ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വാദ്യകലാരംഗത്ത് കടുത്ത ജാതിവിവേചനം നിലനില്‍ക്കുന്നതായി കാണിച്ച് വാദ്യകലാകാരനും തിരുവെങ്കിടം സ്വദേശിയുമായ പി.സി വിഷ്ണു ഗുരുവായൂര്‍ ദേവസ്വത്തിന് കത്തെഴുതി.
പിന്നാക്കവിഭാഗങ്ങളെ വാദ്യം ഉപയോഗിക്കാന്‍ പരിഗണിക്കുന്നില്ല. നായര്‍ സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് ചില വാദ്യങ്ങള്‍ ഉപയോഗിക്കാന്‍ അനുവാദമുണ്ടെങ്കിലും ചിലതിന് അയിത്തം കല്‍പ്പിച്ചിരിക്കുകയാണ്. ദളിത് വിഭാഗക്കാര്‍ക്ക് ഒരുവാദ്യം പോ ലും ഉപയോഗിക്കാന്‍ കഴിയില്ല. ദേവ സ്വം ചെയര്‍മാനോട് ഈ കാര്യം നേ രിട്ട് ബോധിപ്പിച്ചിട്ടും ഫലമുണ്ടാകാത്തതിനാലാണ് ഇത്തരമൊരു കത്ത് എഴുതേണ്ടിവന്നതെന്നും വിഷ്ണു പറഞ്ഞു.
നേരത്തെ നല്കിയ പരാതിയില്‍ 5 മാസമായി മറുപടി ലഭിക്കാത്തതിനാല്‍ പരാതിയുടെ പകര്‍പ്പ് ദേവസ്വം മന്ത്രിക്കും നല്കി. എന്നിട്ടും പ്രയോജനം ലഭിച്ചില്ല. 10 വയസ്സുമുതല്‍ ഗുരുകുല രീതിയില്‍ ചെണ്ട അഭ്യസിക്കുന്ന ആളാണ് താനെന്നും ഗുരുവായൂരപ്പ ഭക്തനും ഗുരുവായൂര്‍ സ്വദേശിയുമായ തനിക്ക് ക്ഷേത്രത്തിനകത്ത് മേളം, തായമ്പക എന്നിവ അവതരിപ്പിക്കാന്‍ അവസരം ലഭിക്കാത്തത് എന്തുകൊണ്ടാണെന്നും വിഷ്ണു കത്തിലൂടെ ചോദിക്കുന്നു.