ഇന്ത്യയില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ തീരപ്രദേശമുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് ‘ദൈവത്തിന്റെ സ്വന്തം നാടാ’യ നമ്മുടെ കേരളം. മലയാളത്തിലെ നാല്പത്തിനാലു നദികളില്‍ നാല്പത്തി ഒന്നും പടിഞ്ഞാറേക്ക് ഒഴുകി അറബിക്കടലില്‍ ചെന്നു ചേരുന്നുവെന്നത് സുവിദിതമാണല്ലോ. അതുകൊണ്ടുതന്നെ മത്സ്യസമ്പത്തിനാല്‍ അനുഗൃഹീതമായ, സുദീര്‍ഘ അഴിമുഖങ്ങളും നമുക്കുണ്ട്. ‘ദൈവത്തിന്റെ സ്വന്തം നാടായ’ കേരളത്തിന്റെ തീരങ്ങള്‍ സ്വര്‍ഗസമാന സൗന്ദര്യാനുഭൂതി പകര്‍ന്നു നല്‍കുന്ന വിശുദ്ധ സ്ഥലികളായി വ്യാഖ്യാനിക്കപ്പെടുന്നു. കേരള തീരത്തെ തുറമുഖങ്ങളിലൂടെത്തന്നെയാണ് സുഗന്ധദ്രവ്യ വാണിജ്യത്തിനായി, ആദ്യം അതിഥികളായെത്തുകയും തുടര്‍ന്ന് കാലക്രമേണ ആതിഥേയരാവുകയും ചെയ്ത പാശ്ചാത്യരെല്ലാം എത്തിച്ചേര്‍ന്നത്.
ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ കടലാക്രമണഭീഷണി ഏറ്റവും രൂക്ഷമായ അവസ്ഥാവിശേഷമായി കേരളതീരങ്ങളില്‍ അനുഭവപ്പെടുന്നു എന്നുള്ളത് അനാദികാലം മുതല്‍ നാം നേരിടുന്ന പ്രധാന വെല്ലുവിളിയാണെങ്കിലും ജനസംഖ്യ ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്ന സമകാലിക സാഹചര്യത്തില്‍ അടിയന്തര പ്രാധാന്യത്തോടെ നിരീക്ഷിക്കേണ്ട പാരിസ്ഥിതിക പ്രശ്‌നമാണെന്നത് വ്യക്തമാണ്. ആലപ്പുഴ, അമ്പലപ്പുഴ, പുറക്കാട്, ചേര്‍ത്തല, ചെല്ലാനം, ഒറ്റമശ്ശേരി തുടങ്ങിയ തീരങ്ങളില്‍ പൊതുവെ രൂക്ഷഭീഷണി ഉയര്‍ത്തുന്ന കടലാക്രമണം നിരവധി വീടുകളുടെ തകര്‍ച്ചയും തീരനാശവും ഉള്‍പ്പെടെ ഭീകര താണ്ഡവമായി വര്‍ഷാവര്‍ഷം അനുഭവപ്പെടുന്നു എന്നുള്ളത് ശ്രദ്ധേയമാണ്.
കേരളത്തില്‍ ‘ഇടവപ്പാതി’ എന്നും ‘കാലവര്‍ഷം’ എന്നും പരക്കെ അറിയപ്പെട്ടു വരുന്ന ‘തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ’ മുന്നോടിയായി എത്തുന്ന വേനല്‍ മഴക്കാലത്തു തന്നെ കടലാക്രമണം രൂക്ഷമാകുന്നതിനു കൃത്യമായി ശാസ്ത്രീയ കാരണങ്ങള്‍ കണ്ടെത്തിയിട്ടില്ലഎങ്കിലും മണ്‍സൂണ്‍ സുമാത്ര, ഇന്തോനേഷ്യ, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ തുടങ്ങിയ ഇടങ്ങളിലും സമീപസ്ഥ സമുദ്രത്തിലും ആദ്യം വര്‍ഷിക്കുന്ന പേമാരിയുടേയും കാറ്റിന്റേയും ശക്തിവിശേഷം മൂലവും ഇക്കാലയളവില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അനുഭവപ്പെടുന്ന കൊടും വേനല്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുത്തുന്നതിനാലും ആണെന്ന്പറയപ്പെടുന്നു.
