തീവ്ര ഇസ്ലാമിക സംഘടനാപ്രവര്‍ത്തനത്തിന്റെ ഭാഗമായി രാഷ്ട്രീയത്തിലെത്തിയ ആളാണ് രാജിവെച്ച മന്ത്രി കെ.ടി ജലീല്‍. നിരോധിത ഇസ്ലാമിക തീവ്രവാദ സംഘടനയായ സിമിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന ജലീല്‍ സംഘടനാ തത്വശാസ്ത്രം അനുസരിച്ചു തന്നെയാണ് രാഷ്ട്രീയത്തിലെത്തിയത്. 35 വയസ്സു കഴിഞ്ഞാല്‍ ഇഷ്ടമുള്ള സംഘടനകളില്‍ക്കൂടി അല്ലാഹുവിന്റെ പ്രവര്‍ത്തനം ചെയ്യണമെന്നാണ് സിമിയുടെ തത്വശാസ്ത്രം. അതനുസരിച്ച് മുസ്ലീം ലീഗില്‍ എത്തിയ ജലീല്‍ പിന്നീട് ഇടതുപക്ഷത്തേക്ക് ചേക്കേറുകയായിരുന്നു. മുസ്ലീം സമുദായവുമായുള്ള വഴിവിട്ട ബന്ധങ്ങളില്‍ പിണറായി വിജയന്റെ പാലം കെ.ടി ജലീലായിരുന്നു. അതുകൊണ്ടുതന്നെ ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്ന നിലയില്‍ ജലീല്‍ പിണറായിയുടെ മാനസപുത്രനായി മാറി. പലകാര്യങ്ങളിലും ശിവശങ്കരനൊപ്പമോ അതിനേക്കാള്‍ വലുതായോ അവസാനവാക്ക് ജലീലിന്റേതായിരുന്നു. അതിനുള്ള പ്രതിഫലമായിട്ടാണ് വിദ്യാഭ്യാസവകുപ്പ് വിഭജിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പ് കെ.ടി ജലീലിന് നല്‍കിയത്. വര്‍ഷങ്ങളോളം കോളേജ് അദ്ധ്യാപകനും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതാവുമായിരുന്ന പ്രൊഫസര്‍ രവീന്ദ്രനാഥിനേക്കാള്‍ കൂടുതലായി എന്ത് യോഗ്യതയാണ് ജലീലിന് ഉണ്ടായിരുന്നത്? വാരിയംകുന്നനെ കുറിച്ച് ശുദ്ധ ഭോഷ്‌ക്കായ പ്രബന്ധം എഴുതി പി.എച്ച്.ഡി നേടിയ ജലീലും രവീന്ദ്രനാഥും തമ്മില്‍ താരതമ്യം പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും രവീന്ദ്രനാഥിനെ ചവിട്ടിത്തഴഞ്ഞത് ഹിന്ദു ആയതുകൊണ്ടാണ്. രവീന്ദ്രനാഥിനെ ചവിട്ടിയൊതുക്കിയപ്പോള്‍ പ്രതികരിക്കാന്‍ പോലും സി.പി.എമ്മില്‍ ഒരു നേതാവും ഉണ്ടായിരുന്നില്ല എന്നകാര്യം ശ്രദ്ധേയമാണ്.
കെ.ടി ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ലോകായുക്തയുടെ കണ്ടെത്തല്‍ വന്നിട്ട് ദിവസങ്ങളായി. പക്ഷേ, എങ്ങനെയും കടിച്ചുതൂങ്ങാനായിരുന്നു ജലീലിന്റെ ശ്രമം. ബന്ധുവായ കെ.ടി അദീപിന് ന്യൂനപക്ഷ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷനില്‍ നിയമനം നല്‍കാന്‍ ചട്ടം ലംഘിച്ച് ഇടപെട്ടതാണ് മന്ത്രിയെ കുടുക്കിയത്. ഒരു സ്വകാര്യബാങ്കില്‍ മാനേജര്‍ തസ്തികയില്‍ മാത്രം ജോലി ചെയ്തിരുന്ന അദീപിനെ നിയമിക്കാന്‍ വര്‍ഷങ്ങളായി സംസ്ഥാനത്ത് നിലനിന്നിരുന്ന എല്ലാ നിയമങ്ങളും കീഴ്‌വഴക്കങ്ങളും ജലീല്‍ ലംഘിച്ചു. സാധാരണഗതിയില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് ഡെപ്യൂട്ടേഷന്‍ അനുവദിക്കുക പതിവില്ല. അദീപിന്റെ നിയമനത്തിന് അനുസൃതമായി തസ്തികയുടെ യോഗ്യത മാറ്റാന്‍ മന്ത്രി ജലീല്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഈ നിര്‍ദ്ദേശത്തിന് അന്തിമ അനുമതി നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. മന്ത്രിയുടെ എളാപ്പയുടെ (പിതൃസഹോദരന്‍) മകനായ അദീപിന് നിയമനം നല്‍കിയത് അഴിമതിയാണെന്നും ചട്ടവിരുദ്ധമാണെന്നും പറഞ്ഞ് രംഗത്തെത്തിയത് യൂത്ത് ലീഗിന്റെ നേതാവായ പി.കെ.ഫിറോസ് ആയിരുന്നു. ആരോപണത്തെ തുടര്‍ന്ന് അദീപ് ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് പോയെങ്കിലും മന്ത്രി തലയൂരുകയായിരുന്നു. ജലീല്‍ തെറ്റ് ചെയ്തിട്ടില്ല എന്ന നിലപാടായിരുന്നു സി. പി.എമ്മും മുഖ്യമന്ത്രിയും എടുത്തത്.
