉണ്ടാകുമെന്നും സ്വന്തം സമുദായത്തില്‍ പെട്ട നിരവധി പേര്‍ മരിക്കുമെന്നും. അതൊഴിവാക്കാന്‍ ശങ്കര്‍ പറഞ്ഞ കാര്യങ്ങള്‍ കേള്‍ക്കാന്‍ തൊഴിലാളികള്‍ തയ്യാറായില്ല.
നയചതുരനും തന്ത്രജ്ഞനുമായ ദിവാന്‍ സര്‍. സി.പി.തിരുവിതാംകൂറിലെ കമ്മ്യൂണിസ്റ്റ് നേതാക്കളുമായി കൂടിയാലോചന നടത്തി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളായ ടി.വി. തോമസ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ അവര്‍ മുന്നോട്ടുവച്ച 10 ആവശ്യങ്ങളില്‍ 9 ഉം ദിവാന്‍ അംഗീകരിച്ചു. എന്നാല്‍ രാജഭരണം അവസാനിപ്പിക്കണമെന്ന ആവശ്യം തനിക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും, കാരണം താന്‍ മഹാരാജാവിനാല്‍ നിയമിക്കപ്പെട്ട വ്യക്തിയാണെന്നും ഇക്കാര്യത്തില്‍ താന്‍ നിസ്സഹായനാണെന്നും അദ്ദേഹം പറഞ്ഞു. ആ ആവശ്യം അംഗീകരിക്കാന്‍ പറ്റില്ലെന്നു പറഞ്ഞതോടെ കൂടിയാലോചന അവസാനിച്ചു. ദിവാന്‍ ഉടന്‍ സ്വരം മാറ്റി വളരെ കടുത്ത സ്വരത്തില്‍ പറഞ്ഞു: ”ഞാന്‍ തിരുവിതാംകൂറിന്റെ ദിവാന്‍ മാത്രമല്ല, മഹാരാജാവ് നിശ്ചയിച്ച സൈന്യത്തിന്റെ സര്‍വ്വസൈന്യാധിപന്‍ കൂടിയാണ്. ഉരുക്കുമുഷ്ടി ഉപയോഗിച്ച് കലാപം അടിച്ചമര്‍ത്താനാണ് മഹാരാജാവിന്റെ ഉത്തരവ്. ഞാനതു ചെയ്യും. മൃഗീയ നടപടികളിലൂടെയായാലും സമാധാനം പുനഃസ്ഥാപിക്കും.”
പുന്നപ്ര-വയലാര്‍ വെടിവയ്പ് നടക്കുന്നതിന്റെ തൊട്ടു തലേ ദിവസം സഖാവ് ഇ.എം.എസ് അവിടെ എത്തി സമരക്കാര്‍ക്ക് ആവേശം പകര്‍ന്നു. ജീവന്‍ പണയം വച്ചും പോലീസിനേയും പട്ടാളത്തെയും നേരിടാനും, തൊഴിലാളിവര്‍ഗ്ഗ വിപ്ലവം വിജയിപ്പിക്കാനും ആഹ്വാനം ചെയ്തു. എന്നാല്‍ വെടിവയ്പ് നടക്കുമ്പോള്‍ മലബാറില്‍ യോഗക്ഷേമ സഭയുടെ ഒരു യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം എന്നാണ് പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. സമരത്തിന് ആഹ്വാനം ചെയ്ത നേതാക്കള്‍ കൊച്ചിയിലേക്കും മലബാറിലേക്കും രക്ഷപ്പെട്ടു. പ്രത്യേക രാജ്യമായതിനാല്‍ തിരുവിതാംകൂര്‍ വിട്ടവരെ പിടിക്കാന്‍ പറ്റില്ല. എന്നാല്‍ മറ്റു ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് തൊഴിലാളികളുടെ അനിഷേധ്യനേതാവായിരുന്നു ടി.വി. തോമസ് പുന്നപ്ര- വയലാര്‍ വെടിവയ്പ്പ് നടക്കുമ്പോള്‍ അന്നത്തെ ആലപ്പുഴയിലെ പോലീസ് മേധാവി പാര്‍ത്ഥസാരഥി അയ്യങ്കാരുമായി പോലീസ് ആസ്ഥാനത്ത് ചര്‍ച്ചയിലായിരുന്നു എന്നാണ്.