കാരണമെന്തായാലും തീരശോഷണം(coastal erosion), കടല്‍പുറമ്പോക്കില്‍ കുറവ്, നാളികേരകൃഷി നാശം, വീടുകളുള്‍പ്പെടെയുള്ള കെട്ടിടനാശം, മത്സ്യബന്ധനത്തിനുള്ള പുലിമുട്ടുകളുടെയും കടല്‍ഭിത്തികളുടേയും തകര്‍ച്ച തുടങ്ങിയവ ഉള്‍പ്പെടെയുള്ള ഗുരുതര പ്രത്യാഘാതങ്ങള്‍ കടലാക്രമണം സൃഷ്ടിക്കുന്നു. ഈ പ്രകൃതിക്ഷോഭം തടയുന്നതിന് കൊല്ലം തോറും ചെയ്തുവരാറുള്ള പ്രതിവിധി കടലാക്രമണം രൂക്ഷമായ ഇടങ്ങളില്‍ ടിപ്പര്‍ലോറിയില്‍, ജെ.സി.ബിയുടെ സഹായത്തോടെ കരിങ്കല്‍ പാളികള്‍, പാറകള്‍ എന്നിവ നിക്ഷേപിക്കുകയും മണല്‍ച്ചാക്കുകള്‍ അട്ടിയായി അടുക്കുകയുമാണ്. ‘കടലില്‍ കായം കലക്കുന്നപോലെ’യുള്ള ഈ പ്രവര്‍ത്തനം ‘ഇരുതലമൂര്‍ച്ചയുള്ള വാളുപോലെ’ രണ്ടിടത്ത് ഗുരുതരമായ പ്രകൃതിനാശത്തിനു കാരണമാകുന്ന ഒരു വ്യര്‍ത്ഥകീഴ്‌വഴക്കവും വഴിപാടുമാകുന്നു എന്നത് പരമാര്‍ത്ഥമെങ്കിലും ഖേദകരമാണ്. ഈ നിരീക്ഷണത്തിനു കാരണം പാറക്കല്ലുകള്‍ പശ്ചിമഘട്ട മലനിരകളുടെ നാശത്തിനു കാരണമാകുന്നു എന്നതും കടലില്‍ പാറകള്‍ നിക്ഷേപിക്കുമ്പോള്‍ അവ കടലിലേക്കു തന്നെ താഴ്ന്ന് നഷ്ടമാകുന്നു എന്നതുമാണ്. ഈ വൃഥാവ്യായാമം ഓരോ തവണയും അരങ്ങേറുന്നതു മൂലം പൊതുഖജനാവില്‍ നിന്നു ധനനഷ്ടവും ഉദ്യോഗസ്ഥവൃന്ദത്തിന് കഷ്ടപ്പാടും തീരദേശജനങ്ങള്‍ക്ക് ദുരിതവും പ്രകൃതി നാശവും ഫലമാകുന്നു.
തിരുവനന്തപുരത്ത് പനത്തുറക്കര, ബീമാപള്ളി, കൊല്ലത്ത് ഇരവിപുരം, കാക്കത്തോട്, ആലപ്പുഴയില്‍ ഹരിപ്പാട്, ആലപ്പുഴ, അമ്പലപ്പുഴ എന്നീ നിയോജകമണ്ഡലങ്ങളിലെ തീരദേശ മേഖല, ചേര്‍ത്തലയില്‍ ഒറ്റമശ്ശേരി, വാഴക്കൂട്ടം പൊഴി, എറണാകുളം ജില്ലയിലെ എടവനക്കാട്, ചെല്ലാനം ദ്വീപ്, മാലാഖപ്പടി, കോഴിക്കോട് ജില്ലയിലെ കല്ലായി അഴിമുഖം എന്നിവിടങ്ങളില്‍ വിദഗ്ദ്ധ സമിതി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കടലാക്രമണ പ്രതിരോധത്തിനായി പുലിമുട്ട്, ഗാബിയോണ്‍ കടല്‍ഭിത്തി നിര്‍മ്മാണം തുടങ്ങിയവ നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ ഇങ്ങനെ കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 934 കോടി രൂപ വേണ്ടിവരുമെന്നും ഫണ്ട് കിട്ടുന്നതിനനുസരിച്ച് പ്രവൃത്തികള്‍ ചെയ്യുമെന്നും മന്ത്രി കെ.