ഇതിനിടെയാണ് എടപ്പാള്‍ തലമുണ്ട സ്വദേശി വി.കെ.ഷാഫി ലോകായുക്തയെ സമീപിച്ചത്. ബന്ധുവിന് നിയമനം കിട്ടാന്‍ പറ്റുന്ന രീതിയില്‍ യോഗ്യതാ മാനദണ്ഡങ്ങളില്‍ ഇളവു വരുത്താന്‍ മന്ത്രി ശ്രമിച്ചു. ഈ ആരോപണം ലോകായുക്ത ശരിവെയ്ക്കുകയും ചെയ്തു. സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയ മന്ത്രി സ്ഥാനത്ത് തുടരരുതെന്നും ലോകായുക്ത നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. ആദ്യം ലാഘവബുദ്ധിയോടെ രാഷ്ട്രീയമായി ഇതിനെ ചെറുക്കാനായിരുന്നു സി.പി.എമ്മിന്റെയും മുഖ്യമന്ത്രി പിണറായിയുടെയും ശ്രമം. അതിന് മറയിടാന്‍ വേണ്ടിയാണ് ലോകായുക്ത വിധി സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തിയത്. ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നടത്തിയ പരാമര്‍ശമാണ് ഉടന്‍തന്നെ രാജിവെയ്ക്കാന്‍ ജലീലിനെ നിര്‍ബ്ബന്ധിതനാക്കിയത്. ഹര്‍ജി ഫയലില്‍ സ്വീകരിക്കണമോ എന്ന കാര്യത്തില്‍ ഇരു വിഭാഗം അഭിഭാഷകരും തമ്മിലുള്ള വാദം മുറുകവേയാണ് അദ്ദേഹം ഇപ്പോഴും മന്ത്രിയായിട്ടുണ്ടോ (ശ െവല േെശഹഹ ശി ീളളശരല?)എന്ന് ജസ്റ്റിസ് പി.ബി സുരേഷ്‌കുമാറും ജസ്റ്റിസ് കെ.ബാബുവും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചോദിച്ചത്. ലോകായുക്തയുടെ റിപ്പോര്‍ട്ട് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരരുതെന്ന ലോകായുക്ത റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ച ഹര്‍ജി വിധിപറയാന്‍ മാറ്റി.
