കറുപ്പിന്റെ നാട്ടിലെ കല്യാണിന്റെ ഓരത്തെ കര്‍ദാനില്‍ നിന്ന് സൂഫിസത്തിന്റെ വെളുത്ത ലഹരിയുമായി മുഹമ്മദ് ഷാ അരീക്കോട്ടെ കുന്നിനു മുകളിലെത്തി. ജിന്നുകള്‍ നിധികാക്കുന്ന മല ആകാശത്തെ നോക്കി പുഞ്ചിരിച്ചു. സൂഫിയുടെ നിധി കാത്ത് ജിന്നുകള്‍ കുന്നിനു ചുറ്റും ജാഗരൂകരായി. സൂഫി അറിവുകളുടെ നിധി. ജ്ഞാനത്തിന്റെ നിധി. ശൈഖ് വസിച്ച കുന്ന് ശൈഖ് കുന്നായി. മേഘങ്ങള്‍ കുന്നിനു മുന്നില്‍ നമ്രശിരസ്‌കരായി. കൊല്ലംകൊല്ലി വെള്ളച്ചാട്ടം ഇരയെത്തേടി വാ പിളര്‍ന്നു. ജിന്നുകളെ തൃപ്തിപ്പെടുത്താത്ത ഇരയോരോന്നിനെ കൊല്ലമോരോന്നിലും വിഴുങ്ങി.
ശൈഖ് മുഹമ്മദ് ഷാ കുന്നിന്‍ മുകളിലിരുന്ന് വെളിച്ചം കാട്ടി. വെളിച്ചം വന്ന വഴിതേടി താഴെ നിന്നും മനുഷ്യര്‍ കുന്നുകയറി. അരീക്കോട് ഖാസിയുടെ അഭ്യര്‍ത്ഥന മാനിച്ച് ശൈഖ് താഴെ പള്ളിയിലെത്തി താമസം തുടങ്ങി. അത്ഭുത സിദ്ധികളുടെ കറാമത്തുകള്‍ നാടറിഞ്ഞു.
കൊണ്ടോട്ടി പഴയങ്ങാടി പള്ളി ഖാസി ബിന്‍ സൈനുദ്ദീന്‍ മഖ്ദൂമിയുടെ രാത്രി സ്വപ്‌നത്തില്‍ ശൈഖിന്റെ കറാമത്തുകളുടെ അടയാളങ്ങള്‍ പുളച്ചു. അരീക്കോട്ടെത്തി മുഹമ്മദ് ഷാ തങ്ങളെ കണ്ടു. ത്വരീഖത്തിന്റെ വഴികള്‍ ചര്‍ച്ചയായി. ശരീഅത്തും ഹഖീഖത്തും വെച്ച് സംവാദമായി.
തസ്വവ്വുഫെന്ന സംന്യാസ വഴിയെക്കുറിച്ച് സൈനുദ്ദീന്‍ മഖ്ദൂമിയും ശൈഖ് മുഹമ്മദ് ഷായും ചിന്തകളുടെ നീരൊഴുക്കി. ശൈഖിന്റെ മുരീദായി വണങ്ങി സൈനുദ്ദീന്‍ ഗുരുവിനെ കൊണ്ടോട്ടിയിലേക്ക് ക്ഷണിച്ചു. ചേപ്പിലിക്കുന്നിന്റെ താഴ്‌വാരത്തില്‍ സൂഫിചൊല്ലുകളുടെ ഈണം പടര്‍ത്തി. കൊണ്ടോട്ടിത്തങ്ങളായി ഹസ്രത്ത് മുഹമ്മദ് ഷാ നാടിനും നാട്ടാര്‍ക്കും ഗുരുവായി.
സൂഫിസം തലമുറകളിലൂടെ ഇറങ്ങിവന്നു. മുഹമ്മദ് ഷായില്‍ തുടങ്ങിയ കൊണ്ടോട്ടിത്തങ്ങള്‍ പരമ്പര ഇതാ ഒന്നരശതകത്തിനിപ്പുറം മുശ്താഖ്ഷാ രണ്ടാമനില്‍ എത്തിയിരിക്കുന്നു.