കൃഷ്ണന്‍ കുട്ടി നിയമസഭയെ അറിയിച്ചിട്ടുള്ളതാണ്. ബജറ്റ് വിഹിതത്തിനു പുറമേ, അടിയന്തിര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 22.5 കോടി രൂപ സര്‍ക്കാര്‍ ഫണ്ട് കൂടി അനുവദിച്ചിട്ടുണ്ട്. പൊതുജനക്ഷേമത്തിനായി ഉപയുക്തമാക്കേണ്ടുന്ന ഗവണ്‍മെന്റ് ഫണ്ട് ഇത്രയേറെ ചെലവാക്കേണ്ടുന്ന ഈ അടിയന്തിര സാഹചര്യത്തിലാണ് കണ്ടല്‍ച്ചെടികളുടെ പ്രാധാന്യം നാം മുഖവിലക്കെടുക്കേണ്ടത്. കണ്ടല്‍ച്ചെടികള്‍ തീരപ്രദേശങ്ങളില്‍ ഒരു നിശ്ചിത കനത്തില്‍ നട്ടുപിടിപ്പിച്ച് വളര്‍ത്തിയെടുക്കുന്നതിലൂടെ ഇത്തരം സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രതിസന്ധികള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ കഴിയും. അതുവഴി ബഹുശാഖിയായ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കുട പിടിക്കാനുമാവും.
അതായത് തീരത്ത് ഫലപ്രദമായ ഒരു നിശ്ചിത വീതിയില്‍ കണ്ടല്‍ച്ചെടികള്‍ നട്ടുപിടിപ്പിച്ച് പരിപാലിച്ചാല്‍ പാറപൊട്ടിക്കലും നിക്ഷേപവും പോലെയുള്ള പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന നിഷ്ഫല പ്രവര്‍ത്തനങ്ങളില്‍ നിന്ന് സ്വയം ഒഴിഞ്ഞു നില്‍ക്കാനും പ്രകൃതിസംരക്ഷണത്തിന് ഉത്തമവും ഉചിതവുമായ ഒരു മറുമരുന്ന് പ്രയോഗിക്കാനും കഴിയുന്നു എന്നുള്ളത് ചില്ലറക്കാര്യമല്ല.
കണ്ടല്‍ക്കാടുകള്‍( mangroves) എന്നത് തീരസംരക്ഷണത്തിനായി പ്രകൃതി തന്നെ ഒരുക്കിയ ജൈവവൈവിധ്യം നിറഞ്ഞ തനത് ആവാസവ്യവസ്ഥയാണ്. കണ്ടല്‍ക്കാടുകള്‍ പ്രകൃതിയുടെ ഒരു ശ്വാസകോശം പോലെ ഓക്‌സിജന്‍ കലവറയായി നിലകൊള്ളുന്നു. മാത്രമല്ല, വ്യാവസായിക ഫാക്ടറികളില്‍ നിന്ന് പുറന്തള്ളപ്പെടുന്ന മണ്ണ് മലിനീകരണത്തിനു(soil pollution) കാരണമാകുന്ന ലെഡ്, ആഴ്‌സനിക്, ആന്റിമണി തുടങ്ങിയ വിഷാംശലവണങ്ങളെ വലിച്ചെടുത്ത് പരിസരം ശുദ്ധീകരിക്കാനും സഹായകമാകുന്നു.