ലോകായുക്ത ഉത്തരവിന് ശേഷം ജലീല്‍ സ്വീകരിച്ച ചട്ടവിരുദ്ധ നടപടികളുടെ വിശദാംശങ്ങള്‍ ഒന്നിനു പുറകെ ഒന്നായി പുറത്തുവരികയായിരുന്നു. ജലീല്‍ എഴുതിയ കത്തും ഫയലിന്റെ വിശദാംശങ്ങളും അനധികൃതമായ ഇടപെടലുകളും ഒക്കെത്തന്നെ തുടരെ തുടരെ പുറത്തുവന്നു. ഒപ്പം ജലീലിന്റെ കത്തില്‍ മുഖ്യമന്ത്രി പുറപ്പെടുവിച്ച ഉത്തരവും പുറത്തുവന്നു. ആരോപണം ജലീലില്‍ നിന്ന് മുഖ്യമന്ത്രിയിലേക്ക് മാറുകയും സംഭവത്തില്‍ മുഖ്യമന്ത്രിയും ഉത്തരവാദിയാണെന്ന കാര്യം ചര്‍ച്ചയാകുകയും ചെയ്തപ്പോഴാണ് ഇക്കാര്യത്തില്‍ എങ്ങനെയും തലയൂരാന്‍ സി.പി.എം ശ്രമം ഉണ്ടായത്. ഹൈക്കോടതിയില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടാകില്ലെന്ന് കണ്ടപ്പോള്‍ മുഖ്യമന്ത്രിയെയെങ്കിലും രക്ഷിച്ചെടുക്കാന്‍ ജലീലിന്റെ രാജി ആവശ്യപ്പെടുകയായിരുന്നു. രാജിവെച്ചു കഴിഞ്ഞപ്പോള്‍ രാഷ്ട്രീയ ധാര്‍മ്മികതയുടെ പുറത്താണ് രാജിവെച്ചത് എന്നു വരുത്താന്‍ സി.പി.എം ശ്രമം നടത്തി. ലോകായുക്ത വിധിയുടെ അടിസ്ഥാനത്തില്‍ ജലീല്‍ രാജി വെയ്‌ക്കേണ്ടതില്ല എന്ന അഭിപ്രായം ഉയര്‍ത്തിയത് നിയമമന്ത്രി എ.കെ.ബാലനായിരുന്നു. ലോകായുക്തയെ ചെറുതാക്കാനും താഴ്ത്തിക്കെട്ടാനുമായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. ഇക്കാര്യത്തില്‍ ബാലന്റെ നിലപാടിന് എതിരെ എം.എ.ബേബി പരസ്യമായി രംഗത്തിറങ്ങുകയും ചെയ്തു.
രാജി വെച്ചതുകൊണ്ട് ജലീല്‍ തെറ്റുചെയ്തു എന്ന് പറയാനാകില്ല, ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചാണ് രാജി എന്നായിരുന്നു സി.പി.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്റെ പ്രതികരണം. ഒരു ധാര്‍മ്മികതയും ഇല്ലെന്നും ധാര്‍മ്മികത ഉണ്ടായിരുന്നെങ്കില്‍ വിധി വന്ന ദിവസം തന്നെ രാജിവെയ്ക്കുമായിരുന്നു എന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. ധാര്‍മ്മികതയുണ്ടെങ്കില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി തന്നെ രാജിവെയ്ക്കണമായിരുന്നു എന്ന് കെ.സുരേന്ദ്രനും പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ, സത്യസന്ധതയില്ലായ്മയുടെ സൂചനകള്‍ ഈ സംഭവത്തില്‍ വളരെ വ്യക്തമായി കാണാം. 2018 സപ്തംബര്‍ ഒന്നിന് അപേക്ഷ ക്ഷണിക്കാതെ തന്നെയാണ് കെ.ടി. അദീപ് ജനറല്‍ മാനേജര്‍ സ്ഥാനത്തേക്ക് ഡെപ്യൂട്ടേഷനില്‍ അപേക്ഷ നല്‍കിയത്. ഇതിന് മുന്‍പു തന്നെ അദീപിനെ നിയമിക്കാനുള്ള ചരടുവലികള്‍ നടന്നിരുന്നു. 2016 മെയ് 25 ന് മന്ത്രിസഭ അധികാരമേറ്റു. ജൂലായ് 28 ന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനത്തേക്കുള്ള യോഗ്യതയില്‍ മാറ്റം വരുത്താന്‍ ജലീല്‍ പൊതുഭരണവകുപ്പിന് നോട്ടീസ് അയച്ചു. ആഗസ്റ്റ് 18 ന് യോഗ്യതയില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ആഗസ്റ്റ് 25 ന് ജനറല്‍ മാനേജര്‍ ഉള്‍പ്പെടെയുള്ള തസ്തികകളിലേക്ക് കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു. സെപ്തംബര്‍ നാലിന് മന്ത്രിയുടെ ബന്ധുവായ അദീപ് ജനറല്‍ മാനേജര്‍ തസ്തികകളിലേക്ക് അപേക്ഷ നല്‍കി. ഒക്‌ടോബര്‍ 26 ന് ഇന്റര്‍വ്യൂ നടന്നെങ്കിലും അദീപ് പങ്കെടുത്തില്ല. 2017 സപ്തംബര്‍ 22 ന് നേരത്തെ അപേക്ഷ ക്ഷണിച്ച തസ്തികകളില്‍ കാലാവധി കഴിഞ്ഞതായി കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം എടുത്തു. തുടര്‍ന്ന് അപേക്ഷ ക്ഷണിക്കാതെ തന്നെ അദീപ് നല്‍കിയ അപേക്ഷയില്‍ ഒക്‌ടോബര്‍ എട്ടിന് അദീപിനെ നിയമിച്ചു. തുടര്‍ന്ന് നിയമനം വിവാദമായി. നവംബര്‍ 11 ന് കോര്‍പ്പറേഷനിലെ സേവനം അവസാനിപ്പിച്ച് മാതൃസ്ഥാപനത്തിലേക്ക് പോകാന്‍ അപേക്ഷ നല്‍കി. നവംബര്‍ 16 ന് ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ചു.