‘യത്‌റു കുദ്ദുന്യാ വ: യതവക്കലുഫില്ലാ’
പാരമ്പര്യക്കഥ പാതിക്കു നിര്‍ത്തി അവൂക്കര്‍ ഒന്നുകൂടി വായിച്ചു കൊടുത്തു. ‘ലോകമേ വിട, ദൈവമേ തുണ’ അതിന്റെ അര്‍ത്ഥം കേട്ട് വേലായുധന്‍ മന്ദഹസിച്ചു.
മുശ്താഖ്ഷാ തങ്ങള്‍ മുറ്റം കടന്നെത്തി. കറുത്ത നീളന്‍ പൈജാമ. വെളുത്ത താടി. തലേക്കെട്ട്.
‘ഒന്ന് സംസാരിക്കാനുണ്ടായിരുന്നു’ അവൂക്കറാണ് പറഞ്ഞത്.
തങ്ങള്‍ രണ്ടു പേരെയും നോക്കി. ‘രണ്ടാളും വാ. വീട്ടിലിരുന്ന് സംസാരിക്കാം’. അദ്ദേഹം തക്കിയാവിന്റെ പിറകിലുള്ള വീട്ടിലേക്ക് നടന്നു. കാര്യക്കാരന്‍ തക്കിയാവിനുള്ളിലേക്കും.
മുന്നില്‍ നടക്കുന്ന തങ്ങളുടെ പാദുകങ്ങളുണ്ടാക്കിയ ശബ്ദത്തില്‍ അവൂക്കര്‍ ചരിത്രത്തിലെ ടിപ്പുവിന്റെ കുതിരക്കുളമ്പടി കേട്ടു. മുഹമ്മദ് ഷായുടെ മരണശേഷം സ്ഥാനീയനായ പുത്രിയുടെ പുത്രന്‍ അഫ്താഖ് ഷായ്ക്ക് മൈസൂര്‍ സുല്‍ത്താന്‍ നല്‍കിയ ‘ഇനാംദാര്‍’ പട്ടത്തിന്റെ പ്രൗഢി പരമ്പരകളിലൂടെ ഇറങ്ങി വന്നു.
വേലായുധനും ഓര്‍ത്തു, ഏറനാടിന്റെ ചരിത്രം മാറ്റിയെഴുതി പടനയിച്ചെത്തിയ ടിപ്പു സുല്‍ത്താന്റെ കഥകള്‍. സാമൂതിരിയുടെ സേനാനികളില്‍ പ്രമുഖനായ പാറനമ്പിപ്പടയോട് ഏറ്റുമുട്ടി തോല്‍വിയുടെ വക്കത്തെത്തിയ സുല്‍ത്താനെ അഫ്താഖ് ഷാ തങ്ങള്‍ സഹായിച്ച വീരഗാഥകള്‍.
തോല്‍വി മണത്ത ടിപ്പുവിനോട് വലിയ കുന്നിന്റെ ഉച്ചിയില്‍ നിന്ന് ബാണം തൊടുക്കാന്‍ ഉപദേശിച്ച തങ്ങളുടെ ബുദ്ധിയില്‍ ടിപ്പു നല്ലൊരു ചങ്ങാതിയെ കണ്ടു. പാറനമ്പി പരാജിതനായി. തങ്ങള്‍ക്കു കിട്ടിയത് സ്വര്‍ണപ്പല്ലക്കടക്കമുള്ള ഇനാംദാര്‍ പദവി. കൊണ്ടോട്ടിയുടെ ദേശാധിപസ്ഥാനം.