അന്നത്തെ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാക്കളായ പട്ടം താണുപിള്ള, സി.കേശവന്‍ എന്നിവര്‍ രാജഭരണത്തിന് എതിരായിരുന്നു. എന്നാല്‍ പുന്നപ്ര-വയലാറില്‍ നടന്ന അത്യന്തം അരാജകവും സാഹസികവുമായ സായുധവിപ്ലവത്തിനും അവര്‍ എതിരായിരുന്നു. തിരുവിതാംകൂറിലെ ഇടതുപക്ഷ സോഷ്യലിസ്റ്റുകാരായ ശ്രീകണ്ഠന്‍ നായര്‍, ടി.കെ. ദിവാകരന്‍, കോണ്‍ഗ്രസ് നേതാവ് സി.കേശവന്റെ മകനും ഇടതുപക്ഷ സോഷ്യലിസ്റ്റ് നേതാവുമായ കെ. ബാലകൃഷ്ണന്‍ എന്നിവരും പുന്നപ്ര-വയലാര്‍ വിപ്ലവത്തിനെ തൊഴിലാളി വര്‍ഗ്ഗവഞ്ചനയെന്നാണ് വിശേഷിപ്പിച്ചത്. ആര്‍.എസ്.പി. നേതാവായിരുന്ന ശ്രീകണ്ഠന്‍ നായര്‍ പുന്നപ്ര-വയലാര്‍ സമരത്തെ അതിശക്തമായി വിമര്‍ശിച്ച് ‘വഞ്ചിക്കപ്പെട്ട വേണാട്’ എന്ന ഗ്രന്ഥമെഴുതി.
അക്ഷരജ്ഞാനം പോലും ഇല്ലാത്ത പട്ടിണി പ്പേക്കോലങ്ങളായ ഒരു ജനക്കൂട്ടത്തെ, സുസജ്ജമായ യന്ത്രത്തോക്കടക്കമുള്ള ആധുനിക ആയുധങ്ങളോടുകൂടിയ സൈന്യത്തിനു മുമ്പിലേക്ക് വെറും വാരിക്കുന്തങ്ങളുമായി പറഞ്ഞുവിട്ടവര്‍, പട്ടാളം വെടിവച്ചാലും തോക്കുകളില്‍ നിന്ന് മുതിരയും പയറും ആണ് പുറത്തു വരികയെന്ന് തെറ്റിദ്ധരിപ്പിച്ചവര്‍ ഈ കൂട്ടക്കൊലയുടെ ഉത്തരവാദികളാണ്. പുന്നപ്ര-വയലാര്‍ സമരത്തെ ന്യായീകരിക്കുന്നവരുടെ ഒരു വാദം ഇത് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണെന്നാണ്. 1946 സപ്തംബര്‍ 2-ാം തീയതി തന്നെ ബ്രിട്ടീഷുകാര്‍ നെഹ്‌റു പ്രധാനമന്ത്രിയായിക്കൊണ്ടുള്ള താല്‍ക്കാലിക കേന്ദ്ര സര്‍ക്കാരിന് അധികാരം കൈമാറി. ഇതിന്റെ തുടക്കം 1945ല്‍ തന്നെയുണ്ടായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്‌ലി മൗണ്ട് ബാറ്റനെ ഭാരതത്തിലേക്ക് അവസാനത്തെ ഗവര്‍ണ്ണര്‍ ജനറല്‍ ആയി അയച്ചതു തന്നെ അധികാരം കൈമാറാന്‍ വേണ്ടിയായിരുന്നു. രാജ്യത്തിന് സ്വാതന്ത്ര്യം സുനിശ്ചിതമായിരുന്നു. 1946 ഒക്‌ടോബര്‍ 24-ാനാണ് (തുലാം 7) പുന്നപ്ര-വയലാര്‍ വിപ്ലവം. നെഹ്‌റു സര്‍ക്കാര്‍ അധികാരമേറ്റ് ഒരു മാസത്തില്‍ കൂടുതല്‍ കാലം കഴിഞ്ഞ് നടന്ന കലാപം എങ്ങിനെ സ്വാതന്ത്ര്യസമരപ്പോരാട്ടമായി മാറും? ഇത്തരം കള്ള പ്രചരണങ്ങള്‍ കൊണ്ട് ആരെയും വളരെക്കാലം തെറ്റിദ്ധരിപ്പിക്കാന്‍ പറ്റില്ല.