തുടര്‍ന്നാണ് നിയമപ്പോരാട്ടം നടക്കുന്നത്. ഒരു സര്‍ക്കാര്‍ അഴിമതിക്കൊപ്പം സ്വജനപക്ഷപാതത്തോടെ അന്യായമായി എങ്ങനെ നില്‍ക്കും എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഈ സംഭവവും. എന്തെങ്കിലും വഴിയുണ്ടെങ്കില്‍ ജലീലിനെ രക്ഷപ്പെടുത്താന്‍ പറ്റാവുന്നതെല്ലാം സി.പി.എം ചെയ്യുമായിരുന്നു. നിയമസഭയില്‍ ഈ പ്രശ്‌നം ഉന്നയിച്ചവരെ വെല്ലുവിളിച്ച് കെ.ടി ജലീല്‍ നടത്തിയ പ്രസംഗം സഭാരേഖകളിലുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ വൈറലുമാണ്. താന്‍ സ്വജനപക്ഷപാതം നടത്തിയെന്ന് തെളിഞ്ഞാല്‍ പൊതുജീവിതം അവസാനിപ്പിക്കും എന്നാണ് ജലീല്‍ അന്ന് നിയമസഭയില്‍ പറഞ്ഞത്. പറഞ്ഞ വാക്കിന് വിലയുണ്ടെങ്കില്‍ പൊതുജീവിതം അവസാനിപ്പിക്കുകയാണ് ജലീല്‍ ചെയ്യേണ്ടത്. മാത്രമല്ല, നാലുമണിക്ക് വിടാന്‍ പോകുന്ന സ്‌കൂളില്‍ നിന്ന് 3.55 ന് ഇറങ്ങിയോടിയ കുട്ടി എന്നാണ് കേരളത്തിലെ യുവാക്കള്‍ ട്രോളിയത്. അഴിമതിയോടും പെണ്‍വിഷയത്തോടുമുള്ള ഇടതുമുന്നണിയുടെ നിലപാട് തുറന്നുകാട്ടുന്നതായിരുന്നു ഈ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണം. അഴിമതിക്ക് കോടതി തടവുശിക്ഷയ്ക്ക് വിധിച്ച ആര്‍.ബാലകൃഷ്ണപിള്ളയെ ക്യാബിനറ്റ് പദവിയില്‍ നിയമിച്ച് ചരിത്രം സൃഷ്ടിച്ചത് ഇടതുമുന്നണിയാണ്. സരിതയുടെ കേസില്‍ സര്‍ക്കാരിന്റെ ഒരു പൈസ പോലും നഷ്ടപ്പെടാഞ്ഞിട്ടും സെക്രട്ടറിയേറ്റിന് ചുറ്റും കക്കൂസ് സമരം നടത്തിയവര്‍ സ്വപ്‌നയുടെ കേസില്‍ എന്താണ് ചെയ്തത്. സ്വപ്‌നയെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ അദ്ദേഹത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ശമ്പളസ്‌കെയിലില്‍ നിയമിച്ചത് എങ്ങനെ ന്യായീകരിക്കും. ഒരു ഷേക്‌സ്പീരിയന്‍ ദുരന്തനാടകത്തിന്റെ അവസാന രംഗത്തിന് തിരശ്ശീല വീഴുംപോലെ പിണറായി സര്‍ക്കാരും ഒരു ദുരന്ത പര്യവസായിയായി മാറുകയാണ്. പറഞ്ഞതെല്ലാം വിഴുങ്ങി ഒന്നും ശരിയാക്കാനാകാതെ എല്ലാം ബാക്കിവെച്ച് കിറ്റിലൂടെ തുടര്‍ഭരണം പ്രതീക്ഷിക്കുന്ന പിണറായിക്ക് മണി കെട്ടുന്നത് പി.ജയരാജനാണോ സുധാകരനും ഐസക്കുമാണോ അതോ ഇവര്‍ക്കെല്ലാമപ്പുറത്ത് ബേബിയും ഇ.പി.ജയരാജനുമാണോ എന്ന് കാത്തിരുന്നു കാണാം.