പട്ടക്കാര്‍ എന്ന അംഗരക്ഷകരും ആളും അര്‍ത്ഥവുമുള്ള പ്രാദേശിക അധികാരകേന്ദ്രമായ കൊണ്ടോട്ടി തക്കിയാവ് ഭരിച്ച തങ്ങള്‍മാര്‍. ഏറനാടിന്റെയും വള്ളുവനാടിന്റേയും വലിയൊരു ഭാഗത്തേക്ക് സ്വസാമ്രാജ്യം പടുത്ത നാടുവാഴികള്‍.
കൊണ്ടോട്ടി, കൊളത്തൂര്‍ പ്രദേശങ്ങളില്‍ നായര്‍ സമുദായത്തെ കാണ്‍മാനില്ലാതാക്കിയ ഒരു തോറ്റോടലിന്റെ ചരിത്രം അച്ഛന്‍ പലതവണ വേലായുധന് പറഞ്ഞു കൊടുത്തിട്ടുണ്ട്. സൈനുദ്ദീന്‍ മുസ്ലിയാരെഴുതിയ കിസ്സപാട്ടിലെ തങ്ങള്‍മാരുടെ ചരിത്രം കേട്ട് അച്ഛന്റെ മടിയിലിരുന്നുറങ്ങിയ ബാല്യം മുശ്താഖ് തങ്ങളുടെ പിന്നിലൂടെ നടക്കവേ വേലായുധന്റെ ഓര്‍മ്മകളില്‍ ഓടിക്കളിച്ചു.
പ്രവാചകവഴിയിലെ പുതുധാരകണ്ട് അസ്വസ്ഥപ്പെട്ട മുഹമ്മദീയര്‍ സാമൂതിരി മഹാരാജാവിനോട് ആശങ്കകളറിയിക്കുകയായിരുന്നു. പാറനമ്പിയുടെ നായര്‍പട തയ്യാറായി.
പാറനമ്പിയുടെ നായര്‍പടയും അഫ്താഖ് ഷാ തങ്ങളുടെ മജ്ദൂമികളും തമ്മില്‍ നടന്ന യുദ്ധത്തിന്റെ പ്രകമ്പനം നാടിനെ നടുക്കി. തോറ്റ് ശീലമില്ലാത്ത നമ്പിയുടെ പട മജ്ദൂമികളുടെ കരുത്തിനു മുന്നില്‍ അമ്പരന്നു. പീരങ്കികളും ആയുധങ്ങളുമുപേക്ഷിച്ച് തോറ്റോടിയ നായര്‍പ്പടയുടെ ഈ ചരിത്രവും കൊണ്ടോട്ടിക്കും നെടിയിരിപ്പിനും ചുറ്റും തളംകെട്ടിക്കിടപ്പുണ്ട്.
വരാന്തയിലെ ചിത്രപ്പണിയുള്ള കസേരയുടെ മുമ്പില്‍ തങ്ങള്‍ നിന്നു. അഭിമുഖമായിട്ടിരിക്കുന്ന അതിഥികള്‍ക്കുള്ള ഇരിപ്പിടങ്ങള്‍ കാട്ടി രണ്ടുപേരോടും പറഞ്ഞു
‘ഇരിക്ക’
‘ഇന്നലെ അന്തിക്ക് വന്നപ്പം നോക്കീരുന്നു. കാണാന്‍ പറ്റീല’ ഇരുന്നു കൊണ്ട് അവൂക്കര്‍ പറഞ്ഞു. വേലായുധനും ഇരുന്നു.
‘പൊന്നാനീല് ഖാസീനെ കാണേണ്ട ആവശ്യമുണ്ടായിരുന്നു. വരാന്‍ വൈകി. എന്തേ വിശേഷിച്ച്?’