അടുത്തത് ‘സ്വതന്ത്ര തിരുവിതാംകൂര്‍ വാദമാണ്.’ അതിനെ എതിര്‍ക്കാനാണത്രെ പുന്നപ്ര- വയലാര്‍ വിപ്ലവം. 1946 ഒക്‌ടോബര്‍ 24-ാം തീയതിയാണ് ഭീകരമായ വെടിവയ്പ് നടന്നത്. അതിനുശേഷം മാസങ്ങള്‍ കഴിഞ്ഞാണ് മഹാരാജാവിന്റെ ഇംഗിതപ്രകാരം ‘സ്വതന്ത്ര തിരുവിതാംകൂര്‍ വാദം’ കൊണ്ടുവന്നത്. ഇതോടെ അതും കളവാണെന്ന് തെളിയുന്നു.
1940 കാലത്ത് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവിദഗ്ദ്ധനായിരുന്ന ഡോ. ഗംഗാധര്‍ അധികാരി ഇന്ത്യ 16 വ്യത്യസ്ത ദേശീയതകളുടെ കൂട്ടായ്മയായിരുന്നു എന്നാണ് പറഞ്ഞത്. പിന്നീട് 1946ല്‍ ഭരണഘടനാ സമിതിയില്‍ ഇന്ത്യ ഒറ്റ രാജ്യമല്ലെന്നും അതിനാല്‍ സോവിയറ്റ് മാതൃകയില്‍ വ്യത്യസ്ത പ്രദേശങ്ങളുടെ സ്വയംഭരണാവകാശം നിലനിര്‍ത്തി ഒരു അയഞ്ഞ ഫെഡറല്‍ സംവിധാനം വേണമെന്നും പ്രൊഫസര്‍ ഷായെപ്പോലെയുള്ളവര്‍ പറഞ്ഞിരുന്നു. എന്നാല്‍ അംബേദ്കറെപ്പോലെയുള്ള പ്രഗത്ഭര്‍ അതിനെ ശക്തമായി എതിര്‍ത്തു. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന മൗലാനാ ഹസ്രത്ത് മൊഹാനി ഭരണഘടനാ നിര്‍മ്മാണ സമിതിയില്‍ അംഗമായിരുന്നു. അദ്ദേഹവും ഇന്ത്യ സ്വയംഭരണാധികാരമുള്ള ദേശീയതകളുടെ ഒരു ഫെഡറല്‍ രാജ്യമാകണമെന്നാണ് പറഞ്ഞത്. പാകിസ്ഥാന്‍ വാദത്തെയും അദ്ദേഹം പിന്താങ്ങി. മുഹമ്മദലി ജിന്നക്ക് 1940ലെ ലാഹോര്‍ സമ്മേളനത്തില്‍ പാകിസ്ഥാന്‍ വാദം ശക്തമായി ഉന്നയിക്കാന്‍ പ്രേരണയും ആശയപരമായ ആയുധവും നല്‍കിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വ്യത്യസ്ത സാംസ്‌കാരിക ദേശീയതയെ സംബന്ധിച്ച മാര്‍ക്‌സിയന്‍ വാദങ്ങളാണ്. 1948 ലെ കല്‍ക്കത്താ തീസീസ് അനുബന്ധമായി നടത്തിയ സായുധവിപ്ലവത്തിന് ഇന്ത്യയിലെ പല നാട്ടുരാജാക്കന്മാരും രഹസ്യമായി പണവും ആയുധങ്ങളും നല്‍കി സഹായിച്ചിരുന്നു. നാട്ടുരാജ്യസംയോജനത്തിലൂടെ ഇന്ത്യയെ ഒന്നാക്കാന്‍ സര്‍ദാര്‍ പട്ടേലും വി.പി.മേനോനും നടത്തിയ പരിശ്രമങ്ങളെ തിരുവിതാംകൂറും ഹൈദരാബാദിലെ നൈസാമും ജുനഗഡിലെ നവാബും പരസ്യമായി എതിര്‍ത്തു. മറ്റു ചിലര്‍ രഹസ്യമായും ഇതിനെതിരായിരുന്നു. കൊച്ചി രാജ്യത്തിലെ രാജാവ് യാതൊരു എതിര്‍പ്പും പ്രകടിപ്പിച്ചില്ല എന്നത് ശരിതന്നെ. എന്നാല്‍ കൊച്ചി രാജവംശത്തിലെ തമ്പുരാക്കന്മാരില്‍ നല്ലൊരുഭാഗം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹയാത്രികര്‍ ആയിരുന്നു എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. തങ്ങള്‍ അനുഭവിച്ചു വരുന്ന അധികാരാവകാശങ്ങള്‍ വെറും പഞ്ചാംഗത്തിനോ, പ്രീവിപെഴ്‌സിനോ, തമ്പുരാന്‍ എന്ന വിളി കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന താല്‍ക്കാലിക മാനസിക സുഖത്തിനോ വേണ്ടി കയ്യൊഴിയുന്നതില്‍ അവര്‍ക്ക് വളരെ വിഷമമുണ്ടായിരുന്നു. 1948ല്‍ പാര്‍ട്ടി നിരോധിച്ച കാലത്ത് കമ്മ്യൂണിസ്റ്റ് നേതാക്കന്മാര്‍ ഒളിവില്‍ സുരക്ഷിതമായി കഴിഞ്ഞത് ഇവരുടെ സംരക്ഷണയിലാണ്. മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാക്കന്മാര്‍ ആ സ്‌നേഹം നിലനിര്‍ത്തിയിരുന്നു.