തമിഴ്‌നാട്ടില്‍ ‘പിച്ചാവരം’, ‘മുത്തുപ്പേട്’ എന്നീ പ്രദേശങ്ങളില്‍ ആഞ്ഞടിച്ച സുനാമിയെ തടുത്തു നിര്‍ത്തിയത് ആ തീരപ്രദേശങ്ങളിലെ കണ്ടല്‍സസ്യജാലമായിരുന്നുവെന്നത് അവയുടെ പ്രാധാന്യം ലോകജനതയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനിടയാക്കി. ഫിലിപ്പൈന്‍സില്‍ മൂവായിരം കി.മീ.ദൂരം കടല്‍ത്തീരത്ത് കണ്ടല്‍ നട്ടുവളര്‍ത്താന്‍ അവിടുത്തെ ഗവണ്‍മെന്റ് മുന്‍കയ്യെടുത്തത് മറ്റു രാജ്യങ്ങളും മാതൃകയാക്കി. നമുക്കും അനുകരണീയമായ ഒരു നിദര്‍ശനമാക്കി ഇത് വിജയകരമായി നടപ്പില്‍ വരുത്താവുന്നതേയുള്ളു. യുവജന സംഘടനകള്‍, റോട്ടറി ക്ലബ്ബ്, ലയണ്‍സ് ക്ലബ്ബ് പോലുള്ള സന്നദ്ധസംഘടനകള്‍, അയല്‍ക്കൂട്ടങ്ങള്‍ തുടങ്ങിയ കൂട്ടായ്മകളുടെ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും ഫലപ്രദമായി ഉപയോഗിച്ച്, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ന്യൂനതകളില്ലാതെ, സമാനതകളില്ലാതെ പ്രവര്‍ത്തിക്കുന്ന നമ്മുടെ സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ മികച്ച രീതിയില്‍ ഈ പ്രവര്‍ത്തനം നടപ്പാക്കാവുന്നതാണ്.
പ്രധാന കണ്ടല്‍വര്‍ഗ്ഗങ്ങളായ കടക്കണ്ടല്‍, പൂക്കണ്ടല്‍, വള്ളിക്കണ്ടല്‍, എഴുത്താണിക്കണ്ടല്‍, ഭ്രാന്തന്‍ കണ്ടല്‍, ചെറുകണ്ടല്‍, ചുള്ളിക്കണ്ടല്‍, കണ്ണാമ്പൊട്ടി, ചെറിയ ഉപ്പൂറ്റി കണ്ടല്‍ ( grey mangrove), വലിയ ഉപ്പൂറ്റി തുടങ്ങിയവയെല്ലാം തീരപ്രദേശങ്ങളില്‍ നട്ടുപിടിപ്പിക്കാന്‍ ഉത്തമമെങ്കിലും ചെറിയ ഉപ്പൂറ്റി കണ്ടല്‍, വലിയ ഉപ്പൂറ്റി കണ്ടല്‍ എന്നിവ ലവണാംശം കൂടുതല്‍ ഉള്ള കടല്‍ത്തീരസംരക്ഷണത്തിന് ഏറ്റവും ഉചിതമാണ്. ഇവ പേരു സൂചിപ്പിക്കുന്നതു പോലെ കടല്‍ജലത്തിലെ ഉപ്പ് ഊറ്റിയെടുത്ത് ഇലകള്‍ വഴി ഈ ലവണാംശം പുറത്തു കളയുന്നതു കൂടാതെ ജലത്തില്‍ നിന്ന് കരപ്രദേശത്തേക്കു വ്യാപിക്കുന്ന ഉപ്പിന്റെ അംശം തടയുകയും ചെയ്യുന്നു. ഇവ ഓരുജലവും ശുദ്ധ ജലവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുകയും കടലേറ്റത്തെ തടയുകയും മണ്ണൊലിപ്പ് ചെറുക്കുകയും വെള്ളം അരിച്ചു ശുദ്ധമാക്കുകയും കോറല്‍ പാറകളെ സംരക്ഷിക്കുകയും ചെയ്യുന്നതു കൊണ്ട് തീരസംരക്ഷണത്തിന് ഈ ഇനത്തില്‍ പെട്ട കണ്ടല്‍സസ്യങ്ങള്‍ കൂടുതലായി പ്രയോജനപ്പെടുത്തണം. കണ്ടല്‍ ചെടികളുടെ പ്രധാന സവിശേഷത അവയുടെ പലവിധമായ താങ്ങുവേരുകളാണ്. പൊയ്ക്കാല്‍ വേരുകള്‍ (slit roots), മുട്ടുവേരുകള്‍ (knee roots) എന്നിങ്ങനെയുള്ള താങ്ങുവേരുകള്‍ മറ്റു സസ്യങ്ങളേക്കാള്‍ കണ്ടല്‍ച്ചെടികള്‍ മണ്ണില്‍ ഉറച്ചു നില്‍ക്കുന്നതിന് സഹായകമായിത്തീരുകയും അവയുടെ ശക്തവും കെട്ടുറപ്പുള്ളതുമായ നാരുവേരുപടലം മണ്ണ് തടുത്തു നിര്‍ത്തി, ശക്തമായ കടല്‍ത്തിരകളെപ്പോലും പ്രതിരോധിക്കാന്‍ തക്കവണ്ണം ഉറപ്പുനല്കുകയും ചെയ്യുന്നു. കണ്ടല്‍ച്ചെടികള്‍ നിശ്ചിത വീതിയില്‍, വിതാനിച്ചു വളരുമ്പോള്‍ അവ കൃത്രിമമായ കടല്‍ഭിത്തിയെക്കാള്‍ ശക്തമായ പ്രതിരോധ കോട്ട തീര്‍ക്കാന്‍ കെല്പുള്ള ഒന്നാകുന്നു.