‘ബ്രിട്ടീഷുകാരുടെ കൊടും ചതിയില്‍ പരക്കെ അമര്‍ഷമുണ്ടെന്നറിയാലോ തങ്ങളേ. പുണ്യസ്ഥലങ്ങള്‍ക്ക് ഹാനിയുണ്ടാവില്ലെന്നും മതസംബന്ധിയായ ഒന്നല്ല ലോകയുദ്ധമെന്നുമുള്ള വൈസ്രോയീടെ വാഗ്ദാനം വെള്ളത്തിലെ വരപോലെ മാഞ്ഞത് പ്രതിഷേധിക്കേണ്ടതല്ലേ’. വേലായുധന്റെ സംഭാഷണശൈലിയില്‍ കേള്‍വിക്കാരന്റെ ഔന്നത്യത്തെക്കുറിച്ചുള്ള ശ്രദ്ധ തികഞ്ഞിരുന്നു.
‘തനമനധനപൂര്‍വ്വമാ ഇന്ത്യക്കാര് ചക്രവര്‍ത്തീനെ സഹായിച്ചത്. യുദ്ധത്തില്‍ പങ്കെടുക്കാന്‍ പട്ടാളത്തില്‍ ചേര്‍ന്ന മുഹമ്മദീയരെത്ര! മയ്യത്തായവര്‍ പെരുത്തുണ്ട്. പരിക്കുപറ്റിയവര്‍, ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടവര്‍ ഒക്കെ ഇന്നാട്ടിലുമുണ്ട് കൊറേ. സ്വന്തം പുണ്യസ്ഥലങ്ങള്‍ക്കെതിരെ യുദ്ധം ചെയ്തതിന്റെ ബേജാറ് മനസ്സീന്ന് മായുമോ സത്യവിശ്വാസികള്‍ക്ക്?’ അവൂക്കറിന് രക്തം തിളക്കുന്നത് വേലായുധന്‍ ശ്രദ്ധിച്ചു. തങ്ങളില്‍ സ്ഥിതപ്രജ്ഞന്റെ ഭാവം.
‘യുദ്ധഫണ്ടിലേക്ക് തങ്ങളടക്കം നമ്മളെത്ര ധനമാ കൊടുത്തതെന്ന് ഓര്‍മ്മയുണ്ടല്ലോ. പതിനെട്ടില് പ്രധാനമന്ത്രി ലോയ്ഡ് ജോര്‍ജിന്റെ വാഗ്ദാനം, വൈസ്രോയിയും മന്ത്രിമാരും ഇടക്കിടക്കെ ആവര്‍ത്തിച്ചതാ ഖലീഫയുടെ അധികാരങ്ങള്‍ക്ക് യാതൊരു ഭംഗവും വരില്ലെന്ന്. യുദ്ധാനന്തരം അറബി അര്‍ധദ്വീപുമൊത്തം സഖ്യകക്ഷികള് വീതം വെച്ചിരിക്കുകയാ’. വേലായുധന്‍ ആവേശത്തിലായി.
തങ്ങള്‍ക്ക് പുഞ്ചിരിമാത്രം. അതില്‍ സാവധാനമൊരു ശബ്ദം തുടിച്ചു. ചിരിയുടെ അറ്റത്ത് വെച്ച് അദ്ദേഹം തുടങ്ങി.
‘അതൊക്കെ കഷ്ടം തന്നെ. ഖിലാഫത്ത് പ്രചരണത്തിന് ഗാന്ധിയും ഷൗക്കത്തലിയും കോഴിക്കോട്ടു വന്നപ്പോള്‍ ക്ഷണിക്കാന്‍ വന്നതും നിങ്ങള് തന്നല്ലേ. ഇത് വരെ സ്വന്തം കൂട്ടത്തിലുള്ള ആനിബസന്‍ഡ് മദാമ്മേനേം മറ്റും ഇക്കാര്യത്തെ സംബന്ധിച്ച് ബോധ്യപ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധിച്ചില്ലല്ലോ’
ഒരു കാറ്റ് കടന്നു പോയപ്പോള്‍ ഇലഞ്ഞിമരത്തില്‍ നിന്ന് പൂക്കള്‍ മഴ പോലെ താഴേക്ക് പെയ്തു. സുഗന്ധം അവിടമാകെ പരന്നു. അയിനി മരത്തില്‍ കാറ്റിന്റെ ഇളക്കം. വേലായുധനും അവൂക്കറും പരസ്പരം നോക്കി. രണ്ടുപേരും മൗനഭേദനത്തിന് താമസം വരുത്തുന്നത് കണ്ടപ്പോള്‍ തങ്ങള്‍ തുടര്‍ന്നു.