ഹൈദരാബാദിലെ നൈസാം 1948ല്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ പോലീസ് ആക്ഷന്‍ എന്ന സൈനിക നീക്കത്തില്‍ പരാജയപ്പെട്ട് സ്ഥാനം ഒഴിഞ്ഞു. നൈസാമിന് രണ്ട് ലക്ഷം വരുന്ന റസാക്കര്‍മാര്‍ എന്ന ഗുണ്ടാസൈന്യം ഉണ്ടായിരുന്നു. ‘കാസിം റസ്‌വി’ എന്ന മുസ്ലിം വര്‍ഗ്ഗീയവാദിയായിരുന്നു അതിന്റെ തലവന്‍. അന്ന് ആന്ധ്രയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും നൈസാമിനെതിരെ സായുധസമരം നടത്തിയിരുന്നു. കൂടാതെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റുപാര്‍ട്ടി, സംഘപരിവാര്‍ സംഘടനകള്‍, ഹിന്ദുമഹാസഭ, ആര്യസമാജം എന്നിവരും നൈസാമിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തിരുന്നു. ഇന്ത്യന്‍ സൈന്യം ഹൈദരാബാദിലെത്തി 48 മണിക്കൂറിനകം നൈസാമിന്റെ സൈന്യവും റസാക്കര്‍മാരും കീഴടങ്ങി. അതിനുമുമ്പ് അവര്‍ ആയുധങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കൈമാറിയെന്നും വാര്‍ത്തകള്‍ ഉണ്ട്. ഹൈദരാബാദിനെ മോചിപ്പിച്ച് കമ്മ്യൂണിസ്റ്റ് രാജ്യമാക്കിക്കോട്ടെ എന്നു കരുതിയായിരിക്കുമിത്. സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തിനെതിരെ നടത്തിയ ദേശാഭിമാനത്തിലൂന്നിയ വിപ്ലവമായിരുന്നു പുന്നപ്ര-വയലാര്‍ സമരം എന്ന വാദം കളവാണെന്നു ഇതു തെളിയിക്കുന്നു.
പുന്നപ്ര-വയലാര്‍ സ്മാരകത്തിന്റെ ഭരണം ഇപ്പോള്‍ സി.പി.എം, സി.പി.ഐ നേതൃത്വങ്ങള്‍ ഊഴമിട്ട് നിര്‍വ്വഹിക്കുകയാണ്. ഈ രാജ്യത്ത് ഇന്ന് 32 കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉണ്ട്. അവരെല്ലാം അവകാശമുന്നയിക്കുന്നുമുണ്ട്. തീര്‍ച്ചയായും ഈ സ്മാരകത്തിന്റെ നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണം. പൊതുസ്മാരകമായി സംരക്ഷിക്കണം. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ പിന്‍തലമുറക്കാരില്‍ എത്രപേര്‍ ഇന്ന് സി.പി.എമ്മിലും, സി.പി.ഐയിലും ഉണ്ട് എന്നറിയില്ല. നല്ലൊരു ശതമാനം ബി.ജെ.പിയിലും കാണും. ആലപ്പുഴ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി പുന്നപ്ര-വയലാര്‍ സ്മാരകത്തില്‍ കയറി പുഷ്പാര്‍ച്ചന നടത്തിയപ്പോള്‍ രണ്ടു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെയും നേതാക്കള്‍ കലിതുള്ളിയിരുന്നു. വാചസ്പതി ചെയ്തതിനെ അനുകൂലിച്ച് ധാരാളം പേര്‍ രംഗത്തു വന്നതോടെ പാര്‍ട്ടി നേതാക്കള്‍ പിന്മാറി. കഴിഞ്ഞ 70 വര്‍ഷക്കാലം പുന്നപ്ര- വയലാര്‍ എന്ന ഉല്പന്നം വിറ്റഴിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുകയായിരുന്നു ഇക്കൂട്ടര്‍. തങ്ങളുടെ ഒരു വരുമാന സ്രോതസ്സ് അടയുമെന്ന് അവര്‍ ഭയക്കുന്നു.