മാത്രവുമല്ല, തീരദേശത്തുള്ള കണ്ടല്‍മേഖല മത്സ്യപ്രജനന കേന്ദ്രങ്ങളായി വര്‍ത്തിക്കുന്നു എന്നത് മറ്റൊരു അധികനേട്ടമാണ്. വിദേശങ്ങളില്‍ പ്രിയമുള്ള കണ്ടല്‍ഞണ്ടുകള്‍, പച്ച ഞണ്ടുകള്‍ എന്നിവയുടെ പ്രിയ ആവാസമേഖലയാണ് തീരക്കണ്ടല്‍ക്കൂട്ടം. അന്താരാഷ്ട്ര വിപണിയില്‍ തന്നെ പ്രാധാന്യമുള്ള, ഭാരതത്തിന് വിദേശ നാണ്യം നേടിത്തരുന്നതില്‍ അദ്വിതീയ സ്ഥാനമുള്ള ‘പീനൈഡ്’ വര്‍ഗ്ഗത്തില്‍ പെട്ട ചെമ്മീന്റെ ഇഷ്ടജീവവ്യവസ്ഥാശൃംഖലയും തീരക്കണ്ടലുകളുമായി ബന്ധപ്പെട്ടാണ്. ഈയിനം ചെമ്മീന്‍ വേലിയേറ്റ സമയത്ത് തീരത്തേക്കു വരികയും യൗവ്വനാരംഭവളര്‍ച്ച കണ്ടല്‍ പരിസ്ഥിതിയിലൂടെ സംഭവിക്കുകയും പ്രായമാകുന്നതോടെ തിരിച്ചു കടലിലേക്കു മടങ്ങുകയും ചെയ്യുന്ന ജൈവപരിണാമദശ കണ്ടല്‍ക്കാടുകള്‍ സാധ്യമാക്കുന്നു എന്നത് ശ്രദ്ധാപൂര്‍വ്വം നോക്കിക്കാണേണ്ടതുണ്ട്. കണ്ടല്‍ക്കാടുകള്‍ സ്വാഭാവികമായ സസ്യജാല വളര്‍ച്ചക്കും തേനീച്ചകളുടെ പ്രത്യുല്‍പാദന, വംശവര്‍ദ്ധനവിനും സഹായകമാകുന്നതുകൂടാതെ കണ്ടല്‍വൃക്ഷങ്ങള്‍ ഉറപ്പേറിയ തടിഉരുപ്പടികളുടെ നിര്‍മ്മാണത്തിനും ഉപകാരപ്രദമാണ്.
മഹാനായ പരിസ്ഥിതി പ്രവര്‍ത്തകന്‍ ‘കല്ലേന്‍ പൊക്കുട’ന്റെ പ്രവര്‍ത്തനങ്ങളെ ഉപജീവിച്ചും ആ സ്മരണകള്‍ നിലനിര്‍ത്തിയും കേരളത്തിന്റെ തീരദേശങ്ങളില്‍ ഒരു കണ്ടല്‍ പരിപാലനത്തിനു നാന്ദി കുറിക്കാം. മഹത്തരമായ പാരിസ്ഥിതിക പ്രവര്‍ത്തനത്തിന് കൈകോര്‍ത്തും കടലാക്രമണത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തിക്കൊണ്ടും അതുവഴി കടപ്പുറങ്ങളെ സംരക്ഷിച്ചും കടലേറ്റത്തെ എന്നന്നേക്കുമായി നിലക്കുനിര്‍ത്താനുള്ള നവപാരിസ്ഥിതിക ചിന്താധാരയില്‍ നമുക്ക് ഓരോരുത്തര്‍ക്കും അണിചേരാം.