‘നിങ്ങടെ മഞ്ചേരി സമ്മേളനത്തില്‍ത്തന്നെ പുതിയ രീതിയെപ്പറ്റി സമവായമുണ്ടായില്ലെന്നത് ശ്രദ്ധിക്കേണ്ടതല്ലേ. മഞ്ചേരി രാമയ്യര് ഖിലാഫത്ത് പരിപാടി ശരിയല്ലെന്ന മദാമ്മേടെ വാദമുറപ്പിക്കാന്‍ തിരൂര്, ഫറൂഖ്, കോഴിക്കോട് ഭാഗത്തു നിന്ന് കൊണ്ടുപോയ മാപ്പിളമാര് കളംമാറ്റിച്ചവിട്ടിയതുകൊണ്ടാ ഖിലാഫത്ത് പ്രമേയം പാസായത് എന്നാണല്ലോ അറിവ്. മതം മാത്രം നോക്കി രാഷ്ട്രീയ നിലപാടെടുക്കുന്നത് അപകടം ചെയ്യും വേലായുധാ’ കാറ്റ് ഒന്നുകൂടി കിഴക്കോട്ട് പാഞ്ഞു. ഇലഞ്ഞിക്കൊമ്പുകള്‍ തലയാട്ടി. വീണ്ടും സുഗന്ധപ്പരപ്പ്.
‘സഹകരണത്യാഗപ്രസ്ഥാനത്തെ നല്ല ആവേശത്തോടെയാ നാട് സ്വീകരിച്ചത്. യാക്കൂബ് ഹുസൈനും കെ.മാധവേട്ടനും യു.ഗോപാലമേനോനും ജയിലിലാ. നമുക്ക് പ്രതിഷേധിക്കണം. തങ്ങള് വന്ന് അനുകൂലിച്ച് സംസാരിച്ചാ ഏറനാട്ടില് അതിന്റെ ഗുണമുണ്ടാവും. അത് പറയാനാ ഞങ്ങള് വന്നത്’. കാര്യം ദീര്‍ഘിപ്പിക്കാതെ അവൂക്കര്‍ കാര്യത്തിലേക്കു കടന്നതിന്റെ ആശ്വാസത്തോടെ വേലായുധന്‍ തലയാട്ടി.
‘സഹകരണത്യാഗം നല്ലതു തന്നെ. നാടിന് സ്വാതന്ത്ര്യം കിട്ടാന്‍ നല്ല മാര്‍ഗാ. പക്ഷേ ഖിലാഫത്ത് പ്രശ്‌നം അതിലേക്ക് കലര്‍ത്തുന്നത് അത്ര നല്ലതിനല്ലാന്നേ എനിക്ക് പറയാനൊക്കൂ’. തങ്ങളെഴുന്നേറ്റൂ. ‘ഞാന്‍ കൈവെടിയുകയല്ല. സത്യവിശ്വാസത്തിന് ഒരു ആത്മീയസൗന്ദര്യമുണ്ട്. പക്ഷേ വിശ്വാസത്തിലുള്ളവരെല്ലാം ആ വഴിമാത്രം സ്വീകരിച്ചവരല്ല. മതത്തിന് വേണ്ടി മരിക്കാന്‍ തയ്യാറുള്ളവര്‍ ചിലപ്പോള്‍ വിവേകം കൈവിട്ടെന്നിരിക്കും. സൂക്ഷിക്കണം’. തന്റെ മുന്നില്‍ എഴുന്നേറ്റു നിന്ന രണ്ടുപേരെയും സ്‌നേഹാര്‍ദ്രമായ മിഴികളാല്‍ നോക്കി തങ്ങള്‍ ഇതുകൂടി കൂട്ടിച്ചേര്‍ത്തു. ‘ഞാന്‍ പറഞ്ഞത് പറ്റുമെങ്കില്‍ നിങ്ങളുടെ നേതൃത്വത്തിലെത്തിക്കണം. ഞാനില്ല. ഒരു പാട് മുറിവുകളേറ്റ നാടാണിത്. വീണ്ടുമൊരു മുറിവു വീണാല്‍ അതാഴത്തിലായേക്കാം. പലതും അറ്റുപോയേക്കാം. നാം കരുതണം’.