പുന്നപ്ര-വയലാര്‍ കേന്ദ്രം ഏറ്റെടുക്കട്ടെ
പുന്നപ്ര-വയലാറില്‍ മരിച്ചുവീണ ആയിരക്കണക്കിന് പട്ടിണിപ്പാവങ്ങള്‍ക്ക് മനുഷ്യത്വം കാത്തുസൂക്ഷിക്കുന്ന ആര്‍ക്കും ആദരം അര്‍പ്പിക്കാം. എന്നാല്‍ ഈ ബലിദാനികളെ രക്തസാക്ഷികള്‍ ആക്കി ഇത്രയും കാലം രാഷ്ട്രീയ മുതലെടുപ്പ് നടത്തിയവര്‍ അറിയണം അവരെല്ലാം പച്ച മനുഷ്യരായിരുന്നു എന്ന്. ഏതോ ഒരു ദുര്‍ബലനിമിഷത്തില്‍ വികാരാവേശത്താല്‍ മനസ്സാന്നിദ്ധ്യം നഷ്ടപ്പെട്ട് നടത്തിയ സാഹസികമായ കലാപത്തില്‍ അവര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. സുശിക്ഷിതമായ സൈന്യത്തോടാണ് തങ്ങള്‍ ഏറ്റുമുട്ടാന്‍ പോകുന്നതെന്ന സത്യം നേതാക്കള്‍ മറച്ചു വെച്ചു.
പുന്നപ്ര-വയലാര്‍ സമരത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഇന്ന് കേന്ദ്രസര്‍ക്കാര്‍ വക 10,000 രൂപ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. ഈ പെന്‍ഷന്‍ കേന്ദ്രത്തില്‍ 1988ല്‍ ഐ.കെ. ഗുജ്‌റാള്‍ പ്രധാനമന്ത്രിയായിരുന്ന സമയത്ത് മന്ത്രിസഭയില്‍ സ്വാധീനം ചെലുത്തി നേടിയെടുത്തതാണ്. ഐ.കെ.ഗുജ്‌റാള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് പഞ്ചാബിലെ കമ്മ്യൂണിസ്റ്റ് അനുകൂല വിദ്യാര്‍ത്ഥി പ്രസ്ഥാനമായിരുന്ന എ.ഐ.എസ്.എഫിന്റെ പ്രസിഡന്റ് ആയിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും ഉണ്ടായിരുന്നു. പിന്നീട് സോവിയറ്റ് യൂണിയനില്‍ അംബാസിഡര്‍ ആയി. അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന ചുരുങ്ങിയ കാലം കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ അദ്ദേഹത്തെ പിന്താങ്ങിയിരുന്നു. എന്തായാലും കേന്ദ്ര പെന്‍ഷന്‍ കിട്ടിയതിനാല്‍ പുന്നപ്ര-വയലാര്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണെന്ന് വാദത്തിനുവേണ്ടി വാദിക്കാം. എന്നാല്‍ കേന്ദ്രപെന്‍ഷന്‍ അനുവദിച്ചതോടെ പുന്നപ്ര-വയലാറിലെ രക്തസാക്ഷിമണ്ഡപം കേന്ദ്രസര്‍ക്കാരിന് പങ്കാളിത്തമുള്ള സ്മാരകമായി മാറും. ഇന്ത്യയില്‍ നിരവധി സ്വാതന്ത്ര്യസമര സ്മാരകങ്ങള്‍ ഉണ്ട്. അതെല്ലാം കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലാണ്. ജാലിയന്‍ വാലാബാഗിലെ സ്മാരകം, ആന്‍ഡമാനിലെ സ്മാരകം, ഇന്ത്യാ-പാകിസ്ഥാന്‍ അതിര്‍ത്തിയിലുള്ള അനശ്വര ബലിദാനികള്‍ ആയ ഭഗത്‌സിംഗ്, രാജ്ഗുരു, സുഖദേവ് എന്നിവരുടെ സ്മാരകം അലഹബാദിലെ ആസാദ് പാര്‍ക്കിലെ (പഴയ കാലത്ത് ആല്‍ഫ്രഡ് പാര്‍ക്ക്) ധീരനായ പോരാളി ചന്ദ്രശേഖര്‍ ആസാദിന്റെ സ്മാരകം തുടങ്ങിയവയെല്ലാം പൊതു സ്മാരകങ്ങള്‍ ആണ്.