അവൂക്കറാണ് ആദ്യം നടന്നത്. വേലായുധന്‍ പടികളിറങ്ങുമ്പോള്‍ തങ്ങള്‍ പിറകില്‍ നിന്നും വിളിച്ചു
‘വേലായുധാ അച്ഛന് ഏനക്കേടൊന്നുമില്ലല്ലോ. ഞാന്‍ അന്വേഷിച്ചൂന്ന് പറയണം’.
വേലായുധന്‍ തലയാട്ടി. ഇലഞ്ഞിമരത്തിന്റെ ചോട്ടിലെത്തിയപ്പോള്‍ കുനിഞ്ഞ് രണ്ട് മൂന്ന് പൂക്കള്‍ പെറുക്കി ഉള്ളംകൈയില്‍ വെച്ചു. കൈ ചുരുട്ടി പെരുവിരലിനും ചൂണ്ടുവിരലിനുമിടയില്‍ പ്രത്യക്ഷപ്പെടുത്തിയ ദ്വാരം മൂക്കിനു നേരെ കൊണ്ടുവന്ന് ശക്തമായൊരു ശ്വാസമെടുത്തു.
‘മതം ആത്മാവിന്റെ സുഗന്ധം തേടിയുള്ള യാത്രയാണ്, നിങ്ങള്‍ക്ക്’. അവൂക്കര്‍ വേലായുധനോട് പറഞ്ഞു. ‘ഈ പൂവില്‍ സുഗന്ധം കലര്‍ത്തിയവനെ തേടിയുള്ള യാത്രയാണത് ഞങ്ങള്‍ക്ക്’.
‘ഒരര്‍ത്ഥത്തില്‍ രണ്ടും ഒന്നു തന്നെ’ വേലായുധന്‍ സംശയരഹിതനായി.
അങ്ങാടിയിലൂടെ നടക്കുമ്പോള്‍ നിറയെ സാധനങ്ങള്‍ പേറി വരിയായി നീങ്ങുന്ന കാളവണ്ടികള്‍, വിവിധയിനം ശബ്ദങ്ങള്‍, ഗന്ധങ്ങള്‍.
അവൂക്കര്‍ ചോദിച്ചു ‘വേലായുധനൊരു കഥ കേട്ടിട്ടുണ്ടോ. ഒരു ഗുരുവിനോടൊപ്പം മരുഭൂമിയിലൂടെ നടന്ന ഒരു അറബിക്കൂട്ടത്തിന്റെ കഥ?’
‘ പറയൂ’ വേലായുധന്‍ നടത്തം പതുക്കെയാക്കി.
അവര്‍ പഴകിയ ഒരു കൊട്ടാരത്തിന് സമീപമെത്തി. വിജനമായ മുറികളില്‍ കയറിയിറങ്ങിയ യുവാക്കള്‍ ചുമരിലെ പ്ലാസ്റ്ററിന്റേയും ഇഷ്ടികകളുടേയും കഷണങ്ങളടര്‍ത്തി മണത്തു നോക്കി.