വയലാറും നക്‌സല്‍ബാരിയും
പുന്നപ്ര-വയലാറിനോട് വളരെ സാമ്യതയുള്ളതാണ് 1967ലെ നക്‌സല്‍ ബാരി കലാപം. ഇടതു മുന്നണി ഭരണകാലത്ത് ജ്യോതിബസു സര്‍ക്കാര്‍ നക്‌സല്‍ ബാരിയിലുണ്ടായ തോട്ടം തൊഴിലാളികളുടെയും വനവാസികളായ സന്താള്‍ വര്‍ഗ്ഗക്കാരുടെയും ദരിദ്ര കര്‍ഷകരുടെയും കലാപം അതിഭീകരമായി അടിച്ചമര്‍ത്തി. കൊടുംപട്ടിണിയും ദാരിദ്ര്യവും കൊണ്ട് മരിച്ചുവീണ തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചത് ചാരുമജ്ജുംദാറും കാനുസന്യാലും ആയിരുന്നു. നക്‌സല്‍ ബാരിയില്‍ നടന്ന ഏറ്റുമുട്ടലിലെ വെടിവയ്പ്പില്‍ മരണങ്ങള്‍ സമരക്കാരുടെ ഭാഗത്തും പോലീസുകാരുടെ ഭാഗത്തുമുണ്ടായി. വയലാറിലെപ്പോലെ ആയിരങ്ങള്‍ അവിടെ ചത്തൊടുങ്ങിയില്ല. കാരണം അവിടെ സമരനേതൃത്വം കൂടുതല്‍ തന്ത്രപരമായ നിലപാടുകള്‍ സ്വീകരിച്ചു. മാര്‍ക്‌സിസ്റ്റു പാര്‍ട്ടി സര്‍ക്കാര്‍ ബംഗാളില്‍ നക്‌സല്‍ ബാരി കലാപത്തെ അരാജകവാദികളായ, സാഹസികന്മാര്‍ നടത്തിയ സമരമായും പിന്നീട് അമേരിക്കന്‍ സി.ഐ.എയുടെ സാമ്പത്തികസഹായത്താല്‍ ബംഗാളിലെ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടത്തിയ സമരമായിട്ടും വ്യാഖ്യാനിച്ചു. അതുകേട്ടമാത്രയില്‍ തന്നെ കേരളത്തിലും പാര്‍ട്ടിക്കാര്‍ അതേറ്റു പാടി. പുന്നപ്ര-വയലാര്‍ സമരം പട്ടിണിക്കാരായവര്‍ നടത്തിയ സമരമായിരുന്നു, എന്നാല്‍ അവര്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടു. അന്ന് തിരുവിതാംകൂറില്‍ രാജഭരണമായിരുന്നു. എന്നാല്‍ 1967-ല്‍ ബംഗാളില്‍ അധികാരത്തില്‍ നാഴികക്ക് നാല്പതുവട്ടം തൊഴിലാളി ക്ഷേമവും ജനാധിപത്യവും പറയുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ആയിരുന്നു. വയലാറില്‍ ഇന്നും തുലാം 10 രക്തസാക്ഷിദിനമായി ആചരിക്കുന്ന പാര്‍ട്ടിക്ക് ബംഗാളില്‍ നടന്നത് പ്രതിവിപ്ലവവും സാഹസികതയും സി.ഐ.എ. സഹായത്തോടെ നടന്ന കലാപവുമാണ്. ഇതാണ് ഏകപക്ഷീയമായ വിലയിരുത്തല്‍. കമ്മ്യൂണിസ്റ്റ് ഇരട്ടത്താപ്പ്.