ഒരാള്‍ പറഞ്ഞു ‘പനിനീരിന്റേയും ഓറഞ്ചിന്റേയും പൂക്കളുടെ എണ്ണകള്‍ കലര്‍ന്ന കളിമണ്ണ്’
മറ്റൊരാള്‍ പറഞ്ഞു . ‘ഈ അഴുക്കില്‍ ഞാന്‍ ജാസ്മിന്‍ മണക്കുന്നു, മനോഹരം’
വിവിധ ഗന്ധങ്ങളേറ്റു വാങ്ങിയ അവര്‍ ഒടുവില്‍ ഗുരുവിനടുത്തെത്തി. ‘ഗുരോ നിങ്ങളുടെ പ്രിയപ്പെട്ട സുഗന്ധം ഏതാണ്?’
അദ്ദേഹം ചെറുതായൊന്ന് ചിരിച്ചു. അതുവഴി കടന്നുപോയ കാറ്റില്‍ നിന്ന് അല്പം കൈക്കുമ്പിളില്‍ കോരി ഗുരു യുവാക്കള്‍ക്കു നേരെ നീട്ടി.
‘ഇത് മണക്കുക. പ്രപഞ്ചത്തിലെ ഏറ്റവും മികച്ച സുഗന്ധം മരുഭൂമിയുടെ ഗന്ധമാണ്, കാരണം അതിന് വാസനകളില്ല, ശൂന്യതയുടെ സുഗന്ധമാണതിന്’.
തോടുകടന്ന് വയലിന്റെ ഓരത്തെത്തിയപ്പോള്‍ കാറ്റ്. അതിന് ചോരയുടെ ഗന്ധമുള്ളതായി വേലായുധന് തോന്നി. അച്ഛന്‍ പറഞ്ഞു തന്ന ലഹളകളില്‍ ബലിയര്‍പ്പിക്കപ്പെട്ടവരുടെ ചോരയുടെ മണം. കണിശന്‍ ചക്കുപ്പണിക്കര്‍, പെരുമ്പള്ളി നമ്പൂതിരി, താച്ചുപ്പണിക്കര്‍, കുളത്തൂരെ വാരിയര്‍, കൊനോല്ലി സായിപ്പ്… ചോരയുടെ ഗന്ധമുള്ള കാറ്റാണ് ഏറനാടിന്റേത്. അതറിയുന്ന തങ്ങള്‍ക്ക് അങ്ങിനെയേ പറയാനാവൂ.
അവൂക്കര്‍ തുടര്‍ന്നു. ‘മരുഭൂമി വന്യവും ഭയാനകമായ ഏകാന്തത നിറഞ്ഞതും നിശബ്ദവുമാണ്. അവിടെ നമ്മള്‍ പൂര്‍ണമായും ഉന്മൂലനം ചെയ്യപ്പെടുകയും നമുക്ക് മുകളിലും ചുറ്റിലുമുള്ളവയുടെ ഭാഗമായി മാറുകയും ചെയ്യും. ചക്രവാളത്തിന്റെ ഒരറ്റത്ത് നിന്നും മറ്റേഅറ്റംവരെ നീണ്ട് ശൂന്യവും നിശ്ചലവുമായി കിടക്കുന്ന മണല്‍പ്പരപ്പിന്റെയും ആകാശത്തിന്റെയും ഭാഗമായി മാറും. സ്രഷ്ടാവിന്റെ മുഖം ഒഴികെ എല്ലാം നശിക്കും ഗുരു പറഞ്ഞതിന്റെ പൊരുളതായിരുന്നു’.
യത്‌റ് കുദ്ദുന്യാ വ: യതവക്കലുഫില്ലാ. വേലായുധന്‍ അതോര്‍ത്തു.
‘ഇതറിയുന്ന, ശൂന്യതയുടെ ഗന്ധമറിയുന്ന തങ്ങള്‍ക്ക് നമ്മോട് ഇങ്ങനെയേ പറയാനാവൂ…’ അവൂക്കര്‍ക്ക പറയുന്നത് കേട്ട് വേലായുധന്റെ മനസ്സില്‍ അച്ഛന്‍ പറഞ്ഞു തരാറുള്ള വരികളിലൊന്ന് തികട്ടി’സര്‍വ്വധര്‍മ്മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ’.
(തുടരും)