ചരിത്രകാരനും സാഹിത്യനിരൂപകനുമായ കേസരി ബാലകൃഷ്ണപിള്ള ഒരിക്കലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായില്ല. സ്റ്റാലിനിസ്റ്റ് ഫാസിസത്തിന്റെ കടുത്ത വിമര്‍ശകനുമായിരുന്നു. പ്രമുഖ എഴുത്തുകാരനായ പി.കേശവദേവ് ആദ്യകാല മാര്‍ക്‌സിസ്റ്റ് പ്രചാരകന്മാരില്‍ ഒരാളായിരുന്നു. അദ്ദേഹം പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിശിത വിമര്‍ശകനായിമാറി. ഉജ്ജ്വല വാഗ്മിയും സോഷ്യലിസ്റ്റ് ചിന്തകനുമായിരുന്ന പൊന്നറ ശ്രീധര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിശിത വിമര്‍ശകനായിരുന്നു. പുന്നപ്ര-വയലാര്‍ പോലുള്ള രക്തസാക്ഷിസ്മാരകങ്ങള്‍ തങ്ങളുടെ സ്വത്തായി മാറ്റി അതെല്ലാം സംരക്ഷിച്ച് കാലാകാലങ്ങളില്‍ ‘ബലികൂടിരങ്ങളെ’ എന്ന പാട്ടു കേള്‍പ്പിച്ച് എക്കാലവും അധികാരത്തിലെത്താമെന്ന വ്യാമോഹമാണ് ഈ സ്മാരകങ്ങള്‍ സ്വകാര്യസ്വത്തായി വെക്കാന്‍ കാരണം. സ്വകാര്യസ്വത്തിന് എതിരാണെങ്കിലും എല്ലാക്കാലവും സ്വകാര്യസ്വത്ത് സമ്പാദിക്കാനും നിലനിര്‍ത്താനും ശ്രമിക്കുന്ന പുത്തന്‍ മുതലാളിമാരുടെ ഒരു കൂട്ടമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍.
വളരെ കൊല്ലങ്ങളായി പാര്‍ട്ടി ആലപിക്കുന്ന വിപ്ലവഗാനം ‘ബലികുടീരങ്ങളെ’ എന്ന ഗാനം വയലാര്‍ ആദ്യം എഴുതിയത് 1857ലെ ബ്രിട്ടീഷ് വിരുദ്ധ വിപ്ലവത്തില്‍ മരിച്ച ധീരരായ ഇന്ത്യന്‍ സൈനികരെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ‘ഹിമഗിരിയും, ഗംഗയും, താമരമുകുളങ്ങളും’ എല്ലാം കവിയുടെ മനസ്സില്‍ കടന്നു വന്നത് ഭാരതത്തിലെ ആദ്യസ്വാതന്ത്ര്യസമരത്തെ ഓര്‍ത്തപ്പോഴാണ്. പിന്നീട് കമ്മ്യൂണിസ്റ്റ് നിര്‍ബന്ധം കടുത്തപ്പോള്‍ അതില്‍ അവസാനം ചെങ്കൊടി കൂടി ചേര്‍ത്തുവച്ചു. അങ്ങിനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എക്കാലത്തെയും വിപ്ലവഗാനമായി. 1946ല്‍ പുന്നപ്ര-വയലാര്‍ സംഭവം നടക്കുമ്പോള്‍ ബി.ജെ.പി.യോ, മുന്‍രാഷ്ട്രീയ രൂപമായ ജനസംഘമോ ഉണ്ടായിരുന്നില്ല. പുതുതലമുറയില്‍ പെട്ടവര്‍ക്ക്, പുന്നപ്ര-വയലാര്‍ പാവപ്പെട്ട ജനത കൊടും പട്ടിണിയോടും ജന്മിത്വ ഭീകരതയോടും പോരാടി മരിച്ച സ്ഥലമാണ്. അതിനാല്‍ ആ ബലിദാനികളെ സംസ്‌കരിച്ച സ്ഥലം പാവനമാണ്. അവിടെ മനുഷ്യരെ സ്‌നേഹിക്കുന്ന ആര്‍ക്കും എപ്പോഴും പ്രണാമം അര്‍പ്പിക്കാന്‍ അവകാശമുണ്ട്.